ഇന്ത്യയിലെ ആദ്യകാല നേതാക്കളിൽ പ്രമുഖയാണ് ഗോദാവരി പരുലേക്കർ. സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരി, സാമൂഹിക പ്രവർത്തക എന്നീ നിലകളിലും അംഗീകാരം നേടിയ വ്യക്തിത്വമാണ് അവരുടേത്. വനിതകൾ കമ്യൂണിസ്റ്റ് പാർട്ടിയിലേക്കെന്നല്ല പൊതുപ്രവർത്തനരംഗത്തേക്ക് പോലും കടന്നുവരാൻ മടിച്ചുനിന്ന കാലത്ത് ചങ്കൂറ്റത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ ധീരവനിതയാണ് ഗോദാവരി.
മഹാരാഷ്‌ട്രയിലെ ആദിവാസികളെ സംഘടിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഗോദാവരി, ആദിവാസി പ്രക്ഷോഭത്തിൻെറ നായികയെന്ന നിലയ്‌ക്കാണ് മഹാരാഷ്‌ട്രയിലും ഇതരസംസ്ഥാനങ്ങളിലും ശ്രദ്ധിക്കപ്പെട്ടത്. ആറു പതിറ്റാണ്ടിലേറെക്കാലം മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ഗോദാവരി സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ നാവായിരുന്നു. അധഃസ്ഥിതജനവിഭാഗത്തിന്റെ വിമോചനത്തിനായി സമർപ്പണമനോഭാവത്തോടെയുള്ള അവരുടെ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റുകാർക്കാകെ മാതൃകയാണ്. അധഃസ്ഥിത ജനവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അവർ വഹിച്ച പങ്ക് അതുല്യമാണ്.
1907 ആഗസ്‌ത് 14ന് മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ഗോദാവരി ജനിച്ചത്. ലക്ഷ്‌മണറാവു ഗോഖലെയാണ് പിതാവ്. പ്രശസ്‌ത അഭിഭാഷകനായിരുന്ന ലക്ഷ്‌മണറാവു ഗോഖലെ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ഗോപാൽകൃഷ്‌ണ ഗോഖലെയുടെ കസിൻ ആയിരുന്നു. കുട്ടിക്കാലംമുതൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോട് ഗോദാവരിക്ക് ആഭിമുഖ്യം തോന്നാൻ ഈ കുടുംബപശ്ചാത്തലം ഏറെ സഹായകമായി.
പൂനെയിലെ ഫെർഗൂസൻ കോളേജിലായിരുന്നു ഗോദാവരിയുടെ ബിരുദവിദ്യാഭ്യാസം. അച്യുത് പട്‌വർധൻ, എൻ ജി ഗോറെ, എസ് എം ജോഷി എന്നിവർ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമരസേനാനികൾ ആ കാലയളവിൽ ഫെർഗൂസൻ കോളേജിലെ വിദ്യാർഥികളായിരുന്നു. ഫെർഗൂസൻ കോളേജിൽനിന്ന് എക്കണോമിക്‌സിലും രാഷ്‌ട്രമീമാംസയിലും നല്ല മാർക്കോടുകൂടി അവർ ബിരുദം നേടി. ബിരുദപഠനത്തിനുശേഷം ഗോദാവരി നിയമപഠനത്തിനാണ് ചേർന്നത്. ഡിസ്റ്റിങ്‌ഷനോടെ അവർ നിയമബിരുദം കരസ്ഥമാക്കി. മഹാരാഷ്‌ട്രയിലെ ആദ്യത്തെ നിയമബിരുദധാരിയായ വനിത എന്ന ഖ്യാതിയും അതോടെ അവർക്കു സ്വന്തമായി. മകൾ ബിയമബിരുദം എടുക്കുന്നതിൽ പിതാവിന് അഭിമാനമായിരുന്നു ഉണ്ടായിരുന്നത്. മകൾ തന്റെ പിൻഗാമിയാകണമെന്ന് അദ്ദേഹം ആത്മാർഥമായും ആഗ്രഹിച്ചു.
അഭിഭാഷകയായി ഗോദാവരി എൻറോൾ ചെയ്യുന്നതോടെ തന്നോടൊപ്പം പ്രാക്ടീസ് ആരംഭിക്കുമെന്നാണ് ലക്ഷ്മണറാവു ഗോഖലെ പ്രതീക്ഷിച്ചത്. അതിനുള്ള ഒരുക്കങ്ങളെല്ലാം അദ്ദേഹം ചെയ്യുകയും ചെയ്‌തു. വളശര പ്രഗത്ഭയായ അഭിഭാഷകയായി ഗോദാവരി മാറുമെന്ന പ്രതീക്ഷയാണ് ആ പിതാവിനുണ്ടായിരുന്നത്. എന്നാൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും നിസ്സഹകരപ്രസ്ഥാനത്തിലും ആകൃഷ്‌ടയായ ഗോദാവരിക്ക്, പിതാവിന്റെ നിർദേശം അനുസരിക്കാൻ സാധിക്കില്ലായിരുന്നു. അത്രമാത്രം ആവേശമായിരുന്നു അവർക്ക് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തോട്.
നിസ്സഹകരണപ്രസ്ഥാനവും വിദേശവസ്‌ത്ര ബഹിഷ്‌കരണവും കോൺഗ്രസിന്റെ നേതൃത്വത്തിൽ തകൃതിയായി നടക്കുന്ന കാലം. അതോടൊപ്പം മദ്യപാനത്തിൽനിന്ന് ജനങ്ങളെ മുക്തരാക്കുന്നതിന് മദ്യഷാപ്പ് പിക്കറ്റിങ് ഉൾപ്പെടെയുള്ള സമരമുറകളും അരങ്ങേറി. പ്രക്ഷോഭങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നതിനായി ഗോദാവരി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. പല സ്ഥലങ്ങളിലും അവർ പ്രസംഗിച്ചു.
വ്യക്തിസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1932ൽ ഗോദാവരി അറസ്റ്റ് ചെയ്യപ്പെട്ടു. കോടതി അവരെ തടവുശിക്ഷയ്‌ക്ക് വിധിച്ചു. ജയിൽമോചിതയായ ഗോദാവരിയെ വീട്ടിൽ കയറാൻ പിതാവ് സമ്മതിച്ചില്ല. അതോടെ കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പൂർണസമയവും പൊതുപ്രവർത്തനത്തിനായി വിനിയോഗിക്കാൻ ഗോദാവരി തീരുമാനിച്ചു.
നേരെ ബോംബെയിലാണ് അവർ എത്തിയത്. സാമൂഹ്യപ്രവർത്തനരംഗത്ത് മാതൃകാപരമായ പല സേവനങ്ങൾക്കും നേതൃത്വം നൽകിയ സംഘടനയാണ് സെവന്റ്‌സ് ഓഫ് ഇന്ത്യ. എൻ എം ജോഷിയായിരുന്നു അതിന്റെ നേതാവ്. ആ സംഘടനയിൽ അതുവരെ പുരുഷന്മാർ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. സംഘടനയിൽ ചേരാനുള്ള തന്റെ അഭിപ്രായം ഗോദാവരി അറിയിച്ചു. വനിതയാണ് ഗോദാവരി എന്നത് സംഘടനാപ്രവർത്തനത്തിനുള്ള അയോഗ്യതയായി ആരും കണ്ടില്ല. സെർവന്റ്‌സ് ഓഫ് ഇന്ത്യയിൽ ഗോദാവരിയെ ഉൾപ്പെടുത്താനുള്ള തീരുമാനം സംഘടന എടുത്തു. അതോടെ ബോംബെയിൽ സാമൂഹ്യപ്രവർത്തനങ്ങളിൽ അവർ സജീവമായി.
തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച ഗോദാവരിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു: പലരും നിരക്ഷരരാണ്, അതല്ലെങ്കിൽ നാമമാത്ര സാക്ഷരരരാണ്. അവരെ അക്ഷരം പഠിപ്പിക്കണം. അതിലൂടെ അവരെ പുരോഗതിയുടെ പാതയിലേക്കു നയിക്കാൻ കഴിയും‐ ഗോദാവരി ഉറച്ച തീരുമാനമെടുത്തു. സഹപ്രവർത്തകർക്കും ആ നിർദേശത്തോട് യോജിപ്പായിരുന്നു. സാക്ഷരതാപ്രവർത്തനത്തിന് വൻതോതിലുള്ള ജനകീയ സ്വീകാര്യത ലഭിച്ചു.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സാക്ഷരതാപ്രവർത്തനം ഗോദാവരിയെ ശരിക്കും സഹായിച്ചു. വീട്ടുജോലിക്കാരെ സംഘടിപ്പിക്കുന്നതിനിൽ വലിയ മികവാണ് അവർ പ്രദർശിപ്പിച്ചത്. അതിന്റെ തെളിവാണ് പതിനായിരം വീട്ടുജോലിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ബോംബെയിൽ അവർ നടത്തിയ പ്രകടനം. തൊഴിലാളിതാൽപര്യങ്ങളെ ബലികഴിച്ചുകൊണ്ട് ഗവൺമെന്റ് കൊണ്ടുവന്ന പിന്തിരിപ്പൻ നയങ്ങൾക്കെതിരെ ബോംബെയിലെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുവന്നു. ആ പ്രതിഷേധത്തിന്റെ ഭാഗമായാണ് വീട്ടുജോലിക്കാരുടെ പ്രകടനവും നടത്തപ്പെട്ടത്.
സെർവന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയിൽ ഗോദാവരി പ്രവർത്തിച്ചുവരവെയാണ് ശ്യാംറാവു പരുലേക്കറുമായി പരിചയപ്പെട്ടത്. അന്ന് സെർവന്റ്‌സ് ഓഫ് ഇന്ത്യയുടെ സജീവ പ്രർത്തകനായിരുന്നു ശ്യാം റാവു. ഡോ. ബി ആർ അംബേദ്‌കർ സ്ഥാപിച്ച ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
ഇൻഡിപെൻഡന്റ് ലേബർ പാർട്ടിയുടെ പരിമിതികൾ ഇരുവർക്കും ബോധ്യപ്പെട്ടു. സമത്വസുന്ദരമായ നല്ലൊരു നാളേയ്‌ക്കുവേണ്ടിയുള്ള തങ്ങളുടെ സ്വപ്‌നം പൂർത്തീകരിക്കാൻ ഈ പാർട്ടിക്ക് സാധ്യമല്ലെന്ന നിഗമനത്തിൽ അവർ ഇരുവരുമെത്തി.
1938ൽ ശ്യാംറാവുവും ഗോദാവരിയും കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി. സാമൂഹ്യ, രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച അവർ ജീവിതത്തിലും ഒന്നാകാൻ തീരുമാനിച്ചു. 1938ൽ തന്നെ ഇരുവരും വിവാഹിതരായി. സമർപ്പണമനോഭാവത്തോടെ രാഷീട്ര്‌യ, സാമുഹ്യ പ്രവർത്തനങ്ങൾ നടത്തിയ ആ ദന്പതികൾ ഒരു ഉറച്ച തീരുമാനവുമെടുത്തു. തങ്ങൾക്ക് മക്കൾ വേണ്ട. സുഗമമായ പ്രവർത്തനങ്ങൾക്ക് അതാണ് നല്ലത് എന്നതായിരുന്നു ഇരുവരുടെയും സുചിന്തിതമായ അഭിപ്രായം.
1939ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനെതിശര ജനങ്ങളെ അണിനിരത്താൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. അതോടെ ഗോദാവരിയും ശ്യാംറാവുവും യുദ്ധവിരുദ്ധ ക്യാന്പയിനിൽ സജീവമായി മുഴുകി. അതിന്റെ ഭാഗമായി ബോംബെയിൽ അന്ന് വളരെ സജീവമായിരുന്ന ടെക്‌സ്‌റ്റെൽ തൊഴിലാളികളുടെ പണിമുടക്കിന് നേതൃത്വം നൽകിയവരിൽ പ്രമുഖയായിരുന്നു ഗോദാവരി. യുദ്ധവിരുദ്ധ മുദ്രാവാക്യത്തിനൊപ്പം ക്ഷാമബത്ത 40 ശതമാനം വർധിപ്പിക്കണമെന്ന ആവശ്യവും ട്രേഡ് യൂണിയൻ മുന്നോട്ടുവച്ചു. 1940 മാർച്ച് 4 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ ടെക്‌സ്‌റ്റൈൽ തൊഴിലാളി യൂണിയൻ തീരുമാനിച്ചു. ബി ടി രണദിവെ, എസ് എ ഡാങ്കേ, എസ് എസ് മിറാജ്‌കർ തുടങ്ങിയ നേതാക്കളെ മാർച്ച് 3ന് പൊലീസ് അറസ്റ്റ് ചെയ്‌തു. മാർച്ച് 18 ആയപ്പോഴേക്കും ശ്യാംറാവു പരിലേക്കറും എസ് വി ദേശ്‌പാണ്ഡെയും അറസ്റ്റ് ചെയ്യപ്പെട്ടു.
അതോടെ സമരത്തിന്റെ നേതൃത്വം ഗോദാവരിക്കായി. തുടർന്നുള്ള പണിമുടക്കിന് അവർ ധീരമായ നേതൃത്വം നൽകി. സമരത്തിൽ പങ്കെടുത്ത തൊഴിലാളികളെയും അവരുടെ കുടുമബാംഗങ്ങളെയും സന്ദർശിച്ച് ആത്മവിശ്വാസം പകർന്നു; സമരത്തിൽ ഉറച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. പണിമുടക്ക് 40 ദിവസം പിന്നിട്ടു. പണിമുടക്കിന് സമർഥമായ നേതൃത്വം നൽകിവന്ന ഗോദാവരിയെ ബോംബെ പൊലീസ് കമ്മീഷണർ അനുരഞ്‌ജന ചർച്ചയ്‌ക്കെന്നോളം വിളിപ്പിച്ചു.
ബോംബെ പൊലീസ് കമ്മീഷണർ ഗോദാവരിയെ നോക്കി ചോദിച്ചു: ‘‘താങ്കൾ ഉന്നതവിദ്യാഭ്യാസം ലഭിച്ച ഒരു വരേണ്യകുടുംബത്തിലെ അംഗമാണല്ലോ. താങ്കൾക്ക് ഈ പണിമുടക്കിൽനിന്ന് വിട്ടുനിന്നുകൂടേ?’’
കമ്മീഷണറുടെ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ ഗോദാവരിക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. അവർ പറഞ്ഞു: ‘‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന ഉത്തമബോധ്യം എനിക്കുണ്ട്. താങ്കൾ പറയുന്നത് താങ്കളുടെ നിലപാടും’’.
ബോംബെയിൽനിന്ന് ഗോദാവരിയെ നാടുകടത്തിക്കൊണ്ടുള്ള ഉത്തരവ് കമ്മീഷണർ ഗോദാവരിക്ക് നൽകി. പൂനെ മുനിസിപ്പൽ അതിർത്തിക്ക് പുറത്തു കടക്കരുതെന്ന് ആ ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു. പൊലീസ് ഗോദാവരിയെ പൂനെയിൽ എത്തിക്കുകയും ചെയ്‌തു.
എന്നാൽ പൊലീസിന്റെ ഉത്തരവ് പാലിക്കാൻ ഗോദാവരി കൂട്ടാക്കിയില്ല. ബോംബെയിലെ കല്യാണിൽ തൊഴിലാളികളുടെയും കർഷകരുടെയും വലിയ ഒരുു യോഗത്തിൽ അവർ പ്രസംഗിച്ചു. താമസിയാതെ പൊലീസ് അവരെ അറസ്റ്റ് ചെയ്‌തു. ഒന്പതുമാസത്തെ കഠിനതടവിന് കോടതി അവരെ ശിക്ഷിച്ചു. l
(തുടരും)