Friday, November 22, 2024

ad

Homeചിത്രകലനന്മയുടെ ചിത്രഭാഷ

നന്മയുടെ ചിത്രഭാഷ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

വിടപറഞ്ഞ ചിത്രകലാചാര്യൻ

മാനവികതയുടെ വെളിച്ചത്തിലൂന്നി നിന്ന്‌ സമൂഹത്തിലേക്ക്‌ തങ്ങളുടെ കലാദർശനങ്ങൾ പകർന്നുനൽകിയ കലാകാരൻമാരിൽ പ്രമുഖനായിരുന്നു കലാലോകത്തോട്‌ വിടപറഞ്ഞ വിഖ്യാത ചിത്രകാരൻ സി എൽ പൊറിഞ്ചുകുട്ടി. സംസ്ഥാനത്തെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ ആദ്യ പ്രിൻസിപ്പൽ, കേന്ദ്രലളിതകലാ അക്കദമി സെക്രട്ടറി, വൈസ്‌ ചെയർമാൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ചിത്ര, ശിൽപകലാരംഗത്ത്‌ ദേശീയ അന്തർദേശീയ തലത്തിലും അദ്ദേഹം പ്രശസ്തനായിരുന്നു. മികച്ച കലാധ്യാപകനായും ചിത്രകാരനായും കലാസ്ഥാപന മേധാവിയായും പൊതുസമ്മതനായിരുന്നു. സമകാലീന കലയിൽ ഇന്ത്യൻ ചിത്ര–-ശിൽപ കലയുടെ ശക്തമായ അടയാളപ്പെടുത്തലുകൾ നൽകി സാംസ്കാരിക മേഖലയിൽ പുത്തനുണർവ്‌ പകരുന്നതിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സി എൽ പൊറിഞ്ചുകുട്ടിയുടേത്‌. നിരന്തരം ചിത്രപ്രദർശനങ്ങൾ നടത്തിയോ പൊതുവേദികളിലൂടെയൊ സജീവമായിരുന്നില്ല അദ്ദേഹം. മറിച്ച്‌ കുറച്ച്‌ ചിത്രങ്ങളിലൂടെ കൂടുതൽ അറിയപ്പെടുകയും ചിത്രകലാരംഗത്തെ ക്രിയാത്മകപ്രവർത്തനങ്ങളിലൂടെ അതിലേറെ ആദരവ്‌ നേടുകയും ചെയ്ത കലാകാരനായിരുന്നു പൊറിഞ്ചുകുട്ടി.

കലാധ്യാപകരംഗത്ത്‌ കാലാനുസൃതമായ മാറ്റങ്ങൾക്കപ്പുറമുള്ള കാഴ്ചപ്പാട്‌ അദ്ദേഹത്തിന്റെ കർമ്മമണ്ഡലത്തെ സവിശേഷമാക്കി. അതിന്റെ തുടക്കമായിരുന്നു തിരുവനന്തപുരത്തെ സ്കൂൾ ഓഫ്‌ ഫൈൻ ആർട്‌സ്‌ ‘കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌’ ആക്കി ഉയർത്തുന്നത്‌. അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോന്റെ സഹായത്തോടെ നിരന്തരമായ പരിശ്രമങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ അത്‌ നടപ്പിലാക്കാൻ കഴിഞ്ഞു. അതുപോലെ പ്രാധാന്യമുള്ളതായിരുന്നു വാസ്തുശിൽപകലയുടെ സൗന്ദര്യം തൊട്ടറിയുന്ന സ്കൂൾ ഓഫ്‌ ഫൈൻ ആർട്‌സ്‌ കെട്ടിടം പൊളിച്ച്‌ പുതിയ കെട്ടിടം പണിയാനുള്ള തീരുമാനം. കലാപഠനത്തിന്‌ കാലത്തിനനുസരിച്ച്‌ മാറ്റങ്ങളോടെ സിലബസ്‌ പരിഷ്‌കരണം, ചിത്ര‐ശിൽപ കലയുമായി ബന്ധപ്പെട്ട പരീക്ഷകൾക്ക്‌ പുതിയ മാർഗനിർദേശങ്ങൾ, കെജിസി ഫൈൻ ആർട്‌സ്‌ സിലബസ്‌ പരിഷ്‌കരണം തുടങ്ങി കലാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടലുകൾ എണ്ണിപറയാൻ നിരവധിയുണ്ട്‌.

