വിപ്ലവപാതയിലെ ആദ്യപഥികർ‐ 54
മദിരാശിയിലെ ലയോള കോളേജിൽനിന്ന് കണക്കിൽ ബി.എ. ഓണേഴ്സ്, അതായത് എം.എസ്.സിക്ക് തുല്യമായ ബിരുദംനേടി രവിശർമരാജ നാട്ടിലേക്ക് തിരിച്ചെത്തുന്നത് 1939 ആദ്യമാണ്. ഒന്നുകിൽ കോളേജധ്യാപകനാവാം, അതല്ലെങ്കിൽ ഐ.സി.എസ്. പരീക്ഷയെഴുതി ഉന്നതമായ ഔദ്യോഗികപദവിയിലെത്താം. മദിരാശി സർവകലാശാലയിലെ പ്രൊഫസറായ ഡോ.കുഞ്ഞൻരാജയുടെ അനന്തരവനാണ് രവിശർമ. രവിയെ മാത്രമല്ല, രവിയുടെ സഹോദരിമാരായ തങ്കം, തമ്പായി എന്നിവരെക്കൂടി അമ്മാവൻ ചെന്നൈയിലെ തന്റെ വീട്ടിലേക്ക് കൂട്ടിയിട്ടുണ്ട്്. അവരെയും കോളേജിൽ ചേർത്ത് പഠിപ്പിക്കുകയാണ്. (അവരിരുവരും ഡോക്ടറേറ്റൊക്കെ നേടി ഉദ്യോഗങ്ങളിലെത്തി) അമ്മാവൻ ഉൽപതിഷ്ണുവും കോൺഗ്രസ് സഹയാത്രികനുമായിരുന്നെങ്കിലും മരുമക്കൾക്ക് രാഷ്ട്രീയത്തിലോ സാമൂഹ്യപ്രവർത്തനത്തിലോ പോകാനൊന്നും അനുവാദമില്ല. (ആനിബസന്റാണ് കുഞ്ഞൻരാജയെ ഓക്സ്ഫോർഡിൽ അയച്ച് ഋഗ്വേദത്തിൽ ഡോക്ടറേറ്റെടുക്കാൻ പ്രേരിപ്പിച്ചതും സഹായിച്ചതും. കടൽകടന്നതിന്റെ പേരിൽ കുഞ്ഞൻരാജയ്ക്ക് ഭ്രഷ്ട്് കല്പിക്കപ്പെട്ടു) പഠിപ്പേ പഠിപ്പ്. രവിശർമരാജ 1939 മാർച്ചിൽ ഓണേഴ്സ് ബിരുദവുമായി വന്നേരിനാട്ടിലെത്തുമ്പോൾ കർഷകസംഘത്തിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പ്രവർത്തനം ഉച്ചസ്ഥായിയിലെത്തുകയായിരുന്നു. കുട്ടികൃഷ്ണമേനോൻ കമ്മിറ്റി മുമ്പാകെ കൃഷിക്കാരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കർഷകസംഘം വിവരശേഖരണംനടത്തുന്നു, സക്വാഡുകൾ വീടുവീടാന്തരം കയറിയിറങ്ങി ഒപ്പുശേഖരണം നടത്തുന്നു. രവിശർമ അവർക്കൊപ്പം ചേർന്നു. തന്റെ വഴി സർക്കാരുദ്യോഗത്തിന്റേതല്ല, പാവപ്പെട്ടവരുടെ മോചനത്തിനായുള്ള ത്യാഗപൂർണമായ പ്രവർത്തനമാണെന്ന് രവിശർമ ദൃഢനിശ്ചയം ചെയ്തുകഴിഞ്ഞിരുന്നു.
