Tuesday, June 16, 2026

ad

Homeവിശകലനംവെെറ്റ് ഹൗസിൽ 
നവഫാസിസം‐ 3

വെെറ്റ് ഹൗസിൽ 
നവഫാസിസം‐ 3

സാമ്പത്തിക സാഹചര്യങ്ങളോടൊപ്പം, ഉൽപ്പാദനം ആഗോള തെക്കൻ മേഖലയിൽനിന്നും ആഗോള വടക്കൻ മേഖലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. 1980ൽ ഏതാണ്ട് 50 ശതമാനമായിരുന്നു തെക്കൻ മേഖലയിലെ വ്യാവസായിക ഉൽപ്പാദനമെങ്കിൽ ഇന്നത് ഏകദേശം 70 ശതമാനമാണ്. ആഗോള വടക്കൻ മേഖലയിലെ കുത്തക –ധനമൂലധനം ധനകാര്യസ്ഥാപനങ്ങളടക്കമുള്ള ബഹുരാഷ്ട്ര കോർപ്പറേഷനുകൾ വഴി തെക്കൻ മേഖലയിൽ നിന്നും വൻതോതിൽ സാമ്പത്തിക മിച്ചം ഊറ്റിക്കൊണ്ടുപോകുന്നത് ഇന്നും തുടരുന്നു; എന്നിരുന്നാലും ഈ മിച്ചം വടക്കൻ മേഖലയിലെ ഉൽപ്പാദനത്തിൽ വർധനവ് ഉണ്ടാക്കുന്നില്ല. മറിച്ച് അവ കമ്പനികളുടെ മൊത്തം ലാഭത്തിൽ വർധനവ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ധന–ആസ്തി സഞ്ചയം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ മുകൾത്തട്ടിലുള്ള സമ്പത്തിന്റെ സർവകാല റെക്കോർഡ് കേന്ദ്രീകരണവും മൊത്തം സമ്പദ്ഘടനയ്ക്കകത്തെ വരുമാനത്തിന്റെ ഉൽപ്പാദനവും തമ്മിലുള്ള ബന്ധമില്ലായ്മ വർധിച്ചുവരുകയാണ്. ത്രയം എന്നുതന്നെ വിശേഷിപ്പിക്കപ്പെടുന്ന അമേരിക്ക, കാനഡ, 
യൂറോപ്പ്, ജപ്പാൻ എന്നീ മുഖ്യസമ്പദ്ഘടനകളിൽ 1980 മുതലിങ്ങോട്ട് മുകൾത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ വരുമാനത്തിലെ വിഹിതം കുതിച്ചുയരുകയാണ്– 1980നും 2015നുമിടയ്ക്ക് അമേരിക്കയിൽ അത് 120% ത്തിലധികമായി വർധിച്ചു; സമ്പദ്ഘടന കൂടുതൽ കൂടുതൽ സ്തംഭനാവസ്ഥയ്ക്കിരയായിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് എന്നോർക്കണം. അമേരിക്കയിലെ ഏറ്റവും മുകൾത്തട്ടിലുള്ള സമ്പന്നരുടെ കെെവശമാണ് ആ രാജ്യത്തിന്റെ സമ്പത്തിന്റെ 70 %ത്തിലധികവും, അതേസമയം താഴേത്തട്ടിലുള്ള പകുതി പേരുടെ വിഹിതമെ ന്നത് ഇല്ല എന്നു തന്നെ പറയാം. ലോകത്തിലെ അതിസമ്പന്നരായ ആറ് ശതകോടീശ്വരർ– അവരിൽ നാല് പേരും അമേരിക്കക്കാരാണ്– ലോക ജനസംഖ്യയുടെ താഴേത്തട്ടിലുള്ള പകുതിപേരുടേതിനേക്കാൾ അധികം സമ്പത്ത് കെെവശം വയ്ക്കുന്നവരാണ്.

അമേരിക്കയിൽ, ഇപ്പോൾ നിർണായകഘട്ടത്തിലേക്കെത്തിക്കൊണ്ടിരിക്കുന്ന അമേരിക്കൻ അധീശാധിപത്യത്തിന്റെ ക്രമേണയുള്ള തകർച്ച ഇപ്പോഴത്തെ ആഗോളതലത്തിലെ ഈ മാറ്റത്തെ കൂടുതൽ കുഴപ്പത്തിലാക്കി. നിലവിൽ അമേരിക്കൻ സമ്പദ്ഘടന 1.6 ശതമാനം നിരക്കിൽ വളരുമ്പോൾ, നേരിയ മന്ദത ഉണ്ടെങ്കിലും ചെെനീസ് സമ്പദ്ഘടന ഏതാണ്ട് 7 ശതമാനം നിരക്കിലാണ് വളർന്നുകൊണ്ടിരിക്കുന്നത്; ലോക സമ്പദ്ഘടനയിൽ അമേരിക്കൻ അധീശത്വത്തിന്റെ മരണമണി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. 2000 മുതലിങ്ങോട്ട് ആഗോള സമ്പദ്ഘടനയിലെ അമേരിക്കയുടെ വിഹിതം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2018 ഓടുകൂടി ചെെനീസ് സമ്പദ്ഘടന അമേരിക്കൻ സമ്പദ്ഘടനയെ മൊത്തത്തിൽ മറികടക്കുമെന്ന് 2016ൽ ഫോബ്സ് മാഗസിൻ പ്രഖ്യാപിച്ചു. വളരെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള അതിസമ്പന്നമായൊരു രാജ്യമാണ് അമേരിക്കയെങ്കിലും, ആഗോള വടക്കൻ മേഖലയിൽ നിന്നും ആഗോള തെക്കൻ മേഖലയിലേക്ക്- ഉത്പാദനം മാറ്റി സ്ഥാപിക്കപ്പെടുന്നതും വലിയൊരു കൂട്ടം സൂചകങ്ങളനുസരിച്ച് അമേരിക്കൻ അധീശാധിപത്യത്തിന്റെ കൂടുതൽ പൊതുവായ ക്ഷയിക്കലും അമേരിക്കൻ അധികാരഘടനയുടെ പ്രധാനപ്പെട്ട ആഗോള ആശങ്കയാണ്. ലോകത്തിലെ പ്രധാന കറൻസി എന്ന നിലയിൽ ഡോളറിന്റെ മേധാവിത്വമുൾപ്പെടെ ധനപരമായ അധീശാധിപത്യം ഇപ്പോഴും അമേരിക്കയ്ക്കുണ്ട്. ഇപ്പോഴും അമേരിക്ക ലോകത്തിലെ പ്രമുഖ സെെനിക ശക്തിയുമാണ്. പക്ഷേ, ചരിത്രം ചൂണ്ടിക്കാണിക്കുന്നത്, ആഗോള ഉത‍്പാദനത്തിന്റെ കാര്യത്തിൽ അധീശാധിപത്യമില്ലാതെ, വരും ദശകങ്ങളിൽ ഇവ രണ്ടും ഇങ്ങനെ നിലനിർത്തിപ്പോകാനാവില്ലയെന്നാണ്. കേവലം അമേരിക്കൻ അധികാരത്തിലൂടെ മാത്രമല്ല, മറിച്ച് അമേരിക്കയും കാനഡയും, യൂറോപ്പ്, ജപ്പാൻ എന്നീ ത്രയത്തിന്റെ അധികാരം കൂടി ഉപയോഗിച്ച് സാമ്പത്തിക അധീശാധിപത്യം നിലനിർത്തിപ്പോകുവാനുള്ള ഒബാമ കാലത്തെ തന്ത്രം, അതേ ത്രയത്തിലുടനീളം സാമ്പത്തിക സ്തംഭനമുണ്ടായതിനെതുടർന്ന് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയിലും ബ്രിട്ടനിലും ഒരുപോലെ കൂടുതൽ സാമ്പത്തിക–ദേശീയവാദ ആശയത്തിന്റെ വ്യാപനത്തിനിടയാക്കി.

അതേ സമയം, താഴ്ന്ന ഇടത്തരം വർഗത്തിൽപെട്ടവരും തൊഴിലാളിവർഗവും അനുഭവിക്കുന്ന വേദനകളുടെയും യാതനകളുടെയുമെല്ലാം ഉറവിടം അമേരിക്കൻ സമ്പദ്ഘടനയുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആഗോള അധികാരശക്തിയാണ് എന്ന തരത്തിലുള്ള ഒരു ധാരണയ്ക്ക്, ആഗോള അധീശാധിപത്യം തകർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന അമേരിക്കൻ സമ്പദ്ഘടനയുടെ പുനഃക്രമീകരണം കാരണമായിട്ടുണ്ട്; ഈ ആഗോള അധികാരശക്തി എന്നു പറയുന്നത് കുറച്ചു മാത്രം വിജയങ്ങളുണ്ടാക്കിയിട്ടുള്ള മധ്യകിഴക്കൻ രാജ്യങ്ങളിലെ സമ്പദ്ഘടന നടത്തുന്ന അവസാനമില്ലാത്തതും പ്രത്യക്ഷത്തിൽ വ്യർത്ഥവുമായ അമേരിക്കൻ യുദ്ധങ്ങൾകൊണ്ട് നാടകീയമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. അമേരിക്കയിൽ ‘‘തൊഴിൽ തട്ടിയെടുക്കുന്ന’’ വിദേശികളും കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന കുടിയേറ്റ ജനതയും അതുകൊണ്ടുതന്നെ, അനായാസം ഇരകളായിത്തീർന്നു; അധികാരത്തിലുള്ളവർക്ക് ഉപയോഗപ്രദമായ തീവ്ര വലതുപക്ഷ ദേശീയത വളർത്തിക്കൊണ്ടുവരികയും അത് ഭരണവർഗത്തിന്റെ ഭാഗത്തുനിന്നുള്ള ആശങ്കകളുമായി ഒത്തുപോകുകയും ചെയ്യുന്നതാണ്. അമേരിക്കയിലെ ട്രംപിസത്തിന്റെ വളർച്ച മാത്രമല്ല, മറിച്ച് ബ്രിട്ടനിലെ ബ്രെക്-സിറ്റിന്റെയും യൂറോപ്യൻ കേന്ദ്രത്തിലുടനീളം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെയും വളർച്ചയും ഇതിന്റെ ഭാഗമാണ്. സമീർ അമിൻ എഴുതിയതുപോലെ, ‘‘ഇനി പറയുന്ന പ്രതിഭാസങ്ങൾ അതിസങ്കീർണമാംവിധം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു: വിപണി കുത്തകകളുടെ (Oligopolies) മുതലാളിത്തം, പ്രഭുവാഴ്ചകളുടെ രാഷ്ട്രീയാധികാരം, കിരാതമായ ആഗോളവത്കരണം, ധനവത്കരണം, അമേരിക്കൻ അധീശാധിപത്യം (ഇപ്പോൾ തകർന്നുകൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ കൂടുതൽ അപകടകരമായതും) വിപണി കുത്തകകളുടെ സേവനത്തിന് ആഗോളവത്കരണത്തിന്റെ വഴിയെ സെെനികവത്കരണം, ജനാധിപത്യത്തിന്റെ തകർച്ച, ഭൂമിയുടെ വിഭവങ്ങൾ കൊള്ളയടിക്കൽ, തെക്കൻ മേഖലയുടെ വികസനത്തെ കെെവെടിയൽ.’’

അടുത്തകാലത്ത്, ഇതിനെ സമീർ അമിൻ ‘‘പൊതുവത്കൃത കുത്തക മുതലാളിത്ത’’ത്തിന്റെ പ്രശ്നമെന്ന് വിളിക്കുകയുണ്ടായി.

എല്ലാ ഫാസിസ്റ്റ് മുന്നേറ്റങ്ങളും തീവ്രദേശീയവാദത്തിലും വിദേശീയ വിദേ-്വഷത്തിലും വംശീയതയിലും ഊന്നുകയും, അതിർത്തികൾ സംരക്ഷിക്കുന്നതിലും സെെനിക മാർഗത്തിലൂടെ തങ്ങളുടെ അധികാരം വിപുലീകരിക്കുന്നതിലും വ്യാപൃതരാവുകയും ചെയ്യുന്നു. എന്താണോ ഭൗമരാഷ്ട്രീയം എന്നറിയപ്പെടുന്നത് അഥവാ ഭൂഗോളത്തിന്റെ വിപുലമായ ഭാഗങ്ങളും അവിടങ്ങളിലെ തന്ത്രപ്രധാനമായ വിഭവങ്ങളും നിയന്ത്രിക്കുന്നതിലൂടെ ലോകത്താകെ സാമ്രാജ്യത്വ അധികാരം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ സാമ്രാജ്യത്വ ഏറ്റുമുട്ടലുകളിൽ തന്നെ ഉടലെടുത്ത ഒന്നാണ്; ബ്രിട്ടനിലെ മാക്കിൻധർ, ജർമനിയിലെ കാറൽ ഹഷോഫർ, അമേരിക്കയിലെ നിക്കോളാസ് ജോൺ സ്പെെക്മാൻ തുടങ്ങിയ ഇതിന്റെ ക്ലാസിക് സെെദ്ധാന്തികർ ഇത് വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ട്; കുത്തക മുതലാളിത്തത്തിന്റെ എല്ലാ ഘട്ടങ്ങളിലും സഹജമായിട്ടുള്ള ഒന്നായി ഈ ഭൗമരാഷ്ട്രീയത്തെ നമുക്ക് കണക്കാക്കാം. 1990–91 ലെ ഗൾഫ് യുദ്ധത്തിൽ തുടങ്ങി 2014 വരെയുള്ള കാലഘട്ടത്തിൽ, ലോക കളിക്കളത്തിൽനിന്നും സോവിയറ്റ് യൂണിയൻ മാഞ്ഞുപോയതിനു –അമേരിക്കയെ ഒരേയൊരു വൻശക്തിയാക്കിക്കൊണ്ട്– തൊട്ടുപിന്നാലെ അമേരിക്കൻ അധീശാധിപത്യം വീണ്ടെടുക്കുവാനും കൂടുതൽ ഊട്ടിയുറപ്പിക്കുവാനുമായിരുന്നു അമേരിക്കൻ ഭൗമരാഷ്ട്രീയം ലക്ഷ്യമിട്ടത്. പോൾ വോൾഫോവിറ്റ്സിനെ പോലെയുള്ള, അക്കാലത്തെ അമേരിക്കൻ തന്ത്രജ്ഞർ തിരിച്ചറിഞ്ഞതുപോലെ, വളരെ പരിമിതമായ സമയം പ്രയോജനപ്പെടുത്തുക എന്നുള്ളതായിരുന്നു ലക്ഷ്യം; അതായത് ഈ പരിമിതമായ സമയത്തെ വോൾഫോവിറ്റ്സ് കണ്ടത് ഒന്നോ കൂടിയാൽ രണ്ടോ ദശകമായാണ്; എന്നുവച്ചാൽ എതിരാളിയായി പുതിയൊരു വൻശക്തി ഉയർന്നുവരുന്നതിന് മുൻപുള്ള കാലയളവ്; ഈ കാലയളവിനകത്ത് മധ്യകിഴക്കൻ രാജ്യങ്ങളിലും ഉത്തരാഫ്രിക്കയിലും ഒപ്പം മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലും അമേരിക്കയ്ക്ക് നിർബാധം ഭരണമാറ്റം നടപ്പാക്കാം. ഈ സമീപനം മധ്യകിഴക്കൻ രാജ്യങ്ങളിലും കിഴക്കൻ യൂറോപ്പിലും ഉത്തരാഫ്രിക്കയിലും അമേരിക്കൻ നേതൃത്വത്തിലുള്ള യുദ്ധങ്ങളുടെ ഒരു നീണ്ടനിരയും ഭരണമാറ്റവും ഉണ്ടാകുന്നതിനിടയാക്കി. അമേരിക്ക സവിശേഷമായി മുൻഗണന നൽകിയ ഒരു പ്രദേശമായിരുന്നു പേർഷ്യൻ ഗൾഫ്; അതിനു കാരണം ഭൂമിശാസ്ത്രപരമായി മാത്രമല്ല, മറിച്ച് ആ പ്രദേശത്തെ അളവറ്റ എണ്ണ വിഭവങ്ങൾകൊണ്ടുകൂടി അതിന് കെെവന്നിട്ടുള്ള നിർണായക തന്ത്രപ്രധാന മൂല്യമായിരുന്നു. എന്നാൽ കിഴക്കൻ യൂറോപ്പിന്റെയാകെ നിയന്ത്രണം കെെക്കലാക്കുകയെന്നതും റഷ്യയെ ദുർബലപ്പെടുത്തുകയെന്നതും അതേ സമയംതന്നെ അമേരിക്കയ്ക്ക് നിർണായകമായിരുന്നു.

