Wednesday, March 19, 2025

ad

Homeനാടൻകലകൈതച്ചാമുണ്ടിയും കരിം ചാമുണ്ടിയും

കൈതച്ചാമുണ്ടിയും കരിം ചാമുണ്ടിയും

പൊന്ന്യം ചന്ദ്രൻ

ക്ഷി തെയ്യങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കപ്പെടുന്ന തെയ്യങ്ങളാണ് കൈതച്ചാമുണ്ടിയും കരിംചാമുണ്ടിയും. യക്ഷി വിഭാഗത്തിൽപെടുന്നതുകൊണ്ടുതന്നെ ക്രൗര്യം ആട്ടത്തിലും അവതരണത്തിലും ഒരോ നോക്കിലും ഉൾപെടെ നിറഞ്ഞുനിൽക്കുന്നതായി കാണാം. പൊതുവെ തെയ്യത്തിന്റെ ക്രൗര്യത ഏറെ നിറഞ്ഞുനിൽക്കുന്ന തെയ്യങ്ങളാണു മേൽ സൂചിപ്പിച്ചവ.

രൗദ്രതയും ഭീകരതയും കാഴ്ചക്കാരിലേക്ക് പകർന്നുനൽകാൻ പാകത്തിലുള്ള അവതരണം തന്നെയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. സാധാരണ തെയ്യം അവതരിപ്പിക്കുന്ന കാവിന്റെയോ ക്ഷേത്രത്തിന്റെയോ മുറ്റത്ത് മാത്രമായി ഈ തെയ്യങ്ങളുടെ അവതരണം ഒതുങ്ങിനിൽക്കുന്നില്ല. പുഴക്കരയിലേക്കോ കൈതക്കാടുകളിലേക്കോ കുതിച്ചുപായുന്ന തെയ്യങ്ങളെയും കൂവിയാർത്ത് പിന്തുടർന്ന് ഓടുന്ന ജനങ്ങളെയും ഈ തെയ്യങ്ങളുടെ അവതരണ സമയത്ത് കാണാം.

കൈതച്ചാമുണ്ടി തെയ്യം അസുര സഹോദരന്മാരുടെ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. സഹോദരന്മാരായ ചന്തനും മുണ്ടനും ആണും പെണ്ണുമായിട്ടുള്ള ആരുടെയും ആക്രമണം ഏൽക്കരുത് എന്ന്‌ ആഗ്രഹിച്ചവരാണ്. ബ്രഹ്മാവിനെ സ്വാധീനിച്ചുകൊണ്ട, ആക്രമണത്തിൽനിന്നും മുക്തി നേടാനുള്ള വരം അവർ നേടുകയായിരുന്നു.

വരം കിട്ടിയതോടെ എന്തും ചെയ്യാനുള്ള ലൈസൻസ് കിട്ടിയ മട്ടിലായിരുന്നു അസുര സഹോദരന്മാരുടെ പ്രവർത്തനരീതി. നാട്ടുകാരെ ഒന്നടങ്കം ആക്രമിച്ചും തിമിർത്താടിയും അവരുടെ ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു.

സഹോദരതുല്യരായ ഈ അക്രമികളിൽനിന്നും നാടിനെ രക്ഷിക്കണമെന്ന ആഗ്രഹം ബ്രഹ്മാവിന് ഉണ്ടെങ്കിലും ബ്രഹ്മാവ് നിസ്സഹായനായിരുന്നു. തന്റെ ഇക്കാര്യത്തിലുള്ള പരിമിതി അവർ സ്വയം തിരിച്ചറിയുകയായിരുന്നു. ഗത്യന്തരമില്ലാതെ ബ്രഹ്മാവ് അസുര സഹോദരന്മാരെ ഒതുക്കാനായി മഹാദേവിയെ തന്നെ ദൗത്യം ഏൽപ്പിക്കുകയായിരുന്നു.

മഹാദേവി ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇരുവരെയും കീഴടക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ഭൂമി മുടിക്കാനായി ഇറങ്ങിയ ചന്തനെയും മുണ്ടനെയും ഏതുവിധേനയും വരുതിയിലാക്കണമെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു.

ഭൂമിയെ രക്ഷിക്കുന്നതിനായിട്ട്‌ എത്രയോ സ്ഥലങ്ങളിൽ ഒളിച്ചുകഴിഞ്ഞ മഹാദേവിക്ക് ഒരുവിധത്തിലും അക്രമകാരികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രകൃതി പ്രക്ഷുബ്ധമായ സന്ദർഭത്തിലാണ് മഹാദേവി അവരുടെ ദൗത്യവുമായി ഇറങ്ങിത്തിരിച്ചത്. വിവരണാതീതമായ കാറ്റ് വീശിക്കൊണ്ടിരിക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് സഞ്ചാരം അസാധ്യമായിക്കൊണ്ടിരിക്കുന്ന സന്ദർഭം നിലനിൽക്കുകയാണ്. അക്രമകാരികളിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ദൗത്യമാണ്‌ മഹാദേവി ഏറ്റെടുത്തത്. കാറ്റിന്റെ സകലമാന പ്രതിസന്ധികളെയും അതിജീവിച്ച് സകല ദേശങ്ങളിലും തിരച്ചിൽ ഇടവേളയില്ലാതെ തുടർന്നുകൊണ്ടിരുന്നു. കുറ്റിക്കാടുകൾക്കിടയിലും കൈതക്കുണ്ടകൾക്കിടയിലും അന്വേഷിച്ചുകൊണ്ടേയിരുന്നു. എന്നാൽ രണ്ടു കൈതകളുടെ ചെടി മാത്രം ഒട്ടും അനങ്ങാതെ ഇരിക്കുന്നു. മറ്റു കൈതക്കുണ്ടകൾ ആകെ ഇളകിയാടുമ്പോൾ രണ്ടെണ്ണത്തിന് മാത്രം എങ്ങിനെ ചലനം ഇല്ലാതിരിക്കും.

ഈ കൈതക്കുണ്ടിലായിരുന്നു ചണ്ടനും മുണ്ടനും ഉണ്ടായിരുന്നത്. മഹാദേവി വാള് വീശി രണ്ടിനെയും കൊന്നു. ചാമുണ്ടി ഉറഞ്ഞുതുള്ളി കൈത അറുത്തെടുത്ത് വരികയാണ്. ഇതാണ് കൈതച്ചാമുണ്ടിയുടെ സങ്കല്പം. വലിയ സാഹസികത നടത്തിയാണ് ചന്തനെയും മുണ്ടനേയും കണ്ടെത്തിയത് എന്ന് വരുത്തണം. അങ്ങനെ ഒരു വീരപരിവേഷം ഉണ്ടാകണമായിരുന്നു. ചോരയിൽ കുളിച്ച പ്രകൃതം ആയി ശരീരം മാറണം. ഇതിന് കൈതക്കുണ്ടയിലേക്ക് പോകുമ്പോൾത്തന്നെ കോഴിയെ കരുതും. തിരികെവരുമ്പോൾ കഴുത്തിൽ കടിച്ച്‌ അതിന്റെ ചോര ശരീരമാകെ ഒലിപ്പിക്കും. ചാതുർവർണ്യം നിലനിന്ന കാലത്ത്‌ തമ്പുരാക്കന്മാരുടെ മുന്നിൽ നിവർന്നുനിൽക്കാൻ ഊർജം നൽകിയത് ഇത്തരം തെയ്യങ്ങളായിരുന്നു.

വിനോദം എന്നതിനേക്കാൾ ആഴമേറിയ ആചാരം എന്ന നിലയ്‌ക്കു കൂടിയാണ് ചാമുണ്ടിത്തെയ്യങ്ങളെ കാണുന്നത്.

മട്ടന്നൂർ മാലൂർ ആര്യപറമ്പ് ശ്രീ കൂട്ടാക്കളം ക്ഷേത്രം,കൂത്തുപറമ്പ് നരവൂർ തൈക്കണ്ടി മഠപുര, നരവൂര് ചാത്താടി മനക്കൽ കാവ്, എരഞ്ഞോളി ചുങ്കം പനക്കാടൻ മലയൻ കാവ്, പാചപൊയ്‌ക മലപ്പിലായി കാവ്, വടകര നടാൽ ഭഗവതി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്.

കരിം ചാമുണ്ടി
മുസ്ലീം സമുദായവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യം കരിം ചാമുണ്ടിയുടെ പുരാവൃത്തത്തിൽ കാണാവുന്നതാണ്. പൊതുവെ ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങളെങ്കിലും വടക്കേ മലബാറിൽ ഹിന്ദു ദേവതമാരുടെ പുരാവൃത്തങ്ങളിൽ ഇഴചേർന്നുനിൽക്കുന്ന ചരിത്രം ഇസ്ലാമിക ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടു കിടക്കുന്നുണ്ട്. വെറും കാഴ്ചക്കാർ ആയിട്ടല്ല. മറിച്ച് ആത്മാർത്ഥമായ സഹകരണത്തിന്റെ തെളിവുകൾ കാണാം.

