Friday, December 13, 2024

ad

Homeലേഖനങ്ങൾഅയോധ്യാവിധി: ദൈവനിശ്ചയമോ?

അയോധ്യാവിധി: ദൈവനിശ്ചയമോ?

കെ ടി കുഞ്ഞിക്കണ്ണൻ

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് കഴിഞ്ഞ ദിവസം അയോധ്യവിധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ വസ്തുനിഷ്ഠതയിലും സത്യസന്ധതയിലും അത്യന്തം ആശങ്കയുണ്ടാക്കുന്നതാണ്. അയോധ്യ പ്രശ്‌നപരിഹാരത്തിനായി അയോധ്യാകേസിൽ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ദൈവത്തോട് പ്രാർത്ഥിച്ചുവെന്നാണ് ചന്ദ്രചൂഢ് പറഞ്ഞത്. മൂന്നുമാസത്തോളം പരിഗണനയിലുണ്ടായിരുന്ന കേസ് തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെന്നും ഇത് അപൂർവ്വമായി മാത്രമുണ്ടാകുന്ന സാഹചര്യമായിരുന്നുവെന്നും ഈയൊരു സന്ദിഗ്ധഘട്ടത്തിൽ വിഗ്രഹത്തിനുമുമ്പിൽ ഇരുന്ന് കേസ് തീർപ്പാക്കിത്തരണമേയെന്ന് അപേക്ഷിച്ചു പ്രാർത്ഥിച്ചുവെന്നുമാണ് ചന്ദ്രചൂഢ് വെളിപ്പെടുത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ജന്മദേശമായ പൂനെ ജില്ലയിലെ കൻഹർസർ ഗ്രാമത്തിലെ അനുമോദനചടങ്ങിലായിരുന്നു ജസ്റ്റിസിന്റെ ഈ തുറന്നുപറച്ചിൽ. സംഘപരിവാറുകാർ തകർത്ത ബാബ്‌റി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജൻഗെഗോയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് ചന്ദ്രചൂഢ് അംഗമായിരുന്നു. 2019 നവംബർ 19-നാണ് ഉടമസ്ഥതയുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠ തെളിവുകളെയും രേഖകളെയും മാറ്റിവെച്ച് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമിയിൽ രാമക്ഷേത്രം പണിയാൻ ട്രസ്റ്റിന് കൈമാറണമെന്ന വിധിയുണ്ടായത്. പകരം പള്ളി പണിയാൻ യു.പി സുന്നി വഖഫ് ബോർഡിന് മറ്റൊരിടത്ത് അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്നുമായിരുന്നു രഞ്ജൻഗെഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പ്രസ്താവനയിലൂടെ ഉത്തരവിട്ടത്.

പ്രാർത്ഥനകൊണ്ടാണ് ദൈവം അയോധ്യകേസ് പരിഹരിക്കാനുള്ള വഴി കാണിച്ചുതന്നതെന്ന ലജ്ജാകരമായ വെളിപ്പെടുത്തലാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇത് അനീതികരമായ അയോധ്യാവിധിയെ ദൈവത്തെ മുൻനിർത്തി ന്യായീകരിക്കാനുള്ള അപമാനകരമായ നീക്കമാണെന്ന് പറയാതിരിക്കാൻ കഴിയില്ല. വിഗ്രഹത്തിനുമുമ്പിലിരുന്ന് പ്രാർത്ഥിച്ചതുകൊണ്ടാണ് അയോധ്യാകേസിൽ പരിഹാരമുണ്ടാക്കാനുള്ള ജസ്റ്റിസ് രഞ്ജൻഗെഗോയുടെ നേതൃത്വത്തിലുള്ള വിധിപ്രസ്താവന നടത്താൻ കഴിഞ്ഞതെന്ന് വെളിപ്പെടുത്തുന്ന ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് രഞ്ജൻഗെഗോയിയെ വിരമിച്ചശേഷം മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതും ദൈവപ്രാർത്ഥനയുടെ ഫലമായിരുന്നുവോഎന്ന് വ്യക്തമാക്കുവാൻ ബാധ്യസ്ഥനാണ്.

