ശക്തമായ ആഭ്യന്തരയുദ്ധം നടമാടുന്ന സുഡാനിൽ ആഭ്യന്തരമായി ഒഴിപ്പിക്കപ്പെട്ട വ്യക്തികൾക്കായുള്ള സാംസാം ക്യാന്പിൽ ഫെബ്രുവരി 11, 12 തീയതികളിലായി അർധസൈനികവിഭാഗമായ ആർഎസ്‌എഫ് (Rapid Support Forces) നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അരദശലക്ഷത്തിലേറെപ്പേർ അഭയം പ്രാപിച്ചിരുന്ന സാംസാം ക്യാമ്പ് രാജ്യത്തെ അത്തരം ക്യാമ്പുകളിൽ ഏറ്റവും വലുതായിരുന്നു. ഈ ക്യാമ്പിൽ ഭക്ഷ്യക്ഷാമം കലശലാണ്. പട്ടിണിമൂലം ആറുമാസത്തോളമായി ഓരോ ദിവസവും ശരാശരി 13 കുട്ടികൾ ക്യാമ്പിൽ മരണപ്പെട്ടിരുന്നു. ദുരിതംനിറഞ്ഞ അങ്ങനെയൊരു ക്യാമ്പിനുനേരെയാണ് ആർഎസ്‌എഫ് നിഷ്‌ഠുരമായി ആക്രമണം അഴിച്ചുവിട്ടത്; മനുഷ്യരെ കൊന്നുതള്ളിയത്. ആർഎസ്‌എഫിന്റെ എതിർശക്തിയായ എസ്‌എഎഫിന് (Sudaneese Armed Forces) ദർഫറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള അവസാനത്തെ ശക്തികേന്ദ്രമെന്ന നിലയിലാണ് എൽഫഷറിന് 15 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്ക് ആർഎസ്‌എഫ് ആക്രമണം അഴിച്ചുവിട്ടത്.
ദർഫറിലെ മറ്റു നാലു സംസ്ഥാനങ്ങളുടെയും നിയന്ത്രണം കൈക്കലാക്കിയതിനുശേഷമാണ് അത്യാധുനികമായ മാരകായുധങ്ങളും മറ്റുമായി ആർഎസ്‌എഫ് പ്രദേശത്താകെ ആധിപത്യമുറപ്പിക്കുന്നതിനായി ക്യാമ്പ് ആക്രമിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആർഎസ്‌എഫ്, എസ്‌എഎഫ് എന്നീ വിഭാഗങ്ങൾ തമ്മിൽ അധികാരത്തിനുവേണ്ടി നടത്തുന്ന സംഘർഷങ്ങൾമൂലം രാഷ്‌ട്രീയ അസ്ഥിരത നേരിടുന്ന സുഡാനിൽ സാധാരണ ജനങ്ങളുടെ ജീവന് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. ഈ ആഭ്യന്തരയുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും ക്ഷാമവും അവിടുത്തെ ജനജീവിതത്തെ കൂടുതൽ നരകതുല്യമാക്കിയിരിക്കുകയാണ്. l