വർളി പ്രക്ഷോഭത്തിന്റെ വിജയം കർഷകർക്കിടയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം വർധിപ്പിച്ചു. ഗ്രാമീണ കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്‌ഠിച്ചു. 1955ൽ കിസാൻസഭയുടെ അഖിലേന്ത്യാ സമ്മേളനം താനെ ജില്ലയിലെ ദഹാനുവിലാണ് നടന്നത്. സമ്മേളനത്തിന്റെ അഭൂതപൂർവമായ വിജയം അതിനു തെളിവായിരുന്നു. സമ്മേളനത്തിന്റെ വിജയത്തിനു മുൻനിന്നു പ്രവർത്തിച്ചത് ഗോദാവരിയും ശ്യാംറാവു പരുലേക്കറുമായിരുന്നു.
മഹാരാഷ്‌ട്രയോട് ചേർന്നുകിടക്കുന്ന ദാദ്രാ‐നാഗർ ഹവേലി പോർച്ചുഗീസ് അധീനപ്രദേശമായിരുന്നു. മഹാരാഷ്‌ട്രയ്‌ക്കും ഗുജറാത്തിനും മധ്യത്തായി പശ്ചിമഘട്ടത്തിന് പടിഞ്ഞാറായാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. കോളനിവാഴ്‌ചയ്‌ക്കെതിരെ തദ്ദേശീയരുടെ സമരം വളരെ ശക്തമായി. സമരത്തിന് കമ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും അതിശക്തമായ പിന്തുണയാണ് നൽകിയത്. കോളനിഭരണത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന ജനങ്ങളുടെ നിശ്ചയദാർഢ്യം തന്നെ അന്തിമവിജയം കണ്ടു. 1954ൽ പോർച്ചുഗീസുകാർക്ക് ദാദ്രാ‐നാഗർ ഹവേലി ഉപേക്ഷിച്ചു പോകേണ്ടിവന്നു. ഈ സമരത്തിന് ശക്തമായ പിന്തുണയാണ് ഗോദാവരി പരുലേക്കറുടെ നേതൃത്വത്തിൽ പാർട്ടിയും കർഷകസംഘവും നൽകിയത്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ഇന്ത്യയൊട്ടാകെ ശക്തമായി. അതിന്റെ ഭാഗമായ സംയുക്ത മഹാരാഷ്‌ട്ര പ്രക്ഷോഭവും ശക്തിപ്പെട്ടു. ഗോദാവരിയും ശ്യാംറാവു പരുലേക്കറും ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. ആദിവാസിമേഖലയിൽ ഉൾപ്പെട്ട ഗുർഗോണിൽ ഗോദാവരി മുൻകൈയെടുത്ത് ഒരു വലിയ കൺവെൻഷൻ വിളിച്ചുകൂട്ടി. എസ് എം ജോഷിയുൾപ്പെടെയുള്ള നേതാക്കൾ അതിൽ പങ്കെടുത്തു. ഇന്ത്യയൊട്ടാകെ ഇളകിമറിഞ്ഞ പ്രക്ഷോഭമായിരുന്നു സംസ്ഥാന രൂപീകരണ പ്രക്ഷോഭം.
പ്രക്ഷോഭത്തെത്തുടർന്ന് ബോംബെ പ്രവിശ്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിക്കപ്പെട്ടു. മറാഠി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി മഹാരാഷ്‌ട്ര സംസ്ഥാനവും ഗുജറാത്തി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് ഗുജറാത്ത് സംസ്ഥാനവും രൂപീകരിക്കപ്പെട്ടു. 1960 മെയ് ഒന്നിനാണ് മഹാരാഷ്‌ട്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന ബോംബെയാണ് മഹാരാഷ്‌ട്രയുടെ തലസ്ഥാനം. ഇപ്പോൾ മുംബൈ എന്നാണ് ഈ നഗരം അറിയപ്പെടുന്നത്.
1957ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഠാണ പാർലമെന്റ് മണ്ഡലത്തിൽനിന്ന് ശ്യാംറാവു പരുലേക്കർ മത്സരിച്ചു. വർളികളുടെ നമ്പിച്ച പിന്തുണയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ സ്ഥാനാർഥിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഗോദാവരി മുന്നിട്ടുനിന്ന് പ്രവർത്തിച്ചു. ഠാണയിൽനിന്ന് വൻ ഭൂരിപക്ഷത്തോടെയാണ് ശ്യാംറാവു പരുലേക്കർ വിജയിച്ചത്.
1962 നവംബർ ഏഴിന് ഇന്ത്യ‐ചൈന അതിർത്തിസംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗോദാവരിയും ശ്യാംറാവു പരുലേക്കറും അറസ്റ്റ് ചെയ്യപ്പെട്ടു.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചപ്പോൾ ഗോദാവരിയും ശ്യാംറാവുവും സിപിഐ എം പക്ഷത്ത് നിലയുറപ്പിച്ചു. താനെ ജില്ലയിലെ പാർട്ടി അംഗങ്ങളെയും ഘടകങ്ങളെയും ഒറ്റക്കെട്ടായി സിപിഐ എം പക്ഷത്ത് ഉറപ്പിച്ചുനിർത്താൻ ഈ ദമ്പതികൾക്ക് സാധിച്ചു. ഏഴാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ഇരുവരും ജയിലിലായിരുന്നു. സിപിഐ എമ്മിന്റെ പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്ക് ശ്യാംറാവു പരുലേക്കർ തിരെഞ്ഞെടുക്കപ്പെട്ടു. തടവറയിൽ കഴിയവെ 1965 ആഗസ്‌ത് 3ന് ശ്യാംറാവു പരുലേക്കർ ഹൃദയാഘാതംമൂലം അന്തരിച്ചു. അതേ ജയിലിൽതന്നെ കഴിയുകയായിരുന്ന ഗോദാവരിയെ അക്ഷരാർഥത്തിൽ തളർത്തുന്നതായിരുന്നു ആ ദുരന്തം.
കുറച്ചുകാലത്തെ പരോളിനുശേഷം ഗോദാവരിക്ക് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടിവന്നു. ജയിൽവാസകാലത്താണ് ‘മനുഷ്യരുണരുമ്പോൾ’ എന്ന വിഖ്യാതകൃതി അവർ എഴുതിയത്. വർളി പ്രക്ഷോഭത്തെക്കുറിച്ച് അവർ എഴുതിയ ഹൃദയസ്‌പർശകമായ ആ കൃതി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിലേക്ക് ഈ കൃതി മൊഴിമാറ്റം ചെയ്യപ്പെട്ടു.
ദേശാഭിമാനി വാരിക അതിന്റെ മലയാള പരിഭാഷ പരമ്പരയായി പ്രസിദ്ധീകരിച്ചു. ചിന്ത പബ്ലിഷേഴ്‌സ് അത് പുസ്‌തകമായും പ്രസിദ്ധീകരിച്ചു. വ്യാപകമായ സ്വീകാര്യതയാണ് ആ കൃതിക്ക് കേരളത്തിൽ ലഭിച്ചത്. പല സർവകലാശാലകളും ആ കൃതി പാഠ്യവിഷയമായി ഉൾപ്പെടുത്തി.
1966 ഏപ്രിൽ 30നാണ് ഗോദാവരി ജയിൽമോചിതയായത്. ഒരു പതിറ്റാണ്ടിലേറെക്കാലം അവർ വിവിധ ജയിലുകളിലും ഒളിവിലുമായി കഴിഞ്ഞു. 1966ൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഗോദാവരി 1992 വരെ ആ സ്ഥാനത്ത് തുടർന്നു. അനാരോഗ്യംമൂലം അവർ കേന്ദ്രകമ്മിറ്റിയിൽനിന്ന് സ്വയമേവ ഒഴിഞ്ഞു.
1986ൽ പാട്‌നയിൽ നടന്ന കിസാൻസഭ അഖിലേന്ത്യാ സമ്മേളനം ഗോദാവരിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അതിനുമുമ്പ് നിരവധിവർഷം അവർ കിസാൻസഭയുടെ മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു. കർഷക ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അത് പൊതുസമൂഹത്തിന്റെയും ഗവൺമെന്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഗോദാവരി പരുലേക്കർ എന്നും ആവേശത്തോടെയാണ് പ്രവർത്തിച്ചത്. അവശജനവിഭാഗങ്ങളോടുള്ള അവരുടെ ആഭിമുഖ്യം കമ്യൂണിസ്റ്റുകാർക്കു മാത്രമല്ല പൊതുപ്രവത്തകർക്കാകെ മാതൃകയായിരുന്നു.
കർഷകരെ സംഘടിപ്പിക്കുന്നതിനും അവരുടെ പ്രക്ഷോഭങ്ങൾ നയിക്കുന്നതിനും ഗോദാവരി അനാരോഗ്യം പോലും വകവെക്കാതെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.
ആദിവാസി ജനവിഭാഗങ്ങളെ സാക്ഷരരാക്കുന്നതിൽ സമർപ്പണമനോഭാവത്തോടെയുള്ള ഗോദാവരിയുടെ പ്രവർത്തനങ്ങർ ഒരു പരിധിവരെ വിജയം കണ്ടു. താനെ ജില്ലയിലെ ആദിവാസി വിദ്യാർഥികൾക്കായി നിരവധി സ്‌കൂളുകളും കോളേജുകളും ഹോസ്റ്റലുകളും സ്ഥാപിക്കുന്നതിന് അവർക്ക് സാധിച്ചു. ഗോദാവരി മുൻകൈയെടുത്ത് സ്ഥാപിച്ച ആദിവാസി പ്രഗതി മണ്ഡലിന്റെ നേതൃത്വത്തിലാണ് മേൽപറഞ്ഞ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
മർദ്ദിത ജനവിഭാഗങ്ങൾക്കുവേണ്ടി സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച ഗോദാവരിക്ക് 1984ൽ ലോകമാന്യതിലക് അവാർഡ് ലഭിച്ചു. സാമൂഹികസമത്വത്തിനും സ്‌ത്രീവിമോചനത്തിനുംവേണ്ടി ആത്മാർഥമായി പ്രവർത്തിച്ചതിന് 1994ൽ സാവിത്രിബായി ഭൂലെ അവാർഡും ഗോദാവരിയെ തേടിയെത്തി.
1997ൽ നടന്ന മഹാരാഷ്‌ട്ര സംസ്ഥാന പ്ലീനത്തിൽ അനാരോഗ്യംമൂലം ഗോദാവരി സംസ്ഥാന സെക്രട്ടറിയറ്റിൽനിന്ന് സ്വയം ഒഴിഞ്ഞു. സംസ്ഥാനകമ്മിറ്റിയിൽനിന്നും തന്നെ ഒഴിവാക്കണമെന്ന് അവർ പാർട്ടിയോട് അഭ്യർഥിച്ചു. എന്നാൽ മഹാരാഷ്‌ട്രയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് സംസ്ഥാനകമ്മിറ്റിയിൽ ഗോദാവരിയെ നിലനിർത്തി.
ആറു പതിറ്റാണ്ടോളം കാലം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റെയും വളർച്ചയ്‌ക്ക് നിർണായക സംഭാവനകൾ ചെയ്‌ത ഗോദാവരി 1996 ഒക്ടോബർ 8ന് അന്തരിച്ചു. l