1939 സെപ്‌തംബറിലാണല്ലോ രണ്ടാംലോകയുദ്ധം ആരംഭിച്ചത്. യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധത്തിൽ കമ്യൂണിസ്റ്റ് പാർട്ടി മുൻപന്തിയിലുണ്ടായിരുന്നു. ജനങ്ങൾക്കുമേൽ ബ്രിട്ടീഷ് ഭരണാധികാരികൾ അടിച്ചേൽപ്പിച്ച യുദ്ധത്തിന്റെ കെടുതികൾ ഭീകരമായിരുന്നു. ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിട്ടു. നാട്ടിൽ പട്ടിണി രൂക്ഷമായി. ദാരിദ്ര്യവും രോഗവുംമൂലം ജനങ്ങളുടെ നരകം ഇരട്ടിച്ചു. അതിനിടയിൽ ഇന്ത്യയുടെ നിരവധി പ്രദേശങ്ങളിൽ പകർച്ചവ്യാധി പടർന്നുപിടിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ പ്രചാരണങ്ങൾ ബ്രിട്ടീഷ് അധികാരികളെ ശരിക്കും പ്രകോപിപ്പിച്ചു. അവർ കമ്യൂണിസ്റ്റുകാരെ ശരിക്കും വേട്ടയാടാൻ തീരുമാനിച്ചു. പാർട്ടി പ്രവർത്തരെയും നേതാക്കളെയും പൊലീസ് വ്യാപകമായി അറസ്റ്റുചെയ്‌തു. ബംഗാളിൽ പല പ്രദേശങ്ങളിലും നടന്ന യുദ്ധവിരുദ്ധ പ്രകടനങ്ങളുടെ മുഖ്യ സംഘാടകരിലൊരാൾ മുസഫർ അഹമ്മദായിരുന്നു. പൊലീസിന്റെ പലതരത്തിലുള്ള ഭീഷണികളെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കി. ജനങ്ങളെ ബോധവത്‌കരിക്കുന്നതിന് നാട്ടിൻപ്രദേശങ്ങളിലും പട്ടണങ്ങളിലും കൽക്കത്ത നഗരത്തിലുമെല്ലാം അദ്ദേഹം സഞ്ചരിച്ചു.
1940 ജനുവരിയിൽ കൽക്കത്തയിൽനിന്ന് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവ് കൽക്കത്ത പൊലീസ് മുസഫറിനു നൽകി. രാജ്യരക്ഷാനിയമം അനുസരിച്ചായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ കൽക്കത്ത വിട്ടുപോകാൻ മുസഫർ കൂട്ടാക്കിയില്ല. അതോടെ മുസഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരുമാസം തടവിലാക്കപ്പെട്ട അദ്ദേഹത്തിന് ജയിൽമോചിതനായതിനുശേഷം വീണ്ടും നാടുകടത്താൻ നോട്ടീസ് പൊലീസ് കൊടുത്തു.
ഇത്തവണ കൽക്കത്ത വിട്ടുപോകാൻ അദ്ദേഹം തയ്യാറായി. നവദ്വീപ് ടൗൺഷിപ്പിലേക്കാണ് മുസഫസർ പോയത്. അവിടെ ഒളിവിലിരുന്ന് പാർട്ടി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻപിടിച്ചു. പൊലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ട് പാർട്ടി പ്രവർത്തകരുമായി അദ്ദേഹം സംസാരിച്ചു. പാർട്ടി ക്ലാസുകൾ പല സ്ഥലങ്ങളിലും സംഘടിപ്പിച്ചു.
ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റംവന്നതായി കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിച്ചു. അതോടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് മേലുള്ള നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു. മുസഫർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അതോടെ പരസ്യമായ പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു മുസഫർ.
1948ൽ കമ്യൂണിസ്റ്റ് പാർട്ടി കൽക്കത്ത തീസിസ് അംഗീകരിച്ചതിനെത്തുടർന്ന് പാർട്ടി നിരോധിക്കപ്പെട്ടു. അതോടെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും വ്യാപകമായി പൊലീസ് അറസ്റ്റുചെയ്‌തു. ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചാണ് മുസഫറിനെയും മറ്റുള്ളവരെയും അറസ്റ്റുചെയ്‌തത്. ആറുമാസം അദ്ദേഹത്തെ അലിപ്പൂർ ജയിലിലാണ് അടച്ചത്. ജയിൽനിന്നു മോചിപ്പിച്ച സർക്കാർ, അദ്ദേഹത്തെ കൽക്കത്തയിൽനിന്ന് നാടുകടത്തിക്കൊണ്ട് ഉത്തരവിറക്കി. കൽക്കത്തയിൽനിന്ന് പുറത്താക്കപ്പെട്ട മുസഫർ പാർട്ടി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു നീക്കി.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചതോടെ മുസഫർ അഹമ്മദ് സിപിഐ എം പക്ഷത്ത് ഉറച്ചുനിന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിൽനിന്ന് അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാൾ മുസഫറായിരുന്നു.