ഉക്രൈനിലേക്ക് നാറ്റോ കടന്നുകയറിയതും വീണ്ടുമൊരു വൻശക്തിയായി റഷ്യ ഉയർന്നുവരുന്നതിന് തടയിടുന്നതിനുവേണ്ടി ഉക്രൈനിൽ വലതുപക്ഷ അട്ടിമറിയെ പിന്തുണയ്ക്കുകയും ചെയ്തത് വ്ളാദിമിർ പുടിനുകീഴിൽ ഒരു തിരിച്ചടി നീക്കം റഷ്യ നടത്തുന്നതിനിടയാക്കി; ക്രിമിയ പിടിച്ചെടുത്തതും ഉക്രൈൻ അതിർത്തിയിലുടനീളം ഇടപെട്ടതും ഈ തിരിച്ചടി നീക്കത്തിന്റെ ഭാഗമായിരുന്നു. അമേരിക്കയുടെ ശിങ്കിടിയായ സലഫിസ്റ്റനുകൂല ശക്തികളെ (ഒരു മതമൗലികാവാദ സുന്നി രാഷ്ട്രത്തിന്റെ സ്ഥാപനത്തിനുവേണ്ടി നിലകൊള്ളുന്ന) പിന്തുണച്ചുകൊണ്ട് സിറിയയിലെ അസദ് വാഴ്ചയെ താഴെയിറക്കുന്നതിനുവേണ്ടി അമേരിക്കയും നാറ്റോയും സൗദി അറേബ്യയും ചേർന്നു നടത്തിയ ശ്രമത്തെ അട്ടിമറിച്ചുകൊണ്ട് അക്രമോത്സുകമായ രീതിയിൽ സിറിയയിൽ റഷ്യ ഇടപെട്ടതും ഈ തിരിച്ചടി നീക്കത്തിന്റെ ഭാഗമായിരുന്നു. അതേസമയം അമേരിക്ക നടത്തിയ യുദ്ധങ്ങളിൽ ഇറാഖ്- നശിപ്പിക്കപ്പെട്ടതും സിറിയയിലെ ശിങ്കിടിയുദ്ധത്തിന് (Surrogate War) പശ്ചാത്തലത്തിൽ പാശ്ചാത്യ– ഗൾഫ് രാഷ്ട്രങ്ങൾ സലഫിസ്റ്റനുകൂല സെെന്യത്തെ പോഷിപ്പിച്ചതും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഉദയത്തിലേക്കു നയിച്ചു.

ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകൾ, ഫോറിൻ റിലേഷൻസ് കൗൺസിൽ മേധാവി റിച്ചാർഡ് ഹാസിന്റെ ‘‘തകരാറിലാക്കപ്പെട്ട ലോകം’’ എന്ന വാക്കുകളെ പ്രതിഫലിപ്പിക്കുന്നുണ്ട് ; ഈ വസ്തുതകൾ അമേരിക്കൻ ഭൗമ രാഷ്ട്രീയ തന്ത്രം സംബന്ധിച്ച് ഭരണവർഗത്തിനുള്ളിൽ തന്നെ വിള്ളലുണ്ടാക്കിയിരിക്കുന്നു. ഭരണവർഗത്തിന്റെ പ്രധാന ഭാഗവും ദേശീയ സുരക്ഷാ ഭരണകൂടവും (National Security State) റഷ്യയുമായി പുതിയ ശീതയുദ്ധം നടത്തണമെന്ന് ശക്തമായി വാദിക്കുന്നവരാണ്; റഷ്യയിലെയും അതുപോലെതന്നെ സിറിയയിലെയും വിമാനങ്ങളെ വെടിവച്ചുവീഴ-്ത്തുമെന്ന് അർഥമാക്കിക്കൊണ്ട് സിറിയയിൽ നോ ഫ്ളെെ സോണുകൾ (no–fly zones) കൊണ്ടുവരുന്നതിന് ഹിലരി ക്ലിന്റൺ പ്രതിജ്ഞാബദ്ധമായി നിലയുറപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്; അത് ആഗോള തെർമോ ന്യൂക്ലിയർ യുദ്ധത്തിന്റെ വക്കത്ത് ലോകത്തെ കൊണ്ടെത്തിക്കുകയാണ്. ഇപ്പുറത്ത് ട്രംപ് ശ്രദ്ധയൂന്നുന്നത് റഷ്യയുമായുള്ള പിരിമുറുക്കം കുറയ്ക്കാനാണ്; അങ്ങനെയായാൽ അമേരിക്കയ്ക്ക് ‘‘റാഡിക്കൽ ഇസ്ലാമിക ഭീകരവാദ’’ത്തിനെതിരായ ആഗോളയുദ്ധം നടത്തുന്നതിലും ചെെനയ്ക്കെതിരായ ശീത–ഉഷ്ണയുദ്ധം (Cold–Hot War) നടത്തുന്നതിലും കൂടുതൽ കേന്ദ്രീകരിക്കാം; സാമുവൽ ഹണ്ടിംഗ്ടണിന്റെ ‘‘നാഗരികതകളുടെ ഏറ്റുമുട്ടൽ’’ എന്ന ആശയവുമായി സാമ്യമുള്ള, ബന്നന്റെ ജൂത–ക്രിസ്ത്യൻ യുദ്ധത്തിന്റെ രീതിയിലായിരിക്കും ഇത് നടത്തുക. ഇപ്പറയുന്ന ‘‘അമേരിക്കയുടെ തെക്കൻ അതിർത്തിയുടെ പ്രതിരോധം’’ എന്നതിൽ പ്രതിപാദിക്കുന്നതുപോലെ ഇസ്ലാമോഫോബിയ ചെെന ഫോബിയയുമായും ഒപ്പം ലാറ്റിനോ ഫോബിയയുമായും ലയിക്കുന്നു.

