Wednesday, January 29, 2025

ad

Homeഇവർ നയിച്ചവർബി ടി രണദിവെ: ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായനായ നേതാവ്‌

ബി ടി രണദിവെ: ട്രേഡ്‌ യൂണിയൻ രംഗത്തെ അതികായനായ നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

ന്ത്യയിലെ എക്കാലത്തെയും ഏറ്റവും പ്രമുഖനായ ട്രേഡ്‌ യുണിയൻ നേതാക്കളിലൊരാളായിരുന്നു ബി ടി രണദിവേ. സൈദ്ധാന്തികരംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ മികച്ചതാണ്‌. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയും സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകളാണ്‌ അദ്ദേഹം നൽകിയിട്ടുള്ളത്‌. ആശയതലത്തിലായാലും പ്രായോഗികതലത്തിലായാലും വിട്ടുവീഴ്‌ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹം.

ബോംബെയിലെ ദാദറിൽ 1904 ഡിസംബർ 19ന്‌ ത്രയംബക്‌ മൊറേശ്വർ രണദിവെയുടെയും യശോദ ബായിയുടെയും മകനായാണ്‌ ബി ടി രണദിവേ ജനിച്ചത്‌. മുഴുവൻ പേര്‌ ബാലചന്ദ്ര ത്രയംബക്‌ രണദിവേ. സഖാക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ ബി ടി ആർ എന്ന ചുരുക്കപ്പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്‌. ആദായനികുതിവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ബി ടി ആറിന്റെ പിതാവ്‌ മൊറേശ്വർ രണദിവെ. അദ്ദേഹം ജനിച്ചത്‌ റാണെയിലാണെങ്കിലും ജോലി ലഭിച്ചതോടെ ബോംബെയിൽ താമസമാക്കുകയായിരുന്നു. നല്ല വായനാശീലമുണ്ടായിരുന്ന മൊറേശ്വർ പ്രാർഥനാസമാജിൽ അംഗമായിരുന്നു. ജാതിചിന്തകൾക്കതീതമായ പുരോഗമനസ്വഭാവം വെച്ചുപുലർത്തിയ മൊറേശ്വർ പൊതുവെ മിതവാദിയായിരുന്നു. അമ്മ യശോദ ബായിക്ക്‌ ഔപചാരികവിദ്യാഭ്യാസം കുറവായിരുന്നെങ്കിലും നല്ല വായനക്കാരിയായിരുന്നു അവർ. ചരിത്രഗ്രന്ഥങ്ങളായിരുന്നു അവരുടെ ഇഷ്ടപ്പെട്ട കൃതികൾ. അതോടൊപ്പം ദേശസ്‌നേഹം നിറഞ്ഞ കഥകളും അവർ നിരന്തരം വായിച്ചു. താൻ വായിച്ചതും ഉൾക്കൊള്ളേണ്ടതുമായ പാഠങ്ങൾ മകനു പകർന്നുനൽകുന്നതിൽ ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചു.

ബാന്ദ്രാ മുനിസിപ്പൽ പ്രൈമറി സ്‌കൂളിലായിരുന്നു ബി ടി ആറിന്റെ പ്രാഥമിക വിദ്യാഭ്യാസം. പൂനയിലെ നൂതൻ മറാത്തി സ്‌കൂളിലായിരുന്നു തുടർന്നുള്ള സ്‌കൂൾ വിദ്യാഭ്യാസം. ഈ സ്‌കൂളിലെ അധ്യയനമാധ്യമം ഇംഗ്ലീഷായിരുന്നു. പേരിൽ മാത്രമേ മറാത്തി എന്നുള്ളൂ. ഇതുതന്നെയായിരുന്നു അന്ന്‌ മഹാരാഷ്‌ട്രയിലെ സ്‌കൂളുകളുടെ പൊതുസ്ഥിതി. നൂതൻ മറാത്തി സ്‌കൂളിൽനിന്ന്‌ 1921ൽ മെട്രിക്കുലേഷൻ പരീക്ഷ രണദിവേ പാസായി. ആ വർഷം തന്നെ അദ്ദേഹം പൂനെയിലെ ഫർഗൂസൻ കോളേജിൽ ചേർന്നു. തൊട്ടടുത്ത വർഷം അവിടെനിന്ന്‌ ബോംബെയിലെ വിൽസൺ കോളേജിൽ ബി ടി ആർ ചേർന്നു. അവിടെ ചരിത്രം, രാഷ്‌ട്രമീമാംസ, സാന്പത്തികശാസ്‌ത്രം എന്നീ വിഷയങ്ങളാണ്‌ പഠിച്ചത്‌. 1925ൽ ഉയർന്ന മാർക്കോടുകൂടി അദ്ദേഹം ബിരുദം കരസ്ഥമാക്കി. 1927ൽ സ്വർണമെഡലോടെ എംഎ പാസായി.

എംഎ പാസായതിനുശേഷം ഗവേഷണത്തിനുള്ള ഫിറോസ്‌ ഷാ മേത്ത സ്‌കോളർഷിപ്പ്‌ അദ്ദേഹത്തിനു ലഭിച്ചു. അപ്പോഴേക്കും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ആവേശം അദ്ദേഹത്തെ അടിമുടി മാറ്റിമറിച്ചു. ഗവേഷണത്തിനുള്ള സ്‌കോളർഷിപ്പ്‌ വേണ്ടെന്നുവെച്ചുകൊണ്ട്‌ സ്വാതന്ത്ര്യസമരത്തിന്റെ ഊർജസ്വലനായ ഭടനായി അദ്ദേഹം മാറി.

1920ൽ ഗാനധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോൾ കൗമാരക്കാരനായ വിദ്യാർഥിയായിരുന്നു ബി ടി ആർ. ബ്രിട്ടീഷ്‌ സാധനങ്ങൾ ബഹിഷ്‌കരിക്കുന്നതിൽ വ്യക്തിപരമായി നല്ല ശ്രദ്ധയാണ്‌ ബി ടി ആർ ചെലുത്തിയത്‌. കുട്ടിക്കാലംമുതൽ മാതാപിതാക്കൾ പകർന്നുനൽകിയ ബ്രിട്ടീഷ്‌ വിരുദ്ധ വികാരം ശക്തമായ പ്രേരണാശക്തിയായി അദ്ദേഹത്തിൽ നിലകൊണ്ടു. എന്നാൽ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നതിൽ സമർഥനായ വിദ്യാർഥിയായിരുന്ന അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു.

1929ൽ ലാഹോറിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം ‘പൂർണ സ്വരാജ്‌’ പ്രമേയം പാസാക്കിയല്ലോ? അത്‌ ചെറുപ്പക്കാരിലുണ്ടാക്കിയ ആവേശം അവാച്യമായിരുന്നു. കോൺഗ്രസ്‌ മുന്പ്‌ സ്വീകരിച്ച ഡൊമിനിയൻ പദവിയിൽനിന്ന്‌ വ്യത്യസ്‌തമായി പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയർത്തിയതോടെ യുവാക്കളുടെ ആവേശം പതിന്മടങ്ങ്‌ വർധിച്ചു.

കമ്യൂണിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്‌ടരായ പല സുഹൃത്തുക്കളുമായുള്ള ബന്ധം ബി ടി ആറിന്റെ വിശ്വാസപ്രമാണങ്ങളെയാകെ മാറ്റിത്തീർത്തു. ജി അധികാരിയുമായുള്ള കത്തിടപാടുകളും അധികാരിയുശട സഹോദരനുമായുള്ള അടുപ്പവുമൊക്കെ ട്രേഡ്‌ യുണിയൻ പ്രസ്ഥാനത്തിലേക്ക്‌ ബി ടി ആറിനെ അടുപ്പിച്ചു.

