Friday, December 13, 2024

ad

Homeലേഖനങ്ങൾഡബ്ല്യുസിസിക്ക് പറയാനുള്ളത്

ഡബ്ല്യുസിസിക്ക് പറയാനുള്ളത്

നക്ഷത്ര

ടുക്കളയിൽ നിന്നും അരങ്ങിലേക്ക് സ്ത്രീകൾ നടന്നടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. 1929ൽ വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം പുറത്തുവരുന്ന സമയത്ത് കേരളത്തിന്റെ അരക്ഷിതാവസ്ഥയുടെ ഇരുണ്ട കാലാവസ്ഥ ഭേദിക്കപ്പെട്ടിരുന്നില്ല. ആ നാടകം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ തുറവികളിലേക്കുള്ള വലിയ സംഭാവനയാണ്. കലകൾ അന്നുമിന്നും കാലത്തിനോടുള്ള കലഹവും സമരവുമാണ്. അവയ്ക്ക് ധാരാളം ഉദാഹരണങ്ങളും നമുക്ക് മുൻപിലുണ്ട്. ചാന്നാർ ലഹളയും, മറക്കുട ബഹിഷ്കരണവും, കല്ലുമാല സമരവുമൊക്കെ ഉണ്ടായത് സ്ത്രീകളുടെ പ്രശ്നങ്ങളിൽ നിന്നാണ്. സ്ത്രീ മുന്നേറ്റത്തിന്റെ വലിയൊരു ഐതിഹാസിക ചരിത്രം നമുക്ക് മുൻപിലുണ്ട്. എന്നാൽ ഈ ചരിത്രങ്ങൾ അതേ പ്രാധാന്യത്തോടെ സ്ത്രീകളെ അടയാളപ്പെടുത്തിയിരുന്നോ?

സമൂഹം സൃഷ്ടിക്കുന്ന തിരിവുകൾക്കകത്ത് സ്ത്രീകൾ പലപ്പോഴും കുടുങ്ങിപ്പോവുകയും ഒറ്റപ്പെടുകയും ചെയ്യുന്നു. ജോലിസ്ഥലങ്ങളിൽ മണിക്കൂറുകളോളം നിന്ന് ജോലിയിൽ ഏർപ്പെടേണ്ടി വരുന്നവർ, സുരക്ഷിതമായ വിശ്രമമുറികളോ, മൂത്രപ്പുര സൗകര്യങ്ങളോ ലഭ്യമാകാത്തവർ, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകു ന്നവർ തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന ഇത്തരം അരക്ഷിതാവസ്ഥകൾ ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. എല്ലാ തൊഴിൽ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായുള്ള പ്രശ്നങ്ങൾ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിനെതിരെ ചോദ്യംചെയ്യുന്നവർ പലപ്പോഴും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കംചെയ്യപ്പെടുകയോ അവർക്കെതിരെ മറ്റേതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിച്ച് ഒറ്റപ്പെടുത്തുകയോ ചെയ്യും എന്നതാണ് വാസ്തവം.

കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നാണ് മലയാള സിനിമയിൽ പ്രവർത്തിച്ചു വരുന്ന ഒരു നടിക്കെതിരെയുണ്ടായ ആക്രമണം. ഇതിനെ തുടർന്നാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും WCC (Women in Cinema Collective) എന്ന സംഘടന ആരംഭിക്കുന്നത്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന ലിംഗ വ്യത്യാസങ്ങൾക്കെതിരെയും സ്ത്രീകൾക്കു നേരെ ഉയർന്നു വരുന്ന അതിക്രമങ്ങൾക്കെതിരെയും കുറഞ്ഞ സമയം കൊണ്ട് ശബ്ദമാകുവാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞു. സ്ത്രീവിരുദ്ധമായ സമ്പ്രദായങ്ങൾക്കെതിരെ സാമൂഹിക അവബോധം കൊണ്ടുവരാൻ സംഘടന ലക്ഷ്യമിടുന്നു. കൂടാതെ മലയാള സിനിമാ വ്യവസായ മേഖലയിൽ ലിംഗഭേദമില്ലാതെയുള്ള സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വനിതാ കലാകാരരുടെ ശബ്ദമാകാനും WCC ലക്ഷ്യമിടുന്നു.

2017ൽ സ്ഥാപിതമായ സംഘടനയാണ് WCC. അതുവരെയും സ്ത്രീവിരുദ്ധമായ നിലപാടുകൾക്കും പ്രവർത്തങ്ങൾക്കുമെതിരെ പ്രതിഷേധിക്കാനോ പരാതികൾ ഉന്നയിക്കാനോ മറ്റ് മാർഗങ്ങളോ സംഘടനകളോ ഈ മേഖലയിൽ ഇല്ലായിരുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്നു റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, പത്മപ്രിയ, ജാനകി രാമൻ, രേവതി, സംവിധായിക അഞ്ജലി മേനോൻ, കെ. ബീനാ പോൾ തുടങ്ങിയവർ. WCC സ്ഥാപിതമായതിന് ശേഷം സംഘടന ആദ്യം ആവശ്യപ്പെട്ടത് സിനിമ മേഖലയിലും ഓരോ പ്രൊഡക്ഷന് കീഴിലും ഇന്റേണൽ കംപ്ലെയിന്റ്‌സ്‌ കമ്മിറ്റികളുണ്ടാവണം എന്നതായിരുന്നു. ഡബ്ല്യുസി സിയുടെ പ്രവർത്തനഫലമായി മലയാള സിനിമ രംഗത്തെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും അന്വേഷിച്ച് അവയ്ക്കാവശ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ എൽഡിഎഫ്‌ സർക്കാർ രൂപവത്കരിച്ച അന്വേഷണ കമ്മിറ്റിയാണ് ഹേമ കമ്മിറ്റി. മുൻ കേരള ഹൈക്കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു മറ്റംഗങ്ങൾ. 2017 നവംബർ 16 മുതൽ പ്രവർത്തനം ആരംഭിച്ച കമ്മിറ്റി 2019 ഡിസംബറിൽ 300 പേജുകളുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 2024 ആഗസ്റ്റ് 19ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് കോടതി വിധിയുടെ പിൻബലത്തിൽ 233 പേജുകളുള്ള റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു.

മലയാള സിനിമാ വ്യവസായത്തെ സുസംഘടിതമാക്കുക എന്ന ലക്ഷ്യത്തോടെ WCC മുന്നോട്ടുവയ്ക്കുന്ന പെരുമാറ്റ ചട്ടങ്ങൾ ചുവടെ ചേർക്കുന്നു.

1. എല്ലാവർക്കും കരാർ സംവിധാനം ഉറപ്പുവരുത്തുക.
2. എല്ലാവർക്കും അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്തുക.
3. ഓരോ സിനിമയ്ക്കും ഫിലിം ഇൻഷുറൻസ്.
4. ഓരോ ജീവനക്കാർക്കും ഓരോ സിനിമയ്ക്കും ഔദ്യോഗിക ഐ ഡികൾ നിർബന്ധമാക്കുക.
5. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം നിലവിലുള്ള പോരായ്മകൾക്കെതിരെ തിരുത്തൽ നടപടി സ്വീകരിക്കണം.

പരാതി രേഖപ്പെടുത്തലും പരിഹാര സംവിധാനങ്ങളും
പരാതി രേഖപ്പെടുത്തലും പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്തേണ്ടതായുണ്ട്. പരിഷ്കരണ പ്രഖ്യാപനങ്ങൾ ഉണ്ടായതുകൊണ്ട് മാത്രം മാറ്റങ്ങൾ സംഭവിക്കണമെന്നില്ല. നിയമപ്രകാരം എല്ലാ തൊഴിലിടങ്ങളിലും നിർബന്ധമാക്കിയ POSH നിയമം പോലെയുള്ള ചട്ടങ്ങൾ പാലിക്കപ്പെടാത്ത ഒരു തൊഴിലിടത്തിൽ ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങൾ എങ്ങനെ നടപ്പിലാവും. ഒരു പേരിനു വേണ്ടിയല്ല ഇത്തരം പരിഷ്കാരങ്ങൾ എങ്കിൽ, യാഥാർത്ഥ്യത്തിൽ ഈ പരിഷ്കാരങ്ങളിലൂടെ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഇരുഭാഗത്തുനിന്നും കൃത്യമായ ആശയസംവേദനം ഒരു പരാതിയിന്മേൽ സാധ്യമാക്കണം.

ഈ പരിഷ്‌കരണങ്ങൾ ഏതെങ്കിലും കാരണവശാൽ നടപ്പിലായില്ലെങ്കിൽ അത്തരം ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ അധികാരികളെ അറിയിക്കാനുള്ള ഒരു സംവിധാനം ഉണ്ടായിരിക്കണം. വിവരങ്ങൾ വസ്തുതാപരമായി രേഖപ്പെടുത്തി തെളിവുകൾ പരിശോധിച്ചു തുടർ നടപടികളിലേക്ക് കടക്കേണ്ടതുണ്ട്.

പരാതി രേഖപ്പെടുത്തൽ സംവിധാനം
പരാതികളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ തെളിവുകൾ, ചട്ടലംഘനം നടന്ന ലൊക്കേഷൻ അടക്കമുള്ള വിശദാംശങ്ങൾ തുടങ്ങിയവ വാട്സ്ആപ്പ്/ ഇ-മെയിൽ വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണം. ഇത്തരം പരാതികളെ ഒരു ആപ്പിന്റെ സഹായത്തോടെ പ്രാവർത്തികമാക്കാനും, അതിലൂടെ സർക്കാരിനെയും അധികാരികളെയും അറിയിക്കുക എന്നതുമാണ് ഡബ്ല്യു സി സി മുന്നോട്ടുവയ്ക്കുന്ന ആശയം.

പരാതി പരിഹാര സംവിധാനം
v ചട്ടലംഘനം നടന്നതായി പരാതി ലഭിച്ചാലുടൻ ഇനി പറയുന്ന നടപടികൾ കൈക്കൊള്ളുന്നതിനായി ഒരു സ്വയംഭരണ സംവിധാനം സ്ഥാപിക്കേണ്ടതുണ്ട്.
v എല്ലാ പരാതിയുടെയും ഔദ്യോഗിക രേഖകൾ തെളിവുസഹിതം രേഖപ്പെടുത്തണം.
v പരാതി നൽകിയവരുമായി സഹായത്തിനുള്ള ഹോട്ട് ലൈൻ മുഖേന ബന്ധപ്പെടണം.
v തെളിവുകൾ പരിശോധനാവിധേയമാക്കണം.
v ചട്ടലംഘനം നടക്കാനുണ്ടായ സാഹചര്യങ്ങളെയും കാരണങ്ങളെയും കുറിച്ച് വിശദമായി അന്വേഷിക്കണം.
v പരാതി ഉന്നതതലത്തിലേക്ക് അറിയിക്കണം
v തുടർന്ന് പിഴയോ തിരുത്തലോ ശിക്ഷാനടപടികളോ നടപ്പിലാക്കണം.
v അതുപോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ രേഖകളുടെ പരിപാലനവും ആവശ്യമാണ്.
ഇത്തരമൊരു പ്രവർത്തന സംവിധാനം മാത്രമേ യഥാർഥത്തിൽ മാറ്റമുണ്ടാക്കുകയുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular