കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയുടെ വടക്ക് ഭാഗത്തും ഏതാനും കാവുകളിൽ കെട്ടിയാടുന്ന തെയ്യമാണ് ബപ്പിരിയൻ. ബബ്ബിരിയൻ എന്ന അറബി വ്യാപാരിയുടെ പേരിൽ നിന്നുമാണ് ബപ്പിരിയൻ എന്ന പേരിലേക്ക് എത്തിയതെന്ന് പറയപ്പെടുന്നു. ബപ്പിരിയൻ തെയ്യത്തിന്റെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യങ്ങൾ ഏറെ പ്രചരിക്കപ്പെടുന്നുണ്ട്.
കാണാതായ സീതയെ തേടിപ്പോകുന്ന ഹനുമാനെയാണു ഇതു ഉദ്ദേശിക്കുന്നത് എന്നത് ഒരു ഐതിഹ്യം. ഉയരമുള്ള സ്ഥലത്ത് കയറിയാലാണ് അകലെയുള്ളത് കണ്ടെത്താനാവുക. അതിനാലാണു തെങ്ങിൽ കയറി അകലേക്ക് നോക്കി പരതുന്നതെന്നു അനുമാനിക്കുന്നു. തെങ്ങിന്റെ ഉയരത്തിൽ ദേഷ്യത്തോടെ കയറുന്ന തെയ്യം ഏറ്റവും അകലങ്ങളിലേക്ക് നോട്ടം എയ്യുകയായിരുന്നു. ഇങ്ങനെയുള്ള നോട്ടംകൊണ്ടു ഒന്നും അറിയാൻ സാധിക്കാതെ വരുന്ന തെയ്യം ദേഷ്യത്തോടെ തെങ്ങ് പിടിച്ചുകുലുക്കുകയാണ്. അതിലെ നാളികേരം മുഴുവൻ ബലം പ്രയോഗിച്ചുള്ള കുലുക്കലിൽ താഴേക്ക് പതിക്കുകയാണ്.
ഹിന്ദു ദേവതയായ ആര്യപൂങ്കന്നിയോടൊപ്പം ബപ്പിരിയൻ എന്ന മുസ്ലിം നാമധാരിയായ തെയ്യവും ഒന്നിച്ചു കെട്ടിയിറങ്ങുന്നത് ഏറ്റവും ഉന്നതമായ മതസൗഹാർദ്ദ പ്രതീകമായും വിലയിരുത്തപ്പെടുന്നുണ്ട്. ബപ്പിരിയൻ എന്ന പ്രമുഖ അറബി വ്യാപാരി കടലിൽ ശത്രുക്കളോട് ഏറ്റുമുട്ടി മരണപ്പെടുകയായിരുന്നു.
ആര്യപട്ടരുടെയും ആര്യ പട്ടത്തിയുടെയും മകൾ ആര്യ പൂങ്കന്നി വളർന്നു വലുതാവുന്നതോടെ അവൾക്ക് ആടയാഭരണങ്ങളോട് അദമ്യമായ താൽപര്യം വർധിക്കുകയായിരുന്നു. ആറ് സഹോദരങ്ങളോടൊപ്പം അവൾ വള്ളത്തിൽ യാത്രചെയ്തത് ഏറ്റവും മികച്ച ആഭരണങ്ങൾ തേടിയായിരുന്നു. ശക്തമായ കാറ്റിൽ അവർ സഞ്ചരിച്ച വള്ളം തകരുകയായിരുന്നു. തകർന്ന വള്ളത്തിന്റെ ശിഷ്ടഭാഗത്ത് പിടിച്ചുനിന്ന ആര്യപൂങ്കന്നി ഏഴ് ദിവസത്തോളം കടലിൽ കഴിയുകയായിരുന്നു. പിന്നീട് കരയിൽ ഒറ്റപ്പെട്ടുപോയ പൂങ്കന്നി, ചെറിയ തോണിയിൽ കടലിലൂടെ പോകുന്ന ബപ്പിരിയനെ കാണുകയായിരുന്നു. ബപ്പിരിയനെ അവൾ വിളിച്ചെങ്കിലും അയാൾ അവഗണിക്കുകയായിരുന്നു. ഒടുവിൽ അവളുടെ മാന്ത്രിക കഴിവുകൾ ഉപയോഗിച്ചുള്ള വിളിയിൽ ബപ്പിരിയൻ ആകൃഷ്ടനായി. പിന്നീട് ഇരുവരും ഒന്നിച്ച് കൂരൻ കുന്നിൽ എത്തിച്ചേരുകയും തളിപ്പറമ്പ് കൈതകീൽ അമ്പലത്തിൽ പ്രതിഷ്ഠ നേടുകയുമായിരുന്നു.
തലശ്ശേരി അണ്ഡലൂർ കാവിൽ ബപ്പിരിയൻ ദൈവക്കോലം കെട്ടി ഇറങ്ങാറുണ്ട്. കണ്ണൂർ ജില്ലയിലെ അഴീക്കോട് മുച്ചിരിയൻ കാവിലും കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം സത്തിനപുരം ബപ്പിരിയൻ കാവിലും ഈ തെയ്യങ്ങൾ കെട്ടി ഇറങ്ങാറുണ്ട്. തെങ്ങിൽ കയറുന്ന ബപ്പിരിയൻ തെയ്യം പലപ്പോഴും തെങ്ങിൽ നിന്നും വീഴാറുണ്ട്. വണ്ണാൻ സമുദായക്കാരാണ് ബപ്പിരിയൻ തെയ്യം കെട്ടാറ്. അഴീക്കോട് മീൻകുന്നു മുച്ചിരിയൻ വയനാട്ടു കുലവൻ ക്ഷേത്രത്തിൽനിന്നും ഏറ്റവും ഒടുവിൽ തെങ്ങിൽ നിന്നും വീണു പരിക്കേറ്റത് പറശിനി സ്വദേശി അശ്വന്തിനാണ്.
മതസ്പർദ്ധയുണ്ടാക്കി കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന കാലത്ത് പള്ളിയിൽ ബാങ്ക് വിളിക്കുന്ന ബപ്പിരിയൻ, മാണിച്ചി തെയ്യങ്ങളെക്കുറിച്ച് പഠിക്കാൻകൂടി തയ്യാറാവണം. ഉമ്മച്ചി തെയ്യം ആലിചാമുണ്ടി മുക്രി പോക്കർ തുടങ്ങിയ തെയ്യങ്ങളെല്ലാം മത സൗഹാർദത്തിന്റെ മികച്ച ഉദാഹരണമാണ്. മടിക്കൈ മുണ്ടാട്ടു ശ്രീകോമരായ ദേവസ്ഥാനത്തെ കളിയാട്ടത്തിനും ഇത്തരം തെയ്യങ്ങൾ ഇറങ്ങാറുണ്ട്. ഗോത്രസമുദായക്കാരിയായ മാനിച്ചി എന്ന കാമുകിയുമായുള്ള യാത്രയും ബന്ധവും മാനിച്ചി തെയ്യത്തിന്റെ പുരാവൃത്തവും രേഖപ്പെടുത്തിയത് കാണാം.
മത‐ജാതിസ്പർദ്ധയില്ലാതെ മനുഷ്യരാകെ ഒരുമിച്ച് ജീവിക്കാനുള്ള സന്ദേശം നൽകുന്ന ഒട്ടേറെ തെയ്യങ്ങൾ നിറഞ്ഞാടിയ നാടായിരുന്നു ഉത്തര മലബാർ. l