1928ൽ ബോബെയിലെ ടെക്‌സ്‌റ്റൈൽ തൊഴിലാളികൾ പണിമുടക്കാരംഭിച്ചു. അതിന്‌ ബി ടി ആർ ശക്തമായ നേതൃത്വമാണ്‌ നൽകിയത്‌. ആറുമാസം നീണ്ടുനിന്ന ചരിത്രപ്രധാനമായ ആ പണിമുടക്ക്‌ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ട്രേഡ്‌ യുണിയൻ നേതാവെന്ന നിലയിൽ ബി ടി ആറും ഏറെ ശ്രദ്ധിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരെയും അവർ നേതൃത്വം നൽകിയ ട്രേഡ്‌ യൂണിയൻ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെയും തെരഞ്ഞുപിടിച്ച്‌ വേട്ടയാടാൻ ബ്രിട്ട്‌ഷ്‌ സർക്കാർ തയ്യാറായി. ബി ടി ആർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മീററ്റ്‌ ഗൂഢാലോചന കേസ്‌ കെട്ടിച്ചമച്ചു.

ബോംബെയിൽ പല സ്ഥലങ്ങളിലും സമരങ്ങളിലൂടെ തൊഴിലാളികൾക്കിടയിലുണ്ടായ വർഗ ഐക്യം ബ്രിട്ടീഷ്‌ അധികാരികളെ ആശങ്കയിലാക്കി. അവരുടെ വിഭജനതന്ത്രം വളരെ വേഗം പുറത്തെടുത്തു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കാൻ പരമാവധി അവർ ശ്രമിച്ചു. ചില പ്രദേശങ്ങളിൽ വർഗീയലഹള സംഘടിപ്പിക്കാനും അവർ മുതിർന്നു. മതനിരപേക്ഷതയുടെയും മാനവികതയുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബി ടി ആർ ഉൾപ്പെടെയുള്ള നേതാക്കൾ അഹോരാത്രം പ്രയത്‌നിച്ചു.

റെയിൽവേ തൊഴിലാളികളുടെ വേതനം വർധിപ്പിക്കുക, ജോലിസമയം എട്ടുമണിക്കൂറായി ക്ലിപ്‌തപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ റെയിൽവേ തൊഴിലാളികൾ 1930ൽ പണിമുടക്കിലേർപ്പെട്ടു. അവർക്ക്‌ ആത്മവിശ്വാസം നൽകുന്നതിനും സാഹായം നൽകുന്നതിനും ബി ടി ആർ ശക്തമായി ഇടപെട്ടു. തുടക്കത്തിൽ 2000 പേർ അണിനിരന്ന സമരം താമസിയാതെ 75000 പേരും പിന്നീട്‌ 1,25,000 തൊഴിലാളികളും അണിനിരന്ന മഹാസമരമായി അതു മാറി.

1931ൽ എഐടിയുസിയുടെ അഖിലേന്ത്യാ സമ്മേളനം കൽക്കത്തയിലാണ്‌ ചേർന്നത്‌. ടെക്‌സ്‌റ്റൈൽ തൊഴിലാളികളുടെ യൂണിയനായ ഗിർണികാംഗാർ യൂണിയന്റെ അനിഷേധ്യനായ നേതാവായി അദ്ദേഹം അപ്പോഴേക്ക്‌ മാറിക്കഴിഞ്ഞിരുന്നു. ബോംബെ ടെക്‌സ്‌റ്റൈൽ വ്യവസായരംഗത്ത്‌ 35 പണിമുടക്കുകൾ നടന്നിുന്നു. അതിൽ 26 എണ്ണത്തിനും നേതൃത്വം നൽകിയത്‌ ബി ടി ആർ ആയിരുന്നു. കൽക്കത്തയിൽ നടന്ന എഐടിയുസി സമ്മേളനത്തിൽ ഗിർണി കാംഗാർ യൂണിയനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ ബി ടി ആറായിരുന്നു.

