Sunday, April 13, 2025

ad

Homeനിരീക്ഷണംസ്വതന്ത്രമാക്കുക, 
രാജ്യത്തെ കലാലയങ്ങളെ!

സ്വതന്ത്രമാക്കുക, 
രാജ്യത്തെ കലാലയങ്ങളെ!

ഡോ. നിതീഷ് നാരായണൻ

‘‘ലോകത്തെ മാറ്റിത്തീർക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണ്’’ എന്ന വാചകം നെൽസൺ മണ്ടേലയുടേതാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുവരിൽ ഈ വാക്കുകൾ എഴുതിവച്ചതും നമ്മൾ കാണാറുണ്ട്. ലോകം മാറ്റത്തിന് വിധേയമാകേണ്ടതാണെന്ന ധ്വനി ഈ വാക്യത്തിലുണ്ട്. ആ മാറ്റം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ലെന്നും ആ പ്രക്രിയയിൽ ഒരു സമരം ഉൾച്ചേർന്നിരിക്കുന്നുവെന്നും കൂടിയാണ് മണ്ടേലയുടെ വാചകത്തിന്റെ ഉള്ളടക്കം. ആ സമരത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം. എന്നുവെച്ചാൽ, വിദ്യാഭ്യാസം കേവലം വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കാനുള്ള ഉപകരണമല്ല, മറിച്ച് കൂടുതൽ മെച്ചപ്പെട്ടൊരു ലോകം നിർമിക്കാനുള്ള ആയുധമാണ്. നിർഭാഗ്യവശാൽ വിദ്യാഭ്യാസത്തിന്റെ ഈ വിമോചന മൂല്യത്തെയാണ് നമ്മുടെ ഭരണകൂടം ഭയക്കുന്നതും, അടർത്തിമാറ്റാൻ ശ്രമിക്കുന്നതും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സയൻസസിലെ (ടിസ്സ്) ഗവേഷകനായ രാമദാസ് പ്രിനി ശ്രീനിവാസന്റെ സസ്പെൻഷനും അതിനെ സാധൂകരിക്കുന്ന മുംബൈ ഹൈക്കോടതി വിധിയും അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

വയനാട് സ്വദേശിയായ രാമദാസ് ഒരു ദളിത് കുടുംബത്തിൽനിന്നുള്ള, ഉന്നത വിദ്യാഭ്യാസത്തിലെ ഒന്നാം തലമുറ വിദ്യാർഥിയാണ്. അയാളുടെ അച്ഛന് ഒന്നാം തരത്തിനപ്പുറവും അമ്മയ്ക്ക് പത്താം തരത്തിനപ്പുറവും ഔപചാരിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാൽ രാമദാസ് ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നതമായ ക്യാമ്പസുകളിലൊന്നായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം പി എച്ച് ഡി പ്രവേശനം നേടിയെടുത്തു. വയനാട്ടിലെ തന്റെ ഗ്രാമത്തിൽനിന്നും ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നിലെ പ്രീമിയർ കലാലയത്തിലേക്കെത്തിച്ചേരാൻ അയാൾക്ക് ജീവിതത്തിൽ എന്തെല്ലാം സമരങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടാകും? അങ്ങനൊരു വിദ്യാർഥി ഏതൊരു സർവകലാശാലയിൽ എത്തിപ്പെട്ടാലും അയാൾ അവിടെ ആദരിക്കപ്പെടുമെന്നും അയാൾക്ക് പഠനം പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കാൻ ആ സ്ഥാപനംതന്നെ മുൻകൈയെടുക്കുമെന്നുമാണ് നമ്മൾ കരുതുക. കാരണം ഇത്തരം വിദ്യാർഥികൾക്ക് വിവേചനങ്ങളിലാതെ കടന്നുവരാനാകുന്ന ഇടമായി മാറുമ്പോഴാണ് ഒരു കലാലയം ജനാധിപത്യസമൂഹത്തിന്റെ സ്വത്തായി മാറുന്നത്.

രാമദാസ് പ്രിനി ശ്രീനിവാസൻ

എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി രാമദാസ് തന്റെ ക്യാമ്പസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇനിയും ഒരു വർഷത്തോളം അയാൾക്ക് അവിടേക്ക് പ്രവേശിക്കാനാവില്ല. അതിനുശേഷം അയാൾക്ക് തന്റെ ഗവേഷണം പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. എന്നുവെച്ചാൽ, സാമ്പത്തികവും സാമൂഹികവുമായ ഇല്ലായ്മകളുടെ ബാല്യത്തെ ഇച്ഛാശക്തികൊണ്ടും കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തിലും മറികടന്ന ഒരു ചെറുപ്പക്കാരന് തന്റെ പി എച്ച് ഡി പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലെ ഒരു ഒന്നാംനിര ക്യാമ്പസിൽനിന്നും പടിയിറങ്ങേണ്ടി വരും. തോട്ടം തൊഴിലാളികളെക്കുറിച്ചാണ് രാമദാസ് ഗവേഷണം ആരംഭിച്ചത്. അത് പൂർത്തിയായാൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെക്കുറിച്ചുള്ള പഠനം ലോകത്തിനു മുന്നിൽ ഉണ്ടാകുമായിരുന്നു. അവരുടെ ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികളിൽ അതൊരു സുപ്രധാന സംഭാവനയുമായി മാറിയേനെ. ടിസ്സിൽ നിന്നും രാമദാസിനെ പുറത്താക്കുമ്പോൾ പുറന്തള്ളപ്പെടുന്നത് അക്കാദമിക് വ്യവഹാരങ്ങളിൽ ഏറെയൊന്നും ഇടം ലഭിക്കാത്ത ഒരുകൂട്ടം മനുഷ്യരുടെ ചരിത്രവും ജീവിതസമരങ്ങളും കൂടിയാണ്.

എന്തായിരുന്നു രാമദാസിന്റെ കുറ്റം? ഒറ്റ വാചകത്തിൽ പറഞ്ഞാൽ, അയാൾ ചില ചോദ്യങ്ങൾ ചോദിച്ചു എന്നതാണത്. ടിസ്സ് ക്യാമ്പസിലെ പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറത്തിന്റെ (പി എസ് എഫ്) സംഘാടകനും എസ് എഫ് ഐയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയംഗവുമായ രാമദാസ് ഒരു ജയിൽപുള്ളിയുടെ അനുസരണയോടെ ഇരുമ്പറകൾക്കുള്ളിൽ വിധേയപ്പെട്ട് ജീവിക്കാൻ ഒരുക്കമായിരുന്നില്ല. വർഷങ്ങളായി ടിസ്സ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന പുരോഗമന വിദ്യാർഥി സംഘടനയാണ് പി എസ് എഫ്. ടിസ്സിന്റെ നിയമാവലിക്കകത്ത് നിന്നാണ് അത് പ്രവർത്തിക്കുന്നത്. ക്യാമ്പസിലെ മതനിരപേക്ഷതയുടെയും ശാസ്ത്രീയ ചിന്തയുടെയും ജനാധിപത്യ സംവാദങ്ങളുടെയുമെല്ലാം ശബ്ദമാണ് പി എസ് എഫ്.

രണ്ട് വർഷങ്ങൾക്കു മുൻപാണ് ടിസ്സ് ക്യാമ്പസിന്റെ നിയന്ത്രണം വലിയ തോതിൽ കേന്ദ്രസർക്കാരിന്റെ കീഴിലേക്ക് വരുന്നത്. വിദ്യാഭ്യാസമേഖലയിൽ മോദി സർക്കാർ നടപ്പിലാക്കുന്ന കേന്ദ്രീകരണത്തിന്റെ തുടർച്ചയിലാണ് ടിസ്സ് ഉൾപ്പടെയുള്ള ക്യാമ്പസുകളെ തങ്ങളുടെ വരുതിയിലാക്കാനുള്ള നീക്കം സംഘപരിവാരം തുടങ്ങിയത്. സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിനും അവരുടെ വർഗീയ-കോർപ്പറേറ്റ് അജൻഡകൾക്കുമെതിരായ എല്ലാ ശബ്ദങ്ങളെയും ക്യാമ്പസിൽ നിന്നും തുടച്ചുനീക്കാനുള്ള ശ്രമങ്ങളും അവർ ആരംഭിച്ചു. പി എസ് എഫിനെ തന്നെ ഇടക്കാലത്ത് നിരോധിച്ചിരുന്നു. എന്നാൽ ക്യാമ്പസിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ ആ നിരോധന ഉത്തരവ് പിൻവലിച്ച് അധികൃതർക്ക് മുഖം രക്ഷിക്കേണ്ടി വന്നു. എന്നാൽ പി എസ് എഫിന്റെ മുൻനിര പ്രവർത്തകരിൽ ഒരാളായ രാമദാസിനെതിരെ വ്യാജ ആരോപണങ്ങളുടെ ഒരു നിര തന്നെ തയ്യാറാക്കി അവർ പ്രതികാര നടപടികളിലേക്ക് കടന്നു. വിദ്യാർഥികളെ ഭയപ്പെടുത്തി നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ ലബോറട്ടറികളിലൊന്നായി ടിസ്സ് ക്യാമ്പസ് മാറി.

രാമദാസിനെ സസ്പെൻഡ് ചെയ്യാൻ പറഞ്ഞിരിക്കുന്ന കാരണങ്ങൾ വിചിത്രമാണ്. ജനാധിപത്യത്തിന് പ്രവേശനമില്ലാത്ത ഇടങ്ങളായി നമ്മുടെ രാജ്യത്തെ ക്യാമ്പസുകളെ എങ്ങനെയാണ് ഈ വർഗീയ- കോർപ്പറേറ്റ് ഭരണകൂടം മാറ്റിത്തീർക്കുന്നതെന്ന് അത് പറയുന്നുണ്ട്. ഇന്ത്യൻ മതനിരപേക്ഷതയുടെ ശബ്ദം എന്ന് വിശേഷിപ്പിക്കാവുന്ന ഡോക്യുമെന്ററിയാണ് ആനന്ദ് പട്‌വർധന്റെ രാം കേ നാം. ഫേസ്ബുക്കിൽ ഒരു പോസ്റ്റ് എഴുതിയിട്ട് അത് കാണുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു എന്നതാണ് രാമദാസിനെതിരെ ചുമത്തപ്പെട്ട അപരാധങ്ങളിലൊന്ന്! മുൻപ് ഇതേ ക്യാമ്പസിൽ വിദ്യാർഥികൾ ആ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിട്ടുമുണ്ട്. അന്ന് പക്ഷേ ടിസ്സിലെ അധികാരികൾ സംഘപരിവാരത്തിന് കീഴ്പ്പെട്ടവരായിരുന്നില്ല.

കേന്ദ്ര സർക്കാരിൽ നിന്നും ഫെലോഷിപ്പ് വാങ്ങുന്ന വിദ്യാർഥി അതേ സർക്കാരിനെതിരെ സമരം ചെയ്യുന്നത് തെറ്റാണെന്നാണ് കോടതിയുടെ വിധിന്യായത്തിൽ പറയുന്നത്. ഫെലോഷിപ്പ് ഒരു വിദ്യാർഥിയെ നിശബ്ദനാക്കാനുള്ള ഉപകരണമാണെന്നാണ് ഈ വീക്ഷണം പുലർത്തുന്നവർ പറയാതെ പറയുന്നത്. ഒരു വിദ്യാർഥിയുടെ അക്കാദമിക് മികവും അയാൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളുമെല്ലാം പരിഗണിച്ചാണ് അയാൾക്ക് ഫെലോഷിപ് നൽകുന്നത്. അത് ഒരേസമയം ഒരു വിദ്യാർഥിയുടെ അവകാശവും അയാൾ ജീവിക്കുന്ന സമൂഹം കാണിക്കേണ്ട ഉത്തരവാദിത്തവുമാണ്. അതിനപ്പുറം ഒരു വിദ്യാർഥിയെ ഭരണകൂടത്തിന് വിധേയനാക്കുകയോ അയാളുടെ ജനാധിപത്യ അവകാശങ്ങളെ റദ്ദു ചെയ്യുകയോ ചെയ്യാനുള്ള ഒന്നാകരുത് അയാൾക്ക് ലഭിക്കുന്ന ഫെലോഷിപ്.

ടിസ്സ് ക്യാമ്പസിനെ അപകീർത്തിപ്പെടുത്തി എന്നതാണ് ആരോപിക്കപ്പെടുന്ന മറ്റൊരു കുറ്റം. എസ് എഫ് ഐ ഉൾപ്പടെ പതിനാറ് വിദ്യാർഥി സംഘടനകൾ ഒന്നിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹിയിൽ ഒരു പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. അതിൽ പി എസ് എഫിനെ പ്രതിനിധീകരിച്ച് രാമദാസ് പങ്കെടുക്കുകയും സമരത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ‘ഇന്ത്യയെ രക്ഷിക്കുക, വിദ്യാഭ്യാസത്തെ രക്ഷിക്കുക’ എന്നതായിരുന്നു തീർത്തും സമാധാനപരമായി നടന്ന ആ മാർച്ചിന്റെ മുദ്രാവാക്യം. എല്ലാവർക്കും മികച്ച വിദ്യാഭ്യാസവും തൊഴിലും ലഭിക്കണമെന്നും ക്യാമ്പസുകളിൽ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നുമായിരുന്നു അതിന്റെ പ്രചരണത്തിലുടനീളം ആവർത്തിക്കപ്പെട്ടത്. അച്ചടക്കരാഹിത്യമെന്നല്ല, ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ എന്നാണ് ടിസ് അധികൃതർ രാമദാസിന്റെ ചെയ്തികളെ വിശേഷിപ്പിച്ചത്. ചിന്തിക്കുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കുന്നതും പോലും ‘ദേശവിരുദ്ധ’മായിക്കഴിഞ്ഞു!

രാമദാസിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. അടുത്തിടെ ഡൽഹിയിലെ അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ അനൻ, നാദിയ, ഹർഷ് എന്നീ മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ ഒരു വർഷത്തേക്ക് ക്യാമ്പസിൽ നിന്നും പുറത്താക്കാൻ ചൂണ്ടിക്കാട്ടിയ കാരണം അവർ അവിടെ നടന്ന ഒരു റാഗിങ് പുറംലോകത്തെത്തിച്ചു എന്നതായിരുന്നു. അഞ്ച് വർഷങ്ങൾക്കുശേഷം ആ സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ ഉജ്ജ്വല വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് അധികാരികളുടെ ഈ പ്രതികാരനടപടി. എ ബി വി പി പ്രവർത്തകർ ഉൾപ്പെട്ട റാഗിങ് സംഭവത്തെ എസ്എഫ്ഐയുടെ ഇടപെടൽമൂലം മൂടിവെക്കാൻ അവർക്കായില്ല. റാഗിങ്ങിനിരയായ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ച് അയാളുടെ മാതാപിതാക്കളിൽനിന്നും വിവരം ലഭിച്ചതിനെത്തുടർന്നാണ് എസ്എഫ്ഐ വിഷയത്തിൽ ശക്തമായി ഇടപെട്ടത്. സ്ഥാപനത്തിന്റെ സൽപേരിന് കളങ്കം വരുത്തി എന്നതായിരുന്നു സസ്പെന്റ് ചെയ്യപ്പെട്ട എസ് എഫ് ഐ പ്രവർത്തകർക്കുമേൽ ചാർത്തപ്പെട്ട കുറ്റം.

വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ നിരോധിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് സഖി ഉൾപ്പടെ 17 വിദ്യാർഥികളെ രണ്ട് മാസം മുൻപ് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും സസ്പെന്റ് ചെയ്തത്. ഐ ഐ ടി വിദ്യാർഥിനിക്കുനേരെ നടന്ന ബലാത്സംഗ ശ്രമത്തിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ 14 വിദ്യാർഥികളെ സസ്പെന്റ് ചെയ്തതും, ഐ ഐ ടി ഗുവാഹത്തിയിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ മുൻ അധ്യാപകനെ പിന്തുണച്ചതിനും സാമൂഹ്യമാധ്യമത്തിൽ എഴുതിയതിനും രണ്ട് ഗവേഷകർക്കെതിരെ നടപടിയെടുത്തതും സമീപകാലത്താണ്.

രാജ്യത്തെ കലാലയങ്ങളെ സ്വതന്ത്രചിന്തയുടെയും സംവാദങ്ങളുടെയും ജനാധിപത്യവ്യവഹാരങ്ങളുടെയും ചാവുനിലങ്ങളാക്കുകയാണ് ഇന്നത്തെ ഭരണകൂടം. എല്ലാ പൗരാവകാശങ്ങളും റദ്ദു ചെയ്യപ്പെട്ട ഇടങ്ങളായി നമ്മുടെ ക്യാമ്പസുകളെ മാറ്റിക്കൊണ്ടിരിക്കുന്നു. സങ്കുചിത ദേശീയതയും വർഗീയതയും കെട്ടിച്ചമച്ച ചരിത്രവും പ്രചരിപ്പിക്കാനുള്ള അവസരങ്ങളായി സർവകലാശാലകളിലെ അക്കാദമിക് വേദികളെ ഉപയോഗപ്പെടുത്തുന്നതായ നിരവധി അനുഭവങ്ങൾ സമീപകാലത്ത് മാത്രം കാണാനാകും. അതേസമയം, സംഘപരിവാരത്തെ അസ്വസ്ഥമാക്കുന്ന വിഷയങ്ങൾ ഒന്നുംതന്നെ ചർച്ചചെയ്യപ്പെടാതിരിക്കാൻ അവർ ഉരുക്കുമുഷ്ടികൾ ഉപയോഗിച്ച് ശ്രമിക്കുന്നുമുണ്ട്. അശോക യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന സബ്യസാച്ചി ദാസിന് രാജിവെക്കേണ്ടി വന്നത് ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അക്കാദമിക് പ്രബന്ധം എഴുതിയതിനാലാണ്. പലസ്തീനെക്കുറിച്ചുള്ള വെബിനാർപോലും വിവിധ ക്യാമ്പസുകളിൽ വിലക്കപ്പെട്ടിട്ടുണ്ട്. അതേസമയം ഗാന്ധിവധത്തിന്റെ പേരിൽ ഗോഡ്സെയെ പ്രകീർത്തിച്ച എൻ ഐ ടി കോഴിക്കോട്ടെ അധ്യാപികയ്ക്ക് ഡീൻ ആയി സ്ഥാനക്കയറ്റം നൽകിയതും ഇതേ കാലത്താണ്.

തീവ്ര ഹിന്ദുത്വത്തിന്റെ മതരാഷ്ട്ര അജൻഡകൾക്കുതകുന്ന ഗവേഷണങ്ങൾമാത്രം ഉത്പാദിപ്പിക്കപ്പെടുന്ന ഇടങ്ങളായി സർവകലാശാലകളെ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടേണ്ടതുണ്ട്. രാമദാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമരങ്ങൾ, കലാലയങ്ങളെ ജയിലുകളാക്കി മാറ്റാനും ചിന്തിക്കുന്ന തലച്ചോറുകൾക്ക് വിലക്കേർപ്പെടുത്താനുമുള്ള ഭീരുത്വംനിറഞ്ഞ ഭരണകൂടത്തിനെതിരായ പോരാട്ടങ്ങൾ കൂടിയാകുന്നത് അതിനാലാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + twenty =

Most Popular