Wednesday, February 12, 2025

ad

Homeസംസ്ഥാനങ്ങളിലൂടെമൂർഷിദാബാദിൽ സർവകലാശാലാ വിദ്യാർഥിപ്രക്ഷോഭം

മൂർഷിദാബാദിൽ സർവകലാശാലാ വിദ്യാർഥിപ്രക്ഷോഭം

ഷുവജിത്ത്‌ സർക്കാർ

വിദ്യാർഥികൾ നേരിടുന്ന അടിയന്തര പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും വിദ്യാഭ്യാസ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ മൂർഷിദാബാദ്‌ യൂണിവേഴ്‌സിറ്റി കവാടത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സർവകലാശാലയിൽ അടിസ്ഥാനസൗകര്യ വികസനം, വിദ്യാർഥികൾക്ക്‌ അവശ്യസൗകര്യങ്ങൾ പ്രദാനം ചെയ്യുക, സർവകലാശാല നേരിടുന്ന വ്യവസ്ഥാപരമായ വെല്ലുവിളികൾക്ക്‌ പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടപ്പെട്ടു. ദീർഘകാലമായി നടപ്പാക്കാതെ കിടന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ മുദ്രാവാക്യങ്ങൾ മുഴക്കിയും ബാനറുകളുയർത്തിയും വിദ്യാർഥികളും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിൽ അണിനിരന്നു.

എസ്‌എഫ്‌ഐ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ
യൂണിവേഴ്‌സിറ്റി ഭരണനിർവഹണം, പശ്ചാത്തലസൗകര്യ വികസനം, വിദ്യാർഥിക്ഷേമം തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിലാണ്‌ എസ്‌എഫ്‌ഐ മുന്നോട്ടുവച്ച ഡിമാന്റുകൾ ഊന്നൽനൽകിയത്‌. ഇവയടങ്ങുന്ന ഏഴിന അവകാശപത്രികയിലെ ഡിമാന്റുകൾ താഴെ പറയുന്നവയാണ്‌.

1. ഒഴിവുള്ള തസ്‌തികകളിൽ സ്ഥിരനിയമനം.
2. സ്ഥിരം ക്യാമ്പസും പശ്ചാത്തലസൗകര്യവികസനവും.
3. സൗജന്യ വൈ‐ഫൈ, ക്യാമ്പസിനുള്ളിൽ പെൺകുട്ടികൾക്ക്‌ സുരക്ഷ ഉറപ്പാക്കുക.
4. സാനിറ്ററി നാപ്‌കിൻ വെൻഡിങ്‌ മെഷീനുകൾ.
5. റാഗിങ്‌ വിരുദ്ധ സെൽ, ലൈംഗികാതിക്രമങ്ങൾക്കെതിരെ ജൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി (GSCASH) എന്നിവ രൂപീകരിക്കുക.
6. ജനാധിപത്യപരമായ വിദ്യാർഥി തിരഞ്ഞെടുപ്പും ക്യാമ്പസ്‌ സ്വാതന്ത്ര്യവും.
7. യൂണിവേഴ്‌സിറ്റി ലൈബ്രറി സ്ഥാപിക്കുക.

അക്കാദമിക ആവശ്യങ്ങൾക്കായി യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ പൂർണമായും സജ്ജീകരിച്ച ഒരു ലൈബ്രറി വേണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. അത്തരമൊരു സൗകര്യമില്ലാത്തത്‌ അക്കാദമിക മികവ്‌ പുലർത്തുന്നതിനുള്ള വിദ്യാർഥികളുടെ കഴിവിനെ സാരമായി ബാധിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം ഉയർത്തിക്കാട്ടിയുള്ള വിദ്യാർഥി പ്രതിഷേധത്തിനിടെ വിദ്യാർഥികൾ യൂണിവേഴ്‌സിറ്റിക്ക്‌ മുന്നിലേക്ക്‌ നടത്തിയ മാർച്ച്‌ പൊലീസ്‌ ബലംപ്രയോഗിച്ച്‌ തടഞ്ഞു. തുടർന്ന്‌ വിദ്യാർഥികൾ സമാധാനപരമായി കുത്തിയിരിപ്പ്‌ സമരം ആരംഭിച്ചു. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചും വിദ്യാർഥിസമൂഹത്തിന്റെ നീതിക്കായി നിശ്ചയദാർഢ്യത്തോടെ പ്രതിഷേധം തുടർന്നു.

യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലറുടെ അഭാവത്തിൽ, യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറുമായി എസ്‌എഫ്‌ഐ പ്രതിനിധിസംഘം ചർച്ച നടത്തി. പ്രതിഷേധക്കാർ ഉന്നയിച്ച പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌ രജിസ്‌ട്രാർ ഉറപ്പുനൽകി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ദേബഞ്‌ജൻ ഡേ ഉൾപ്പെടെയുള്ള പ്രമുഖ എസ്‌എഫ്‌ഐ നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു. അവരുടെ സാന്നിധ്യം പ്രതിഷേധക്കാർക്ക്‌ ആവേശം പകർന്നു. വിദ്യാർഥികളുടെ ക്ഷേമവും വിദ്യാഭ്യാസ നിലവാരത്തിലെ പുരോഗതിയും തങ്ങളുടെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന പ്രധാന തത്വങ്ങളാണെന്ന കാര്യം എസ്‌എഫ്‌ഐ ആവർത്തിച്ച്‌ വ്യക്തമാക്കുകയുണ്ടായി.

എസ്‌എഫ്‌ഐ ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം തന്നെ പ്രതിഫലിപ്പിക്കുന്നത്‌ ഇന്ത്യയിലെ ഒട്ടുമിക്ക സർവകലാശാലകളും നേരിടുന്ന വ്യവസ്ഥാപരമായ വെല്ലുവിളികളെയാണ്‌. സ്ഥിരം ഫാക്കൽറ്റികളുടെയും ജീവനക്കാരുടെയും അഭാവം, അപര്യാപ്‌തമായ അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാർഥികേന്ദ്രിതമായ സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം ഉന്നതവിദ്യാഭ്യാസരംഗത്തെ വിപുലമായ പ്രശ്‌നങ്ങളിലേക്ക്‌ വിരൽചൂണ്ടുന്നു. മൂർഷിദാബാദ്‌ സർവകലാശാലയിലെ പ്രതിഷേധം അവിടത്തെ മാത്രം പ്രശ്‌നങ്ങളെ സംബന്ധിച്ചല്ല, മറിച്ച്‌ മറ്റ്‌ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അത്‌ എല്ലാവർക്കും ലഭ്യമാക്കൽ, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായുള്ള നയപരമായ മാറ്റങ്ങളുടെ അനിവാര്യതയെക്കൂടി അത്‌ എടുത്തുകാട്ടുന്നു. വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാർഥിപ്രവർത്തനത്തിന്റെ ശക്തിയെപ്പറ്റിയുള്ള ഓർമപ്പെടുത്തൽ കൂടിയാണ്‌ മൂർഷിദാബാദിലെ എസ്‌എഫ്‌ഐ പ്രതിഷേധം. തുല്യത, എല്ലാവരെയും ഉൾച്ചേർക്കൽ, അക്കാദമിക മികവ്‌ എന്നിവയ്‌ക്ക്‌ മൂല്യം കൽപിക്കുന്ന ഒരു തലമുറയുടെ അഭിലാഷങ്ങളെയാണ്‌ എസ്‌എഫ്‌ഐ മുന്നോട്ടുവച്ച ഏഴിന അവകാശപത്രിക പ്രതിഫലിപ്പിക്കുന്നത്‌. വിദ്യാർഥികൾക്ക്‌ രജിസ്‌ട്രാർ നൽകിയ ഉറപ്പ്‌ പ്രതീക്ഷയ്‌ക്ക്‌ വകനൽകുന്നുണ്ടെങ്കിലും തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള, കൃത്യമായ നടപടിക്കായാണ്‌ അവർ കാത്തിരിക്കുന്നത്‌. മൂർഷിദാബാദ്‌ സർവകലാശാലയെ സംബന്ധിച്ചിടത്തോളം, വിദ്യാർഥികളുടെ ആവശ്യങ്ങളോടൊപ്പം ചേരാനും ഒരു മാതൃകാസ്ഥാപനമായി മാറാനുമുള്ള അവസരമാണിത്‌. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട അക്കാദമിക അന്തരീക്ഷം, സുരക്ഷ, ഉൾച്ചേർക്കൽ എന്നിവയുടേതായ ഒരു സംസ്‌കാരം വളർത്തിയെടുക്കാൻ സർവകലാശാലയ്‌ക്ക്‌ കഴിയും. അങ്ങനെ മറ്റ്‌ സർവകലാശാലകൾക്കും അനുകരിക്കാൻ കഴിയുന്ന ഒരു മാതൃകയാകാനും കഴിയും. എസ്‌എഫ്‌ഐയുടെ പോരാട്ടം ഒരു അടിസ്ഥാന യാഥാർഥ്യത്തെ അടിവരയിടുന്നു‐ വ്യക്തികളുടെ സമഗ്രമായ വികാസത്തിനും സമൂഹത്തിന്റെ പുരോഗതിക്കും അഭിവൃദ്ധി പ്രാപിച്ച ഒരു അക്കാദമിക്‌ അന്തരീക്ഷം അത്യന്താപേക്ഷിതമാണ്‌. അധികാരികൾ അവസരത്തിനൊത്തുയർന്ന്‌ അനിവാര്യമായ ഇത്തരം പരിഷ്‌കാരങ്ങൾ നടപ്പാക്കുമോ എന്ന്‌ കണ്ടറിയണം. മാറ്റത്തിനായി എസ്‌എഫ്‌ഐ നടത്തുന്ന സമരം മൂർഷിദാബാദിലെ വിദ്യാർഥികൾക്ക്‌ ശോഭനമായ ഭാവി വാഗ്‌ദാനം ചെയ്യുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 4 =

Most Popular