പണിപ്പുര താഴിട്ട് എം.ടി പടിയിറങ്ങിയെങ്കിലും എക്കാലത്തേക്കുമുള്ള വിടവാങ്ങലായി ആ സത്യത്തെ അംഗീകരിക്കാനാകുന്നില്ല.യാത്ര കഴിഞ്ഞ് തിരിച്ചുവരുമെന്നുള്ള വല്ലാത്തൊരു പ്രതീക്ഷയാണിപ്പോഴും. അദ്ദേഹത്തിന്റെ നവതിയോടനുബന്ധിച്ച് 2024 ഒക്ടോബറിൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പുസ്തകമാണ് ‘എം ടി കാലം കല കഥ’. ഇരുപത്തിരണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.അവതാരികയടക്കമുള്ള എഴുത്തുകൾ എം.ടിയെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള ആഴത്തിലുള്ള വായനയും പങ്കുവെക്കുന്നു. ലേഖന സമാഹരണം നടത്തിയിരിക്കുന്നത് എം ഗോകുൽദാസാണ്.
‘പരിത്യക്തരുടെ രാഷ്ട്രീയം’ എന്ന ലേഖനം എഴുതിയിരിക്കുന്നത് പ്രശസ്ത കവി സച്ചിദാനന്ദനാണ്. എം ടി കൃതികളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ലേഖനം. എം ടിയുടെ ആരൂഢം കൂടല്ലൂരാകുന്നതെങ്ങനെയെന്ന് എഴുത്തുകാരൻ ഉദാഹരണസഹിതം വ്യക്തമാക്കുന്നു. വ്യക്തിയുടെ ആന്തരികലോകത്തേക്ക് കഥാസാഹിത്യത്തെ വെട്ടിച്ചുരുക്കാതെ പ്രാദേശികതയും സാമൂഹിക ബന്ധങ്ങളും കുടുംബബന്ധങ്ങളും അതിരുകൽപ്പിക്കുന്ന ചട്ടക്കൂടിൽ കഥാപാത്രങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്ന് കൃത്യമായി എഴുത്തുകാരൻ വരച്ചുകാട്ടുന്നു.
‘ശേഷിക്കുന്ന പൂജാപുഷ്പം’എന്ന ലേഖനമെഴുതിയിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ ആണ്. എം ടിയിലെ ചലച്ചിത്രകാരനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഈ ലേഖനത്തിൽ. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന കഥ ‘നിർമ്മാല്യ’മായി രൂപാന്തരപ്പെടുമ്പോൾ എഴുത്തുകാരനിലെ ചലച്ചിത്രകാരൻ എത്രമാത്രം ഉൾക്കാഴ്‌ചയുള്ളയാളാണെന്ന് ഷാജി എൻ കരുൺ വിശദമാക്കുന്നു. ‘മഞ്ഞി’ൽ എം ടിയുടെ ഛായാഗ്രാഹകനായി പ്രവർത്തിക്കാൻ കഴിഞ്ഞ അസുലഭ സന്ദർഭത്തെയും എം ടി തിരക്കഥയെഴുതിയ ‘നഖക്ഷതങ്ങൾ’, ‘പഞ്ചാഗ്നി’ എന്നീ സിനിമകളിൽ പ്രവർത്തിക്കാനായതും വളരെ അഭിമാനത്തോടുകൂടിയാണ് അദ്ദേഹം ഓർത്തെടുക്കുന്നത്ത്.തന്നിലെ എഴുത്തുകാരനെയും ചലച്ചിത്രകാരനെയും എം.ടി ഭംഗിയായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന നിരീക്ഷണമാണ് മനോഹരമായ ഈ ലേഖനത്തിന്റെ കാതൽ.
‘ആൾക്കൂട്ടത്തിൽ തനിയെ’, ‘അടിയൊഴുക്കുകൾ’, ‘ഉയരങ്ങളിൽ’, ‘രാഗം അനുബന്ധം’, ‘ഇടനിലങ്ങൾ’, ‘പഞ്ചാഗ്നി’, ‘അമൃതം ഗമയ’, ‘താഴ്‌വാരം’, ‘സദയം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യാൻ പറ്റിയെന്ന അഭിമാനമാണ് മോഹൻലാൽ ‘സുകൃതം ഈ സൗഹൃദം’ എന്ന ഓർമ്മക്കുറിപ്പിലൂടെ പങ്കുവെക്കുന്നത്. ‘കർണ്ണഭാരം’എന്ന നാടകത്തിന് ശേഷം എം ടിയുമായുണ്ടായ കൂടിക്കാഴ്ച് വിവരിക്കുന്ന ഭാഗം ഹൃദയംകൊണ്ട് സംസാരിക്കുന്നതായാണ് അനുഭവപ്പെടുന്നത്.
