Saturday, March 15, 2025

ad

Homeസംസ്ഥാനങ്ങളിലൂടെസിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം

സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം

ഷുവജിത്ത്‌ സർക്കാർ

ഫെബ്രുവരി 22 മുതൽ 25 വരെ കൊൽക്കത്തയിലെ ഹൂഗ്ലിയിൽ നടന്ന സിപിഐ എം ബംഗാൾ സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു. മുഹമ്മദ്‌ സലിമിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽനിന്നും തൂത്തെറിയുകയും സംസ്ഥാനത്ത്‌ ബിജെപിയുടെ വളർച്ചയെ തടയുകയും ചെയ്യുകയെന്നത്‌ മുഖ്യ ലക്ഷ്യമിട്ടുകൊണ്ട്‌ 2026ലെ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിയെ സംബന്ധിച്ച്‌ ഈ സംസ്ഥാന സമ്മേളനം ഏറെ പ്രാധാന്യമുള്ളതായി മാറി. സ്‌ത്രീകൾ, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവയുൾപ്പെടെ സമൂഹത്തിൽനിന്നുള്ള വിവിധ വിഭാഗങ്ങളിൽനിന്നുള്ളവരെ ഉൾപ്പെടുത്താനുള്ള പാർട്ടിയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന 80 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പാർട്ടിയുടെ തൃണമൂലതലത്തിലെ ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ബഹുസ്വരവും പ്രാതിനിധ്യമുള്ളതുമായ രാഷ്‌ട്രീയപ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന സിപിഐ എമ്മിന്റെ വിശാലമായ തന്ത്രവുമായി ഇത്‌ ഒത്തുപോകുന്നതാണ്‌. സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സിപിഐ എം പൊളിറ്റ്‌ ബ്യൂറോ കോ‐ഓർഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌ ദേശീയ ഇടതുപക്ഷപ്രസ്ഥാനത്തിലെ പശ്ചിമബംഗാളിന്റെ പ്രാധാന്യത്തെ എടുത്തുപറഞ്ഞു. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്‌ സംസ്ഥാനത്ത്‌ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തേണ്ടത്‌ നിർണായകമാണെന്ന്‌ അദ്ദേഹം തന്റെ പ്രസംഗത്തിൽ അടിവരയിട്ടു പറഞ്ഞു. പുതുതലമുറവോട്ടർമാരുമായി ബന്ധപ്പെടുന്നതിനും സാമൂഹികവും സാന്പത്തികവുമായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമായുള്ള നൂതന സമീപനങ്ങൾ സ്വീകരിക്കണമെന്ന പ്രകാശ്‌ കാരാട്ടിന്റെ ആഹ്വാനം, ജില്ലാ കമ്മിറ്റികളിൽ നിന്നും അനുബന്ധ സംഘടനകളിൽനിന്നുമുള്ള അഞ്ഞൂറിലേറെ പ്രതിനിധികൾ പങ്കെടുത്ത ചർച്ചകൾക്ക്‌ വഴിയൊരുക്കി.

ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തെ ചെറുക്കുന്നതിനോടൊപ്പം ഭരിക്കുന്ന പാർട്ടിയായ തൃണമൂലിനെതിരായ ബദലായി സ്വയം അവതരിപ്പിക്കുകയെന്നതാണ്‌ സിപിഐ എം ലക്ഷ്യമിടുന്നത്‌. അതിന്റെയടിസ്ഥാനത്തിൽ 2026ലെ തിരഞ്ഞെടുപ്പിലേക്കുള്ള പാർട്ടി രൂപരേഖ തയ്യാറാക്കുക എന്നതായിരുന്നു സമ്മേളന ചർച്ചകളുടെ മുഖ്യ കേന്ദ്രബിന്ദു. കർഷകർ, തൊഴിലാളികൾ, നഗരദരിദ്രർ എന്നിവപോലെയുള്ള പരന്പരാഗത പിന്തുണാടിത്തറകളുമായുള്ള ബന്ധങ്ങൾ പുനർനിർമിക്കുന്നതിനും യുവ വോട്ടർമാരെ അവരുടെ ആഗ്രഹങ്ങളെയും ആശങ്കകളെയും അഭിസംബോധന ചെയ്യുന്നതിലൂടെ പാർട്ടിയിലേക്ക്‌ അവരെ ആകൃഷ്‌ടരാക്കുന്നതിനുമുള്ള തന്ത്രങ്ങൾ ആരായുന്നതിനുള്ള ഗഹനമായ ചർച്ചകൾ പ്രതിനിധികൾ നടത്തി. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പെടെയുള്ള അനുഭവസന്പന്നരായ നേതാക്കളും പുതുമുഖങ്ങളുമടങ്ങുന്ന എല്ലാവരെയും ഉൾച്ചേർത്തുകൊണ്ടുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി മേൽപ്പറഞ്ഞ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌. തൃണമൂലതലത്തിൽ ബഹുജനങ്ങളെ സംഘടിപ്പിക്കുക, സമാനമനസ്‌കരായ പാർട്ടികളുമായി സഖ്യങ്ങൾ, നിലവിലെ ഭരണകൂടത്തിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടുന്ന ബഹുജനമുന്നേറ്റങ്ങൾക്ക്‌ മുൻകൈയെടുക്കുക എന്നിവയടങ്ങുന്ന ഒരു ബഹുമുഖതന്ത്രമാണ്‌ പാർട്ടി സമീപനം ഉൾക്കൊള്ളുന്നത്‌. തൃണമൂൽ വാഴ്‌ചയിൻകീഴിലും ഭരണനിർവഹണത്തിലും നടക്കുന്ന അഴിമതിയെക്കുറിച്ചും സാമൂഹ്യ‐സാന്പത്തിക ദുരിതങ്ങളെക്കുറിച്ചും സിപിഐ എം പ്രത്യേകിച്ച്‌ ശബ്ദമുയർത്തുകയുണ്ടായി. ക്ഷേമപദ്ധതികൾ ദുർവിനിയോഗം ചെയ്യുന്നതുമുതൽ യുവജനങ്ങൾക്കുള്ള അവസരങ്ങൾ കുറയുന്നതുവരെയുള്ള വിഷയങ്ങൾ പ്രതിനിധികൾ വിശദമായി ചർച്ചചെയ്‌തത്‌ സാമൂഹികനീതിയുടെയും സാന്പത്തികമായ സമത്വത്തിന്റെയും വിഷയങ്ങളിൽ പാർട്ടിയുടെ നടുനായകത്വത്തെ ഉയർത്തിക്കാട്ടി. ബിജെപിയുടെ വിഘടനരാഷ്‌ട്രീയത്തെ ചെറുക്കുന്നതിന്‌ മതനിരപേക്ഷതയ്‌ക്കും ഐക്യത്തിനും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി നിലകൊള്ളേണ്ടതിന്റെ അനിവാര്യതയെയും പാർട്ടി ഊന്നിപ്പറഞ്ഞു.

വന്പിച്ച പൊതുയോഗത്തോടെയാണ്‌ സമ്മേളനത്തിന്‌ സമാപനം കുറിച്ചത്‌. പാർട്ടി അനുകൂലികളായ ആയിരക്കണക്കിനുപേർ പൊതുസമ്മേളനത്തിന്‌ എത്തിച്ചേർന്നത്‌ പാർട്ടിക്ക്‌ ജനങ്ങളുമായുള്ള സജീവമായ ബന്ധത്തെയാണ്‌ പ്രകടമാക്കിയത്‌. മുതിർന്ന നേതാക്കളുടെയും മീനാക്ഷി മുഖർജിയെപ്പോലുള്ള യുവജനങ്ങളുടെയും പ്രസംഗങ്ങൾ പുതിയ ഊർജവും കാഴ്‌ചപ്പാടുകളും പാർട്ടിയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ചെങ്കൊടി പാറുകയും മുദ്രാവാക്യങ്ങൾ ജനക്കൂട്ടങ്ങളിൽ പ്രതിധ്വനിക്കുകയും ചെയ്‌തപ്പോൾ, ഭരണത്തിൽ നീതി പുനഃസ്ഥാപിക്കുന്നതിനും പശ്ചിമബംഗാളിന്റെ സാംസ്‌കാരിക, രാഷ്‌ട്രീയ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള ദൗത്യമേറ്റെടുത്തുകൊണ്ട്‌ സിപിഐ എം പുത്തനുണർവിന്റെയും തയ്യാറെടുപ്പിന്റേതുമായ പുതിയൊരു കാഴ്‌ചപ്പാടാണ്‌ അതിലൂടെ പ്രകടമാക്കിയത്‌. സഖാവ്‌ മുഹമ്മദ്‌ സലിമിനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്‌ തുടർച്ചയെ മാറ്റവുമായി സംയോജിപ്പിക്കുകയെന്ന തന്ത്രപരമായ തിരഞ്ഞെടുക്കലായാണ്‌ കാണുന്നത്‌. സമ്മേളന പ്രമേയങ്ങളെ അടിസ്ഥാനതലത്തിൽ പ്രായോഗിക പ്രവർത്തനങ്ങളാക്കി മാറ്റുകയെന്ന വെല്ലുവിളി നിറഞ്ഞ കടമയാണ്‌ ഇപ്പോൾ പാർട്ടിക്കു മുന്നിലുള്ളത്‌. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ മാത്രമല്ല, പശ്ചിമബംഗാളിന്റെ രാഷ്‌ട്രീയ ആഖ്യാനത്തെ പുനർനിർമിക്കാൻ പ്രാപ്‌തിയുള്ള ഒരു വിശാലമായ സഖ്യം കെട്ടിപ്പടുക്കാൻ സിപിഐ എം വിപുലമായ ജനസന്പർക്കപരിപാടിക്ക്‌ തുടക്കമിടുന്നതിനാൽ വരും മാസങ്ങൾ സിപിഐ എമ്മിനെ സംബന്ധിച്ച്‌ നിർണായകമാണ്‌. സംഘടനാശക്തി, പ്രത്യയശാസ്‌ത്ര വ്യക്തത, ബംഗാളിലെ ജനങ്ങൾക്കുവേണ്ടി പ്രായോഗികമായ ഒരു ബദൽ അവതരിപ്പിക്കാനുള്ള ശേഷി എന്നിവ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പോടെയാണ്‌ 2026ലെ തിരഞ്ഞെടുപ്പിനെ സിപിഐ എം സമീപിക്കുന്നത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 10 =

Most Popular