നവോത്ഥാനകാല സാഹിത്യകൃതികളിലൂടെ സമൂഹത്തിൽ ബോധപൂർവ്വം പരിവർത്തനം സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയ എഴുത്തുകാരുടെ പിന്മുറയിലാണ് എം ടി വാസുദേവൻ നായരെ അടയാളപ്പെടുത്താൻ കഴിയുക. തകഴിയും ദേവും ബഷീറും അടങ്ങുന്ന എഴുത്തുകാർ വൈയക്തിക ലോകത്തേക്കാൾ സാമൂഹിക ചലനങ്ങളെ ആവിഷ്കരിക്കാൻ ശ്രമിച്ചവരായിരുന്നു.
പുരോഗമനാശയങ്ങൾ തങ്ങളുടെ എഴുത്തിൽ ആവിഷ്കരിക്കുകയും അതിലൂടെ സാമൂഹിക പരിവർത്തനങ്ങളെ അവർ സ്വപ്നം കാണുകയും ചെയ്തു. ഇത്തരം കൃതികളുടെ ശക്തമായ ഒഴുക്കിനു ശേഷമാണ് ഭാഷയിലും ഇതിവൃത്തത്തിലും വലിയ മാറ്റം വരുത്തിക്കൊണ്ട് വ്യക്തി മനസ്സിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്ന എംടിയുടെ കാലം കടന്നുവരുന്നത്. എംടി കൃതികളിൽ സാമൂഹിക ആഭിമുഖ്യം കുറവാണെന്ന വിമർശനം അക്കാലവും പിൽക്കാലവും ഉയർന്നുകേട്ടിരുന്നു. മേൽപ്പറഞ്ഞ വസ്തുതകളോട് ചേർത്തുവെച്ച് വായിക്കുമ്പോൾ ഇതിന് ഉത്തരം ലഭിക്കും. അതോടൊപ്പം എം ടി കൃതികൾക്ക് സാമൂഹികമായ അടയാളങ്ങളില്ല എന്ന വിമർശനത്തെ മുഴുവനായി അംഗീകരിക്കാനും സാധിക്കില്ല.
തകഴിയും ദേവും ബഷീറും ചിത്രീകരിച്ച സാമൂഹ്യാവസ്ഥയല്ല എം ടി എഴുതിയത്
മലബാറിൽ മരുമക്കത്തായ നിയമം നടപ്പാക്കുന്ന കാലമാണ് എംടിയുടെ കുട്ടിക്കാലം. നായർ സമുദായത്തിലെ പരിവർത്തനങ്ങൾ മലബാർ മേഖലയെ പതിയെ ആണ് ബാധിച്ചത്. തേഞ്ഞുപോയ ആചാരങ്ങളെ താലോലിച്ചുകൊണ്ടിരിക്കുകയായിരുന്നു അവിടെ. കാരണവന്മാരുടെ സ്വാർത്ഥതയും സ്നേഹമില്ലാത്ത അച്ഛന്മാരും അകത്തളങ്ങളിൽ നീറിനീറി കഴിയുന്ന സ്ത്രീകളും ഇതെല്ലാംകൂടി ഉണ്ടാക്കിവയ്ക്കുന്ന സംഘർഷങ്ങളുമായിരുന്നു എം ടി യുടെ പരിചിതലോകം. ഇത്തരമൊരു സാമൂഹിക പരിവർത്തനത്തിന്റെ ആശങ്കകൾ നേരിട്ടറിഞ്ഞ ഒരാളുടെ ആത്മാവിഷ്കാരമാണ് എം ടി കൃതികൾ. എം ടി കൃതികളിൽ സവർണ്ണ ഭാവുകത്വം കാണുന്നുണ്ട് എന്നത് അംഗീകരിക്കുമ്പോൾതന്നെ അരികുവൽക്കരിക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ടവരുടെയും വേദനകളെ ആവിഷ്കരിക്കുന്ന കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കുട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്ക്ക്, ഓപ്പോൾ, ഒടിയൻ തുടങ്ങി വള്ളുവനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കഥകളും കൽപ്പാന്തം, ഡാർ – എസ് – സലാം, അക്കൽദാമയിൽ പൂക്കൾ വിരിയുമ്പോൾ തുടങ്ങി വള്ളുവനാടിന് പുറത്തുള്ള ലോകങ്ങളെ ആവിഷ്കരിച്ച കഥകളും എം ടിയുടെ കഥാലോകത്തെ സമ്പന്നമാക്കുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ മനസ്സിന്റെ ഭാവസങ്കീർണ്ണതകളെ ഒരു മജീഷ്യന്റെ കൈയൊതുക്കത്തോടെയും കരവിരുതോടെയും ആവിഷ്കരിച്ച എഴുത്തുകാരനാണ് എം ടി. അദ്ദേഹത്തിന്റെ കഥകളിൽ വായനക്കാരുടെ മനസ്സിനെ ഏറെ വേദനിപ്പിച്ച