വിപ്ലവപ്പാതയിലെ ആദ്യപഥികർ‐ 67
‘പ്രഭാത’ത്തിനായി പണപ്പിരിവിന് സിംഗപ്പൂരിൽപോയ എ കെ ജി കുറച്ചുനാൾ താമസിച്ചത് ബാബുവിന്റെ കൂടെയാണ്. അവിടെ ഒരു കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി പ്രവർത്തിക്കുകയായിരുന്ന എം എസ് ദേവദാസാണ് സുഹൃത്തുക്കളുടെയും സഖാക്കളുടെയും ബാബു. 1939ൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും മാസം മുമ്പായിരുന്നു അത്. എ കെ ജി സിലോണിലെ പര്യടനം കഴിഞ്ഞാണ് സിംഗപ്പൂരിലെത്തുന്നത്. ദേവദാസ് രണ്ടുവർഷമായി അവിടെയുണ്ട്. ബ്രിട്ടീഷ് കമ്പനിവക കോളേജിലെ അധ്യാപകനാണ്. ദേവദാസുമായി വിദ്യാഭ്യാസകാലം മുതൽക്കേ പരിചയമുണ്ടായിരുന്ന ഇ എം എസ് ഒരു കത്തെഴുതുകയാണ്: ‘എ കെ ജി പിരിവിന് വരുന്നുണ്ട്, നാട്ടുകാരെ പരിചയപ്പെടുത്തി സഹകരിക്കണം’.
അൽപം ആശങ്കയോടെയും ഭീതിയോടെയും മടിയോടെയുമാണെങ്കിലും എ കെ ജിയെ സ്വീകരിക്കാതിരിക്കാനാവില്ല. മലയാളിസമാജക്കാരുമായി സംസാരിച്ച്് സ്വീകരണത്തിന് ദേവദാസ് ഒരുക്കം തുടങ്ങി. വിവരമറിഞ്ഞ അധികൃതർ വടിയോങ്ങി. പൊലീസ് മേധാവി ദേവദാസിനെ വിളിപ്പിച്ചു. ‘എ കെ ഗോപാലനെ ഇവിടെ കാലുകുത്താൻ വിടില്ല, തിരിച്ചയയ്‌ക്കുന്നില്ലെങ്കിൽ നിങ്ങളുടെ കാര്യവും കഷ്ടമാകും, അതായിരുന്നു ഭീഷണി. ‘‘തിരിച്ചയയ്‌ക്കാൻ തനിക്കാവില്ല, നിങ്ങൾ ഇവിടെനിന്ന് അദ്ദേഹത്തെ തടയുകയോ അറസ്റ്റുചെയ്യുകയോ ചെയ്തുകൊള്ളൂ. പക്ഷേ അത് ഇവിടെ മാത്രമല്ല, ഇന്ത്യയിലും ബ്രിട്ടീഷ് ഭരണമുള്ള എല്ലായിടത്തും വലിയ കുഴപ്പത്തിനിടയാക്കും’’ എന്നായി ദേവദാസ്. എകെജിക്ക്് നൽകുന്ന സ്വീകരണത്തിനും പിരിവിനും നേതൃത്വം നൽകാൻ സന്നദ്ധമായിരുന്നവരിൽ വലിയൊരു വിഭാഗം പേടിച്ചുപിൻവാങ്ങി. എന്നാൽ കെ പി കേശവമേനോൻ, എം ആർ മേനോൻ തുടങ്ങിയവർ സ്വീകരണത്തിനും പണപ്പിരിവിനും സഹകരിച്ചു. ഏതാനും ആഴ്ചക്കാലം എ കെ ജി സിംഗപ്പൂരിൽ താമസിച്ച്് മലയാളിസമൂഹത്തിന്റെയാകെ പ്രിയങ്കരനായി മാറി. എ കെ ജിയോടൊപ്പമുള്ള താമസം എം എസ് ദേവദാസിന്റെ ചിന്താഗതയിലും പ്രകൃതത്തിലുമെല്ലാം വലിയ മാറ്റമുണ്ടാക്കി. നേരത്തെതന്നെ രാഷ്ട്രീയതൽപരനായിരുന്ന ദേവദാസ് എ കെ ജിയോടൊപ്പമുള്ള സഹവാസത്തോടെ മുഴുവൻസമയ രാഷ്ട്രീയക്കാരനാകാമെന്ന ചിന്തയിലെത്തി. എ കെ ജി നാട്ടിലേക്ക്് മടങ്ങിയശേഷം വൈകാതെ ദേവദാസും നാട്ടിലെത്തി.
