കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചതിനെത്തുടർന്ന് പ്രമോദ് ദാസ് ഗുപ്‌തയുൾപ്പെടെയുള്ള നേതാക്കൾ മോചിപ്പിക്കപ്പെട്ടു. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം ബംഗാളിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് പുതിയ പ്രവർത്തകരെ പാർട്ടിയിലേക്കാകർഷിച്ചു.
ബംഗാളി ഭാഷയിൽ ഒരു പ്രസിദ്ധീകരണം അനിവാര്യമാണെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അതിനായി ആദ്യം വേണ്ടത് പാർട്ടി ഉടമസ്ഥതയിൽ ഒരു പ്രസ് സംഘടിപ്പിക്കുകയാണ്. പ്രസ് സംഘടിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് പ്രമോദ് ദാസ് ഗുപ്‌തയാണ്. ‘ജനയുദ്ധ്’ എന്ന പേരിൽ വാരിക താമസിയാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കി. വാരി കയ്‌ക്ക് ലേഖനങ്ങൾ സംഘടിപ്പിക്കുന്നതിനും ലേഖനങ്ങൾ കൃത്യസമയത്ത് പ്രസിദ്ധീകരിക്കുന്നതിനും വായനക്കാരിലെത്തിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ആശയപ്രചാരണരംഗത്ത് ഉജ്വലമായ സംഭാവനയാണ് ജനയുദ്ധ് നൽകിയത്. ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണയും അതിനുണ്ടായിരുന്നു. വരിക്കാരാവാനും വായിക്കാനും പ്രചരിപ്പിക്കാനും പാർട്ടി പ്രവർത്തകരും അനുഭാവികളും ആവേശത്തോടെ രംഗത്തുവന്നു. പാർട്ടിയുടെ മുഖപത്രമായ ‘സ്വാധീനത’ അച്ചടിച്ചതും ഇതേ പ്രസിലാണ്.
ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഏറെ ഏറ്റുവാങ്ങിയ നാടാണല്ലോ ബംഗാൾ. വർഗീയാടിസ്ഥാനത്തിൽ കൊലപാതകങ്ങളും കൊടുംക്രൂരതകളും കൽക്കത്ത നഗരത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറി. വർഗീയതയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനും കലാപങ്ങളിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും പരമാവധി ശ്രമിച്ചു. പ്രമോദ് ദാസ് ഗുപ്‌ത (പിജിഡി)യടക്കമുള്ള നേതാക്കൾ ജീവൻപോലും പണയംവെച്ച് സമാധാനം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് 1948ൽ കൽക്കത്തയിലാണ് ചേർന്നത്. സമ്മേളനത്തിന്റെ നടത്തിപ്പിനും പ്രചാരണത്തിനും ഊർജസ്വലതയോടെ പിഡിജി പ്രവർത്തിച്ചു. കൽക്കത്ത കോൺഗ്രസിൽ ബി ടി രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി, കൽക്കത്ത തീസിസ് അംഗീകരിച്ചതിനെത്തുടർന്ന് ഗവൺമെന്റ് പാർട്ടിയെ നിരോധിച്ചു. പിന്നീട് കടുത്ത കമ്യൂണിസ്റ്റ് വേട്ടയ്‌ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അനുഭാവികളെയും മാത്രമല്ല പാർട്ടിയുമായി എന്തെങ്കിലും തരത്തിൽ ബന്ധമുള്ളവരെയും പൊലീസ് കിരാതമായി വേട്ടയാടി. നേതാക്കളും പ്രവർത്തകരും ഒളിവിൽ പോയി.
പിഡിജി ഒളിവിലിരുന്ന് പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകി. ഒളിവിൽ കഴിയവെ അദ്ദേഹം പൊലീസിന്റെ വലയിലായി. 1951ൽ ആണ് ജയിൽമോചിതനായത്.
1958ൽ അമൃത്‌സറിൽ നടന്ന അഞ്ചാം പാർട്ടി കോൺഗ്രസിൽ പിഡിജി കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1959ൽ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷണത്തിനായുള്ള പോരാട്ടം പശ്ചിമബംഗാളിന്റെ ചരിത്രത്തിലെ അവിസ്‌മരണീയമായ ഏടുകളിലൊന്നാണ്. പശ്ചിമബംഗാളിലെ കോൺഗ്രസ് ഗവൺമെന്റിന്റെ പിടിപ്പുകേടുമൂലം ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായി. സർക്കാർ അനാങ്ങാപ്പാറ നയം തുടർന്നു. 1955ൽ ഒരു ടൺ അരിയുടെ വില 382 രൂപയായിരുന്നു. 1956 അവസനാമായപ്പോഴേക്കും 532 രൂപയായി അത് വർധിച്ചു. 1959 ആയപ്പോഴേക്കും സ്ഥിതി വഷളായി. അരിയുൾപ്പെടെയുള്ള അത്യാവശ്യ ഭക്ഷ്യവിഭവങ്ങളൊന്നും കിട്ടാതായി. നാട്ടിൽ പട്ടിണിയും ദാരിദ്ര്യവും സർവസാധാരണമായി. പട്ടിണിയെത്തുടർന്ന് പലരും ആത്മഹത്യ ചെയ്‌തു. ഗ്രാമപ്രദേശങ്ങളിലുള്ളവർ കൽക്കത്തയിലേക്കും മറ്റു നഗരങ്ങളിലേക്കും കുടിയേറി.
കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ അതീവ ഗുരുതരമായ ഈ സാഹചര്യം നേരിടുന്നതിന് ക്രിയാത്മകമായ ഒന്നും ചെയ്‌തില്ല. 1959 ജൂലൈ 13ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഭക്ഷണത്തിനായുള്ള പോരാട്ടം ആരംഭിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനു പകരം പ്രതിഷേധസമരത്തെ മർദന നടപടികളിലൂടെ നേരിടാനാണ് ബി സി റോയി സർക്കാർ ശ്രമിച്ചത്. ഗത്യന്തരമില്ലാതെ തെരുവിലിറങ്ങിയ ജനങ്ങൾക്കുനേരെ പൊലീസ് ലാത്തിച്ചാർജും വെടിവെപ്പും നടത്തി. നിരവധിയാളുകൾ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റു; ആയിരക്കണക്കിനാളുകൾ തടവിലാക്കപ്പെട്ടു. ഓരോ ദിവസവും ചെല്ലുന്തോറും പ്രക്ഷോഭത്തിൽ അണിനിരക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചു. മിഡ്‌നാപ്പൂർ ജില്ലയിൽ തുടങ്ങിയ പ്രക്ഷോഭം സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. ദശലക്ഷക്കണക്കിനാളുകൾ അണിനിരന്ന മഹാപ്രക്ഷോഭമായി അതു വളർന്നു. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലുമുള്ളവർ പ്രക്ഷോഭത്തിൽ അണിനിരന്നു.
പ്രമോദ് ദാസ് ഗുപ്‌തയുൾപ്പെടെയുള്ള നേതാക്കൾ അഭൂതപൂർവമായ സംഘടനാപാടവമാണ് ഈ സമരത്തിൽ പ്രദർശിപ്പിച്ചത്.
വിലക്കയറ്റത്തെയും ക്ഷാമത്തെയും ചെറുക്കുന്നതിനുള്ള സമിതി (Price Increase and Famine Resistance Committee-‐ PIFRC) എന്ന പേരിൽ വിപുലമായ അടിത്തറയുള്ള വേദി രൂപീകരിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി ഈ സമരം വ്യാപകമാക്കിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പിഐഎഫ്‌ആർസി സമഗ്രമായ ഒരു ബദൽ നയം സർക്കാരിന്റെ പരിഗണനയ്‌ക്കായി അവതരിപ്പിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കുന്നതിന് സർക്കാർ എടുക്കേണ്ട നടപടികൾ അക്കമിട്ട് നിരത്തുന്നതായിരുന്നു അത്. അതോടൊപ്പം കർഷകരിൽനിന്ന് വാങ്ങുന്ന ധാന്യങ്ങൾ നീതിപൂർവമായി ജനങ്ങൾക്കെങ്ങനെ വിതരണം ചെയ്യണമെന്ന കാര്യവും അതിൽ വ്യക്തമാക്കിയിരുന്നു. വൃദ്ധർക്കും അശരണർക്കും തൊഴിൽരഹിതകർക്കും നൽകേണ്ട ആശ്വാസ നടപടികളെക്കുറിച്ചുള്ള നിർദേശങ്ങളും പിഐഎഫ്‌ആർസി സമർപ്പിച്ച ബദൽ നയത്തിലുണ്ടായിരുന്നു. ഭൂരഹിത കർഷകർക്കും കർഷകത്തൊഴിലാളികൾക്കും മിച്ചഭൂമി വിതരണം ചെയ്യണമെന്നും അതിൽ നിർദേശിച്ചിരുന്നു.
ഭക്ഷ്യപ്രക്ഷോഭത്തിന്റെ ഫലമായി നിരവധി ഹർത്താലുകളും ബന്ദുകളും പിക്കറ്റിങ്ങുകളും മറ്റ് പ്രതിഷേധപരിപാടികളും സംസ്ഥാനമൊട്ടാകെ നടന്നു. 1959 ജൂലൈ 13ന് ആരംഭിച്ച പ്രക്ഷോഭം സെപ്‌തംബർ 26ന് പിൻവലിക്കപ്പെട്ടു. ഭക്ഷ്യ പ്രക്ഷോഭത്തിന്റെ ആവേശവും അലയൊലികളും സംസ്ഥാനമൊട്ടാകെയുണ്ടാക്കിയ രാഷ്‌ട്രീയ ചലനം വളരെ വലുതാണ്.
കമ്യൂണിസ്ററ് പാർട്ടിയുടെ ജനങ്ങളോടുള്ള, വിശേഷിച്ച് അവശ ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത ജനങ്ങൾ ഈ പ്രക്ഷോഭത്തിലൂടെ ശരിക്കും തിരിച്ചറിഞ്ഞു. ഈ പ്രക്ഷോഭത്തിൽ വൻതോതിൽ ജനങ്ങളെ അണിനിരത്തുന്നതിൽ പിഡിജിയുടെ പങ്ക് നിസ്‌തുലമാണ്.
1961ൽ ആറാം കോൺഗ്രസ് വിജയവാഡയിലാണ് നടന്നത്. അതിനു മുമ്പായി പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനം പ്രമോദ് ദാസ് ഗുപ്‌തയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. അന്നുമുതൽ 1982ൽ പിഡിജി മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. വിജയവാഡ കോൺഗ്രസിൽ പാർട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1962ൽ ഇന്ത്യ‐ചൈന അതിർത്തി സംഘട്ടനത്തെത്തുടർന്ന് പിഡിജി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഏറ്റവുമൊടുവിൽ ജയിൽമോചിതരായവരിൽ ഒരാൾ പിഡിജിയായിരുന്നു. 1964ൽ ആണ് അദ്ദേഹത്തെ സർക്കാർ മോചിപ്പിച്ചത്.
1964 ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നത രൂക്ഷമായി. ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന 32 നേതാക്കളിലൊരാൾ പിഡിജിയായിരുന്നു. തെനാലിയിൽ അവർ മുൻകൈയെടുത്തു നടത്തിയ കൺവെൻഷനിൽ ഏഴാം കോൺഗ്രസ് കൽക്കത്തയിൽ നടത്താൻ തീരുമാനിച്ചു. പാർട്ടി കോൺഗ്രസ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ പിഡിജി മുഴുകി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു. പാർട്ടി കോൺഗ്രസിന് തൊട്ടുമുമ്പായി പിഡിജി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ‘ചൈനാ ചാരത്വം’ ആരോപിച്ചായിരുന്നു അറസ്റ്റ്. കൽക്കത്ത കോൺഗ്രസ് അദ്ദേഹത്തെ സിപിഐ എമ്മിന്റെ പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹം പാർട്ടിയുടെ നവരത്‌നങ്ങളിലൊരാളായി മാറി.
1966ൽ ജയിൽമോചിതനായ ശേഷം പാർട്ടിക്ക് ബംഗാളിലാകെ വേരോട്ടമുണ്ടാക്കുന്നതിന് പിഡിജി മുൻനിന്നു പ്രവർത്തിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയ്‌ക്ക് പാർട്ടിയും വർഗ‐ ബഹുജനസംഘടനകളും കെട്ടിപ്പടുക്കുന്നതിനും ധീരമായ നേതൃത്വമാണ് അദ്ദേഹം നൽകിയത്. കോൺഗ്രസിനെതിരെ ഇടതുപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ ജ്യോതിബസുവിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ പിഡിജി ഉണ്ടായിരുന്നു. 1967ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തകയെ തകർത്തുകൊണ്ട് ബംഗ്ല കോൺഗ്രസ്‐ഇടതുപക്ഷ സഖ്യത്തിന് അധികാരം പിടിക്കാനായി.
1960കളുടെ അവസാനത്തിൽ ഇടതുപക്ഷ തീവ്രവാദം പാർട്ടിയിൽ തലപൊക്കി. അതിനെതിരെ അതിശക്തമായ ആശയസമരത്തിന് പിഡിജിയുടെ നേതൃത്വത്തിൽ പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി തയ്യാറായി. പാർട്ടി മുഖപത്രമായ ‘സ്വാധീനത’യിലൂടെയും നിരവധി ലഘുലേഖകളിലൂടെയും നക്‌സൽ പ്രസ്ഥാനത്തിന്റെ അർഥശൂന്യത പിഡിജി തുറന്നുകാട്ടി.
1969ൽ വീണ്ടും ഇടതുപക്ഷ‐ബംഗ്ല കോൺഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഐ എം ആയിട്ടും ബംഗ്ലാ കോൺഗ്രസിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ സിപിഐ എം തയ്യാറായി.
എന്നാൽ ബംഗ്ലാ കോൺഗ്രസും അതിന്റെ നേതാവ് അജയ് മുഖർജിയും കോൺഗ്രസുമായി കള്ളക്കളി നടത്തി. മന്ത്രിസഭ നിലംപതിക്കാൻ അത് കാരണമായി.
1972ലെ തിരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യമര്യാദകളും ലംഘിച്ചുകൊണ്ടാണ് കോൺഗ്രസ് അധികാരം പിടിച്ചത്. ഗുണ്ടകൾ വ്യാപകമായി ബൂത്ത് പിടിച്ചു. അവർക്ക് പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും എല്ലാ ഒത്താശകളും ഉണ്ടായിരുന്നു. അതിൽ പ്രതിഷേധിച്ച് ജ്യോതിബസു ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. അധികാരത്തിലേറിയ സിദ്ധാർഥ ശങ്കർ റായിയുടെ നേതൃത്വത്തിൽ കിരാത ഭരണമാണ് പിന്നീട് നടന്നത്.
അതേക്കുറിച്ച് സി ഭാസ്‌കരൻ ഇങ്ങനെ എഴുതുന്നു: ‘‘1972 മുതൽ 1976 വരെ സംസ്ഥാനത്ത് അർധ ഫാസിസ്റ്റ് ഭീകരവാഴ്‌ച നടമാടി. ആ ഘട്ടത്തിൽ 1200 സഖാക്കൾക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് സഖാക്കൾ ജനിച്ചുവളർന്ന സ്ഥലങ്ങളിൽനിന്നും ആട്ടിയോടിക്കപ്പെട്ടു. ജനാധിപത്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടു. പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും ആപ്പീസുകൾ കയ്യേറി. രാഷ്‌ട്രീയമായ ക്യാമ്പയിനുകൾ നടത്തിയും സംഘടനാപരമായ നടപടികൾ കൈക്കൊണ്ടും പാർട്ടിയെ ഒരു പോറൽപോലുമേൽക്കാതെ സംരക്ഷിക്കുക മാത്രമല്ല ജനങ്ങളുമായുള്ള ഐക്യം ഊട്ടിയുണ്ടാക്കി പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിന് നേതൃത്വം നൽകുകകൂടി ചെയ്‌തു അദ്ദേഹം. അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും പിഡിജി പാർട്ടിക്ക് ശക്തമായ നേതൃത്വം നൽകി.’’ (ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം: ആദ്യപഥികർ)
1977ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും ജനതാ പാർട്ടിയും സഖ്യത്തിലായി. ബഹുഭൂരിപക്ഷം സീറ്റുകളും സഖ്യം നേടി. കോൺഗ്രസ് അക്ഷരാർഥത്തിൽ തകർന്നടിഞ്ഞു. താമസിയാതെ സിദ്ധാർഥ ശങ്കർ റായിക്ക് സ്ഥാനമൊഴിയേണ്ടിവന്നു.
1977 ജൂണിൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. ജനതാ പാർട്ടിയുടെ കടുംപിടുത്തം മൂലം സഖ്യം അസാധ്യമായി.
സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുസഖ്യം കോൺഗ്രസിനും ജനതാ പാർട്ടിക്കും കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് തകർപ്പൻ വിജയം നേടി. ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ഇടതുമുന്നണി ചെയർമാനും പിഡിജിയായിരുന്നു.
1982ലെ തിരഞ്ഞെടുപ്പിലും പാർട്ടിയെയും മുന്നണിയെയും നയിച്ചത് പിഡിജിയായിരുന്നു.
1982 നവംബർ 29ന് പ്രമോദ് ദാസ് ഗുപ്‌ത അന്തരിച്ചു. 14 വർഷക്കാലം അദ്ദേഹം ജയിൽവാസം അനുഷ്‌ഠിച്ചു. അഞ്ചുവർഷം ഒളിവിലും പ്രവർത്തിച്ചു. പാർട്ടിക്കുവേണ്ടി സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച പിഡിജി അവിവാഹിതനായിരുന്നു. l