ഒരു കഥയാണ് ഇരുട്ടിന്റെ ആത്മാവ്. ഭ്രാന്തൻ വേലായുധന്റെ ദൈന്യത്തെ നമ്മുടെ ഉള്ളിലേക്ക് പകർന്നപ്പോൾ എം ടി യഥാർത്ഥത്തിൽ അക്ഷരങ്ങൾകൊണ്ട് നമ്മെ കീഴടക്കുകയായിരുന്നു. എംടിയുടെ കഥാലോകത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ ഇരുട്ടിന്റെ ആത്മാവ് എന്നത് ഏകാത്മകമല്ലെന്നും ഇരുട്ടിന്റെ ആത്മാവുകളുടെ ബഹുത്വമാണ് എം ടി കഥകളെന്നും ബോധ്യമാകും. ഇവിടെ ഇരുട്ട് എന്നത് ഭൗതിക ലോകത്തെ വെളിച്ചമില്ലായ്മ അല്ല. മറിച്ച് അന്ധകാരം നിറഞ്ഞ മനസ്സിന്റെ അവസ്ഥയാണ്. ജീവിതത്തിലെ വെളിച്ചങ്ങളെല്ലാം അണഞ്ഞുപോയ എത്രയോ ഇരുട്ടിന്റെ ആത്മാവുകളെ എം ടി തന്റെ സർഗലോകത്ത് ആവിഷ്കരിച്ചിരിക്കുന്നു. മനസ്സു മുഴുവൻ ഇരുൾമൂടിയ ചില സ്ത്രീ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ കുറിപ്പ്.
എം ടിയുടെ ആദ്യ കഥയായ ‘വളർത്തുമൃഗങ്ങളി’ലെ ജാനമ്മയും ഇരുട്ടിന്റെ ആത്മാവ് തന്നെയാണ്. സർക്കസ് തമ്പിലെ വർണ്ണങ്ങൾക്കും വെളിച്ചങ്ങൾക്കും ഇടയിലാണ് ജീവിക്കുന്നതെങ്കിലും അവരുടെ മനസ്സുനിറയെ ഇരുട്ടാണ്. “നേർത്ത നിലാവ്’ തുറന്നിട്ട ജാലകത്തിലൂടെ മുറിയുടെ അകത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. മൂടൽമഞ്ഞിന്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള പശ്ചിമഘട്ടത്തിലെ മലനിരകൾ അവ്യക്തമായ നിഴൽപ്പാടുകൾ പോലെ കാണാമായിരുന്നു’ രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദത അന്തരീക്ഷത്തെ വലയംചെയ്തിരിക്കുകയാണ് എന്ന കഥയുടെ ആരംഭത്തിലെ വിവരണം ജാനമ്മയുടെ മനസ്സിന്റെ വിവരണം തന്നെയാണ്.
അവളുടെ ജീവിതത്തിലെ ഇരുട്ടിലേക്ക് നിലാവിന്റെ കുളിർമയായി കടന്നുവന്ന ഒരാളുണ്ടായിരുന്നു. യൗവനയുക്തയായ ജാനമ്മയുടെ ശരീരത്തിലേക്ക് നോക്കിയവരിലെല്ലാം ‘ഇറച്ചി കാണുമ്പോൾ കൊതിയോടെ നോക്കുന്ന വരയൻ നരിയുടെ കണ്ണുകളാണ്’ ജാനമ്മ കണ്ടത്. തന്റെ ശരീരത്തിലേക്ക് കാമത്തോടെ നോക്കുന്ന മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരാളായിരുന്നു ചന്ദ്രൻ. അയാളുടെ കണ്ണുകളിൽ അവളുടെ ശരീരത്തോടുള്ള വിശപ്പിന്റെ തീനാമ്പുകൾ കാണാറില്ല. മറിച്ച്, ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങിച്ചെല്ലുന്ന എന്തോ ഒന്ന് അവൾക്ക് അനുഭവപ്പെട്ടു. അയാളുടെ നീണ്ട വിരലുകൾ സ്പർശിക്കുമ്പോൾമാത്രം അവൾ കോരിത്തരിച്ചു. കർട്ടൻ വിടവിലൂടെ വിടർന്ന കണ്ണുകളോടെ അവൾ അയാളെ മാത്രം നോക്കി നിന്നു. എന്നാൽ തമ്പിലെ അവളുടെ ഇരുട്ടുനിറഞ്ഞ ജീവിതത്തിലേക്ക് നിലാവുപോലെ കടന്നുവന്ന ചന്ദ്രൻ അധികകാലം അവളുടെ കൂടെ ഉണ്ടായില്ല. ജാനമ്മയോട് മോശമായി പെരുമാറിയ മാനേജരെ ചോദ്യം ചെയ്തതിന്റെ പേരിൽ ചന്ദ്രനെ കമ്പനിയിൽ നിന്നും പുറത്താക്കി. പിന്നീട് രാത്രിയുടെ തണുത്തുറഞ്ഞ നിശബ്ദത പോലെയായി അവളുടെ ജീവിതം.
ദാരിദ്ര്യം നിറഞ്ഞ അവളുടെ കുട്ടിക്കാലത്ത് അമ്മ ഒരു സർക്കസ് കമ്പനിയിലേക്ക് അയച്ചതാണ്. അവിടത്തെ അപരിചിതമായ മുഖങ്ങളും പെരുമാറ്റങ്ങളും പതുക്കെ അവൾക്ക് പരിചിതമായി. എന്നാൽ അവൾ വളർന്നതോടെ അവളുടെ ശരീരംപോലും അവളെ ഭയപ്പെടുത്തി. വീടോ വീട്ടുകാരോ ഇല്ലാത്തതുകൊണ്ട് അവൾക്ക് ഒരിക്കലും കമ്പനി കൂലി കൊടുത്തിരുന്നില്ല. എന്നാൽ സൗന്ദര്യവും ആരോഗ്യവും നശിക്കുന്നതോടെ കമ്പനിക്ക് അത്തരത്തിലുള്ള എല്ലാവരും ഒരു ബാധ്യതയാകുന്നു. ഓഫീസിൽനിന്ന് വീണ് അപകടം പറ്റിയതോടെ ജാനമ്മയും കമ്പനിക്ക് ഒരു ബാധ്യതയാകുന്നു. തന്റെ കുട്ടിക്കാലത്ത് വീടും അമ്മയും ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവൾക്ക് നഷ്ടപ്പെട്ടു. അവളുടെ യൗവ്വനം സർക്കസ് തമ്പിൽ എരിഞ്ഞുതീർന്നു. ഇങ്ങനെ സർക്കസ് കൂടാരത്തിൽ തീർന്നുപോയ ജീവിതമാണ് ജാനമ്മയുടേത്. മൂടൽമഞ്ഞ്, തണുത്തുറഞ്ഞ നിശബ്ദത എന്നിവയെല്ലാം ജാനമ്മയുടെ ജീവിതത്തിന്റെ മരവിപ്പിനെ സൂചിപ്പിക്കുന്നുണ്ട്. പറക്കുന്ന ട്രപ്പീസുകൾക്കിടയിലുള്ള ആലംബമില്ലാത്ത ആ അവസ്ഥയായിരുന്നു അവളുടെ യഥാർത്ഥ ജീവിതം. അമ്മയും മരിച്ചതോടെ വിസ്തൃതമായ പ്രപഞ്ചത്തിൽ കോടാനുകോടി മനുഷ്യർക്കിടയിൽ ജാനമ്മ തനിച്ചായി.
ജീവിതം മുഴുവൻ തനിച്ചായിപ്പോയ മറ്റൊരു കഥാപാത്രമാണ് കുട്ട്യേടത്തി. വലിയമ്മയുടെ രണ്ടു മക്കളിൽ ഒരുവൾ വെളുത്ത് ഭംഗിയുള്ള ജാനു. മറ്റൊരാൾ തൊട്ടുകൊണ്ടു കണ്ണഴുതാവുന്നത്ര കറുത്ത കുട്ട്യേടത്തി. ജാനുവിന്റെ കൈത്തണ്ടയ്ക്ക് വാഴക്കൂമ്പിന്റെ മിനുപ്പാണെങ്കിൽ കുട്ട്യേടത്തിയുടെ കൈത്തണ്ട വിറകിൻ കൊള്ളിപോലെ പരുപരുത്തതാണ്. ജാനു വരുമ്പോൾ ചന്ദനസോപ്പിന്റെ മണമാണെങ്കിൽ കുട്ട്യേടത്തി അടുത്തുവരുമ്പോൾ വിയർപ്പിന്റെയും എണ്ണയുടെയും നനച്ച് നിവർത്താതെയിട്ട ഈറൻ തുണിയുടെയും മണമാണ്. ഇങ്ങനെയൊരു താരതമ്യത്തോടെയാണ് കഥയുടെ ആരംഭം. ഇവിടെ ‘നാലുകെട്ടി’ലെ മാളുവിനെ ഓർമ്മ വരും.
വാഴക്കൂമ്പിന്റെ മിനുമിനുപ്പും ചന്ദനസോപ്പിന്റെ ഗന്ധവും ഒരുഭാഗത്ത്, അതിന്റെ അപരമായി കറുപ്പും വിറകിൻ കൊള്ളിയുടെ പരുപരുപ്പും നിവർത്താതെയിട്ട ഈറൻ തുണിയുടെ മണവും വരുന്നു. ഇവിടെ ഒന്ന് വെളിച്ചത്തെയും മറ്റൊന്ന് ഇരുട്ടിനെയും പ്രതിനിധാനം ചെയ്യുന്നു. ജാനുവിന്റെ ജീവിതം സൗഭാഗ്യങ്ങളുടേതാകുമ്പോൾ കുട്ട്യേടത്തിയുടെ ജീവിതം ദൗർഭാഗ്യങ്ങൾ നിറഞ്ഞതാണ്. ഇടത്തെ കാതിൽ തൂങ്ങുന്ന മണി കൂടിയാകുമ്പോൾ കുട്ട്യേടത്തിയുടെ ജീവിതത്തിലെ ദുരന്തം പൂർണമാകുന്നു. ജീവിതത്തിലുടനീളം ശാപവാക്കുകൾ മാത്രമാണ് കുട്ട്യേടത്തി കേട്ടിരുന്നത്. “നീയാവും കാലത്ത് നക്കുപ്പും നാരായക്കല്ലുംണ്ടാവില്ല” എന്ന അമ്മയുടെ വാക്കു കേൾക്കുമ്പോൾ കുട്ട്യേടത്തി ചിരിക്കും. ആ ചിരി പക്ഷേ അവരുടെ ജീവിതത്തിലെ വേദനയാണ്. നട്ടുച്ചക്ക് സർക്കീട്ടിനിറങ്ങി, മരത്തിൽ കേറി മാങ്ങ പറിച്ചും ആൺകുട്ടിയായ നാരായണനെ അടിച്ചും അങ്ങനെ നിഷേധിയായി സ്വാതന്ത്ര്യത്തിന്റെ ലോകത്താണ് അവൾ ജീവിക്കുന്നത് എന്നൊക്കെ പറയാമെങ്കിലും എം ടിയുടെ കഥാപാത്രങ്ങളിൽ, ജീവിതം മുരടിച്ച സ്ത്രീ കഥാപാത്രങ്ങളിൽ മുൻപന്തിയിലാണ് കുട്ട്യേടത്തിയുടെ സ്ഥാനം. കഥയുടെ ആരംഭം മുതൽ അവസാനം വരെയുള്ള കുട്ട്യേടത്തിയുടെ ജീവിതം ദൈന്യത നിറഞ്ഞതാണ്.
കുട്ട്യേടത്തിയെ പെണ്ണുകാണാൻ വന്നവർ അനിയത്തി ജാനുവിനെ മതി എന്ന് പറഞ്ഞപ്പോഴും ഭംഗിയില്ലാത്തതിന് ജാനു പരിഹസിച്ചപ്പോഴുമെല്ലാം കുട്ട്യേടത്തിയുടെ മനസ്സ് എരിയുകയായിരുന്നു. ഒരു സോപ്പുപെട്ടി നിറയെ അപ്പുണ്ണി കൊടുത്ത കുപ്പിവളകൾ സൂക്ഷിച്ചിട്ടുണ്ട്. അതിൽ ഒരു സ്വപ്നംകൂടി അവൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു. ആ വളകൾ കുട്ട്യേടത്തിയുടെ ജീവിതം തന്നെയായിരുന്നു. അവളുടെ സ്വപ്നങ്ങൾ ആരും കാണാതെ സോപ്പുപെട്ടിയിൽ ഭദ്രമാണ്. ആ രഹസ്യം വെളിവാകുന്നതോടെയാണ് അവളുടെ ജീവിതം അവസാനിക്കുന്നത്. മുറിച്ചിട്ടും മുറിഞ്ഞു പോകാത്ത കാതിലെ മണി അവളുടെ ജീവിതത്തിലെ ദൗർഭാഗ്യത്തിന്റെ പ്രതീകം തന്നെയാണ്. എന്നാൽ അപ്പുണ്ണിയോട് സംസാരിച്ചതിന്റെ പേരിൽ തല്ലു കിട്ടിയതിന്റെ പിറ്റേന്ന് ഒരു കയറിൽ കുട്ട്യേടത്തി ജീവിതം അവസാനിപ്പിച്ചു. സോപ്പുപെട്ടിയിൽ ഒളിപ്പിച്ചുവെച്ച കുപ്പിവളകൾ മാത്രമാണ് അവളുടെ ജീവിതത്തിൽ കാണുന്ന ഏക തെളിച്ചവും വെളിച്ചവും. അതുകൂടി അണഞ്ഞപ്പോൾ ലോകത്തിന്റെ എല്ലാ വെളിച്ചങ്ങളിൽ നിന്നും കുട്ട്യേടത്തി യാത്രയായി.
കണ്ണീരുതോരാത്ത, ചിരിക്കാനറിയാത്ത കഥാപാത്രമാണ് ഓപ്പോൾ. കഥയിൽ ഒരിടത്തും തെളിഞ്ഞ മുഖവുമായി അവരെ കാണാൻ കഴിയില്ല. എപ്പോഴും കരഞ്ഞുകൊണ്ടാണ് ഓപ്പോളെ കാണുന്നത്. സ്വന്തം മകന് മുമ്പിൽ ഓപ്പോളായി അഭിനയിക്കേണ്ടി വന്നത് മകന്റെ പിറവി സമൂഹം അംഗീകരിക്കുന്ന തരത്തിലല്ല എന്നതുകൊണ്ടാണ്.
അമ്മേ എന്ന് അപ്പു വിളിക്കുന്നത് കേൾക്കാൻ ഏറെ കൊതിയുണ്ടെങ്കിലും ആ വിളി ഒരു ആഗ്രഹമായി മാത്രം അവശേഷിക്കുകയാണുണ്ടായത്.
അപ്പുവിന് ചോറു വാരികൊടുക്കുന്നതുകണ്ടാൽ മതി അവളുടെ അമ്മ വഴക്കുപറയാൻ തുടങ്ങും. അവനെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ഉറക്കുന്നതും എല്ലാം ഓപ്പോൾ ആയിരുന്നു. എപ്പോഴും അവനെ തലോടിക്കൊണ്ട് കണ്ണീർവാർത്തിരിക്കുന്നത് കാണുമ്പോൾ ‘ഈ ഓപ്പോൾക്ക് പ്രാന്താ’ണെന്ന് അപ്പു വിചാരിക്കും. വയനാട്ടിൽ നിന്നും ശങ്കരൻനായർ ഒരു കല്യാണാലോചന കൊണ്ടുവന്നു. ഒരു ദിവസം അപ്പു സ്കൂളിൽനിന്നും വന്നപ്പോൾ ഓപ്പോൾ പോയിരുന്നു. എങ്കിലും അപ്പു ഓപ്പോളെ തിരിയുന്നിടത്തൊക്കെ ഓപ്പോളുടെ സാന്നിധ്യം നമുക്ക് എംടിയുടെ കരവിരുതിലൂടെ അനുഭവപ്പെടുന്നുണ്ട്.
രണ്ട് കാര്യങ്ങളാണ് ഒപ്പോൾ ഇഷ്ടമില്ലാതെ ചെയ്യുന്നത്. ഒന്ന് മകൻ ഉണ്ടെന്ന കാര്യം അറിയിക്കാതെ വയനാട്ടിലുള്ള ഒരാളെ കല്യാണം കഴിച്ചു. അയാളെ ചതിക്കാൻ അവൾക്ക് ഇഷ്ടമില്ല. രണ്ട്, മകനെ വിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോകുന്നതും അവൾക്ക് അസഹ്യമാണ്. പക്ഷേ ഇഷ്ടമില്ലാതിരുന്നിട്ടും ഈ രണ്ടു കാര്യങ്ങളും അവൾക്ക് ചെയ്യേണ്ടിവന്നു. അവളുടെ ഉള്ളുനിറയെ ഇരുട്ടാണ്. ഇത്തിരി വെട്ടം നൽകിയത് അപ്പുവിന്റെ സാന്നിധ്യമാണ്. അവനെയും വിട്ട് അവൾ പോകുന്നത് പുതിയ വെളിച്ചത്തിലേക്കല്ല, നിറഞ്ഞ ഇരുട്ടിലേക്കാണ്.
ഒരു മിന്നായംപോലെ കഥയിൽ വന്നുപോകുന്ന കഥാപാത്രങ്ങളെപ്പോലും വായനക്കാരന്റെ ഉള്ളുലയ്ക്കുന്ന തരത്തിൽ ആവിഷ്കരിക്കുന്ന എംടിയുടെ എഴുത്തിന്റെ മാസ്മരികതയ്ക്ക് ഉദാഹരണമാണ് ലീല. ‘നിന്റെ ഓർമ്മയ്ക്ക്’ എന്ന കഥയിലെ ആഖ്യാതാവിന്റെ ഓർമ്മയിൽ തെളിയുന്ന കഥാപാത്രമാണെങ്കിലും ആ സിംഹള പെൺകുട്ടി വായനക്കാരെ നൊമ്പരപ്പെടുത്തിയാണ് തിരിച്ചുപോകുന്നത്. ഒരു മകൾ വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന കുടുംബത്തിൽ പിറന്നത് നാല് ആൺമക്കൾ. സിലോണിൽ ജോലി ചെയ്താണ് അച്ഛൻ കുടുംബം നോക്കുന്നത്.
ആറു വർഷങ്ങൾക്കു ശേഷം അദ്ദേഹം വീട്ടിൽ വന്നു കയറിയപ്പോൾ അയാളുടെ പിറകിൽ ഒരു സിംഹള പെൺകുട്ടി ഉണ്ടായിരുന്നു.
കലാപത്തിൽ മരിച്ച സുഹൃത്തിന്റെ മകളാണെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവളുടെ ‘ദാദീ’ എന്ന വിളി കുടുംബത്തിനുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി. ഒടുവിൽ അവളെയുംകൊണ്ട് അയാൾ തിരിച്ചുപോയി.
ഒരു മകൾ ഉണ്ടാകാൻ ഏറെ ആഗ്രഹിച്ചിട്ടും ഭർത്താവിന്റെ കൂടെ ഒരു പെൺകുട്ടി വന്നപ്പോൾ അവിടെ ആഹ്ലാദത്തിനു പകരം സങ്കടങ്ങളും സംഘർഷങ്ങളുമാണ് ഉണ്ടാകുന്നത്. ഒരു പെങ്ങൾ ഉണ്ടാകാൻ ഏറെ ആഗ്രഹിച്ച വാസുവിനും അവളുടെ സ്നേഹം അനുഭവിക്കാനോ അവളെ സ്നേഹിക്കാനോ കഴിഞ്ഞില്ല. ലീലയാകട്ടെ, അപരിചിതമായ ആ സ്ഥലത്ത് ചുറ്റുമുള്ള കണ്ണുകളിലെ ദേഷ്യവും വെറുപ്പും അനുഭവിച്ച് ആ വീട്ടിനുള്ളിൽ കഴിഞ്ഞു. കുട്ടിക്കാലത്തിന്റെ ആനന്ദങ്ങളും കൂടപ്പിറപ്പുകളുടെ സ്നേഹവും അവൾക്ക് ലഭിച്ചില്ല. അച്ഛന്റെ ഇത്തിരി വെളിച്ചത്തിൽ മാത്രമാണ് അവൾ ജീവിച്ചത്. അവൾ നൽകിയ റബ്ബർ മൂങ്ങയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോഴാണ് വാസു ലീലയെപ്പറ്റി ഓർത്തത്. ലീല സമ്മാനിച്ച റബ്ബർ മൂങ്ങ എത്രയോ കാലം ആ വീട്ടിലെ പെട്ടിയിൽ പൊടിപിടിച്ചു കിടന്നു. ഒരുപക്ഷേ അന്ന് പോകാതെ വീട്ടിൽത്തന്നെ അവിടെയുള്ളവരുടെ വെറുക്കപ്പെട്ട നോട്ടത്തിന് നടുവിൽ കഴിയുകയായിരുന്നെങ്കിലുള്ള അവളുടെ അവസ്ഥയെയാണ് റബ്ബർ മൂങ്ങ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ അവൾ അവിടെ താമസിച്ചിരുന്നെങ്കിൽ അവളെ മനസ്സിലാക്കാൻ കഴിയുക വാസുവിന് മാത്രമായിരിക്കും. അതുകൊണ്ട് തന്നെയാണ് മൂങ്ങയെ അവൾ വാസുവിനുതന്നെ കൊടുത്തത്.
വാനപ്രസ്ഥം എന്ന കഥയിലെ വിനോദിനിയെയും ഇതോടൊപ്പം ചേർത്തുവെച്ച് വായിക്കാവുന്നതാണ്. യൗവനകാലത്ത് താൻ പഠിപ്പിച്ച ഒരു പെൺകുട്ടിയെ മൂകമായി പ്രണയിക്കുകയും അതിനുശേഷം വാർദ്ധക്യകാലത്ത് വീണ്ടും മൂകാംബികയിൽ വച്ച് കണ്ടുമുട്ടുകയും ചെയ്യുന്നതാണ് കഥ. പണ്ട് രണ്ടുപേർക്കും പരസ്പരം ഇഷ്ടമായിരുന്നെങ്കിലും വീട്ടിൽ പറയാൻ ധൈര്യമില്ലാത്തതിനാൽ ഇരുവഴിപിരിഞ്ഞ് ഒഴുകുകയായിരുന്നു അവർ. ഈ പ്രണയകഥയിൽ വിനോദിനി എന്ന വിനീത ശിഷ്യയ്ക്കുമാത്രമാണ് ജീവിതത്തിലെ നിറങ്ങൾ നഷ്ടമായത്. മാഷ് വിവാഹം കഴിച്ച് രണ്ട് മക്കളായി അവരുടെ വിവാഹം നടത്തി സുഖമായി കഴിയുന്നു. വിനോദിനി ഇപ്പോഴും വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നു. ഭർത്താവ്, മക്കൾ, കുടുംബം, അവരോടൊത്തുള്ള ജീവിതം അതിന്റെ സന്തോഷം തുടങ്ങിയവയെല്ലാം വിനോദിനിയ്ക്ക് നഷ്ടമായി. അവൾ അവളുടെ ജീവിതം ഒറ്റയ്ക്ക് ജീവിച്ചുതീർത്തു. ഒരുതരത്തിൽ തമ്പിനകത്ത് കുടുങ്ങിപ്പോയ ജാനമ്മയും പ്രണയത്തിനകത്ത് ജീവിതം ഉടക്കി പോയ വിനോദിനിയും ഒരേ അവസ്ഥയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. വാർദ്ധക്യത്തിൽ വീണ്ടുമുള്ള കൂടിക്കാഴ്ച കരുണാകരൻ മാസ്റ്ററെ സംബന്ധിച്ചിടത്തോളം ഒരു രഹസ്യം താലോലിക്കാൻ കിട്ടിയ ആനന്ദം മാത്രമാണ്. ഭാര്യയോടും മക്കളോടും പറയാതെ വിനോദിനിയുമൊന്നിച്ച് മൂകാംബികയിൽനിന്നും കുടജാദ്രിയിലേക്കുള്ള യാത്രയെപ്പറ്റി “ഒളിച്ചു കളിയുടെ ഒരു രസം. ഒരു രഹസ്യത്തിന്റെ സാഹസമുണ്ട് ഈ യാത്രയിൽ’ എന്നാണ് അയാൾ മനസ്സിൽ ഓർക്കുന്നത്. അവർ കുടജാദ്രിയിൽ രാത്രി താമസിക്കുമ്പോൾ അഡിഗർ ഒരുമിച്ച് പായവിരിച്ചതും ദമ്പതീപൂജ നടത്തിയതും അവർ ഭാര്യാഭർത്താക്കന്മാർ ആണെന്ന തെറ്റിധാരണയിൽ നിന്നായിരുന്നു. അവർ രണ്ടുപേരും അത് തിരുത്തിയില്ല. ‘മുജ്ജന്മത്തിൽ ഒരു യോഗംണ്ടാവും’എന്നാണ് അവൾ കരുതുന്നത്. ഒരുമിച്ച് കിടക്കുമ്പോൾ തലയിണയിൽ മുഖമമർത്തി തേങ്ങുന്ന വിനോദിനി തന്റെ ജീവിതത്തിൽ നഷ്ടമായ നല്ല കാലത്തെക്കുറിച്ചാണ് ഓർക്കുന്നത്. തന്റെ ജീവിതം ഇങ്ങനെ ആയതിൽ അവൾക്ക് വീട്ടുകാരോടും ദേഷ്യമുണ്ട്. ഒടുവിൽ കുടജാദ്രിയിൽ നിന്നിറങ്ങി പരസ്പരം യാത്രപറഞ്ഞ് പിരിയുമ്പോൾ രണ്ടാൾക്കും അത് രണ്ട് യാത്രയായിരുന്നു. പണ്ട് സ്കൂളിൽ നിന്നും ഇറങ്ങിയ യാത്രപോലെ.
കുമാരൻകുട്ടിയിൽ നിന്ന് കുടജാദ്രി യാത്രയെപ്പറ്റി അറിഞ്ഞ അമ്മാളു പലതും ചോദിക്കും. ” ഒരു രഹസ്യം സൂക്ഷിക്കാൻ കിട്ടിയതിൽ ആഹ്ലാദം. വാർധക്യത്തിന്റെ പരാധീനതകൾ മറന്ന് മാസ്റ്റർ അഡിഗറുടെ ലോഡ്ജിന് നേരെ നടന്നു’. ജീവിതത്തിലെ എല്ലാ ആനന്ദവും അനുഭവിച്ച ശേഷമുള്ള ഒരു വിനോദയാത്രയായിരുന്നു കരുണാകരൻ മാസ്റ്ററുടെ കുടജാദ്രിയിലേക്കുള്ള യാത്ര. എന്നാൽ വിനോദിനിയ്ക്ക് ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആ ഒരൊറ്റ യാത്രയിൽ മാത്രമായിരുന്നു. ഒരുപക്ഷേ അവൾ ജീവിച്ചതത്രയും ഇങ്ങനെയൊരു യാത്രയ്ക്ക് വേണ്ടിയാവാം.
അവളുടെ കഷ്ടപ്പാടുകൾ കേട്ട് തിരിച്ചുപോരുമ്പോൾ കുറച്ച് പണം തരട്ടെ എന്ന് മാസ്റ്റർ ചോദിക്കുന്നുണ്ട്. എന്നാൽ അവളത് വാങ്ങിക്കുന്നില്ല. കണ്ണുതുടച്ച് യാത്രപറഞ്ഞ് പോകുമ്പോഴും അവളുടെ ജീവിതം വേദന മാത്രം നിറഞ്ഞതാകുന്നു. അവളുടെ ജീവിതം ഒഴുക്കു നിലച്ച പുഴപോലെ എന്നോ നിശ്ചലമായതാണ്. അതിനെ മറികടക്കാൻ അവൾക്ക് ഒരിക്കലും കഴിഞ്ഞില്ല. വിനോദിനി പത്തിൽ പഠിക്കുന്ന കാലത്താണ് അവൾക്കും മാസ്റ്റർക്കും പരസ്പരം അനുരാഗം തോന്നുന്നത്. എന്നാൽ വീട്ടുകാരെ ധിക്കരിക്കാൻ രണ്ടാൾക്കും കഴിഞ്ഞില്ല. മാസ്റ്ററുടെ ജീവിതം അവിടെനിന്നും പുതിയ തീരങ്ങളിലൂടെ മുന്നോട്ട് ഒഴുകി. എന്നാൽ അവളുടെ ജീവിതം അവിടെ ഒഴുക്കുനിലച്ചു നിശ്ചലമായി.
ഇത്തരം കഥാപാത്രങ്ങളെല്ലാം ഉണ്ടായിത്തീരുന്നതിൽ ചില പ്രത്യേക കൂടിച്ചേരലുകളും മാറ്റിനിർത്തലുകളുമെല്ലാമുണ്ട്. എംടിയുടെ ഈ കഥകളെല്ലാം എഴുതപ്പെടുന്ന സാമൂഹ്യസാഹചര്യം ജന്മിത്വത്തിന്റെ തകർച്ചയുടെ ഘട്ടമാണ്. സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുന്ന നായർ തറവാടുകളുടെ ഉള്ളറകളിലും അതിലൂടെ കഥാപാത്രങ്ങളുടെ മനസിലും ഉണ്ടാകുന്ന ചലനങ്ങൾ അന്നത്തെ സാമൂഹികാവസ്ഥയുടെ പ്രതിഫലനങ്ങൾ കൂടിയാണ്. സാമൂഹ്യമായ തകർച്ചയുടെ മുറിവും പേറി ജീവിച്ചുവരുന്നവരാണ് ഓപ്പോളും കുട്ട്യേടത്തിയും. ഈയൊരു ബോധത്തിൽ നിന്നാണ് എംടി യുടെ കഥകളിൽ ഇത്തരം കഥാപാത്രങ്ങൾ വാർന്നു വീഴുന്നത്. വീടിനുള്ളിൽ ഒറ്റപ്പെട്ടുപോയവരും കുടുംബത്തിനുള്ളിൽ നിന്നും സ്വയം ബഹിഷ്കൃതരായവരും എല്ലാം അന്ന് കൂടല്ലൂരും പരിസരങ്ങളിലും ഉണ്ടായിരുന്നു. തന്റെ ഗ്രാമ പരിസരത്തിൽ കണ്ടുപരിചയിച്ച ഒഴുക്കുനിലച്ച ജീവിതങ്ങളെയാണ് അദ്ദേഹം തന്റെ കഥകളിലൂടെ ആവിഷ്കരിച്ചത്.
എംടി എന്ന എഴുത്തുകാരനെ സവർണ ഭാവുകത്വത്തിലേക്ക് ബ്രാൻഡുചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സർഗലോകം ആവിഷ്കരിച്ച മറ്റു പല കാഴ്ചകളും നമ്മൾ കാണാതെ പോവുകയാണ്. l