1964ൽ കൽക്കത്തയിൽ ചേർന്ന ഏഴാം പാർട്ടി കോൺഗ്രസിലാണല്ലോ സിപിഐ എം രൂപീകരിക്കപ്പെട്ടത്. ഈ സമയത്ത് മുസഫർ അഹമ്മദ് തടവറയിലായിരുന്നു. അദ്ദേഹത്തെ സിപിഐ എമ്മിന്റെ പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്ക് സമ്മേളനം തിരഞ്ഞെടുത്തു. മരണംവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടർന്നു.
പാർട്ടി ഉടമസ്ഥതയിൽ പത്രങ്ങളും വാരികകളും പുസ്‌തകപ്രസിദ്ധീകരണ സ്ഥാപനങ്ങളും അനിവാര്യമാണെന്ന അഭിപ്രായക്കാരനായിരുന്നു മുസഫർ. പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ, പ്രവർത്തകരെ പ്രത്യയശാസ്‌ത്രപരമായി ബോധവത്‌കരിക്കാൻ പ്രസിദ്ധീകരണങ്ങൾക്കുള്ള അപാരമായ സാധ്യത നന്നായി അറിയുന്ന നേതാവായിരുന്നു അദ്ദേഹം. ജനയുദ്ധ, സ്വാധീനത, ഗണശക്തി എന്നീ പത്രങ്ങളുടെയും ദേശ് ഹി തൈഷി വാരിക, നന്ദൻ മാസിക, ഏക്‌സാരഥി എന്നീ ആനുകാലികങ്ങളുടെയും നടത്തിപ്പിന് മുഖ്യ പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു.
വായനയോട് വളരെയേറെ ആഭിമുഖ്യമുണ്ടായിരുന്ന അദ്ദേഹം സഖാക്കളെയും സുഹൃത്തുക്കളെയും വായിക്കാൻ പ്രേരിപ്പിച്ചിരുന്നു. പുതുതായി പാർട്ടിയിലേക്കു വരുന്ന പ്രവർത്തകർക്ക്, വായിക്കേണ്ട പുസ്‌തകങ്ങളെക്കുറിച്ച് ശരിയായ മാർഗനിർദേശം അദ്ദേഹം നൽകിയിരുന്നതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
എത്ര വലിയ തിരക്കുള്ളപ്പോഴും ഓരോ പാർട്ടി സഖാവിന്റെയും വ്യക്തിപരമായ പ്രശ്‌നങ്ങൾ കേൾക്കാനും അവയ്‌ക്ക് പരിഹാരമുണ്ടാക്കാനും അദ്ദേഹം അസാമാന്യമായ ക്ഷമ കാണിച്ചിരുന്നു. രോഗബാധിതരാകുന്ന സഖാക്കളുടെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം കൃത്യമായി അന്വേഷിക്കുമായിരുന്നു; അവർക്ക് വേണ്ട ചികിത്സ ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമായിരുന്നു.
സംഘടനാരംഗത്ത് അതത് സമയത്തുണ്ടാകന്ന പ്രശ്‌നങ്ങൾ തക്കസമയത്ത് പരിഹരിക്കാൻ അദ്ദേഹം എന്നും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1960കളുടെ അവസാനം ഇടതുപക്ഷ തീവ്രവാദം പാർട്ടിക്കുള്ളിൽ തലപൊക്കിയപ്പോൾ മുസഫർ അതിനെതിരെ അതിശക്തമായ ആശയസമരമാണ് നടത്തിയത്. മാർക്‌സിസം‐ലെനിനിസത്തോട് തികഞ്ഞ പ്രതിബദ്ധതയായിരുന്നു ജീവിതത്തിലുടനീളം അദ്ദേഹം പ്രകടിപ്പിച്ചത്. അച്ചടക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത സമീപനമായിരുന്നു മുസഫർ സ്വീകരിച്ചത്. സ്വയം അച്ചടക്കം പാലിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം തികഞ്ഞ അവധാനതയാണ് പുലർത്തിയത്.
ഇന്ത്യയിലെ കർഷകപ്രശ്‌നം, കൊടുങ്കാറ്റിന്റെ നാളുകൾ, ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ഉത്‌ഭവവും വളർച്ചയും, ഞാനും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും എന്നിവയാണ് മുസഫർ അഹമ്മദിന്റെ പ്രധാനപ്പെട്ട കൃതികൾ.
1973 ഡിസംബർ 18ന് മുസഫർ അഹമ്മദ് അന്തരിച്ചു. l