ഇക്കണോമിക് നോട്ട്‌ബുക്ക്‐ 74
പുതിയ യന്ത്രങ്ങൾ ഉല്പാദനമേഖലയിലേക്ക് കടന്നുവരുന്നത് തങ്ങളുടെ തൊഴിലുകൾ നഷ്ടപ്പെടുത്തുമോ എന്ന ആശങ്ക എല്ലാ കാലത്തും തൊഴിലാളികൾക്കിടയിൽ വ്യാപകമായുണ്ടായിരുന്നു. പ്രത്യേകിച്ചും ഉല്പാദനോപകരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ സ്വകാര്യ ഉടമസ്ഥതയിൽ ആയിരിക്കുകയും ഉല്പാദനപ്രവർത്തങ്ങളിലൂടെയുണ്ടാകുന്ന ലാഭത്തിന്റെ നല്ല പങ്കും അവർ കൊണ്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ. പുതിയ യന്ത്രങ്ങളുടെ കടന്നുവരവും ഉല്പാദനക്ഷമതയിൽ അതുവഴിയുണ്ടാകുന്ന ലാഭവും തങ്ങൾക്ക് ദോഷകരമായി ഭവിക്കുന്നുവെന്ന തോന്നൽ ശക്തമായ നാളുകളിലെല്ലാം തൊഴിലാളികൾ ഈ ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നെയ്ത്ത് യന്ത്രങ്ങൾ കടന്നുവന്നപ്പോഴും കാർഷികമേഖലയിൽ യന്ത്രങ്ങൾ വന്നപ്പോഴും ഈ പ്രക്രിയ ലോകമെമ്പാടും ഉയർന്നുവന്നതാണ്. ഇന്ത്യ നിയോലിബറൽ കാലത്തിലേക്ക് പാദമൂന്നിത്തുടങ്ങിയ 1980കളുടെ മധ്യത്തിൽ, വ്യാപകമായ സ്വകാര്യവൽക്കരണപ്രക്രിയ ആരംഭിച്ച നാളുകളിൽ ബാങ്കുകളിലും മറ്റും കംപ്യൂട്ടർവൽക്കരണം നടപ്പിലാക്കിത്തുടങ്ങിയപ്പോഴും ഇതേ ആശങ്കകൾ പങ്കുവെയ്ക്കപ്പെട്ടിരുന്നു. കംപ്യൂട്ടറുകളുടെ വ്യാപകമായ വിന്യാസം പരിമിതമായ തൊഴിലുകൾകൂടി ഇല്ലാതാക്കുമോ എന്ന ചോദ്യം ആ കാലഘട്ടത്തിൽ പല രൂപത്തിൽ വിവിധ തൊഴിലാളി സംഘടനകൾ ഉയർത്തിയിരുന്നു.
യന്ത്രവൽക്കരണംമൂലം തൊഴിൽ നഷ്ടപ്പെടുന്നത് പുതിയ ഒരു പ്രതിഭാസമല്ല. ലാഭം മാത്രം ലക്ഷ്യമാക്കി കുതിക്കുന്ന മൂലധന വ്യവസ്ഥയുടെ അവിഭാജ്യഭാഗമാണത്. വിദഗ്ധ തൊഴിലാളികൾക്ക് മാത്രം സാധ്യമായിരുന്ന നെയ്ത്തുമേഖലയിലും കരകൗശല വൈദഗ്‌ധ്യം ആവശ്യമായ മറ്റ് മേഖലകളിലും പണിചെയ്തിരുന്ന വിദഗ്ധ തൊഴിലാളികളെയാണ് ആദ്യകാലത്തെ യന്ത്രവൽക്കരണം ദോഷകരമായി ബാധിച്ചത്. വ്യാവസായിക വിപ്ലവത്തിന്റെ കേന്ദ്രമായി യൂറോപ്പ് മാറിത്തീരുകയും അത് കോളനിവൽക്കരണത്തിലേക്ക് നയിക്കുകയും ചെയ്തതോടെ, തങ്ങളുടെ അധീനതയിൽപെട്ട രാജ്യങ്ങളിൽ വൻകിട ഉല്പാദന ഫാക്ടറികളിൽ നിർമിച്ച ചരക്കുകൾ കൊണ്ട് വന്നു തള്ളുക എന്ന പ്രക്രിയ യൂറോപ്യൻ രാജ്യങ്ങൾ ആരംഭിച്ചു. ഇത് വൻതോതിലുള്ള തൊഴിൽ ശോഷണത്തിലേക്ക് നയിച്ചു. കോളനി രാജ്യങ്ങളിൽ ക്ഷാമങ്ങൾ ആവർത്തിക്കാൻ തുടങ്ങി. ഉല്പാദനക്ഷമതയിലുണ്ടാകുന്ന നേട്ടങ്ങൾ പങ്കുവെയ്ക്കപ്പെടാതെ, ലാഭം വർധിപ്പിക്കാനും ചൂഷണം മൂർച്ഛിപ്പിക്കാനും മാത്രം യന്ത്രങ്ങളും യന്ത്രവൽക്കരണവും ഉപയോഗിക്കപ്പെട്ടു തുടങ്ങി.
കൃത്യമായി ആവർത്തന സ്വഭാവമുള്ള, മെക്കാനിക്കലായി ചെയ്യാൻ കഴിയുന്ന, ഏതൊരു പ്രവൃത്തിയും യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കാൻ കഴിയുമെന്ന കണ്ടെത്തലാണ് വ്യാപകമായ യന്ത്രവല്ക്കരണ പ്രക്രിയയുടെ അടിസ്ഥാനം. മനുഷ്യന്റെ കായിക ശേഷിയെയാണ് ആദ്യം യന്ത്രങ്ങളാൽ പകരം വെയ്ക്കാൻ ശ്രമിച്ചത്. മനുഷ്യന് അസാധ്യമായ വേഗത്തിലും അളവിലും അവൻ ചെയ്തിരുന്ന പ്രവൃത്തികൾ യന്ത്രങ്ങൾ ഏറ്റെടുത്തു തുടങ്ങി. വ്യവസായവൽക്കരണത്തിന്റെ ആദ്യനാളുകളിലെ സ്ഥിതിയായിരുന്നു ഇത്. ലോകം ക്രമേണ സേവനമേഖലയിലേക്ക് മാറിയതോടെ യന്ത്രവൽക്കരണത്തെക്കുറിച്ചുള്ള ചിന്തകൾ ആ വഴിക്കും ആരംഭിച്ചു .ഇവിടെ മനുഷ്യന്റെ ബൗദ്ധികശേഷിയെയായിരുന്നു യന്ത്രങ്ങൾ കൊണ്ട് പകരം വെയ്‌ക്കേണ്ടിയിരുന്നത്.
ആധുനിക സാങ്കേതികവിദ്യകൾമൂലം ഇന്ന് നിലവിലുള്ള ഒട്ടു മിക്ക തൊഴിലുകളിൽ നിന്നും മനുഷ്യന്റെ നേരിട്ടുള്ള ഇടപെടൽ ഒഴിവാക്കാൻ പറ്റുന്ന സാഹചര്യം രൂപംകൊണ്ടിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് ഈ യന്ത്രവൽക്കരണപ്രക്രിയ ലോകത്തെല്ലായിടത്തും ഒരേ പോലെ നടക്കുന്നില്ല? ഉദാഹരണത്തിന് 1831 ലാണ് കൊയ്ത്തുയന്ത്രം യൂറോപ്പിൽ കണ്ടുപിടിക്കുന്നത്. എന്നാൽ അത് നമ്മുടെ നാട്ടിലെത്തുന്നത് 1990കളിലാണ്. ഇന്ത്യ ബ്രിട്ടന്റെ കോളനിയായിരിക്കെ പോലും കൊയ്ത്തുയന്ത്രങ്ങൾ കടൽ കടന്ന് ഇവിടെ എത്തിയിരുന്നില്ല. നിലമുഴുന്ന ട്രാക്ടറുകളുടെ കാര്യവും സമാനമാണ്. 1840 ലാണ് ട്രാക്ടറുകൾ യൂറോപ്പിൽ വരുന്നത്. ഇത് നമ്മുടെ നാട്ടിലെത്തുന്നതാകട്ടെ 1980കളിലും. എല്ലാ അധികാരവും കൈപ്പിടിയിലുണ്ടായിരുന്ന കോലോണായാൽ ഭരണാധികാരികൾ പോലും ഈ സാങ്കേതികവിദ്യകളെ കടൽകടത്തി ഇവിടേയ്ക്ക് കൊണ്ടുവരാത്തത് എന്തുകൊണ്ടായിരിക്കും? തൊഴിലാളികൾ സംഘടിത ശക്തിയായി മാറുകയും തങ്ങളുടെ ഉപജീവനം ഇല്ലാതാക്കുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിച്ചുതുടങ്ങുകയും ചെയ്യുന്നത് ഈ കണ്ടുപിടുത്തങ്ങൾക്ക് എത്രയോ പതിറ്റാണ്ടുകൾക്ക് ശേഷമാണ്. എഐടിയുസി രൂപപ്പെടുന്നത് 1920ലാണ്. ഇതേ ദശകത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ രൂപംകൊള്ളുന്നതും. അപ്പോൾ തൊഴിലാളിസംഘടനകളോ തൊഴിലുകളുടെ പക്ഷംപിടിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ എതിർപ്പോ ഒന്നുമല്ല സാങ്കേതികവിദ്യകളുടെ വ്യാപനത്തെ അടിസ്ഥാനമായി നിർണയിക്കുന്നത് എന്ന് കാണാൻ സാധിക്കും. മുതലാളിത്തം ആധിപത്യം നിലനിർത്തുന്ന സമൂഹത്തിൽ ലാഭമാണ് എല്ലാത്തിനെയും അടിസ്ഥാനപരമായി സ്വാധീനിക്കുന്ന ഘടകം. സാങ്കേതികവിദ്യയുടെ വ്യാപനത്തെ നിർണയിക്കുന്നതും അതുതന്നെ. ലക്ഷക്കണക്കിന് രൂപ മുതലിറക്കി ഒരു യന്ത്രം കൊണ്ടുവന്ന് ഉത്പാദനം നടത്തണമോ അതോ ദാരിദ്ര്യരേഖയ്ക്കുതാഴെ വലിയൊരു ജനവിഭാഗം ജീവിക്കുന്ന സമൂഹത്തിൽ അതേ പണി അവരുടെ വിലകുറഞ്ഞ ഉൽപ്പാദനശേഷി ഉപയോഗപ്പെടുത്തി ചെയ്യണോ എന്ന ചോദ്യത്തിന്റെ ഉത്തരവും ഏതാണ് ലാഭകരം എന്നതുതന്നെയാകും. ഇതിന്റെയൊപ്പം മറ്റ് ഒട്ടനവധി ഘടകങ്ങളും പങ്കുചേരുന്നുണ്ട് എന്നു മാത്രം. കടൽകടന്ന് കൊയ്ത്തു യന്ത്രങ്ങൾ ഇങ്ങോട്ടു വരാൻ താമസിച്ചതിന്റെയും കാളകളെയും അവയെ നിയന്ത്രിക്കുന്ന മനുഷ്യനെയും കൊണ്ട് നിലമുഴുന്നതാണ് ലാഭകരമെന്ന് നമ്മുടെ നാട്ടിലെ പ്രഭുവർഗം നിശ്ചയിച്ചതിന്റെയും പിന്നിൽ ലാഭം തന്നെയാണ് ഏക ഘടകം.
നിർമിതബുദ്ധിയുടെ കടന്നുവരവ് തൊഴിലും യന്ത്രവൽക്കരണവും സംബന്ധിച്ച ചർച്ചയ്ക്ക് പുതിയ ചില മാനങ്ങൾ നൽകുന്നുണ്ട്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തീർച്ചയായും ഇതൊരു കടുത്ത പ്രതിസന്ധി ഘട്ടം തന്നെയായിരിക്കും എന്നതിൽ തർക്കമില്ല. വിശേഷിച്ച് തൊഴിൽരഹിത വളർച്ചയുടെ ഒരു ഘട്ടത്തിലൂടെ ലോകം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കടന്നുപോകുന്ന സാഹചര്യത്തിൽ.
ആദ്യ വ്യവസായ വിപ്ലവത്തിന്റെ കാലത്തെ യന്ത്രവൽക്കരണവും ഇന്നത്തേതും തമ്മിൽ ഒരു വ്യത്യാസമുണ്ട്. നേരിട്ട് കായികാധ്വാനത്തിലേർപ്പെടുന്ന ബ്ലൂ കോളർ തൊഴിലാളികളെയാണ് അന്ന് അത് കൂടുതലും ബാധിച്ചതെങ്കിൽ ഇന്നത് ബാധിക്കുന്നത് മധ്യവിഭാഗത്തിൽപെട്ട തൊഴിലാളികളെയാണ്. സോഫ്റ്റ്‌വെയർ മേഖലയിൽ തന്നെ ജോലി ചെയ്യുന്നവർ, അക്കൗണ്ടിംഗ് വിദഗ്‌ധർ, മെഡിക്കൽ റിപോർട്ടുകൾ തയാറാക്കുന്ന ഡോക്ടർമാർ എന്നിങ്ങനെ പലരും തൊഴിൽ നഷ്ടപ്പെട്ടേക്കാവുന്നവരായി മാറിയിരിക്കുന്നു. നിർമിതബുദ്ധിയുടെ വ്യാപനത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെ ഈ ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. വലിയ സാമൂഹികസംഘർഷങ്ങളിലേക്ക് ഇത് നീങ്ങാനിടയുണ്ട് എന്നതിനാലാണിത്.
പുതിയ സാമൂഹിക സംഘാടന രൂപങ്ങളെക്കുറിച്ചു തന്നെ ഇവരിൽ പലരും സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഉല്പാദനശക്തികളുടെ വളർച്ച പുതിയ സാമൂഹിക ബന്ധങ്ങളിലേക്കു നയിക്കും എന്ന മാർക്സിന്റെ കണ്ടെത്തലിൽനിന്ന് വ്യത്യസ്‍തമല്ല ഈ നിരീക്ഷണം. പക്ഷേ അടിസ്ഥാനപരമായി മൂലധനവും തൊഴിൽ ശക്തിയും തമ്മിലുള്ള ഈ സംഘർഷം ഏതൊക്കെ രൂപങ്ങൾ കൈവരിക്കുമെന്ന് പ്രവചിക്കുക ദുഷ്കരമാണ്. ഭരണകൂടതാല്പര്യങ്ങൾ തൊഴിലെടുക്കുന്നവർക്കൊപ്പമാണെങ്കിൽ സാമ്പത്തികോല്പാദനത്തിൽ സാങ്കേതികവിദ്യ ഉണ്ടാക്കുന്ന വർദ്ധന സമൂഹത്തിനു മുഴുവൻ ഗുണകരമായി മാറും.
തൊഴിൽമേഖലയിലെ സാങ്കേതികവിദ്യകളുടെ വ്യാപനത്തെ സ്വാഗതം ചെയ്യുന്നവരാണ് എല്ലാകാലത്തും തൊഴിലാളികൾ എന്നതാണ് യഥാർത്ഥ വസ്തുത. കാരണം യാന്ത്രികമായി ചെയ്യാവുന്ന പണികൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്നത് തൊഴിലാളികളുടെ സർഗാത്മകത ഉയർത്തും, കൂടുതൽ ക്രിയാത്മകമായ പ്രവൃത്തികളിലേക്ക് അവരെ നയിക്കും. മനുഷ്യനില്ലാതെ യന്ത്രമില്ല . യന്ത്രങ്ങൾ വിഭാവന ചെയ്തതും നിർമിച്ചതും മനുഷ്യരാണ് . മറിച്ചു ചിന്തിക്കുന്നത് സാങ്കേതിക അതിനിർണയ വാദമാണ് (Technological determinism).
മനുഷ്യൻ എന്നത് ഒരു ഏകമുഖമായ (homogenous entity) ഗണമല്ല. നാം ജീവിക്കുന്നത് ഒരു വർഗരഹിത സമൂഹത്തിലുമല്ല. അതിനാൽ വിവിധ വർഗതാല്പര്യങ്ങൾ തമ്മിൽ നിരന്തരം സംഘർഷം നിലനിൽക്കും. വർഗങ്ങളായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിൽ യന്ത്രങ്ങൾ നിർമിക്കുന്നതും ഉപയോഗിക്കുന്നതും ആരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് എന്നതാണ് അടിസ്ഥാന ചോദ്യം. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തി അവരെ പട്ടിണിയിലാക്കുന്ന രീതിയിലുള്ള സാഹചര്യം വന്നാൽ തൊഴിലാളികൾ അതിൽ പ്രതിഷേധിക്കുന്നത് സ്വാഭാവികം മാത്രം. അതുപോലെ തന്നെ, സാമൂഹിക സാഹചര്യങ്ങൾ മൂർത്തമായി കണക്കിലെടുത്തിട്ടു വേണം യന്ത്രവൽക്കരണപ്രക്രിയ നടപ്പിലാക്കാൻ. മൂലധനതാല്പര്യങ്ങൾ മാത്രമാവരുത് അതിനെ നയിക്കുന്നത്. സാങ്കേതികവിദ്യയുണ്ടാക്കുന്ന സാമൂഹിക പുരോഗതിയുടെ മെച്ചം തൊഴിലാളികൾക്ക്, ഈ സാങ്കേതികവിദ്യകൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ചവർക്കു കൂടി ലഭിക്കണം. അത്തരമൊരു ഡിമാൻഡ് ആരെങ്കിലും ഉയർത്തിയാൽ അതിനെ ഗൗരവത്തിലെടുക്കുകയാണ് വേണ്ടത്. മറ്റു രീതിയിൽ ചിത്രീകരിക്കുന്നതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മറ്റു പല താല്പര്യങ്ങളുമാണ്. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ യന്ത്രങ്ങളുടെ വ്യാപനം സൃഷ്ടിക്കുന്ന സാഹചര്യത്തെയും ഇങ്ങിനെ തന്നെ വിലയിരുത്തേണ്ടതുണ്ട്. l