കാഞ്ചീപുരത്തെ സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ (SIEL) തൊഴിലാളികൾ സമരം തുടരുകയാണ്. മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾക്കെതിരെ ഇവിടത്തെ തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം 2025 ഫെബ്രുവരി 18ന് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഫെബ്രുവരി 19ന് തൊഴിലാളികൾ കുത്തിയിരിപ്പ് സമരവും നടത്തി. ആഗോള കുത്തക കന്പനിയായ സാംസങ്ങിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്കെതിരെ രണ്ട് മുഖ്യവിഷയങ്ങൾ ഉയർത്തിയാണ് തൊഴിലാളികൾ ഇപ്പോൾ പ്രതിഷേധിക്കുന്നത്‐ വ്യാജകുറ്റങ്ങൾ ചുമത്തി മൂന്ന് യൂണിയൻ ഭാരവാഹികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കുക, മാനുഫാക്‌ചറിങ്ങിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നത് അവസാനിപ്പിക്കുക. മാനേജ്‌മെന്റിന്റെ നിയമവിരുദ്ധ നടപടികൾക്കും സർക്കാരിനു കീഴിലെ തൊഴിൽവകുപ്പിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയും തൊഴിലാളികളിൽ കടുത്ത അസംതൃപ്‌തി പടരുകയാണ്. പുതിയ പോരാട്ടത്തിന്റെ സമരപ്പന്തൽ അവിടെ ഉയർന്നുകഴിഞ്ഞു.
38 ദിവസത്തെ പണിമുടക്കിനും 212 ദിവസത്തെ നിയമപോരാട്ടത്തിനും ഒടുവിലാണ് സിഐടിയുവുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയന് (SIWU) അംഗീകാരം ലഭിച്ചത്. സിഐടിയുവിന് കീഴിൽ കൂടുതൽ കരുത്താർജിച്ച യൂണിയനെ അസ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് നിരന്തരം ശ്രമിച്ചുവരുന്നതിന്റെ ഭാഗമായാണ് യൂണിയൻ ഭാരവാഹികളെ അറസ്റ്റുചെയ്‌തത്. തൊഴിലാളിസമരങ്ങളെ ഭയപ്പെടുന്ന മാനേജ്‌മെന്റ് നിലവിലെ യൂണിയനായ എസ്‌ഐഡബ്ല്യുയുവിനു ബദലായി ഒരു പാവ യൂണിയനുണ്ടാക്കി തൊഴിലാളികളെയെല്ലാം അതിനു കീഴിലാക്കാൻ ശ്രമം നടത്തുകയാണ്. അതിന്റെ ഭാഗമായി തൊഴിലാളികളെ എസ്‌ഐഡബ്ല്യുയുവിൽനിന്ന് വിട്ടുപോരാൻ മാനേജ്‌മെന്റ് നിർബന്ധം ചെലുത്തുന്നു. പാവ യൂണിയന്റെ പ്രവർത്തനങ്ങൾക്കായി മാനേജ്‌മെന്റ് ഒരു ഓഫീസുവരെ തുറന്ന് രാജ്യത്തെ തൊഴിൽനിയമങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. എസ്‌ഐഇഎല്ലിന്റെ നിയമവിരുദ്ധ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ 2024 സെപ്‌തംബറിൽ സാംസങ് തൊഴിലാളികൾ പണിമുടക്കിയിരുന്നു. അന്ന് മാനേജ്‌മെന്റ് നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല കൂടുതൽ പ്രതികാര നടപടികളുമായി മുന്നോട്ടുപോവുകയാണ്. നിശ്ചിതകാലത്തിനുള്ളിൽ വേതനം പരിഷ്‌കരിക്കും; നിർമാണപ്രക്രിയകളിൽ കരാർ തൊഴിലാളികളെ നിയമിക്കില്ല എന്നൊക്കെയായിരുന്നു മാനേജ്‌മെന്റ് തൊഴിലാളികൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ. ഇതിനെല്ലാം നേർവിപരീതമായി പ്രവർത്തിക്കുന്ന, ഫാക്ടറി നിയമങ്ങളെയെല്ലാം ലംഘിക്കുന്ന കന്പനിക്കെതിരെ ലേബർ കമീഷണർ കാരണം കാണിക്കൽ നോട്ടീസ് അയച്ചെങ്കിലും മാനേജ്‌മെന്റ് അതിന്മേൽ വിശദീകരണം നൽകിയിട്ടില്ല. സർക്കാർ ഈ വിഷയത്തെ തികഞ്ഞ നിസ്സംഗതയോടെയാണ് സമീപിക്കുന്നത്. യഥാർഥത്തിൽ തമിഴ്‌നാട് സർക്കാരും തൊഴിൽക്ഷേമ വകുപ്പും വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും തൊഴിലാളികളെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്.
എന്തായാലും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽനിന്നും അൽപവും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിലാളികൾ. കൂടുതൽ തീക്ഷ്‌ണമായ പ്രക്ഷോഭങ്ങൾക്കാകും വരുംദിനങ്ങൾ സാക്ഷ്യംവഹിക്കുക. l