രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയ്ക്ക് കുറച്ചു ദിവസം മുൻപ് കോവളം വേദിയായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബലിന്റെ ആറാമത്തെ പതിപ്പാണ് ഇക്കുറി നടന്നത്. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്നതിനും സഹായകമാംവിധം വിപുലമായ രീതിയിൽ വിജയകരമായി ഹഡിൽ ഗ്ലോബൽ 2024 സംഘടിപ്പിക്കാൻ നമുക്ക് സാധിച്ചു.
കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വളരെ മികച്ച വർഷമായിരുന്നു 2024. ഇന്ത്യാ ഗവൺമെന്റ് ഓഫ് ഇൻഡസ്ട്രി ആന്റ് ട്രേഡ് ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 8 വർഷത്തിനിടയിൽ, കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ വന്ന വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടം.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2016-ൽ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു. ആകെയുണ്ടായിരുന്നത് 3000 തൊഴിലവസരങ്ങളും 50 കോടി രൂപയുടെ നിക്ഷേപവും. എന്നാൽ ഇന്ന് 2024-ൽ കേരളത്തിലുള്ളത് 6,100 സ്റ്റാർട്ടപ്പുകളാണ്. ആകെ തൊഴിലവസരങ്ങൾ 62,000 കവിഞ്ഞു. നിക്ഷേപമാകട്ടെ 5,800 കോടി രൂപയും. രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനമായി കേരളം മാറി എന്നു പറയുന്നത് 2024-ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ടാണ്.
38,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു നഗര സമുച്ചയമാണ് കേരളം. സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഇന്ന് മൊബൈൽ ഫോൺ നെറ്റ്-വർക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും സജ്ജമായിരിക്കുന്നു. ഗതാഗതം, മലിനീകരണം, ജലക്ഷാമം തുടങ്ങിയ നഗരവൽക്കരണത്തിന്റെ പ്രശ്‌നങ്ങളാൽ വലിയ മെട്രോ നഗരങ്ങൾ ശ്വാസം മുട്ടുമ്പോൾ കേരളം ഈ ബുദ്ധിമുട്ടുകൾ നേരിടുന്നില്ല. ഇവിടെ മികച്ച ഗുണനിലവാരമുള്ള വായുവും വെള്ളവും കൂടാതെ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങളും ഉണ്ട്. സംസ്ഥാനത്തുടനീളമുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ വികേന്ദ്രീകരിക്കാനും തുല്യമായ വളർച്ച ഉറപ്പാക്കാനും ഈ പ്രത്യേകതകൾ സഹായകമാകുന്നു.
ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനായാണ് ലോക്കൽ എന്റർപ്രിണർഷിപ്പ് അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (LEAP) കേന്ദ്രങ്ങളുടെ ഒരു ശൃംഖല സർക്കാർ ആരംഭിച്ചത്. ഇത് സംസ്ഥാനത്തുടനീളമുള്ള സംരംഭകർക്ക് അവരുടെ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ സൗകര്യം ഒരുക്കുന്നു. നിലവിൽ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം 15 ലീപ് സെന്റ്റുകൾ സജ്ജമായിക്കഴിഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളോടും ഇന്നൊവേഷൻ, എന്റർപ്രിണർഷിപ്പ്, ഡെവലപ്‌മെന്റ് സെന്ററുകൾ (IEDC) സ്ഥാപിക്കാൻ ആവശ്യപ്പെടുന്ന ഒരു സുപ്രധാന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യ-–കാർഷിക വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലും ഈ മാതൃക വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ സമഗ്ര ശിക്ഷാ കേരളവുമായി ചേർന്ന് 100 പ്രൈമറി സ്കൂളുകളിൽ മേക്കർ ലാബുകൾ വിജയകരമായി സ്ഥാപിച്ചിരിക്കുന്നു. ഇന്ന് 200 മില്യൺ ഡോളറിന്റെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷൻ വളർന്നിരിക്കുകയാണ്.
എമർജിംഗ് ടെക്‌നോളജി ഹബ് (ETH) ആണ് മറ്റൊരു പ്രധാന പദ്ധതി. ഫുഡ് & അഗ്രികൾച്ചർ, സ്പേസ് ടെക്നോളജി, റിന്യൂവബിൾ എനർജി, ഡിജിറ്റൽ മീഡിയ & എന്റർടൈൻമെന്റ്, ഹെൽത്ത് കെയർ & ലൈഫ് സയൻസസ് എന്നിങ്ങനെ അഞ്ച് പ്രത്യേക മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് ഉൽപ്പന്ന വികസന കേന്ദ്രമാണിത്. തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിലെ 3 ഏക്കർ കാമ്പസിൽ ഒരു പി.പി.ഇ കമ്പനിയായാണ് ETH വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഏകദേശ ചെലവ് 350 കോടിയാണ്. ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭങ്ങളും ഈ കമ്പനിയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അഭിവൃദ്ധി പ്രാപിക്കാൻ പ്രാരംഭ ഘട്ട മൂലധനം വളരെ പ്രധാനമാണ്. കേരള എയ്ഞ്ചൽ നെറ്റ്‌വർക്കിന്റെയും മലബാർ എയ്ഞ്ചൽ നെറ്റ്‌വർക്കിന്റെയും വിജയകരമായ ഉദാഹരണങ്ങൾ പിന്തുടർന്ന് ഓരോ ജില്ലയിലും ഏഞ്ചൽ ഫണ്ടുകൾ സൃഷ്ടിക്കുന്ന പദ്ധതിയ്ക്ക് രൂപം നൽകാനാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾക്കായി തുടർച്ചയായി ഗ്ലോബൽ എക്‌സ്‌പോഷർ പ്രോഗ്രാമുകൾ നടത്തിവരികയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനും കേരളത്തിലെ ഹൈ പവർ ഐടി കമ്മിറ്റിയും ചേർന്ന് ഒരു ഇന്റർനാഷണൽ മാർക്കറ്റ് ആക്‌സിലറേഷൻ പ്രോഗ്രാം (IMAP) രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു. അതിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് പ്രാദേശിക സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും പങ്കാളികളാകാനും അവസരമൊരുങ്ങും.
വരാനിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ സ്റ്റാർട്ടപ്പുകൾക്കായി ഒരു ഇൻവെസ്റ്റ്‌മെന്റ് പിച്ച് സെഷൻ നടത്തും. ലോകമെമ്പാടുമുള്ള പ്രമുഖ നിക്ഷേപകരുടെ പാനലിന് മുന്നിൽ നൂതന ആശയങ്ങളും ബിസിനസ് മോഡലുകളും പ്രദർശിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് ഇതുവഴി അവസരം ലഭിക്കും. നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനും അവരുടെ സംരംഭങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും കഴിയും.
സാങ്കേതികവിദ്യയും ടൂറിസവും സമന്വയിപ്പിക്കാൻ കഴിയുന്ന ചില പദ്ധതികൾ കൂടി ആരംഭിക്കുകയാണ്. ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് പോഡ്‌സ് പോലുള്ള പദ്ധതികൾ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധർക്ക് കേരളത്തിലെ ശാന്തമായ സ്ഥലങ്ങളിൽ ഏതാനും മാസങ്ങൾ ചിലവഴിക്കാനും പ്രാദേശിക സംസ്‌കാരവും ഭൂപ്രകൃതിയും ആസ്വദിച്ചുകൊണ്ട് തങ്ങളുടെ സ്റ്റാർട്ടപ്പിന് വേണ്ട ബൗദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കും.
സ്ഥലപരിമിതി കേരളത്തിലെ ഐടി പാർക്കുകൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്. സംസ്ഥാനത്തെ ഐടി പാർക്കുകളിലൊന്നും നിലവിൽ സൗജന്യ സ്ഥലമില്ല. സ്ഥലം അനുവദിക്കുന്നത് പ്രതീക്ഷിക്കുന്ന അപേക്ഷകരുടെ ഒരു നീണ്ട നിര വെയ്റ്റിംഗ് ലിസ്റ്റിൽ കാണാം. ഈ പ്രതിസന്ധി മറികടക്കാനാണ് നൂതനമായ ലാൻഡ് പൂളിംഗ് മോഡൽ അവതരിപ്പിച്ചത്. അതോടൊപ്പം പുതുതായി ആരംഭിക്കുന്ന വർക്ക് നിയർ ഹോം സെന്ററുകളും ഈ പ്രശ്നം മറികടക്കാൻ സഹായകമാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
നമ്മുടെ സമൂഹത്തിന്റെ സവിശേഷമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. കേരളത്തിലെ ശക്തമായ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അക്കാര്യത്തിൽ വലിയ സംഭാവനകൾ നൽകാൻ നിസ്സംശയം സാധിക്കും. പുതിയ സാങ്കേതികവിദ്യാധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. l