1930‐31ലെ നിയമലംഘനപ്രസ്ഥാനകാലത്തുതന്നെ രാഷ്ട്രീയപ്രവേശത്തിനിറങ്ങിയ ദേവദാസിനെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാണ്. പിന്നീട് വ്യക്തിജീവിതത്തിലെ ഒരു വലിയ തിരിച്ചടി‐ദുരന്തംതന്നെ‐ അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയതാണ്. നാടുവിട്ടതും ആ ആഘാതംകാരണമത്രെ. ആ കഥയിലെത്തണമെങ്കിൽ ദേവദാസിന്റെ ബാല്യകൗമാരങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കണം. വള്ളത്തോളോടൊപ്പംചേർന്ന് കേരളകലാമണ്ഡലം സ്ഥാപിച്ച മുകുന്ദരാജയുടെയും തൃശൂർ വരടിയത്തെ മണ്ണത്താഴത്ത് പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനാണ് മണ്ണത്താഴത്ത് ശങ്കുണ്ണി ദേവദാസ്. ആദ്യത്തെ വിളിപ്പേരാണ് ശങ്കുണ്ണി. പിന്നീട് സ്കൂളിൽ ചേർത്തപ്പോൾ അതിനൊപ്പം ദേവദാസ് എന്നുകൂടി ചേർത്തു. ബാബു ഓമനപ്പേരും. കുന്നംകുളം കേന്ദ്രമായ മണക്കുളം സ്വരൂപത്തിലെ ഇളയ തമ്പുരാനാണ് മുകുന്ദരാജ. മരുമക്കളുടെയും മക്കളുടെയും പ്രാഥമിക വിദ്യാഭ്യാസത്തിനായി മുകുന്ദരാജ അമ്പലപുരത്ത് ഒരു സ്കൂൾ സ്ഥാപിച്ചു. അവിടത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്ത്് മുത്തശ്ശിയോടൊപ്പം താമസിച്ചുകൊണ്ടാണ് ബാബുവിന്റെ തുടർപഠനം. മുത്തശ്ശിയുടെ അപ്പോഴത്തെ ഭർത്താവ് കൊച്ചി രാജാവിന്റെ കാര്യക്കാരിലൊരാളെപ്പോലെയായിരുന്ന, പ്രോസിക്യൂട്ടറും പിന്നീട് മജിസ്ട്രേറ്റുമായ പൂത്തേഴത്ത് നാരായണമേനോനാണ്. അദ്ദേഹവുമായുള്ള അസ്വാരസ്യം കാരണം പഠനം കുന്നംകുളത്തേക്ക് മാറ്റുകയാണ്. അതായത് മകനെ പിതാവ് എറണാകുളത്തുനിന്ന് തന്റെ തറവാടുള്ള കുന്നംകുളത്തേക്ക് കൂട്ടുകയാണ്. അവിടെ മടപ്പാട്ട്് തറവാട്ടിന്റെ അനുബന്ധമായ, നാടകശാലയെന്ന് വിളിക്കപ്പെടുന്ന കെട്ടിടത്തിലായി ദേവദാസിന്റെ താമസം. മുകുന്ദരാജയുടെ മരുമക്കളും ദേവദാസുമെല്ലാം കുന്നംകുളത്തെ സർക്കാർ സ്കൂളിൽ ചേർന്നു.
മടപ്പാട്ട് വീട്ടിൽ മാതൃഭൂമി പത്രം വരുത്തുന്നുണ്ടായിരുന്നു. നാട്ടിൽവന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അതിലൂടെ ദേവദാസിന്റെയും മനസ്സിൽ തറയ്ക്കുന്നു. ഇടയ്ക്ക് വള്ളത്തോളും പലപ്പോഴും നാലപ്പാട്ട് നാരായണമേനോനും കുട്ടികൃഷ്ണമാരാരും ആ വീട്ടിൽ വരുകയും പലദിവസങ്ങളിലും താമസിക്കുകയും പതിവാണ്. അവരിൽനിന്നാണ് സാഹിത്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. വള്ളത്തോൾതന്നെ ഉച്ചത്തിൽ പാടുന്ന കവിതകൾ. മാരാരുടെ വ്യാഖ്യാനങ്ങൾ. നാലപ്പാടന്റെ സരസഭാഷണങ്ങൾ. ദേവദാസ് പുതിയപുതിയ ലോകങ്ങളിലേക്കെത്തുകയായിരുന്നു. മെട്രിക്കുലേഷനുശേഷം തൃശൂർ സെന്റ് തോമസ് കോളേജിൽ ചേരുന്നത് 1928ലാണ്. രസതന്ത്രവും ഊർജതന്ത്രവും പൗരാണികചരിത്രവുമടങ്ങിയ ഒരു പ്രത്യേക ഗ്രൂപ്പിലാണ് പഠനം. മഹാന്മാരായ അധ്യാപകർ. അവർക്കിടയിൽ യുവത്വത്തിലേക്ക് പ്രവേശിക്കുകമാത്രം ചെയ്ത എം പി പോൾ എന്ന പ്രിയപ്പെട്ട അധ്യാപകൻ. ഉൽപതിഷ്ണുത്വത്തിന്റെ, വിശാല ചിന്തയുടെ പാഠങ്ങൾ പോൾസാറിൽനിന്ന്. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ ഏതാനും മാസക്കാലം സഹപാഠിയായി, പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായ എൻ കെ കൃഷ്ണൻ. രാഷ്ട്രീയാഭിപ്രായ രൂപീകരണത്തിൽ ആ ബന്ധവും ഒരു ഘടകമായിരുന്നു.
