ഇന്ത്യൻ വെബ് സീരിസുകൾ ചുവടുറപ്പിക്കുന്ന ഘട്ടത്തിലാണ് പാതാൾ ലോക് എത്തുന്നത്. കുറ്റകൃത്യങ്ങളുടെ ലോകം അനാവരണം ചെയ്യുന്ന സുദീപ് ശർമ ഒരുക്കിയ സീരിസ് അതിന്റെ ആഖ്യാനത്തിന്റെയും ഉള്ളടക്കത്തിന്റെയും മികവിനാൽ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പാതാൾ ലോകിന്റെ ആദ്യ സീസൺ വലിയ വിജയമായതിന്റെ പ്രധാന കാരണം അതിന്റെ സമീപനമായിരുന്നു. അസാധ്യമെന്ന് തോന്നുന്ന ഒരു അന്വേഷണത്തെ ഏറ്റവും വിശ്വസനീയമായാണ് സമീപിച്ചത്. അന്വേഷണങ്ങളിൽ ഒരു സൂപ്പർ കോപ്പ് ഉദിച്ചുവരുകയും അയാളുടെ ഹീറോവൽകരണത്തിൽ കേസ് തെളിയിക്കുകയും ചെയ്യുന്ന സ്ഥിരം രീതിയെ അപ്പാടെ മാറ്റി നിർത്തിയാണ് പാതാൾ ലോകത്തിന്റെ ഭൂമിക സൃഷ്ടിച്ചത്. നായകനായ ജയ്ദീപ് അഹ്‌ലാവതിന്റെ ഹാതിറാം ചൗദരി ഒരു സാധാരണക്കാരനാണ്. നൈരാശ്യവും സങ്കടവും തകർച്ചകളും നേരിടുന്ന ഇന്ത്യൻ മധ്യവർഗത്തിന്റെ പ്രതിനിധിയായ പൊലീസുകാരൻ.സൂപ്പർഹീറോ അല്ലാത്ത ആ കഥാപാത്രത്തിലൂടെ പാതാൾ ലോകത്തിന്റെ കഥപറച്ചിൽ. എല്ലാം സ്വന്തമായി ചെയ്യാതെ കഴിയുന്നത്ര സഹായം തേടി, മറ്റുള്ളവരുടെ സഹായത്താലുള്ള പ്രവർത്തനം.
താൻ ആഗ്രഹിച്ച ഫലം കണ്ടെത്താൻ ഏതറ്റംവരെയും പോകാനുള്ള ഹാതിറാം ചൗധരിയുടെ പോരാട്ടം വളരെ മികവോടെ പ്രേക്ഷകന്റെ ബോധ്യങ്ങളെ ചോദ്യംചെയ്യാതെ അണിയറക്കാർ അവതരിപ്പിച്ചു. സീസൺ അവസാനിച്ചത് നൈരാശ്യത്തിനിടയിൽ പ്രതീക്ഷകൂടി വിളക്കിച്ചേർത്താണ്. സങ്കീർണമായ മറ്റൊരു കേസന്വേഷണവുമായി ഹാതിറാം ചൗധരി എത്തുന്നതിൽ നിന്നാണ് പാതാൾ ലോക് 2 ആരംഭിക്കുന്നത്. വലിയ വിജയമായ സീസണിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ കൂടുതൽ ഗിമ്മിക്കുകൾക്ക് ശ്രമിക്കാതെ ആദ്യ ഭാഗത്തിന്റേതു പോലെ തന്നെയുള്ള ആഖ്യാനവും പരിചരണവുമാണ് പിൻപറ്റിയിട്ടുള്ളത്. അതിനാൽ തന്നെ മറ്റു കുറ്റാന്വേഷണ സീരിസുകളിൽ നിന്ന് പാതാൾ ലോകിനെ വ്യത്യസ്‌തമാക്കുന്ന അതിന്റെ ആത്മാവ് നിലനിർത്താനായിട്ടുണ്ട്. ക്രിയേറ്ററായ സുദീപ് ശർമയും സംവിധായകൻ അവിനാശ് അരുണും ചേർന്നുള്ള കഥാപാത്ര – കഥാഘടന നിർമിതിയിൽ പ്രേക്ഷകനെ പാതാൾ ലോകിന്റെ കാഴ്‌ചയിലേക്ക് കൊളുത്തിവലിക്കുന്ന കാഴ്‌ചാ പരിസരം അതിവിദഗ്‌ധമായി നിർമിച്ചിട്ടുമുണ്ട്.
