മൂന്നാം എൻഡിഎ ഗവൺമെന്റിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ പോരാടാനുള്ള നിശ്ചയദാർഢ-്യത്തോടെ, തങ്ങളുടെ ഉപജീവനമാർഗത്തിനുമേലുള്ള ആക്രമണത്തിനെതിരെ രോഷം പ്രകടിപ്പിക്കാൻ ഇന്ത്യയിലുടനീളമുള്ള തൊഴിലാളികളും കർഷകരും 2024 നവംബർ 26ന് കെെകോർത്ത് രംഗത്തുവന്നു. തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിന്റെയും കർഷകർ നടത്തിയ ചരിത്ര പ്രധാനമായ ഡൽഹി മാർച്ചിന്റെയും നാലാം വാർഷികവും അന്നായിരുന്നു. കൃഷിയുടെ കോർപ്പറേറ്റുവത്കരണം ലക്ഷ്യമിട്ട് രണ്ടാം എൻഡിഎ സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷകദ്രോഹ നയങ്ങൾ പിൻവലിക്കാൻ രണ്ടാം എൻഡിഎ സർക്കാരിനെ നിർബന്ധിതമാക്കാൻ 2020ൽ നടത്തിയ പ്രക്ഷോഭങ്ങൾക്ക് സാധിച്ചു. ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പെട്ട ദിവസവുമായിരുന്നു നവംബർ 26. കർഷകസമരം 13 മാസം തുടരുകയും 736 പേർ രക്തസാക്ഷികളാകുകയും ചെയ്തു.
പ്രാഥമിക വിലയിരുത്തലനുസരിച്ച് പ്രധാനമായും ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന തൊഴിലാളി–കർഷക സംയുക്ത പ്രതിഷേധ സമരത്തിൽ പത്തുലക്ഷത്തോളം പേർ പങ്കെടുത്തു. 26 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 500 ഓളം ജില്ലകളിലായാണ് സംയുക്ത പ്രതിഷേധ സമരം നടന്നത്. ഇന്ത്യയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിരവധി സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളിലും ജനകീയ പ്രതിഷേധങ്ങൾ നടന്നു. ഇൻഷുറൻസ്, ബാങ്ക്, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ സേവന മേഖലകളിലെ തൊഴിലാളികൾ പങ്കെടുത്തു കൊണ്ടുള്ള പ്രതിഷേധ പ്രക്ഷോഭത്തിന് ഐക്യദാർ–ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പല ഓഫീസുകളിലും ഉച്ചഭക്ഷണ സമയത്ത് തൊഴിലാളികൾ പ്രകടനം നടത്തി. വിവിധ സ്ഥലങ്ങളിൽ ട്രേഡ് യൂണിയനുകളുടെയും കർഷകസംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു. പ്രതിഷേധക്കാർ സംയുക്തമായി കളക്ടർമാർ മുഖേന രാഷ്ട്രപതിക്ക് നിവേദനം നൽകി.
ബീഹാറിലെ ഭഗൽപൂരിൽ ഡിഎം ഓഫീസിനുമുന്നിൽ പ്രകടനം നടത്തിയ തൊഴിലാളികൾക്കും കർഷകർക്കും നേരെ പൊലീസ് ബലപ്രയോഗം നടത്തുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ആറുപേർക്ക് പരിക്കേറ്റു. മൂന്ന് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജെഡിയു–ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സ്വഭാവമാണ് ഈ സംഭവം തുറന്നുകാട്ടുന്നത്.
കേന്ദ്ര ട്രേഡ് യൂണിയനുകൾ, സ്വതന്ത്ര മേഖലാ ഫെഡറേഷനുകൾ/അസോസിയേഷനുകൾ സംയുക്ത കിസാൻ മോർച്ച എന്നിവയുടെ സംയുക്ത വേദിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
മറ്റു സാമൂഹിക വിഭാഗങ്ങൾക്കും അഭ്യർഥന നൽകപ്പെട്ടു. പല സ്ഥലങ്ങളിലും വിദ്യാർഥികൾ, യുവജനങ്ങൾ, സ്ത്രീകൾ, അധ്യാപകർ, മറ്റു പ്രൊഫഷണലുകൾ, കല–സാഹിത്യ–സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചും തൊഴിലാളി–കർഷകസംഘടനകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും പ്രക്ഷോഭത്തിൽ അണിനിരന്നു. പല സ്ഥലങ്ങളിലും ചെറുകിട –ഇടത്തരം വ്യാപാരികളുടെയും ചെറുകിട ഉൽപ്പാദകരുടെയും പ്രതിനിധികൾ പ്രതിഷേധത്തിൽ അണിചേരുകയും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് പിന്തുണ നൽകുകയും ചെയ്തു.
പല ഘടക സംഘടനകളും തങ്ങൾക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ പ്രതിഷേധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു; രാജ്യമൊട്ടാകെ ദൃശ്യമായ പ്രതിഷേധം ഉറപ്പാക്കാൻ അത് സഹായകമായി. സ്കീം വർക്കർമാരുംപ്രതിഷേധവുമായി വ്യാപകമായി അണിചേർന്നു. രാജ്യത്തുടനീളം സ്ത്രീകളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനും സമീപ വർഷങ്ങളിൽ നടത്തിയ സംയുക്തവും ഏകോപിതവുമായ പ്രവർത്തനങ്ങളുടെ ഫലമായി അംഗസംഘടനകൾ തമ്മിലുള്ള ഏകോപനത്തിലും ഐക്യത്തിലും വലിയ പുരോഗതി ഉണ്ടായി എന്നതും ദൃശ്യമായി.
കൃഷി, വ്യവസായം, സേവനം എന്നീ മേഖലകളിൽ കോർപ്പറേറ്റ് ആധിപത്യം അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും തൊഴിലാളികളുടെയും കർഷകരുടെയും അടിസ്ഥാനപരവും യഥാർത്ഥവുമായ അവകാശങ്ങളെ അവഗണിക്കാൻ മൂന്നാം എൻഡിഎ സർക്കാരിന് സാധിക്കില്ലെന്നും ഭരണവർഗങ്ങൾക്കും അവരുടെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ബിജെപിക്കുമുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു ഇൗ ജനകീയ പ്രക്ഷോഭം.
തൊഴിലാളികളുടെയും കർഷകരുടെയും ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളുടെ നേതൃത്വത്തിൽ സ്ഥിരമായ വർഗപ്രവർത്തനങ്ങളിലൂടെ വളർന്നുവരുന്ന പ്രശ്നാധിഷ്ഠിത ഐക്യം രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയെ നിർണായകമായി സ്വാധീനിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹികസുരക്ഷിതത്വമില്ലായ്മ, ദുരിതമയമായ കുടിയേറ്റം, രൂക്ഷമായ കാർഷികപ്രതിസന്ധി തുടങ്ങി അധ്വാനിക്കുന്ന ജനങ്ങളുടെ പൊള്ളുന്ന പ്രശ്നങ്ങൾ ഇപ്പോൾ ഒരു മുഖ്യധാരാ രാഷ്ട്രീയപാർട്ടിക്കും അവഗണിക്കാനാവില്ല. ഉപജീവനവുമായി ബന്ധപ്പെട്ട പൊള്ളുന്ന പ്രശ്നങ്ങൾ സ്ഥിരമായി ഏറ്റെടുത്ത്, പ്രവർത്തിക്കുന്നതിനാൽ ബഹുജനപ്രസ്ഥാനങ്ങളിൽ അണിനിരക്കാൻ ജനങ്ങൾ തയ്യാറാകുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പ്രത്യേകിച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ എൻഡിഎ ഭരണത്തിൻ കീഴിൽ നവലിബറൽ നയങ്ങൾ തീവ്രമായി അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ അനന്തരഫലമാണ് ഈ പ്രശ്നങ്ങൾ. ഉൽപ്പാദന ചെലവ് വർധനവിലൂടെയും വിലക്കയറ്റത്തിന്റെ ഈ സമയത്ത് മിനിമം കൂലി നിഷേധിക്കുന്നതിലൂടെയും കർഷകരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗത്തിനു നേരെയുള്ള ആക്രമണം ബഹുജന സമരങ്ങളുടെ പ്രധാന വിഷയമായി മാറി. രൂക്ഷമായ കാർഷികപ്രതിസന്ധിയും അതുമൂലം ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റവും ഉൽപ്പാദന, സേവന മേഖലകളിലെ തൊഴിലാളികളുടെ ജീവിതത്തിൽ കനത്ത ആഘാതമാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ നിഷ്ഠുരമായ കോർപ്പറേറ്റ് ആക്രമണത്തെ ചെറുക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വികസനത്തിനായുള്ള ബദൽ നയങ്ങളുടെ അംഗീകാരം ഉറപ്പാക്കാനും തൊഴിലാളികളുടെയും കർഷകരുടെയും ശക്തമായ ഒരു സഖ്യം അനിവാര്യമാണ്. 2021 ഡിസംബർ 9ന് എസ്-കെഎമ്മുമായി രേഖാമൂലമുണ്ടാക്കിയ കരാർ നടപ്പിലാക്കാൻ എൻഡിഎ സർക്കാർ വിസമ്മതിക്കുകയും ട്രേഡ് യൂണിയനുകളുടെ എല്ലാ എതിർപ്പുകളും അവഗണിച്ച് നാല് ലേബർ കോഡുകൾ നടപ്പിലാക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.
നയപരമായ ആവശ്യങ്ങൾക്കുപുറമെ പ്രാദേശികമായ നിരവധി ആവശ്യങ്ങളും ഘടകസംഘടനകൾ ജില്ലാ തലങ്ങളിൽ ഉന്നയിച്ചിരുന്നു. സംയുക്ത പ്രതിഷേധത്തിൽ വലിയ തോതിൽ ബഹുജന വിഭാഗങ്ങളെ അണിനിരത്താൻ ഇതു സഹായകമായി. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില, മിനിമം വേതനം, തൊഴിലുറപ്പ്, സാമൂഹിക സുരക്ഷ, സാർവത്രിക ആരോഗ്യസുരക്ഷ, സാർവത്രിക ആരോഗ്യസംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കുപുറമെ വർഗീയ വിഭജനം തടയുന്നതിനും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കുമെതിരായ അക്രമങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലെെംഗികാതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പര്യാപ്തമായ ശക്തമായ നിയമങ്ങൾ നിർമിക്കുക എന്നിങ്ങനെ 12 പ്രധാന ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള അവകാശപത്രികയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
എസ്-കെഎമ്മും സംയുക്ത സംഘടനകളും നടത്തിയ ആഹ്വാനമനുസരിച്ച് എല്ലാ പ്രക്ഷോഭങ്ങളിലും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ പങ്കാളികളായിരുന്നുവെങ്കിലും, ഇത്തവണ ട്രേഡ് യൂണിയനുകളുടെയോ കിസാൻ സംഘടനകളുടെയോ ഭാഗമല്ലാത്ത കർഷക സംഘടനകളെക്കൂടി പ്രക്ഷോഭത്തിൽ അണിനിരത്താൻ ശ്രമം നടത്തി. അതിന്റെ ഗുണഫലമാണ് പ്രതിഷേധത്തിൽ ഗ്രാമീണ തൊഴിലാളികളുടെ വർദ്ധിച്ച പങ്കാളിത്തത്തിലൂടെ പ്രതിഫലിച്ചത്. താഴെത്തട്ടിൽ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സിഐടിയു, എഐകെഎസ്, എഐഎഡബ്ല്യുയു എന്നീ സംഘടനകൾ സംയുക്ത ക്യാമ്പയിനുകൾ നടത്തി. നാട്ടിൻപുറങ്ങളിലെ സമ്പന്നരുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യോജിച്ച സമരങ്ങൾ വികസിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ തൊഴിലാളി– കർഷക ഐക്യം കെട്ടിപ്പടുക്കുന്നതിനുമുള്ള പരിശ്രമങ്ങളിലെ ഗുണപരമായ പുരോഗതിയാണിത്.
റിപ്പോർട്ടുകളനുസരിച്ച്, സംസ്ഥാന–ജില്ലാ തലങ്ങളിൽ സിടിയു, എസ്-കെഎം എന്നിവയുടെ ഘടക സംഘടനകളുടെ സംയുക്തവേദികളുടെ രൂപീകരണം പരമാവധി സംസ്ഥാനങ്ങളിൽ പ്രാവർത്തികമാക്കി. 2024 നവംബർ 7 മുതൽ 25 വരെ താലൂക്ക്– വില്ലേജ് തലങ്ങളിൽ വാഹന ജാഥ, സെെക്കിൾ ജാഥ, പദയാത്ര, ലഘുലേഖ വിതരണത്തിന് വീടുവീടാന്തരം സന്ദർശനം നടത്തൽ എന്നിവ ഉൾപ്പെടെ വിപുലമായ കാമ്പയിനുകളാണ് ആസൂത്രണം ചെയ്യപ്പെട്ടത്. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ ഐക്യം ഉറപ്പാക്കുന്നതിനും പ്രചാരണം അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്ക് പരമാവധി എത്തിക്കുന്നതിനും ഈ പ്രവർത്തനങ്ങൾ നിർണായകമായ പങ്കാണ് വഹിച്ചത്. ലഘുലേഖ ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികളും പ്രധാന ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്ന നിരവധി പോസ്റ്ററുകളും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രചരിപ്പിച്ചു.
ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ കർഷക–കർഷകത്തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും ഐക്യം വികസിപ്പിക്കുന്നതിന് അവരുടെ സംയുക്ത വേദികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക എന്നതാണ് വരുംദിവസങ്ങളിലെ പ്രധാന ദൗത്യം. കോർപ്പറേറ്റ് ആധിപത്യത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനും അതിലൂടെ തൊഴിലാളികളുടെയും കർഷകരുടെയും യഥാർഥ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമായ ശക്തി സംഭരിക്കുന്നതിനും കാർഷിക മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരുകളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വികസനത്തിനു സഹായകമായ ബദൽ നയങ്ങൾ അംഗീകരിക്കാൻ നിർബന്ധിതമാക്കാനും അതിലൂടെ സാധിക്കും.
പ്രചാരണവും പങ്കാളിത്തവും അവലോകനം ചെയ്യുന്നതിനുവേണ്ടി സിടിയുവിന്റെയും എസ്-കെഎമ്മിന്റെയും യോഗം ഉടൻ ചേരും; മോദി ഗവൺമെന്റിന്റെ കോർപ്പറേറ്റാനുകൂല നയങ്ങളിൽ മാറ്റം ഉറപ്പാക്കുന്നതിനാവശ്യമായ സമരങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. l