താനെന്ന കഥാകൃത്തിന്റെ പിറവിക്ക് എം ടി എങ്ങനെ കാരണമായി എന്ന് അഭിമാനപൂർവ്വം ഓർത്തെടുക്കുകയാണ് സേതു ‘എം ടിയും ഞാനും’ എന്ന കുറിപ്പിലൂടെ. സ്വയം പുതുക്കിപ്പണിയാൻ വായനക്കാരൻ എന്ന ശക്തി എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്ന് ഓർമ്മപ്പെടുത്തിത്തന്ന എം ടിയെ ഏറെ ആദരവോടെയൊണ് സേതു അടയാളപ്പെടുത്തുന്നത്. ‘ഇരുട്ടു കറന്ന് വെളിച്ചമിറ്റിക്കുന്ന വിദ്യ’യറിയുന്ന മാന്ത്രികനായാണ് എം ടിയെ സുഭാഷ് ചന്ദ്രൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ‘ഇരുട്ടിന്റെ ആത്മാവ്’, ‘പള്ളിവാളും കാൽച്ചിലമ്പും’, ‘കുട്ട്യേടത്തി’, ‘രാവിലലിയാത്ത ഒരു നിഴൽ’, ‘കറുത്ത ചന്ദ്രൻ’, ‘നീലക്കുന്നുകൾ’ തുടങ്ങിയ കഥകളിലെല്ലാം ഇരുട്ടിന്റെ സാന്നിധ്യ ഭംഗി കണ്ടറിയുകയാണ് എഴുത്തുകാരൻ. ‘‘വെളിച്ചത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഇരുട്ടിനെയും ഇരുട്ടിനുള്ളിൽ ശ്വാസംമുട്ടുന്ന വെളിച്ചത്തെയും” സൂക്ഷ്മമായി നിരീക്ഷിച്ച് ഇരുൾ വിഷാദത്തിന്റെ അവസ്ഥാന്തരങ്ങളെ ഭംഗിയായി സുഭാഷ് ചന്ദ്രൻ അവതരിപ്പിക്കുന്നുണ്ട്.
എം ടിയുമൊത്തുള്ള നിമിഷങ്ങളെ ‘സ്നേഹാദരങ്ങളോടെ’ ഓർത്തെടുക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ചെമ്മീനിന്റെ ബെനിഫിറ്റ് ഷോ നാട്ടിൽ നടത്തുന്നതിനായി എം ടിയിൽ നിന്ന് ഒരു ശുപാർശക്കത്ത് എഴുതിവാങ്ങിയതും അത് നിധിപോലെ സൂക്ഷിച്ചു കൊണ്ടുനടന്നതുമായ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്. എം ടിയുമൊത്തുള്ള ഒരു സിനിമ നടക്കാതെ പോയതിലുള്ള അതിയായ ദു:ഖവും അദ്ദേഹം പങ്കുവെക്കുന്നു. ‘‘എം ടിയുടെ എല്ലാ കഥകളിലും എനിക്ക് എന്നെ കാണാൻ പറ്റാറുണ്ട്”എന്ന് പറയുന്നതിലൂടെ തന്നെ ആത്മഗുരുവിന്റെ കലാസൃഷ്ടികൾ എത്രത്തോളം ആഴത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്നു.
വ്യക്തിജീവിതത്തിലും സാഹിത്യജീവിതത്തിലും എം ടി പകർന്നുതന്ന ചെറുതല്ലാത്ത ഊർജ്ജത്തെ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട് അശോകൻ ചരുവിലും ആലങ്കോട് ലീലാകൃഷ്ണനും. പരുക്കനായ എം ടിയെന്ന ഇമേജാണ് ‘‘അധികാരത്തെ അപ്രസക്തമാക്കുന്ന എഴുത്തിന്റെ ധിക്കാരം”, സ്നേഹത്തിന്റെ തണൽവൃക്ഷം എന്നീ ലേഖനങ്ങൾ ഉടച്ചുകളഞ്ഞത്.