ഈ രവിശർമയാണ് 1931‐ൽ ഗുരുവായൂർ സത്യഗ്രഹം നടക്കുമ്പോൾ സമരപ്പന്തലിനടുത്തുവന്ന് നിൽക്കാറുള്ള ശ്രദ്ധേയനായ കുട്ടി. സത്യാഗ്രഹിക്ക് എന്തെങ്കിലും സഹായം വേണോ എന്ന് നോക്കിയുള്ള നിൽപ്പ്. എ.കെ.ജി. ജീവിതകഥയിൽ ആ കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. ചാവക്കാട് ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു ആ കുട്ടി. ഗുരുവായൂർ സമരം ഒരുവർഷത്തോളം നീണ്ടിട്ടും എങ്ങുമെത്താത്തതിനെ തുടർന്ന് 1932 സെപ്റ്റംബർ 21ന് കേളപ്പൻ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. സ്കൂൾ വിട്ടാലുടൻ സമരപ്പന്തലിനടുത്തുപോയി നിൽക്കൽ തുടരുകയായിരുന്നു രവിശർമരാജ. നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ കേളപ്പൻ വല്ലാതെ ക്ഷീണിച്ചു. തന്റെ ആരാധനാപാത്രമായ കേളപ്പന്റെ ക്ഷീണംകണ്ട് രവിശർമ പൊട്ടിക്കരയാൻ തുടങ്ങി. കരയരുതെന്ന് എ.കെ.ജി. ശകാരിച്ചു. എന്നിട്ടും നിർത്താത്തതിനെ തുടർന്ന് രവിശർമയെ എ.കെ.ജി തല്ലി. സമരത്തെ ക്ഷീണിപ്പിക്കാൻ നോക്കുന്നോ എന്നും പറഞ്ഞായിരുന്നു അടി. ആ അടി വാസ്തവത്തിൽ രാഷ്ട്രീയത്തിലേക്കുള്ള ഒരു ചുവടുവെപ്പായാണ് രവിശർമയുടെ കാര്യത്തിൽ സംഭവിച്ചത്. സ്കൂളിൽ പോകുന്നകാലത്ത് ഈ കുട്ടി സ്ഥിരമായി പോയി ഇരിക്കുന്ന സ്ഥലം ഗുരുവായൂരിലെ സന്താനം ബുക്സ്റ്റാളാണ്. രവിശർമയുടെ പിതാവിന്റെ സഹോദരന്റെ മകനാണ് അതിന്റെ ഉടമ. ഉടമ അവിടെയില്ലാത്തപ്പോൾ പുസ്തകവിൽപ്പനയുടെ ചുമതലക്കാരൻ. പിന്നെ അവിടെ വരുന്ന മാതൃഭൂമി, ഹിന്ദു പത്രങ്ങളുടെ വായനക്കാരൻ. വിൽക്കാൻവെച്ച പുസ്തകങ്ങളുടെ വായനക്കാരൻ. അങ്ങനെ ഉല്പതിഷ്ണുത്വത്തിന്റെയും വിശാലചിന്തയുടെയും ലോകത്തേക്ക് രവിശർമ ഉയരുകയായിരുന്നു.
ആ കുട്ടി ആരാണെന്നല്ലേ. സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ നായകരായ എം.പി.ഭട്ടതിരിപ്പാടിന്റെയും എം.ആർ.ബി.യുടെയും മൂത്ത സഹോദരനായ എം.കെ. ഭട്ടതിരിപ്പാടിന്റെ (മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാട്)യും കക്കാട് രാജകുടുംബത്തിന്റെ ഭാഗമായ ചിറ്റഞ്ഞൂർ കോവിലകത്തെ അമ്മിണിത്തമ്പുരാട്ടിയുടെയും മകനാണ് ഉണ്ണിയെന്നു വിളിപ്പേരുള്ള രവിശർമ. ആ ഉണ്ണിയാണ് ഉണ്ണിരാജയായി മാറുന്നത്. കലാമണ്ഡലം സ്ഥാപിക്കുന്നതിൽ വള്ളത്തോളിനോടൊപ്പം പ്രവർത്തിച്ച മുകുന്ദരാജ ഉണ്ണിരാജയുടെ അമ്മാവനാണ്. മുകുന്ദരാജയുടെ മകനാണ് എം.എസ്.ദേവദാസ്. ഉണ്ണിരാജയുടെ മൂലതറവാടായ കക്കാട് കോവിലകത്താണ് കലാമണ്ഡലത്തിന്റെ തുടക്കംകുറിച്ചത്. ഉണ്ണിരാജയുടെ അമ്മയുടെ അമ്മാവൻ വിവാഹംചെയ്തത് നാലാപ്പാട്ട് നാരായണമേനോന്റെ സഹോദരയിയെ. ആ ദമ്പതികളുടെ മകളാണ് നാലാപ്പാട്ട് ബാലാമണിയമ്മ. ഉണ്ണിയുടെ കൂട്ടുകാർ വള്ളത്തോളിന്റെ മക്കളായ ബാലകൃഷ്ണകുറുപ്പ്, അച്യുതകുറുപ്പ്, മാധവകുറുപ്പ് തുടങ്ങിയവരാണ്. വി.എം.നായരുടെ അനുജൻ വടേക്കര ബാലകൃഷ്ണൻനായരും അക്കൂട്ടത്തിലുണ്ട്്. ഗുരുവായൂർ സത്യാഗ്രഹം വിജയിക്കാത്തതും മറ്റും ഈ കൂട്ടുകാരുടെ സംഘത്തിന് മനപ്രയാസമുണ്ടാക്കി. ഗാന്ധിയൻ രീതികളോട് വിപ്രതിപത്തി വർധിച്ചുവന്നു. അങ്ങനെയാണ് വള്ളത്തോളിന്റെ മക്കളും വടേക്കര ബാലകൃഷ്ണൻനായരുമെല്ലാം ചേർന്ന് യുവദീപം എന്ന വാരിക ആരംഭിക്കുന്നത്. പത്രാധിപർ രവിശർമയുടെ അച്ഛന്റെ അനുജനായ എം.ആർ.ബി സ്കൂൾ വിദ്യാർഥിയായ കേവലം 14 വയസ്സുള്ള രവിശർമ ഉണ്ണിരാജയായി അതിലെ ലേഖകനായി. രാഷ്ട്രീയ കുറിപ്പുകൾ‐ പംക്തീകാരൻ ഉണ്ണിരാജ. രവിശർമയുടെ അമ്മയുടെ മൂത്ത അമ്മാവനായ സി.വി. രവിശർമരാജ കേരളപത്രികയുടെ പത്രാധിപരായിരുന്നു. കുന്ദംകുളത്ത് ആത്മപോഷിണി എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന മാസികയുടെ പത്രാധിപരായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ കൊണ്ടുവരുന്നതിലും സി.വി.രവിശർമയാണ് സ്വാധീനശക്തിയായത്. ഇനി ഉണ്ണിരാജയുടെ സ്വന്തം അമ്മാവനായ സി.കെ.രാജ കൊല്ലത്തുനിന്ന് എ.കെ.പിള്ള നടത്തിയ സ്വരാജ് പത്രത്തിന്റെ പത്രാധിപരായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ വീട്ടുകാരെ അറിയിക്കാതെ വൈക്കത്തുചെന്ന് സത്യാഗ്രഹത്തിൽ പങ്കെടുത്തയാളാണ്. എന്നുമാത്രമല്ല മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപരുമായിരുന്നു. ഇത്ര ബൃഹത്തായ ഒരു പശ്ചാത്തലമുണ്ടായിരുന്നു ഉണ്ണിരാജയ്ക്ക് എന്നാണ് പറഞ്ഞുവന്നത്. പക്ഷേ ഒരിക്കൽപോലും ഈ ബന്ധങ്ങളെക്കുറിച്ച് പറയാറില്ലായിരുന്നു. (ഇതെഴുതുന്നയാൾ സഖാവ് ഉണ്ണിരാജയെ ഒരിക്കലേ കണ്ടിട്ടുള്ളൂ. 1990‐ലാണത്. ദേശാഭിമാനി വാരികയിൽ ഞാൻ സബ് എഡിറ്ററായി പ്രവർത്തിക്കുകയാണന്ന്. ഐ.വി.ദാസാണ് പത്രാധിപർ. ദാസൻമാഷ് ഓഫീസിൽ ഉണ്ടാവുമെന്ന് കരുതി ഉണ്ണിരാജ സഖാവ് കയറിവന്നു. ഒരു ലേഖനവുമായി വന്നതാണ്. ന്യൂസ്പ്രിന്റ് കൃത്യമായല്ലാതെ മുറിച്ച് അതിൽ മഷിപ്പേനകൊണ്ടെഴുതിയ ലേഖനം. ശങ്കരദർശനത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ ചേർക്കാനാണ് ആ ലേഖനം എന്നാണോർമ. വെള്ള മുണ്ടും വെള്ള മല്ലിന്റെ ഷർട്ടും വേഷം. ലാളിത്യത്തിന്റെ പ്രതീകം. മറക്കാനാവില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും ലാളിത്യവുംമെല്ലാം കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ഈ ചവിട്ടിനിൽക്കുന്ന മഹത്തായ സ്ഥാപനം കെട്ടിപ്പടുത്തവരിൽ പ്രധാനിയാണ് മുമ്പിൽ നില്ക്കുന്നത്്. ഞാനാ കരം ഗ്രഹിച്ച് നിർന്നിമേഷനായി നിന്നുപോയി).
1934‐ൽ സ്കൂൾ ഫൈനൽ പാസായി മദിരാശിയിലെ ലയോള കോളേജിൽ ചേർന്നതോടെ പ്രത്യക്ഷ രാഷ്ട്രീയപ്രവർത്തനമില്ലാതായി. കോളേജിൽ ചേർക്കുകയും തന്റെ വീട്ടിൽ താമസിച്ച് സംരക്ഷിക്കുയും ചെയ്ത ഡോ.കുഞ്ഞൻരാജ മരുമക്കളെ രാഷ്ട്രീയത്തിലിറക്കാൻ താല്പര്യപ്പെട്ടില്ലെങ്കിലും മാമൂലുകൾക്കെതിരെ പൊരുതിയ ദേശാഭിമാനിയാണ്. കമ്യൂണിസം, സോഷ്യലിസം എന്നിവയോട് അലർജിയുണ്ടായിരുന്ന അദ്ദേഹം ഉണ്ണിരാജ കമ്മ്യൂണിസ്റ്റാണെന്നറിഞ്ഞ ശേഷം ബന്ധം മുറിച്ചതിന് സമമായാണ് പെരുമാറിയത്. എന്നാൽ വിദേശത്തുപഠിക്കാൻ പോയതിന്റെ പേരിൽ അമ്മാവന് ഭ്രഷ്ട് കല്പിച്ച സംഭവത്തിലുള്ള പ്രതിഷേധമാണ് തന്റെ മനസ്സിൽ പുരോഗമനചിന്തയുടെ വിത്തുപാകിയതെന്ന് ഉണ്ണിരാജ എപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു.
വന്നേരിയിൽനിന്ന് പത്ത് നാഴികയോളം അകലെയാണ് പൊന്നാനി. അവിടെ ബീഡി തൊഴിലാളികളുടെ ഉജ്ജ്വലമായ പണിമുടക്ക് കെ.ദാമോദരന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ഓണേഴ്സ് പാസായി നാട്ടിലെത്തി കർഷകസംഘം പ്രവർത്തനത്തിൽ മുഴുകിയ ഉണ്ണിരാജ ഇളയച്ഛനായ പ്രേംജിക്ക് ഒപ്പം പൊന്നാനിയിൽ പോകാൻ തുടങ്ങി. ഉച്ചക്ക് വീട്ടിൽനിന്ന് ഊണുകഴിച്ചശേഷം നടത്തം. വൈകിട്ടാവുമ്പോൾ പൊന്നാനിയിലെത്തും. അവിടെ ട്രേഡ് യൂണിയൻ പ്രവർത്തനം. തൊഴിലാളികളുടെ വീട് സന്ദർശനം. ജാഥ. ജാതിമതാതീതമായി കൂട്ടായ്മകൾ. മുസ്ലിം വീടുകളിൽനിന്നും അധസ്ഥിതരുടെ വീടുകളിൽന്നും ഒരുമിച്ച് ഭക്ഷണം കഴിക്കൽ. അവിടെ കിടന്നുറങ്ങി പിറ്റേന്ന്് രാവിലെ വന്നേരിയിലേക്ക് തിരിച്ചുനടത്തം. അടുത്തദിവസം വീണ്ടും ആവർത്തിക്കുന്നു. അയിത്തം പേടിച്ച് പത്തുവയസ്സുവരെ സ്കൂളിലേ വിടാതിരുന്ന കുട്ടിയാണ് രവിശർമ. ആ കുട്ടിയാണ് കോളേജുപഠനം കഴിഞ്ഞെത്തിയപ്പോൾ വിപ്ലവകാരിയായ പിതൃസഹോദരനോടൊപ്പം അയിത്തം തകർക്കൽ പ്രവർത്തനത്തിൽ പങ്കാളിയായത്.
അങ്ങനെയിരിക്കെ ഒരുദിവസം സമരവേദിയിൽ കെ.ദാമോദരന്റെ രക്തപാനം നാടകം അവതരിപ്പിക്കുന്നു. നാടകം കണ്ടശേഷം ഉണ്ണിരാജ കിടന്നുറങ്ങിയത് മാതൃഭൂമിയുടെ ഓഫീസിൽ. ചോയിയെന്നയാളാണ് ലേഖകൻ. രാവിലെയെഴുന്നേറ്റ് ഭാരതപ്പുഴയിൽ കുളിച്ച് കുപ്പായവും മുണ്ടും അലക്കി ആറിയിട്ട് കാത്തുനിൽക്കുമ്പോൾ ഇ.എം.എസ്. വരുന്നു. കൃഷ്ണപിള്ള പറഞ്ഞയച്ചതാണ്. ഗുരുവായൂർ സത്യാഗ്രഹകലത്ത് കണ്ട ആ കുട്ടിയെ കാണണം. ഇ.എം.എസ്. വന്നപാടെ ഒരു ചോദ്യം‐ പാർട്ടിയിൽ ചേരാൻ താല്പര്യമുണ്ടോ. അങ്ങനെ ചോദിക്കാൻ കാരണം ഉന്നതബിരുദം നേടിയെത്തിയ ആളായതിനാലാണ്. ജോലിക്കുപോകാനാണോ താല്പര്യം എന്ന അർഥത്തിൽ. പാർട്ടിയിൽ ചേരുന്നുവെന്ന് മറുപടി. പാതിയുണങ്ങിയ വസ്ത്രങ്ങളുമെടുത്ത് അപ്പോൾത്തന്നെ പുറപ്പെടുകയാണ്. തലശ്ശേരിയിൽ വണ്ടിയിറങ്ങി, കൂത്തുപറമ്പിലേക്ക് പുറപ്പെട്ടു. കൂത്തുപറമ്പിൽ ആയിഷ ബനിയൻ കമ്പനിയുടെ മാനേജർ പി.കെ.ബാലകൃഷ്ണനാണ്. പിൽക്കാലത്ത് ദേശാഭിമാനിയുടെ മാനേജരായ കമ്മ്യൂണിസ്റ്റ് നേതാവാണ് പി.കെ.ബാലകൃഷ്ണൻ. ബാലകൃഷ്ണൻ ഉണ്ണിരാജയെ കൃഷ്ണപിള്ളയുടെ ഒളിയിടത്തിലേക്കാണ് കൊണ്ടുപോയത്. കൃഷ്ണപിള്ളക്ക് രവിശർമരാജയെ അറിയാം‐ ഗുരുവായൂർ സത്യാഗ്രഹവേദിയിൽ സ്ഥിരമായുണ്ടാകുന്ന കുട്ടി. പിന്നെ യുവദീപത്തിലെ രാഷ്ട്രീയ ലേഖകൻ. മാതൃഭൂമിയിൽ രാജൻ എന്ന തൂലികാനാമത്തിൽ സ്ഥിരമായി എഴുതുന്നതും ഈ ചെറുപ്പക്കരനാണെന്ന് അറിയാം. ഉണ്ണിനമ്പൂതിരിയിലും സിലോൺ മലയാളിയിലും സ്ഥിരമായെഴുതുന്നയാളാണ് രവിശർമയെന്ന ഉണ്ണിരാജ എന്ന രാജൻ. രാജൻ എന്ന പേരാണ് പാർട്ടിയിൽ ഉണ്ണിരാജയ്ക്ക് രൂഢിയായത്. തന്റെ ശിഷ്യനായ ഉണ്ണിയെ ഇ.എം.