Wednesday, February 12, 2025

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്തയ്‌ക്കടുത്ത്‌ ജ്യോതിബസു സെന്റർ ഫോർ സോഷ്യൽ സയൻസസ്‌

കൊൽക്കത്തയ്‌ക്കടുത്ത്‌ ജ്യോതിബസു സെന്റർ ഫോർ സോഷ്യൽ സയൻസസ്‌

കെ ആർ മായ

ശ്ചിമബംഗാളിൽ ഇടതുപക്ഷത്തിന്റെ സ്വാധീനവും അടിത്തറയും ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച, മുപ്പത്‌ വർഷക്കാലം പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ സ്‌മരണാർഥം നിർമിച്ച സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ്‌ ആന്റ്‌ റിസർച്ച്‌ (ജെപിസിഎസ്‌ആർ) സിപിഐ എം പൊളിറ്റ്‌ ബ്യൂറോ കോ‐ഓർഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

ന്യൂ ടൗണിലെ ജ്യോതിബസു നഗറിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ ബംഗ്ലാദേശിലെ പ്രശസ്‌തയായ രബീന്ദ്രസംഗീത ഗായിക റെസ്വാന ചൗധരി ബന്യ വിശിഷ്ടാതിഥിയായി. ബൃന്ദ കാരാട്ട്‌, മുഹമ്മദ്‌ സലിം, ബിമൻ ബസു തുടങ്ങിയ സിപിഐ എം നേതാക്കളും പങ്കെടുത്തു.

പൂർണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ ഈ ഇരുനില കെട്ടിടം പണികഴിപ്പിച്ചത്‌. ഉദ്‌ഘാടനദിവസവും വിവിധ വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും എട്ടുലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്‌ സീതാറാം യെച്ചൂരിയായിരുന്നു. രാജ്യത്തെയും സംസ്ഥാനത്തെയും പുരോഗമനപ്രസ്ഥാനത്തിന്‌ ജ്യോതിബസു നൽകിയ സംഭാവനകൾ ചടങ്ങിൽ പങ്കെടുത്തവർ അനുസ്‌മരിച്ചു.

ജ്യോതിബസു പ്രാകൃതശക്തികൾ എന്നു വിശേഷിപ്പിച്ച ബിജെപി‐ആർഎസ്‌എസ്‌ അധികാരത്തിന്റെ വാതിൽക്കൽ എത്തിനിൽക്കുകയായിരുന്നു. ഇന്നവർ അധികാരത്തിലെത്തി. രാജ്യത്തിന്റെ മതേതരഘടന തകർത്ത്‌ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനാണ്‌ അവർ ശ്രമിക്കുന്നത്‌. 1992ൽ സംഘപരിവാർ ശക്തികൾ ബാബറി മസ്‌ജിദ്‌ തകർത്തതിനെത്തുടർന്നുണ്ടായ വർഗീയ വിഭജനകാലത്ത്‌ രാജ്യത്തിന്റെ മതേതരഘടന സംരക്ഷിക്കുന്നതിൽ ജ്യോതിബസുവിന്റെ പങ്ക്‌ അനുസ്‌മരിച്ചുകൊണ്ട്‌, ഇന്ന്‌ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ വർഗീയശക്തികൾക്കെതിരായ പോരാട്ടത്തിന്‌ തീർച്ചയായും നേതൃത്വം നൽകുമായിരുന്നു എന്ന്‌ പ്രകാശ്‌ കാരാട്ട്‌ ഓർമിപ്പിച്ചു.

ജ്യോതിബസുവിന്റെ ജീവിതകാലത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രണ്ട്‌ പുസ്‌തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു. ഇത്തരം ഗവേഷണാധിഷ്‌ഠിത പ്രവർത്തനങ്ങൾ രാജ്യത്തെ തൊഴിലാളിവർഗപ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ സഹായകമാകുമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ സൂചിപ്പിച്ചു.

ശാന്തിനികേതനിലെ തന്റെ വിദ്യാഭ്യാസകാലത്ത്‌ ബസുവുമായുള്ള ഇടപെടലുകളെക്കുറിച്ച്‌ ബംഗ്ലാദേശിലെ രബീന്ദ്രസംഗീത ഗായിക റെസ്വാന അനുസ്‌മരിച്ചു. ഇപ്‌റ്റയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സാംസ്‌കാരികപരിപാടി ശ്രദ്ധേയമായി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + twenty =

Most Popular