Tuesday, November 5, 2024

ad

Homeലേഖനങ്ങൾഹേമാക്കമ്മിറ്റിക്ക് ശേഷം എന്ത്?

ഹേമാക്കമ്മിറ്റിക്ക് ശേഷം എന്ത്?

സജിത മഠത്തിൽ

കേരളത്തിൽ പലയിടത്തായി ഹേമാക്കമ്മിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. പല തലങ്ങളിലുള്ള പിന്തുണ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. അത് നൽകുന്ന ധൈര്യം ചെറുതല്ല. ആ ധൈര്യത്തിലാണ് wcc മുന്നോട്ട് പോകുന്നത്. ഹേമാക്കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ഓരോ ദിവസവും പല തലത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടാണ് ഞങ്ങളിവിടെ വരെ എത്തിയത്.

2017 മെയ് 17ന് മുഖ്യമന്ത്രിയെ കാണാൻ പോകുമ്പോൾ ഞങ്ങളുടെ കയ്യിൽ ഒരു നിവേദനമുണ്ടായിരുന്നു. ആ നിവേദനം ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ഉണ്ടാക്കിയത്. അതിൽ എഴുതിയ കാര്യങ്ങളിൽ എന്തെങ്കിലുമൊന്ന് സംഭവിച്ചാൽ ഞങ്ങൾക്ക് സന്തോഷമായിരുന്നു. അന്ന് നൽകിയ നിവേദനത്തിലെ ചില കാര്യങ്ങൾ അപ്പോൾ തന്നെ നടപ്പിലാക്കുകയുണ്ടായി. അതിലൊരു പ്രധാന വിഷയം സിനിമാവ്യവസായത്തെക്കുറിച്ചൊരു പഠനം വേണമെന്നുള്ളതായിരുന്നു. അതിനെ തുടർന്നാണ് ഹേമാക്കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. വളരെ ഗൗരവമായിട്ടുള്ള പഠനം ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ നടന്നു. ആ പഠനത്തിൽ കൃത്യമായിട്ട് തന്നെ സ്ത്രീകൾ അനുഭവിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളും അവയുടെ പരിഹാരനിർദേശങ്ങളും വിശദമാക്കുന്നുണ്ട്. ചിട്ടയോടെ വരുത്തേണ്ട മാറ്റങ്ങൾക്ക് ഹേമാക്കമ്മിറ്റി റിപ്പോർട്ട് ഊന്നൽ നൽകുമ്പോൾ മാധ്യമങ്ങൾ ലൈംഗികാരോപണങ്ങൾക്കാണ് അമിതപ്രാധാന്യം നൽകിയത്. കാലങ്ങളായി സിനിമാരംഗത്ത് ലൈംഗികചൂഷണം സ്വാഭാവികരീതിയായി പരിണമിച്ചിരിക്കയാണ്. പുരുഷാധിപത്യം ശക്തമായ ഒരു തൊഴിൽമേഖലയാണിത്. കാഴ്ചപ്പാടിൽ മാറ്റങ്ങൾ വരുത്തേണ്ടതിനെക്കുറിച്ചും കമ്മിറ്റി റിപ്പോർട്ട് പറയുന്നുണ്ട്. ഒട്ടേറെ സ്ത്രീജീവിതങ്ങളെ ഈ തൊഴിലിടം അതീവദുഷ്കരമാക്കിക്കൊണ്ടിരിക്കുമ്പോഴും പ്രസ്തുത റിപ്പോർട്ട് പുറത്തുവരാൻ നാലരവർഷം കാത്തിരിക്കേണ്ടി വന്നു.