അയോധ്യകേസ് വിധി പ്രസ്താവിച്ച ബെഞ്ചിലെ മറ്റൊരംഗമായിരുന്ന ജസ്റ്റിസ് അബ്ദുൾ നസീറിനെ മോദി സർക്കാർ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു. മറ്റൊരംഗമായി ജസ്റ്റിസ് അശോക്ഭൂഷണെ ദേശീയ കമ്പനി നിയമ അപ്പലൈറ്റ് ട്രൈബ്യൂണൽ ചെയർമാനുമായി. ഇതെല്ലാം ചന്ദ്രചൂഢിന്റെ ദൈവപ്രാർത്ഥനമൂലമായിരുന്നോ സംഭവിച്ചത്? അദ്ദേഹം വ്യക്തമാക്കാൻ ബാധ്യസ്ഥനാണ്. ജസ്റ്റിസ്ചന്ദ്രചൂഢ് കഴിഞ്ഞ ജൂലായിൽ അയോധ്യാക്ഷേത്രം സന്ദർശിച്ചതും അദ്ദേഹത്തിന്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതും വിവാദമായതാണ്‌.

ന്യായാധിപർ തങ്ങളുടെ വിധിപ്രസ്താവനകളെ ദൈവനിശ്ചയം എന്നൊക്കെയുള്ള രീതിയിൽ വിശദീകരിക്കുന്നതും ന്യായീകരിക്കുന്നതും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെയും വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധി കൽപ്പിക്കാനുള്ള ഉത്തരവാദിത്വത്തെയും സംബന്ധിച്ച ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.

ചരിത്രത്തെ റദ്ദ്‌ചെയ്‌ത വിധി
ഇനി അയോധ്യാവിധിയുടെ അനീതികരമായ ഉള്ളടക്കങ്ങളെ ഒന്ന് പരിശോധിച്ചുപോകാം. അപ്പോഴാണ് വിധിയെഴുതാൻ ദൈവമോ അല്ല ന്യായാധിപന്മാരുടെ നിഷ്പക്ഷതയില്ലായ്മയാണോ ഇങ്ങനെയൊരു വിധിപ്രസ്താവനയിലേക്ക് എത്തിയതെന്ന് മനസ്സിലാക്കാൻ കഴിയും. 2019 നവംബർ ഒമ്പതിനാണ് എല്ലാവരും കാത്തിരുന്ന അയോധ്യകേസിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി വന്നത്. വളരെ വിവേകത്തോടെയും സംയമനത്തോടെയുമാണ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇന്ത്യൻ ജനതയാകെയും വിധിയെ സമീപിച്ചത്. ചീഫ്ജസ്റ്റിസ് രഞ്ജൻയോഗോയ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിന്റെ വിധി നമ്മുടെ മതനിരപേക്ഷ ജനാധിപത്യബോധം ആവശ്യപ്പെടുന്ന നീതി ഉറപ്പുവരുത്തിയോ എന്ന സംശയം വിധിന്യായം കേൾക്കുകയും വായിക്കുകയും ചെയ്ത എല്ലാവരിൽ നിന്നും അപ്പോഴേ ഉയർന്നതാണ്. അതുകൊണ്ടുതന്നെ നിയമാനുസൃതമായി വിധി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായവും ശക്തമായി നീതിന്യായരംഗത്തെ പ്രമുഖർ തന്നെ ഉയർത്തി.