പത്തു വർഷത്തോളം എം ടിയുടെ കൂടെ പത്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞ നല്ല നാളുകളെ ഓർത്തെടുക്കുകയാണ് ജെ ആർ പ്രസാദ് ‘എത്രയെത്ര ചിത്രങ്ങൾ എത്രയെത്ര മുദ്രകൾ എന്ന ലേഖനത്തിൽ.’ എം ടിയിലെ പത്രാധിപനെ ആഴത്തിൽ വരച്ചിടുന്ന ലേഖനമാണിത്. വാത്സല്യനിധിയായ എം ടിയെയാണ് ജോയ് മാത്യു എന്ന നടന് പരിചയം. സിനിമാസംബന്ധിയായും അല്ലാതെയുമുള്ള വർത്തമാനങ്ങളിൽ നിറഞ്ഞുനിന്ന വാത്സല്യത്തെ ‘ചാലിശ്ശേരിക്കും കൂടല്ലൂരിനുമിടയിൽ’ വളർന്ന ആത്മബന്ധത്തെ ജോയ് മാത്യു അടയാളപ്പെടുത്തുന്നു.
എം ടി കൃതികളിലെ വള്ളുവനാടൻ ഭാഷാഭേദത്തിന്റെ പ്രത്യേകതകളിലൂന്നിക്കൊണ്ടാണ് സാറാ ജോസഫിന്റെ ‘എം ടിയുടെ മുന്നിൽ’ എന്ന ലേഖനം ആരംഭിക്കുന്നത്. പിന്നീട് ജീവിതത്തിലെ പല നിർണ്ണായക ഘട്ടങ്ങളിലും എം ടിയുടെ സാന്നിധ്യം, അദ്ദേഹത്തിന്റെ വാക്കുകൾ എത്രമാത്രം തന്റെ മുന്നോട്ടു പോക്കിന് കാരണമായി എന്നും എഴുത്തുകാരി വിശദമാക്കുന്നു.’ ‘എന്റെ എം ടി എന്ന എഴുത്ത്’ എം ടിയുടെ ജീവിതപങ്കാളി കലാമണ്ഡലം സരസ്വതിയുടേതാണ്. എം ടി എന്ന ഗൃഹനാഥനെ, ഭർത്താവിനെ, അച്ഛനെ വായനക്കാർക്ക് പരിചയപ്പെടുത്തകയാണിവിടെ. അച്ഛന്റെ കൃതികൾക്ക് നൃത്താവിഷ്‌കാരം ചെയ്യുക എന്ന വലിയ മോഹം ബാക്കിയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് എം ടിയുടെ മകൾ അശ്വതി നായർ എം ടി എന്ന അഭിമാനത്തെ ഓർത്തെടുക്കുന്നത്. ‘എന്റെ വാസ്വേട്ടൻ’ എന്ന തലക്കെട്ടിൽ തന്നെ സരോജനി ഒ എൻ വി എഴുതിയ ഓർമ്മക്കുറിപ്പിന്റെ ആത്മാവ് ഉള്ളടങ്ങിയിട്ടുണ്ട്. ഡോ. ഇ എം സുരജയുടെ ‘വിവാഹം എന്ന പ്രത്യയശാസ്ത്രവും ആത്മഹത്യയും’, ഡോ.അനിൽ കെ എം എഴുതിയ ‘ദൈവത്തോട് പിണങ്ങിയ മനുഷ്യലോകങ്ങൾ’, ഡോ. വി മോഹനകൃഷ്ണന്റെ ‘എം ടി യാത്രയും യാഥാർത്ഥ്യവും’, എം.എം നാരായണന്റെ ‘അസുരവിത്തിന്റെ ജനിതകം’, പി പി രവീന്ദ്രന്റെ ‘ആധുനികനായ എം ടി’, ഇ പി രാജഗോപാലിന്റെ’ സ്വീകരണത്തിന്റെ പൊരുൾ’ തുടങ്ങിയ ലേഖനങ്ങൾ എം ടി കൃതികളുടെ വേറിട്ട വായനയാണ്. മനോഹരങ്ങളായ പഠനങ്ങളാണിവ. ജി പി രാമചന്ദ്രനെഴുതിയ ‘സിനിമയെ കൂടുതൽ സിനിമയോടടുപ്പിക്കാൻ’ എന്ന ലേഖനം ചർച്ചചെയ്യുന്നത് എം ടിയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനവും തൊട്ടതെല്ലാം പൊന്നാക്കിയ സിനിമയിലെ ഓരോ മേഖലകളെയും സിനിമയിൽ നിറഞ്ഞാടിയ ഓരോ കഥാപാത്രങ്ങളെയും കുറിച്ചാണ്. എം ടിയുടെ ലഘു ജീവചരിത്രത്തോടുകൂടിയാണ് ‘എം ടി കാലം കല കഥ’ എന്ന പുസ്തകം അവസാനിക്കുന്നത്.
എം ടി കാലമാകുന്നതും ദേശമാകുന്നതും ഈ പുസ്തകത്തിൽ കാണാം. ആ കാലത്തിലൂടെയും ദേശത്തിലൂടെയുമുള്ള യാത്രയാണ് ഈ പുസ്തകം. തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്. l