Friday, April 25, 2025

ad

Homeരാജ്യങ്ങളിലൂടെഫാസിസ്റ്റുകൾക്കെതിരെ ഫ്രഞ്ച്‌ ട്രേഡ്‌ യൂണിയനുകൾ

ഫാസിസ്റ്റുകൾക്കെതിരെ ഫ്രഞ്ച്‌ ട്രേഡ്‌ യൂണിയനുകൾ

ഷിഫ്‌ന ശരത്ത്‌

രാജ്യത്ത്‌ അനുദിനം നടമാടുന്ന തീവ്രവലതുപക്ഷ‐ഫാസിസ്റ്റ്‌ കടന്നാക്രമണത്തിനെതിരെ ഫ്രാൻസിലെ ട്രേഡ്‌ യുണിയനുകൾ സംഘടിതമായ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുകയാണ്‌. ഫെബ്രുവരി 16ന്‌ പാരീസിൽവെച്ച്‌ ‘യങ്‌ സ്‌ട്രഗിൾ, തുർക്കിഷ്‌ മൈഗ്രന്റ്‌ വർക്കേഴ്‌സ്‌ കൾച്ചറൽ അസോസിയേഷൻ (ACTIT) എന്നീ സംഘടനകൾ ചേർന്ന്‌ നടത്തിയ ചലച്ചിത്രപ്രദർശനത്തിലേക്ക്‌ ഇരച്ചെത്തിയ 20 പേരടങ്ങുന്ന ഫാസിസ്റ്റ്‌ ഗുണ്ടാസംഘം, യുവ ആക്ടിവിസ്റ്റുകൾക്കുനേരെ നടത്തിയ ഭീകരമായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ ട്രേഡ്‌ യൂണിയനുകൾ ഒന്നടങ്കം മുന്നോട്ടുവന്നത്‌. പ്രദർശനത്തിൽ കാണികളായിരുന്ന നിരവധിപേരെ അക്രമികൾ തല്ലിച്ചതയ്‌ക്കുകയും ജനറൽ കോൺഫെഡറേഷൻ ഓഫ്‌ ലേബർ (CGT) അംഗത്തെ കുത്തി പരിക്കേൽപിക്കുകയും ചെയ്‌തു.

നവനാസി പ്രസ്ഥാനമായ നാഷണൽ റാലിയുടെ ഉദയവും വ്യാപനവും ഒപ്പംതന്നെ ഏതാനും തീവ്ര വലതുപക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ സ്വാധീനവും രാജ്യത്താകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന്‌ ട്രേഡ്‌ യൂണിയനുകൾ പറയുന്നു. പിന്തിരിപ്പനും അധീശാധിപത്യസ്വഭാവം പുലർത്തുന്നതുമായ മരീൻ ലെ പെന്നിന്റെ നാഷണൽ റാലിയും നിലവിലെ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ റിനൈസൻസ്‌ പാർട്ടിയുമെല്ലാംതന്നെ ഫ്രാൻസിൽ സർഗാത്മകവും പുരോഗമനാത്മകവും ഇടതുപക്ഷാശങ്ങളിലൂന്നിയതുമായ എല്ലാത്തിനെയും നിഷേധിക്കുകയും അടിച്ചമർത്തുകയുമാണ്‌. അതിന്റെ ഭാഗമായാണ്‌ യുവ ആക്ടിവിസ്റ്റുകളെ ഗുണ്ടാസംഘം ആക്രമിച്ചത്‌. ഈ ആക്രമണത്തെ അപലപിച്ചുകൊണ്ട്‌ ഇടതുപക്ഷ സംഘടനകളുടെ വിശാലസഖ്യം രംഗത്തുവന്നു. വിദേശീയവിദ്വേഷമടക്കമുള്ള ആശയങ്ങൾക്ക്‌ പിന്തുണ പ്രകടിപ്പിച്ച ആഭ്യന്തരമന്ത്രി ബ്രൂണോ റിതൈയ്‌ലിയോയുടെ നടപടി കുടിയേറ്റ ജനതയ്‌ക്കും സ്‌ത്രീകൾക്കും എൽജിബിടിക്യു+ വിഭാഗങ്ങൾക്കും ഇടതുപക്ഷ ആക്ടിവിസ്റ്റുകൾക്കുമെതിരായ വിദ്വേഷപ്രചരണത്തിന്‌ ആക്കംകൂട്ടുന്നതാണെന്ന്‌ ഇടതുപക്ഷ വിശാലസഖ്യം പ്രത്യേകം എടുത്തുപറഞ്ഞു. ലിബറൽ പാർലമെന്ററി സംവിധാനത്തിനകത്ത്‌ മറ്റൊരു രാഷ്‌ട്രീയശക്തിയായി മരീൻ ലെ പെന്നിനെയും അവരുടെ പാർട്ടിയെയും സാധാരണവത്‌കരിക്കുന്നത്‌ രാജ്യത്താകെ ഫാസിസ്റ്റ്‌ സംഘങ്ങളുടെ വളർച്ചയെ ശക്തിപ്പെടുത്തി. ‘‘പാരിസ്‌ നാസിയാണ്‌’’ എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞ അക്രമികൾ, ഫാസിസ്റ്റ്‌ സംഘങ്ങൾ മുൻകാലത്തെപോലെ ഒന്നും മറച്ചുവെയ്‌ക്കുന്നില്ല. എല്ലാം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ്‌ ആക്രമണം അഴിച്ചുവിടുന്നത്‌ എന്നതിന്റെ തെളിവാണ്‌ ഈ സംഭവം എന്നും ട്രേഡ്‌ യൂണിയനുകൾ പറയുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + 15 =

Most Popular