Thursday, January 30, 2025

ad

Homeഇവർ നയിച്ചവർഗോദാവരി പരുലേക്കർ: അധഃസ്ഥിതജനതയുടെ വിമോചനപ്പോരാളി‐ 2

ഗോദാവരി പരുലേക്കർ: അധഃസ്ഥിതജനതയുടെ വിമോചനപ്പോരാളി‐ 2

ഗിരീഷ്‌ ചേനപ്പാടി

1942ൽ ഗോദാവരി പരുലേക്കർ ജയിൽമോചിതയായി. കർഷകരെ സംഘടിപ്പിക്കാനാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി അവരോട്‌ നിർദേശിച്ചത്‌. അതോടെ അവർ മഹാരാഷ്ര്‌ടയൊട്ടാകെ സഞ്ചരിച്ച്‌ കർഷകരെ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മണ്ണിൽ പണിയെടുക്കുന്ന കർഷകജനത ശരിക്കും ചൂഷണത്തിനിരയാകുകയാണെന്ന്‌ അവർക്ക്‌ ബോധ്യമായി. കിസാൻസഭയുടെ അഖിലേന്ത്യാ സമ്മേളനം ആന്ധ്രപ്രദേശിലെ വിജയവാഡയിൽ 1944ൽ ചേർന്നു. ശ്യാം റാവു പരുലേക്കറോടൊപ്പം ആ സമ്മേളനത്തിൽ ഗോദാവരിയും പങ്കെടുത്തു. മഹാരാഷ്‌ട്രയിലെ കർഷകരുടെ പ്രശ്‌നങ്ങൾ വിലകലനം ചെയ്‌ത്‌ സമ്മേളനത്തിൽ അവതരിപ്പിക്കാൻ അവർക്കിരുവർക്കും സാധിച്ചു.

വർളി പ്രക്ഷോഭം
മഹാരാഷ്‌ട്രയിലെ കൃഷിക്കാരുടെ ആദ്യസമ്മേളനം 1945 ജനുവരിയിൽ വിളിച്ചുചേർക്കാൻ ഗോദാവരി തീരുമാനിച്ചു. താനെ ജില്ലയിലെ തിത്‌വാലയിലാണ്‌ സമ്മേളനം ചേരാൻ നിശ്ചയിക്കപ്പെട്ടത്‌. മഹാരാഷ്‌ട്രയിലെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള കർഷകർ ആവേശത്തോടെ സമ്മേളനത്തിൽ പങ്കെടുത്തു. ദഹാനു, ഉംബർഗോൺ എന്നീ പ്രദേശങ്ങളിൽനിന്നുള്ള ആദിവാസികളും ആ സമ്മേളനത്തിൽ പങ്കെടുത്തു. ആദിവാസികളുടെ ജീവിതം പരമദയനീയമായിരുന്നു അന്ന്‌. രാപ്പകൽ ഭേദമില്ലാതെ ഭൂമിയിൽ അധ്വാനിക്കണം; കൂലിയായി ലഭിക്കുന്നതോ വളരെ തുച്ഛമായ തുകയും! അതല്ലെങ്കിൽ തങ്ങൾ പണിതുണ്ടാക്കിയ ഉൽപന്നത്തിന്റെ വളരെ തുച്ഛമായ ഒരു വിഹിതം കൂലിയായി ലഭിക്കും. അതാകട്ടെ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും വിശപ്പടക്കാൻ പോലും തികയാത്ത അവസ്ഥ. ജന്മിമാരുടെയും അവരുടെ ഗുണ്ടകളുടെയും ചൂഷണത്തിനു പുറമെ പലവിധത്തിലുള്ള ഭീഷണികളും ആക്രമണങ്ങളും വേറെ.

ശ്യാം റാവു പരുലേക്കർ

ഈ ദയനീയാവസ്ഥ സ്വന്തം ഭാഷയിൽ ആദിവാസി നേതാക്കൾ കിസാൻസഭ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഹൃദയഭേദകമായ ആ അനുഭവങ്ങൾ കർഷകജനതയുടെയാകെ ഐക്യദാർഢ്യം ക്ഷണിച്ചുവരുത്തുന്നതായിരുന്നു. അടിമസമ്പ്രദായവും അടിമവേലയും അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര പരിപാടി കിസാൻസഭ സംസ്ഥാനസമ്മേളനം അംഗീകരിച്ചു. പ്രധാനമായും നാലിനങ്ങളടങ്ങിയ പ്രവർത്തനപരിപാടിയാണ്‌ സമ്മേളനം മുന്നോട്ടുവച്ചത്‌. അവ താഴെ പറയുന്നു: 1. ദിവസക്കൂലി പണമായി നൽകുന്നില്ലെങ്കിൽ ജന്മിയുടെ സ്വകാര്യഭൂമിയിൽ കൃഷി ചെയ്യില്ല, 2. ജന്മിക്കുവേണ്ടി ഒരു സൗജന്യസേവനവും ചെയ്യരുത്‌, 3. ജന്മി ആക്രമിച്ചാൽ തിരിച്ചടിക്കണം, 4. ആദിവാസി കർഷകരെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ഭൂപ്രഭുത്വത്തിനും അടിമത്തത്തിനുമെതിരെ തങ്ങൾ മുൻകൈയെടുത്തു നടത്തുന്ന സമരം നയിക്കാൻ ആദിവാസികൾ ഗോദാവരിയെയും ശ്യാംറാവു പരുലേക്കറെയും ക്ഷണിച്ചു.

ആദിവാസികളുടെ ആ ക്ഷണം പരുലേക്കർ ദമ്പതികളെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമായിരുന്നു. തങ്ങൾക്ക്‌ ഏറെ ആഭിമുഖ്യമുള്ള ജനവിഭാഗത്തിനുവേണ്ടി സമരം നയിക്കാൻ ഇരുവർക്കും വലിയ ആവേശമായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി ഇക്കാര്യം ആലോചിച്ചു. വലിയ പ്രോത്സാഹനമാണ്‌ പാർട്ടി നേതാക്കളിൽനിന്ന്‌ ലഭിച്ചത്‌.

അങ്ങനെയാണ്‌ 1945ൽ വർളി പ്രക്ഷോഭം ആരംഭിച്ചത്‌. ആദിവാസികളായ കർഷകരിൽ മഹാഭൂരിപക്ഷവും വർളികളായിരുന്നു. താനെ ജില്ലയിലെ ഉംബർഗാവ്‌, ദഹാനു, പാൽഘർ, ജവഹർ എന്നീ താലൂക്കുകളിലാണ്‌ അവർ ഏറെയും അധിവസിച്ചിരുന്നത്‌. ഗുദ്ധഗതിക്കാരും നിരക്ഷരരുമായിരുന്നു പൊതുവെ വർളികൾ. അതുകൊണ്ടുതന്നെ ഭൂപ്രഭുക്കൾക്കും പലിശയ്‌ക്ക്‌ പണം നൽകുന്നവർക്കും അവരെ പാട്ടിലാക്കാൻ എളുപ്പമായിരുന്നു. ചതുരുപായങ്ങളിലൂടെ ചൂഷകർ വർളികളുടെ ഭൂമിയിൽ ഏറെയും തട്ടിയെടുത്തു. ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക്‌ സ്വന്തം ഭൂമിയിൽ തന്നെ കുടിയാന്മാരായി കഴിയേണ്ട അവസ്ഥ അതുമൂലമുണ്ടായി. ആദിവാസികൾ അധ്വാനിച്ചുണ്ടാക്കുന്ന കാർഷികോൽപന്നത്തിന്റെ സിംഹഭാഗവും പാട്ടമായി ജന്മിമാർക്ക്‌ നൽകണമായിരുന്നു. എന്നുമാത്രമല്ല ജന്മിമാരുടെ ഭൂമിയിൽ കൂലിയില്ലാതെ ജോലിചെയ്യുകയും വേണമായിരുന്നു. എന്തെങ്കിലും എതിർപ്പ്‌ പ്രകടിപ്പിച്ചാൽ ഗുണ്ടകൾ ഭീഷണിപ്പെടുത്തും; മർദിക്കും. ഇതായിരുന്നു അവസ്ഥ.

ജന്മിമാരിൽ ചിലർക്ക്‌ സ്വന്തമായി പുൽമേടുകൾ ഉണ്ടായിരുന്നു. അവിടെ തുച്ഛമായ കൂലിക്ക്‌ ആദിവാസികൾ പകലന്തിയോളം പണിയെടുക്കണമായിരുന്നു.

പണിയില്ലാത്ത അവസരങ്ങളിൽ ജന്മിമാർ, ആദിവാസി കർഷകർക്ക്‌ നെല്ല്‌ വായ്‌പയായി നൽകിയിരുന്നു. അതിന്‌ പലിശയായി നൽകേണ്ടത്‌ അന്പത്‌ ശതമാനം മുതൽ 200 ശതമാനം വരെയായിരുന്നു. നെല്ലായിത്തന്നെയാണ്‌ പലിശയും അവർ ഈടാക്കിയിരുന്നത്‌. ഫലത്തിൽ ആദിവാസികളെ സംബന്ധിച്ചിടത്തോളം അവർ ജോലിചെയ്യുന്നതിന്റെ കൂലി ലഭിച്ചിരുന്നതേയില്ല എന്നു പറഞ്ഞാൽ അത്‌ അതിശയോക്തിയാവില്ല. കിട്ടുന്ന കൂലി കൊള്ളപ്പലിശയിനത്തിൽ ജന്മിമാർ തന്നെ പിടിച്ചുപറിക്കുകയായിരുന്നു. പൊലീസും മറ്റ്‌ നിയമസംവിധാനങ്ങളും ജന്മിമാരുടെ വരുതിക്കാണ്‌ നിന്നത്.

കിസാൻസഭയുടെ മഹാരാഷ്‌ട്ര സംസ്ഥാന സമ്മേളനം സമാപിച്ചയുടൻ തന്നെ സമ്മേളനത്തിന്റെ സന്ദേശം എല്ലായിടത്തുമെത്തി. നിർബന്ധിത ജോലിചെയ്യിക്കാനുള്ള ജന്മിമാരുടെ ശ്രമത്തെ ആദിവാസികൾ ചെറുത്തു. വർളികൾക്കിടയിലെ ഐക്യം ശക്തമായി. ചെറുത്തുനിൽപ്പ്‌ വ്യാപകമായി. മൂന്നുമാസത്തിനുള്ളിൽ തന്നെ അടിമപ്പണി അവസാനിപ്പിച്ചു.

ജന്മിമാരുടെ കൃഷിഭൂമിയിൽ കൃഷിചെയ്യണമെങ്കിൽ കിസാൻസഭ നിശ്ചയിച്ച നിരക്കിലുള്ള കൂലി ലഭിക്കണമെന്ന്‌ വർളികൾ ആവശ്യപ്പെട്ടു. വർളികളുടെ ഈ ഇച്ഛാശക്തിക്കുമുന്നിൽ ജന്മിമാർ മുട്ടുമടക്കി. ചെങ്കൊടി പ്രസ്ഥാനത്തെ തങ്ങളുടെ വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനമായാണ്‌ വർളികൾ കണ്ടത്‌.

ഉംബർഗാവിൽ ആരംഭിച്ച വർളികളുടെ പ്രക്ഷോഭം വിജയമായതോടെ അവർക്കിടയിൽ പുതിയൊരു ആവേശവും ഉന്മേഷവുമുണ്ടായി. അവരെ പ്രക്ഷോഭത്തിലേക്കു നയിച്ച ഗോദാവരിയുടെ സംഘടനാശേഷിയും പോരാട്ടവീറും വ്യാപകമായി പ്രശംസിക്കപ്പെട്ടു.

ഉംബർഗാവിലെ വിജയകരമായ പോരാട്ടത്തിന്റെ അലയൊലികൾ ദഹാനു താലൂക്കിലും ആഞ്ഞടിച്ചു. വർളികൾ ചെങ്കൊടിയുമായി താലൂക്കൊട്ടാകെ മാർച്ച്‌ ചെയ്‌തു. ആയിരത്തോളം അടിമകളായ ആദിവാസികളെ അവർ ജന്മിമാരുടെ പിടിയിൽനിന്നും മോചിപ്പിച്ചു. മേലിൽ കിസാൻസഭ നിശ്ചയിക്കുന്ന കൂലി നൽകിയാൽ മാത്രമേ തങ്ങൾ ജന്മിമാരുടെ കൃഷിഭൂമികളിൽ ജോലിചെയ്യൂവെന്ന്‌ അവർ പ്രഖ്യാപിച്ചു.

ജന്മിമാരുടെ പലരുടെയും ഭൂമിയിൽ പുല്ല്‌ വളർന്നുനിന്നിരുന്നു. ആയിരക്കണക്കിന്‌ ഏക്കർ സ്ഥലത്ത്‌ പുല്ലുവെട്ടാൻ ഉണ്ടായിരുന്നു. 500 പൗണ്ട്‌ പുല്ല്‌ വെട്ടുന്നതിന്‌ 2 രൂപ 50 പൈസ മിനിമം കൂലി നൽകണമെന്നായിരുന്നു കിസാൻസഭ ഉയർത്തിയ മറ്റൊരാവശ്യം. മുൻകാലങ്ങളിൽ പുല്ല്‌ വിറ്റ്‌ വൻ ലാഭം ജന്മിമാർ നേടിയിരുന്നു; കൂലിച്ചെലവ്‌ നിസ്സാരവുമായിരുന്നു. വർളികൾ പുല്ലരിയാൻ വിസമ്മതിച്ചതോടെ ജന്മിമാർ കോപാകുലരായി. കിസാൻസഭയെയും കമ്യൂണിസ്റ്റ്‌ പാർട്ടിയെയും എങ്ങനെയും തകർക്കുമെന്ന മാനസികനിലയിൽ അവരെത്തി.

1945 ഒക്ടോബർ 10ന്‌ പൊലീസും ജന്മിമാരും അവരുടെ ഗുണ്ടകളും ചേർന്ന്‌ സമരത്തെ പൊളിക്കാൻ ആസൂത്രിതമായ ഒരു നീക്കം നടത്തി. ഗോദാവരി പരുലേക്കർ പങ്കെടുക്കുന്ന പൊതുയോഗം അന്ന്‌ നടക്കുമെന്ന്‌ അവർ വെറുതെ പറഞ്ഞുപരത്തി. വാസ്‌തവത്തിൽ അങ്ങനെയൊരു പൊതുയോഗം കിസാൻസഭ നടത്താൻ നിശ്ചയിച്ചിരുന്നില്ല. ജന്മിമാർ തങ്ങളെ ചതിക്കാൻ തയ്യാറാക്കിയ പദ്ധതിയാണതെന്ന്‌ ശുദ്ധഗതിക്കാരായ വർളികൾക്ക്‌ മനസ്സിലായില്ല. യോഗം നടക്കുമെന്ന്‌ ധരിച്ച്‌ ആയിരക്കണക്കിന്‌ വർളികൾ തടിച്ചുകൂടി. പാതിരാത്രിയായതോടെ സായുധ പൊലീസ്‌ സംഘം എത്തിച്ചേർന്നു. സമാധാനപരമായി അവിടെ കൂടിനിന്നിരുന്ന വർളികൾക്കുനേരെ യാതൊരു പ്രകോപനവുമില്ലാതെ വാൻ ഓടിച്ചുകൊണ്ട്‌ പൊലീസുകാർ വെടിവെച്ചു. പൊലീസ്‌ ലക്കും ലഗാനുമില്ലാതെ വെടിവെയ്‌പ്‌ തുടർന്നു. ഒക്ടോബർ 11ന്‌ വൈകുന്നേരം മൂന്നുമണിവരെ വെടിവെയ്‌പ്‌ തുടർന്നു. ഈ സമയമത്രയും പൊലീസ്‌ വെടിവെച്ചിട്ടും ഓടാതെ ചെങ്കൊടിയുടെ കാവലാളുകളായി നിൽക്കുകയായിരുന്നു വർളികൾ. അതായിരുന്നു ചെങ്കൊടിയോടുള്ള അവരുടെ വിശ്വാസവും കൂറും. അഞ്ച്‌ വർളികൾ കൊല്ലപ്പെട്ടു; ഒട്ടനവധി പേർക്ക്‌ പരിക്കേറ്റു.

ഭൂപ്രഭുക്കളുടെ ചതിയാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നതെന്ന്‌ കിസാൻസഭ പ്രവർത്തകർ ബോധ്യപ്പെടുത്തുന്നതുവരെ വർളികൾ അവിടെ നിന്നു. അതാണവരുടെ ധീരത.

കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ കർഷകർക്കിടയിൽ സ്വാധീനം വർധിച്ചുവന്നത്‌ കോൺഗ്രസുകാരെയും അസ്വസ്ഥരാക്കി. അവർ ജന്മിമാർക്കനുകൂലമായ നിലപാടെടുത്തു.

കർഷകർ ഒരുവർഷത്തെ പാട്ടം മാത്രം ജന്മിമാർക്കു നൽകിയാൽ മതിയെന്നും കുടിശ്ശിക കൊടുക്കേണ്ടതില്ലെന്നും 1946 ആദ്യം നടന്ന കിസാൻസഭ സമ്മേളനം തീരുമാനിച്ചു. കൂലി വർധനവ്‌ ആവശ്യപ്പെടണമെന്നുള്ള പ്രമേയവും സമ്മേളനം അംഗീകരിച്ചു. ആ വർഷം പുല്ലരിയുന്ന സമയം സമാഗതമായി. ജന്മിമാരും വനം കോൺട്രാക്ടർമാരും കൂലി കൂടുതൽ വർളികൾക്ക്‌ നൽകാൻ തയ്യാറല്ലായിരുന്നു. അതോടെ കിസാൻസഭ പണിമുടക്കിനാഹ്വാനം ചെയ്‌തു. ലഹരിപാനീയത്തിനുപയോഗിക്കുന്ന ഒരിനം ഇല കെട്ടിയുണ്ടാക്കിയ ഒരു വടി അയച്ചുകൊടുത്താണ്‌ വർളികൾ ഗ്രാമങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ പണിമുടക്ക്‌ സന്ദേശം കൈമാറിയത്‌. ഒരു ഗ്രാമത്തിൽ ഈ വടിയെത്തിക്കഴിഞ്ഞാൽ പിന്നെ ആദിവാസികളാരും ജോലിക്കിറങ്ങില്ല. 200 ഗ്രാമങ്ങളിൽ പണിമുടക്ക്‌ സന്ദേശമെത്തി. ആ ഗ്രാമങ്ങളിൽ ഒരാൾപോലും ജോലിക്കിറങ്ങിയില്ല. പണിമുടക്ക്‌ ഒരുമാസം പിന്നിട്ടു. പണിമുടക്ക്‌ പൊളിക്കാൻ ജന്മിമാരും വനം കോൺട്രാക്ടർമാരും പൊലീസും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടതേയുള്ളൂ.

കനത്ത നഷ്ടം നേരിട്ട ജന്മിമാരും കോൺട്രാക്ടർമാരും മറ്റും പണിമുടക്ക്‌ എങ്ങനെയും ഒത്തുതീർപ്പായാൽ മതിയെന്ന മാനസികാവസ്ഥയിലെത്തി. കിസാൻസഭ ഉന്നയിച്ച ഡിമാൻഡുകൾ അംഗീകരിക്കാൻ അവർ തയ്യാറായി. അങ്ങനെ 1946 നവംബർ 10ന്‌ പണിമുടക്ക്‌ അവസാനിച്ചു. വർളികളെ സംബന്ധിച്ചിടത്തോളം ഈ സമരാനുഭവം വലിയ നേട്ടമായി. സംഘടിതശക്തിയുടെയും ചെങ്കൊടിയുടെയും മഹത്വം അവർ തിരിച്ചറിഞ്ഞു.

വർളി പ്രക്ഷോഭത്തിന്റെ വിജയത്തിനു മുഖ്യ പങ്കുവഹിച്ച ഗോദാവരിയെന്ന കമ്യൂണിസ്റ്റുകാരി മഹാരാഷ്‌ട്രയിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. സമരത്തെ നയിക്കാൻ അവർ ചെയ്‌ത ത്യാഗവും സമർപ്പണവും കമ്യൂണിസ്റ്റുകാർക്കാകെ മാതൃകയായി. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − six =

Most Popular