ലാളിത്യമാർന്ന രേഖകളും രൂപങ്ങളും വർണങ്ങളുമാണ്‌ പൊറിഞ്ചുകുട്ടി സാറിന്റെ കലയുടെ കരുത്ത്‌. തന്റെ സൗന്ദര്യശാസ്‌ത്ര ചിന്തകളെ ചുറ്റുമുള്ള സമൂഹവുമായി ഇഴചേർത്തുകൊണ്ടുള്ള ചിത്രങ്ങളാണ്‌ അദ്ദേഹം വരച്ചുകാട്ടിയത്‌. തീവ്ര വർണപ്രയോഗം പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള നിറസമൃദ്ധിയായിരുന്നു അവ. നമുക്കിടയിലെ സാധാരണ മനുഷ്യരെയും പശ്ചാത്തല രൂപമാതൃകകളെയുമൊക്കെ സ്നേഹത്തിന്റെയും ശക്തിയുടെയും നിറങ്ങൾ ചാലിച്ചുചേർത്താണ്‌ തന്റെ ക്യാൻവാസുകളെ അദ്ദേഹം വർണാഭമാക്കിയത്‌. സ്‌പെയിസിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നന്മയുടെ ചിത്രഭാഷ. നന്മ മാഞ്ഞുപോകാതെ മാനവികതാബോധം തിരയുന്ന ഒരു സമൂഹത്തെയാണ്‌ തന്റെ ചിത്രങ്ങളിലൂടെ ആത്മപ്രകാശനം ചെയ്യുന്നതെന്ന്‌ ആസ്വാദകരും തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം പ്രയോഗിച്ച നിറങ്ങളുടെ ശാന്തത സ്വന്തം ചിത്രങ്ങളിലും പെരുമാറ്റത്തിലും എന്നും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പൊറിഞ്ചുകുട്ടിയുടേത്‌.

കലാധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശിഷ്യർക്ക്‌ മറക്കാനാകില്ല. പ്രിൻസിപ്പലായിരിക്കുമ്പോഴും ക്ലാസുകൾ സന്ദർശിക്കുക പതിവായിരുന്നു. ഭയപ്പാടില്ലാതെ രേഖകളും രൂപങ്ങളും വർണങ്ങളുമൊക്കെ ശക്തിയായി പ്രയോഗിക്കാനും ചിത്ര–-ശിൽപകലാരംഗത്ത്‌ ക്രിയാത്മകമായി പ്രവർത്തിക്കുവാനും പലർക്കും ദേശീയ, അന്തർദേശീയ തലത്തിൽ പിൽക്കാലത്ത്‌ ശ്രദ്ധേയരാകാനും അദ്ദേഹത്തിന്റെ നിരവധി വിദ്യാർഥികൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ചിത്രകലാരംഗത്ത്‌ സംസ്ഥാനസർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ രാജാരവിവർമ പുരസ്കാരം, കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ഫെലൊഷിപ്പ്‌, ലളിതകലാ അക്കാദമി ഫെലൊഷിപ്പ്‌, ഐഫക്സ്‌ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. രാജ്യത്ത്‌ വിവിധ സംസ്ഥാനങ്ങളിൽ ഏകാംഗ, സംഘചിത്ര പ്രദർശനങ്ങൾ, ദേശീയ, അന്തർദേശീയ ചിത്രകലാ ക്യാമ്പുകൾ എന്നിവയിലും അദ്ദേഹം പങ്കെടുത്തു.

1932ൽ തൃശൂർ ചിറനെല്ലൂരിലാണ്‌ ജനനം. സ്കൂൾ, കോളേജ്‌ പഠനശേഷം ചിത്രകലാപഠനം. തുടർന്ന്‌ ജയ്‌പൂർ സർവകലാശാലയിൽ നിന്ന്‌ ബിരുദാനന്തര ബിരുദം നേടുകയും മാവേലിക്കര സ്കൂൾ ഓഫ്‌ ആർട്‌സിൽ അധ്യാപകനായി ചേരുകയും ചെയ്തു. തിരുവനന്തപുരത്ത്‌ സ്കൂൾ ഓഫ് ഫൈൻ ആർട്‌സിൽ മേധാവിയായി എത്തുകയും തുടർന്ന്‌ 1976 മുതൽ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ പ്രിൻസിപ്പലായി. 1987ൽ വിരമിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിൽ ബോർഡ്‌ ഓഫ്‌ സ്റ്റഡീസ്‌ അംഗമായും പരീക്ഷാ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. നവതി പിന്നിട്ട അദ്ദേഹം നിറങ്ങളുമായി സംവദിക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല. മഹേഷ്‌ പൗലോസ്‌ രചിച്ച “സി എൽ പൊറിഞ്ചുകുട്ടി–- വ്യക്തിയും കലാജീവിതവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയും 50 കലാകാർ ചേർന്നൊരുക്കുന്ന മറ്റൊരു പുസ്തകവും തയ്യാറാകുന്നതിനിടെയാണ്‌ അദ്ദേഹത്തിന്റെ വേർപാട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 − three =

Most Popular