400 വർഷത്തിലേറെ കാലം പഴയ ഔധിലെയും അയോധ്യയിലെയും മുസ്ലീങ്ങൾ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളിയാണ് ബാബ്‌റിമസ്ജിദ്. അതു നിലനിൽക്കുന്ന 2.77 ഏക്കർ സ്ഥലം രാമജന്മഭൂമിയാണെന്നും അതുകൊണ്ടുതന്നെ അത് രാമക്ഷേത്രനിർമാണത്തിന് ഉപയോഗിക്കണമെന്നുമാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്. 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് തർക്കത്തിൽ കക്ഷികളായ സുന്നി വഖഫ്‌ബോർഡിനും നിർമോഹിഅഖാഡയ്‌ക്കും രാംലല്ലയ്ക്കും പതിച്ചുനൽകിയ ഭൂമിയാണ് ഇപ്പോൾ സുപ്രീംകോടതി രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രനിർമാണത്തിനായി കേന്ദ്രസർക്കാർ ട്രസ്റ്റുണ്ടാക്കുകയും ഭൂമി അവർക്ക് കൈമാറുകയും ചെയ്യണമെന്നാണ് കോടതി പറഞ്ഞത്. അതോടൊപ്പം ബാബ്‌റി മസ്ജിദ് തകർത്തതിന് നഷ്ടപരിഹാരമായെന്നോണം അഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ കണ്ടെത്തി സുന്നി വഖഫ്‌ബോർഡിന് നൽകണമെന്നും ഭരണഘടനാബെഞ്ച് നിർദ്ദേശിച്ചു.

ഈ വിധിയെ വിശകലനം ചെയ്തുകൊണ്ട് പ്രശസ്ത ചരിത്രകാരി ഡോ.റൊമീലാ ഥാപർ അന്ന് പറഞ്ഞത്; ചരിത്രത്തെ റദ്ദ് ചെയ്ത് വിശ്വാസത്തെ അവലംബമാക്കിയാണ് കോടതി വിധിപറഞ്ഞതെന്നാണ്. 9 ലക്ഷം വർഷങ്ങൾക്കുമുമ്പ് ത്രേതായുഗത്തിൽ രാമൻ അയോധ്യയിൽ ജനിച്ചുവെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് രാമജന്മഭൂമി പ്രശ്‌നം ഉയർത്തുന്നതും ഹിന്ദുത്വശക്തികൾ ബാബ്‌റിമസ്ജിദിനെ തർക്കപ്രശ്‌നമാക്കി മാറ്റുന്നതും. 1528-ൽ ബാബറുടെ സൈനികതലവൻ പണിത പള്ളിക്കടിയിൽ രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് കോടതിക്കും നിഗമനത്തിലെത്താനായിട്ടില്ല. അവിടെ ഹിന്ദുനിർമ്മിതിയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നുവെന്നതുമാത്രമാണ് ശരിവെക്കപ്പെട്ടിട്ടുള്ളത്.

ആർക്കിയോളജിക്കൽ സർവ്വേയുടെ അഭിപ്രായത്തിൽ ഊന്നിനിന്നുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഡോ.കെ.എൻ.പണിക്കർ നിരീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ വിശ്വാസത്തെ അവലംബമാക്കിയതുവഴി കോടതി സംഘപരിവാർ ആഗ്രഹിച്ച രീതിയിൽ തർക്കഭൂമി ക്ഷേത്രനിർമാണത്തിനേൽപിച്ചുകൊടുക്കുന്നതിയിലേക്കാണ് എത്തിയത്. ചരിത്രത്തെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള തെളിവുകൾക്കുപകരം വിശ്വാസത്തെ അവലംബമാക്കേണ്ടിവരുമ്പോഴുള്ള സങ്കീർണതകളും സംശയങ്ങളും വിധിന്യായത്തിൽ അന്തർലീനമായി കിടക്കുന്നുവെന്നത് നമ്മുടെ നീതിന്യായ സംവിധാനം ചരിത്രത്തോട് ഉത്തരം പറയേണ്ട പ്രശ്‌നമായി അവശേഷിക്കുന്നു. അത്തരം സംശയങ്ങളും വിധി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഒരു ജനാധിപത്യ സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാവും.

സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി അംഗീകരിക്കുമ്പോൾ തന്നെ അതിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും റിവ്യൂ ചെയ്യുവാനും നിയമം തന്നെ അനുമതി നൽകുന്നുണ്ട്. അയോധ്യവിധിയെ പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് ഗാംഗുലി വിധിയിലെ ശരികേടുകൾ വിശകലനം ചെയ്ത് വസ്തുതാപരമായി വിമർശിക്കുന്നുണ്ട്. 1949 ഡിസംബർ 22-ന് പള്ളിക്കകത്തേക്ക് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992 ഡിസംബർ 6-ന് പള്ളി പൊളിച്ചതും നിയമവിരുദ്ധ പ്രവർത്തനമായി അംഗീകരിച്ച കോടതിയുടെ വിധിപ്രസ്താവനയിൽ വിശ്വാസത്തെ നിയമത്തിന്റെ മേൽ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ഇത് ഈ വിധിയിലെ ചിന്തനീയമായ വൈരുദ്ധ്യമാണെന്നും പല നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

തർക്കപ്രശ്നമാക്കിയത്‌ ബ്രിട്ടീഷ്‌ തന്ത്രം
ബാബ്‌റി മസ്ജിദ് തർക്കപ്രശ്‌നമാക്കുന്നത് അയോധ്യയിലെ ഹിന്ദുക്കൾക്കിടയിലും മുസ്ലീങ്ങൾക്കിടയിലും വർഗീയമായ വേർതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് അയോധ്യയിലും മസ്ജിദിനെ കേന്ദ്രമാക്കി വേർതിരിവുകൾ സൃഷ്ടിച്ചത്. അതവരുടെ ഭിന്നിപ്പിക്കുക, ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ബാബർ പള്ളി പണിത് മൂന്നു നൂറ്റാണ്ടിനുശേഷമാണ് 1850-ൽ അയോധ്യയിൽ ഹിന്ദു‐മുസ്ലീം സംഘർഷമുണ്ടാകുന്നത്. അതിനെ തുടർന്നാണ് ഫൈസാബാദ് ജില്ലാ ഭരണാധികാരികൾ മസ്ജിദിന് പുറത്ത് രാംഛബൂത്ര അനുവദിക്കുന്നതും ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്ര്യം കൊടുക്കുന്നതും. കോടതി നിരീക്ഷിക്കുന്നതുപോലെ രാംഛബൂത്രയിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമല്ലാതെ ഭൂമിയിൽ ഉടമാവകാശം നൽകിയിരുന്നില്ല.

ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് ബ്രിട്ടീഷുകാരെ ചെറുത്ത പ്രദേശമാണ് അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ്. ഹിന്ദു‐മുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ‘ഭിന്നിപ്പിക്കുക, ഭരിക്കുക’ എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നതിന് ബാബ്‌റിമസ്ജിദിനെ തർക്കഭൂമിയാക്കി മാറ്റിയത്‌.

ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു‐മുസ്ലീം ഐക്യത്തെക്കുറിച്ച് വർഗീയവാദിയാകുന്നതിനുമുമ്പ് സവർക്കർ എഴുതിയ ‘1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന പുസ്തകത്തിൽ ചാൾസ്ബാളിനെ ഉദ്ധരിച്ചിരിക്കുന്നതുനോക്കൂ; ‘‘അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തിൽ തന്നെ വിരളമാണ്.” സവർക്കറുടെ ഈ വിലയിരുത്തൽ പോലെതന്നെയാണ് ജോർജ്‌ ഡബ്ല്യു ഫോസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദു‐മുസൽമാൻ ഐക്യത്തെ വിലയിരുത്തിയത്. ‘‘ബ്രാഹ്മണരും ശ്രൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതിൽ കവിഞ്ഞ് ഇന്ത്യൻ വിപ്ലവം നൽകുന്ന മറ്റൊരു മുന്നറിയിപ്പില്ല.”