2018ലാണ് ഡബ്ല്യുസിസി പോഷ് നിയമപ്രകാരമുള്ള ഇന്റേണൽ കമ്മിറ്റി കൊണ്ടുവരാൻ വേണ്ടി ഹൈക്കോടതിയിലേക്കു പോവുന്നത്. 2013ലെ പോഷ് നിയമപ്രകാരം സിനിമാനിർമാണമേഖലയിലും ഇന്റേണൽ കമ്മിറ്റി വേണമെന്നുള്ളതാണ്. പക്ഷേ ആ ഇന്റേണൽ കമ്മിറ്റി എങ്ങനെയായിരിക്കും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുക എന്നുള്ളതിനെക്കുറിച്ച് സിനിമാ സംഘടനകളോട് സംസാരിക്കുമ്പോൾ സിനിമാമേഖലയിൽ അത് സാധ്യമല്ല എന്നാണ് പറഞ്ഞിട്ടുണ്ടായിരുന്നത്. WCC ക്ക് സ്വന്തമായി ഫണ്ടില്ല. അംഗങ്ങളുടെ കയ്യിൽനിന്നും കാശെടുത്തിട്ടാണ് രണ്ടുവർഷമായി നിയമയുദ്ധം ചെയ്തത്. അവസാനം വനിതാ കമ്മീഷനും കക്ഷിചേരുന്നു. “പല സ്ഥലത്തല്ലേ ലൊക്കേഷൻ, അപ്പോൾ എങ്ങനെയാണ് ഇന്റേണൽ കമ്മിറ്റി നടപ്പിലാക്കുക. ഒരു ഓഫീസിനകത്തല്ലേ ഇന്റേണൽ കമ്മിറ്റി നടപ്പിലാവുള്ളൂ’. ഇങ്ങനെയുള്ള ചോദ്യങ്ങളാണ് സിനിമാസംഘടനകൾ ഉയർത്തിയിരുന്നത്. സ്വാഭാവികമായും ഒരു പുതിയ കാര്യം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവും. പക്ഷേ ആശയങ്ങളോട് തുറസ്സ് കാണിക്കേണ്ടതുണ്ട്. ഏതായാലും ഇന്റേണൽ കമ്മിറ്റി വേണമെന്ന തീരുമാനമുണ്ടായി. ഞങ്ങൾ വിജയിച്ചു ആ കേസിൽ. വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കി. എല്ലായിടത്തും പ്രൊഡക്ഷനിൽ ഇന്റേണൽ കമ്മിറ്റി ഉണ്ട്. പക്ഷേ പ്രൊഡക്‌ഷനിലുള്ള ഒരാൾക്ക് പോലും അറിയണമെന്നില്ല ഇവിടെ ഇങ്ങനെ ഒരു ഇന്റേണൽ കമ്മിറ്റിയുണ്ടെന്ന്. ഇന്റേണൽ കമ്മിറ്റി എങ്ങനെയാണ് പ്രവർത്തിക്കുക, എങ്ങനെയാണ് പരാതി സമർപ്പിക്കുക എന്തെല്ലാം കാര്യങ്ങൾക്കാണ് കമ്മിറ്റിയിൽ പരാതി നൽകേണ്ടത് എന്നതിനെ പറ്റിയുള്ള അറിവ് കൂടുതൽ പേർക്കുമില്ല. ജെൻഡർ അവബോധം നൽകാൻ നിരന്തരം ശില്പശാലകൾ ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ അധികം സംഭവിച്ചില്ല. ഇപ്പോൾ കമ്മിറ്റിരേഖകളിലും ഇതൊക്കെ ഉണ്ടെന്നുമാത്രം.

എന്നാൽ ഹേമാക്കമ്മിറ്റിയുടെ റിപ്പോർട്ട് വന്ന സമയത്ത് എ.എം.എം.എയും ഫെഫ്ക്കയുമടക്കുള്ള സിനിമാസംഘടനകൾ ഇന്റേണൽ കമ്മിറ്റിയുണ്ടെന്നും സ്ത്രീകളുടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ ഈ സംഘടനകൾ പരാതിപരിഹാര സമിതിയെ ശക്തമാക്കുന്നതിനായി കാര്യമായി ഒന്നും ചെയ്തിട്ടില്ല.

