Saturday, March 15, 2025

ad

Homeസംസ്ഥാനങ്ങളിലൂടെപൊലീസ്‌ അടിച്ചമർത്തലും എസ്‌എഫ്‌ഐയുടെ പ്രതിഷേധവും: വിദ്യാഭ്യാസ അവകാശങ്ങൾക്കായി ഒരു പോരാട്ടം

പൊലീസ്‌ അടിച്ചമർത്തലും എസ്‌എഫ്‌ഐയുടെ പ്രതിഷേധവും: വിദ്യാഭ്യാസ അവകാശങ്ങൾക്കായി ഒരു പോരാട്ടം

ഷുവജിത്ത്‌ സർക്കാർ

ശ്ചിമബംഗാൾ സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ആസ്ഥാനമായ ബികാഷ്‌ ഭവനിലേക്ക്‌ എസ്‌എഫ്‌ഐ പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ച്‌ വിദ്യാർഥി ആക്ടിവിസത്തിന്റെ ശ്രദ്ധേയമായ ഒരേടായി മാറി. സംസ്ഥാനത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ ബാധിക്കുന്ന നിരവധി വെല്ലുവിളികൾ ഉയർത്തിക്കാട്ടി വിദ്യാഭ്യാസമന്ത്രി ബ്രത്യബസുവിന്‌ നിവേദനം സമർപ്പിക്കുകയെന്നതായിരുന്നു പ്രതിഷേധപ്രകടനംകൊണ്ട്‌ മുഖ്യമായും ലക്ഷ്യമിട്ടത്‌. പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ച, ആയിരക്കണക്കിന്‌ പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടുന്നത്‌, വർധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ്‌, യൂണിവേഴ്‌സിറ്റികളിലെയും കോളേജ്‌ ക്യാന്പസുകളിലെയും ജനാധിപത്യ ഇടം ചുരുങ്ങുന്നത്‌ എന്നിവയാണ്‌ വിദ്യാർഥികളുടെ മുഖ്യ ആശങ്കകൾ. ഇതുകൂടാതെ കഴിഞ്ഞ 8 വർഷമായി നിർത്തിവെച്ചിരുന്ന വിദ്യാർഥി യുണിയൻ തിരഞ്ഞെടുപ്പുകൾ ഉടൻ പുനഃരാരംഭിക്കണമെന്ന്‌ എസ്‌എഫ്‌ഐ ശക്തമായി ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലെ വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി ആശങ്കാജനകമായ, ഗൗരവമേറിയ ഒരു വിഷയമാണ്‌, പ്രത്യേകിച്ച്‌ പ്രാപ്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന്റെ ക്രമേണയുള്ള തകർച്ചയ്‌ക്ക്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും വിദ്യാർഥികളെയും സംബന്ധിച്ച്‌. ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിന്റെ ദീർഘകാല ചരിത്രമുള്ള വിദ്യാർഥിസംഘടനയായ എസ്‌എഫ്‌ഐ, ഈ അടിയന്തരപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ പരാജയം വിശദമായി ഉയർത്തിക്കാട്ടുകയുണ്ടായി. നടപടികൾ കൈക്കൊള്ളുന്നതിൽ സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി പരാജയപ്പെട്ടത്‌ ഏതൊക്കെ കാര്യങ്ങളിലാണെന്നത്‌ അക്കമിട്ട്‌ നിരത്തി വിദ്യാർഥികൾ മാർക്ക്‌ ഷീറ്റ്‌ തയ്യാറാക്കി. ഗ്രാമീണ സ്‌കൂൾ വിദ്യാഭ്യാസത്തെ വ്യവസ്ഥാപരമായി പൊളിച്ചടുക്കിയതും അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാകാത്തതുമൂലം അനേകം കുട്ടികൾ സ്‌കൂൾ പഠനം ഉപേക്ഷിച്ചതും ഇതിൽപെടുന്നു. ഇതുസംബന്ധിച്ച ആശങ്കകൾ വർധിതമായിക്കൊണ്ടിരിക്കുമ്പോഴും ഈ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഗവൺമെന്റ്‌ നിഷ്‌ക്രിയമായിരിക്കുന്നത്‌ പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു പരാതിയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വലിയതോതിൽ വിദ്യാർഥികൾ റാലിയിൽ പങ്കെടുക്കാനെത്തിയത്‌ വിദ്യാർഥികൾക്കിടയിൽ വ്യാപകമായ അസംതൃപ്‌തിയുടെ ദൃഷ്ടാന്തമായിരുന്നു. തങ്ങളുടെ ശബ്ദം ഉറക്കെ കേൾപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തുകൂടിയ പ്രവർത്തകർ ബികാഷ്‌ ഭവനിലേക്ക്‌ മാർച്ച്‌ നടത്തി. എന്നാൽ അവർ അവിടെയെത്തുംമുമ്പേ തന്നെ പൊലീസ്‌ അവരെ തടഞ്ഞു. സമാധാനപരമായി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ തീരുമാനിച്ചുകൊണ്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർ, അധികാരികളെ കാണാൻ തങ്ങളുടെ പ്രതിനിധിസംഘത്തെ അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചു. എന്നാൽ ജനാധിപത്യപമായി പരസ്‌പരം ചർച്ചചെയ്യുന്നത്‌ അനുവദിക്കുന്നതിന്‌ പകരം ഭരണകൂടം വിദ്യാർഥികളെ ബലംപ്രയോഗിച്ച്‌ തടയുകയാണുണ്ടായത്‌.

പ്രതിഷേധക്കാർക്കുനേരെ പൊലീസ്‌ ക്രൂരമായവിധം ലാത്തിച്ചാർജ്‌ നടത്തി. ഉന്നത നേതാക്കളുൾപ്പെടെ നിരവധി എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റുചെയ്‌തു. അവരെ ക്രൂരമായി തല്ലിച്ചതച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്‌. വനിതാ പ്രവർത്തകരെ പൊലീസ്‌ ശാരീരികമായി ആക്രമിച്ചത്‌ വലിയ ആശങ്കയുണ്ടാക്കുന്നു. ഇത്‌ നിയമപാലകരുടെ പെരുമാറ്റത്തെ സംബന്ധിച്ച്‌ ഗൗരവമേറിയ ചോദ്യങ്ങളുയർത്തുന്നു. പ്രതിഷേധക്കാർക്കുനേരെ വലിയൊരു സംഘം പൊലീസ്‌ ആക്രമണമഴിച്ചുവിടുന്ന ദൃക്‌സാക്ഷിവിവരണങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഈ നഗ്നമായ അടിച്ചമർത്തൽ നടപടി വിദ്യാർഥികൾക്കിടയിലും പൊതുജനങ്ങളുടെ രോഷം വർധിപ്പിക്കുന്നതിനിടയാക്കി.

കൂട്ട അറസ്റ്റും അടിച്ചമർത്തൽ നടപടികളും വ്യാപകമായി അപലപിക്കപ്പെട്ടു. കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ വിദ്യാർഥിസംഘടനകളും ബുദ്ധിജീവികളും ഈ വിഷയത്തിൽ ആശങ്കയുള്ള പൗരരും സമരരംഗത്തിറങ്ങി. പ്രതിഷേധം ശക്തമായപ്പോൾ അറസ്റ്റുചെയ്യപ്പെട്ട വിദ്യാർഥിപ്രവർത്തകരെ വിട്ടയയ്‌ക്കാൻ അധികൃതർ നിർബന്ധിതരായി. എന്തായാലും സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചത്‌ സംസ്ഥാനത്ത്‌ നിലനിൽക്കുന്ന ആശങ്കാജനകമായ പ്രവണതയെ അടിവരയിടുന്നു. ക്രിയാത്മകമായ ചർച്ചകളിലൂടെ പരിഹാരം കാണേണ്ടതിനു പകരം ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പൊലീസ്‌ അക്രമംകൊണ്ട്‌ നേരിടുകയാണ്‌.

സംഭവത്തെത്തുടർന്ന്‌, എസ്‌എഫ്‌ഐ നേതാക്കൾ സർക്കാരിന്റെ വിദ്യാർഥിവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം നിശ്ചയദാർഢ്യത്തോടെ തുടരുമെന്ന്‌ ആവർത്തിച്ച്‌ പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ ഒരുതരത്തിലുമുള്ള അടിച്ചമർത്തലിനും അവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനോ അവരുടെ നിശ്ചയദാർഢ്യത്തെ ദുർബലപ്പെടുത്താനോ കഴിയില്ലെന്നും അവർ ഊന്നിപ്പറഞ്ഞു. പ്രതിഷേധക്കാർ ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന്‌, പൊലീസിന്റെ പെരുമാറ്റത്തിലെ പ്രകടമായ വൈരുദ്ധ്യമായിരുന്നു‐ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അഴിമതിയും ഭരണപരമായ ക്രമക്കേടുകളും നേരിടുന്നതിൽ അവർ നിഷ്‌ക്രിയരായിരിക്കുകയും അതേസമയം വിദ്യാർഥിപ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിൽ അമിതാവേശം കാണിക്കുകയും ചെയ്‌തു.

വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ളിലെ ജനാധിപത്യ ഇടങ്ങൾ ചുരുങ്ങുന്നതിൽ ഒരു ബൃഹത്‌മാതൃകയാണ്‌ ഈ സംഭവം എടുത്തുകാട്ടിയത്‌. ഒരു ദശാബ്ദത്തോളമായി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പില്ലാത്തത്‌ വിദ്യാർഥികൾക്കിടയിൽ ഒരുതരം അവകാശ നിഷേധബോധം വളർന്നുവരുന്നതിനിടയാക്കി. വിദ്യാർഥിസമൂഹത്തിന്റെ താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നതിൽ ചരിത്രപരമായി തന്നെ നിർണായക പങ്കാണ്‌ വിദ്യാർഥി യൂണിയനുകൾക്കുള്ളത്‌. അവയുടെ വ്യവസ്ഥാപരമായ തകർക്കൽ ക്യാന്പസുകൾക്കുള്ളിലെ ജനാധിപത്യ ഇടപെടലുകളെ ദുർബലപ്പെടുത്താനേ സഹായകമായിട്ടുള്ളൂ. അതിനാൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾ ഉടൻ പുനരാരംഭിക്കണമെന്ന എസ്‌എഫ്‌ഐയുടെ ആവശ്യം കേവലമൊരു നടപടിക്രമം സംബന്ധിച്ച പ്രശ്‌നം മാത്രമല്ല, വിദ്യാർഥികളുടെ അവകാശം സംബന്ധിച്ച അടിസ്ഥാന ചോദ്യമാണ്‌.

സർവകലാശാലാ ക്യാന്പസുകൾ കൂടാതെ, പ്രാഥമിക വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയും നിലവിലെ ഭരണകൂടത്തിന്റെ നയങ്ങളും ഏറ്റവും ആശങ്കാജനകമായ വശങ്ങളിലൊന്നായി തുടരുകയാണ്‌. 8200ലേറെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടിയത്‌ ഗ്രാമീണവിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ഇത്‌ സാന്പത്തികമായി പിന്നോക്കംനിൽക്കുന്ന വിഭാഗങ്ങളിൽപെട്ട കുട്ടികളുടെ, വിദ്യാഭ്യാസത്തിനായുള്ള മൗലികാവകാശത്തിന്റെ നിഷേധമാണ്‌. ഒരുവശത്ത്‌ സ്വകാര്യസ്ഥാപനങ്ങൾ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുമ്പോൾ മറുവശത്ത്‌ പൊതുവിദ്യാഭ്യാസം ക്രമേണ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇത്‌ ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൂടുതൽ അപ്രാപ്യമാക്കുന്നു. വർധിച്ചുവരുന്ന ഈ അസമത്വത്തിലേക്ക്‌ ശ്രദ്ധതിരിക്കാനും അടിയന്തരമായും അത്‌ തിരുത്താനുമുള്ള നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടാണ്‌ എസ്‌എഫ്‌ഐ പ്രതിഷേധം.

ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുന്നതിലും വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാകുന്നുവെന്ന്‌ ഉറപ്പാക്കുന്നതിലും വിദ്യാർഥിപ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തലായി മാറി ബികാഷ്‌ ഭവനിലേക്കുള്ള വിദ്യാർഥി പ്രതിഷേധം. അധികാരികളുടെ ഭാഗത്തുനിന്നും അക്രമാസക്തമായ നടപടികളുണ്ടായിട്ടും ഈ അടിയന്തര വിഷയങ്ങൾ പൊതുചർച്ചയിലേക്ക്‌ കൊണ്ടുവരുന്നതിൽ ഈ പ്രതിഷേധം വിജയം നേടി. വിദ്യാർഥികളുടെ ചെറുത്തുനിൽപ്പു ശേഷിയം ഈ ലക്ഷ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും പശ്ചിമബംഗാളിലെ വിദ്യാർഥി പ്രവർത്തനത്തിന്റെ അടങ്ങാത്ത ആവേശത്തിന്റെ തെളിവാണ്‌.

സമരം തുടരുമ്പോഴും വിദ്യാർഥികൾ ഉന്നയിച്ച ആശങ്കകൾക്ക്‌ പരിഹാരം കാണുമോ അതോ അടിച്ചമർത്തലിന്റെ പാതതന്നെ തുടരുമോ എന്നത്‌ കണ്ടറിയണം. എന്തായാലും ഭീഷണിപ്പെടുത്തി വിദ്യാർഥികളുടെ ശബ്ദങ്ങളെ നിശബ്ദമാക്കാൻ കഴിയില്ല എന്നതുറപ്പാണ്‌. മെച്ചപ്പെട്ടതും കൂടുതൽ ഉൾക്കൊള്ളലിന്റേതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം എന്ന ആവശ്യം നിലനിൽക്കുകതന്നെ ചെയ്യും; പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ടുതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ളിലെ ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുകതന്നെ ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − four =

Most Popular