ഈയൊരു ഐക്യത്തെ തകർക്കാനാണ് ഫൈസാബാദ് ജില്ലാഭരണകൂടം അയോധ്യയിൽ ബാബ്‌റിമസ്ജിദിനുമുമ്പിലുള്ള ഭൂമി മഹന്തുക്കൾക്ക് നൽകി അവിടെ വേലി കെട്ടിയത്. 1858-ൽ അന്നത്തെ ബ്രിട്ടീഷ്‌ റസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കേ ഗോപുരം വഴിയാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഇതെല്ലാം അയോധ്യയിലെ ജനങ്ങളുടെ ചിരപുരാതനമായ ഐക്യത്തെയും മതസൗഹാർദ്ദത്തെയും തകർക്കാനുള്ള ബ്രിട്ടീഷ് തന്ത്രമായിരുന്നു. ജനങ്ങൾക്കിടയിൽ സംശയവും സ്പർദ്ദയും വളർത്തി സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്.

അപകടകരമായ ഈ നീക്കങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഫൈസാബാദിലെ ആത്മീയാചാര്യന്മാരായ മൗലവി അമീർഅലിയും മഹന്ത് രാംചരൺദാസും ഇരുവിഭാഗങ്ങളെയും അനുരഞ്ജനത്തിലെത്തിക്കാനുള്ള ശ്രമം നടത്തിയത്. ജനങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ ഐക്യത്തെ നിലനിർത്താൻ ശ്രമിച്ച ഈ രണ്ട് ആത്മീയാചാര്യന്മാരെയും ബ്രിട്ടീഷ് ഭരണകൂടം പ്രതികാരബുദ്ധിയോടെ കേസുകളിൽ കുടുക്കി തൂക്കിലേറ്റുകയായിരുന്നു. മതസൗഹാർദ്ദത്തിനും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഈ ആത്മീയാചാര്യന്മാരുടെ ഓർമകളെപ്പോലും ബ്രിട്ടീഷ്ഭരണകൂടം ഭയന്നു. അവരെ തൂക്കിലേറ്റിയ ആൽമരത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങിയതോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികൾ അത് മുറിച്ചുമാറ്റിയത്.

സംഘപരിവാർ ഗൂഢാലോചന
1885-ലാണ് മഹന്ത് രഘുബീർദാസ് എന്നൊരാളാണ് മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാൻ അനുമതി ചോദിച്ച് ഫൈസാബാദ് ജില്ലാകോടതിയെ സമീപിക്കുന്നത്. കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളുകയാണ് ഉണ്ടായത്. 1949 വരെ ഈ സ്ഥിതി തുടർന്നു. ഗാന്ധിവധത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ സംഘപരിവാർ ഗൂഢാലോചനയാണ് 1949 ഡിസംബർ 22-നും 29-നു ഇടയിലെ രാത്രിയിൽ ബാബ്‌റി മസ്ജിദിനകത്തേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തി പ്രതിഷ്ഠിക്കുന്നതിലേക്കെത്തിയത്. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ രാമചരിതമാനസ് എന്ന പേരിൽ 9 ദിവസമായി നടന്ന അഖണ്ഡനാമാചരണത്തിന്റെ സമാപന ദിവസമായിരുന്നു ഈ അതിക്രമം നടന്നത്. അതായത് അഖിലഭാരതീയ രാമായണ മഹാസഭ നടത്തുന്നതിന്റെ തുടർച്ചയിലാണ് പള്ളിയിൽ അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചത്. മഹന്ത് ദിഗ്‌വിജയ്‌നാഥ്, ബാബാരാഘവദാസ് തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു ഈ കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തത്. എന്നിട്ടവർ രാമവിഗ്രഹം പള്ളിക്കകത്ത് സ്വയംഭൂ ആയതാണെന്ന് പ്രചാരണം നടത്തുകയായിരുന്നു.

സുന്നി വഖഫ് ബോർഡും അക്കാലത്ത് ഫൈസാബാദ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിരുന്ന ആചാര്യനരേന്ദ്രദേവും ഈ കടന്നുകയറ്റത്തിൽ ശക്തമായി പ്രതിഷേധിച്ചു. കോൺഗ്രസിന്റെ ഫൈസാബാദ് ജില്ലാ പ്രസിഡന്റ് ബ്രഹ്മചാരി ഉൾപ്പെടെയുള്ള നേതാക്കൾ ഹിന്ദുമഹാസഭയുടെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നു. എന്നാൽ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും മറ്റ് കോൺഗ്രസ് നേതാക്കളും ഹിന്ദുമഹാസഭയോടൊപ്പം ചേർന്ന് മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിച്ചതിനെ ന്യായീകരിക്കുകയും പള്ളി തർക്കഭൂമിയാക്കി പൂട്ടിയിടുകയുമാണ് ചെയ്തത്. പള്ളിയിൽ അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്ന പ്രധാനമന്ത്രി നെഹ്‌റുവിന്റെ അഭ്യർത്ഥനകൾ പോലും കാറ്റിൽപറത്തുകയാണ് യു.പിയിലെ കോൺഗ്രസ് സർക്കാരും ഫൈസാബാദ് ഭരണകൂടവും ഹിന്ദുമഹാസഭയോടൊപ്പം ചേർന്ന് പള്ളി തർക്കഭൂമിയാക്കിയത്. ഇപ്പോഴുള്ള വ്യവഹാരങ്ങളുടെ ചരിത്രം ആരംഭിക്കുന്നതും ഈയൊരു സാഹചര്യത്തിൽ നിന്നാണ്.

1950-ൽ ഗോപാൽഷിംലാവിശാരദ് എന്നൊരാൾ രാംലല്ലയിൽ പൂജ നടത്താൻ കോടതിയിൽ ഹർജി നൽകി. അതേ വർഷം തന്നെ പരമഹംസ് രാമചന്ദ്രദാസ് എന്നൊരാൾ സ്ഥിരം പൂജയ്‌ക്ക് സൗകര്യം ചോദിച്ച് കോടതിയെ സമീപിച്ചു. 1959-ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ചോദിച്ച് നിർമോഹി അഗാഡ കേസ് ഫയൽ ചെയ്തതോടെയാണ് കോടതി വ്യവഹാരങ്ങൾ സജീവമായത്. ഇതിനെതിരെ 1961-ൽ യു.പിയിലെ സുന്നി വഖഫ്‌ ബോർഡ് നാലാമതൊരു ഹർജി കൂടി ഫയൽ ചെയ്‌തു. 1986-ലാണ് ഫൈസാബാദ് ജില്ലാകോടതി തർക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുക്കൾക്ക് തുറന്നുനൽകാൻ ഉത്തരവിട്ടത്. അന്നത്തെ എൻ.ഡി.തിവാരിയുടെ നേതൃത്വത്തിലുള്ള യു.പി സർക്കാരും രാജീവ്ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസർക്കാരും ആ വിധിക്കെതിരെ അപ്പീൽപോകാനുള്ള നടപടിക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് പള്ളി ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കാൻ തിടുക്കം കാണിക്കുകയായിരുന്നു.

ബാബറി മസ്‌ജിദ്‌ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തീക്ഷ്‌ണമാകുന്നു
അതോടെയാണ് ബാബ്‌റിമസ്ജിദ് പ്രശ്‌നം ഇന്ത്യൻ രാഷ്ട്രീയത്തിൽ തീക്ഷ്ണമായത്. 1989-ൽ ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള വി.എച്ച്.പിയുടെയും സംഘപരിവാർ സംഘടനകളുടെയും നീക്കങ്ങൾക്ക് കേന്ദ്രസർക്കാരും യു.പി സർക്കാരും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അയോധ്യയിൽ പള്ളി നിൽക്കുന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നൽകി. 1991-ൽ യു.പി സർക്കാർ മസ്ജിദിന് സമീപമുള്ള ഭൂമി ഏറ്റെടുത്തു. 1992 ഡിസംബർ 6-ന് ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായ ബാബ്‌റിമസ്ജിദ് ഹിന്ദുത്വശക്തികൾ പൊളിച്ചു. സുപ്രീംകോടതിയും ദേശീയ ഉദ്ഗ്രഥനസമിതിയും പാർലിമെന്റിലെ ബി.ജെ.പി എം.പിമാരൊഴിച്ച് മറ്റെല്ലാ എം.പിമാരും ഒന്നിച്ച് നരസിംഹറാവു സർക്കാരിനോട് പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടതാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിനവർ ഏകകണ്ഠമായി പിന്തുണ നൽകിയതാണ്. നരസിംഹ റാവുവിന് ഉത്കണ്ഠ അയോധ്യയിൽ പള്ളിപൊളിക്കാനെത്തിയവർ കർസേവകർക്ക് ആവശ്യമായ സാനിറ്റേഷൻ സൗകര്യം ഫൈസാബാദിൽ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നല്ലോ!

1994-ലാണ് സുന്നി വഖഫ് ബോർഡ് നൽകിയതുൾപ്പെടെയുള്ള കേസുകൾ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ കോടതിയിലെത്തുന്നത്. ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി 1996 മുതൽ 2010 വരെ സെപ്തംബർ വരെ വാദം കേട്ട് വിധി പറഞ്ഞു. രാമന്റെ ജന്മസ്ഥലം ലോകത്തിന് മുഴുവൻ അറിയാമെന്നു പറഞ്ഞ ഡിവിഷൻ ബെഞ്ച് തർക്കഭൂമി യു.പി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല എന്നിവയ്‌ക്കായി തുല്യമായി വീതിച്ച് നൽകുകയായിരുന്നു. ഈ കേസിൽ 2011-ൽ സുന്നി വഖഫ് ബോർഡ് നൽകിയ അപ്പീലിൽ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു. സാക്ഷ്യപ്പെടുത്താനാവാത്ത ഒന്നിനെ വിശ്വസിക്കാനാവില്ലെന്ന പ്രസ്താവനയോടെയാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. ഈ കേസിൽ സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും രാം ലല്ലയും നൽകിയ അപ്പീൽ ഹർജികളിലാണ് ഇപ്പോൾ ഭരണഘടനാബെഞ്ച് അന്ത്യവിധി പ്രസ്താവിച്ചിരിക്കുന്നത്.

ഇന്ത്യൻ ജനജീവിതത്തെ വർഗീയവൽക്കരിക്കുകയും മതധ്രുവീകരണവും കലാപവും പടർത്തിയ അയോധ്യ തർക്കത്തിന് നിയമപരമായ പരിഹാരമുണ്ടാകണമെന്നത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്. അത് നിയമത്തെയും അതിന്റെ രീതികളെയും ആശ്രയിച്ചായിരിക്കണമെന്നത് ഭരണഘടനയ്‌ക്കും നീതിക്കുംവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. എന്നാൽ പരമോന്നത നീതിപീഠത്തിന്റെ നായകസ്ഥാനത്തിരിക്കുന്നവർ തന്നെ അയോധ്യാവിധി ദൈവപ്രാർത്ഥനമൂലമുണ്ടായതാണെന്ന് വെളിപ്പെടുത്തുമ്പോൾ പ്രമാണങ്ങളെയും തെളിവുകളെയും ആശ്രയിച്ചുള്ള വസ്തുനിഷ്ഠ തീർപ്പുകളുടെ നീതികരമായ നിർവ്വഹണമാണ് റദ്ദുചെയ്യപ്പെടുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five − one =

Most Popular