ഇന്ന് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ലഹരിയുടെ ഉപയോഗം.പുതുതലമുറയിൽ ലഹരിയുടെ വ്യാപനം വലിയ രീതിയിൽ നടക്കുന്നു എന്നും അതാണ് ഇന്ന് കേൾക്കുന്ന ഭീതിജനകമായ വാർത്തകൾക്ക് പിറകിലെന്നുമാണ് പലരും അവകാശപ്പെടുന്നത്.ലഹരിയുടെ ഉപയോഗം വർദ്ധിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ പുതുതലമുറയെയും പ്രശ്നങ്ങളെയും മുഴുവനായും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്നത് ഒന്നിരുത്തി ചിന്തിക്കേണ്ടതായിട്ടുണ്ട്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്ത ജനങ്ങൾ ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്. പൊലീസിന് ഓരോരുത്തർ കൈമാറിയ ലഹരി സംബന്ധമായ വിവരങ്ങൾക്ക് ഈ മാസം വലിയ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിനെ പേടിയോടെയാണോ ആശ്വാസത്തോടെയാണോ നോക്കിക്കാണേണ്ടത് എന്നത് മാത്രമാണ് വിഷയം.
ലഹരിയുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് എന്നതും അതിൽ ഉപഭോക്താക്കൾ കൂടുതലും യുവാക്കൾ ആണെന്നതും സത്യമാണ്.ഇത് വരുത്തിവയ്ക്കുന്ന അപകട സാധ്യതകളെ ഒട്ടുംതന്നെ കണക്കാക്കാതെയാണ് ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് കുട്ടികൾ നീങ്ങുന്നത്.ലഹരിയുടെ ഉപയോഗവും അതു വരുത്തിവെക്കുന്ന ആസക്തിയും ഒരു വലിയ സാമൂഹ്യ പ്രശ്നമായി തന്നെ അഡ്രസ്സ് ചെയ്യപ്പെടേണ്ടതുണ്ട്.സമൂഹത്തിന്റെ വിവിധ മേഖലകളെയും ആളുകളെയും ഈ പ്രശ്നം ബാധിക്കുന്നുണ്ട് എന്നുള്ളതുകൊണ്ടുതന്നെ ഇതിന്റെ അപകടസാധ്യതയെ ലഘൂകരിച്ച് കാണാൻ സാധിക്കില്ല.
വിവിധ രൂപത്തിൽ ഇന്ന് ലഹരി ലഭ്യമാണ്.ഒരു കാലഘട്ടത്തിൽ വിവിധ ടെസ്റ്റുകളിലൂടെ കണ്ടെത്താൻ സാധിക്കുമായിരുന്ന ലഹരി ഇന്ന് യാതൊരു ടെസ്റ്റുകൾക്കും കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിനിൽക്കുന്നുണ്ട്.വലിയ രീതിയിലുള്ള ശാരീരിക – മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഡ്രഗ്ഗുകളാണ് ഇന്ന് ലഭ്യമാകുന്നതും വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്നതും എന്ന കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.
മാനസികാശുപത്രിയിൽ ഡ്രഗ് അഡിക്ഷൻ മൂലം അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അധികമാണ്.അവർ പ്രകടിപ്പിക്കുന്ന മാനസിക പ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളുമെല്ലാം ലഹരി എത്ര വലിയ പ്രശ്നങ്ങളാണ് മനുഷ്യനിൽ സൃഷ്ടിക്കുന്നതെന്ന് എളുപ്പം മനസ്സിലാക്കിത്തരുന്നു.ഒരു വലിയ കാലയളവിലേക്ക് ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നതാണ് ലഹരി ഉപയോഗം ഉണ്ടാക്കുന്നതിന്റെ വലിയൊരു ഭീഷണി.ഇതുണ്ടാക്കിത്തീർക്കുന്ന അപകടങ്ങൾ ഒരു വ്യക്തിയെ മാത്രമല്ല കുടുംബത്തെയും,സമൂഹത്തെയും ഒന്നാകെ ബാധിക്കുന്ന ഒരു വിഷയമായി മാറുന്നു എന്നതാണ് ഇത്തരം ലഹരികളുടെ വലിയ ഒരു പ്രശ്നം.
എന്താണ് ലഹരി ?
തലച്ചോറിന്റെ രാസഘടനയിൽ വിവിധ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് വിഭ്രാന്തി പോലുള്ള അനുഭൂതികൾ ഉണ്ടാക്കുന്നതും ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ അവസ്ഥയെ മാറ്റിമറിക്കുന്നതുമായ പദാർത്ഥങ്ങളെയാണ് മയക്കുമരുന്നുകൾ അല്ലെങ്കിൽ ലഹരി എന്ന ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധിക്കുന്നത്.സ്ഥിരമായ ഉപയോഗത്തിലൂടെ ഇതിന് അടിമപ്പെടുകയും ആസക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നവ കൂടിയാണ് മയക്കുമരുന്നുകൾ.
മൂന്നു വിഭാഗങ്ങളായി ഇവയെ പ്രധാനമായും തരംതിരിക്കാം.
1. ഡിപ്രസന്റ്സ് (depressants)
കേന്ദ്ര നാഡീവ്യൂഹത്തിന്റെ (central nervous system) പ്രവർത്തനം മന്ദഗതിയിലാക്കുകയും തലച്ചോറും ശരീരവും തമ്മിലുള്ള ആശയവിനിമയത്തെ ബാധിക്കുകയും ചെയ്യുന്ന ഡ്രഗ്കളാണ് ഡിപ്രസന്റ് വിഭാഗത്തിൽ ഉൾപ്പെടുന്നുന്നവ.
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ഓരോ കാര്യത്തെയും ക്രോഡീകരിക്കാനുള്ള കഴിവിനെയും ഇത്തരം ലഹരികൾ ബാധിക്കുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവിനെയും ഡിപ്രസെന്റുകൾ ബാധിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
ആൽക്കഹോൾ (alcohol), കനാബീസ് (cannabis), ഒപ്പിയോയിഡ്സ് (opioids), മോർഫീൻ (morphin) തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മയക്കുമരുന്നുകളാണ്.
ഉറക്കംതൂങ്ങൽ, ഛർദി,ബോധക്കുറവ് തുടങ്ങിയവ ഡിപ്രസന്റ്സിന്റെ അമിതോപയോഗം വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകളാണ്. ചിലപ്പോൾ ഇത് മരണത്തിലേക്കുതന്നെ നയിച്ചേക്കാം.
2.ഹാലുസിനോജൻസ് (hallucinogens)
ഇന്ദ്രിയങ്ങളുടെ ( കാഴ്ച, കേൾവി, രുചി, മണം, സ്പർശം) പ്രവർത്തനങ്ങളെ ബാധിക്കുന്നതും യാഥാർത്ഥ്യത്തിനെ മാറ്റുന്നതുമായ മയക്കുമരുന്നുകളാണ് ഹാലൂസിനോജൻസ്. ഇല്ലാത്ത കാര്യങ്ങൾ കാണുന്നതായും കേൾക്കുന്നതായും തോന്നുകയും (hallucinations)അസാധാരണമായ ചിന്തകളും വികാരങ്ങളും തോന്നുകയും ചെയ്യുന്നതും ഇത്തരം മയക്കുമരുന്നുകളുടെ പ്രവർത്തനം മൂലമാണ്.
കനാബീസ്(cannabis) , കെറ്റാമിൻ(ketamine), എൽ എസ് ഡി (LSD)തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മയക്കുമരുന്നുകളാണ്.
യാഥാർത്ഥ്യബോധത്തെ മാറ്റിമറിച്ചുകൊണ്ട് അയഥാർത്ഥമായ കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുകയും(hallucinations) വിഭ്രാന്തി ജനിപ്പിക്കുന്ന അനുഭൂതികൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ് ഇത്തരം മയക്ക് മരുന്നുകളുടെ പ്രശ്നം.കൂടാതെ ഉത്കണ്ഠ(anxiety), ഓർമ്മ നഷ്ടം (memory loss), സമ്മർദ്ദം (stress), ദേഷ്യം( aggression), ഭ്രമാത്മകത തുടങ്ങിയവ ഹാലുസിനോജൻസിന്റെ അമിതോപയോഗം കൊണ്ടുവരുന്ന പ്രശ്നങ്ങളാണ്.
3.സ്റ്റിമുലന്റ്സ്(stimulants)
കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്ന പദാർത്ഥങ്ങൾ ചെയ്യുന്നത്. തലച്ചോറും ശരീരവും തമ്മിലുള്ള ആശയവിനിമയത്തെ വേഗത്തിലാക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം തുടങ്ങിയവ കൂട്ടുകയും ഉറക്കം കുറയ്ക്കുകയും ചെയ്യുന്നത് സ്റ്റിമുലൻസിന്റെ പ്രവർത്തനമാണ്. കൂടുതൽ ഉണർന്നിരിക്കുന്നതായും വളരെ ഉന്മേഷവാന്മാരായും സ്റ്റിമുലന്റ്സ് ഉപയോഗിക്കുന്നവർ കാണപ്പെടുന്നു. ഉത്കണ്ഠ,പരിഭ്രാന്തി തുടങ്ങിയ പ്രശ്നങ്ങളും ഇത്തരം മരുന്നുകൾ വരുത്തിവയ്ക്കുന്നുണ്ട്.
ആംഫിറ്റമെെൻ (amphetamines), കഫീൻ(caffeine), കൊക്കൈൻ (cocaine), എക്സ്റ്റസി (MDMA), നിക്കോട്ടിൻ (tobacco) തുടങ്ങിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.
സിന്തറ്റിക് ഡ്രഗ്സ് (synthetic drugs)
നിരോധിച്ച മരുന്നുകളുടെ പ്രഭാവം ലഭിക്കാൻ വേണ്ടി ലാബുകളിൽ നിർമ്മിച്ചെടുക്കുന്ന ഡ്രഗ്ഗുകളെയാണ് സിന്തറ്റിക്ഡ്രഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇവിടെ സൈക്കോ ആക്റ്റീവ് സബ്സ്റ്റൻസുകൾ(psychoactive substances) വേഗത്തിൽ നിർമ്മിക്കുകയും ലീഗൽ ആണെന്ന് പറയപ്പെടുകയും ചെയ്യുന്നു.സിന്തറ്റിക് ഡ്രഗ്ഗുകളുടെയും പ്രത്യാഘാതങ്ങൾ ചെറുതല്ല.സിന്തറ്റിക് കനാബീസ്(synthetic cannabis), N (methoxybenzyl) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ലഹരി ഉപയോഗത്തിലേക്ക്
നയിക്കുന്നതെന്ത്?
കുട്ടികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ രീതിയിൽ കൂടി വരുന്നുണ്ട്.സ്കൂൾ പരിസരത്തിൽ 100 അടി പരിധിയിൽ പുകയില ഉത്പന്നങ്ങളോ മറ്റു ലഹരിപദാർത്ഥങ്ങളോ വിൽക്കാൻ പാടില്ല എന്ന നിയമം നിലവിലുണ്ട്.എത്രത്തോളം ഇത്തരം നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.ഒരു കുട്ടി ലഹരിയുടെ വഴിതിരഞ്ഞെടുക്കുമ്പോൾ അവനെ/അവളെ കൂട്ടംകൂടി ആക്രമിക്കുന്നതിനാണ് സാധാരണയായി ആളുകൾ ശ്രമിക്കുന്നത്. ഇതിലേക്ക് നയിക്കുന്ന കാരണങ്ങളെ സംബന്ധിച്ച് വലിയ ധാരണ അധികം ആളുകൾക്ക് ഉണ്ടാവുകയില്ല. അതിനെ സംബന്ധിച്ച് ചിലപ്പോൾ ആളുകൾ ചിന്തിക്കാൻ പോലും തയ്യാറാകാറില്ല.കൗമാരക്കാരിലാണ് ഏറ്റവും അധികമായി ലഹരി ഉപയോഗം കാണുന്നത്. ഇതിന്റെ കാരണമായി എടുത്തുപറയാൻ സാധിക്കുന്ന ഒരു വസ്തുത അവരുടെ പ്രായം തന്നെയാണ്. എന്തുകാര്യത്തോടും എടുത്തുചാടിക്കൊണ്ടുള്ള പ്രതികരണങ്ങളായിരിക്കും കൗമാരക്കാർ കാണിക്കുന്നുണ്ടാവുക. ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്നു എന്നതാണ് ഇത്തരം ലഹരികളുടെ ഏറ്റവും വലിയ പ്രശ്നം. സ്കൂളുകളിലും പരിസരങ്ങളിലും റോഡിലും എല്ലാം ലഹരി വിരുദ്ധ ബോർഡുകളും റാലികളും ക്ലാസുകളും നിരന്തരം നടത്തുന്നുണ്ടെങ്കിലും അത് കാര്യമായ രീതിയിൽ കുട്ടികളിലേക്ക് എത്താത്തതിന്റെ പ്രധാന കാരണം ഈ പ്രായത്തിന്റെ എടുത്തുചാട്ടമാണ്.
വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കം നേരിടുന്ന ഒരു കാലഘട്ടമായിരിക്കും വിദ്യാർത്ഥി കാലഘട്ടം. ഒരുപാട് പഠിക്കാൻ ഉണ്ടാകുന്നതും,വീട്ടിൽ നിന്നും സ്കൂളിൽ നിന്നും സമൂഹത്തിൽ നിന്നും അതിന്റെ മുകളിലുള്ള സമ്മർദ്ദവും ചോദ്യങ്ങളുമെല്ലാം കുട്ടികളെ വലിയ മാനസിക പിരിമുറുക്കത്തിലേക്ക് തള്ളിവിടാറുണ്ട്.ചില വീടുകളിൽ വിനോദമോ വിശ്രമമോ ഒന്നുമില്ലാതെ പഠനത്തിന് മാത്രമായി കുട്ടികളെ നിർബന്ധിക്കുന്ന സാഹചര്യവുമുണ്ട്.ഇത്തരം അവസ്ഥകളിൽ കുട്ടികൾ തങ്ങൾക്ക് അനുഭവപ്പെടുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനായും ആശ്വാസം ലഭിക്കുന്നതിനായും ഇത്തരം ലഹരികളിൽ അഭയം കണ്ടെത്തിയേക്കാം.
വളരെയധികം ജിജ്ഞാസ തോന്നുന്ന ഒരു കാലഘട്ടം കൂടിയാണ് കൗമാരപ്രായം എന്നതുകൊണ്ടുതന്നെ ആ ജിജ്ഞാസയുടെ പുറത്ത് ലഹരി ഉപയോഗിക്കുന്ന കുട്ടികളുണ്ടാകാം. ഒരിക്കൽ ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നും എന്നതാണ് ലഹരിയുടെ ഏറ്റവും വലിയ പ്രശ്നം എന്നോർക്കുക.ഒരു തമാശയ്ക്ക് വേണ്ടിയും, സുഹൃത്തുക്കളുടെ നിർബന്ധം കാരണവും, എന്താണിതെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടുമെല്ലാം കുട്ടികൾ ലഹരിയിലേക്ക് എത്തുന്നുണ്ടാകാം.കൂടാതെ അനുകരണം ഈ പ്രായത്തിന്റെ സവിശേഷതയാണ്. കൂടുതലായി കുട്ടികൾ സിനിമയിലെ നായികാ നായകന്മാരെയും അല്ലെങ്കിൽ അവർക്ക് ജീവിതത്തിൽ മോഡലുകൾ ആക്കണം എന്നു തോന്നുന്നതുവരെയും അനുകരിക്കാനുള്ള സാധ്യതയുണ്ട്. അവരുടെ സ്വഭാവങ്ങളും അവരുടെ വസ്ത്രധാരണരീതികളും ജീവിത രീതികളും എല്ലാം വേണം എന്നുള്ള ആഗ്രഹവും ശാഠ്യം പിടിക്കലുമെല്ലാം ഇതിന്റെ ഭാഗമാണ്.
ആൽബർട്ട് ബന്ദുര (Albert Bandura) തന്റെ ഒബ്സർവേഷണൽ ലേണിങ്ങി (Observational learning)ൽ കുട്ടികൾ മുതിർന്നവരെ കണ്ട് കാര്യങ്ങൾ പഠിക്കുന്നുവെന്ന് പറയുന്നുണ്ട്. മോഡലിങ്(modeling) എന്നാണ് ബന്ദുര ഇതിനെ വിളിക്കുന്നത്.അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ ഏറെ കരുതൽ ആവശ്യമാണ്. നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന ഒരാളെ മോഡലാക്കുന്ന കുട്ടികൾ സ്വാഭാവികമായും ആ രീതിയിലേക്ക് മോൾഡ് ചെയ്യപ്പെടുന്നുണ്ട്.അവരുടെ സ്വഭാവരീതികളിലും വ്യക്തിത്വത്തിലും അത്തരം മൂല്യങ്ങളും രീതികളും മുന്നിട്ടുനിൽക്കും.പക്ഷേ അവർ മോഡലുകൾ ആക്കുന്നത് വളരെ നെഗറ്റീവായ സന്ദേശം നൽകുന്ന ഒരാളെയാണെങ്കിൽ അത് അവരുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടാക്കും.കുട്ടിക്കാലത്തിൽ വലിയ രീതിയിൽ മദ്യപാനിയായ രക്ഷിതാക്കളെ കാണുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം കുട്ടി വളർന്നു വരുമ്പോൾ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. കൃത്യമായി ശരിയും തെറ്റുകളും വിവേചിച്ചറിയാൻ കഴിയുന്ന പ്രായത്തിലേക്ക് കുട്ടി എത്തുന്നേ ഉണ്ടാവുകയുള്ളൂ. ആ കാലഘട്ടത്തിൽ തന്നെ അവരുടെ ഉള്ളിലേക്ക് എത്തപ്പെടുന്ന നെഗറ്റീവ് ആയ ഇത്തരം മോഡലുകളും സ്വഭാവങ്ങളും അവരുടെ വ്യക്തിത്വ രൂപീകരണത്തിലും വലിയ പങ്കു വഹിക്കുന്നുണ്ട്.
ഇതു കൂടാതെ കുടുംബത്തിലും,രക്ഷാകർതൃത്വത്തിലും സമൂഹത്തിലും വിദ്യാലയത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സമ്മർദ്ദങ്ങളുമെല്ലാം കുട്ടികളെ ഇത്തരം ലഹരിയുടെ ഉപഭോക്താക്കളാക്കി മാറ്റുന്നുണ്ടാകും.കൂടാതെ ചില മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകളും ഇത്തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറഞ്ഞുവെക്കുന്നു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും താൽക്കാലിക ആശ്വാസം എന്നവണ്ണം ഇത്തരം ലഹരികൾ ഉപയോഗിക്കുന്ന കുട്ടികളിൽ ക്രമേണ ഇതൊരു അഡിക്ഷനായി മാറും. പിന്നീട് ഇത്തരം പദാർത്ഥങ്ങൾ ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലേക്ക് അവർ മാറുന്നു.
ഡ്രഗ് അഡിക്ഷനും ഡിപെൻഡൻസും (drug addiction and dependence)
തുടർച്ചയായി ലഹരികൾ ഉപയോഗിക്കുന്നത് ശരീരത്തിൽ ടോളറൻസിന് (tolerance)കാരണമാകുന്നുണ്ട്.നിങ്ങളുടെ ശരീരം ആ ഡ്രഗ്ഗുമായും അതിന്റെ ആവശ്യകതയുമായും പൊരുത്തപ്പെട്ടിട്ടുണ്ടാകും. വലിയ ഡോസുകൾ ഉപയോഗിക്കുമ്പോൾ മാത്രമേ പിന്നീട് ശരീരത്തിന് ആ ലഹരിയുടെ പ്രഭാവം അനുഭവപ്പെടുകയുള്ളൂ. ഈ അവസ്ഥയെയാണ് ടോളറൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ തുടർച്ചയായുള്ള ഉപയോഗം ഡിപെൻഡൻസിയിലേക്ക് (dependency) നയിക്കുന്നുണ്ട്.ലഹരി ഉപയോഗിക്കുമ്പോൾ സാധാരണയായി സന്തോഷകരമായ ഒരു അവസ്ഥ ലഭിക്കുന്നുണ്ടാകും.പിന്നീട് അത്തരം ഒരു അവസ്ഥയിലേക്ക് എത്തണമെങ്കിലും സാധാരണ രീതിയിൽ പ്രവർത്തിക്കണമെങ്കിലും ആ ലഹരി കൂടിയ തീരൂ എന്ന അവസ്ഥ സംജാതമാകും.ഇത്തരം ഒരു അവസ്ഥയാണ് ഡിപെൻഡൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇതാണ് പിന്നീട് അഡിക്ഷനി(addiction)ലേക്കും മറ്റ് വലിയ പ്രത്യാഘാതങ്ങളിലേക്കും നയിക്കുന്നത്.
അധികം വൈകാതെ പതിവായുള്ള ലഹരി ഉപയോഗം ആസക്തി (addiction) യിലേക്കും കൊണ്ടുവന്നിരിക്കുന്നു.ആസക്തിയിൽ എത്തിയ ഒരു മനുഷ്യന്റെ അവസ്ഥ അധികം വിവരിക്കേണ്ടതില്ലല്ലോ.വലിയ രീതിയിലുള്ള ശാരീരിക – മാനസിക – സാമൂഹിക സംഘർഷങ്ങളും, ബന്ധങ്ങളിലും കുടുംബങ്ങളിലുമുള്ള വിള്ളലുകളുമെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളാണ് .കൃത്യമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും കാര്യങ്ങൾ ചെയ്യാനും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നു എന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
മയക്കുമരുന്ന് കിട്ടാതാകുമ്പോഴോ, പെട്ടെന്ന് നിർത്തുമ്പോഴോ,സാധാരണ അളവിൽ കുറവ് ഉപയോഗിക്കുമ്പോഴോ ശാരീരികവും മാനസികമായ അസ്വസ്ഥതകൾ പ്രകടമാകാറുണ്ട്. ഇത് പല ലക്ഷണങ്ങൾ ആയാണ് പ്രകടമാകുന്നത്. വല്ലാത്ത ക്ഷീണം അനുഭവപ്പെടുക, വിശപ്പിൽ വ്യത്യാസം വരിക,വിഷാദവസ്ഥയിലേക്ക് എ ത്തുക,അസ്വസ്ഥജനകമായ സ്വഭാവം കാണിക്കുക, വലിയ രീതിയിലുള്ള ദേഷ്യം പ്രകടിപ്പിക്കുക,ഉത്കണ്ഠയും ഭ്രമാത്മകതയും കാണിക്കുക,ലഹരിയോട് അമിതമായ ആഗ്രഹം പ്രകടിപ്പിക്കുകയും എന്നിവയെല്ലാം ഈ ലക്ഷണങ്ങളിൽ പെടും.ഇത്തരം ലക്ഷണങ്ങൾ ആ വ്യക്തിയെയും ചുറ്റുമുള്ളവരെയും വലിയ പ്രശ്നങ്ങളിലേക്കും അപകടങ്ങളിലേക്കും തള്ളിവിടാറുണ്ട്. ഇത്തരം സ്വഭാവങ്ങളെയും ലക്ഷണങ്ങളെയും ഒന്നാകെ വിത്ത്ഡ്രോവൽ സിംപ്റ്റംസ് (withdrawal symptoms) എന്നു വിളിക്കാം.
മയക്കുമരുന്ന് ഏതു പ്രായത്തിൽ ഉപയോഗിച്ചു തുടങ്ങിയാലും ആസക്തിയിലേക്ക് നയിക്കും എന്നതിൽ സംശയമില്ല. പക്ഷേ കൗമാര പ്രായത്തിൽ ഇത്തരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആസക്തിയിലേക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.കാരണം തലച്ചോറിന്റെ വളർച്ച ഈ പ്രായത്തിൽ പൂർത്തിയായിട്ടില്ല എന്നതുതന്നെയാണ്.മയക്കുമരുന്ന് അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കുകയും സ്വാഭാവികമായ ഒരു ജീവിതം നയിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ കൃത്യമായി രൂപപ്പെട്ടിട്ടില്ലാത്ത ഒരു തലച്ചോറിലേക്ക് ഇത്തരം മയക്കുമരുന്നുകളുടെ പ്രഭാവം സാധാരണയിലും അധികമായി ഉണ്ടാകുമെന്ന് ഓർക്കുക.18 വയസ്സിനു മുൻപായി കഞ്ചാവ് പോലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന കുട്ടികളിൽ ബുദ്ധി നിലവാരം കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.കൂടാതെ ലഹരി ഉപയോഗിച്ച അമ്മയിൽ നിന്നും കുട്ടിയിലേക്ക് മുലപ്പാലിലൂടെയോ അല്ലാതെയോ ലഹരിയുടെ പ്രത്യാഘാതങ്ങൾ എത്തുന്നുണ്ടെന്നാണ് ആധികാരിക പഠനങ്ങൾ പറഞ്ഞുവെക്കുന്നത്. ഒന്നും ഓർക്കാതെ നാം ചെയ്യുന്ന പല കാര്യങ്ങളുടെയും ആഘാതങ്ങൾ ഒരു വലിയ തലമുറയിലേക്ക് കൂടി വ്യാപിക്കുന്നുണ്ട് എന്നത് ഗൗരവപൂർവ്വം തന്നെ ചിന്തിക്കേണ്ടതായിട്ടുണ്ട്.
മയക്കുമരുന്നുകളെയും മറ്റു ലഹരിപദാർത്ഥങ്ങളെയും മഹത്വവത്കരിക്കുന്ന സിനിമകളും സീരീസുകളും ഓൺലൈനിന്റെ അമിതമായ ഉപയോഗവും എല്ലാം കുട്ടികളിൽ ലഹരിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിന് വലിയ കാരണമാകുന്നുണ്ട്.ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഇന്ന് വലിയ രീതിയിൽ ലഹരിയുടെ വിപണനം നടക്കുന്നുണ്ട് .കൂടാതെ ലഹരി ഉപയോഗിക്കുന്നവർ ജീവിതം ആസ്വദിക്കുന്നു എന്ന രീതിയിൽ പുറത്തുവരുന്ന സിനിമകളും വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ സൃഷ്ടിക്കുന്നത്.വലിയ അളവിൽ ഉപയോഗിക്കുന്ന ലഹരി മസ്തിഷ്കവും ശരീരവും തമ്മിലുള്ള ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കുകയും കേന്ദ്ര നാഡീ വ്യൂഹത്തിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ വളരെ സ്വാഭാവികമായ രീതിയിലുള്ള സ്വഭാവങ്ങൾ പ്രകടിപ്പിക്കുക എന്നത് ഒരിക്കലും സാധ്യമല്ല.വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യമാണ് സിനിമകളിൽ കാണിക്കുന്നത്. ഈയടുത്തിടെ ഇറങ്ങിയ ചില സിനിമകളിൽ അത്തരത്തിൽ വളരെ സ്വാഭാവികമായ ആനന്ദകരമായ, ജീവിതം നയിക്കുന്ന യുവാക്കളെ കാണിക്കുന്നുണ്ട്. വലിയ രീതിയിൽ ലഹരി ഉപയോഗിക്കുകയും ജീവിതത്തെ ഈ രീതിയിൽ ആസ്വദിക്കുന്നതായി കാണിക്കുകയും ചെയ്യുമ്പോൾ അതിനെ പേടിയോടെ വേണം കാണാൻ എന്നതാണോ അതോ അത്തരം ജീവിതം ഏതുതരത്തിലും തങ്ങൾക്കും വേണം എന്നതാണോ കുട്ടികൾ സ്വീകരിക്കുന്നത് എന്നത് മാത്രമാണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം.
ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾകൂടി വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജനകീയമായ ഒരു മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്.കേരള സർക്കാർ വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾ ഇതിനുവേണ്ടി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലഹരിപദാർത്ഥങ്ങൾ വാങ്ങുന്നതിനായി പണം തരാത്തതിന് മാതാപിതാക്കളെ കൊല്ലുന്ന രീതിയിലേക്ക്, എന്തെങ്കിലും കാര്യം പറയുമ്പോഴേക്കും ഇത്തരത്തിലുള്ള മയക്കുമരുന്നുകളുടെ സ്വാധീനത്തിൽ തന്റെ ചുറ്റുമുള്ളവരെ ഉപദ്രവിക്കുന്നതിലേക്കും ആളുകൾ മാറുമ്പോൾ ഒരു വലിയ സാമൂഹ്യ പ്രതിസന്ധിയായി തന്നെ ലഹരിയുടെ ഉപഭോഗം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ‘ജീവിതം തന്നെ ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം തീർത്തും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതിയാണ് വിമുക്തി.14 ജില്ലകളിലും വിമുക്തിയുടെ ഡീ അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ സേ നോ ടു ഡ്രഗ്സ്(say no to drugs) എന്ന പേരിൽ ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യ ചങ്ങലകളും പൊതുപരിപാടികളും ഗവൺമെന്റ് ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളും എല്ലാം ശുഭപ്രതീക്ഷ നൽകുന്നതാണ്.
സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ്ബുകളും അതിന്റെ ഭാഗമായുള്ള ക്ലാസ്സുകളും പ്രവർത്തനങ്ങളുമെല്ലാം വർത്തമാന കാലഘട്ടത്തിൽ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.ഇതുകൂടാതെ സ്കൂളുകളിൽ ജീവിതനൈപുണ്യങ്ങൾ(life skills)പഠിപ്പിക്കുന്നതിനായുള്ള പരിപാടികളും ആസൂത്രണം ചെയ്യുകയും ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്.
മാനസിക ലക്ഷണങ്ങളും
പ്രശ്നങ്ങളും
ഒരു വ്യക്തി മയക്കുമരുന്നിനോ മറ്റ് ലഹരിവസ്തുക്കൾക്കോ അടിമപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കേണ്ടതുണ്ട്. സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പഠനത്തിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെടുമ്പോൾ ഒരു സൈക്കോളജിസ്റ്റിന്റെയോ കൗൺസിലറിന്റെയോ സഹായം തേടേണ്ടതാണ്.
മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റവും ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും, കള്ളം പറയുന്നതായും പതിവായി പണം കടം വാങ്ങുന്നതായും ശ്രദ്ധയിൽ പെടുകയും, പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും താല്പര്യവും ശ്രദ്ധയും കുറയുകയും, വ്യക്തി ശുചിത്വം കുറയുകയും, പെട്ടെന്ന് ശരീരഭാരം കുറയുകയും, കൈകാലുകൾക്ക് വിറയൽ, വ്യക്തതയില്ലാത്ത സംസാരം, കാലുറയ്ക്കാത്ത നടപ്പ് തുടങ്ങിയവ സ്വാഭാവികമായ നിരീക്ഷണത്തിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന പൊതുവായ ലക്ഷണങ്ങളാണ്.
ഇതു കൂടാതെ പെട്ടെന്ന് സ്വഭാവം മാറുക, അസ്വസ്ഥനാവുക,വല്ലാതെ ദേഷ്യം വരിക, അലറി വിളിക്കുക, ഒന്നിനോടും ഉത്സാഹം ഇല്ലാതിരിക്കുക, അകാരണമായ പേടിയും ഉത്കണ്ഠയും വിഷാദവും മനോവിഭ്രാന്തിയും കാണിക്കുക തുടങ്ങിയ മാനസിക ലക്ഷണങ്ങളും ഇവർ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.
ക്ലാസിൽ വരാതിരിക്കുകയും, മാർക്കുകൾ വലിയ രീതിയിൽ കുറയുക, പണത്തിനായി മോഷണ പ്രവണത കാണിക്കുക, വിനോദങ്ങളിൽ താൽപര്യം കാണിക്കാതിരിക്കുക , വലിയ രീതിയിൽ ദേഷ്യം വരിക, വഴക്കിടുക എന്നിവയൊക്കെ പെരുമാറ്റങ്ങളിൽ വരുന്ന മാറ്റങ്ങളാണ്. ഇത്തരത്തിൽ കുട്ടികളെ ഒന്ന് അടുത്തു നിരീക്ഷിക്കുമ്പോൾ കൃത്യമായും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് വലിയ മാറ്റം ഉണ്ടാക്കും.
ലഹരിയുടെ അമിതമായ ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. യാഥാർത്ഥ്യമല്ലാത്ത സ്വപ്നങ്ങൾ കാണുക, ഭ്രമാത്മകമായ രീതിയിൽ പെരുമാറുക, ഇല്ലാത്ത കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുക, വിഷാദം അനുഭവിക്കുകയും ആത്മഹത്യ പ്രവണത കാണിക്കുക, സ്ഥലകാലബോധം നഷ്ടപ്പെടുക, സ്വയം തിരിച്ചറിയാൻ പോലും കഴിയാതെ വരിക, വെപ്രാളവും ഭയവും അനുഭവപ്പെടുക, ഓർമ്മക്കുറവ്, മന്ദത എന്നിവയൊക്കെ ഇത്തരം ലഹരികളുടെ പ്രത്യാഘാതങ്ങളാണ്. വ്യക്തി ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുന്നുണ്ട്.
എന്തു ചെയ്യാനാകും?
ഒരു വ്യക്തിയുടെ കുട്ടിക്കാലം അവന്റെ വ്യക്തിത്വത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്നാണ് പല സൈക്കോളജിസ്റ്റുകളും പറഞ്ഞുവെക്കുന്നത്. സൈക്കോളജിയിലെ പ്രഥമഗണനീയനായ സിഗ്മണ്ട് ഫ്രോയ്ഡ് (Sigmund Freud) തന്റെ തിയറിയിലൂടെ ഒരു വ്യക്തിയുടെ കുട്ടിക്കാലത്തുണ്ടാകുന്ന മോശം അനുഭവങ്ങളും ആഘാതങ്ങളും (trauma) എങ്ങനെയാണ് വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതെന്ന് പറഞ്ഞുവെക്കുന്നുണ്ട്. കുട്ടിക്കാലത്തുതന്നെ ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുമായുള്ള സമ്പർക്കം,അതുമൂലം കുടുംബങ്ങളിൽ നിന്ന് കുട്ടികൾക്കുണ്ടാകുന്ന പീഡനങ്ങൾ തുടങ്ങിയവ അവരുടെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്നു.കൂടാതെ നിരന്തരമായ കുടുംബങ്ങളിലെ പ്രശ്നങ്ങളും ടോക്സിക് ആയ പാരന്റിങ് രീതികളും കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചേക്കാം.കുട്ടിയെ ഒരു വ്യക്തിയായി പരിഗണിക്കുക, ജനാധിപത്യ അന്തരീക്ഷം കുടുംബത്തിൽ ഒരുക്കി നൽകുക, അവരുമായി ആരോഗ്യപരമായ ആശയവിനിമയത്തിനുള്ള പരിസരം നിർമ്മിച്ചെടുക്കുക എന്നിവയൊക്കെ രക്ഷിതാക്കൾ ചെയ്യേണ്ടതുണ്ട്.കാര്യങ്ങൾ പരസ്പരം മറയേതുമില്ലാതെ തുറന്നു പറയാൻ സാധിക്കുന്ന അന്തരീക്ഷം രക്ഷിതാവിനും കുട്ടിക്കും ഇടയിൽ ഉണ്ടാകുമ്പോൾ മാത്രമേ കുട്ടിയുടെ പ്രയാസങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ രക്ഷിതാക്കൾക്കുണ്ടാവുകയുള്ളൂ. ഇത്തരത്തിൽ അവരുമായി നടത്തുന്ന സംഭാഷണങ്ങൾ കുട്ടികളിലും ഒരു ആത്മവിശ്വാസം വളർത്തുകയും തന്റെ വീടുകളിൽ താൻ സുരക്ഷിതത്വം അനുഭവിക്കുന്നു എന്ന തോന്നൽ അവരിൽ വളർത്തുകയും ചെയ്യും.പിന്നീട് വേറൊരു തരം ആശ്വാസവും തേടിയിറങ്ങേണ്ട അവസ്ഥ കുട്ടികൾക്കുണ്ടാകില്ല.
മത്സരബുദ്ധിയോടു കൂടി കുട്ടികളെ വളർത്തുന്നത് പല കുടുംബങ്ങളിലും ഇപ്പോഴും കാണുന്നുണ്ട്.പരീക്ഷകളിലെ മാർക്കുകളിലും കലോത്സവങ്ങളിലെ ട്രോഫികളിലും അല്ല തങ്ങളുടെ ജീവിതം എന്നും, കൃത്യമായി വിജയങ്ങളും പരാജയങ്ങളും ആരോഗ്യകരമായി എങ്ങനെ നേരിടണമെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.അവരിൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കുന്നത് ലഹരി പദാർത്ഥങ്ങളിൽ അഭയം തേടാൻ ഇടയാക്കുന്നു.കുട്ടികളുടെ നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും റീ ഇൻഫോഴ്സ്-മെന്റുകൾ (reinforcement )നൽകുകയും പരാജയങ്ങളിൽ ചേർത്തുനിർത്തുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ പാരന്റിങ്ങിന്റെ ലക്ഷണം. ഇത് സ്വഭാവ രീതി മെച്ചപ്പെടുത്തുന്നതിനും മോശമായ സ്വഭാവരീതി തിരുത്തുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമെല്ലാം സഹായിക്കുന്നുണ്ട്.
ഡിജിറ്റലൈസ്ഡ് ആയിട്ടുള്ള ഒരു ലോകത്ത് ജീവിക്കുമ്പോൾ ആ രീതിയിലേക്ക് നമ്മുടെ പാരന്റിങ്ങിനെ മാറ്റാനും കുട്ടികളെ കൂടുതൽ മനസ്സിലാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.കുട്ടികൾക്ക് ആരോഗ്യകരമായി എങ്ങനെ അതിർവരമ്പുകൾ (boundaries) നിർമ്മിക്കാം എന്ന് വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും അവരെ പഠിപ്പിക്കേണ്ടതുണ്ട്.അപ്പോൾ മാത്രമേ തനിക്ക് താല്പര്യമില്ലാത്ത കാര്യങ്ങളോട് ‘നോ’ എന്ന് ധൈര്യപൂർവ്വം പറയാൻ കുട്ടി പ്രാപ്തമാവുകയുള്ളൂ.
സമൂഹത്തിലും കുടുംബത്തിലും വ്യക്തിപരമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ലഹരിയെ മുഴുവനായും തുടച്ചുനീക്കാൻ സാധിക്കുമോ എന്നത് സംശയമാണ്.പക്ഷേ കുട്ടികളിൽ ശരിയും തെറ്റും വിവേചിച്ചറിയാനുള്ള പാഠങ്ങൾ പകർന്നു നൽകിക്കൊണ്ടും, വളരെ ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കി നൽകിക്കൊണ്ടും ഇത്തരം ലഹരികളിൽ തളച്ചിടേണ്ടതല്ല തങ്ങളുടെ ജീവിതം എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.ജീവിതമാണ് ലഹരി എന്ന് ഓരോ കുട്ടിയേയും വ്യക്തമായും കൃത്യമായും പഠിപ്പിക്കാൻ സാധിക്കുമ്പോൾ ഇത്തരം ലഹരി മാഫിയകളെ തുടച്ചുനീക്കാൻ ഒരു പരിധി വരെ നമുക്ക് സാധിക്കുന്നു. കൂട്ടായ പരിശ്രമം ഇതിന് ആവശ്യമായിട്ടുണ്ട്. l