ആദ്യ സീസണിൽ ഹാതിറാം ചൗധരിയുടെ സഹായിയായിരുന്ന ഇമ്രാൻ അൻസാരി (ഇഷ്വക് സിങ്) ഇപ്പോൾ അദ്ദേഹത്തെക്കാൾ ഉയർന്ന ഐപിഎസ് ഓഫീസറാണ്. രഘു പാസ്വാൻ എന്ന വ്യക്തിയെ കാണാത്തായ കേസ് ചൗധരി അന്വേഷിക്കുന്നു. അതേസമയം നാഗാലാൻഡിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ നാഗാലാൻഡ് നേതാവ് ജോനാഥൻ തോം കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷിക്കുന്നത് അൻസാരിയാണ്. ഇരുകേസുകളും അന്വേഷണവഴിയിൽ ഒരു ഘട്ടത്തിൽ ഒന്നാകുന്നു. തുടർന്ന് ഇരുവരും ചേർന്ന് നടത്തുന്ന അന്വേഷണമാണ് പശ്ചാത്തലം. തിലോതമ ഷോമി, ഗുൽ പനഗ്, നാഗേഷ് കുകുനൂർ, അനുരാഗ് അരോറ, പ്രശാന്ത് തമങ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
അന്വേഷണത്തിനിടയിൽ കടന്നുവരുന്ന ചെറിയ കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയ്‌ക്കെല്ലാം വിവിധ അടരുകളും പിൻകഥകളുമുണ്ട്. വളരെക്കുറിച്ച് രംഗങ്ങളിലൂടെയും സംഭാഷങ്ങളിലൂടെയും ഇതെല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നുമുണ്ട്. കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിനൊപ്പം ഇന്ത്യൻ സാമൂഹ്യ രാഷ്‌ട്രീയ അവസ്ഥകളെക്കൂടി ചിത്രം അനാവരണം ചെയ്യുന്നുണ്ട്. അധികാരഘടന, ജാതീയത, പ്രാദേശിക വിവേചനം തുടങ്ങിയ പ്രശ്‌നങ്ങളും പാതാൾ ലോക് ചർച്ചയ്‌ക്ക് വെക്കുന്നുണ്ട്. ഇതെല്ലാം കഥാഘടനയിലേക്ക് കൃത്യമായി ഉൾച്ചേർക്കുന്ന വളരെ ആകർഷകമായ, അതേസമയം കൗതുകകരമായ രീതിയാണ് സീരീസിന്റേത്. എഴുത്തിന്റെ മാന്ത്രികതയാണ് പാതാൾ ലോകിന്റെ മികവ്. വളരെ നേർത്ത എന്നാൽ ശക്തമായ ആഖ്യാനഭാഷയ്‌ക്ക് എഴുത്തിലെ മുറക്കം അടിത്തറയിടുന്നുണ്ട്. അനാവശ്യമായ ഒരു കഥാപാത്രമോ രംഗമോ ഇല്ല. ഇങ്ങനെ സസൂക്ഷ്‌മം നെയ്‌തെടുത്ത ലോകമാണിത്.
വടക്കുകിഴക്കൻ മേഖലയിലെ രാഷ്ട്രീയവും അവർ നേരിടുന്ന ചൂഷണവുമെല്ലാം വളരെ ശക്തമായി പറയുന്നുണ്ട്. അവരുടെ ജീവിതാവസ്ഥയ്‌ക്ക് ആവശ്യമായ വികസനം എന്തെന്ന് തിരിച്ചറിയാതെ നടത്തുന്ന ഡൽഹിയിലെ ബിസിനസ് ഉച്ചകോടികൾ എന്ന മോദിയൻ ഗിമ്മിക്ക് കൃത്യമായി തുറന്നുകാട്ടുന്നുണ്ട്.
സുദീപ് ശർമയും അദ്ദേഹത്തിന്റെ സൃഷ്ടികളും രാഷ്ട്രീയ നിലപാടുകളുടെ കരുത്താൽ കൂടി അടയാളപ്പെടുത്തുന്നവയാണ്. കൊഹ്‌റ (2023), സോഞ്ചിരിയ (2019), ഉഡ്താ പഞ്ചാബ് (2016), എൻഎച്ച് 10 (2015) തുടങ്ങിയവ ഇന്ത്യയുടെ നേർസാക്ഷ്യ കാഴ്‌ചകളിലേക്കു കൂടി വഴിതുറക്കുന്നതാണ്. ദേശസ്‌നേഹത്തിന്റെ മറവിൽ എന്തും ചെയ്യിപ്പിക്കാം എന്നുകാണിക്കുന്ന രംഗമുണ്ട്. പൂട്ട് പൊളിക്കാൻ പ്രേരിപ്പിക്കുകയും അത് ദേശസ്നേഹത്തിന്റെ പ്രവൃത്തിയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട് ചൗധരി. രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് നാടിന്റെ സംസ്കാരത്തോട് ഇഴചേർന്ന ആഖ്യാനമാണ് പാതാൾ ലോകിനെ മികച്ചതാക്കുന്നത്. ഈ ശ്രേണിയിലുള്ള ക്രൈം ത്രില്ലറുകൾക്ക് ബെഞ്ച് മാർക്കാണ് ‘പാതാൾ ലോക്’. l