ഏറെ ഗൗരവത്തോടെ ഈ രംഗത്ത് ചെയ്യാൻ ഉദ്ദേശിക്കുന്ന ഇരുപത്തിയാറ് കാര്യങ്ങൾ പ്ലാൻ ഓഫ് ആക്‌ഷൻ എന്ന നിലയിൽ സിനിമാരംഗത്തെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ ഫെഫ്‌ക മുന്നോട്ടുവക്കുകയുണ്ടായി. ഇവയെല്ലാം നടപ്പിലാക്കാൻ സാധിച്ചാൽ മിക്കവാറും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുറപ്പാണ്. ഏറെ ആഴമേറിയ കാഴ്ചപ്പാടും ഇതിനു പിന്നിലുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിലെ സിനിമാ സെറ്റുകളിൽ ആഭ്യന്തര പരിഹാരസെൽ രൂപീകരിക്കുകയും അതിനെ മോണിറ്റർ ചെയ്യാനായി കേരളത്തിലെ സിനിമാവ്യവസായത്തിലെ എല്ലാ പ്രധാനപ്പെട്ട സംഘടനകളുടെയും പ്രതിനിധികളുടെയും ഒരു മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തപ്പോൾ ഫെഫ്‌ക അതിലൊരു അംഗമായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ആ കമ്മിറ്റികളിൽ യാതൊരു ക്രിയാത്മക ഇടപെടലും നടത്താതിരിക്കുകയും ഇപ്പോൾ പ്ലാൻ ഓഫ് ആക്‌ഷനിലെ ഏറെ പുരോഗനാത്മകമായ കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പറയുകയും ചെയ്യുമ്പോൾ അത് എങ്ങനെ മനസ്സിലാക്കണം എന്നറിയില്ല. എങ്കിലും സത്യസന്ധമായ പ്രവർത്തനത്തിലൂടെ മുന്നോട്ടു നീങ്ങുകതന്നെ ചെയ്യുമെന്ന പ്രതീക്ഷ വച്ചുപുലർത്താൻ മാത്രമേ നമുക്കിപ്പോൾ ചെയ്യാനാവൂ.

പ്ലാൻ ഓഫ് ആക്‌ഷന്റെ ഭാഗമായി ഫെഫ്ക്ക സ്ത്രീകളുടെ അഞ്ചംഗസമിതി പരാതിപരിഹാരത്തിനായി ഉണ്ടാക്കുകയുണ്ടായി. മലയാള സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഈ അഞ്ചംഗസമിതി പരിഹരിക്കുമെന്ന് പ്രഖ്യാപിക്കുകയും ഒരു ടോൾ ഫ്രീ നമ്പറും നൽകുകയും ചെയ്തു. ഈ കമ്മിറ്റിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും പരാതിക്കാരെയും പ്രശ്നങ്ങളെയും മുൻവിധികളില്ലാതെ കാണാനും സാധിക്കട്ടെ എന്നാശിക്കാം. നിയമപരമായ പരാതി പരിഹാരസമിതിയുടെ പ്രവർത്തനങ്ങളുമായി ഈ കമ്മിറ്റിയെ എങ്ങിനെയാവും ബന്ധപ്പെടുത്തുക എന്ന ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല എന്നത് എത്ര ലാഘവത്തോടെയാണ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതിനുള്ള മറ്റൊരു തെളിവാണ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കരാറിനെക്കുറിച്ച് കൃത്യമായിട്ടുള്ള ധാരണയുണ്ട്. അതായത്, ഒരു ലക്ഷത്തിനു മുകളിൽ വേതനം വാങ്ങുന്നവർ മുദ്രക്കടലാസ്സിൽ ഒപ്പിടണമെന്നും അല്ലാത്തവർ കവറിങ് ലെറ്ററിൽ ഒപ്പിട്ടാൽ മതിയെന്നും തീരുമാനമുണ്ട്. പക്ഷേ ഞാൻ ഇതുവരെ ഒപ്പിട്ടിട്ടുള്ള സിനിമകൾ എന്ന് പറയുന്നത് പരമാവധി മൂന്നോ നാലോ മാത്രമാണ്. ഞാൻ പ്രധാനപ്പെട്ട വേഷം ചെയ്യുന്നതുകൊണ്ട് മാത്രമാണ് ആ കരാറിൽ ഞാൻ ഒപ്പിട്ടിട്ടുള്ളത്. അല്ലെങ്കിൽ അങ്ങനെ ഒരു കരാറിന്റെ പരിപാടിയെ ഇല്ല. പ്രൊഡക്ഷനിൽ നിന്ന് വിളിക്കും ‘‘ചേച്ചീ… അഞ്ചുദിവസത്തെ വർക്ക് ഉണ്ട് കേട്ടോ” എല്ലാം ഫോണിലൂടെയാകും, ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയക്കില്ല. കാരണം അത് രേഖയായി പോയാലോ എന്ന് വിചാരിച്ചിട്ട്. എനിക്ക് ഇത്ര പ്രതിഫലം കിട്ടണമെന്ന് പറയുകയാണെങ്കിൽ ‘അയ്യോ ചേച്ചി ഭയങ്കര സാമ്പത്തിക പ്രശ്നമാണ് ഭയങ്കര ബഡ്ജറ്റ് ഇഷ്യൂ ആണ്. അതിത്രയായിട്ട് കുറയ്‌ക്കണം’ എന്ന് പറയും.

അങ്ങനെ പലവട്ടം ചർച്ചക്ക് ശേഷം ഒരുവിധം നമ്മളൊരു തീരുമാനത്തിലെത്തും. വേതനം സിനിമയുടെ ബഡ്ജറ്റ് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

അഞ്ചുദിവസത്തെ ജോലി ചിലപ്പോൾ ആറുദിവസമാകും ഏഴു ദിവസമാകും അതനുസരിച്ച് പ്രതിഫലമൊന്നും കൂടില്ല. എല്ലാ പ്രൊഡക്ഷനും ഒരുപോലെയല്ല. നല്ല വൃത്തിയായിട്ട് സിനിമ ചെയ്യുന്നവരുമുണ്ട്. അല്ലാത്തവരും വളരെയധികമുണ്ട്. 50 ശതമാനത്തിനും മുകളിൽ അങ്ങനെയല്ലാതെ ചെയ്യുന്നവരാണ്. നമ്മളോട് പറയും ആദ്യം ഒരു അഡ്വാൻസ് തരാം ബാക്കി ഡബ്ബിങ്ങിന്റെ സമയത്ത് തരാമെന്ന്. ഡബ്ബിങ്ങിന്റെ സമയത്ത് പറയും “അയ്യോ ഭയങ്കര ബഡ്ജറ്റ് പ്രശ്നം ആണ്’’ എന്ന്. ആവശ്യപ്പെട്ടതിൽ നിന്നും വളരെ കുറച്ചിട്ടാണ് ചിലപ്പോൾ ബാക്കി തരുക. ചിലപ്പോൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അവിടെയൊന്നും ഉണ്ടാവില്ല. ചിലപ്പോൾ കിട്ടിയില്ലെന്നു വരും. പടം റിലീസ് ചെയ്തതിനുശേഷം തരാമെന്ന് പറയും. പിന്നീട് ഒരിക്കലും അവരുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. നമ്മൾ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നാൽ പിന്നെ നമ്മൾ ശല്യക്കാരിയാവും. നമുക്ക് ജോലിയില്ലാതെയാവും. ഒരു കരാർ എന്നത് അടിസ്ഥാനപരമായ കാര്യമാണെന്ന് തൊഴിലെടുക്കുന്ന എല്ലാവർക്കും അറിയാം. അങ്ങനെയൊരു കാര്യം ചോദിക്കാൻപോലും ഇടമിഇല്ലാത്ത ഒരു തൊഴിൽ മേഖലയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ചോദിക്കുന്നത് മോശമാണ്. ചോദിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ജോലിയുണ്ടാവില്ല.

ഹേമാക്കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുണ്ടായ ചർച്ചകളിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകളാണ്. കാരണം ഹേമാക്കമ്മിറ്റി യഥാർത്ഥത്തിൽ മുന്നോട്ടുവച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിറ്റേത്. ഹേമാക്കമ്മിറ്റി റിപ്പോർട്ട് ഗുണപരമാകാൻ പോകുന്നത് ജൂനിയർ ആർട്ടിസ്റ്റുകളുടെ ജീവിതത്തിന് ആയിരിക്കും. നേരിട്ട് ഇവർക്ക് ഒരിക്കലും വേതനം കിട്ടില്ല. പല കൈകൾ കൈമാറിയാണ് ലഭിക്കുക. ഇവരെ വസ്തുക്കളായാണ് കാണുന്നത്. ഒരു പത്തു പേരെ കാണികളായി വേണമെങ്കിൽ ജൂനിയർ ആർട്ടിസ്റ്റ്കളെ അവിടെ കൊണ്ടിരുത്തുന്നു. അവർക്ക് പിന്നെ ബാത്റൂമിൽ പോവാനോ ഷോട്ടിന്റെ ഇടയിൽ ഒന്ന് എഴുന്നേൽക്കാനോ സാധിക്കില്ല. കാരണം ആ ക്യാമറയുടെ ആംഗിളിൽ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെ അവിടുന്ന് അനങ്ങാൻകൂടി പറ്റില്ല. എത്രയോ മണിക്കൂറുകൾ വെയിലത്ത് നിൽക്കുകയും മഴയത്ത് നിൽക്കുകയുമൊക്കെ ചെയ്യേണ്ട വസ്തുക്കൾ മാത്രമാണ് അവർ. അവരുടെ ശുചിമുറി സൗകര്യങ്ങൾ, വസ്ത്രം മാറ്റാനുള്ള കാര്യങ്ങൾ ഒന്നും ആരുടെയും ശ്രദ്ധയിൽ വരില്ല. ഇത് സംബന്ധിച്ചുള്ള ധാരാളം ചർച്ചകൾ ഇപ്പോൾ സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇനി അവരെ ഒഴിവാക്കാൻ പറ്റില്ല. ഏറ്റവുമധികം ലൈംഗികാവശ്യങ്ങൾ ഉന്നയിക്കുന്നത്അവരോടാണ്. അതൊന്നും തന്നെ അവർക്ക് പുറത്തു പറയാൻ കൂടി പറ്റില്ല.

