ആഴക്കടൽ ഖനനം കടലടിത്തട്ടിനും പരിസ്ഥിതിക്കും മാനവരാശിക്കു തന്നെയും തീരാദുരിതമാണ് വിതയ്ക്കുക എന്ന കാര്യം കഴിഞ്ഞ കുറേ ദശകങ്ങളായി അന്താരാഷ്ട്ര വേദികളിൽ സജീവ ചർച്ചാവിഷയമായിരുന്നു. അതിനായി രൂപംകൊണ്ട ഇന്റർനാഷണൽ സീ ബെഡ് അതോറിറ്റി(ഐസിഎ)യുടെ സിഇഒ തന്നെയും ഖനനക്കുത്തകകളുടെ കുഴലൂത്തുകാരനാവുന്നനെതിരെ ജർമൻ മന്ത്രി തന്നെ പരസ്യമായി പ്രതികരി ക്കുകയുണ്ടായി. എന്നാൽ അതിനു ശേഷം ഇന്ത്യയിലെത്തിയ അതേ സിഇഒ മിഷെയ്ൽ ലോഡ്ജിനെ കഴിഞ്ഞ വർഷം ചെമ്പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ഇന്ത്യ ചെയ്തത്. ആഴക്കടൽ ധാതുക്കളൂറ്റാൻ സമ്മതം നൽകുന്ന കരാറുകൾ 2017 ലും 2022 ലും ഒപ്പിട്ട ഇന്ത്യ, ഇക്കാര്യത്തിൽ മുമ്പേ പറക്കുന്ന പക്ഷിയാണ് എന്ന് അദ്ദേഹം മോദി സർക്കാരിനെ സ്തുതിക്കുകയും ചെയ്തു. മോഡിയെ തടയാൻ ഇന്ത്യൻ പാർലമെന്റിനായില്ല.
എന്നാൽ നോർവെയിൽ നിന്നു വരുന്ന സൂചനകൾ ഇക്കാര്യത്തിൽ പ്രത്യാശാനിർഭരമാണ്.
കടലടിത്തട്ട് കുഴിച്ചുമറിച്ച് ഖനനം ചെയ്ത് ലാഭമൂറ്റാൻ സമ്മതിക്കില്ല എന്നാണ് ഇടതുപക്ഷ സോഷ്യലിസ്റ്റ് കക്ഷി എസ്. വി. പാർട്ടി പ്രഖ്യാപിച്ചത്.
2025 ലേക്കുള്ള ബജറ്റ് പാസ്സാക്കാൻ പിന്തുണ വേണോ, എങ്കിൽ ആഴക്കടൽ ഖനനത്തിൽ നിന്ന് പിന്തിരിയണം എന്ന നിലപാടാണ് അവർ കൈക്കൊണ്ടത്. ഇടതുപക്ഷ പിന്തുണയില്ലാതെ നിലനിൽക്കാനാവില്ല എന്ന സാഹചര്യത്തിൽ അതംഗീകരിക്കാൻ ഭരണകക്ഷി നിർബന്ധിതമായി.
2024 ഡിസംബർ 1 ന്, തങ്ങൾ തൽക്കാലം അതിനില്ല എന്നാണ് നോർവീജിയൻ പാർലമെന്റ് തീരുമാനിച്ചത്.
ഒന്നാം യു പി എ സർക്കാരിന്റെ കാലത്തെ ഇടതുപക്ഷ ഇടപെടൽ പോലെ ഭരണവർഗ താൽപര്യത്തിന് മൂക്കു കയറിടാൻ കഴിഞ്ഞ നോർവെയിലെ ഇടതുപക്ഷം അനുമോദനമർഹിക്കുന്നു.
“This decision is a testament to the power of principled, courageous political action, and it is a moment to celebrate for environmental advocates, ocean ecosystems, and future generations alike’. എന്നാണ് പാരിസ്ഥിതികനീതി ഫൗണ്ടേഷൻ തലവൻ സ്റ്റീവ് ട്രെന്റ് പറഞ്ഞത്. ഈ വർഷാരംഭത്തിലാണ് നോർവീജിയൻ പാർലമെന്റ് ആഴക്കടൽ ഖനനവുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചത്. 32 രാജ്യങ്ങളും 911 സമുദ്രശാസ്ത്രജ്ഞരും ആഴക്കടൽ ഖനനത്തിന് ആഗോള മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. നോർവെയുടെ പദ്ധതിയെ എതിർത്തുകൊണ്ട് 100 ലേറെ യൂറോപ്യൻ പാർലമെന്റംഗങ്ങൾ കത്തയച്ചതാണ്. എന്നിട്ടും അവർ തീരുമാനിച്ചത് 2025 ഓടെ ഖനനപദ്ധതി ആരംഭിക്കാനാണ്.
മന്ത്രിസഭ വീഴണോ, അതോ കടൽ കുഴിക്കണോ എന്ന ചോദ്യത്തിന് രണ്ടുത്തരമില്ലാതെ പോയതോടെയാണ് തൽക്കാലം പിന്തിരിയാൻ നോർവെ സർക്കാർ നിർബന്ധിതമായത്.
2025 സെപ്തംബറിലാണ് അവിടെ പുതിയ തിരഞ്ഞെടുപ്പ്. എന്തായാലും അതുവരെ അവിവേകം കാട്ടാൻ നോർവെക്കാവില്ല.
എന്നുവെച്ചാൽ ഈ വിജയവും അന്തിമമല്ല. ജാഗ്രത തുടരും എന്നാണ് ഇടതുപക്ഷം പറയുന്നത്. ആഴക്കടൽ ഖനനചർച്ചക്കായെത്തിയ സീബെഡ് അഥോറിറ്റി യുടെ സിഇഒക്ക് സ്വീകരണം നൽകിയതിന്റെ തൊട്ടടുത്ത ദിവസം പാർലമെന്റിന് മുന്നിലേക്ക് സി ഐ ടി യു നേതൃത്വത്തിൽ മാർച്ച് നടത്തിക്കൊണ്ട് പ്രതികരിച്ച ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾക്കും അഭിമാനിക്കാം നോർവെയിലെ ഈ വിജയത്തിൽ!
1960 നു ശേഷമാണ് ആഴക്കടൽ വിഭവങ്ങൾ ഒരന്താരാഷ്ട്ര ചർച്ചാ വിഷയമായി മാറുന്നത്. ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയിൽ ഇതേപ്പറ്റി ഉൽക്കണ്ഠപൂർവ്വം സംസാരിച്ച മാൾട്ടയുടെ അംബാസിഡർ അർവിദ് പാർഡോ ആഴക്കടലടിത്തട്ടിലെ വിഭവങ്ങൾ ” മാനവരാശിയുടെ പൊതു പൈതൃക’മായി നിലനിർത്തണമെന്നും വികസിത സമ്പന്നരാജ്യങ്ങളിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആ സമ്പത്താകെ കോളനിവൽക്കരിക്കുകയും കൈയടക്കുകയും ചെയ്യുന്നതിനെതിരായി ഒരന്താരാഷ്ട്ര നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മാനവരാശിയുടെ പൊതുവായ ഉന്നമനത്തിനു വേണ്ടി മാത്രമേ കടലടിത്തട്ടിലെ വിഭവങ്ങൾ ഉപയോഗിക്കാവൂ എന്നും അതിനായി ഒരു അന്താരാഷ്ട്ര സംവിധാനം ഏർപ്പെടുത്തണം എന്നുമുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.
കടലടിത്തട്ടിലെ അക്ഷയഖനികൾ കാക്കാനൊരു സംവിധാനം
ഖനന കാര്യത്തിന്റെ നടത്തിപ്പിനായാണ് ഇന്റർനാഷനൽ സീ ബെഡ് അതോറിറ്റി 1994 ൽ രൂപംകൊള്ളുന്നത്. അതിന്റ ആസ്ഥാനം ജമൈക്കയിലെ കിങ് സ്റ്റണിൽ ആവണം എന്നും തീരുമാനിക്കപ്പെട്ടു. ദേശാതിർത്തിയിലുള്ള കടലിനുമപ്പുറമുള്ള ആഴക്കടലിന്റെ അടിത്തട്ടിൽ നടത്തുന്ന ഖനനങ്ങൾക്കുള്ള ഒരു അന്താരാഷ്ട്ര മേൽനോട്ട സംവിധാനമായാണ് അത് രൂപപ്പെട്ടത്. സമുദ്രാടിത്തട്ടിലെ ഖനനത്തിൽ നിന്ന് ഊറ്റിയെടുക്കാനാവുക അനേക സഹസ്ര ലക്ഷങ്ങളാണെന്നു വന്നതോടെ (പ്രത്യേകിച്ചും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപകരിക്കുന്ന ലോഹങ്ങളും ധാതുലവണങ്ങളുമടങ്ങുന്ന ദശലക്ഷക്കണക്കിന് വർഷം പ്രായമുള്ള കൂറ്റൻ പാറകളാണ് പൊട്ടിച്ചെടുക്കാനുള്ളത് എന്നറിഞ്ഞതോടെ) അതിന് ആവശ്യക്കാരേറി. നിക്കൽ, മാംഗനീസ്, ചെമ്പ്, സിങ്ക്, കൊബാൾട്ട് എന്നിവയടങ്ങിയ അനേക ലക്ഷം കോടി പോളിമെറ്റാലിക് നോഡ്യൂൾസാണ് ഉരുളക്കിഴങ്ങ് വലുപ്പത്തിൽ സമുദ്രാടിത്തട്ടിൽ നിന്ന് കിളച്ചുമറിച്ചെടുക്കാനുള്ളത് ! ഇക്കാര്യത്തിൽ പര്യവേക്ഷണം നടത്താനുള്ള കരാർ ഉറപ്പിച്ചുകിട്ടാനായി വലിയ കമ്പനികൾ അതോടെ രംഗത്തെത്തി. അൺ ക്ലോസ് ഉടമ്പടിയിൽ അമേരിക്ക കക്ഷിയല്ലാത്തതിനാൽ അമേരിക്കൻ കമ്പനികൾക്ക് പര്യവേക്ഷണ മേഖലയിൽ പ്രവേശനമില്ലാതെ വന്നു. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ പ്രതിരോധായുധ നിർമാണ ക്കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ രണ്ട് ബ്രിട്ടീഷ് പ്രൊജക്ടുകൾ വഴി പര്യവേക്ഷണത്തിൽ പങ്കാളികളായി. റഷ്യയും ദക്ഷിണ കൊറിയയും ഫ്രാൻസും ജപ്പാനും ചൈനയും ഇന്ത്യയും ഐ എസ്.എയുമായി പര്യവേക്ഷണക്കരാറുകൾ ഉണ്ടാക്കി.
നവ്റുവിന് പുതിയ നാവ്,
ലോഡ്ജിന് പുതിയ കൂറ്
2023–- 24 ഓടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം നടത്തണമെന്നാണ് ഐ.എസ്.എ.യുടെ കണക്കുകൂട്ടലെങ്കിലും നവ്റു എന്ന പസഫിക് പ്രദേശത്തെ ഒരു കൊച്ചു രാജ്യം മെറ്റൽസ് എന്ന കനേഡിയൻ ബഹുരാഷ്ട്ര കുത്തകയുമായിച്ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യാനുള്ള അനുമതി ഉടനെ കിട്ടണം എന്നുപറഞ്ഞ് ഐ എസ് എ വേദികളിൽ ഒച്ച വെക്കാൻ തുടങ്ങി. ചർച്ചകൾ നീണ്ടുപോവുന്നതിൽ മെറ്റൽസ് കമ്പനിക്കുള്ള പ്രയാസം മനസ്സിലാക്കാം. പക്ഷേ കനത്ത പാരിസ്ഥിതികാഘാതത്തിന് ഇടവരുത്തിയേക്കാം എന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്ന ഒരു കാര്യത്തിൽ വേണ്ട പഠനം നടത്താതെ ഉടൻ കരാറാക്കണം എന്ന് ഐ എസ് എ യുടെ സെക്രട്ടറി ജനറൽ തന്നെ ആവശ്യപ്പെടുന്നത് വെറുതെയാവില്ല. പ്രത്യേകിച്ചും മെറ്റൽസ് കമ്പനിയുടെ പ്രമോ വീഡിയോയിൽ, പണ്ട് paytm ന്റെ പരസ്യത്തിലെ ഇന്ത്യൻ പ്രധാനമന്ത്രിയെപ്പോലെ ഇന്റർനാഷനൽ സീ ബെഡ് അതോറിറ്റിയുടെ സെക്രട്ടറി ജനറൽ മിഷെയ്ൽ ലോഡ്ജ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ! സമുദ്രശാസ്ത്ര മേഖലയിൽ എണ്ണം പറഞ്ഞ 600 ലേറെ ശാസ്ത്രജ്ഞർ കടലടിത്തട്ടിലെ ഖനനത്തിന് എതിർനിൽക്കുന്ന ഒരു കാലത്താണിത്! വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്വർ ഖനനത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുകയും യൂറോപ്യൻ പാർലമെന്റും ഫിജി, പപ്പാ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിലപാടെടുക്കുകയും ചെയ്തിരിക്കെയാണ് ഐ എസ് എയുടെ സെക്രട്ടറി ജനറൽ പച്ചക്കൊടി കാട്ടാൻ രണ്ടു കെെയും നീട്ടി നിൽക്കുന്നത്.
ഇതിനിടയിലാണ് മാർച്ച് 16 ന് ഐഎസ്എയുടെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനം ജമൈക്കയിൽ നടക്കുന്നത്. 13 ലക്ഷം ടൺ പാറകളാണ് 2024 ൽ പൊട്ടിച്ചൂറ്റിയെടുക്കാൻ മെറ്റൽസ് കമ്പനിയും കൂട്ടാളികളും ലക്ഷ്യമിടുന്നത്. അതു വഴി ഏതാണ്ട് 3000 കോടി ഡോളറാണ് പ്രതീക്ഷിക്കുന്ന ലാഭം. നവ്റു എന്ന കൊച്ചുരാജ്യമാണ് മസിൽ പിടിച്ചുനിന്ന് കരാർ ഉടൻ ഒപ്പുവെക്കണം എന്നാവശ്യപ്പെടുന്നത്.
ലോഡ്ജിന് ഇന്ത്യയിൽ:
ചുവന്ന പരവതാനി
എന്നാൽ മിഷെയ്ൽ ലോഡ്ജ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയിരുന്നു. കുത്തകക്കമ്പനിയുടെ വക്കാലത്തുകാരനാവാൻ നിൽക്കേണ്ട എന്ന് ജർമൻ മന്ത്രി താക്കീതു കൊടുത്ത അതേ മിഷെയ്ൽ ലോഡ്ജിന് ചെമ്പരവതാനി വിരിച്ച സ്വീകരണമാണ് ഇന്ത്യ നൽകിയത് ! ആഴക്കടൽ ധാതുക്കളൂറ്റാനുള്ള 15 വർഷക്കരാറാണ് ഇന്ത്യ 2002 മാർച്ചിൽ ഒപ്പിട്ടത്. 2017 ലും വീണ്ടും 2022 ലും അയ്യഞ്ചു വർഷക്കരാർ ഒപ്പിട്ട ഇന്ത്യ ഇക്കാര്യത്തിൽ മുമ്പേ പറക്കുന്ന പക്ഷിയാണ് എന്ന് മിഷെയ്ൽ ലോഡ്ജ് അന്ന് ഇന്ത്യയെ സ്തുതിച്ചു! ആ ഇന്ത്യയെ പയനീർ ഇൻവെസ്റ്ററായി പ്രഖ്യാപിച്ച ഐഎസ് എ നടപടിയിൽ കേന്ദ്ര മന്ത്രി ഡോക്ടർ ജിതേന്ദ്ര സിങ് സന്തോഷം പ്രകടിപ്പിച്ചു! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബ്ലൂ എക്കണോമിയെ ലോകം അംഗീകരിച്ചിരിക്കുന്നു എന്നൊക്കെയായി പ്രഖ്യാപനം! ആഴക്കടൽ മിഷനുവേണ്ടി (deep sea mission) 600 കോടി രൂപ ബജറ്റിൽ നീക്കിവെച്ച കാര്യവും അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യൻ ഭൗമശാസ്ത്ര മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഐ എസ് എ ക്ക് താൽപ്പര്യമുണ്ട് എന്ന് അതേ മിഷെയ്ൽ ലോഡ്ജിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ച് കൂടുതൽ സന്തുഷ്ടനാവാനും ഇന്ത്യൻ മന്ത്രിക്ക് കഴിഞ്ഞു!
നാവ്റു എന്ന കൊച്ചു പസ്-ഫിക്കൻ രാജ്യത്തിനും അതിനെക്കൊണ്ട് ഐ എസ്എ ചർച്ചാ വേദിയിൽ ചുടുചോറ് മാന്തിച്ച മെറ്റൽസ് കമ്പനിക്കും അതിനൊക്കെ പിറകിൽ ചരടുവലിക്കുന്ന ഐ എസ് എ സെക്രട്ടറി ജനറലിനും ഒപ്പമാണ് ഇന്ത്യയും നിലയുറപ്പിക്കുന്നത്!
മത്സ്യമേഖല ഉണരുന്നു
ഇത്തരമൊരു നിലപാട് നമ്മുടെ പരിസ്ഥിതിക്കും കടലിലെ ആവാസ വ്യവസ്ഥയ്-ക്കും അതു വഴി നമ്മുടെ മത്സ്യസമ്പത്തിനും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്കും എതിരാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ആഴക്കടൽ ഖനനത്തിനെതിരെ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ ആൾ ഇന്ത്യാ ഫിഷേഴ്സ് ആൻഡ്- ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്യത്തിൽ മാർച്ച് 3 ന് പാർലമെന്റ് മാർച്ച് നടത്തിയത്.
ഇത് മത്സ്യത്തൊഴിലാളികളെ മാത്രം ബാധിക്കുന്ന വിഷയമല്ല. വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്ര ലോകം തന്നെ ആശങ്കപ്പെടുന്ന ആഴക്കടൽ ഖനനം കൂടുതൽ പഠനങ്ങൾ നടത്താതെ ധൃതിപ്പെട്ട് നടപ്പാക്കുന്നത് വമ്പൻ കുത്തകകളെ സഹായിക്കാനാണ് എന്ന കാര്യം വ്യാപകമായി ചർച്ച ചെയ്യപ്പെടണം, അതിനെതിരെ ജനകീയ ചെറുത്തുനിൽപ്പ് ഉയർന്നുവരികയും വേണം. l