Thursday, November 21, 2024

ad

Homeചിത്രകലലിപിവിന്യാസങ്ങളുടെ നവദർശനങ്ങൾ

ലിപിവിന്യാസങ്ങളുടെ നവദർശനങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

നിത്യജീവിതത്തിൽനിന്ന്‌ വേറിട്ട; നിൽക്കുന്ന ഒന്നല്ല സംസ്‌കാരവും ഭാഷയുമൊക്കെ. നവീനമായ ചിന്തയും കാഴ്‌ചയും ലയമേളനവും കൊണ്ട്‌ രൂപം, നിറം, ആശയം എന്നിവയിലൂടെ ഭാഷയെ അക്ഷരചിത്രങ്ങളായി ചിത്രതലത്തിൽ ആവിഷ്‌കരിക്കുന്ന ചിത്രകലാസമന്വയമാണ്‌ (അക്ഷരകല) കലിഗ്രഫിയിൽ സംഭവിക്കുന്നത്‌.

വിപുലമായൊരു അടിത്തറയും ചരിത്രവും അക്ഷരകലയായ ലിപികൾക്ക്‌ പിന്നിലുണ്ട്‌. ആശയവിനിമയത്തിനു വേണ്ടി ചിത്രലിപിയിലൂടെയും തുടർന്ന്‌ ക്രമാനുഗതമായി ആദിമമനുഷ്യന്റെ വികാസപരിണാമഘട്ടങ്ങളിലൂടെയും രൂപപ്പെട്ടതാണ്‌ പിൽക്കാലത്തെ ലിപികളും ഭാഷയുമൊക്കെ. ആശയത്തിലേക്കുള്ള വഴിതുറക്കൽ കൂടിയാകുന്ന ലിപികളുടെ ലഘുചിത്രം ഇങ്ങനെ പ്രാകൃതമായ ലിപിയുടെ പരിണാമഘട്ടങ്ങളിൽ സൂത്രലിപി, രേഖാലിപി, ചിത്രലിപി, ആശയലിപി എന്ന ക്രമത്തിൽ അടയാളപ്പെടുത്തുന്നു. രേഖാലിപി സജീവമാകുകയും ഒരു വസ്‌തുവിനെയോ രൂപത്തെയോ ആശയത്തെയോ പലതരത്തിലുള്ള രേഖകളിലൂടെ ലിപി സമ്പ്രദായം യാഥാർഥ്യമാവുകയായിരുന്നു. വിവിധ തലത്തിലുള്ള സാംസ്‌കാരിക ചിഹ്നങ്ങളും വസ്‌തുക്കളുടെ രൂപമാതൃകകളുമൊക്കെച്ചേരുന്ന, സൗന്ദര്യദർശനത്തിന്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ലിപികൾ/അക്ഷരങ്ങൾ പ്രചാരത്തിൽ വരാൻ തുടങ്ങി. ഓരോ ഭാഷയിലുമുള്ള അക്ഷരലിപിയുടെ സ്വഭാവ പ്രത്യേകതകൾ പരിശോധിച്ചാൽ അതത്‌ ജനവിഭാഗത്തിന്റെ/അതത്‌ ദേശത്തിന്റെ/സംസ്‌കാരത്തിന്റെ സൗന്ദര്യബോധവും കൂടി ഇഴചേർത്തുകൊണ്ടാണ്‌ ഇന്നു നാം കാണുന്ന അക്ഷരങ്ങളിലെത്തിനിൽക്കുന്നതെന്ന്‌ വ്യക്തമായി മനസ്സിലാക്കാനാവും.

അക്ഷരകല ദാർശികമായ സാമൂഹ്യബന്ധത്തെ സമന്വയിപ്പിക്കുന്നതുപോലെ അക്ഷരങ്ങളിലൂടെ എഴുതുന്ന വ്യക്തിയുടെ സ്വഭാവ പ്രത്യേകതയിലേക്കും വിരൽചൂണ്ടുന്ന പഠനങ്ങൾ ഇപ്പോഴും നടക്കുന്നു. അക്ഷരങ്ങളിൽ അലങ്കാരഭംഗി ലക്ഷ്യമാക്കി അക്ഷരങ്ങളുടെ സ്വഭാവം നഷ്ടപ്പെടാതെ രൂപാന്തരപ്പെടുത്തുന്ന ക്രിയാത്മക സമീപനം കലിഗ്രഫി ആർട്ടിൽ ഇന്ന്‌ പ്രകടമാണ്‌. ഒപ്പം പരീക്ഷണാത്മകമായ കലാവിഷ്‌കാരങ്ങളും നടന്നുവരുന്നു. ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല പാശ്ചാത്യഭാഷകളിലുൾപ്പെടെ. ഉറുദു, അറബി, ചൈനീസ്‌ ഭാഷകളിലെ അക്ഷരാലങ്കാരങ്ങളുടെ സവിശേഷസൗന്ദര്യമാണ്‌ ലിപിവിന്യാസങ്ങളിൽ കാണുന്നതും‐ പുതിയ കാഴ്‌ചാനുഭവമായി രൂപപരിണാമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നതും. ഒരു പെയിന്റിങ്‌ കാണുന്നതുപോലെ, രേഖാചിത്രം കാണുന്നതുപോലെ മനോഹരമാണ്‌ ഇത്തരം ലിപികൾ. വാക്കിന്റെ ആശയത്തിനനുസരിച്ച പ്രതീകമായി അക്ഷരങ്ങൾ ചിത്രരൂപമാകുന്ന (അറബി) കാഴ്‌ചകൾ നിരവധി, മലയാള അക്ഷരങ്ങളിലും ലാവണ്യാനുഭവവും ലയവിന്യാസവും ദൃശ്യമാണ്‌. ആനുകാലികങ്ങളിൽ വായനയെ പ്രേരിപ്പിക്കുകയും അനായാസമാക്കുകയും ചെയ്യുന്നതിനപ്പുറം ദൃശ്യഭംഗി കൂടി ഇവിടെ പ്രദാനം ചെയ്യുന്നു. കലയുടെയും സാഹിത്യത്തിന്റെയും പ്രസക്തി വർധിക്കുകയും സമൂഹം ഉൾക്കരുത്തോടെ ചിന്തിക്കുകയും ചെയ്യുമ്പോഴാണ്‌ ചിത്രകലയുടെ ഭാഗമാകുന്ന കലിഗ്രഫിയും കൂടുതൽ സജീവമാകുന്നത്‌.

ഭാഷയും സംസ്‌കാരവും ദേശവും ചേരുന്ന ചിത്രഭാഷയെ/കൈയെഴുത്ത്‌ ശാസ്‌ത്രത്തെ പുതിയ കാലത്തെ സാങ്കേതികവിദ്യകളെക്കൂടി അടയാളപ്പെടുത്തുന്ന അന്തർദേശീയ കലിഗ്രഫി ഫെസ്റ്റിവലാണ്‌ ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ കൊച്ചി ഡർബാർ ഹാളിൽ അരങ്ങേറിയത്‌. ആർട്ടിസ്റ്റ്‌ ഭട്ടതിരി നേതൃത്വം നൽകുന്ന കചടതപ, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്‌. സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. മലയാളം, തെലുങ്ക്‌, കന്നഡ, ഉറുദു, ഗുജറാത്തി, ദേവനാഗിരി, ഇംഗ്ലീഷ്‌, ഹിന്ദി, അറബി, ഹീബ്രു, വയറ്റ്‌നാമീസ്‌, കൊറിയൻ എന്നീ കലിഗ്രഫി അക്ഷരങ്ങളുടെ സൗന്ദര്യവും സങ്കീർണതകളും അടുത്തറിയാനുള്ള അവസരമാണ്‌ ഈ അന്താരാഷ്‌ട്ര കലിഗ്രഫി ലഭ്യമാക്കുന്നതെന്ന്‌ സംഘാടകനായ നാരായണ ഭട്ടതിരി പറഞ്ഞു. ഫെസ്റ്റിവലിന്റെ ഭാഗമായി ശിൽപശാലകൾ, സോദാഹരണ പ്രഭാഷണങ്ങൾ, ഡെമോൺസ്‌ട്രേഷൻസ്‌, അന്താരാഷ്‌ട്ര കലിഗ്രഫി പ്രദർശനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

ലോകപ്രശസ്‌ത ഹിബ്രു കലിഗ്രഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ, വിയറ്റ്‌നാമിൽനിന്നുള്ള ഡാങ്‌ഹോക്‌, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ്‌ പ്രസിഡന്റും കലിഗ്രഫറുമായ ദക്ഷിണ കൊറിയയിലെ കിം‐ജിൻ‐യങ്‌ എന്നിവർക്ക്‌ പുറമെ ഇന്ത്യൻ അക്ഷരകലയുടെ കുലപതി അച്ചുത്‌ പാലവ്‌, മുംബൈ ജെ ജെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡീനും കലിഗ്രഫറുമായ സന്തോഷ്‌ ക്ഷീർ സാഗർ, ഇന്ത്യൻ രൂപചിഹ്നത്തിന്റെ സൃഷ്ടാവ്‌ ഉദയ്‌കുമാർ, മുംബൈ ഐഐടി പ്രൊഫസർ ജി വി ശ്രീകുമാർ, അറബി കലിഗ്രഫർ മുക്താർ അഹമ്മദ്‌, എൻഐഡി അധ്യാപകൻ തരുൺദീപ്‌ ഗിർധർ, പിക്‌ച്ചോറിയൽ കലിഗ്രഫറായ ഖമർ ഡാഗർ, നവകാന്ത്‌ കരിദെ, ഗോപാൽ പട്ടേൽ, അതുൽ ജയരാമൻ, മുകേഷ്‌കുമാർ, നാരായണ ഭട്ടതിരി തുടങ്ങി ഇന്ത്യയിൽനിന്നുള്ള ഇരുപത്തൊന്ന്‌ കലിഗ്രഫർമാർ ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു, രചനകളിൽ ഏർപ്പെട്ടിരുന്നു. ഇവർക്കു പുറമെ ഇന്ത്യയിലെ വിവിധ കോളേജുകളിൽനിന്നായി കലാവിദ്യാർഥികളടക്കം നിരവധി വിദ്യർഥികളും കലിഗ്രഫി പ്രേമികളും ഫെസ്റ്റിവലിൽ പങ്കാളികളായി.

അടുത്ത അഞ്ചുവർഷത്തേക്കുള്ള കലിഗ്രഫി ഫെസ്റ്റിവൽ കലണ്ടർ പ്രഖ്യാപിക്കാനും എല്ലാവർഷവും ഒക്ടോബറിൽ കലിഗ്രഫി ഫെസ്റ്റിവൽ നടത്താനും ഉദ്ദേശിക്കുന്നതായി മുഖ്യസംഘാടകനായ നാരായണ ഭട്ടതിരി പറഞ്ഞു. ശിൽപങ്ങളും പെയിന്റിംഗുകളും പോലെ ആധുനികലോകത്ത്‌ മൂല്യവത്തായ ഒരു കലാശാഖയായി കലിഗ്രഫി വളർന്നുകഴിഞ്ഞിരിക്കുന്നു. ഇന്ന്‌ കലിഗ്രഫിയെ ഒഴിവാക്കിക്കൊണ്ട്‌ ഒരു മേഖലയ്‌ക്കും നിലനിൽപ്‌ സാധ്യമാകാത്തവിധം കലിഗ്രഫി മാറിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്‌ കൊച്ചിയിൽ സംഘടിപ്പിച്ച ഫെസ്റ്റിവൽ വിജയമായിരുന്നതെന്ന്‌ ഭട്ടതിരി കൂട്ടിച്ചേർത്തു.

കചടതപ എന്ന പേരിൽ ഭട്ടതിരി നേതൃത്വം നൽകുന്ന ഫൗണ്ടേഷനും ഈ രംഗത്ത്‌ സജീവമായി പ്രവർത്തിക്കുന്നുണ്ട്‌. കലിഗ്രഫി പ്രദർശനങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ എന്നിവ നടത്തിക്കൊണ്ട്‌ വരുംതലമുറയ്‌ക്കായി പ്രത്യേകിച്ച്‌ കുട്ടികൾക്കായും പരിപാടികൾ സംഘടിപ്പിക്കുന്നതായി ആർട്ടിസ്റ്റ്‌ ഭട്ടതിരി പറഞ്ഞു. കുട്ടികൾ അക്ഷരകലയിൽ താൽപര്യം കാണിക്കണമെന്നും അക്ഷരങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയുകയും പഠിക്കുകയും വേണമെന്നുമാണ്‌ കചടതപ ഫൗണ്ടേഷൻ ആഗ്രഹിക്കുന്നത്‌. വസ്‌തുക്കളെ അല്ലെങ്കിൽ രൂപങ്ങളെ രേഖകളിലൂടെ വരച്ചുകാണിക്കുന്നതുപോലെ അക്ഷരങ്ങളെക്കുറിച്ചുള്ള രൂപബോധം കുട്ടികൾക്കുണ്ടാവാൻ ഇത്തരം പരിപാടികൾ സഹായകമാവുമെന്നും ഇതൊക്കെ സാധാരണ ജനങ്ങൾ അറിയുകയെന്നതാണ്‌ പ്രധാനമെന്നും നമുക്ക്‌ കൂട്ടിച്ചേർക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular