Monday, March 17, 2025

ad

Homeവിശകലനംഫാസിസത്തിന്റെ 
ആധുനിക രൂപഭേദങ്ങൾ

ഫാസിസത്തിന്റെ 
ആധുനിക രൂപഭേദങ്ങൾ

എം എ ബേബി

‘‘ഫാസിസം” ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്, ചിലപ്പോൾ സാധാരണ വസ്ത്രങ്ങളിൽ. ആരെങ്കിലും രംഗത്ത് പ്രത്യക്ഷപ്പെട്ട് ‘‘ഞാൻ ഓഷ്വിറ്റ്സ് വീണ്ടും തുറക്കാൻ ആഗ്രഹിക്കുന്നു, ഇറ്റാലിയൻ സ്ക്വയറുകളിൽ ‘കറുത്ത ഷർട്ടുകളുടെ’ മാർച്ച് വീണ്ടും നടത്താൻ ഞാൻ ആഗ്രഹിക്കുന്നു’’ എന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് വളരെ എളുപ്പമാകുമായിരുന്നു.

എന്നാൽ ജീവിതം അത്ര ലളിതമല്ല. ഫാസിസം ഏറ്റവും നിരപരാധമായ വേഷങ്ങളിൽ തിരിച്ചുവരാം. നമ്മുടെ കടമ, അതിനെ വെളിപ്പെടുത്തുകയും അതിന്റെ പുതിയ രൂപങ്ങളെ- എല്ലാ ദിവസവും ലോകത്തിന്റെ എല്ലാ ഭാഗത്തും- വിരൽ ചൂണ്ടിക്കാണിക്കുകയും ആണ്.
– ഉംബർട്ടോ ഇക്കോ

ഉംബർട്ടോ ഇക്കോയുടെ ഫാസിസത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സമകാലിക രാഷ്ട്രീയത്തിലേക്കുള്ള ഒരു വിരൽചൂണ്ടലാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നവഫാസിസ്റ്റ് പ്രവണതകൾ തലപൊക്കുന്ന സമീപകാല സന്ദർഭത്തിൽ ഏറെ പ്രസക്തമായ ഉദ്ധരണിയായി ഇത് മാറുന്നു. 24 –ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഐ എം തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയം നവഫാസിസത്തെക്കുറിച്ച് ഗൗരവമേറിയ മുന്നറിയിപ്പ് നൽകിയത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ ഇതിന് ദുർവ്യാഖ്യാനങ്ങൾ ചമയ്ക്കാൻ പല രീതിയിലുള്ള ശ്രമങ്ങളും സമാന്തരമായി നടന്നുവരികയാണ്.ഈയൊരു സന്ദർഭത്തിൽ ക്ലാസിക്കൽ ഫാസിസത്തെക്കുറിച്ചും അതിന്റെ ആധുനിക രൂപങ്ങളെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യക്തമാക്കപ്പെടേണ്ടതുണ്ട്.

തീവ്രദേശീയതയെ ഒരുപകരണമാക്കിക്കൊണ്ട്, ഇടതുപക്ഷ രാഷ്ട്രീയത്തെ നേരിടാൻ 1920 കളിൽ മുസോളിനിയാണ് ഫാസിസമെന്ന രാഷ്ട്രീയ പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിഗുരുതരമായ സാമ്പത്തിക കുഴപ്പത്തിലേക്ക് പാശ്ചാത്യ മുതലാളിത്തം നിലംപതിച്ച നാളുകളായിരുന്നു അത്. ഇതേ കാലത്ത്, 1920 കളുടെ ഒടുവിലാണ് ജർമനിയിൽ ഹിറ്റ്ലറുടെ ഫാസിസ്റ്റ് രാഷ്ട്രീയം പിറവിയെടുക്കുന്നതും ലോക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തങ്ങൾക്ക് അതിടയാക്കുന്നതും. തീവ്രദേശീയതക്കൊപ്പം വംശീയ വിദ്വേഷവുംകൂടി പടർത്തിക്കൊണ്ടാണ് ഹിറ്റ്ലർ തന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോയത്. ഫാസിസത്തെക്കുറിച്ചുള്ള തന്റെ വിമർശന പഠനത്തിൽ ദിമിത്രോവ് ഇതിനെ ശരിയായി വിലയിരുത്തുന്നുണ്ട്. ‘‘തങ്ങളുടെ ജീവിതമാർഗത്തിൽ നിന്നും അടിച്ചോടിക്കപ്പെട്ട പെറ്റി ബൂർഷ്വാ ജനവിഭാഗങ്ങളുടെയും തൊഴിലാളി വർഗത്തിന്റെയും ഏറ്റവും പിന്നാക്ക നിലയിലുള്ള ചില വിഭാഗങ്ങളുടെയും പിന്തുണ നേടാൻ, വഞ്ചനാപരമായ സാമൂഹ്യാടിമത്തത്തിന്റെ മറവിൽ ഫാസിസത്തിന് കഴിഞ്ഞിട്ടുണ്ട്…. ഓരോ രാജ്യത്തിന്റെയും ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവുമായ പരിതഃസ്ഥിതികൾക്കും ദേശീയമായ പ്രത്യേകതകൾക്കും സാർവദേശീയ പദവിക്കും അനുസൃതമായി ഫാസിസത്തിന്റെ വളർച്ചയും ഫാസിസ്റ്റ് സ്വേച്ഛാധിപത്യംതന്നെയും തനതായ പ്രത്യേക രൂപങ്ങൾ കൈക്കൊള്ളുന്നു’’. ക്ലാസ്സിക്കൽ ഫാസിസത്തിനെ വിലയിരുത്തുന്ന വേളയിൽതന്നെ അതിന്റെ ബഹുവിധ രൂപങ്ങളിലേക്ക് ദിമിത്രോവ് വിരൽചൂണ്ടുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന പ്രസ്തുത കൃതിയുടെ അവതാരികയിൽ ഇഎംഎസ് ചൂണ്ടിക്കാണിച്ച താഴെക്കൊടുക്കുന്ന ഭാഗം എന്നും പ്രസക്തമാണ്: ‘‘ലോക ഫാസിസത്തിന്റെ സവിശേഷതകളും അതിന്റെ ഉത്ഭവത്തിനു കാരണമായ ലോക രാഷ്ട്രീയ സാഹചര്യങ്ങളും അതേപടി ഇന്നും നിലനിൽക്കുകയില്ലെന്ന സംഗതി വിശേഷിച്ച് ഓർക്കേണ്ടതുണ്ട്. അന്ന് ഫാസിസത്തിനു നൽകിയ നിർവചനമനുസരിച്ച് ഇന്നത്തെ ഏതെങ്കിലുമൊരു ഗവൺമെന്റിനെയോ രാഷ്ട്രീയപാർട്ടിയെയോ വിലയിരുത്താൻ ശ്രമിക്കുന്നത് അസംബന്ധമായിരിക്കുമെന്നർത്ഥം’’.

സിപിഐ എം പാർട്ടി പരിപാടിയിൽ ഇപ്രകാരം പറയുന്നു: ‘‘ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാർഗനിർദേശം നൽകുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാൽ, ബിജെപി സാധാരണ ബൂർഷ്വാപാർട്ടിയല്ല. ബിജെപി അധികാരത്തിലിരിക്കുമ്പോൾ, ഭരണകൂടാധികാരത്തിന്റെയും ഭരണകൂട സംവിധാനത്തിന്റെയും ഉപകരണങ്ങളിൽ ആർഎസ്എസിന് ഇടപെടാൻ കഴിയുന്നുണ്ട്….. രാഷ്ട്രസംവിധാനത്തിന്റെ മതനിരപേക്ഷ അടിത്തറയെ സംബന്ധിച്ചിടത്തോളം അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു’’.

22-–ാം പാർട്ടി കോൺഗ്രസ്സ് (ഏപ്രിൽ 2018) രാഷ്ട്ര‌ീയ പ്രമേയം നരേന്ദ്രമോദി ഭരണത്തിന്റെ സ്വഭാവം, നിർവചിച്ചത് താഴെപ്പറയുംപ്രകാരമായിരുന്നു: ‘‘ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂടിന് ഭീഷണിയാണ്; ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ഫാസിസോന്മുഖമായ പ്രവണതകളുടെ രംഗപ്രവേശവും; അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കി കീഴാള പങ്കാളിയായി പ്രവർത്തിക്കലും പാർലമെന്ററി ജനാധിപത്യത്തിനു കടിഞ്ഞാണിട്ടുകൊണ്ടും ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യാവകാശങ്ങളെയും അട്ടിമറിച്ചുകൊണ്ടും അമിതാധികാരവാഴ്‌ച കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്നു’’.

ഒരു ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് ഹിറ്റ്ലറുടെ ജർമ്മനിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം സുവിദിതമാണ്. മുസോളിനിയെ നേരിട്ട് സന്ദർശിച്ച് ഫാസിസ്റ്റ് ആക്രമണ പരിശീലന തന്ത്രങ്ങൾ പഠിച്ച ഡോ. മുൻഞ്ചേയുടെ സ്വാധീനം ആർഎസ്എസ് പരിശീലന പരിപാടികളിൽ കാണാം. ആർഎസ്എസ് പ്രചാരക് ആയ നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രി ആയതോടെ ഫാസിസ്റ്റ് ഭരണവ്യവസ്ഥയായി ഇന്ത്യ മാറിക്കഴിഞ്ഞുവോ എന്നതാണ് നമ്മുടെ ഗൗരവപൂർണവും സൂക്ഷ്‌മവുമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോദി ഭരണം ഇന്ത്യയിൽ ഒരു ഫാസിസ്റ്റ് വാഴ്ച നഗ്നമായി സ്ഥാപിക്കുന്നതിലേക്ക് നീങ്ങാമെന്ന സാധ്യതയും കടുത്ത ഭീഷണിയും നിലനിൽക്കുന്നു എന്നുതന്നെയാണ് ഇന്നത്തെ ഇന്ത്യൻ അവസ്ഥയെപ്പറ്റിയുള്ള സിപിഐ എം വിലയിരുത്തൽ.

അതു തടയുവാൻ വർഗീയ – ഫാസിസ്റ്റുവിരുദ്ധ ശക്തികളുടെ വിപുലമായ സഹകരണം സാധ്യമായ തലങ്ങളിൽ രൂപപ്പെടുത്തണമെന്നും കരടുരാഷ്ട്രീയ പ്രമേയം ആവർത്തിച്ച് നിർദ്ദേശിക്കുന്നു.

24-–ാം പാർട്ടി കോൺഗ്രസ്സിനുമുന്നോടിയായി പാർട്ടിയിലുടനീളം ചർച്ച ചെയ്ത് പാർട്ടി കോൺഗ്രസ്സിൽ വെച്ച് അനുപേക്ഷണീയമായ ഭേദഗതികളോടെ അംഗീകരിക്കാനുള്ള കരടു രാഷ്ട്രീയ പ്രമേയത്തിൽ ‘നവഫാസിസം’ എന്ന പുതിയ നിർവചനം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ‌്ത് അംഗീകരിച്ചത് രാഷ്ട്രീയ പ്രമേയത്തിൽ ഉപയോഗിക്കുകയുണ്ടായി. എന്താണ് ഇതുവഴി അർത്ഥമാക്കുന്നത് എന്ന കാര്യം കൂടുതൽ സ്‌പഷ്ടീകരിക്കണമെന്ന് കൽക്കത്തയിൽവെച്ച് ജനുവരിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടതുപ്രകാരമാണ് പൊളിറ്റ് ബ്യൂറോ ഒരു കുറിപ്പ് തയ്യാറാക്കി എല്ലാ സംസ്ഥാന കമ്മിറ്റികൾക്കും അയച്ചുകൊടുത്തത്. വായനക്കാരുടെ ലോലരാഷ്ട്രീയ വികാരങ്ങളെ തൊട്ടുണർത്താൻ ഒരു രഹസ്യ രേഖ ഞങ്ങൾ കൈക്കലാക്കി പ്രസിദ്ധപ്പെടുത്തുന്നു എന്ന മട്ടിലാണ് ഒരു മാധ്യമം ഇതു സംബന്ധിച്ച വാർത്ത പൊലിപ്പിച്ചത്. പതിനായിരക്കണക്കിന് കോപ്പി അച്ചടിക്കുന്ന ‘ചിന്ത’ വാരിക കരടുരാഷ്ട്രീയ പ്രമേയത്തിന്റെ പൂർണ്ണരൂപത്തോടൊപ്പം ‘നവഫാസിസ’ത്തെക്കുറിച്ചുള്ള പി.ബി കുറിപ്പും അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി എന്നിരിക്കെയാണിത്.

പി.ബി തയ്യാറാക്കിയ കുറിപ്പ് നവഫാസിസത്തെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

“നവഫാസിസം’ എന്ന പദത്തിന്റെ അർത്ഥം എന്താണ്? ‘നവം’ എന്നതിന്റെ അർത്ഥം പുതിയത് എന്നോ എന്തെങ്കിലും പഴയതിന്റെ സമകാലിക രൂപം എന്നോ ആണ്. യൂറോപ്പിൽ ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടയിൽ, മുസോളിനിയുടെ ഇറ്റലിയിലെപ്പോലെയോ ഹിറ്റ്ലറുടെ ജർമ്മനിയിലെപ്പോലെയോ വളർന്നുവന്ന ക്ലാസിക്കൽ ഫാസിസത്തിൽ നിന്നു വേർതിരിക്കാനാണ് നവഫാസിസം എന്ന പദം ഉപയോഗിക്കുന്നത്. ഈ കാലഘട്ടത്തിൽ ലോക മുതലാളിത്ത പ്രതിസന്ധി 1929 മുതൽ 1933 വരെ നീണ്ടുനിന്ന വൻ സാമ്പത്തിക മാന്ദ്യത്തിൽ കലാശിച്ചു. സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങൾക്ക് മൂർച്ചകൂട്ടി. ഒന്നാം ലോകയുദ്ധവും, രണ്ടാം ലോകയുദ്ധവും സാമ്രാജ്യത്വത്തിനുള്ളിലുള്ള വൈരുദ്ധ്യങ്ങളുടെ ഫലമായിരുന്നു. അധികാരം പിടിച്ചെടുക്കുന്നതിനുശേഷം ഫാസിസ്റ്റ് ശക്തികൾ ബൂർഷ്വാ ജനാധിപത്യം നിർത്തലാക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി യുദ്ധത്തെ ഉപയോഗിച്ച് ആയുധ നിർമ്മാണം വർദ്ധിപ്പിക്കുകയും ചെയ്തു. ഈ രാഷ്ട്രങ്ങളിലെ കുത്തക മൂലധനം ഫാസിസ്റ്റ് ശക്തികളെ പൂർണ്ണമായി പിന്തുണച്ചു. പ്രതിസന്ധിയെ മറികടക്കാനായി ഏറ്റവും തീവ്രമായ നടപടികൾ സ്വീകരിക്കുന്നതിന് കുത്തക മുതലാളിമാർ ഫാസിസ്റ്റ് ശക്തികളെ ആശ്രയിച്ചു.

നവഫാസിസത്തിന്റെ ചില അംശങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ഫാസിസത്തെപ്പോലെ തന്നെയാണ്. ചരിത്രപരമായ തെറ്റുകളുടെയും, അനീതികളുടെയും ഫലമെന്ന് നിരീക്ഷിക്കപ്പെടുന്ന വികാരങ്ങളുടെ അടിത്തറയിൽ ഉണ്ടാകുന്ന തീവ്ര ദേശീയത, വംശീയമോ, മതപരമോ, ഗോത്രപരമോ ആയ ഒരു ന്യൂനപക്ഷത്തെ അപരരായി കാണുന്ന രീതി, തീവ്ര വലതുപക്ഷ നവഫാസിസ്റ്റ് ശക്തികൾക്കും പാർട്ടികൾക്കും വൻകിട ബൂർഷ്വാസി നൽകുന്ന പിന്തുണ എന്നിവ പഴയതുപോലെയാണ്. ഇന്ത്യയിൽ നവഫാസിസത്തെ രൂപപ്പെടുത്തുന്നത് ആർഎസ്എസും, ഹിന്ദുത്വ ആശയസംഹിതയുമാണ്. ഇവ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് നമ്മുടെ പാർട്ടി പരിപാടിയിൽ പറയുന്നുണ്ട്. ബിജെപി ഭരണത്തിൻ കീഴിൽ അധികാരത്തിന്റെ ചുക്കാൻപിടിക്കാൻ അവർക്ക് കഴിയുന്നുണ്ട്. ഹിന്ദുത്വ സങ്കുചിത ആശയസംഹിത, നവലിബറൽ പ്രതിസന്ധി, വൻകിട ബൂർഷ്വാസിയുടെ താൽപര്യമനുസരിച്ച് അമിതാധികാരം അടിച്ചേൽപ്പിക്കൽ എന്നിവ നവഫാസിസത്തിന്റെ ആദിമ രൂപത്തിൽ ഉൾപ്പെടുന്നവയാണ്.

ബിജെപി – – ആർഎസ്എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം ” നവഫാസിസ്റ്റ് സവിശേഷതകൾ പ്രദർശിപ്പിക്കുന്ന’ ഭരണമാണെന്ന് നാം പ്രസ്താവിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യയിൽ ഇപ്പോൾത്തന്നെ ഒരു ഫാസിസ്റ്റ് ഭരണസംവിധാനം പൂർണ്ണതോതിൽ നിലവിൽ വന്നുകഴിഞ്ഞിരിക്കുന്നു എന്ന് വിലയിരുത്തുന്നത് സൂക്ഷ്‌മ വിശകലനത്തിൽ ശരിയല്ല.

വ്യാപകമായ അടിച്ചമർത്തലുകൾ പത്ര മാധ്യമങ്ങൾക്കുമേലും പ്രതിഷേധ സമരങ്ങൾക്കും വിയോജിപ്പുകൾക്കും നേരെയും ഉണ്ടെന്നത് ശരിയാണ്. എന്നാൽ ഹിറ്റ്ലറും മുസോളിനിയും എതിർ ശബ്ദങ്ങളെ ഒന്നടങ്കം നഗ്നമായി അടിച്ചമർത്തുകയും, സൈന്യം പൊതുഭരണം, നീതിന്യായവ്യവസ്ഥ എന്നീ ഭരണകൂട ഘടകങ്ങളെ മുഴുവൻ പൂർണ്ണമായി കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തതുപോലുള്ള അവസ്ഥ ഇനിയും ഇന്ത്യയിൽ രൂപമെടുത്തിട്ടില്ല. എന്നാൽ അതിലേക്കുള്ള നീക്കങ്ങൾ കാണാവുന്നതുമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഭീകര വാഴ്ചയെയും ഫാസിസ്റ്റെന്ന് സിപിഐ എം വിശേഷിപ്പിക്കുകയുണ്ടായില്ല. അതുപോലെ 1972 മുതൽ പശ്ചിമ ബംഗാളിൽ കോൺഗ്രസ്സ് മുഖ്യമന്ത്രി സിദ്ധാർത്ഥ ശങ്കർ റേയുടെ നേതൃത്വത്തിൽ നടന്ന അത്യന്തം ഭയാനകമായ അരുംകൊലകളെയും തിരഞ്ഞെടുപ്പ് അട്ടിമറിയെയും അർദ്ധ ഫാസിസ്റ്റ് തേർവാഴ്ച എന്നാണ് സിപിഐ എം നിർവചിച്ചത്.

പൊതുസമൂഹത്തിന് ഇന്നും ജനാധിപത്യപരമായി ചെറുത്തുനിൽക്കാൻ കഴിയുന്നുണ്ട്. ശരിയായ തോതിൽ സർവശക്തിയും സമാഹരിച്ചാൽ ജനാധിപത്യപരമായ മാർഗങ്ങളിലൂടെത്തന്നെ തോൽപ്പിക്കാൻ കഴിയുന്ന ഒന്നാണ് നവഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പ് എന്ന വസ്തുതയാണ് സിപിഐ എം ചൂണ്ടിക്കാട്ടുന്നത്.

മോദി ഭരണം നവഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു എന്ന് സിപിഐ എം നിർവചിക്കുന്നത് അതുയർത്തുന്ന ഫാസിസ്റ്റ് ഭീഷണി കുറച്ചുകാണാതെയും, സ്ഥിതിഗതികളെ അനനുപാതികമായും ഭയസംഭ്രമം ജനിപ്പിക്കുംവിധം പെരുപ്പിച്ചുകാട്ടാതെയുമാണ്. രോഗത്തെ ശരിയായി മനസ്സിലാക്കുക എന്നത് അതിനുള്ള പരിഹാരപ്രക്രിയയിൽ ഏറ്റവും സുപ്രധാന ചുവടുവെപ്പാണ് എന്നത് നാം മറക്കരുത്. എങ്കിൽ മാത്രമേ ഇന്ത്യൻ സമൂഹത്തിൽ ഇന്നുയർന്നു വന്നിരിക്കുന്ന ഫാസിസ്റ്റ് ഭീഷണിയെ യഥാവിധി മനസ്സിലാക്കാനും അതിനെതിരായ സാംസ്‌കാരിക – രാഷ്ട്രീയ പോരാട്ടങ്ങളിൽ കഴിയുന്നത്ര ജനവിഭാഗങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അണിനിരത്താനും കഴിയൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular