കാശ്മീർ, ദക്ഷിണേഷ്യയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി മാറാനിടയുണ്ടെന്ന് 1948ൽ, ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ ‐ പാക്ക് കമ്മീഷനിൽ അംഗമായിരുന്ന ജോസഫ് കോർബെൽ ഉത്കണ്ഠയും മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ചെക്കോസ്ലോവാക്യക്കാരനായ കോർബെൽ, തന്റെ സ്വന്തം രാജ്യത്ത് സോവിയറ്റ് മാതൃകയിലുള്ള കമ്മ്യൂണിസം പിടിമുറുക്കിയതിന്റെ വേവലാതിയിലായിരുന്നു. ഷേഖ് അബ്ദുള്ളക്ക് കമ്മ്യൂണിസ്റ്റുകാരുമായുള്ള അടുത്തബന്ധം കാശ്മീർ പോലെയുള്ള തന്ത്രപ്രധാനമായ ഒരു പ്രദേശത്തെ ചുവപ്പിക്കുന്നത് കരുതിയിരിക്കണമെന്ന ഉപദേശം ചെക്ക് നയതന്ത്രജ്ഞൻ “കാശ്മീരിലെ വിപത്ത്’ (Danger in Kashmir) എന്ന ഗ്രന്ഥത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഉപഭൂഖണ്ഡത്തിൽ പ്രസ്ഥാനത്തിന് മഹത്തായ ഭാവി കാശ്മീർ ഉറപ്പുനൽകിയതായി മാർക്സിസ്റ്റ് ‐ ലെനിനിസ്റ്റ് നിരീക്ഷകരും വിലയിരുത്തിയ ഒരു കാലമുണ്ടായിരുന്നു.
ജമ്മു ‐ കാശ്മീർ ജനതക്കിടയിൽ രാഷ്ട്രീയാവബോധം വളർത്തുന്നതിലും അവരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിലും കമ്മ്യൂണിസം സുപ്രധാനവും നിർണ്ണായകവുമായ പങ്കു വഹിച്ചു. എന്നാൽ സ്വകീയവും തദ്ദേശീയവുമായ നിരവധി കാരണങ്ങളാൽ 1950 മുതൽ അവിടത്തെ സാമൂഹികജീവിത്തിൽ കമ്മ്യൂണിസ്റ്റ് സ്വാധീനം കുറഞ്ഞുതുടങ്ങി. തീവ്രദേശീയതകളും ഇന്ത്യ ‐ പാക്ക് സമ്മർദ്ദങ്ങൾക്കിടയിലെ വീർപ്പുമുട്ടലും മതമൗലിക, തീവ്രവാദ ചിന്തകളും അരങ്ങുവാണപ്പോൾ വർഗ്ഗ രാഷ്ട്രീയ ദർശനത്തിന്റെ ഒളിമങ്ങി.
എന്നാൽ 1980കളുടെ മധ്യത്തിൽ ചെമ്പതാക പിന്നെയും പാറിപ്പറക്കാൻ തുടങ്ങിയ ആവേശകരമായ കാഴ്ചയാണ് കണ്ടത്. താഴ്വരകളിലും തീരങ്ങളിലും ചുവന്ന പൂക്കൾ വിരിയാൻ തുടങ്ങി. 1987 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യാണ് ഈ ഉയിർത്തെഴുന്നേല്പിന് നേതൃത്വം നൽകിയത്. ഇപ്പോൾ അവഗണിക്കാനാവാത്ത ശക്തിയായി, പാർട്ടിയും പ്രസ്ഥാനവും മാറിയിരിക്കുന്നു. കുൽഗാമിൽ നിന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും മുഹമ്മദ് യൂസഫ് തരിഗാമി തിരഞ്ഞെടുക്കപ്പെട്ടത് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി. കാശ്മീർ സ്വാതന്ത്ര്യസമരചരിത്രത്തിൽ ശക്തമായ വേരുകളുള്ള പാർട്ടിക്ക് പുതുജീവൻ നൽകിയതിൽ തരിഗാമിയുടെ സംഭാവനകൾ നിസ്തുലമാണ്.
ഫ്യൂഡൽ പശ്ചാത്തലം
കാശ്മീരിന്റെ രാഷ്ട്രീയ പരിസരം പരിശോധിക്കാതെ ആ ഭൂമികയുടെ രാഷ്ട്രീയ പരിണാമത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രാമുഖ്യം മനസ്സിലാക്കാൻ സാധ്യമല്ല. കാശ്മീരിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ഘടന രൂപപ്പെടുത്തുന്നതിൽ മുന്നിട്ടു നിന്ന പ്രസ്ഥാനമാണത്. “”പൊതുദേശീയ പ്രസ്ഥാനത്തിനകത്ത് കാശ്മീർ കമ്മ്യൂണിസ്റ്റുകാർ ആദരണീയരും അമൂല്യരു”മാണെന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന പി.സി. ജോഷി എടുത്തുപറഞ്ഞിട്ടുണ്ട്.
അമൃത്‌സർ ഉടമ്പടിയിലൂടെ (1846) സ്ഥാപിതമായ ജമ്മു‐കാശ്മീർ എന്ന നാട്ടുരാജ്യം, നേരിട്ടുള്ള ബ്രട്ടീഷ് ഭരണത്തിലുള്ള പ്രവിശ്യകളിൽ നിന്നും വിഭിന്നമായി തദ്ദേശ രാജാക്കന്മാരുടെ നിയന്ത്രണത്തിലായിരുന്നു. ഏകാധിപത്യ, ഫ്യൂഡൽ, വിഭാഗീയ സ്വാഭാവമുള്ള നാട്ടുരാജാക്കന്മാരായിരുന്നു ഭരണാധികാരികൾ. ഡോഗ്ര രാജവംശം തങ്ങളുടെ ജന്മാവകാശമായി രാജ്യഭരണത്തെ കാണുകയും മുസ്ലീം ഭൂരിപക്ഷത്തെ കനത്ത നികുതികൾ അടിച്ചേല്പിച്ചും വിദ്യാഭ്യാസ ‐ ക്ഷേമ സൗകര്യങ്ങൾ നിഷേധിച്ചും അടിമകളെപ്പോലെ അടക്കിഭരിക്കുകയും ചെയ്തു. അഭിപ്രായ ‐ ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ ഇല്ലായിരുന്നു. സ്വാഭാവികമായും കാശ്മീരിൽ സ്വാതന്ത്ര്യസമരം പ്രാഥമികമായും കേന്ദ്രീകരിച്ചത് ഡോഗ്ര മഹാരാജാക്കന്മാരുടെ അതിക്രമങ്ങൾക്കെതിരെയാണ്.
അനീതികൾക്കെതിരെ ചെറുത്തുനിൽപ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതിനിടയിലും ഉയരുന്നുണ്ടായിരുന്നു. ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന ഷാൾ നെയ്ത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ 1848ലും 1865ലും, സിൽക്ക് ഫാക്ടറി തൊഴിലാളികൾ 1920ലും നടത്തിയ പ്രക്ഷോഭങ്ങൾ പോരാട്ടചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. തൊഴിലാളികളിലും മറ്റു സാധാരണക്കാരിലും ഇടത്തരക്കാരിലും അവകാശബോധമുയർത്താനും അത് ക്രമേണ രാഷ്ട്രീയബോധത്തിലേക്കു വളരാനും ആ പ്രക്ഷോഭങ്ങൾ പശ്ചാത്തലമൊരുക്കി.
കലാപങ്ങളുടെ കാലം
മഹായുദ്ധങ്ങളിലേക്ക് ലോകം നീങ്ങിയതും സംഘർഷഭരിതമായ ആ സാഹചര്യം ആഗോള വ്യാപകമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതും, ദേശീയതലത്തിൽ രൂക്ഷമായി വളർന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളും കാശ്മീരിൽ വ്യക്തമായ രാഷ്ട്രീയാവബോധം രൂപപ്പെട്ടുവരുന്നതിന് അനുകൂല സാഹചര്യമൊരുക്കി. ഷാൾ, സിൽക്ക് വ്യവസായം തകർന്നു. ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടു. ഏകാധിപത്യ ‐ രാജഭരണത്തിനെതിരെ അസംതൃപ്തി പുകയുകയായിരുന്നു. 1930 ആയപ്പോഴേക്കും താഴ്വര ഭരണകൂടത്തിനെതിരായ കലാപങ്ങളാൽ കലുഷിതമായി. കടുത്ത മതവിവേചനമനുഭവിച്ചിരുന്ന മുസ്ലീങ്ങളായിരുന്നു പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരിൽ അധികവും. അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിയ ഷേഖ് അബ്ദുള്ളയായിരുന്നു നേതൃത്വസ്ഥാനത്ത്. ഹരിസിംഗ് മഹാരാജാവിന്റെ ദുർഭരണത്തിനും കൊള്ളരുതായ്മകൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി ജനക്കൂട്ടം തെരുവുകളിലൂടെ ഒഴുകി. സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസത്തിലും മുസ്ലീങ്ങളെ ഒഴിവാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, മുസ്ലീം കർഷകർക്ക് ഭൂമി ഉടമസ്ഥാവകാശം നൽകുക, മത സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
സ്ഥിതിഗതികൾ അനിയന്ത്രിതമായപ്പോൾ മഹാരാജാ ഹരിസിംഗ് പരാതികൾ പഠിക്കാൻ ഒരു കമ്മീഷനെ (ഗ്ലാൻസി കമ്മീഷൻ) നിയോഗിക്കുകയും കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് ചില ആവശ്യങ്ങൾ അംഗീകരിക്കുകയുമുണ്ടായി. പത്ര സ്വാതന്ത്ര്യവും യോഗങ്ങൾ ചേരാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങളും നിയന്ത്രണങ്ങളോടെയാണെങ്കിലും അനുവദിക്കപ്പെട്ടു. അതോടെ വ്യാപകമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി വാതായനങ്ങൾ തുറക്കപ്പെട്ടു. ജമ്മു ‐ കാശ്മീർ മുസ്ലീം കോൺഫറൻസ് ആയിരുന്നു രൂപവത്കരിക്കപ്പെട്ട ആദ്യ സംഘടന (1932). പ്രസിഡണ്ട് ഷേഖ് അബ്ദുള്ള. മുസ്ലീം ബുദ്ധിജീവികളും കച്ചവടക്കാരും തൊഴിലാളികളും കർഷകരും സംഘടനക്കു പിന്നിൽ അണിനിരന്നു.
മതേതര സംഘടനകളുടെയും ഗ്രൂപ്പുകളുടെയും ഊഴമായിരുന്നു പിന്നെ. പ്രോംനാഥ് ബസാസിന്റേയും ഗുലാം മുഹമ്മദ് സാദിഖിന്റെയും നേതൃത്വത്തിൽ കാശ്മീർ യൂത്ത്ലീഗ് ആയിരുന്നു പ്രധാനം. ജാതി, വർഗ, മത, ലിംഗ പരിഗണനകളില്ലാത്ത ജനകീയ ഐക്യം യൂത്ത്ലീഗ് ഉദ്ഘോഷിച്ചു. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ജി.എം. സാദിഖിന്റെ നേത്വത്വം തൊഴിലാളി, വിദ്യാർത്ഥി, യുവജന കൂട്ടായ്മകൾക്ക് ജന്മം നൽകി. പുരോഗമന സാഹിത്യകാരരും ഒന്നിച്ചു. പുരോഗമന പ്രസിദ്ധീകരണങ്ങളും ജനങ്ങൾക്കിടയിലെത്തി. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക ചൂഷകശക്തികൾക്കെതിരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സാധാരണക്കാരെയും സംഘടിപ്പിക്കുന്നതിന് ഈ സംഘടനകളും കൂട്ടായ്മകളും പോരാട്ടവീഥിയിൽ അണിനിരന്നു.
ഇതിന്റെയെല്ലാം ഫലമായി നാട്ടിൽ ശക്തിപ്പെട്ടു വരുന്ന സോഷ്യലിസ്റ്റ്, മതേതര ധാരയുടെ സ്വാധീനം ഷേഖ് അബ്ദുള്ളയിലുമുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ജവഹർലാൽ നെഹ്രുവുമായും പുലർത്തിയിരുന്ന സൗഹൃദവും അദ്ദേഹത്തിൽ പരിവർത്തനമുണ്ടാക്കി. ജമ്മു‐കാശ്മീർ മുസ്ലീം കോൺഫറൻസ് 1939 ജൂൺ 11‐ന് ജമ്മു‐കാശ്മീർ നാഷണൽ കോൺഫറൻസായി (NC) മാറി. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റ് ആശയക്കാരുമായിരുന്നു സംഘടനയിൽ പ്രവർത്തിച്ചിരുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതുപോലെ.
വായനാമുറി വിപ്ലവം
മഹാരാജ ഹരിസിംഗിന്റെ കാലത്തു തന്നെ കാശ്മീരിൽ രാഷ്ട്രീയ ഉണർവ് പ്രത്യക്ഷമായിരുന്നുവെന്നതാണ് വാസ്തവം. ശ്രീനഗറിൽ “വായനാമുറി’കളിലൂടെയായിരുന്നു തുടക്കം. രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ചർച്ചചെയ്യുന്നതോടൊപ്പം ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ചിന്തിക്കുന്ന യുവാക്കൾ ചേർന്ന് ജന്മം നൽകിയതാണ് വായനാമുറികൾ. നമ്മുടെ ഗ്രന്ഥശാലകളുടെ ആദിമരൂപം. പൊതുഇടങ്ങളും ആരാധനാകേന്ദ്രങ്ങളും വായനാമുറികളായി മാറി. ഇന്ത്യൻ ജനതയുടെ സാമ്രാജ്യത്വ വിരുദ്ധപോരാട്ടം അവരെ ആവേശംകൊള്ളിച്ചു. വായനാമുറികൾ ക്രമേണ ഗൗരവമേറിയ രാഷ്ട്രീയ സംവാദവേദികളായി രൂപാന്തരപ്പെട്ടു. തലമുറകളായി തങ്ങളും പൂർവ്വികരും അനുഭവിച്ച അനീതികൾക്കും ചുഷണങ്ങൾക്കും അറുതിവരുത്താനുള്ള മാർഗ്ഗങ്ങൾ അവർ ആരാഞ്ഞു. സമരങ്ങളും പ്രക്ഷോഭങ്ങളും താഴ്വരയെ പ്രകമ്പനം കൊള്ളിച്ചു. തുടർന്നുണ്ടായ വിപുലമായ കൂട്ടായ്മകളിൽ മോചനത്തിന്റെ മന്ത്രങ്ങളും തന്ത്രങ്ങളും ഉരുക്കഴിക്കപ്പെട്ടു.
ഇടതു തരംഗം
1930കളുടെ മധ്യത്തോടെ തന്നെ കാശ്മീർ രാഷ്ട്രീയത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം പ്രകടമായി. കമ്മ്യൂണിസ്റ്റ് പ്രവർത്തനം വിപുലീകൃതമായി. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ സാമൂഹിക ‐ സാമ്പത്തിക ഘടനയ്ക്ക് നിയതമായ രൂപരേഖയായി. ഷേഖ് അബ്ദുള്ളക്കുമേൽ കമ്മ്യൂണിസ്റ്റുകാർക്ക് നിർണായകമായ സ്വാധീനമുണ്ടായിരുന്നു. ലാഹോറിൽ നിന്ന് ശ്രീനഗറിലേക്ക് ഇടതുപക്ഷ ബുദ്ധിജീവികളുടെ പ്രവാഹമായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുഖ്യ പരിഗണനാപട്ടികയിലും കാശ്മീർ ഇടംപിടിച്ചു. മോസ്കോവിൽ പരിശീലനം നേടിയ അബ്ദുള്ള സഫർ, ഫസൽ ഇല്ലാഹി കുർബാൻ എന്നീ പ്രമുഖ വിപ്ലവകാരികൾ ലാഹോറിൽ നിന്ന് കാശ്മീരിലെത്തുന്നത് അങ്ങനെയാണ്. രണ്ടു പ്രമുഖ കമ്മ്യൂണിസ്റ്റ് ദമ്പതികൾ, ബി.പി.എൽ. ബേദിയും പ്രഡഹോൾസ്റ്റണും, കാശ്മീരിൽ സാധാരണ ജനങ്ങൾക്കിടയിൽ വിപ്ലവാശയങ്ങൾ പ്രചരിപ്പിച്ചു. നാഷണൽ കോൺഫറൻസിലെ വലിയ വിഭാഗം പ്രവർത്തകർ മാർക്സിസം ‐ ലെനിനിസത്തിൽ ആകൃഷ്ടരായി.
1940കളുടെ തുടക്കത്തിൽ വിദ്യാർത്ഥികൾ കമ്മ്യൂണിസ്റ്റ് പഠനവേദികൾ രൂപീകരിച്ച് വിപ്ലവ സാഹിത്യവും പ്രത്യയശാസ്ത്രവും പ്രചരിപ്പിച്ചു. വിഖ്യാത ലാഹോർ കമ്മ്യൂണിസ്റ്റ് ഫസൽ ഇല്ലാഹി കുർബാൻ ശ്രീനഗറിൽ ഒരു ഹൗസ്ബോട്ടിൽ ആരംഭിച്ച ഫാസിസ്റ്റ് വിരുദ്ധ പാഠശാല ജനശ്രദ്ധയാകർഷിക്കുകയും സമൂഹത്തിൽ സാമ്രാജ്യത്വ വിരുദ്ധവികാരം വളർത്തുകയും ചെയ്തു. പീർ ഗിയാസുദ്ദീൻ, നസീർ അഹമ്മദ് ഷാ, പി.എൻ. ജലാലി, സോനംനാഥ് വാലി, രാംനാഥ് സർദാർ, ഹനം സിംഗ്, സുമൈത ലഖ്വാര, സ്വേര മഹി തുടങ്ങിയവർ ക്ലാസുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ജി.എം. സാദിഖും ബക്ഷി ഗുലാം മുഹമ്മദും നേതൃത്വം നൽകി (ഷേഖ് അബ്ദുള്ളയുടെ ഏറ്റവും വിശ്വസ്തരായിരുന്ന സാദിഖും ഗുലാം മുഹമ്മദും പിന്നീട് മുഖ്യമന്ത്രിമാരുമായി). സമൂഹത്തിന്റെ വികാസം, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം, ഇന്ത്യൻ ദേശീയ പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലും കോളനികളിലെയും അർദ്ധകോളനികളിലെയും ആശ്രിത രാജ്യങ്ങളിലെയും വിമോചന പ്രസ്ഥാനങ്ങളും തുടങ്ങിയ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ചത്. നാഷണൽ കോൺഫറൻസിനകത്തു നിന്നു പ്രവർത്തിക്കാനുള്ള തീരുമാനം, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് അംഗീകരിച്ച ലെനിന്റെ തിസീസിനനുസരിച്ചാണ് കമ്മ്യൂണിസ്റ്റ് സർക്കിൾ കൈക്കൊണ്ടത്. നാഷണൽ കോൺഫറൻസിൽ ജി.എ. സാദിഖ് നേതൃത്വം നൽകുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുവാനാണ് സർക്കിൾ തീരുമാനിച്ചത്. സ്വേച്ഛാധിപത്യത്തെ പുറത്താക്കുക, പ്രായപൂർത്തി വോട്ടവകാശം അടിസ്ഥാനമാക്കി ജനാധിപത്യ ഭരണം, ഭൂപ്രഭുത്വം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കിൾ മുന്നോട്ടു വെച്ചു. തൊഴിലാളി സംഘടനകളിൽ ഇടതുപക്ഷ ഫാക്ഷനുകളും രൂപപ്പെട്ടു തുടങ്ങി. ചുരുക്കത്തിൽ ഒരു “നവകാശ്മീരി’നായുള്ള വിത്തുകൾ കമ്മ്യൂണിസ്റ്റ് സ്റ്റഡി സർക്കിളുകൾ വിതച്ചു.
നവകാശ്മീർ മാനിഫെസ്റ്റോ
നാഷണൽ കോൺഫറൻസിനകത്തെ കമ്മ്യൂണിസ്റ്റ് സ്വാധീനം ശക്തമായതിന്റെ രണ്ട് ഉദാഹരണങ്ങളാണ് “നവ കാശ്മീർ’ മാനിഫെസ്റ്റോയും “ക്വിറ്റ് കാശ്മീർ’ പ്രക്ഷോഭവും. പുതിയ കാശ്മീർ എങ്ങിനെയായിരിക്കണമെന്നതിൽ അഭിപ്രായ സമാഹരണം നടത്തി ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് മാനിഫെസ്റ്റോ തയ്യാറാക്കാൻ നേതൃത്വം നൽകിയത് ബി.പി.എൽ. ബേദിയെന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. രാഷ്ട്രീയ വിധേയത്വത്തിൽ നിന്നു മോചിപ്പിച്ച് ജനങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ അവസ്ഥ നവ കാശ്മീരിനായി സമഗ്രമായി അഴിച്ചുപണിയണം എന്നതായിരുന്നു മാനിഫെസ്റ്റോയുടെ കേന്ദ്രബിന്ദു. സാമൂഹിക പിന്നോക്കാവസ്ഥ ദൂരീകരിക്കുക, ഫ്യൂഡൽ ഭൂവുടമ സമ്പ്രദായം അവസാനിപ്പിക്കുക, കർഷകരും സ്ത്രീകളും ഉൾപ്പെട്ട ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുക തുടങ്ങിയവക്ക് പ്രമുഖ സ്ഥാനം നൽകി. ലിംഗസമത്വം, പത്രസ്വാതന്ത്ര്യം, പ്രമുഖ വ്യവസായങ്ങൾ പൊതുമേഖലയിൽ കൊണ്ടുവരൽ തുടങ്ങിയ വിഷയങ്ങൾക്കും പരിഗണന നൽകി.
സ്വേച്ഛാധിപത്യ വാഴ്ച പൂർണമായും തുടച്ചുമാറ്റുകയെന്ന ആഹ്വാനവുമായി 1946 ൽ ആരംഭിച്ച ക്വിറ്റ് കാശ്മീർ പ്രക്ഷോഭവും കമ്മ്യൂണിസ്റ്റുകാർക്ക് സാധാരണക്കാർക്കിടയിൽ മതിപ്പും അംഗീകാരവും നൽകി. ഭൂവുടമാ സമ്പ്രദായം അവസാനിപ്പിച്ച് കൃഷിഭൂമി കർഷകർക്കു നൽകാനുള്ള മുറവിളിയും കൂടിയാണ് ഈ പ്രക്ഷോഭം ഉയർത്തിയത്. രണ്ട് സംഭവങ്ങളും മഹാരാജാവിനെ വിറളിപിടിപ്പിക്കുകയും ഭരണകൂടം അടിച്ചമർത്തൽ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തു. ഷേഖ് അബ്‌ദുള്ളയുൾപ്പെടെ ഒട്ടേറെ പ്രമുഖ നാഷണൽ കോൺഫറൻസ് നേതാക്കൾ ജയിലിലായി.
പ്രവർത്തനം ഒളിവിൽ
എന്നാൽ കമ്മ്യൂണിസ്റ്റ് ശൃംഖല ദുർബലമായില്ല. അവർ ഒളിവിലിരുന്നും പ്രവർത്തനം തുടർന്നു. ബക്ഷി ഗുലാം മുഹമ്മദും ജി.എം. സാദിഖും ലാഹോറിലേക്ക് രക്ഷപ്പെട്ടു. അവിടെയും അവർ പ്രവർത്തനനിരതരായിരുന്നു. ഗുലാം മുഹമ്മദ് ക്വാറ എന്ന തീപ്പൊരി നേതാവ് ഒളിവിലായിരുന്നു. പുരുഷ സഖാക്കൾ ജയിലിലും ഒളിവിലും കഴിയുമ്പോൾ വനിതാ സഖാക്കൾ സന്ദേശവാഹകരും പ്രസിദ്ധീകരണങ്ങളുടെ പ്രചാരകരുമായി രംഗത്തിറങ്ങി. മഹ്മൂദ അലിഷാ, ബീഗം സൈറാബ് മുതലായ സ്ത്രീ പോരാളികൾ നിർഭയം ജനമധ്യത്തിലിറങ്ങി. ഷേഖ് അബ്ദുള്ളയുടെ ഭാര്യ ബീഗം അക്ബർ ജഹാനും മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
“പീപ്പിൾസ് വാറി’നുശേഷം പ്രസിദ്ധീകരണമാരംഭിച്ച “പീപ്പിൾസ് ഏജി’ലൂടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാശ്മീരിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് അർഹിക്കുന്ന പ്രചാരണവും പ്രാധാന്യവും നൽകി.
രാജ്യം അസ്വസ്ഥകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആ ഘട്ടത്തിലാണ് തികച്ചും ദൗർഭാഗ്യകരമായി വിഭജനം നടന്നത്. ഇന്ത്യയും പാക്കിസ്ഥാനും രണ്ടു പ്രത്യേക രാജ്യങ്ങളായി സ്വാതന്ത്ര്യം ആഘോഷിച്ചുകൊണ്ടിരിക്കുമ്പോൾ ജമ്മു കാശ്മീരും തന്ത്ര പ്രധാനമായ ആ പ്രദേശത്തെ സ്വാതന്ത്ര്യദാഹികളായ ജനതയും ‐ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാർ ‐ ആശയക്കുഴപ്പത്തിലും പ്രതിസന്ധിയിലുമായി. മഹാരാജാവ് ഹരിസിംഗ് ഏറെനാൾ ആടിനിന്നു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസുമായി സഹകരിക്കുന്നതിനെ അവസരവാദമെന്ന് അപലപിച്ച് ദേശീയ ബൂർഷ്വാസിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചു. രണ്ടാം പാർട്ടി കോൺഗ്രസിൽ, പി.സി. ജോഷിക്കു പകരം ബി.ടി. രണദിവെ പാർട്ടി തലവനായി. പാർട്ടി ഷേഖ് അബുദുള്ളയെ പിന്താങ്ങുന്നതിനെ നിശിതമായി വിമർച്ചു. മറ്റൊരു നാട്ടുരാജ്യമായ തെലങ്കാനയിൽ കർഷക കലാപത്തെ പിന്താങ്ങുവാൻ സായുധ കലാപത്തിനിറങ്ങാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കാശ്മിരിലെ പാർട്ടി ദിശാബോധം നഷ്ടപ്പെട്ടതുപോലെയായെന്ന് കാശ്മീർ രാഷ്ട്രീയം സസൂക്ഷ്മം പഠിച്ച വസിം അഹമ്മദ് ഭട്ട് എന്ന റിസർച്ച് സ്കോളർ നിരീക്ഷിക്കുന്നു.
ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ മഹാരാജാവ് നിർബന്ധിതനായതിനെ തുടർന്ന് (1948) ജമ്മു കാശ്മീരിലുണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ കയറ്റിറക്കങ്ങളിൽ നാഷണൽ കോൺഫറൻസ് പിടിമുറുക്കി. ഭരണാധികാരിയെന്ന നിലയിൽ അതുവരെ ഉദ്ഘോഷിച്ച ജനാധിപത്യമൂല്യങ്ങൾ സൗകര്യപൂർവ്വം മറക്കുകയും ബഹുസ്വരതക്ക് വലിയ വില കല്പിക്കാതിരിക്കുകയും ചെയ്ത ഷേഖ് അബ്ദുള്ളയെയാണ് പിന്നെ കാണുന്നത്. 1947 സെപ്തംബർ 29 ന് ജയിൽ മോചിതനായി തിരിച്ചെത്തിയ അബ്ദുള്ള നാഷണൽ കോൺഫറൻസിന്റെ സർവാധിപതിയായി മാറുകയായിരുന്നു. അസഹിഷ്ണുതയും പിടിവാശിയും പ്രകടിപ്പിച്ചു തുടങ്ങി. സഖാക്കൾ അകന്നു തുടങ്ങി. അഴിമതിയും അധികാര ദുർവിനിയോഗവും പ്രകടമായപ്പോൾ അകൽച്ച വർദ്ധിച്ചു. ദേശീയതലത്തിൽ പാർട്ടി നിലപാട് എതിരായിരുന്നതും പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കി. സംസ്ഥാനത്തിന്റെ സമ്പൂർണവും സ്ഥിരവുമായ സംയോജനം കീറാമുട്ടിയായപ്പോൾ കേന്ദ്രവും കാശ്മീർ പ്രധാനമന്ത്രി ഷേഖ് അബ്ദുള്ളയും ഏറ്റുമുട്ടുക തന്നെ ചെയ്തു. കേന്ദ്രം അബ്ദുള്ളയെ ഡിസ്മിസ് ചെയ്തു.
നാഷണൽ കോൺഫറൻസും കമ്മ്യൂണിസ്റ്റ് പാർട്ടിയും വഴിപിരിഞ്ഞതിനുശേഷം ഒരു ദശകക്കാലം ജി.എം. സാദിഖ് ആയിരുന്നു സംസ്ഥാനം നിയന്ത്രിച്ചത്. സോവിയറ്റ് അനുകൂല നിലപാടുകളുള്ള സാദിഖിന് ആഗോള ശാക്തിക ചേരിയിൽ സോവിയറ്റ് യൂണിയനെ അനുകൂലിച്ച ഇന്ത്യയുടെ പൂർണ പിന്തുണയുമുണ്ടായിരുന്നു. കാശ്മീർ കമ്മ്യൂണിസ്റ്റുകാർക്ക് കൈമാറിയെന്നാരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം പ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ ശബ്ദമുയർത്തിയെന്നതും കൗതുകകരം. പക്ഷേ ജി.എം. സാദിഖിനും കാര്യങ്ങൾ സുഗമമായിരുന്നില്ല. കാശ്മീരിന്റെ സ്വയംഭരണാവകാശം, ഇന്ത്യ ‐ പാക് സംഘർഷം, വിഭജനവാദം തുടങ്ങിയ സങ്കീർണ വിഷയങ്ങൾ ജമ്മു ‐ കാശ്മീരിനെ പ്രശ്നസങ്കീർണവും കലാപകലുഷിതവുമാക്കി. ഭരണസ്ഥിരത നഷ്ടപ്പെട്ടു.
എങ്കിലും ശക്തമായ ഇന്ത്യാപക്ഷ മതനിരപേക്ഷ ദേശീയതയും, വിട്ടുവീഴ്ചയില്ലാത്ത തൊഴിലാളിവർഗ സംരക്ഷണവും കാശ്മീർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും മുറുകെപ്പിടിച്ചിരുന്നു. ഷേഖ് അബ്ദുള്ളയിൽ നിർണായക സ്വാധീനമുണ്ടായിരുന്ന കാലത്ത്, സമഗ്രമായ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്ന് ഫ്യൂഡൽ ഭൂവുടമാ സമ്പ്രദായം അവസാനിപ്പിച്ചത് കാശ്മീരിന്റെ മുഖഛായ തന്നെ മാറ്റി. സംസ്ഥാനത്തിന്റെ സാമ്പത്തിക ‐ സാമൂഹിക ഘടന തന്നെ പൊളിച്ചെഴുതാൻ അത് കാരണമായി. (ശ്രീനഗറിലെ ലാൽചൗക്ക് സെൻട്രൽ പ്ലാസയെ റെഡ് സ്ക്വയർ എന്നു പുനർനാമകരണം ചെയ്തത് അബ്ദുള്ള കമ്മ്യൂണിസ്റ്റുകാർക്ക് ചെയ്ത മറ്റൊരു ഉപകാര സ്മരണ.)
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കിൽ, 1950 മുതൽ ഇടതുപക്ഷ സ്വാധീനം ദുർബലമായെങ്കിലും 1980 മുതൽ യുവജനങ്ങളും ഇടത്തരക്കാരും പ്രസ്ഥാനത്തോട് കൂടുതൽ അടുക്കുവാൻ തുടങ്ങി. തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ സംഘബോധം ഉയിർത്തെണീറ്റതിൽ തരിഗാമിയെ പോലെയുള്ള വിദ്യാസമ്പന്നരായ വിദ്യാർത്ഥി യുവജനനിരയ്‌ക്ക് സുപ്രധാന പങ്കുണ്ട്. ആ വർധിത വീര്യത്തിന്റെ പ്രത്യക്ഷോദാഹരണമാണ് കുൽഗാമിൽ വീണ്ടും ചെങ്കൊടി പാറിയത്. l