അറിയപ്പെടുന്ന ഒരു നടൻ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കണ്ട് ഇഷ്ടപ്പെട്ടാൽ അപ്പോൾ പറയും എനിക്ക് വേണം എന്ന്! പിന്നെ അന്ന് അതാവും നടക്കുക. പക്ഷേ ഇപ്പോൾ ഹേമാക്കമ്മിറ്റി റിപ്പോർട്ട് വന്നതുകൊണ്ട് സംഭവിച്ച ഒരു പ്രധാനപ്പെട്ട കാര്യം തികച്ചും സാധാരണമായി കണക്കാക്കിയിരുന്ന ഇത്തരം കാര്യങ്ങൾ തകർത്തു എന്നതാണ്.

ഒരു പ്രൊഡക്ഷൻ മാനേജർ തനിക്കു വന്ന ഒരു മേസ്സേജിനെ കുറിച്ച് പറയുകയായിരുന്നു. “വേണമെങ്കിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാവാം’ എന്ന് പറഞ്ഞ് ഒരു പെൺകുട്ടി അയച്ചതാണത്. അപ്പോൾ പെൺകുട്ടികളുടെ ഭാഗത്തല്ലേ കുഴപ്പം എന്നാണ് അയാൾ ആശ്ചര്യപ്പെടുന്നത്. ഇതാണ് സാധാരണം എന്ന് വിചാരിച്ചുകഴിഞ്ഞാൽ നിലനിൽപ്പിനായി എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യമേ ആ പെൺകുട്ടിയും ചെയ്യുന്നുള്ളൂ. കാരണം ഇതാണ് ഇവിടുത്തെ സാധാരണം. ആ സാധാരണത്വത്തെ മറികടക്കുന്ന കാര്യങ്ങളാണ് ഹേമാക്കമ്മിറ്റി റിപ്പോർട്ടിലൂടെ സംഭവിക്കുന്നത്. ഇനിയൊരിക്കലുമത് സാധാരണമാവില്ല. അതിൽ ഒരു പ്രശ്നമുണ്ട്. ആ പ്രശ്നം ചോദ്യംചെയ്യാൻ പറ്റുന്ന കാര്യമാണ് എന്നത് തിരിച്ചറിയപ്പെട്ടു എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഹേമാക്കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെച്ചിട്ടുള്ള വലിയ കാര്യം. ഹേമാക്കമ്മിറ്റി റിപ്പോർട്ട് യഥാർത്ഥത്തിൽ കേരളത്തിനെ മാത്രമല്ല മാറ്റുന്നത്. ഹേമാക്കമ്മിറ്റി റിപ്പോർട്ട് മാറ്റുന്നത് ഇന്ത്യയിൽ ഗൗരവമായി സിനിമ ചെയ്യുന്ന എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതിയെയാണ്. എനിക്കറിയില്ല ഇതിന്റെ പ്രത്യാഘാതം അവിടെയൊക്കെ എങ്ങനെയാകുമെന്ന്. കാരണം കേരളത്തിൽപോലും ഇത്രയും ഗൗരവപ്പെട്ട ഈ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ നാലുവർഷം കോൾഡ് സ്റ്റോറേജിൽ വയ്ക്കേണ്ടിവന്നു. അവിടെ ഇതുപോലൊരു റിപ്പോർട്ട് വന്നുകഴിഞ്ഞാൽ അതിനോട് പ്രതികരിക്കാൻ തക്കവണ്ണം സമൂഹം പാകപ്പെട്ടിട്ടുണ്ടോ, അവർ ഈ കാര്യങ്ങളെ എങ്ങിനെയാവും മുന്നോട്ടു കൊണ്ടുപോവുക എന്നതൊന്നും അറിയില്ല.