എസ്. രാജൻ എന്നേ വിളിക്കാറുള്ളൂ. കണ്ട ഉടൻതന്നെ കൃഷ്ണപിള്ള വിശദീകരിച്ചു. കമ്മ്യൂണിസ്റ്റ്് പാർട്ടിയുടെ പ്രവർത്തനരീതി. ഉണ്ണിരാജ പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. പാർട്ടിയെക്കുറിച്ച് അധികം അറിയില്ല. പോരാത്തതിന് പാർട്ടി രൂപീകകരണം നടന്നെങ്കിലും പരസ്യമായി പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതൊക്കെയാണ് മാർക്സിസം എന്ന് ചെറിയൊരു വിവരണം നൽകിയ ശേഷം സഖാവ് പറഞ്ഞു, തന്റെ പണി മാർക്സിസം പഠിപ്പിക്കലാണ്. എന്തു പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നൊന്നുമറിയില്ല. കൃഷ്ണപിള്ള ഒരു പുസ്തകം വെച്ചുനീട്ടി. ഹാൻഡ് ബുക്ക് ഓഫ് മാർക്സിസം. ഇത് വായിച്ച് പഠിച്ച് അതിന്റെ ഉള്ളടക്കം നാട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ മതിയെന്ന് നിർദേശം. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതല നാലുപേർക്കാണെന്നും പറഞ്ഞു. കെ.പി.ജി, ഉണ്ണിരാജ, എം.എസ്.ദേവദാസ്, ആർ.ശങ്കരനരായണൻ തമ്പി എന്നിവർക്ക്.
കൃഷ്ണപിള്ളയടക്കം പങ്കെടുത്തുകൊണ്ടാണ് കൂത്തുപറമ്പിലെ ആദ്യ ക്ലാസ് നടന്നത്. പിന്നീട് പറശ്ശിനിക്കടവ്, നണിയൂർ, തിരുവനന്തപുരം മുതൽ കാസർക്കോടുവരെ വിവിധ കേന്ദ്രങ്ങളിൽ ക്ലാസ്. പാർട്ടി സ്കൂൾ ചുമതലക്കാരായി നിശ്ചയിച്ചിരുന്ന ശങ്കരനാരായണൻ തമ്പി, കെ.പി.ജി. എന്നിവരൊന്നും ആദ്യകാലത്ത് പരക്കെയുള്ള യാത്രക്ക് തയ്യാറായില്ല. അതിനാൽ ഏകാധ്യാപകവിദ്യാലയം പോലത്തെ അനുഭവമായി പലപ്പോഴും. എറണാകുളത്ത് സീതാ ലോഡ്ജിൽ താമസിച്ചാണ് തിരു‐കൊച്ചി മേഖലയിൽ ക്ലാസെടുത്തത്. ആ ലോഡ്ജ് പാർട്ടിയുടെ ഡെൻ എന്നാണറിയപ്പെട്ടത്. അതിന്റെ ചുമതലക്കാരൻ കെ.സി.ജോർജായിരുന്നു. അവിടെ അക്കാലത്ത് വൈക്കം മുഹമ്മദ് ബഷീറും സഹയാത്രികനെപ്പോലെ ഉണ്ടായിരുന്നു. ഭക്ഷണത്തിനുള്ള പണം ഉണ്ണിരാജ സംഘടിപ്പിച്ചത് ട്യൂഷനെടുത്തുകൊണ്ടാണ്. ട്യൂഷന് പ്രതിഫലമായി മൂന്നുപേർക്ക് ഉച്ചയൂണ്. എം.എൻ.ഗോവിന്ദൻനായർ, പുതുപ്പള്ളി രാഘവൻ, ടി.കെ.രാമകൃഷ്ണൻ, ഉള്ളൂർ ഗോപി തുടങ്ങിയവരെല്ലാം മാർക്സിസത്തിന്റെ ബാലപാഠങ്ങളിലേക്കെത്തുന്നത് ഉണ്ണിരാജയുടെ ക്ലാസിലൂടെയാണ്.
യുദ്ധം കൊടുമ്പിരികൊണ്ടതോടെ നിരോധനവും അറസ്റ്റും പീഡനവും രൂക്ഷമായി. കൃഷ്ണപിള്ളയിൽനിന്ന് വിവരങ്ങളൊന്നും കിട്ടാതായി. കൃഷ്ണപിള്ള എവിടെയെന്നുപോലും അജ്ഞാതം.. നിർദേശങ്ങളുടെ അഭാവത്തിൽ, നേതൃത്വവുമായി ബന്ധംവെക്കാനാവാത്തതിനാൽ ഉണ്ണിരാജ വീട്ടിലേക്ക് പോവുകയാണ്. ഭാരതപ്പുഴയിൽ കുളിച്ച് ഈറൻമാറാൻ നിന്നപ്പോൾ ഇ.എം.എസ് വിളിച്ചതണ്. ആ വിളി കേട്ട് പോയതാണ്. വീടുമായി പിന്നീട് ബന്ധമൊന്നുമില്ല. മാസങ്ങൾക്ക്് ശേഷം ഉണ്ണിരാജ വീട്ടിലെത്തി.
അങ്ങനെയിരിക്കെ 1940‐ലെ കെ.പി.സി.സി സമ്മേളനം ഏപ്രിലിൽ കോട്ടക്കലിൽ നടക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചെങ്കിലും പ്രവർത്തകർ കോൺഗ്രസ്സിൽ തുടരുകയാണല്ലോ. പാർട്ടി പരസ്യപ്രവർത്തനം തുടങ്ങിയിട്ടുമില്ല. കൃഷ്ണപിള്ളയുടെ സന്ദേശം വന്നേരിയിൽ ഉണ്ണിരാജയുടെ വീട്ടിൽ എത്തി. ഉടനെ രഹസ്യകേന്ദ്രത്തിൽ കാണണം. കൃഷ്ണപിള്ള ഒരു ലഘുലേഖ തയ്യാറാക്കിയിട്ടുണ്ട്. ഐക്യത്തിന്റെ ശത്രു, സമരത്തിന്റെ ശത്രു. ആ ലഘുലേഖയുടെ മാനുസ്ക്രിപ്റ്റ് കൃഷ്ണപിള്ള ഉണ്ണിരാജയെ ഏൽപിച്ചു. മട്ടാഞ്ചേരിയിൽപോയി ജോർജ് ചടയംമുറിയെ കാണണം. ഇത് അച്ചടിപ്പിച്ച് വിതരണംചെയ്യണം. തൃപ്പൂണിത്തുറയിലാണ് പ്രസ്. അവിടെ താമസിക്കുന്നതിനിടയിൽ ഒരു ക്ലാസ്. ടി.കെ.രാമകൃഷ്ണനും സി.എ.ബാലനും എൻ.വി.എസ്. വാരിയരുമെല്ലാം ആ ക്ലാസിലാണ് പങ്കെടുക്കുന്നത്. അച്ചടിച്ച ലഘുലേഖയുമായി ചടയംമുറിയും ഉണ്ണിരാജയും കോട്ടക്കലിൽ എത്തി. കോൺഗ്രസ് സമ്മേളനത്തിൽ അത് വിതരണംചെയ്തത് കല്ലാട്ട് കൃഷ്ണനും എം.കണാരനുമാണ്.
പിന്നീട് 1940 സെപ്റ്റംബർ ആദ്യമാണ് ഉണ്ണിരാജയ്ക്ക് കൃഷ്ണപിള്ളയുടെ സന്ദേശമെത്തുന്നത്. ഉടനെ പറശ്ശിനിയിലെത്തണം. പാർട്ടിയുടെയും കൃഷ്ണപിള്ളയുടെയും പ്രധാന കേന്ദ്രമാണ് പറശ്ശിനി. എറണാകുളത്തുനിന്ന് ട്രെയിനിൽ കണ്ണപുരത്താണ് വണ്ടിയിറങ്ങിയത്. അവിടെ കെ.വി.മൂസാൻകുട്ടിമാസ്റ്റർ കാത്തുനിൽക്കുന്നു. പറശ്ശിനി മാങ്കടവിനടുത്ത് കൃഷ്ണപിള്ളയുടെ ഷെൽട്ടറിൽ അവർ എത്തുന്നു. പാർട്ടിക്ക് പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രമുണ്ടാക്കണം. അതിന്റെ ചുമതലകളെല്ലാം ഏറ്റെടുക്കണം. അതാണ് നിർദേശം. കൃഷ്ണപിള്ള തന്നെ ബോംബെയിൽനിന്ന് സൈക്ലോസ്റ്റൈൽ മിഷ്യനടക്കം സംഘടിപ്പിച്ചിരുന്നു. അതെല്ലാം ഉപയോഗിച്ച് പറശ്ശിനിയിലെ വീട്ടിൽവെച്ച് പാർട്ടിക്കത്തിന്റെയും ലഘുലേഖയുടെയും നിർമാണം തുടങ്ങി. പക്ഷേ ഏതാനും ദിവസത്തിനകമാണ് മൊറാഴ സംഭവമുണ്ടായത്. പോലീസ് ഭീകരവാഴ്ച തുടങ്ങി. ഉണ്ണിരാജയ്ക്ക് രക്ഷപ്പെടാൻ മാർഗമില്ല. നേതാക്കളെല്ലാം എങ്ങോട്ടോ മറഞ്ഞു. അങ്ങനെയിരിക്കെ ഒരുദിവസം ആ വീട്ടിലെ പെൺകുട്ടി വന്നുപറയുകയാണ്, പോലീസ് മണത്തിട്ടുണ്ട്. അവരിവിടെയെത്തിയാൽ വീടുമുണ്ടാകില്ല, കുടിയുമുണ്ടാകില്ല, രക്ഷപ്പെടണം. ഉണ്ണിരാജ പ്രൊഡക്ഷൻ സാമഗ്രികളെല്ലാം ഒരു പെട്ടിയിലാക്കി വീട്ടുപറമ്പിലെ ഒരു തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ട് എങ്ങോട്ടെന്നില്ലാതെ നടന്നു. ഒരു കടയിലാണെത്തിപ്പെട്ടത്. അവിടെ പോലീസ്. ഉണ്ണിരാജയെ പോലീസ് പിടികൂടി, പേരെന്താണ്, സ്ഥലമേതാണ്, ഇവിടെയെങ്ങനെയെത്തിയെന്നെല്ലാം ചോദ്യങ്ങൾ. സ്കൂൾ അധ്യാപകനായി ജോലി കിട്ടി. ആ സന്തോഷത്തിൽ പറശ്ശിനിയിൽ തൊഴാൻ വന്നതാണ്. ബോട്ട് കിട്ടാത്തതിനാൽ ഇവിടെ നിന്നതാണ് എന്നൊക്കെ പതറാതെ മറുപടി. കച്ചവടക്കാരനും പിന്തുണ നൽകിയതിനാൽ പോലീസുകാരൻ പിടിവിട്ടു. മൊറാഴ കേസിൽ പ്രതിയാകാതെ രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട്ട് ഒരു രഹസ്യകേന്ദ്രത്തിൽ ക്ലാസെടുക്കാൻ പോയപ്പോൾ പോലീസ് വളഞ്ഞ സംഭവമുണ്ടായി. കയ്യിൽ പിടിച്ച പോലീസുകാരനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട് എ.സി.കണ്ണൻനായരുടെ വീട്ടിൽ അഭയം പ്രാപിച്ച അനുഭവം. l
(തുടരും)