Sunday, November 24, 2024

ad

Homeനാടൻകലഏഴരക്കണ്ടം

ഏഴരക്കണ്ടം

പൊന്ന്യം ചന്ദ്രൻ

യോധനകലയായ കളരിപ്പയറ്റുമായി ബന്ധപ്പെട്ടാണ്‌ ഏഴരക്കണ്ടം എന്ന പേര്‌ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത്‌. വടക്കെ മലബാറിലെ തലശ്ശേരി താലൂക്കിൽ കതിരൂർ പഞ്ചായത്തിൽ പൊന്ന്യം വയലിൽ കരയോട്‌ ചേർന്നു നിൽക്കുന്ന വയൽപ്രദേശമാണ്‌ ‘ഏഴരക്കണ്ടം’ എന്ന പേരിൽ അറിയപ്പെടുന്നത്‌.

തച്ചോളി ഒതേനനും കതിരൂർ ഗുരിക്കളും അവസാനമായി പയറ്റ്‌ നടത്തിയ പ്രദേശമെന്ന നിലയിൽ മാത്രമല്ല ഏഴരക്കണ്ടം അറിയപ്പെടാനിടയായത്‌. ചരിത്രത്തിൽ പോയനാളിന്റെ ജീവിതവും സംസ്‌കാരവും പൂർണരൂപത്തിൽ രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. എന്നാൽ വാമൊഴി വഴക്കത്തിലൂടെ പകർന്നുകിട്ടിയ വിവരം ആർക്കും നിഷേധിക്കാനാവാത്തവിധം ചരിത്രത്തോട്‌ ചേർന്നുനിൽക്കുന്നതാണ്‌. ഏതാണ്ട്‌ മുന്നൂറ്റിയന്പത്‌ വർഷം മുന്പ്‌ മലബാറിൽ നടന്ന സാംസ്‌കാരികവും നാടൻ ജീവിതവുമായി ഉൾച്ചേർന്ന ഏതാണ്ടെല്ലാ നടപ്പുരീതികളും നാടൻപാട്ടുകളിലൂടെയും അരവ്‌ പാട്ടുകളിലൂടെയും പ്രചരിച്ചുപോന്നതായി കാണാം. വയലിൽ നാട്ടിപ്പാട്ടിന്റെ സന്ദർഭത്തിലും വടക്കൻ വീരഗാഥകൾ ഒന്നൊഴിയാതെ ഉരുവിടുന്നതും നാം കണ്ടിട്ടുണ്ട്‌. ഒതേനനെയും കതിരൂർ ഗുരുക്കളെയും പൊന്ന്യം ഏഴരക്കണ്ടത്തെയും എല്ലാം സമഗ്രമായി പരാമർശിക്കുന്ന പുസ്‌തകം കടത്തനാട്ട്‌ മാധവിയമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.

വടകര ലോകനാർകാവിൽനിന്നും തർക്കത്തിനൊടുവിൽ കതിരൂർ ഗുരുക്കളോട്‌ പൊന്ന്യം ഏഴരക്കണ്ടത്തിൽ കുംഭം 10, 11 തീയതികളിൽ കാണാം (പയറ്റാം) എന്നു പറയണമെങ്കിൽ ഏഴരക്കണ്ടം അതിനുമുന്പും കളരിപ്പയറ്റ്‌ നടന്നിട്ടുള്ള സ്ഥലമായിരുന്നു എന്നതിന്‌ തെളിവാണ്‌. മാത്രവുമല്ല, നാടൻപാട്ടുകളിലും പൊന്ന്യം ഏഴരക്കണ്ടത്തെ പരാമർശിക്കുന്നത്‌ കളരിപ്പയറ്റിനോ പൊയ്‌ത്തിനോ ഉള്ള ഭൂപരിസരമായിത്തന്നെയാണ്‌.

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു പരിസരം അനാഥമായി കിടന്ന സ്ഥലത്ത്‌ സമീപകാലത്ത്‌ കളരിപ്പയറ്റിന്റെ വാൾത്തലകൾ മിന്നിത്തിളങ്ങുന്നത്‌ കാണാനാവും. പുതുതലമുറയ്‌ക്ക്‌ അനാഥമായിട്ടോ അജ്ഞാതമായിട്ടോ കിടന്നിരുന്ന ഏഴരക്കണ്ടം കഴിഞ്ഞ പത്തുവർഷം അനേകായിരങ്ങൾ ഒത്തുകൂടുന്ന ഉത്സവപ്പറന്പിനു സമാനമാണ്‌. കളരിപ്പയറ്റ്‌ എന്ന ആയോധനകലയുടെ വീരസ്യം കലർന്ന വെല്ലുവിളിയിൽ പൂഴിക്കടകൻ എന്ന ചതിപ്രയോഗത്തിലൂടെയാണെങ്കിലും കതിരൂർ ഗുരുക്കളുടെയും മറ്റൊരു ഒളിയാക്രമണത്തിൽ തച്ചോളി ഒതേനന്റെയും ജീവൻ പിടഞ്ഞവസാനിച്ചൂ. രണ്ടിടങ്ങളും തമ്മിൽ ഏതാനും വാരകളുടെ അകലമേ ഉണ്ടായിരുന്നുള്ളൂ.

ഏഴരക്കണ്ടത്തിനും നാഴികകൾ ചുറ്റളവിലുള്ള കൃഷിക്കാർ വാഴകൃഷിക്കും പച്ചക്കറിക്കും വെള്ളം കോരുവാൻ കുംഭം 10, 11 തീയതികളിൽ പോകാറുണ്ടായിരുന്നില്ല. ഏതാണ്ട്‌ പത്തന്പത്‌ കൊല്ലം മുന്പുവരെ ഈ ശീലം പൊന്ന്യം വയലിലെ കൃഷിക്കാർ തുടർന്നിരുന്നു. കതിരൂർ ഗുരുക്കൾക്കും തച്ചോളി ഒതേനനും ജീവൻ വെടിയേണ്ടിവന്ന ഈ രണ്ടു ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകാറുണ്ടെന്നും പ്രകൃതിയുടെ കോപത്തിൽ പെട്ടുപോകരുതെന്നും അക്കാലത്ത്‌ കുട്ടികളോട്‌ പറഞ്ഞുകൊണ്ടിരുന്നത്‌ നമ്മൾ കേട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം വിശ്വാസം ആരും വെച്ചുപുലർത്തുന്നില്ല. ഒരു വയൽ
പ്രദേശം പല സന്ദർഭങ്ങളിലായി മെയ്‌ക്കരുത്ത്‌ കാട്ടാൻ ഇടയാകുന്നതോടെ എത്ര അകലെനിന്നും അങ്കംകുറിച്ചെത്തുവാൻ കഴിയുന്ന അങ്കഭൂമിയായി അത്‌ പരിണമിക്കുകയായിരുന്നു.

കതിരൂർ ഗുരുക്കളും ഒതേനനും പയറ്റ്‌ നടത്തിയ മണ്ണിൽ അങ്കത്തട്ട്‌ ഉയർന്നുകഴിഞ്ഞു. നാട്ടുകാരായ ഏതാനും വ്യക്തികളുടെ (ഈ ലേഖകനടക്കം) തുടർച്ചയായ അന്വേഷണവും പലപ്പോഴായി വിളിച്ചുചേർക്കപ്പെട്ട യോഗങ്ങളുടെയും ഒടുവിൽ പാട്യം ഗോപാലൻ സ്‌മാരക വായനശാലയുടെ കൂടി മുൻകൈയിൽ ഏഴരക്കണ്ടത്തിൽ ‘പെന്ന്യത്തങ്ക’ത്തിന്‌ പത്തുകൊല്ലം മുന്പ്‌ തുടക്കംകുറിക്കുകയാണ്‌. കുംഭം 10, 11 തീയതികൾ കൂടി ഉൾപ്പെടുന്ന രീതിയിൽ അതേകാലത്ത്‌ ഏഴുദിവസം നീണ്ടുനിൽക്കുന്ന കളരിയുത്സവത്തിന്‌ കഴിഞ്ഞ പത്തുവർഷമായി തിരിതെളിഞ്ഞതോടെ ആയോധനകലയുടെയും നാടൻ കലാജീവിതത്തിന്റെയും പുതിയ സംസ്‌കാരത്തിലേക്ക്‌ അനേകായിരങ്ങൾ ദിനേനയെന്നോണം വന്നുചേരുകയായിരുന്നു. ഒരാഴ്‌ചക്കാലത്തെ ചരിത്രാന്വേഷണവും ഉത്സവപ്രതീതിയും ചേർത്തുനിർത്തിയ ആഘോഷരാവുകൾ.

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും എത്തിച്ചേരുന്നവർക്ക്‌ കളരിയെക്കുറിച്ച്‌ സർവവിധ അറിവും ലഭിക്കാൻ പാകത്തിലുള്ള കളരി മ്യൂസിയം ആരംഭിക്കുന്നതിന്‌ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നു. കളരിമുറകളും ഉഴിച്ചിലും തടവലും ചികിത്സയും മർമചികിത്സയും വിവിധ കളരി ആയുധങ്ങളുടെ പ്രദർശനവും നീന്തൽക്കുളവും നാടൻ ഭക്ഷണശാലയും എൽഇഡി പ്രോജക്ടർ ഉൾപ്പെടെയുള്ള നവീന ലൈബ്രറിയും എല്ലാമടങ്ങുന്ന തികച്ചും ആധുനികരീതിയിലുള്ള കളരിമ്യൂസിയത്തിന്‌ സർക്കാർ എട്ടുകോടി രൂപ അനുവദിച്ചു കഴിഞ്ഞു. ആവശ്യമായ സ്ഥലമെടുപ്പിന്‌ നാട്ടുകാർ കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ സഹകരിച്ച്‌ ഫണ്ട്‌ സ്വരൂപിക്കുകയും സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്‌തു. ഇനി ആൾപ്പെരുമാറ്റം ഇല്ലാതെപോയ ഏഴരക്കണ്ടം അറിയപ്പെടുന്നത്‌ ‘ഏഴരക്കണ്ടം കളരി മ്യൂസിയം’ എന്ന പേരിലാണ്‌. വിസ്‌മൃതിയിൽ ആണ്ടുപോകുമായിരുന്ന ഒരു ചരിത്രഭൂമിയുടെ വീണ്ടെടുപ്പ്‌.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × five =

Most Popular