ഇന്റർമീഡിയറ്റ് പാസ്സായശേഷം ദേവദാസ് അണ്ണാമല സർവകലാശാലയിൽ ഇംഗ്ലീഷ് ബിഎ ഓണേഴ്സിന് ചേർന്നു. ഇക്കാലത്താണ് ദേവദാസ് പൂർണമായും രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാവുന്നത്. മാതൃഭൂമി പത്രവായനയിലൂടെ ദേശീയപ്രസ്ഥാനത്തോടുണ്ടായ ആഭിമുഖ്യം വളരുകയായിരുന്നു. അണ്ണാമല സർവകലാശാല അക്കാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നല്ലോ. ശർമാജി എന്നറിയപ്പെടുന്ന എസ് ശർമയും വി ആർ കൃഷ്ണയ്യരുമൊക്കെ അണ്ണാമലയിൽ ദേവദാസിനുശേഷം ചേർന്നവരാണ്. അണ്ണാമല സർവകലാശാലയിലെ പ്രതിഭാശാലിയായ വിദ്യാർഥിയും വാഗ്മിയുമെന്ന നിലയിലെല്ലാമുള്ള ദേവദാസിന്റെ വ്യക്തിത്വത്തെ ശർമാജിയും കൃഷ്ണയ്യരും പിൽക്കാലത്ത് അനുസ്മരിക്കുകയുണ്ടായി.
തൃശൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ ഇ എം എസും അച്യുതമേനോനും പി വി കുഞ്ഞുണ്ണിനായരുമെല്ലാം അവിടെയുണ്ടായിരുന്നെങ്കിലും ദേവദാസിന് പരിചയമുണ്ടായിരുന്നില്ല. ടി എൻ കൃഷ്ണൻ നമ്പിടി, ടി ആർ കൃഷ്ണൻ നമ്പിടി എന്നീ രണ്ട്് സഹപാഠികളാണ് ദേവദാസിനെയും അദ്ദേഹത്തിന്റെ പിതാവിന്റെ മരുമകനായ മണക്കുളം ബാലചന്ദ്രരാജയെയും ഗാന്ധിജിയിലേക്ക് ആകർഷിക്കുന്നത്. ഗാന്ധി ചിത്രത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്ത് പഠനമുറിയിൽ തൂക്കിയിട്ടു. യങ്ങ് ഇന്ത്യ സ്ഥിരമായി വായിച്ചു. ഈ പ്രവർത്തനം ബാലചന്ദ്രരാജയും ദേവദാസുംകൂടി ഗുരുവായൂർ സത്യാഗ്രഹകാലത്ത് ഖദർ പ്രചരണം നടത്തുന്നതിലേക്കെത്തിച്ചു. അവർ സ്വയം ഖദർ ധരിക്കുന്നത് ശീലമാക്കി.
ഇന്റർമീഡിയറ്റ് പരീക്ഷ കഴിഞ്ഞ് തൃശൂരിൽനിന്നും ദേവദാസ് മടങ്ങിയത് കുന്നംകുളത്തെ മടപ്പാട്ട് വീട്ടിലേക്കാണ് അവിടെ ദിവസേന മാതൃഭൂമി കിട്ടുന്നുണ്ടായിരുന്നു. ഉപ്പ് സത്യാഗ്രഹകാലമാണ്. ആയിടെയാണ് മാതൃഭൂമി ദിനപത്രമായത്. ദേവദാസ് സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിലായി. അങ്ങനെയൊരു ദിവസം മടപ്പാട്ട് വീട്ടിൽ അതിഥിയായി വള്ളത്തോളിന്റെ രണ്ടാമത്തെ മകനായ മാധവൻകുട്ടി വരുന്നു. സി മാധവകുറുപ്പ് എന്നാണ് ശരിയായ പേര്. മാധവൻകുട്ടി നാടകശാലയിൽവെച്ച് കാര്യം പറഞ്ഞു. പയ്യന്നൂരിൽ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പ്്് സത്യാഗ്രഹം തുടങ്ങിയിരിക്കുകയാണ്. താൻ നാളെ കാലത്ത് അതിൽ ചേരാനായി പോവുകയാണ്. ആരെങ്കിലും കൂടെ വരുന്നോ എന്നാണ് ചോദ്യം. ദേവദാസും എം കെ രാജ എന്ന കുട്ടൻരാജയും സമ്മതിച്ചു. (ഉണ്ണിരാജയുടെ അമ്മാവൻ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു ആദ്യകാലത്ത്) അവർ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് വസ്്ത്രങ്ങളെല്ലാമെടുത്ത് അമ്പലപുരത്തേക്ക് നടന്നു. 19 കിലോമീറ്റർ. അവിടെനിന്ന് കുഞ്ഞൻ തമ്പുരാൻ എന്ന സുഹൃത്തിനെയും കൂട്ടി നാലുപേരും പയ്യന്നൂരിൽപോയി നിയമം ലംഘിക്കാനാണ് പരിപാടി. പക്ഷേ, വിവരം എങ്ങനെയോ മണത്തറിഞ്ഞ് അച്ഛൻ മുകുന്ദരാജയുടെ ആളുകൾ ഒരു കാറിൽ അമ്പലപുരത്തെത്തി അവരെ തടയുകയായിരുന്നു. അതോടെ ദേവദാസിന്റെ പ്ലാൻ പൊളിഞ്ഞു. എന്നാൽ കുട്ടൻ തമ്പുരാനും മാധവൻകുട്ടിയും പിന്നീട് സമരത്തിൽ പങ്കാളികളായി. വള്ളത്തോളിന്റെ മക്കളായ സി അച്യുതക്കുറുപ്പും ബാലകൃഷ്ണക്കുറുപ്പും നിയമലംഘന സമരത്തിൽ പങ്കെടുത്ത് ജയിലിലായി. 1931 മെയ് മൂന്നുമുതൽ അഞ്ചുവരെ വടകരയിൽ ചേർന്ന കോൺഗ്രസ്സിന്റെ അഞ്ചാം കേരളസംസ്ഥാന സമ്മേളനത്തിൽ ദേവദാസ് പങ്കെടുത്തു. വടകരയിൽനിന്നുള്ള ആവേശത്തോടെയാണ് ദേവദാസ് അണ്ണാമല സർവകലാശാലയിലേക്ക് തിരിച്ചുപോയത്. അവിടെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട രഹസ്യപ്രവർത്തനങ്ങളിൽ ഭാഗഭാക്കായി.
അണ്ണാമലയിൽനിന്ന് മികച്ച നിലയിൽ ഓണേഴ്സ് പാസായി തിരിച്ചെത്തിയ ദേവദാസ് അക്കാലത്ത്് കടുത്ത പ്രണയപരവശനായി. പിതാവിന്റെ അനന്തരവളാണ് കാമുകി. സ്കൂൾകാലത്തേ മനസ്സിൽ മൊട്ടിട്ടതാണ് പ്രണയം. പക്ഷേ നേരിൽ സംസാരിക്കുകയോ തൊട്ടടുത്തുനിന്ന് കാണുകയോപോലും ചെയ്തിട്ടില്ല. പക്ഷേ കോളേജുകാലമായപ്പോഴേക്കും പരസ്പരം കാര്യങ്ങളറിയുന്നിടത്തോളമെത്തി. പക്ഷേ പ്രധാന തടസ്സം ജാതിയാണ്. മുകുന്ദരാജയുടെ മകനാണെങ്കിലും പിതാവിനെ അച്ഛൻ തമ്പുരാൻ എന്ന് വിളിക്കേണ്ട ഗതികേടുള്ള ജാതിപദവിയാണ്. ബന്ധത്തെക്കുറിച്ച് ചർച്ച വന്നപ്പോൾ വലിയ പൊട്ടിത്തെറിയായി; സംഘർഷംതന്നെ. അമ്മാവന്മാരെല്ലാം എതിർത്തു. കാരണം ജാതിതന്നെ. തമ്പുരാക്കന്മാർക്ക് നായർ സമുദായത്തിൽ വിവാഹമോ സംബന്ധമോ ആകാം. പക്ഷേ നായർസമുദായത്തിൽപ്പെട്ടവർക്ക് തമ്പുരാട്ടിമാരെ വേൾക്കാനാവില്ല. പ്രശ്നം രൂക്ഷമായപ്പോൾ ആ പെൺകുട്ടിയെ അവളുടെ അച്ഛൻ തല്ലി. അതോടെ രോഗിയായിത്തീർന്ന അവൾ കുറേ നാളത്തെ ചികിത്സയ്‌ക്കുശേഷം മരിച്ചു. തുടർന്ന് ദേവദാസ് ആത്മഹത്യാശ്രമം നടത്തി. ഈ സംഭവങ്ങളുടെയെല്ലാം ശേഷമാണ് ദേവദാസ് സിംഗപ്പൂരിലേക്ക് കപ്പൽകയറുന്നത്.
