Wednesday, January 22, 2025

ad

Homeനാടൻകലമലബാറിലെ മാപ്പിള തെയ്യങ്ങൾ

മലബാറിലെ മാപ്പിള തെയ്യങ്ങൾ

പൊന്ന്യം ചന്ദ്രൻ

ലബാർ പൊതുവെ തെയ്യങ്ങളുടെ നാടായിട്ടാണ് അറിയപ്പെടുന്നത്. പതിതരും അടിച്ചമർത്തപ്പെട്ടവരുമായ ഒരു ജനത തങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന്റെയൊ വീണ്ടെടുപ്പിന്റെയോ ഗാഥകൾ ആലപിക്കുന്ന നിലയിലാണ് പല ഇടങ്ങളിലും തെയ്യത്തിന്റെ അവതരണങ്ങൾ നടക്കുന്നത്. ജീവിതത്തിൽ നിന്നും തിരസ്‌കരിക്കപ്പെട്ട ജനത തങ്ങളുടെ തിരസ്കാരത്തിന്റെ ചരിത്രം മേലാളവർഗത്തോട് വിളിച്ചുപറയുമ്പോൾ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രമാണ്‌ കാണാൻ കഴിയുന്നത്. തെയ്യങ്ങളുടെ ഐതിഹ്യങ്ങളിലെല്ലാം പ്രകടമാകുന്നത് നൂറ്റാണ്ടുകൾക്കപ്പുറം കാലയവനികയ്ക്കു പിന്നിൽ മറഞ്ഞവരുടെ ചരിത്രമാണ്‌.

പല പുരാവൃത്തങ്ങളും തെയ്യ കോലങ്ങൾക്ക്‌ വിഷയമാകുമ്പോൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിൽ അതിന്റെ അവതരണവും പ്രതികരണവും ഭവിക്കാറുണ്ട്. തെയ്യങ്ങൾ പൊതുവെ ഹൈന്ദവവിഭാഗത്തിന്റെ ആഘോഷമായാണ് പരിഗണിക്കാറ്. എന്നാൽ പല കാവുകളിലും ഇസ്ലാം മതവിഭാഗക്കാരുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. പൊന്ന്യം കടമ്പിൽ ക്ഷേത്രത്തിൽ തെയ്യങ്ങൾക്കു ചൂട്ടു കത്തിച്ചു കൊടുത്തിരുന്ന വയലിൽ ചന്ദ്രോത് കുടുംബം തച്ചോളി ഒതേനനേ വെടിവെച്ചുകൊന്ന ചുണ്ടങ്ങപോയിൽ മായൻ പക്കിയുടെ വീട്ടുകാരാണ്. എന്നാൽ ഇതിനെക്കാൾ അപ്പുറംകടന്നുള്ള ചരിത്രം ഇസ്ലാംമതത്തിൽപ്പെട്ടവരുടെ തെയ്യചരിത്രത്തിലുണ്ട്‌.

