വ്യാജ ഡ്രിപ്പ് നൽകിയതുമൂലം യുവതി മരിക്കാനിടയായ സംഭവം സമൂഹത്തിലാകെ ഞെട്ടലും ദുഃഖവും ഉളവാക്കിയിരിക്കുായാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വ്യവസ്ഥാപിതമായ പരാജയങ്ങളിലേക്ക് വിരൽചൂണ്ടുന്നതിനൊപ്പം ചികിത്സാ സൗകര്യങ്ങളെ പാടേ അവഗണിക്കുന്നതായുള്ള ആരോപണങ്ങളും ഉയർന്നുവരികയാണ്. ഈ സംഭവം സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് വ്യാപകമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ആരോഗ്യരംഗത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ ദുരന്തത്തിൽ പ്രതിഫലിക്കുന്നത്. സംഭവം മറച്ചുവെക്കാൻ തുടക്കത്തിൽ ഭരണകൂടം ശ്രമിച്ചത് പൊതുജനരോഷത്തിന് ആക്കംകൂട്ടുകയാണുണ്ടായത്. ജീവൻ രക്ഷിക്കേണ്ട ഇടമായ മെഡിക്കൽ കോളേജിൽ ഇത്തരമൊന്ന് എങ്ങനെ സംഭവിക്കാൻ ഇടയായി എന്ന ചോദ്യം അവശേഷിക്കുന്നു.
സംഭവത്തെത്തുടർന്ന് നീതി ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഡിഡബ്ല്യുഎ, സിപിഐ എം എന്നിവയുടെ പ്രവർത്തകർ ഒന്നിച്ചണിനിരന്നു. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, ഉത്തരവാദികളായവരെ ശിക്ഷിക്കുക, സംഭവം മറച്ചുവെക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധത്തിൽ ഉന്നയിക്കപ്പെട്ടത്.
സമാധാനപരമായി നടന്ന പ്രതിഷേധപ്രകടനങ്ങളെ പൊലീസ് ബലപ്രയോഗം കൊണ്ടാണ് നേരിട്ടത്. പ്രവർത്തകരെ അറസ്റ്റ് ചെയ്യയുകയും ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. ഇത് പൊതുജനരോഷം കൂടുതൽ തീവ്രമാക്കി. പ്രതിഷേധക്കാരുടെ നിശ്ചയദാർഢ്യത്തിനൊപ്പം വ്യാപകമായ പൊതുജനപിന്തുണയും കൂടിയായപ്പോൾ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയയ്ക്കാൻ അധികാരികൾ നിർബന്ധിതരായി.
ജനുവരി 12ലെ പ്രതിഷേധം ഒരു വഴിത്തിരിവായി മാറി. മീനാക്ഷി മുഖർജി, ധ്രുബോജ്യോതി സാഹ, മയൂഖ ബിശ്വാസ് തുടങ്ങി നേതാക്കൾ ഭരണകൂടത്തെക്കൊണ്ട് മറുപടി പറയിക്കാനുള്ള ഒരു പുതിയ ശ്രമത്തിന് നേതൃത്വം നൽകി. ഇരയാക്കപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളുയർത്തി മിഡ്നാപ്പൂർ മെഡിക്കൽ കോളേജിനു മുന്നിൽ നൂറുകണക്കിന് പ്രവർത്തകർ ഒത്തുകൂടി.
ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കും അത് മറച്ചുവെക്കാൻ ശ്രമിച്ചവർക്കുമെതിരെ എത്രയുംവേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനക്കാർ എംഎസ്വിപി (Medical Superintendent cum Vice Principal)യെ ഘെരാവൊ ചെയ്തു. അവർ ഉന്നയിച്ച ആവശ്യങ്ങൾ ഇവയാണ്.
1. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ ഉടനടി സസ്പെൻഡ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും വേണം.
2. വ്യാജ ഡ്രിപ്പ് വാങ്ങിയതിലും അത് നൽകിയതിലും സുതാര്യമായ അന്വേഷണം വേണം.
3. ചികിത്സാ സൗകര്യങ്ങളിൽ മികച്ച മേൽനോട്ടവും ഗുണനിലവാരവും പ്രദാനം ചെയ്തുകൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണം.
‘‘വൈകിയെത്തുന്ന നീതി നീതിനിഷേധത്തിനു തുല്യമാണെന്ന്’’ ഓർമിപ്പിച്ചുകൊണ്ട് പ്രതിഷേധത്തിനു നേതൃത്വം നൽകിയവർ വിഷയത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുകയുണ്ടായി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും അത് സംസ്ഥാനത്തുടനീളം വ്യാപിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ഇപ്പോഴത്തെ സംഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് ആരോഗ്യസംരക്ഷണം കൈകാര്യംചെയ്യുന്നതിൽ ആഴത്തിൽ ബാധിച്ചിരിക്കുന്ന വ്യവസ്ഥാപരമായ പ്രശ്നങ്ങളുടെ പ്രതിഫലനമാണ്. ആരോഗ്യപരിപാലനരംഗത്ത് പരിഷ്കരണങ്ങളും കർശനമായ ഗുണനിലവാര നിയന്ത്രണ നടപടികളും കൂടുതൽ ഉത്തരവാദിത്തവും അടിയന്തരമായും ആവശ്യമാണെന്നത് ഇത് ഉയർത്തിക്കാട്ടുന്നു. ആരോഗ്യസുരക്ഷയെന്നത് മൗലികാവകാശമാണ്. ഒരു ആരോഗ്യസ്ഥാപനത്തിൽ പ്രവേശിക്കുമ്പോൾ തങ്ങളുടെ ജീവൻ സുരക്ഷിതമായ കൈകളിലാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പു വേണം.
സംസ്ഥാനത്തെ ആരോഗ്യസുരക്ഷാസംവിധാനത്തിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. അതാണ് പ്രതിഷേധത്തിൽ പ്രകടമായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഈ സംഭവവുമായി ബന്ധപ്പെട്ട ചർച്ചകളാൽ നിറഞ്ഞിരിക്കുന്നു. ഈ മുന്നേറ്റത്തിന് ജനപിന്തുണ അനുദിനം വർധിച്ചുവരികയാണ്. പശ്ചിമബംഗാളിലെ ആരോഗ്യസുരക്ഷാസംവിധാനത്തിന്റെ അവസ്ഥയെ സംബന്ധിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കൈക്കൊള്ളേണ്ട വ്യവസ്ഥാപരമായ മാറ്റങ്ങളുടെ അനിവാര്യതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്. അധികാരികൾ ഇപ്പോൾ ഒരു നിർണായക പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്‐ പ്രതിഷേധക്കാരുടെ ഡിമാൻഡുകൾക്ക് പരിഹാരം കാണുന്നതിന് സത്വര നടപടി സ്വീകരിക്കുമോ അതോ പൊതുജനവിശ്വാസം ഇനിയും നഷ്ടപ്പെടാൻ അനുവദിക്കുമോ എന്നതാണ് ചോദ്യം. എന്തായാലും നീതി കിട്ടുംവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
വർധിച്ചുവരുന്ന പ്രതിഷേധം അധികൃതരുടെ അനാസ്ഥയ്ക്കു നൽകേണ്ടിവന്ന വിലയെയും അതിനെതിരായ കൂട്ടായ പ്രവർത്തനത്തിന്റെ കരുത്തിനെയും കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തലായി മിഡ്നാപ്പൂർ സംഭവം മാറുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. ജനങ്ങളുടെ ശബ്ദത്തിന് വ്യവസ്ഥിതിയിൽ അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമോ എന്ന് വരുംദിവസങ്ങൾ നിർണയിക്കും. l