ഈ തെയ്യത്തിലും കൈതച്ചാമുണ്ടി പോലെ അവതരണത്തിലെ ചടുലത മാത്രമല്ല ചോരത്തെറിപ്പിന്റെ പോരിമ പ്രകടമാക്കുന്ന സമർപ്പണം കൂടിയാണു നടക്കുന്നത്.

അലി എന്ന മുസ്ലിം വ്യാപാരിയുടെ ഗർഭിണിയായ ഭാര്യയുടെ ഉദരം പിളർന്നു കുഞ്ഞിനെ എടുത്തു ഭക്ഷിച്ചു എന്നു ഐതിഹ്യം. എന്നാൽ തെയ്യത്തിന്റെ തോറ്റത്തിൽ ഇക്കാര്യം പറയുന്നേയില്ല. ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ അലി മലയടിവാരത്ത് നിന്നും സുന്ദരിയായ യുവതിയെ പരിചയപ്പെടുന്നു. ഞാൻ വയറ്റാട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ അവരോടൊപ്പം പായ്യതുമലയിലേക്ക് പോകുകയായിരുന്നു. സ്ത്രീ അകത്തു കയറിയതോടെ നിലവിളിയാണു കേൾക്കുന്നത്. പതുക്കെ നിലവിളി ഇല്ലാതാകുന്നതോടെ വാതിലിന്റെ അടിഭാഗത്തുകൂടി രക്തം ഒഴുകിവരുന്നതു കാണുന്നു. വയർപിളർന്നു ചോരയിൽ കുളിച്ചു കിടക്കുന്ന ഭാര്യയെ കാണുന്നു. ചോര കുടിക്കുന്ന ഭീകരരൂപത്തെയും കാണുന്നു.

സർവശക്തിയും ഉപയോഗിച്ച് അവളെ അലി ചവിട്ടുകയായിരുന്നു. അലറിവിളിച്ചു പുറത്തേക്ക് ഓടുമ്പോൾ പിന്നാലെ അലിയും ഓടുന്നു. കയ്യിൽ കരുതിയ ആയുധം കൊണ്ടു ഭീകരമായി തല്ലുമ്പോൾ അവളുടെ നിലവിളിയിൽ ഗ്രാമം ഒന്നടങ്കം വിറച്ചു.
പിന്നീട് അലിയെയുമെടുത്തു പാലമുകളിലേക്ക് സ്ത്രീരൂപം പറന്നുയരുകയായിരുന്നു. അലിയുടെ ചോര കുടിച്ചശേഷം ശരീരം താഴേക്ക് എറിയുകയായിരുന്നു. അലിയുടെ ചോരകുടിച്ചിട്ടും കലിയടങ്ങാത്ത പെണ്ണ് നാട്ടുകാരെ ഒന്നടങ്കം വിറപ്പിക്കുകയായിരുന്നു. തൃപ്തിയാകാത്ത ദുർദേവതയുടെ ദുർനടപടി അവസാനിപ്പിക്കാൻ പ്രശ്നപരിഹാരത്തിന് നാടുവാഴി ശ്രമിച്ചു. ദുർദേവതയെ കാവും സ്ഥാനവും നൽകി ആദരിക്കാൻ തീരുമാനിച്ചു. അത് കരിം ചാമുണ്ടി ആയി കെട്ടിയാടുവാൻ തുടങ്ങി.

ഓരോ നോട്ടത്തിലും ചാട്ടത്തിലും സകലതും ഭേദിച്ച് കുതിക്കുന്ന മനസ്സുള്ള തെയ്യങ്ങളായി ഇവയെ കാണാം.

തെയ്യക്കോലങ്ങളുടെ ക്രൗര്യതയെ തോല്പിക്കാൻ പാകത്തിൽ പിന്തുടർന്നുകൊണ്ടേയിരിക്കുക എന്നത് ചോരക്കൊതിയെ തോൽപ്പിക്കാനുള്ള ജനമനസ്സ് മറ്റെവിടുത്തെയുംപോലെ ഉത്തര മലബാറിലും പ്രകടമാകുന്നു എന്നുമാത്രം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 16 =

Most Popular