Thursday, January 30, 2025

ad

Homeലേഖനങ്ങൾട്രംപ്‌ മടങ്ങിവരുമ്പോൾ

ട്രംപ്‌ മടങ്ങിവരുമ്പോൾ

ടി എം ജോർജ്‌ തുപ്പലഞ്ഞിയിൽ

നുവരി 20 ‐ ന് 4 വർഷക്കാലത്തെ ഇടവേളയ്ക്കുശേഷം അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മടങ്ങിയെത്തുകയാണ്. ഇത്തവണ കൂട്ടിന് ആഗോള വ്യവസായിയും, വംശീയ തീവ്രവാദിയുമായ ശതകോടീശ്വരൻ ഇലോൺ മസ്കും ധനമൂലധനത്തിന്റെ കഴുകൻ കണ്ണുമായി കൂട്ടിനുണ്ട്. (കഴിഞ്ഞ ക്രിസ്തുമസ്സ് ദിനത്തിലാണ് സാമ്രാജത്വത്തിന്റെ പ്രതീകമായ കഴുകനെ അമേരിക്കയുടെ ദേശീയചിഹ്നമായി ഔദ്യോഗികമായി അംഗീകരിക്കുന്ന ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടത്.) അമേരിക്കയുടെ 47‐ാമത് പ്രസിഡന്റായാണ് ട്രംപിന്റെ രണ്ടാമത്തെ ഊഴം. 127 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് തോറ്റ പ്രസിഡന്റ് രണ്ടാമത്തെ ഊഴവുമായി മടങ്ങിയെത്തുന്നത്. തീവ്രവലതുപക്ഷക്കാരനായ ട്രംപിന്റെ വിജയം സംഘർഷം നിറഞ്ഞ ലോക സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ലോകജനതയുടെ ആശങ്ക ബലപ്പെടുത്തുന്ന നിലപാടുകളാണ് ട്രംപിൽ നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്. രണ്ടാം തവണ പ്രസിഡന്റായതോടെ കടുത്ത കുടിയേറ്റ വിരുദ്ധ സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്. കുടിയേറ്റം തടഞ്ഞില്ലെങ്കിൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുകയാണ്.കാനഡയെ അമേരിക്കയോട് കൂട്ടിചേർക്കുവാൻ സാമ്പത്തികമായി സമ്മർദം ചെലുത്തുമെന്ന് ഫ്ളോറിഡയിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച ട്രംപ് കാനഡയെ അമേരിക്കയുടെ ഭാഗമാക്കിയ പുതുക്കിയ ഭൂപടവും പ്രസിദ്ധീകരിച്ചു. കാനഡയെ അമേരിക്കയുടെ 51‐ാമത് സ്റ്റേറ്റാക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. പനാമ കനാലും ഗ്രീൻലാന്റും തങ്ങളുടെ ദേശീയ സുരക്ഷക്കുവേണ്ടി സൈനികശക്തി ഉപയോഗിച്ച് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാം അമേരിക്ക നിശ്ചയിക്കും
മറ്റു രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും തങ്ങൾ അംഗീകരിക്കുകയില്ലെന്നുള്ള വ്യക്തമായ സന്ദേശമാണ് ട്രംപ് നൽകുന്നത്. മെക്സിക്കൻ ഉൾക്കടലിന്റെ പേര് ഇനി മുതൽ അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും ട്രംപ് പ്രഖ്യാപനം നടത്തി. എല്ലാം അമേരിക്ക നിശ്ചയിക്കുക, ലോകം അത് അംഗീകരിക്കുക അതാണ് ട്രംപിന്റെ നയം. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്തയോഗം ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രംപ്‌ നടത്തിയ വാർത്താസമ്മേളനവും പ്രഖ്യാപനവും അതീവ ഗൗരവമാണ്. അമേരിക്കയുടെ ആഭ്യന്തര ജനാധിപത്യം പോലും അപകടസ്ഥിതിയിലെത്തുമെന്ന് ആശങ്കപ്പെടുന്നവരാണ് ലോക രാഷ്ട്രീയ നിരീക്ഷകരിൽ പലരും. 2020ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡൺ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രഖ്യാപനം നടത്തുവാൻ 2021 ജനുവരി 6ന് കൂടിയ കോൺഗ്രസ് സംയുക്തയോഗം ട്രംപ് അനുകൂലികൾ, അതിക്രമിച്ചു കയറി അലങ്കോലമാക്കിയത് അമേരിക്കൻ ജനാധിപത്യത്തിനേറ്റ തീരാക്കളങ്കമായിരുന്നു. ക്യാപിറ്റോൾ കലാപം സർക്കാരിന്റെ രഹസ്യ രേഖകൾ സ്വവസതിയിൽ സൂക്ഷിക്കാൻ, നീലച്ചിത്രനടിക്ക് പണം നൽകിയതിന് കള്ളക്കണക്ക് എഴുതിയതടക്കം 38 ഓളം ക്രിമിനൽ കേസ്സിൽ പ്രതിയാണ് ട്രംപ്. ജയിച്ചാൽ വൈറ്റ് ഹൗസ്, തോറ്റാൽ ജയിൽ എന്ന നിലയിലാണ് ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ചൈനയുമായുള്ള വ്യാപാരയുദ്ധം തുടരുമെന്നതിന്റെ സൂചനയാണ് ചൈനീസ് ഉല്പന്നങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്നുള്ള പ്രഖ്യാപനം.

ട്രാൻസ്ജെൻഡറുകൾക്കെതിരെ
പ്രസിഡന്റായി അധികാരം ഏറ്റാലുടനെ ട്രാൻസ്ജെൻഡറുകളെ നിരോധിക്കുമെന്ന് കൺസർവേറ്റീവ് യുവജന വിഭാഗത്തിന്റെ കൺവെൻഷനിൽ വെച്ച് ട്രംപ് പ്രഖ്യാപിച്ചു. ആണ്, പെണ്ണ് എന്നീ രണ്ടു ലൈംഗിക വിഭാഗങ്ങൾ മാത്രമാണ് ലോകത്തുള്ളുവെന്നത് അമേരിക്കയുടെ ഔദ്യോഗിക നയമായിരിക്കും. കുട്ടികളിലെ ലിംഗമാറ്റ പ്രക്രിയകൾ നിരോധിക്കും. ട്രാൻഡ്ജെൻഡറുകളെ സ്കൂളുകളിൽനിന്നും സൈന്യത്തിൽനിന്നും പുറത്താക്കും എന്ന പ്രഖ്യാപനവും നടത്തി. പ്രസിഡന്റ് പദവിയിലെ ആദ്യ ഊഴത്തിൽ തന്നെ ട്രാൻസ്ജെൻഡർ വിരുദ്ധ നിലപാടുകളാണ് ട്രംപ് സ്വീകരിച്ചിരുന്നത്.

ഇലോൺ മസ്ക് ട്രംപിന്റെ വലംകൈ

ഇലോൺ മസ്‌ക്‌

ഈനാംപേച്ചിക്ക് കൂട്ടിന് മരപ്പെട്ടിയെ കിട്ടിയതുപോലെയാണ് ട്രംപിന് കൂട്ടിന് ശതകോടീശ്വരനായ ഇലോൺ മസ്കിനെ കിട്ടിയത്. ട്രംപിനെ വിജയിപ്പിക്കുവാൻ മസ്ക് ചെലവഴിച്ചത് 28 കോടി ഡോളറാണ്. (2286 കോടി രൂപ) ട്രംപിന്റെ പ്രചാരണ സംവിധാനമാകെ മസ്കിന്റെ നിയന്ത്രണത്തിലായിരുന്നു. ട്രംപിന്റെ വലംകൈയായിത്തീർന്ന മസ്കിന് ക്യാബിനറ്റ് പദവിയും പ്രഖ്യാപിച്ചു കഴിഞ്ഞു. മസ്കിന്റെ അടുത്തലക്ഷ്യം ട്രംപിനുശേഷം യുഎസ് പ്രസിഡന്റാകുകയെന്നതാണ്. അതിനായി ആഗോള രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. തിരഞ്ഞെടുപ്പിൽ നാസി അനുകൂല തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ജി)ക്കു വേണ്ടി മസ്ക് രംഗത്തുണ്ട്. ജർമ്മനിയെ രക്ഷിക്കാൻ എഎഫ്സിക്കേ കഴിയൂവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമമായ എക്സിന്റെ നിയന്ത്രണം കൈയ്യിലുള്ളത് ഉപയോഗപ്പെടുത്തിയാണ് മസ്കിന്റെ നീക്കങ്ങൾ. ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ പാർട്ടിക്കൊപ്പമായ മസ്ക് ബ്രിട്ടൻ വംശീയവിദ്വേഷം ആളിക്കത്തിച്ചതിന്റെ പേരിൽ തടവിലിട്ടിരുന്ന വലതു തീവ്രവാദി ടോമി റേബിൻസണെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നവനാസികളടക്കം എല്ലാ തീവ്ര ദേശീയവാദികൾക്കും പിന്തുണനൽകുകയാണ് ട്രംപ്. അതിനായി കുടിയേറ്റ വിരുദ്ധതയും ഇസ്ലാംഭീതിയും വളർത്തിയെടുക്കുകയാണ്. വംശീയതയും വലതുപക്ഷ തീവ്രവാദവും ഒരു കയറ്റുമതി ചരക്കാക്കുവാനാണ് ട്രംപും കൂട്ടാളികളും ശ്രമിക്കുന്നത്.

ട്രംപിന്റെ ശാസ്ത്രവിരുദ്ധതയും പരിസ്ഥിതിവിരുദ്ധ നിലപാടുകളും
ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകളെ വിവേകത്തോടെ കാണുവാൻ കഴിയാത്ത ഭരണാധികാരികൾ ലോകത്തിന്‌ വിപത്തായിരിക്കുമെന്ന് കാണിക്കുന്നതാണ് ട്രംപ് ഒന്നാം ഊഴത്തിൽ 2017‐2021 കാലത്ത് എടുത്ത പല തീരുമാനങ്ങളും. ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, കാട്ടുതീ, പ്രളയം, പകർച്ച വ്യാധികൾ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രലോകം നൽകിയ മുന്നറിയിപ്പുകളെ അവജ്ഞയോടെ തള്ളിക്കളയുകയും അവഗണിക്കുകയുമാണ് ട്രംപ് ചെയ്തിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം ശാസ്ത്രലോകത്തിന്റെ ഒരു തട്ടിപ്പാണെന്ന് പറഞ്ഞ് പരിഹസിച്ച ട്രംപ് ആഗോളതാപനം തടയുന്നതിനുള്ള ലോകരാഷ്ട്രങ്ങളുടെ പാരീസ് കരാറിൽ നിന്നും 2018 ജൂണിൽ പിൻവലിയുകയും അക്കാര്യത്തിനായി നീക്കിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫണ്ട് നിരസിക്കുകയും ചെയ്തു. അണുവായുധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ലോകരാഷ്ട്രങ്ങളുടെ ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സ് (ഐഎൻഎഫ്) കരാർ 2018 നവംബറിൽ ട്രംപ് റദ്ദാക്കി. 2015ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമ മുൻകൈയെടുത്ത് ഇറാനുമായുണ്ടായിരുന്ന ആണവ നിർവ്യാപന കരാറിൽ നിന്നും 2018 മെയ് 8ന് അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങി. ഇതൊക്കെ ലോകരാഷ്ട്രങ്ങളുടെ ഐക്യവേദികളെ തളർത്തുന്നതും ലോക സമാധാനത്തിനു തന്നെ ഭീഷണി ഉണ്ടാക്കുന്നതുമാണ്. രണ്ടാമത്തെ ഊഴത്തിലും ട്രംപ് ഈ നിലപാടാണ് തുടരുന്നതെങ്കിൽ അതിന്റെ ഭവിഷ്യത്ത് ലോകജനത നേരിടേണ്ടി വരും.

ആഗോളവൽക്കരണം സൃഷ്ടിച്ച അസമത്വം ലോകത്ത് സമാധാനവും സുരക്ഷയും നൽകുന്നതിൽ പരാജയപ്പെട്ടപ്പോൾ അതിൽ നിന്നുമുണ്ടായ രോഷവും വിദ്വേഷവും വംശീയതയും ഇസ്ലാംവിരുദ്ധതയും തീവ്രദേശീയതയുമായി വളർത്തിയാണ് അമേരിക്കയിൽ ട്രംപ് രണ്ടാം ഊഴവും, ഇൻഡ്യയിൽ മോദി മൂന്നാം ഊഴവുമായി മടങ്ങിയെത്തിയത്. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + 14 =

Most Popular