സിംഗപ്പൂരിൽനിന്ന്് തിരിച്ചെത്തിയ ദേവദാസിനെ കാത്ത് കൃഷ്ണപിള്ള നിശ്ചയിച്ച ചുമതലകളുണ്ടായിരുന്നു. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും മാർക്സിസം പഠിപ്പിക്കുക‐ കമ്യൂണിസ്റ്റുകാരാകാൻ താൽപര്യമുണ്ടായാൽമാത്രം പോര, എന്താണ് വർഗം, വർഗസമരം, സോഷ്യലിസം എന്നതൊക്കെ പഠിക്കണം. പഠിപ്പിക്കണം. അതിന് നാലുപേരെയാണ് ചുമതലപ്പെടുത്തിയത്. ഇതിലെല്ലാം പണ്ഡിതനായ കെ ദാമോദരൻ പാർട്ടിയുടെ പ്രധാന സംഘാടകനാണ്. അദ്ദേഹത്തിന് പുറമെയാണ് മച്ചുനന്മാരായ ദേവദാസും ഉണ്ണിരാജയും പിന്നെ തിരുവിതാംകൂറിൽനിന്ന് ശങ്കരനാരായണൻ തമ്പിയും കൊച്ചിയിലെ കെ.പി.ജി. നമ്പൂതിരിയും. ഹാൻഡ് ബുക്ക് ഓഫ് മാർക്സിസം എന്ന പുസ്തകം നൽകി അവരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. പിണറായി സമ്മേളനത്തിന്റെ ആദ്യ ആലോചന നടക്കുന്ന പുലിയന്നൂർ ക്യമ്പുമുതൽ കിള്ളിമംഗലം, കരിവള്ളൂർ, കൊടക്കാട്, പറശ്ശിനിക്കടവിനടുത്ത് മണിയൂർ എന്നിവിടങ്ങളിൽ നേതാക്കൾക്കായി നടത്തിയ ക്യാമ്പുകളിലെല്ലാം ദേവദാസ് അധ്യാപകരിലൊരാളായിരുന്നു.
1942 സെപ്തംബർ ആറിന് കോഴിക്കോട്ടുനിന്ന് ദേശാഭിമാനി ഒരു വാരികയായി പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയത് കേരളരാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും വലിയ പരിവർത്തനത്തിന് നാന്ദി കുറിച്ച സംഭവമാണ്. പി കെ ബാലകൃഷ്ണൻ മാനേജരും എം എസ് ദേവദാസ് പത്രാധിപരും. ഇ എം എസ്സും ഉണ്ണിരാജയും പി നാരായണൻനായരും ഇ വി ദേവും അടങ്ങിയ പത്രാധിപസമിതി. പിന്നീട് കെ കെ വാര്യരും കെ സി ജോർജും പത്രാധിപസമിതിയുടെ ഭാഗമായി. ഒരു വിപ്ലവ പാർട്ടിയുടെ മുഖപത്രത്തിന്റെ പത്രാധിപർ എന്ന നിലയിൽ എം എസ് ദേവദാസിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ഉജ്ജ്വലമായിരുന്നെങ്കിലും മുഖ്യധാരാചരിത്രം അതിനെ മറയ്‌ക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാണ്. ദേവദാസ് പത്രാധിപരായ കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളും പിന്നീട് സ്വാതന്ത്ര്യാനന്തരം മൂന്നരവർഷക്കാലം കോൺഗ്രസ് സർക്കാരും ദേശാഭിമാനിയോട് എങ്ങനെയാണ് പെരുമാറിയതെന്നതിലേക്ക് ഒരു എത്തിനോട്ടമെങ്കിലും നടത്തിയാലേ ദേവദാസ് എന്ന പത്രാധിപരുടെ വിപ്ലവപ്രവർത്തനത്തെക്കുറിച്ച് മനസ്സിലാക്കാനാവൂ.
1942 സെപ്തംബർ ആറിന് തുടങ്ങിയ ദേശാഭിമാനി 1943 ഫെബ്രുവരി 13‐ന് തിരുവിതാംകൂറിൽ നിരോധിച്ചു‐ കാരണം തിരുവിതാംകൂറിനെക്കുറിച്ച് വിദ്വേഷകരമായ ലേഖനങ്ങളും വാർത്തകളും കൊടുക്കുന്നുവെന്നാണ് ദിവാൻ ഭരണം ആരോപിച്ചത്. അടുത്തദിവസം കൊച്ചി രാജ്യത്തും പത്രം നിരോധിച്ചു. കാരണം രാജ്യദ്രോഹംതന്നെ!. അൽപകാലത്തിനുശേഷം നിരോധനം പിൻവലിച്ചു. എന്നാൽ ദിനപത്രമായി ഏതാനും മാസം കഴിയുന്നതിന് മുമ്പേതന്നെ കൊച്ചിയിൽ വീണ്ടും നിരോധിച്ചു‐ 1947 ജൂണിൽ.
