Wednesday, March 19, 2025

ad

Homeപുസ്തകംകേരളത്തിന്റെ ബദൽ മാതൃകയിലേക്ക്‌ ഒരെത്തിനോട്ടം

കേരളത്തിന്റെ ബദൽ മാതൃകയിലേക്ക്‌ ഒരെത്തിനോട്ടം

പി ടി രാഹേഷ്

സാമൂഹ്യനീതിയുടെയും തുല്യതയുടെയും പാഠങ്ങൾ അനുഭവങ്ങളുടെയും പ്രയോഗങ്ങളുടെയും വെളിച്ചത്തിൽ വിശദീകരിക്കുകയാണ് സഖാവ് കെ രാധാകൃഷ്ണൻ എഴുതിയ ‘ഉയരാം ഒത്തുചേർന്ന്’ എന്ന പുസ്തകം. കേരളത്തിന്റെ പട്ടികജാതി – പട്ടികവർഗ്ഗ – ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങളും ഓർമ്മകളും അനുസ്മരണങ്ങളുമാണ് ടുഡെ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചെടുക്കാനാവുക. നവോത്ഥാന നായകർ പകർന്നുതന്ന വെളിച്ചംകെടാതെ സൂക്ഷിക്കാനും, അണയാത്ത ദീപശിഖയായി ജ്വലിപ്പിച്ചുനിർത്താനുമുള്ള ഇടപെടലുകളെക്കുറിച്ചും, ശ്രമങ്ങളെക്കുറിച്ചുമാണ് ഇവിടെ വിശദീകരിക്കുന്നത്. ഏതൊരു പൊതുപ്രവർത്തകനും അഭിമാനിക്കാവുന്ന സംശുദ്ധമായ രാഷ്ട്രീയ മാതൃകയാണ് കെ രാധാകൃഷ്ണനെന്ന് നമുക്കറിയാം. തനിക്ക് ലഭിച്ച അവസരങ്ങൾ എങ്ങനെയാണ് സാമൂഹ്യനീതി നടപ്പിലാക്കുന്നതിനും, അരുകവൽക്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുമുള്ള കർമ്മപദ്ധതിയായി വികസിപ്പിച്ചെടുത്തത്‌ എന്നതിനെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നുണ്ട്. അറിവു നിഷേധിക്കാൻ ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച കാലത്തുനിന്നും, ശബ്ദാദിവേഗത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ ചെവിയിൽ വച്ചുകൊടുക്കുന്ന ഒരു പുതിയകാലത്തെ സൃഷ്ടിച്ച കേരളത്തിന്റെ ബദൽ മാതൃകയെ തിരിച്ചറിയാൻ കൂടിയാണ് പുസ്തകം സഹായിക്കുന്നത്. പൊതുവികസനത്തിന്റെ കേരള മാതൃക വളരെ ശ്രദ്ധേയമായിരിക്കുമ്പോഴും, പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗങ്ങളുടെ സമ്പൂർണ്ണ പുരോഗതി ലക്ഷ്യംവെച്ചുകൊണ്ട്‌ അവശേഷിക്കുന്ന കുറവുകൾ പരിഹരിച്ച് വിദ്യാഭ്യാസ പുരോഗതിയിലൂടെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനാണ് കേരളം ശ്രമിക്കുന്നത്.

സാമൂഹ്യ മൂലധനത്തിന്റെ അഭാവമാണ് എല്ലാ മേഖലകളിലും പട്ടിക പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്ക് തടസ്സമായി നിൽക്കുന്നത്. സമൂഹത്തിൽ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ, പങ്കാളിത്തക്കുറവ്, വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യം തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഇവ പരിഹരിക്കാനായി നടത്തുന്ന നിരവധിയായ ശ്രമങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച ഒരാൾ കൂടിയാണ് ഈ പുസ്തകത്തിന്റെ ലേഖകൻ. പൊതുസമൂഹത്തിൽ നിന്നും ആട്ടിയോടിക്കപ്പെട്ടിരുന്ന ദളിത് പിന്നാക്കക്കാർക്കും ആദിവാസി ജനതയ്‌ക്കും ഭൂപരിഷ്കരണം, കുടികിടപ്പവകാശം വിദ്യാഭ്യാസപരിഷ്കരണനിയമം, വ്യവസായശാലകൾ, തൊഴിൽസംരക്ഷണം തുടങ്ങിയ ഒട്ടനവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഇ എം എസ് സർക്കാരിന്റെ വരവോടെ സംരക്ഷണമാവുകയായിരുന്നു. പിന്നോക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാനാണ് ഇടതുപക്ഷ സർക്കാരുകൾ എപ്പോഴും ലക്ഷ്യംവച്ചത്. അതിനായി പ്രീ-പ്രൈമറി ക്ലാസുകൾ മുതൽ പിഎച്ച്ഡി വരെ പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഗവൺമെന്റിന്റെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പുസ്തകം വിശദീകരിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ എങ്ങനെയാണ് അരിക്കുവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയതെന്നും നമുക്ക് മനസ്സിലാവും. ഇതോടൊപ്പം തന്നെ ഇന്നത്തെ ഇന്ത്യയിലെ പട്ടികവിഭാഗക്കാരുടെ ദയനീയമായ സ്ഥിതിയും പുസ്തകം ചർച്ചചെയ്യുന്നുണ്ട്. ദളിതർക്കുള്ള ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടുന്ന നാടായി ഇന്ത്യ മാറുകയാണ്. ബാലവേല ചെയ്യുന്ന കുട്ടികളിൽ കൂടുതലും പട്ടികവിഭാഗക്കാരാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടിക വിഭാഗക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നു. ദളിത് സ്ത്രീകൾക്കുനേരെ അക്രമം വർദ്ധിക്കുന്നു. അയിത്തം, സാമൂഹിക അനാചാരങ്ങൾ എന്നിവ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരായി വലിയരീതിയിലുള്ള ചെറുത്തുനിൽപ്പ് രാജ്യത്ത് സംഘടിപ്പിക്കേണ്ടതുണ്ട് എന്നും ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു.

‘സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ നിയന്ത്രിച്ചിരുന്നത് ജാതിയുടെ നിയമങ്ങളാണ്. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങൾക്ക് തുല്യത ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകൾ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം തന്നെയാണ്. ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥയായിരുന്നു ചൂഷണം നടത്തിയിരുന്നത്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങൾ വിജയിപ്പിക്കാതെ വർഗ്ഗസമരമോ, വർഗ്ഗസമരങ്ങൾ വിജയിപ്പിക്കാതെ സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരമോ വിജയിപ്പിക്കാനാകില്ല’ – ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഇ എം എസിന്റെ വിശകലനമാണിത്. ഈ സമരത്തിൽ മുന്നണിപ്പോരാളികളായി ജനാധിപത്യവും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കേണ്ട കാലികമായ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും, ജാതിമേധാവിത്വത്തിനും മനുഷ്യത്വവിരുദ്ധമായ സാമൂഹികതിന്മകൾക്കും എതിരെ നിലകൊണ്ട നവോത്ഥാന നായകരെ ഈ പുസ്തകം അനുസ്മരിക്കുന്നു. നാടിന്റെ ചരിത്രത്തിന്റെ ഗതിമാറ്റിയ സാമൂഹ്യവിപ്ലവങ്ങളുടെ ചിന്താസരണിയിൽ അഗ്നിപകർന്നിരുന്ന നവോത്ഥാന നായകനായാണ് അയ്യാ വൈകുണ്ഠസ്വാമിയെ എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. ആത്മീയവും ഭൗതികവുമായ ആശയധാരകളെ തത്വചിന്താപരമായും പ്രായോഗികമായും സമന്വയിപ്പിക്കുകയും പുതിയൊരു സാമൂഹികക്രമത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയ നേതാവുമായിരുന്ന അയ്യാ വൈകുണ്ഠസ്വാമിയെ, അസമത്വത്തിന്റെ ശക്തികൾ സമൂഹത്തിൽ പിടിമുറുക്കുന്ന കാലത്ത് വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിനുള്ള ഊർജ്ജമായാണ് ലേഖകൻ അവതരിപ്പിക്കുന്നത്. മഹാത്മാ അയ്യങ്കാളിയെ കേരള നവോത്ഥാനത്തിന്റെ പ്രയോഗമാതൃകയായി വിശേഷിപ്പിക്കുകയും, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുകയും സമത്വാധിഷ്ഠിതമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ശ്രമിച്ച പോരാളിയായും ഇവിടെ അനുസ്മരിക്കുന്നുണ്ട്. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നീ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് 1911 മുതൽ അയ്യങ്കാളിയുടെ ശബ്ദം 28 വർഷം തിരുവിതാംകൂർ പ്രജാസഭയിൽ മുഴങ്ങിക്കേട്ടു. തരിശുഭൂമി പതിച്ചുനൽകൽ, തൊഴിലധിഷ്ഠിത പഠനം, വിദ്യാഭ്യാസ അവകാശം തുടങ്ങിയ വിഷയങ്ങളിൽ അയ്യങ്കാളി അവതരിപ്പിച്ച പ്രമേയങ്ങൾ സാർവലൗകികമാണ്. സ്കൂളുകളിൽ ഉച്ചഭക്ഷണം അനുവദിക്കണമെന്ന പ്രമേയവും അദ്ദേഹത്തിന്റെ ദീർഘദർശനത്തിന്റെ ഉദാഹരണമാണ്. ‘തന്റെ ജനങ്ങളുടെ ഇടയിൽ നിന്നും 10 ബിഎക്കാരെയെങ്കിലും കണ്ടു മരിക്കണം’ എന്നായിരുന്നു ഗാന്ധിജിയെ കണ്ടപ്പോൾ അയ്യങ്കാളി പറഞ്ഞത്. ഈ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കംകുറിച്ചത് സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ്. പിന്നീട് വന്ന എൽഡിഎഫ് സർക്കാറുകൾ ഈ ദൗത്യം നിറവേറ്റി. അടിസ്ഥാനവിഭാഗത്തിലെ വിദ്യാർത്ഥികൾ ഡിഗ്രിയും പിജിയുമടക്കം ഉന്നത വിദ്യാഭ്യാസം നേടുകയും, വിദേശപഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് സ്കോളർഷിപ്പ് നൽകി അയയ്‌ക്കുകയും ചെയ്യുന്ന നാടായി കേരളം ഇന്നു മാറിയിരിക്കുന്നു. അയ്യങ്കാളിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിലെ എല്ലാ പട്ടികവിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കണക്കുകൾ നിരത്തിയാണ് ഇവിടെ വിശദീകരിക്കുന്നത്.

ദളിതനായതുകൊണ്ട് പഠനകാലത്തു തന്നെ വലിയ പീഡനങ്ങൾ നേരിടേണ്ടി വരികയും, ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പം ഇരിക്കാനോ കുടിവെള്ള പൈപ്പിൽ തൊടാനോ അനുവാദം ലഭിക്കാതെ വളരുകയും, പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ധൈഷണിക പ്രതിഭയായി മാറുകയും ചെയ്ത ഡോ. ബി ആർ അംബേദ്കറുടെ സമകാലിക പ്രസക്തിയെക്കുറിച്ച് പഠിക്കാൻ ഈ പുസ്തകം നന്നായി സഹായിക്കുമെന്ന് ഉറപ്പാണ്. ജാതിരഹിത സമൂഹത്തിനായി നിലകൊള്ളുകയും, ചാതുർവർണ്യ വ്യവസ്ഥയുടെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന മനുസ്മൃതി കത്തിക്കുകയും ചെയ്ത അംബേദ്കർ സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങൾക്ക് പകർന്നു നൽകിയ ഊർജ്ജം ചെറുതല്ല. ഇന്ത്യയിൽ മാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവൽക്കരിക്കാനും നിലനിർത്താനുമുള്ള എല്ലാ ശ്രമങ്ങളെയും അദ്ദേഹം നിഷ്കരുണം കടന്നാക്രമിച്ചു. എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന വിധത്തിൽ തയ്യാറാക്കിയ ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണഘടന അട്ടിമറിക്കുമെന്ന് പറഞ്ഞാൽ രാജ്യത്ത് ജനതയെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് എന്നാണ് അംബേദ്കർ പറഞ്ഞത്. ‘ഈ കാണുന്ന വിളക്കുകാലിൽ നിങ്ങൾ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും, ഞാൻ എന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന ഭരണഘടനാശില്പിയുടെ പ്രഖ്യാപനമാണ് ഇക്കാലത്ത് നാം ഓർക്കേണ്ടത്. ഇന്ത്യയിലെ പൊതുസമൂഹത്തിന്മേൽ വർണ്ണാശ്രമവ്യവസ്ഥ എങ്ങനെയാണ് അതിന്റെ കാണാച്ചരടുകൾ കെട്ടിയിരിക്കുന്നത് എന്ന് ശാസ്ത്രീയമായി പഠിക്കാൻ മാർക്സിസം അദ്ദേഹത്തിന് സഹായകരമായിട്ടുണ്ടാകാമെന്നും, സോഷ്യലിസ്റ്റ് പാത ശക്തിപ്പെടുത്താൻ അംബേദ്കർ കൂടി ശ്രമിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർ കൂടുതൽ മുന്നേറുമായിരുന്നു എന്ന അഭിപ്രായവും ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നുണ്ട്.

ചാതുർവർണ്യ വ്യവസ്ഥയുടെ വക്താക്കളായ ഭരണാധികാരികൾ പാർലമെന്റിന് അകത്തുപോലും അംബേദ്കർക്കെതിരെ വിദ്വേഷപ്രസംഗം നടത്തുന്നത് ഇക്കാലത്ത് നാം കണ്ടതാണ്. സ്വാതന്ത്ര്യം കിട്ടി 77 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന വിഭാഗത്തിന്റെ അവസ്ഥകൾ മാറിയിട്ടില്ല എന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. കുഴിച്ചുമൂടപ്പെട്ട പല അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ചില രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വീണ്ടും നട്ടുമുളപ്പിക്കുകയാണ്. ഐഐടികൾ പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾ നിർബന്ധപൂർവ്വം കൊഴിഞ്ഞുപോകേണ്ടിവരുന്നതും, ആത്മഹത്യ ചെയ്യേണ്ടിവരുന്നതും ഇതിന്റെയൊക്കെ ഭാഗമാണ്. കേന്ദ്ര സർവീസിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് സംവരണം ചെയ്യപ്പെട്ട ആയിരക്കണക്കിന് തസ്തികകളിലേക്ക് നിയമനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ദളിത് വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചതായാണ് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ കാണിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്.

ജാതിവ്യവസ്ഥയുടെ മറവിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും, സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുമായിരുന്നു വൈക്കം സത്യാഗ്രഹം നടന്നത്. ജാതി നിയമങ്ങളുടെ മറവിൽ പതിറ്റാണ്ടുകളായി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങളുടെ യോജിപ്പാണ് വൈക്കത്ത് ഉണ്ടായത്. പൗരോഹിത്യവും, അധികാരവും ഇഴചേർത്ത് മുറുക്കിയ ജാതിമത അടിമത്തത്തിന്റെയും അവഗണനയുടെയും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ വൈക്കം സത്യാഗ്രഹത്തെക്കുറിച്ചും, 100 വർഷത്തിനിപ്പുറവുമുള്ള അതിന്റെ പ്രസക്തിയെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. വൈക്കം സത്യാഗ്രഹമടക്കമുള്ള സാമൂഹ്യ നവോത്ഥാന പോരാട്ടങ്ങൾ കേരളത്തിൽ സൃഷ്ടിച്ച മുന്നേറ്റങ്ങളുടെ സ്മരണകൾ പുതിയകാലത്തെ പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കും കൂടുതൽ ഊർജ്ജം പകരുമെന്നും, ഇത്തരം മാറ്റങ്ങൾക്കെതിരെ യാഥാസ്ഥിതികരായ ഒരു വിഭാഗം എല്ലാക്കാലത്തും നിലകൊണ്ടിട്ടുണ്ടെന്നും പുസ്തകം ഓർമ്മപ്പെടുത്തുന്നു. അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ ചിന്തകൾ പേറുന്നവർ നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്താൻ ഇപ്പോഴും ശ്രമിക്കുകയാണ്. നമ്മുടെ സാമൂഹ്യ മതേതര അടിത്തറകളിൽ വിള്ളൽവീഴ്ത്താനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഭിന്നിപ്പിന്റെയും വർഗീയതയുടേയും കാലത്ത് പുതിയ ചില ചരിത്രപരമായ തീരുമാനങ്ങൾ എടുത്തുകൊണ്ടുള്ള പ്രതിരോധത്തെക്കുറിച്ചും പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഒരുകാലത്ത് ക്ഷേത്രപരിസരത്തുനിന്ന് ആട്ടിയോടിക്കപ്പെട്ടവർ ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ തകർത്ത്‌ ക്ഷേത്ര ശ്രീകോവിലുകളിലേക്കുവരെ പ്രവേശിച്ചുകഴിഞ്ഞതിന്റെ മനോഹരമായ കഥയാണ് കേരളം പുതിയ കാലത്ത് ഉയർത്തിപ്പിടിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പട്ടികജാതിയിൽപെട്ട 48 പേരും, പട്ടികവർഗ്ഗത്തിൽനിന്ന് രണ്ടാളും, കൊച്ചിൻ ദേവസ്വം ബോർഡിൽ 16 പട്ടികജാതിക്കാരും ശാന്തിക്കാരായി മാറിയതും, പിന്നോക്ക സമുദായങ്ങളിൽ നിന്നും നിരവധി പൂജാരിമാരും ഉണ്ടായതും കേരളത്തിനു മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. ഒരു ജനതയുടെ അഭിമാനബോധത്തിനു മുകളിൽ കരിനിഴൽ ഉയർത്തിയിരുന്ന വിളിപ്പേരായിരുന്നു ‘കോളനികൾ’. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുമ്പോൾ തുടങ്ങിയ ഈ വിളിപ്പേരു മാറ്റി ഒരു ജനതയ്ക്ക് പുതിയൊരു മേൽവിലാസവും, അന്തസ്സും നൽകിയതും ഇതുപോലൊരു വിപ്ലവം തന്നെയാണ്. ഇത്തരത്തിൽ വളരെ നിശബ്ദമായി കേരളത്തിൽ നടക്കുന്ന സാമൂഹ്യവിപ്ലവത്തിന്റെ കഥകൾ കൂടിയാണ് ഈ പുസ്തകം അഭിമാനപൂർവ്വം പങ്കുവെക്കുന്നത്. ആധുനികകാലത്ത് അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയെ വിദ്യാഭ്യാസ, ആരോഗ്യപദ്ധതികളിലൂടെ അറിവും, തൊഴിലും, വരുമാനവുമുള്ളവരാക്കി മാറ്റുന്നതിനുള്ള പിന്തുണയും പദ്ധതികളെയും സംബന്ധിച്ചുള്ള വിശദീകരണം കൂടിയാണ് ‘ഉയരാം ഒത്തുചേർന്ന്’ എന്ന പുസ്തകം. സാമൂഹ്യ ഐക്യത്തിലൂടെ സമഗ്രവികസനവും, നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും മണിമുഴക്കവുമായി കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് കെ രാധാകൃഷ്ണന്റേത്. മാർക്സിസ്റ്റ് വീക്ഷണത്തിൽ ജാതിരഹിത സമൂഹവും, ആത്മാഭിമാനമുള്ള ജനതയെയും സൃഷ്ടിക്കാനുള്ള കർമ്മ പദ്ധതിയിലൂടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തിന്റെ നവകേരളം യാഥാർത്ഥ്യമാക്കാനുള്ള യാത്രയെക്കുറിച്ചുള്ള ഒരു വിവരണം കൂടിയായി ഈ പുസ്തകത്തെ അടയാളപ്പെടുത്താവുന്നതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − six =

Most Popular