ഈ മാസം ഫെബ്രുവരി 3ന് നടന്ന ബൊളിവേറിയൻ അലയൻസ് ഫോർ ദി പീപ്പിൾസ് ഓഫ് ഔർ അമേരിക്ക പീപ്പിൾസ് ട്രേഡ് ട്രീറ്റി (ALBA‐TCP)യുടെ 12‐ാമത് അസാധാരണ ഉച്ചകോടി പുതുതായി ഉടലെടുത്തിട്ടുള്ള ഭൗമരാഷ്‌ട്രീയ സംഭവവികാസങ്ങൾ മേഖലയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ഗഹനമായ ചർച്ചകളാണ് നടത്തിയത്. കൂട്ടത്തോടെയുള്ള നാടുകടത്തലടക്കം നടപ്പാക്കി കുടിയേറ്റവിരുദ്ധ നിയമം അടിയന്തര പ്രാധാന്യത്തോടുകൂടി പ്രാവർത്തികമാക്കുകയും അയൽരാജ്യങ്ങൾക്കുമേൽ പുതിയ താരിഫ് നടപടികൾ പ്രഖ്യാപിക്കുകയും ചെയ്‌ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അൽബ ഉച്ചകോടി രൂക്ഷമായി വിമർശിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെമേൽ കുതിരകയറുകയും അവയെ അടിച്ചമർത്തുകയും ചെയ്യുന്ന ട്രംപിന്റെ നയങ്ങൾക്കെതിരെ, ആത്യന്തികമായി അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചണിനിരക്കണമെന്ന് ഉച്ചകോടി ആഹ്വാനംചെയ്‌തു.
ട്രംപ് അധികാരത്തിലേറി ഉടനടിതന്നെ കൈക്കൊണ്ട നടപടികളാണ്, അതായത്, ആളുകളെ ബന്ധികളാക്കി നാടുകടത്തിക്കൊണ്ട് ‘‘കുടിയേറ്റവിരുദ്ധ’’ നയം നടപ്പാക്കിയത്, അയൽരാജ്യങ്ങൾക്കുമേൽ പുതിയ താരിഫ് നടപടികൾ ഏർപ്പെടുത്തിയത്, ക്യൂബയെ നയതന്ത്രപരമായും സാന്പത്തികമായും അകറ്റിനിർത്താനുള്ള തീരുമാനം എന്നിവയെല്ലാമാണ് പുതിയ അമേരിക്കൻ ഭരണകൂടത്തിന്റെ കിരാതമായ സമീപനത്തെ നേരിടുന്നതിനു വേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് അൽബ രാജ്യങ്ങളെ നിർബന്ധിതമാക്കിയത്.
ഈ പശ്ചാത്തലത്തിൽ, 2004ൽ ഫിദൽ കാസ്‌ട്രോയും ഹ്യൂഗോ ഷാവേസും ചേർന്ന് രൂപീകരിച്ച അൽബ എന്ന പ്രാദേശിക കൂട്ടായ്‌മ, അമേരിക്കയുടെ പുതിയ കടന്നാക്രമണങ്ങളെ നേരിടുന്നതിന് ചില തന്ത്രപരമായ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
അൽബ കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ തീരുമാനം അമേരിക്ക രായ്‌ക്കുരാമാനം അവിടെനിന്ന് കൂട്ടത്തോടെ കയറ്റിവിട്ട കുടിയേറ്റജനതയുടെ അന്തസ്സുയർത്തിപ്പിടിക്കുകയും അവരെ അതത് രാജ്യങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനുവേണ്ടിയുള്ള പൊതുനയങ്ങൾ നടപ്പിലാക്കും എന്ന പ്രഖ്യാപനമായിരുന്നു. ഈ ഉദ്യമത്തിന് അൽബ‐ടിസിപി ബാങ്ക് 10 ദശലക്ഷം ഡോളർ നൽകുവാനും തീരുമാനമായി. അൽബയിൽ അംഗമായിട്ടുള്ള വിവിധ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവർ അമേരിക്കയുടെ അധീശാധിപത്യത്തിനെതിരെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പരമാധികാരത്തിനും ജനാധിപത്യത്തിനുംവേണ്ടിയും ശബ്ദമുയർത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദുറോ, ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കനാൽ, നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ, സെന്റ് വിൻസെന്റ് ആന്റ് ഗ്രെനാഡിൻസ് രാഷ്‌ട്രത്തലവൻ റാഫ് ഗോൺസാൽവസ്, സെന്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ് പിയറി, ബൊളീവിയൻ പ്രസിഡന്റ് ലൂയി ആർസെ, ഡൊമിനിക്കയുടെ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ് എന്നിവർ അമേരിക്കയുടെ വർധിതമായ കടന്നാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുകയും യോജിച്ച ചെറുത്തുനിൽപിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. l