1931 സെപ്തംബർ 18ന് ജാപ്പനീസ് സാമ്രാജ്യത്വം വടക്കു കിഴക്കൻ ചെെനയുടെ നേരെ വൻതോതിലുള്ള ആക്രമണം ആരംഭിച്ചു. 1894ലെ ചെെന – ജപ്പാൻ യുദ്ധം മുതൽക്കുതന്നെ ചെെനയെ ആക്രമിക്കുവാൻ ജാപ്പനീസ് സാമ്രാജ്യത്വവാദികൾ ഉറപ്പിച്ചിരുന്നു. 1929 അവസാനമായപ്പോൾ മുതലാളിത്ത ലോകത്തെ ബാധിച്ച സാമ്പത്തിക കുഴപ്പത്തെ തുടർന്ന് ബ്രിട്ടൻ, അമേരിക്ക മുതലായ മുതലാളിത്തശക്തികൾക്ക് ചെെനയെ പിടിച്ചടക്കുന്ന കാര്യത്തിൽ തങ്ങളുമായി മത്സരിക്കാനുള്ള ശേഷി ഉണ്ടാവില്ല എന്നു കണ്ടാണ് ആ അവസരത്തിൽ ജപ്പാൻ ചെെനയെ ആക്രമിക്കാൻ തയ്യാറായത്. മാത്രമല്ല, ചെെനയിലാകട്ടെ അപ്പോൾ ശക്തമായ ഒരു കേന്ദ്രീകൃത ഭരണം ഉണ്ടായിരുന്നതുമില്ല. അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും പിന്തുണയിൽ നിലനിന്നിരുന്ന ചിയാങ് കെെഷെക്കിന്റെ ഗവൺമെന്റ് ആഭ്യന്തര പ്രശ്നങ്ങളിൽപെട്ട് ഉഴലുന്നതിനൊപ്പം ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി – കർഷക ചുവപ്പുസേനയുമായും യുദ്ധത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് – അമേരിക്കൻ സാമ്രാജ്യത്വശക്തികളുടെ ദല്ലാളായി പ്രവർത്തിച്ചിരുന്ന ചിയാങ് കെെഷെക് ഗവൺമെന്റിൽനിന്ന് കാര്യമായ ചെറുത്തുനിൽപ്പുണ്ടാവില്ലെന്നു ജപ്പാൻകാർ കണക്കുകൂട്ടി.
ജപ്പാന്റെ ഈ കണക്കുകൂട്ടൽ ശരിയായിരുന്നുതാനും. ജാപ്പനീസ് സേന ആദ്യം ആക്രമിച്ചത് വടക്കുകിഴക്കൻ പ്രദേശത്തെയായിരുന്നു. അവിടെനിന്ന് ക്രമേണ ചെെനയുടെ മറ്റു ഭൂപ്രദേശങ്ങളിലാകെ ആക്രമണം വ്യാപിപ്പിക്കുകയും പൂർണമായും ചെെനയെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യുകയെന്നതായിരുന്നു ജപ്പാന്റെ ലക്ഷ്യം. ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ ആക്രമണം ചെെനയുടെ രാഷ്ട്രീയ സ്ഥിതിഗതികളെയാകെ മാറ്റിമറിച്ചു. ജപ്പാന്റെ ആക്രമണത്തെ ചെറുക്കുകയെന്നത് ചെെനീസ് ജനതയുടെയാകെ അടിയന്തര കടമയായിമാറി. ജപ്പാന്റെ ആക്രമണത്തെ ചെറുക്കുകയെന്ന കമ്യൂണിസ്റ്റു പാർട്ടിയുടെ നിലപാടിനെ പിന്തുടർന്ന് തൊഴിലാളികളും കർഷകരും വിദ്യാർഥികളും രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന് അതിവേഗം ജനപിന്തുണ ലഭിക്കുകയും അത് ശക്തിയാർജിക്കുകയും ചെയ്തു.
1927ൽ വിപ്ലവ ചേരിയിൽനിന്ന് പിൻവാങ്ങിയ ചെറുകിട മുതലാളിമാരുൾപ്പെടെയുള്ള ദേശീയ ബൂർഷ്വാസി ഇത്തരമൊരു സാഹചര്യത്തിൽ പഴയ നിലപാടിൽ മാറ്റംവരുത്തുകയും കുമിന്താങ് ഗവൺമെന്റ് ജപ്പാനെതിരെ എല്ലാ ദേശാഭിമാനശക്തികളെയും ഒന്നിച്ചുനിർത്തണമെന്ന ആവശ്യമുയർത്തുകയും ചെയ്തു. മാത്രമല്ല, കുമിന്താങ്ങിന്റെയും കുമിന്താങ് സെെന്യത്തിന്റെയും ഉള്ളിൽ ചിയാങ്, നയം മാറ്റാൻ തയ്യാറാകണമെന്ന ചിന്ത ശക്തിപ്പെടാൻ തുടങ്ങി. ഷാങ്ഹായ് നഗരത്തിനുനേരെ ജപ്പാൻ സെെന്യം ആക്രമണമാരംഭിച്ചപ്പോൾ അതിനെതിരെ ഉയർന്നുവന്ന ജനവികാരം തിരിച്ചറിഞ്ഞ കുമിന്താങ് സെെന്യത്തിലെ ഒരു വിഭാഗം (19–ാം റൂട്ട് ആർമി) ജപ്പാൻകാരെ ചെറുക്കാൻ തയ്യാറായി. തുടർന്ന്, ഈ സെെനികവിഭാഗത്തിന്റെ നായകൻമാർ മറ്റു കുമിന്താങ് അണികളുമായി ചേർന്ന് ഫുകെയ്ൻ പ്രവിശ്യയിൽ ഒരു ജാപ്പ് വിരുദ്ധ ജനകീയ ഗവൺമെന്റിനു രൂപം നൽകി. ഈ ഗവൺമെന്റ് ചിയാങ് കെെഷെക്കിന്റെ കമ്യൂണിസ്റ്റുവിരുദ്ധ നയം തിരസ്കരിച്ച്, കമ്യൂണിസ്റ്റു പാർട്ടിയുമായും റെഡ് ആർമിയുമായും സഖ്യമുണ്ടാക്കാൻ നീക്കംതുടങ്ങി. പ്രാദേശികമായി അത്തരം കൂട്ടുകെട്ടുകൾ നിലവിൽവരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. എന്നാൽ കമ്യൂണിസ്റ്റു പാർട്ടിയിൽ ആ കാലത്ത് ആധിപത്യം പുലർത്തിയിരുന്ന ഇടത്‐വലത് അവസരവാദ നയങ്ങൾ ഈ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തി മുന്നേറുന്നതിന് തടസ്സമായി. 1935 ജനുവരിയിൽ ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിനുശേഷമാണ് ഇടത് – വലത് അവസരവാദികളെ നേതൃത്വത്തിൽനിന്നു മാറ്റുകയും മൗ സെദൂങ് മുന്നോട്ടുവെച്ച മാർക്സിസ്റ്റ് – ലെനിനിസ്റ്റ് കാഴ്ചപ്പാടിനു പിന്നിൽ പാർട്ടിയാകെ അണിനിരക്കുകയും ചെയ്‌തത്.
1937ൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസ് അംഗീകരിച്ച ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന നയം പാർട്ടി ഏറ്റെടുത്ത് നടപ്പാക്കാനാരംഭിച്ചത് ഇതോടെയാണ്. മൗ സെദൂങ്ങിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടശേഷം 1935 ആഗസ്ത് ഒന്നിന് കമ്യൂണിസ്റ്റു പാർട്ടി കുമിന്താങ് ഗവൺമെന്റുമായി ജപ്പാനെതിരെ ഐക്യമുന്നണിക്കുള്ള ആഹ്വാനം പുറപ്പെടുവിച്ചു. ഇതേ അവസരത്തിൽ കുമിന്താങ് അണികളും നേതൃത്വത്തിൽ ഒരു വിഭാഗവും ചുവപ്പു സേനയെ ആക്രമിക്കുകയെന്ന ചിയാങ്ങിന്റെ ജാപ്പ് സാമ്രാജ്യത്വത്തെ സഹായിക്കുന്ന നയത്തിനെതിരെ തിരിയാൻ തുടങ്ങി. ഈ വിഭാഗത്തിന്റെ നേതാക്കളായ ചെങ് ഷൂലിയാങ്ങിന്റെയും യാങ് ഹുജെങ്ങിന്റെയും നേതൃത്വത്തിൽ കുമിന്താങ് സേന തന്നെ 1935 ഡിസംബർ 12ന് ചിയാങ് കെെഷെക്കിനെ സിയാനിൽ വീട്ടു തടവിലാക്കി. കമ്യൂണിസ്റ്റുകാർക്കെതിരായ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുകയും ജപ്പാന്റെ ആക്രമണത്തിനെതിരെ കമ്യൂണിസ്റ്റു പാർട്ടി ഉൾപ്പെടെ വിപുലമായ ഐക്യമുന്നണി രൂപീകരിക്കുകയും ചെയ്യണമെന്ന ആവശ്യമാണ് അവർ ചിയാങ്ങിനു മുന്നിൽവച്ചത്. അതിനു വിസമ്മതിച്ചതിനാലാണ് സ്വന്തം സെെനിക നേതാക്കൾ തന്നെ ചിയാങ്ങിനെ ബന്ദിയാക്കിയത്.
സിയാൻ സംഭവം എന്നറിയപ്പെടുന്ന, ചിയാങ്ങിനെതിരായ കുമിന്താങ്ങിലെതന്നെ നീക്കത്തെ സ്വന്തം ആധിപത്യമുറപ്പിക്കാനുള്ള വിഭാഗീയമായ അവസരമാക്കാനല്ല മൗ സെദൂങ്ങിന്റെ നേതൃത്വത്തിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി ശ്രമിച്ചത്. മറിച്ച്, ജാപ്പനീസ് സാമ്രാജ്യത്വത്തിന്റെ ആക്രമണത്തെ ചെറുക്കുന്നതിന് സിയാൻ സംഭവത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി തിരിച്ചറിഞ്ഞു. ചിയാങ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ ശക്തികളെയും (ബ്രിട്ടന്റെയും അമേരിക്കയുടെയും പക്ഷത്ത് പരസ്യമായി നിൽക്കുന്നവരടക്കം) ജാപ്പ് ഫാസിസ്റ്റുകളെ ചെറുക്കാൻ അണിനിരത്തേണ്ടതാണെന്ന് മനസ്സിലാക്കിയ കമ്യൂണിസ്റ്റു പാർട്ടി ചിയാങ്ങിനെ മോചിപ്പിക്കുന്നതിനു മധ്യസ്ഥത വഹിച്ചു. അങ്ങനെ സിയാൻ സംഭവത്തിന് സമാധാനപരമായി പരിഹാരം കാണാൻ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ നിലപാടുമൂലം കഴിഞ്ഞു.
കമ്യൂണിസ്റ്റു പാർട്ടിയുടെ രാഷ്ട്രീയമായ ദീർഘവീക്ഷണമാണ് ഇതിൽ പ്രകടമാകുന്നത്. തുടർന്ന് ചെെനയിൽ അതേവരെ നടന്നിരുന്ന ആഭ്യന്തരയുദ്ധം അവസാനിച്ചു; ആഭ്യന്തര സമാധാനം സ്ഥാപിക്കപ്പെട്ടു. ജപ്പാനെതിരായ കൂട്ടായ ചെറുത്തുനിൽപ്പ് യാഥാർഥ്യമാക്കുന്നതിനായി ജന്മി വർഗത്തെക്കൂടി ജാപ്പ് വിരുദ്ധ ചേരിയിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റു പാർട്ടിയുടെ താവളപ്രദേശങ്ങളിൽ ജന്മിമാരുടെ ഭൂമി കണ്ടുകെട്ടുകയും അത് ഭൂരഹിതർക്ക് പുനർവിതരണം ചെയ്യുകയുമെന്ന നയം നടപ്പാക്കുന്നത് പാർട്ടി താൽക്കാലികമായി നിർത്തിവെച്ചു. ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി സ്വീകരിച്ച സന്ദർഭോചിതമായ ഈ നയങ്ങളുടെ ഫലമായി ചെെനീസ് സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളെയും ജാപ്പ് സാമ്രാജ്യത്വത്തിനെതിരെ യോജിപ്പിച്ചണിനിരത്താൻ കഴിഞ്ഞു. ചിയാങ് കെെഷെക്കിന്റെ കുമിന്താങ് സേന ഉൾപ്പെടെ എല്ലാ സെെനിക ചേരികളിൽനിന്നവരും ജാപ്പനീസ് ആക്രമണകാരികളെ തുരത്താൻ ഒന്നിച്ച് അണിനിരക്കുന്ന സ്ഥിതിയുണ്ടായി. ജപ്പാനെതിരായ സംയുക്ത ചെറുത്തുനിൽപ്പ് യുദ്ധം ഇതോടെ ആരംഭിച്ചു – 1937 ജൂലെെ മുതൽ. ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ ശരിയായ നയവും ഇടപെടലുമാണ് ഇതിന് അവസരമൊരുക്കിയത്. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നയവും ഇതിന് സഹായകമായി. ജനങ്ങൾക്കിടയിൽ കമ്യൂണിസ്റ്റു പാർട്ടിയോടുള്ള മതിപ്പ് ഇതുമൂലം വർധിച്ചു.
1937 മുതൽ 1945 വരെയുള്ള ചെെനീസ് വിപ്ലവഘട്ടത്തെ രണ്ടാം ഐക്യമുന്നണിയുടെ, (ജാപ്പ് വിരുദ്ധ ഐക്യമുന്നണിയുടെ) കാലമായാണ് അടയാളപ്പെടുത്തുന്നത്. ആ കാലത്ത് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശത്തുള്ള ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഒപ്പം വിദേശ അധിനിവേശ ശക്തിയിൽനിന്നും നാടിനെ രക്ഷിക്കുന്നതിനും പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ ചെെനയിലെ ജനങ്ങളെയാകെ ആകർഷിച്ചു. കമ്യൂണിസ്റ്റു പാർട്ടിയുടെ ആ കാലത്തെ ആസ്ഥാനമായിരുന്ന യനാൻ (Yanan) ചെെനയിലുടനീളമുള്ള പുരോഗമനവാദികളും വിപ്ലവകാരികളുമായ ചെറുപ്പക്കാരുടെ ആകർഷണ കേന്ദ്രമായി മാറി.
പ്രമുഖ ബ്രിട്ടീഷ് പണ്ഡിതനായ ഗ്രഹാം ഹച്ചിങ്സ് (Graham Hutchings) എഴുതിയതിങ്ങനെയാണ്: ‘‘ പുതിയ തരത്തിൽപെട്ട ഒരു സമൂഹമാണ് യനാൻ എന്ന് തോന്നിയിരുന്നു. ചെെനക്കാരും വിദേശികളുമായ സന്ദർശകർ യനാനെ കണ്ടത് തുല്യതയുടെയും പ്രതീക്ഷയുടെയും തുരുത്തായി തിളങ്ങുന്ന ഒരു പ്രദേശമായാണ്. ചെെനയിലെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളിലെ ഒട്ടേറെ വിദ്യാർഥികളും ബുദ്ധിജീവികളും നീതി കണികാണാൻപോലുമില്ലാതിരുന്ന, അവിടങ്ങളിൽനിന്ന് അതിർത്തി പ്രദേശത്തെ കമ്യൂണിസ്റ്റ് അഥവാ പുരോഗമന ചേരിയിലേക്ക് താമസം മാറി; ദേശീയ ശത്രുവുമായി എതിരിടാനുള്ള ഉറച്ച ഇച്ഛാശക്തിയുള്ളവരാകെയും പ്രതീക്ഷയോടെ യനാനിലേക്ക് മാറി’’. (മോണിങ് സ്റ്റാർ പത്രത്തിൽ കാർലോസ് മാർട്ടിനെസ് എഴുതിയ ലേഖനത്തിൽ നിന്ന്)
ഈ കാലഘട്ടത്തിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വം തങ്ങൾ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നത് എന്തു തരത്തിലുള്ള സമൂഹമാണെന്നും തങ്ങൾ നടത്തുന്ന വിപ്ലവത്തിന്റെ അന്തഃസത്തയെന്തെന്നും വ്യക്തമാക്കുന്ന സെെദ്ധാന്തികമായ നിലപാടുകളും മുന്നോട്ടു വച്ചു. ഈ സംവാദങ്ങളുടെയും ചർച്ചകളുടെയും ആകെത്തുക മൗ സെദൂങ്ങിന്റെ ‘‘പുത്തൻ ജനാധിപത്യം’’ (New Democracy) എന്ന 1940ൽ പ്രസിദ്ധീകരിച്ച ലഘുകൃതിയിൽ അവതരിപ്പിച്ചു. ചെെനീസ് വിപ്ലവത്തിന് അനിവാര്യമായും രണ്ട് ഘട്ടങ്ങളുണ്ട് (Stages) എന്ന് അതിൽ അദ്ദേഹം വ്യക്തമാക്കി. ആദ്യത്തേത് പുത്തൻ ജനാധിപത്യം, അതായത് ജനകീയ ജനാധിപത്യം, അത് വിജയകരമായി പൂർത്തിയാക്കിയ ശേഷമുള്ള ഘട്ടമാണ് സോഷ്യലിസം.
ഒരു സോഷ്യലിസ്റ്റ് സമൂഹമല്ല പുത്തൻ ജനാധിപത്യകാലത്ത് സൃഷ്ടിക്കപ്പെടുന്നത്. ‘‘തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ എല്ലാ സാമ്രാജ്യത്വവിരുദ്ധ–ഫ്യൂഡൽവിരുദ്ധ ശക്തികളുടെയും വിഭാഗങ്ങളുടെയും സംയുക്ത സർവാധിപത്യമായിരിക്കും ജനകീയ ജനാധിപത്യ റിപ്പബ്ലിക്.’’ എല്ലാ സാമ്രാജ്യത്വവിരുദ്ധ വർഗങ്ങൾക്കും –തൊഴിലാളികൾ, കർഷകർ, പെറ്റി ബൂർഷ്വാസി, ദേശസ്നേഹികളായ ദേശീയ ബൂർഷ്വാസി–രാഷ്ട്രീയാധികാരത്തിൽ പങ്കുണ്ടായിരിക്കും. സാമ്പത്തികമായ വശങ്ങൾ കണക്കിലെടുത്താൽ സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ഘടകങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കും. ഇതാണ് 1940ൽ വിമോചിത ചെെനയുടെ ഭാവി സമൂഹത്തെക്കുറിച്ച് പാർട്ടി മുന്നോട്ടുവച്ച കാഴ്ചപ്പാട്.
ഇതിനനുസരിച്ച്, രണ്ടാം ലോകയുദ്ധാനന്തരം ജാപ് സാമ്രാജ്യത്വം പരാജിതരായി പിൻവാങ്ങിയശേഷം ഒരു കൂട്ടുകക്ഷി ഗവൺമെന്റ് രൂപീകരിക്കണമെന്ന നിർദേശമാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ചത്. അത്തരമൊരു കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ച് ജനാധിപത്യപരമായ തിരഞ്ഞെടുപ്പു നടത്തി രാജ്യത്ത് പുതിയ ഭരണക്രമം നടപ്പാക്കണമെന്ന നിർദേശമാണ് കമ്യൂണിസ്റ്റു പാർട്ടി മുന്നോട്ടുവച്ചത്. എന്നാൽ, കുമിന്താങ്ങും അവർക്ക് പിന്തുണ നൽകുന്ന അമേരിക്കൻ സാമ്രാജ്യത്വവും ചെെനയിൽ ജനാധിപത്യവും സമാധാനവും സ്ഥാപിക്കാനല്ല ശ്രമിച്ചത്. മറിച്ച്, സമ്പൂർണമായ മൂലധനാധിപത്യം ഉറപ്പിക്കാനുള്ള നീക്കമാണ് ഇക്കൂട്ടർ നടത്തിയത്. ജപ്പാൻ പിൻവാങ്ങിയതോടെ ആ സ്ഥാനത്താകെ അമേരിക്ക കടന്നുവന്നു. അതിനെ സ്വാഗതം ചെയ്തുകൊണ്ട് കുമിന്താങ്ങും ചിയാങ് കെെഷെക്കും രംഗത്തുണ്ടായിരുന്നു.
പുത്തൻ ജനാധിപത്യഭരണത്തിൽ മുതലാളിമാരുടെ സ്വകാര്യസ്വത്ത് പിടിച്ചെടുക്കില്ലെന്നും സാധാരണ ജനങ്ങളുടെ ഉപജീവന മാർഗത്തിൽ വിഘാതമുണ്ടാക്കാത്ത വിധമുള്ള മുതലാളിത്ത വികസനത്തെ തടയില്ലെന്നും മൗ സെദൂങ് പുത്തൻ ജനാധിപത്യം എന്ന കൃതിയിൽ കൃത്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ, കുമിന്താങ് വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങാനാണ് തുനിഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ജനകീയ വിമോചനസേനയേക്കാൾ എണ്ണത്തിലും ആയുധ സാമഗ്രികളിലും മുൻതൂക്കമുണ്ടായിരുന്നതിനാൽ കമ്യൂണിസ്റ്റുകാരെ തങ്ങൾക്ക് അനായാസം പരാജയപ്പെടുത്താമെന്നാണ് കുമിന്താങ്ങും അമേരിക്കൻ സാമ്രാജ്യത്വമേധാവികളും കണക്കാക്കിയത്.
കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെച്ച സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള നിർദേശങ്ങളൊന്നും കുമിന്താങ് ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ഒരു ചർച്ചയ്ക്കുപോലും അവർ തയ്യാറായില്ല. കുമിന്താങ് സേന കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള വിമോചിത പ്രദേശങ്ങൾ പിടിച്ചടക്കാനുള്ള ആക്രമണം ആരംഭിച്ചു. അമേരിക്കയുടെ സെെനികവും സാമ്പത്തികവുമായ പിന്തുണയുള്ളതിനാൽ തങ്ങൾക്ക് അതിവേഗം കമ്യൂണിസ്റ്റുകാരെ കീഴ്പ്പെടുത്താമെന്നതായിരുന്നു ചിയാങ്ങിന്റെയും കൂട്ടരുടെയും കണക്കുകൂട്ടൽ. ചിയാങ് കെെഷെക്കിന്റേതുൾപ്പെടെയുള്ള നാല് വൻകിട കുടുംബങ്ങൾ ചെെനയുടെ ഭരണം ഏറ്റെടുത്ത് ജനങ്ങളെ കൊള്ളയടിക്കുകയെന്നതായിരുന്നു കുമിന്താങ്ങിന്റെ ലക്ഷ്യം. അതാണ് ഒത്തുതീർപ്പ് നിർദേശങ്ങൾക്കൊന്നും അവർ തയ്യാറാകാതിരുന്നത്.
ഒടുവിൽ ഒരു തുറന്ന വിമോചന യുദ്ധത്തിലേക്കു തന്നെ നീങ്ങാൻ കമ്യൂണിസ്റ്റു പാർട്ടി നിർബന്ധിതമായി. സാമ്രാജ്യത്വവിരുദ്ധരായ ദേശീയ ബൂർഷ്വാസി ഉൾപ്പെടെ ജനങ്ങളിൽ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റു പാർട്ടിയുടെയും ജനകീയ വിമോചനസേനയുടെയും പിന്നിൽ അണിനിരന്നു. ഒരുവശത്ത് ജനകീയ ശക്തിയും മറുവശത്ത് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയുള്ള ആയുധശക്തിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ നിലമായി 1945നുശേഷം ചെെന മാറി. ആഭ്യന്തരയുദ്ധം തുടങ്ങിയശേഷവും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ചുവപ്പുസേനയും അമേരിക്കൻ സെെനിക മേധാവികളുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിന് തയ്യാറായി മുന്നോട്ടുവരികപോലും ചെയ്തു. എന്നാൽ അമേരിക്കയെ സംബന്ധിച്ചിടത്തോളം സന്ധിസംഭാഷണവും സമാധാന നീക്കങ്ങളുമെല്ലാം കുമിന്താങ്ങിന് ശക്തി സംഭരിക്കാനുള്ള അവസരം ഉറപ്പിക്കൽ മാത്രമായിരുന്നു.
ഒടുവിൽ 1946 ജൂലെെയിൽ അതേവരെ നടത്തിയ സന്ധി സംഭാഷണങ്ങളിലെ നിർദ്ദേശങ്ങളും പ്രമേയങ്ങളുമാകെ ചവറ്റുകുട്ടയിലെറിഞ്ഞ് വിമോചിത പ്രദേശങ്ങൾക്കുനേരെ കുമിന്താങ് സേന സമഗ്രമായ ആക്രമണത്തിലേക്ക് തിരിഞ്ഞു. തുടക്കത്തിൽ വിമോചിത മേഖലയിലെ പല പ്രദേശങ്ങളും അവർ കീഴ്പ്പെടുത്തി. ഒത്തുതീർപ്പ് ശ്രമങ്ങളാകെ പരാജയപ്പെട്ടതിനെ തുടർന്ന് കുമിന്താങ് സേനയെ തുരത്താൻ വേണ്ട ഒരു സെെനിക നയത്തിന് കമ്യൂണിസ്റ്റു പാർട്ടി രൂപംനൽകി. ശത്രുവിന്റെ ആൾ ബലം നാമാവശേഷമാക്കലായിരുന്നു ആദ്യ ലക്ഷ്യം. ആദ്യഘട്ടത്തിൽ വിമോചിത മേഖലയെ സംരക്ഷിക്കുന്നതിനുള്ള ചെറുത്തുനിൽപ്പ് പോരാട്ടമായിരുന്നു ജനകീയ വിമോചന സേന നടത്തിയത്. 1947 ജൂലെെ ആയപ്പോൾ ചെറുത്തുനിൽപ്പിൽനിന്ന് മുന്നേറ്റത്തിലേക്കുള്ള ചുവടുവെയ്പിന് കമ്യൂണിസ്റ്റു പാർട്ടിക്കും ജനകീയ വിമോചനസേനയ്‌ക്കും കഴിഞ്ഞു. പോരാട്ടത്തിനൊപ്പം രാജ്യവ്യാപകമായ പ്രചാരണ പ്രവർത്തനത്തിനും കമ്യൂണിസ്റ്റു പാർട്ടിയും ബഹുജന സംഘടനകളും തയ്യാറായി. തൽഫലമായി ചിയാങ്ങിനെതിരെ നാടാകെ അണിനിരക്കുന്ന സ്ഥിതിയുണ്ടായി.
ജനകീയ വിമോചനസേനയുടെ ശക്തമായ മുന്നേറ്റത്തിനുമുന്നിൽ പിടിച്ചുനിൽക്കാനാവാതെ പരാജയപ്പെട്ട കുമിന്താങ് സേനയും ചിയാങ്ങും ഒടുവിൽ ഫോർമോസ ദ്വീപിലേക്ക് (ഇപ്പോഴത്തെ തായ്‌വാൻ) പിൻവാങ്ങി. അമേരിക്കയുടെ ആയുധ – സാമ്പത്തിക പിന്തുണയോടെ അവർ അവിടെ അധികാരം ഉറപ്പിച്ചു. കമ്യൂണിസ്റ്റു പാർട്ടി വൻകര കടന്നുള്ള മുന്നേറ്റത്തിനും ഏറ്റുമുട്ടലിനും തുനിഞ്ഞില്ല. 1949 ഒക്ടോബർ ഒന്നിന് ജനകീയ ചെെന റിപ്പബ്ലിക് നിലവിൽ വന്നതായി ടിയാനെൻമെൻ സ്ക്വയറിൽ ചേർന്ന മഹാസമ്മേളനത്തിൽ ചെങ്കൊടി പാറിപ്പറപ്പിച്ചുകൊണ്ട് മൗ സെദൂങ് പ്രഖ്യാപിച്ചു. l
(തുടരും)