എഐടിയുസിക്കാരുടെ ഔദ്യോഗിക ഭാരവാഹികളുമായി ബി ടി ആറിനും എസ്‌ വി ദേശ്‌പാണ്ഡെയ്‌ക്കും മറ്റും രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായി. അതേത്തുടർന്ന്‌ അവർ എഐടിയുസിയിൽനിന്ന്‌ പുറത്തുപോകുകയും റെഡ്‌ ട്രേഡ്‌ യൂണിയൻ കോൺഗ്രസ്‌ (ആർടിയുസി) രൂപീകരിക്കുകയും ചെയ്‌തു. മീറത്ത്‌ ഗൗഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്നവരോട്‌ ആർടിയുസി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ആർടിയുസി 1935ൽ എഐടിയുസിൽ ലയിച്ചു.

1934 മീറത്ത്‌ കേസിൽ പ്രതികളായ കമ്യൂണിസ്റ്റ്‌ നേതാക്കൾ ജയിൽമോചിതരായി. അധികം താമസിയാതെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അഖിലേന്ത്യാ കേന്ദ്രം രൂപംകൊണ്ടു; ബി ടി ആർ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിവിൽ അതീവ രഹസ്യമായാണ്‌ പാർട്ടി പ്രവർത്തിച്ചത്‌. 1934ൽ ബി ടി ആർ അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടുവർഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ കറാച്ചി ജയിലിലാണ്‌ അടച്ചത്‌.

1937ൽ പി സി ജോഷി മുഖ്യ പത്രാധിപരായി ‘നാഷണൽ ഫ്രണ്ട്‌’ എന്ന പേരിൽ വാരിക ആരംഭിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖവാരികയായാണ്‌ അത്‌ പ്രവർത്തിച്ചത്‌. ബി ടി ആർ അതിന്റെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. ഈ കാലയളവിൽ അദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്‌തു.

1937ൽ ആണല്ലോ പ്രവിശ്യാ തിരഞ്ഞെടുപ്പ്‌ ബ്രിട്ടീഷ്‌ ഇന്ത്യയിൽ നടന്നത്‌. കോൺഗ്രസ്‌ ഗവൺമെന്റാണ്‌ ബോംബെ പ്രവിശ്യയിലും അധികാരത്തിൽ വന്നത്‌. എങ്കിലും തൊഴിലാളികളോടുള്ള സമീപനത്തിൽ ബ്രിട്ടീഷ്‌ ഗവൺമെന്റിൽനിന്ന്‌ ഭിന്നമായിരുന്നില്ല ആ ഗവൺമെന്റും. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അട്ടിമറിക്കുന്ന തൊഴിൽതർക്കനിയമം കോൺഗ്രസ്‌ ഗവൺമെന്റ്‌ പാസാക്കി. അതിനെതിരെ അതിശക്തമായ അമർഷമാണ്‌ തൊഴിലാളികൾക്കിടയിലുണ്ടായത്‌. പരമാവധി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട്‌ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പണിമുടക്കിന്‌ ബി ടി ആർ നേതൃത്വം നൽകി. ആ പണിമുടക്കിന്റെ ആശയങ്ങളോട്‌ ബി ആർ അംബേദ്‌കർ പൂർണമായും യോജിക്കുകയായിരുന്നു. തനിക്കു സ്വാധീനിക്കാൻ കഴിയുന്ന തൊഴിലാളികളെ ആ പണിമുടക്കിൽ പങ്കാളികളാക്കാൻ അംബേദ്‌കർ ശ്രദ്ധിക്കുകയും ചെയ്‌തു.

1939 സെപ്‌തംബർ ഒന്നിനാണല്ലോ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്‌. യുദ്ധത്തിനെതിരെ അണിനിരക്കാൻ കമ്യൂണിസ്റ്റ്‌ പാർട്ടി തൊഴിലാളികളെ ആഹ്വാനംചെയ്‌തു. പണിമുടക്കിലൂടെ തങ്ങളുടെ പ്രതിഷേധമറിയിക്കാനാണ്‌ തൊഴിലാളികൾ തീരുമാനിച്ചത്‌. അതനുസരിച്ച്‌ ഒക്ടോബർ രണ്ടിന്‌ ബോംബെയിലെ തൊഴിലാളികൾ പണിമുടക്കി. പണിമുടക്കിന്റെ നേതൃത്വം ബി ടി ആറിനായിരുന്നു. യുദ്ധത്തിനെതിരെ ലോകത്തുതന്നെ നടന്ന ആദ്യ പണിമുടക്കായിരുന്നു അത്‌.

1940 മാർച്ച്‌ നാലിന്‌ കിർണി കാംഗാർ യൂണിയന്റെ നേതൃത്വത്തിൽ ടെക്‌സ്‌റ്റൈൽ തൊഴിലാളികളുടെ സമരം സംഘടിപ്പിക്കപ്പെട്ടു. ബി ടി ആർ തന്നെയായിരുന്നു അതിന്റെയും മുഖ്യ സംഘാടകൻ. യുദ്ധ അലവൻസ്‌ എന്ന നിലിൽ 15 ശതമാനം വേതനവർധനവ്‌ ആവശ്യപ്പെട്ടുകൊണ്ട്‌ നടത്തിയ പണിമുടക്കിൽ ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ പങ്കെടുത്തു. യുദ്ധവേളയിൽ അവശ്യസാധനങ്ങളുടെയെല്ലാം വില ക്രമാതീതമായി വർധിച്ചു; ഇറക്കുമതിസാധനങ്ങൾ കിട്ടാതായി. പട്ടിണി വ്യാപകമായി. ഈ ഘട്ടത്തിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ വളരെ ന്യായമായിരുന്നു.

രാജ്യരക്ഷാനിയമം അനുസരിച്ച്‌ പൊലീസ്‌ ബി ടി ആറിനെ അറസ്റ്റ്‌ ചെയ്‌തു. രണ്ടുവർഷക്കാലം അദ്ദേഹത്തെ പാർപ്പിച്ചത്‌ ദിയോളി ക്യാന്പിലാണ്‌. ഇവിടെയിരുന്നാണ്‌ അദ്ദേഹം ദിയോളി തീസിസ്‌ എഴുതിയത്‌. 1941 ജൂൺ 22ന്‌ ഹിറ്റ്‌ലർ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ ഗതിയും സ്വഭാവവും മാറിയെന്ന്‌ അദ്ദേഹം നിരീക്ഷിച്ചു. യുദ്ധത്തിന്‌ ജനകീയയുദ്ധത്തിന്റെ സ്വഭാവം കൈവന്നുവെന്ന്‌ അദ്ദേഹം എഴുതി.

1942ൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരായ നിയന്ത്രണം സർക്കാർ പിൻവലിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾ ജയിലിൽനിന്ന്‌ മോചിപ്പിക്കപ്പെട്ടു. തൊഴിലാളികൾക്കും ബഹുജനങ്ങൾക്കുമിടയിൽ പ്രവർത്തിക്കാൻ കിട്ടിയ അവസരം അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തി. നിരവധി ട്രേഡ്‌ യൂണിയനുകൾ സംഘടിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി. കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ വേരാട്ടമുണ്ടാക്കുന്നതിൽ അദ്ദേഹം അഹോരാത്രം മുഴുകി. എഐടിയുസിയുടെയും സമുന്നത നേതാക്കളിലൊരാളായി അദ്ദേഹം മാറി.

1943ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒന്നാം കോൺഗ്രസ്‌ ബോംബെയിൽ ചേർന്നു. ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തെക്കുറിച്ച്‌ സമഗ്രമായ ഒരു റിപ്പോർട്ട്‌ ആ കോൺഗ്രസിൽ അദ്ദേഹം വെച്ചു. കേന്ദ്രകമ്മിറ്റിയിലേക്കും മൂന്നംഗ പൊളിറ്റ്‌ ബ്യൂറോയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പി സി ജോഷിയു ജി അധികാരിയുമായിരുന്നു പൊളിറ്റ്‌ ബ്യൂറോയിലെ മറ്റു രണ്ടംഗങ്ങൾ. പി സി ജോഷിയായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − one =

Most Popular