പത്രം ഒരു വാരികയായി തുടങ്ങിയ അതേവർഷം ഒക്ടോബർ മാസത്തെ രണ്ട് ലേഖനങ്ങൾ, നവംബറിലെ ഒരു ലേഖനം, 1943 ഫെബ്രുവരി ഏഴിന്റെ ലക്കത്തിലെ ലേഖനങ്ങൾ എന്നിവയുടെ പേരിൽ ജാമ്യം കെട്ടിവെക്കാൻ ഉത്തരവ്, 1943 മാർച്ച് 29‐ന് കയ്യൂരിലെ നാല് വിപ്ലവകാരികളെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്ന സംഭവത്തെക്കുറിച്ച് ‘തൂക്കുമരത്തിന്റെ വിളി’ എന്ന തലക്കെട്ടിൽ മുഖപ്രസംഗം എഴുതിയതിന്റെ പേരിൽ 1000 രൂപ പിഴ, മലബാർ ലഹളയുടെ 25‐ാം വാർഷികവേളയിൽ ഇ എം എസ് എഴുതിയ ‘ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിന്റെ പേരിൽ 3000 രൂപ പിഴ കെട്ടിവെപ്പിക്കൽ ഇങ്ങനെ എത്രയെത്രയോ സംഭവങ്ങൾ. 1947 ജനുവരിയിൽ മദ്രാസ് സർക്കാർ നിയമസമാധാനപാലനത്തിനെന്ന പേരിൽ ഇറക്കിയ അടിയന്തര കരിനിയമത്തിന്റെ പേരിൽ നൂറുകണക്കിന് കമ്യൂണിസ്റ്റ് പ്രവർത്തകരെയാണ് അറസ്റ്റുചെയ്തത്. ഈ കരിനിയമത്തിനെതിരെ 1947 ഫെബ്രുവരി 26‐ന് ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ വിശദവാർത്ത, ആഹ്വാനരൂപത്തിലുള്ള ലേഖനം‐ അതിന്റെ പേരിൽ പത്രത്തിന്റെ ജാമ്യനിക്ഷേപത്തുകയായ നാലായിരം രൂപ കണ്ടുകെട്ടുകയും പുതുതായി പതിനായിരം രൂപ കെട്ടിവെക്കാൻ നിർദേശിക്കുകയും ചെയ്തു. പണമടയ്‌ക്കുന്നതുവരെ ഏതാനും ആഴ്ചക്കാലം പത്രം നിലച്ചു. പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം കോൺഗ്രസ് സർക്കാർ ചെയ്തത്് ദേശാഭിമാനിക്ക് മാത്രമായി പ്രീ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണ്. അതും സഹിച്ച് മൂന്നുമാസത്തോളം ദേവദാസ് പത്രം മുന്നോട്ടുകൊണ്ടുപോയി. എന്നാൽ 1948 ഏപ്രിൽ 12‐ന് ദേശാഭിമാനി പത്രവും നവംബർ 25‐ന് ദേശാഭിമാനി പ്രസ്സും സ്വതന്ത്ര ഇന്ത്യൻ സർക്കാർ നിരോധിച്ചു.
1947 ജനുവരി 23‐ന്റെ കരിനിയമം‐ ഓർഡിനൻസിനെ‐ തുടർന്ന്് ദേശാഭിമാനി ഓഫീസ് റെയ്‌ഡ് ചെയ്യുകയും മുഖ്യ പത്രാധിപരായ എം എസ് ദേവദാസ്, പത്രാധിപസമിതി അംഗങ്ങളായ പി നാരായണൻനായർ, ഉണ്ണിരാജ, കെ പി മുഹമ്മദ് കോയ, പ്രിന്റർ പി കെ ബാലകൃഷ്ണൻ, ഓഫീസിലുണ്ടായിരുന്ന പാർട്ടി നേതാക്കളായ മഞ്ചുനാഥറാവു, അപ്പക്കോയ, ഇ സി ഭരതൻ എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തു. ദേവദാസിന്റെയും പി നാരായണൻനായരുടെയും താമസസ്ഥലവും റെയ്‌ഡ് ചെയ്തു. വെല്ലൂർ ജയിലിലടച്ച ദേവദാസിനെയും എ വി കുഞ്ഞമ്പു, കെ പി ആർ രയരപ്പൻ, പി കെ ബാലകൃഷ്ണൻ, എൻ എസ് നമ്പൂതിരി എന്നിവരെയും പിന്നീട് കണ്ണൂർ ജയിലിലേക്ക് മാറ്റി. അൽപകാലത്തിനുശേഷം വീണ്ടും വെല്ലൂരിലേക്കുതന്നെ. സ്വാതന്ത്ര്യദിനത്തലേന്നുമാത്രമാണ് ദേവദാസ് ഉൾപ്പെടെയുള്ളവരെ മോചിപ്പിച്ചത്.
പത്രാധിപർ എന്ന നിലയ്‌ക്കാണല്ലോ ദേവദാസിനെ ജയിലിലടച്ചത്്. തനിക്കെതിരായ കുറ്റാരോപണത്തിന് ദേവദാസ് നൽകിയ മറുപടി മലയാളത്തിലെ പത്രപ്രവർത്തനചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയാണ്. ആ മറുപടി ഇങ്ങനെ: ‘‘എന്നെ തടങ്കലിൽവെക്കുന്നതിന് സർക്കാർ പറഞ്ഞിട്ടുള്ള കാരണങ്ങൾ അടിസ്ഥാനരഹിതമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രധാന പ്രവർത്തകനാണ് ഞാനെന്ന്് കുറ്റപത്രത്തിൽ പറയുന്നു. ദേശാഭിമാനി പത്രത്തിന്റെ അധിപരും പബ്ലിഷറുമാണ് ഞാൻ. കമ്യൂണിസ്റ്റ് പാർട്ടിയും ദേശാഭിമാനിയും തികച്ചും നിയമവിധേയമായ സ്ഥാപനങ്ങളാണ്. ഒരു നിയമവിധേയ സംഘടനയുടെ പ്രധാന പ്രവർത്തകനാകുന്നതും ഒരു നിയമവിധേയ പത്രത്തിന്റെ നിയമപ്രകാരം പ്രഖ്യാപിക്കപ്പെട്ട അധിപരും പബ്ലിഷറുമാകുന്നതും മദിരാശി ഗവൺമെന്റിന്റെ കീഴിൽ ഒരു കുറ്റമാവാൻ തുടങ്ങിയത് എന്നുമുതലാണ്.
‘‘ഗവൺമെന്റിന്റെയും ഉദ്യോഗസ്ഥന്മാരുടെയും നേരെ വെറുപ്പും കൂറുകേടും ഉണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ലേഖനങ്ങളും കാർട്ടൂണുകളും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്ന ആരോപണത്തെ ഞാൻ നിഷേധിക്കുന്നു. ഗവൺമെന്റിനെ ഒട്ടാകെ അങ്ങനെ ഒരിക്കലും ഞങ്ങൾ എതിർത്തിട്ടില്ല. പിന്നെയോ? ഗവൺമെന്റിന്റെ ചില പ്രത്യേകമായ ജനവിരുദ്ധനയങ്ങളെ മാത്രമേ എതിർത്തിട്ടുള്ളൂ. മാത്രമല്ല ജനോപകാരപ്രദമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ സർക്കാരിനെ ഞങ്ങൾ പിന്തുണയ്ക്കാറുമുണ്ട്. എല്ലാ ഉദ്യോഗസ്ഥരെയുമല്ല, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാത്രമാണ് ഞങ്ങൾ എതിർത്തത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് അത് സഹായകമാണ്.
‘‘ഇന്നത്തെ അസ്വാസ്ഥ്യങ്ങളും അലോസരങ്ങളും യുദ്ധാനന്തര കുഴപ്പങ്ങൾ കൊടുമ്പിരികൊള്ളുന്നതിന്റെ ഫലമാണ്. അതെല്ലാം ദേശാഭിമാനി കുത്തിയിളക്കിവിടുന്നതല്ല. മാപ്പിള ലഹളയെപ്പറ്റിയുള്ള ലേഖനംവഴി ഞങ്ങൾ സാമുദായികകുഴപ്പം സൃഷ്ടിച്ചിട്ടില്ല. 1921‐ൽ മാപ്പിളമാരെ കശാപ്പുചെയ്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഹിന്ദുക്കളും മുസ്ലിങ്ങളും യോജിച്ച് സമരം ചെയ്യണമെന്ന് മാത്രമേ ഞങ്ങൾ ആഹ്വാനംചെയ്തിട്ടുള്ളൂ. അരാജകത്വത്തെപ്പറ്റി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ചിറക്കൽ താലൂക്കിൽ നിയമലംഘനവും അരാജകത്വവുമുണ്ടായതിന് ഉത്തരവാദികൾ ഞങ്ങളാണോ, പൊലീസും എം.എസ്.പിയുമാണോ എന്നത് കോടതിയിലൂടെ തെളിയും. ജനങ്ങൾക്ക് താല്പര്യമുള്ള എല്ലാ സംഭവങ്ങൾക്കും അന്നന്ന് പ്രസിദ്ധീകരണം നൽകുന്നത് പൊതുജനങ്ങളോടുള്ള ഒരു കടമയായിട്ടാണ് ഞങ്ങൾ കരുതിവരുന്നത്.
നാട്ടുരാജ്യങ്ങളിലേക്കുള്ള വിദ്യാർഥിജാഥയെപ്പറ്റിയാണെങ്കിൽ നമ്മുടെ ദേശീയപത്രങ്ങളിൽ അവർക്ക് എന്നും നല്ല പ്രസിദ്ധീകരണം നൽകിവന്നിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാവായ അശോകമേത്ത തിരുവിതാംകൂറിലേക്ക് ഒരു ജാഥയെ അയയ്‌ക്കാൻ ആഹ്വാനം ചെയ്തപ്പോൾ മാതൃഭൂമി പത്രം അതിന് വിപുലമായ പ്രസിദ്ധീകരണം നൽകി. മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം നിയമവിധേയമാകുന്ന ഒരു കാര്യം ദേശാഭിമാനിയെ സംബന്ധിച്ചിടത്തോളവും എന്തുകൊണ്ട് നിയമവിധേയമായിക്കൂടാ എന്നെനിക്ക് മനസ്സിലാകുന്നില്ല’’ ഏറെ പ്രസക്‌തമായ വാക്കുകളാണ് മറുപടിയായി പറഞ്ഞത്.
1947 ആഗസ്ത് 13‐ന് ജയിൽമോചിതനായ ദേവദാസ് വീണ്ടും ദേശാഭിമാനിയുടെ പ്രവർത്തനത്തിൽ സജീവമായി. കൽക്കട്ട തീസിസിനെ തുടർന്ന് വീണ്ടും ദേശാഭിമാനി നിരോധിക്കപ്പെട്ടപ്പോൾ ദേവദാസും ഒളിവിൽപോയി. മുമ്പ് ശാന്തിനികേതനിൽ പഠിക്കാൻ പോയപ്പോൾ ബസ്സിൽനിന്നു വീണ് വയ്യാതായ കാൽ ഒളിവ് ജീവിതത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. പലപ്പോഴും കാൽ പഴുത്ത് നീറും. പാലക്കാട് കൊപ്പത്തെ കെ സി ശ്രീധരൻ എം എസിന്റെ ടെക്മാനായി പ്രവർത്തിക്കെ അദ്ദേഹത്തെ ചുമലിലേറ്റി ദീർഘനേരം നടന്ന അനുഭവമുണ്ട്. കൊണ്ടയൂരിൽ വള്ളത്തോൾ കുമാരൻ മാസ്റ്ററുടെ വീട്ടിൽ സി അച്യുതക്കുറുപ്പും ദേവദാസും ഒന്നിച്ച്് ഒളിവിൽ കഴിയുകയുണ്ടായി. ഒളിവുജീവിതകാലത്ത് വിവിധ കേന്ദ്രങ്ങളിൽ പാർട്ടി ക്ലാസെടുക്കുന്നതിലാണ് പ്രധാനമായും മുഴുകിയത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവിധ ആനുകാലികങ്ങളിൽ വ്യാജപേരിൽ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനും അക്കാലം ഉപയോഗിച്ചു.
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനും പ്രചാരകനുമായിരുന്നു എം എസ് ദേവദാസ്. രൂപഭദ്രത, സാഹിത്യകാരന്റെ രാഷ്ട്രീയപാർട്ടി അംഗത്വം തുടങ്ങിയ വിഷയങ്ങളിൽ നടന്ന വിവാദങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക നയത്തിന്റെ പ്രധാന വക്താക്കളിലൊരാളും എം എസ് ആയിരുന്നു. രാഷ്ട്രീയ‐പ്രത്യയശാസ്ത്ര ലേഖനങ്ങളും പുസ്തകങ്ങളും എഴുതുന്നതിനൊപ്പം സമകാലിക സാഹിത്യനിരൂപണം നടത്തുന്നതിലും നിരന്തരം മുഴുകി. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ എം എസ് ദേവദാസ് നടത്തിയ സാഹിത്യനിരൂപണ ഇടപെടൽ സംബന്ധിച്ച് വലിയ വിവാദങ്ങളുണ്ടായിരുന്നു. വള്ളത്തോൾ കുടുംബവുമായുള്ള ദേവദാസിന്റെ അടുത്ത ബന്ധം അദ്ദേഹത്തിന്റെ സാഹിത്യനിരൂപണാദർശത്തെ ബാധിച്ചതായി ആക്ഷേപമുണ്ടായിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വക്താക്കൾതന്നെയായ ചങ്ങമ്പുഴയടക്കമുള്ളവർക്കെതിരെ ദേവദാസ് ഉന്നയിച്ച രൂക്ഷമായ വിമർശനം പിൽക്കാലത്ത് ഏറെ ആക്ഷേപങ്ങൾക്ക് കാരണമായി. പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അക്കാലത്ത് സ്വീകരിച്ച നിലപാടുകളിലെ സെക്‌ടേറിയൻ പാളിച്ചകൾ പിൽക്കാലത്ത് തിരുത്തപ്പെട്ടു. ചങ്ങമ്പുഴക്കെതിരെ അക്കാലത്ത് നടത്തിയ പ്രതികരണത്തിൽ പിശക് പറ്റിയതായി ഇ എം എസ് തുറന്നെഴുതുകയുമുണ്ടായി.
എം എസ് ദേവദാസിന്റെ കൃതികൾ ദീർഘകാലമായി ലഭ്യമല്ലായിരുന്നു. ദേവദാസ് ദേശാഭിമാനി വാരികയിൽ എഴുപതുകളുടെ ആദ്യം ജീവിതത്തിന്റെ താളുകൾ എന്ന പേരിൽ ആത്മകഥ എഴുതിത്തുടങ്ങിയിരുന്നു. ചെറുപ്പകാലത്തിനപ്പുറത്തേക്ക് അത് നീണ്ടില്ല. അതിലെ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ‘എം എസ് ദേവദാസ് നിരൂപകനും പത്രാധിപരും’ എന്ന പേരിൽ ഡോ. ചന്തവിള മുരളി തയ്യാറാക്കിയ ബൃഹദ് ഗ്രന്ഥം അടുത്തിടെയാണ് കേരളസാഹിത്യ അക്കാദമി പ്രസിദ്ധപ്പെടുത്തിയത്. l