ഹേമാക്കമ്മിറ്റി റിപ്പോർട്ട് ഒരു കുറ്റമറ്റ റിപ്പോർട്ട് ആണെന്ന് ഞാനൊരിക്കലും പറയില്ല. എന്നാൽ റിപ്പോർട്ട് വന്നതുകൊണ്ട് ഉണ്ടായ ഏറ്റവും വലിയ കാര്യം തുറന്നുപറച്ചിലുകൾ ഉണ്ടായി എന്നതാണ്. തുറന്നുപറയാനുള്ള ആർജ്ജവം സ്ത്രീകൾക്കുണ്ടായത് വലിയ കാര്യമാണ്. ലൈംഗിക പീഡനം നടന്നാൽ സ്ത്രീകൾക്കത് അധികകാലം മറച്ചുവെക്കാൻ പറ്റില്ല. ഒരു അവസരം കിട്ടിയാൽ അവരത് പറഞ്ഞിരിക്കും. ഉദാഹരണത്തിന് ഒരു 30 വർഷം മുൻപേ മൂന്ന് സിനിമയിൽ അഭിനയിച്ച് ഇപ്പോൾ യുഎസിൽ മനോരോഗവിദഗ്ധയായ ഒരു പഴയ നടി. സിനിമയിൽ അഭിനയിക്കുന്ന കാലത്ത് അവർ കടന്നുപോയ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് വന്ന പശ്ചാത്തലത്തിൽ നൽകിയ ഇന്റർവ്യൂ കണ്ട അന്ന് രാത്രി സത്യം പറഞ്ഞാൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല. 30 വർഷം മുമ്പ് അവർക്കുണ്ടായ മനോവ്യഥയെക്കുറിച്ച് പറയുമ്പോൾ അവരും വല്ലാതെ തകർന്നുപോകുന്നുണ്ട്. അവർ ആരെയാണോ സൂചിപ്പിക്കുന്നത് എന്നതോ, പേര് വിളിച്ച് പറയുക എന്നതോ അവരുടെ താല്പര്യമേയല്ല. നിനക്ക് അവിടെ പോകാതിരുന്നൂടെ, നിനക്ക് അവിടുന്ന് ഓടിപ്പോന്നൂടെ പിന്നെന്തിനാണ് വീണ്ടും വീണ്ടും ആ വീട്ടിലേക്ക് പോയത് എന്നൊക്കെ ചോദിക്കുന്ന ആളുകൾക്കുമുമ്പിൽ എന്തുകൊണ്ടാണ് ഒരു സ്ത്രീ അങ്ങനെ ചെയ്യേണ്ടിവരുന്നത് എന്നതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഇപ്പോൾ അത് സംസാരിക്കാനുള്ള ഒരു അവസ്ഥ ആയതുകൊണ്ടാണ് അവർക്ക് മാറിനിന്ന് ആ കാര്യങ്ങൾ പറയാൻ കഴിയുന്നത്. അവർ പറയുന്നത് നമ്മുടെ തലച്ചോറും ശരീരവും തമ്മിലുള്ള ബന്ധമില്ലായ്മയെക്കുറിച്ചൊക്കെയാണ്. ‘തലച്ചോറ് കൊണ്ട് എനിക്കത് വേണ്ടെന്നറിയാമായിരുന്നു. പക്ഷേ ശരീരം ഉണരുന്നുണ്ടായിരുന്നു’ തുടങ്ങിയ വെളിപ്പെടുത്തലുകൾ ലൈംഗികപീഡന ആരോപണങ്ങളിൽ സ്ത്രീകളെ കുറ്റപ്പെടുത്തുന്നവർ കേൾക്കേണ്ടതാണ്. ഹേമാക്കമ്മിറ്റി റിപ്പോർട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണഫലം ഈ തുറന്നുപറച്ചിലായിരിക്കാം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഈ യാത്ര 2017ൽ തുടങ്ങിയതാണ്. അന്ന് ഗവൺമെന്റിനോട് പറഞ്ഞ കാര്യങ്ങളിലുള്ളതാണ് പോഷ് ആക്ട്, ഹേമാ കമ്മിറ്റി, സ്ത്രീകൾക്ക് സിനിമ ചെയ്യാൻ വേണ്ടി ഫണ്ട്, സിനിമ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്/ഫെലോഷിപ്പ് തുടങ്ങിയ കാര്യങ്ങൾ. കൂടുതൽ സ്ത്രീകൾ സിനിമയിലേക്ക് വരണം. ഇതേ കാര്യങ്ങൾ തന്നെയാണ് ഇത്തവണ വീണ്ടും മുഖ്യമന്ത്രിയോട് പറയേണ്ടിവന്നത്. കാരണം