മാപ്പിള തെയ്യങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന നിരവധി തെയ്യക്കോലങ്ങൾ മലബാറിലെ കാവുകളിൽ കെട്ടിയാടുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ കുമ്പളയിൽ കെട്ടിയിറങ്ങുന്ന ആലിച്ചാമുണ്ടി തെയ്യമാണ് ഇതിൽ പ്രധാനപ്പെട്ടത്. ആരിക്കാടി തെയ്യം എന്ന് ഇത്‌ അറിയപ്പെടുന്നു. മുന്നൂറ് കൊല്ലം മുമ്പ് നടന്ന സംഭവത്തിന്റെ ചരിത്രാവിഷ്കാരം എന്ന നിലയിൽ ഇതിനെ ഗണിക്കാം. സ്ത്രീലന്പടനായ ഒരു മുസ്ലീം യുവാവിന്റെ സ്ത്രീകളോടുള്ള ആസക്തി നാട്ടിലെങ്ങും അയാൾക്കെതിരെ വികാരം ഉയർന്നുവരാൻ ഇടയായിട്ടുണ്ട്. പലപ്പോഴും സാമ്പത്തികമായി പരാധീനതയുള്ള സ്ത്രീകളെ പണം കൊടുത്തു വശീകരിക്കുന്ന രീതിയാണ് പൊതുവെ തുടർന്ന് വരാറ്. ഇയാളെ പിടികൂടി ശിക്ഷിക്കണമെന്ന് പല സ്ത്രീകൾക്കും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെ തിയ്യത്തറവാട്ടിലെ സുന്ദരിയായ ഒരു കന്യകയെ വലയിൽ വീഴ്‌ത്താൻ ഇയാൾ ശ്രമിച്ചതിനെത്തുടർന്ന്‌ തറവാട്ടുകാരണവർ കുലദേവതയായ പാടാർക്കുളങ്ങര ഭഗവതിയെ പ്രാർഥിക്കുകയും ഭഗവതി സുന്ദരിയായ ഒരു സ്‌ത്രീയുടെ രൂപം സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ വേഷം മാറിയ ഭഗവതി പാറക്കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ അതിന്റെ കരയിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീലമ്പടനായ ആലി സുന്ദരിയായ സ്ത്രീയെ കണ്ട് അവളെ വശീകരിക്കാനായി കുളത്തിലേക്ക് ഇറങ്ങി. നീരാട്ടിനിടയിൽ ആലിയുടെ അരയിൽക്കെട്ടിയ ഉറുക്കും തണ്ടും ഭഗവതി കൈക്കലാക്കുകയും തൽസ്വരൂപം സ്വീകരിച്ച്‌ ആലിയെ വകവരുത്തുകയും ചെയ്‌തു. ഈ സംഭവത്തിനുശേഷം നാട്ടിൽ ദുർനിമിത്തങ്ങൾ ഏറിവരികയും തുടർന്ന്‌ നടത്തിയ പ്രശ്‌നവിധി പ്രകാരം ദൈവക്കരുവായ ആലിക്ക്‌ കൊട്ടിക്കലാശം കൽപിക്കുകയും ചെയ്‌തു. ഈ സംഭവത്തിന്റെ ഓർമയ്‌ക്കാണ്‌ ആലിച്ചാമുണ്ടി തെയ്യം അരങ്ങേറുന്നത്‌.

ഇവിടെ കൊല്ലപ്പെട്ട ആളുടെ ഓർമയിലാണ് തെയ്യം കെട്ടി ആടുന്നത്. കുളക്കരയിൽ ഇപ്പോളും കാണുന്ന രണ്ടു കല്ല് കൊല്ലപ്പെട്ട ആളിന്റെ രണ്ടു ചെരുപ്പ് ആണെന്ന സങ്കൽപത്തിലാണ് ഇന്ന് അവിടുത്തെ ജനങ്ങൾ. ഈ സംഭവത്തെ അനുസ്‌മരിച്ചുകൊണ്ട്‌ വർഷാവർഷം തെയ്യം കെട്ടിപ്പോരുന്നു.

മാപ്പിള തെയ്യത്തിന്റെ മുഖത്തെഴുത്ത് ഏറെ ശ്രദ്ധേയമാണ്. പൂർണമായും കറുത്ത മുഖമാണ്‌ ഇവിടെ വരയ്‌ക്കുന്നത്. വസ്ത്രാലങ്കാരം സാധാരണ പോലെ ചുവപ്പും വെളുപ്പും ആണെങ്കിലും തുർക്കി തൊപ്പി ഏറെ പ്രത്യേകതയുള്ളതാണ്. കാപട്യത്തിന്റെ പ്രതീകമായ കറുത്ത മുഖം വരച്ചുചേർക്കുമ്പോൾത്തന്നെ സ്വർണ്ണ തൊപ്പി അണിയിക്കുന്നത് സമ്പന്നതയുടെ അടയാളം കൂടിയായിട്ടായിരുന്നു. കാസർഗോഡ് ജില്ലയിൽ ഇപ്പോളും ഈ തെയ്യം കെട്ടി ആടുന്നുണ്ട്.

മലബാറിൽ നിരവധി കാവുകളിൽ ഇപ്പോളും കെട്ടിയാടുന്ന നിരവധി മാപ്പിള തെയ്യങ്ങളുണ്ട്‌.

ആര്യ പൂങ്കനി തെയ്യം ഇക്കൂട്ടത്തിൽ പ്രധാനപ്പെെട്ട ഒന്നാണ്. ആര്യനാട്ടിൽ നിന്നും വന്ന ഒരു കന്യകയുടെ ജീവിതം ആസ്പദമാക്കിയുള്ള തെയ്യമാണിത്. ഈ കന്യകയാണ്‌ ഭഗവതിയായി കെട്ടിയാടുന്നത്. ഒരു അപകടത്തിൽപ്പെട്ട കന്യകയെ രക്ഷപ്പെടുത്തുന്നത് മുസ്ലീം സമുദായത്തിൽപ്പെട്ട ആളാണ്. പൂങ്കന്നി തെയ്യത്തിന്റെ സഹായിയായി ഒപ്പം ഉണ്ടാവുന്നത് തോണിക്കാരനായ മുസ്ലിമാണ്‌. കണ്ണൂർ ജില്ലയിലെ ചലക്കടുത്തുള്ള ആഡൂരിലെ ഒരു കാവിൽ കെട്ടിയാടുന്നത്‌ ഈ തെയ്യമാണ്. ആര്യ പൂങ്കണ്ണി തെയ്യം എന്നും ബപ്പിരിയൻ തെയ്യം എന്നും ഇത് അറിയപ്പെടുന്നുണ്ട്. തെയ്യത്തിന്റെ ഭാഗമായി വെള്ളാട്ടം കെട്ടിയിറങ്ങുമ്പോൾ മറ്റു തെയ്യക്കോലങ്ങളിൽ നിന്നും വ്യത്യസ്തമായി ചെറിയ മുടിയുമായാണ്‌ ഇറങ്ങാറ്.

ഇങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള മാപ്പിള തെയ്യങ്ങൾ ഹിന്ദു മതത്തിൽപ്പെട്ടവരുടെ കാവുകളിൽ തന്നെയാണ്‌ കെട്ടിയിറങ്ങുന്നത്. ഇവിടെ എല്ലാ മതവിശ്വാസികളും വന്നുചേരും എന്നത് ഏറെ പ്രത്യേകത ഉള്ളതാണ്.

മത സൗഹാർദത്തിന്റെ പ്രതീകമായി കെട്ടിയിറങ്ങുന്ന മാപ്പിള തെയ്യങ്ങൾക്ക്‌ ഏതാണ്ട് എഴുന്നൂറ് വർഷത്തെ പുരാവൃത്ത ചരിത്രം ഉള്ളതായി അനുമാനിക്കുന്നു. മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ പ്രേതകോലങ്ങളാണ് മാപ്പിള തെയ്യങ്ങളായി കെട്ടിയാടാറ്. കാസർഗോഡ് ജില്ലയിലെ കമ്പല്ലൂർ ഗ്രാമത്തിലെ കോട്ടയിൽ തറവാട് മാപ്പിള തെയ്യത്തിന്റെ ചരിത്രശേഷിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. മാവിലാൻ സമുദായക്കാരാണ് ഇവിടെ തെയ്യം കെട്ടുന്നത്. തെയ്യക്കോലത്തോടെ തന്നെ പള്ളിയിൽ കയറി ബാങ്കുവിളിയുടെ നേരത്ത് അതു നിർവഹിക്കുകയും സമയത്തിന് നിസ്‌കരിക്കുകയും ചെയ്യുന്ന മാപ്പിള തെയ്യം തന്നെയാണ് മലബാറിന്റെ പ്രത്യേകത.

പുളിങ്ങോം പള്ളി ഉറൂസിന് സഹായിക്കുന്നവരുടെ കൂട്ടത്തിൽ പ്രധാനം കമ്പല്ലൂർ ഗ്രാമത്തിലെ കോട്ടയിൽ തറവാട്ടുകാരാണ്. ഇങ്ങനെ മതസ്പർദ്ധയില്ലാതെ കൊടുക്കൽ വാങ്ങൽ പ്രക്രിയയുടെ പ്രധാന ഉദാഹരണമായി മാപ്പിള തെയ്യങ്ങളും പുളിങ്ങോം പള്ളിയിലെ ഉറൂസും അനുഭവിച്ചുപോന്ന ഒരു നാട് എങ്ങനെ മതപരമായി ഇനിയും വിഭജിക്കാമെന്ന്‌ ആലോചിക്കുന്ന ഒരു കാലത്തെയാണ് നാം ഇന്ന്‌ സംബോധന ചെയ്യുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 7 =

Most Popular