ഹേമാക്കമ്മിറ്റി റിപ്പോർട്ട് വന്നു. അതുമായി ബന്ധപ്പെട്ട ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. അതിൽ പങ്കെടുത്ത എല്ലാവരും ഈ ഇൻഡസ്ട്രി മാറ്റണമെന്ന് ആഗ്രഹിച്ചു വന്നവരാണ്. ആ സമയത്ത് അവർക്കത് നിയമപരമായി യുദ്ധം ചെയ്യാൻ പറ്റാത്തതുകൊണ്ടുള്ള സാഹചര്യമൊക്കെ ഉള്ളതിനാലാവാം അവരത് ചെയ്യാതിരുന്നത്. പക്ഷേ ഇൻഡസ്ട്രി മാറ്റാൻ സാധ്യതയുള്ള ഒരു പഠനം നടക്കുന്നു എന്നുള്ളതിനാലാവാം അവർ ഹേമാക്കമ്മിറ്റിക്കു മുന്നിൽ സംസാരിച്ചത്. ഇപ്പോൾ അതിന് വേറൊരു മാനം വരികയാണ്. അതിനെ എങ്ങനെ കൈകാര്യം ചെയ്യും, അവരുടെ മൊഴികൾ എത്രമാത്രം രഹസ്യമായിരിക്കും, അതുപോലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് അവരുടെ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും. ഇത്തരം കുറേ പ്രശ്നങ്ങളിലൂടെ ഈ പെൺകുട്ടികൾ കടന്നുപോകുന്നുണ്ട്. എന്നാൽ നിയമപരമായി വളരെ സ്ഫോടനാത്മകമായ കാര്യങ്ങൾ സംഭവിച്ചതുകൊണ്ടാണ് ചിലത് അങ്ങിനെതന്നെ പോകേണ്ടതുണ്ടെന്ന് നിയമസംവിധാനം വ്യക്തമാക്കുന്നത്. ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഗൗരവപ്പെട്ട നീതിനിഷേധങ്ങളാണ്. വ്യവസ്ഥ ശരിയാവാൻ ഇനിയും സ്ത്രീകൾ തന്നെ പണിയെടുക്കണം. ഭയങ്കരമായ പ്രതിസന്ധിയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. ഈ പെൺകുട്ടികൾ ഇനിയുമിനിയും, എത്രതവണ അവർ കടന്നുപോയ ട്രോമയെക്കുറിച്ച് പറഞ്ഞുപോയാൽ മാത്രമേ ഈ വ്യവസ്ഥ മാറുകയുള്ളൂ? എത്രയോ വർഷത്തെ നിയമയുദ്ധത്തിലേക്ക് പോകാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. പക്ഷേ എന്നാലും അവരെല്ലാം കരുത്തരാണ്. അവർക്ക് എന്തെല്ലാം പിന്തുണാ സംവിധാനം ഗവൺമെന്റ് ഭാഗത്തുനിന്ന് കൊടുക്കാൻ പറ്റും എന്നതാണ് ആലോചിക്കേണ്ടത്. ഇതെല്ലാം ചേർന്ന് വരുമ്പോൾ സിനിമാവ്യവസായത്തിൽ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ചില സംഘടനകളെങ്കിലും കണ്ണു തുറന്നിട്ടുണ്ട്. വലിയ പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ തോറ്റുകൊടുക്കാൻ തീരുമാനിച്ചിട്ടില്ല. ഈ സംഘടന 10 ദിവസം കൊണ്ട് ഇല്ലാതെയാവും എന്ന് പറഞ്ഞവർക്ക് മുൻപിൽ ഇത്രയുമൊക്കെ എത്തിനിൽക്കാൻ കഴിഞ്ഞു. ഇത്രയും ഒക്കെ നേടി എടുക്കാൻ കഴിഞ്ഞത് എല്ലാവരും തന്ന പിന്തുണ കൊണ്ടാണ്. l

(തിരുവനന്തപുരത്ത് സജിത മഠത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നും )

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + 6 =

Most Popular