അമേരിക്കൻ ഭൗമരാഷ്ട്രീയ–സാമ്പത്തിക അധികാരം പുനഃസ്ഥാപിക്കുകയെന്ന ട്രംപിന്റെ ലക്ഷ്യത്തിൽ, പ്രാഥമികമായും ശത്രുക്കളെ നിർണയിക്കുന്നതും വംശീയവും മതപരവുമായ അടിസ്ഥാനത്തിലാണ്. മധ്യകിഴക്കൻ മേഖലയിൽ അമേരിക്കയുടെ സെെനിക റിക്രൂട്ട-്-മെന്റ് താവളങ്ങൾ സ്ഥാപിക്കുന്നതിലും ദക്ഷിണ ചെെനാസമുദ്രത്തിൽ ചെെനയുമായുള്ള നാവിക ഏറ്റുമുട്ടൽ ശക്തിപ്പെടുത്തുന്നതിലുമാണ് അമേരിക്കയുടെ പുതിയ ഉൗന്നൽ; ലോകത്തെ പുതിയ എണ്ണശേഖരങ്ങളിലധികവും കാണപ്പെടുന്ന ദക്ഷിണ ചെെനാ സമുദ്രം ലോകത്താകെയുള്ള ഏറ്റുമുട്ടലിന്റെ ഘട്ടത്തിൽ എണ്ണലഭ്യതയുടെ കാര്യത്തിൽ ഭാവിയിൽ ചെെനയ്ക്കുള്ള പ്രധാന ഉറപ്പാണ്. എന്തുതന്നെയായാലും, അമേരിക്കയുടെ ഭൗമരാഷ്ട്രീയ തന്ത്രത്തിൽ പെട്ടെന്നൊരു മാറ്റം നടപ്പാക്കാനുള്ള ഈ ശ്രമത്തിന്റെ ഫലം, നവലിബറലുകളും ട്രംപിന്റെ സ്റ്റെെലിലുള്ള നവഫാസിസ്റ്റുകളും തമ്മിൽ അമേരിക്കൻ ഭരണവർഗത്തിനകത്ത് ഒരു തെറ്റിപ്പിരിയൽ മാത്രമല്ല, മറിച്ച് ഫ്ളെെറ്റിനെ താഴെയിറക്കാനിടയാക്കിയ വാർത്താചോർച്ചകളിലേക്കു നയിച്ച, ഡീപ് സ്റ്റേറ്റി(Deep State) നകത്തുള്ള സംഘർഷങ്ങളും കൂടിയാണ്. ട്രംപിന്റെ ഭൗമരാഷ്ട്രീയ തന്ത്രം ആത്യന്തികമായും ഉറ്റുനോക്കുന്നത് കിഴക്ക്, ചെെനയിലേക്കാണ്; സെെനിക വിന്യാസത്തോടൊപ്പം ഭീഷണമായ സംരക്ഷണവാദത്തിന്റെ രൂപവും അതിന് അമേരിക്ക സ്വീകരിക്കുന്നു. ചെെനയെ നിയന്ത്രിക്കുവാനുള്ള ഉപകരണമെന്ന നിലയിൽ പരാജയപ്പെട്ട ട്രാൻസ്–പെസഫിക് പങ്കാളിത്തത്തെ അടിയന്തിരമായി റദ്ദുചെയ്യുന്നതിലേക്ക് തിരിഞ്ഞ പുതിയ അമേരിക്കൻ ഭരണം, പകരം ദക്ഷിണ ചെെനാ സമുദ്രത്തിനുമേൽ ചെെനയുമായി സാധ്യമാകുന്ന സംഘർഷമടക്കമുള്ള വിട്ടുവീഴ്ചയില്ലാത്ത രീതികൾ സ്വീകരിക്കുകയാണ്.

ഇതിനെയെല്ലാം മറികടക്കുന്ന ഒന്നാണ് ‘‘അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെെനിക വിപുലീകരണ’’ത്തിനൊരുങ്ങുകയാണ് എന്നുള്ള ട്രംപിന്റെ പ്രഖ്യാപനം. തന്റെ ആദ്യ ബജറ്റിൽ അദ്ദേഹം സൂചിപ്പിച്ചത്, 5400 കോടി ഡോളറായി അഥവാ പെന്റഗണിന്റെ നിലവിലെ അടിസ്ഥാന ബജറ്റിന്റെ ഏതാണ്ട് 10 ശതമാനത്തോളമായി സെെനിക ചെലവഴിക്കൽ വർധിപ്പിക്കുമെന്നാണ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത അതിവിപുലമായ പശ്ചാത്തല സൗകര്യ മേഖലയിലെ ചെലവഴിക്കൽ നടപ്പാക്കുന്നതിൽ പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിക്ക് എതിർപ്പുണ്ടായിരിക്കെ, സാമ്പത്തിക മിച്ചം ഊറ്റിയെടുക്കുന്നതിനുള്ള ഒരു മാർഗമായും ഇതിനെ കാണുന്നുണ്ട് (മേൽപറഞ്ഞതുപോലെ, പശ്ചാത്തലസൗകര്യം വികസനത്തിനുവേണ്ടിയുള്ള ചെലവഴിക്കലുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് നികുതിയിളവുകൾ അനുവദിക്കുവാനുള്ള ട്രംപിന്റെ പദ്ധതി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിന് പ്രത്യക്ഷമായി ഒന്നും ചെയ്യില്ല).

ട്രംപിന് സാമ്പത്തികമായി വിജയിക്കാൻ കഴിയുമോ? 2017 ഫെബ്രുവരി ഒടുവിൽ ഫെെനാൻഷ്യൽ ടെെംസിൽ വന്ന ഒരു വിശകലനം വ്യക്തമാക്കുന്നത്, ‘‘ട്രംപിന്റെ സാമ്പത്തിക അജൻഡയുടെ അനന്തരഫലം അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഉയർന്നുവന്ന സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കും’’ എന്നാണ്. സമ്പദ്ഘടനയിൽ മാന്ദ്യം അടിയുറച്ച് നിൽക്കെ, ഇതിന്റെ ഘടനാപരമായ അടിസ്ഥാനം അമിത മൂലധന സമാഹരണമായിരിക്കെ അമേരിക്കൻ സമ്പദ്ഘടനയെ മറ്റൊരു പരിപ്രേക്ഷ്യത്തിലാക്കാനുള്ള ഏതൊരു നീക്കവും കൂടുതൽ പ്രയാസങ്ങൾക്കിടയാക്കും. മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് ഇങ്ങനെ എഴുതുന്നു: ‘‘അമേരിക്കൻ സാമ്പത്തിക മാന്ദ്യത്തിന്റെ അനുപാതം അടുത്തവർഷം മൂന്നിലൊന്നോളമായിരിക്കും; അടുത്ത രണ്ടു വർഷം കഴിയുമ്പോൾ അത് രണ്ടിലൊന്നിലേറെയാകും’’. തികച്ചും മെല്ലെമെല്ലെയുള്ള സാമ്പത്തിക വീണ്ടെടുപ്പുകളുൾപ്പെടെയുള്ള രൂക്ഷമായ സാമ്പത്തിക തകർച്ചയുടേതായ ഒരു ദശകം പിന്നിട്ടശേഷം സമൂഹത്തിലുടനീളം അത് ആപത്കരമായി അനുഭവപ്പെടാനിടയുണ്ട്.

സെെനിക ചെലവഴിക്കലിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും യൂണിയനുകളെ പൊളിച്ചും തൊഴിലാളികളുടെ കൂലി വൻതോതിൽ വെട്ടിക്കുറച്ചും ‘‘കെയ്നീഷ്യൻ’’ സാമ്പത്തിക ഉത്തേജക പദ്ധതി ആദ്യമായി അവതരിപ്പിച്ചത് ഹിറ്റ്ലറായിരുന്നുവെന്ന കാര്യം ഈ പശ്ചാത്തലത്തിൽ നാം ഓർക്കേണ്ടതുണ്ട്. ഒരു നവഫാസിസ്റ്റ് സാമ്പത്തിക തന്ത്രം നവലിബറൽ ചെലവ് ചുരുക്കലിന്റെ (austerity) ഏറ്റവും തീവ്രമായ രൂപമായിരിക്കും; വംശീയതയുടെയും യുദ്ധസജ്ജീകരണത്തിന്റെയും പിന്തുണയും അതിനുണ്ടായിരിക്കും. മൂലധനത്തെ നിയന്ത്രണങ്ങളിൽനിന്നും മുക്തമാക്കലായിരിക്കും അതിന്റെ ലക്ഷ്യം – കുത്തക ധനമൂലധനത്തെ തന്നിഷ്ടംപോലെ പ്രവർത്തിക്കാൻ അനുവദിക്കൽ. കൂടുതൽ സംരക്ഷണ നടപടികൾ പ്രയോഗിച്ച് നേരിട്ട് അമേരിക്കൻ അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കാനുള്ള കൂടുതൽ ആക്രമണാത്മകമായ നീക്കങ്ങളും ഇതിനെ തുടർന്നുണ്ടാകും. ദീർഘകാലാടിസ്ഥാനത്തിൽ ഈ വ്യവസ്ഥയിലെ സാമ്പത്തിക വെെരുദ്ധ്യങ്ങൾ നിലനിൽക്കും; എന്നാൽ പുതിയ സാമ്പത്തിക ദേശീയവാദം ലക്ഷ്യമിടുന്നത്, ആഗോള സാമ്പത്തിക സ്തംഭനത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലുണ്ടാകുന്ന ഓരോ ചില്ലിക്കാശിന്റെയും മുഖ്യപങ്ക് അമേരിക്കയ്ക്ക് തട്ടിയെടുക്കാൻ പറ്റുമെന്ന് ഉറപ്പാക്കലാണ്. എന്നിരുന്നാലും, യുദ്ധകാല സമ്പദ്ഘടനയുടെ വിപുലീകരണം അപകടങ്ങൾ പതിയിരിക്കുന്നതായിരിക്കും; മാത്രമല്ല, അതിന്റെ ഉത്തേജനശക്തിക്ക് ഉൽപാദനത്തിനുമേലുള്ള സ്വാധീനം കഴിഞ്ഞ കാലത്തെയത്ര പ്രബലവുമായിരിക്കില്ല. വ്യാപാരയുദ്ധത്തിലും നാണയയുദ്ധത്തിലോ ആഗോള ആയുധ പന്തയത്തിലോ അമേരിക്ക വിജയിക്കുമെന്നതിനും യാതൊരുറപ്പുമില്ല; അതേസമയം അത്തരം സംഭവവികാസങ്ങൾ ചരിത്രപരമായി ലോകയുദ്ധത്തിനിടയാക്കിയ തരത്തിലുള്ള ശക്തമായ സംഘർഷങ്ങളുടെ ദിശാസൂചകവുമാകും.

ഡൊണാൾഡ് ട്രംപിന്റെ തടുത്തുനിർത്താനാവുന്ന ഉയർച്ച
‘ആർത്തുറൊ ഉയ്-യുടെ തടുത്തുനിർത്താനാവുന്ന ഉയർച്ച’ എന്ന 1941ൽ ബ്രഹ്ത്ത് പ്രസിദ്ധീകരിച്ച ആക്ഷേപ ഹാസ്യനാടകം ചിക്കാഗൊ ഗാങ്സ്റ്റെറിസത്തിന്റെ (ഇവിടെ അക്രമാസക്തമായ ആൾക്കൂട്ടം നിയന്ത്രിക്കുന്ന കോളിഫ്ളവർ കുത്തക) കൂടുതൽ പരിചിതമായ പശ്ചാത്തലത്തിൽ ജർമനിയിൽ ഹിറ്റ്ലറുടെ വളർച്ച സംഭവിച്ചത് രൂപകത്തിന്റെ ശെെലിയിൽ അവതരിപ്പിക്കാനുള്ള ചുരുങ്ങിയത് അമേരിക്കൻ സദസ്സിന്റെ മുന്നിലെങ്കിലും അന്തരാർഥത്തിലുള്ള ഒരു പരിശ്രമമായിരുന്നു– ഭാവിയിൽ ഫാസിസത്തെ എങ്ങനെ തടയാനാകുമെന്നതിന്റെ ഒരു സൂചന നൽകുകയാണിതിൽ. ബ്രഹ്ത് അവതരിപ്പിക്കുന്ന പ്രധാന കാര്യം, നാസി വക്താവിന്റെ ‘മഹത്വ’ത്തെ പൂർണമായും ഒരൽപ്പംപോലും അവശേഷിപ്പിക്കാതെ തുറന്നുകാണിക്കുന്നതിനുപരിയായി, സമൂഹത്തിന്റെ ഫാസിസ്റ്റുവൽക്കരണം ഒരു പ്രക്രിയയാണെന്നും അധികാരം കെെയടക്കുന്നതിനുള്ള ഫാസിസ്റ്റ് ടെക്നിക്കുകളുടെ സ്വഭാവം – പ്രചാരണവും അക്രമവും വിരട്ടലും വഞ്ചനയും – തുടക്കത്തിൽ തന്നെ പൊതുജനങ്ങൾ പൊതുവെ നന്നായി തിരിച്ചറിയുകയാണെങ്കിൽ താഴെ തലത്തിൽനിന്നുള്ള ബോധപൂർവമായ ഒരു മുന്നേറ്റത്തിലൂടെ അവരെ ചെറുക്കാൻ കഴിയുമെന്നതാണ്.

ഫാസിസത്തെ നിർബന്ധമായും പരാജയപ്പെടുത്തേണ്ടതാണെന്ന് ബ്രഹ്ത് വിശ്വസിച്ചു; പക്ഷേ മുതലാളിത്തം തുടരുന്നത് ഫാസിസത്തിന്റെ വീണ്ടുമുള്ള ഉയർന്നുവരവ് ഉറപ്പാക്കുന്നു; ‘‘അവൻ (ഉയ് അഥവാ ഹിറ്റ‍്ലർ) പിറവിയെടുത്ത ഗർഭപാത്രം ഇപ്പോഴും ശക്തമായി വളരുകയാണ്’’. വെെറ്റ് ഹൗസിലേക്ക് നവഫാസിസം നുഴഞ്ഞുകയറിയെന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ, എക്സിക്യൂട്ടീവ് വിഭാഗം ഇപ്പോൾ കാര്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാൻ നടത്തുന്ന പ്രക്രിയയെക്കുറിച്ചുള്ള അറിവാണ് ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളുടെയും അധികാരങ്ങളുടെയും വിഭജനത്തെ വ്യവസ്ഥാപിതമായി സംരക്ഷിക്കുന്നതിന് അനിവാര്യമായിട്ടുള്ളത്. എന്നാൽ അമേരിക്കയിലെ തീവ്രവലതുപക്ഷത്തെ ചെറുക്കുന്നതിന് എസ്റ്റാബ്ലിഷ്മെന്റ് ലിബറലിസവുമായി ഇടതുപക്ഷം കെെകോർക്കുകയെന്ന പഴയ പോപ്പുലർ ഫ്രണ്ട് തന്ത്രം പരിമിതമായ അളവിൽ മാത്രമേ ചില മേഖലകളിൽ പ്രായോഗികമാകൂ; മാനവരാശിക്കാകെ ഭീഷണിയായി നിൽക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ അഥവാ മൗലികമായ രാഷ്ട്രീയാവകാശങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവ അത്തരം മേഖലകളിൽപെടുന്നു. ഇതിനുകാരണം, യഥാർഥത്തിലുള്ള ഘടനാപരമായ മാറ്റത്തിന്റെ അഭാവത്തിൽ ഇത്തരമൊരു സഖ്യത്തിലൂടെ കെെവരിക്കപ്പെടുന്ന ഏതു പ്രാരംഭ നേട്ടവും പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധി തരണം ചെയ്യപ്പെടുന്നതോടെ ആ സഖ്യം തന്നെ ഇല്ലാതാകുന്നതിനുള്ള സാധ്യത പഴയ വെെരുദ്ധ്യങ്ങൾ വീണ്ടും ഉയർന്നുവരാനിടയാക്കുന്നു. അതുകൊണ്ട് വലതുപക്ഷത്തിനെതിരായ ഫലപ്രദമായ ഒരു ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന് അടിത്തട്ടിൽ നിന്നുള്ള കരുത്തുറ്റ ഒരു മുതലാളിത്ത വിരുദ്ധ മുന്നേറ്റത്തിന്റെ നിർമിതി അനുപേക്ഷണീയമാണ്; അഭൂതപൂർവവും ഐതിഹാസികവുമായ ഒരു ഘടനാപരമായ മാറ്റം ലക്ഷ്യമിട്ടുള്ള തികച്ചും വ്യത്യസ്തമായ ഒരു പരിഹാര നിർദ്ദേശം മുന്നോട്ടുവയ്ക്കാനും കഴിയണം. ഇവിടെ മുന്നോട്ടുവയ്ക്കപ്പെടേണ്ട ലക്ഷ്യം മൂലധനത്തിന്റെ യുക്തിയെ മറികടക്കലാണ്; ഉറപ്പുള്ളതും, സ്ഥിരവുമായ തുല്യതയെയും സുസ്ഥിരമായ മാനവിക വികാസത്തെയും പ്രോത്സാഹിപ്പിക്കലുമായിരിക്കണം. ഇത്തരമൊരു കലാപം ഒരിക്കലും കേവലം നവഫാസിസത്തിനെതിരെ മാത്രം നടത്തേണ്ടതല്ല, മറിച്ച് നവലിബറലിസത്തിനെതിരെയും –അതായത് കുത്തക ധനമൂലധനത്തിനെതിരെയും – കൂടി നടത്തേണ്ടതാണ്. വംശീയത, സ്ത്രീവിരുദ്ധത, വിദേശീയ വിദേ-്വഷം, എൽജിബിടിക്യു പ്ലസ് വിഭാഗത്തിലുള്ളവരെ അടിച്ചമർത്തൽ, സാമ്രാജ്യത്വം, യുദ്ധം, പാരിസ്ഥിതിക തകർച്ച എന്നിവയ്ക്കെതിരായ പോരാട്ടങ്ങളെക്കൂടി അതുമായി ബന്ധിപ്പിക്കേണ്ടതാണ്; വർഗ ചൂഷണത്തിനെതിരെയെന്നപോലെ തന്നെ ഈ പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടു പോകുന്നതിനും സംഘടനാപരമായ മാറ്റത്തിനായുള്ള അഥവാ സോഷ്യലിസത്തിലേക്കുള്ള പുതിയൊരു മുന്നേറ്റത്തിനായുള്ള വിശാലവും ഏകോപിതവുമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടത് അനുപേക്ഷണീയമാക്കിത്തീർക്കുന്നു. വെെറ്റ് ഹൗസിലേക്കുള്ള നവഫാസിസത്തിന്റെ കടന്നുവരവിനെയോ, മുതലാളിത്തവുമായും സാമ്രാജ്യത്വവ്യാപനവുമായും ആഗോള സർവനാശം വരുത്തലുമായും (കാലാവസ്ഥാ വ്യതിയാനവും തെർമോ ന്യൂക്ലിയർ യുദ്ധത്തിന്റെ വർധിച്ചുവരുന്ന വിപത്തുകളും) അതിനുള്ള ബന്ധത്തെയോ നിസ്സാരമാക്കുകയും ഗൗരവം കുറച്ചു കാണുകയും ചെയ്യുകയാണെങ്കിൽ അതായിരിക്കും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും മോശപ്പെട്ട കാര്യം എന്നു ഞാൻ കരുതുന്നു. അന്താരാഷ്ട്ര വംശഹത്യാ ഓർമദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ 60 ലക്ഷം ജൂതരെ കൊന്നൊടുക്കിയതിനെക്കുറിച്ച് പറയുന്നതിൽ മനപ്പൂർവം വീഴ്ച വരുത്തിയ ട്രംപ് ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘നാസി ഭീകരത നിരപരാധികളായ ആളുകൾക്കുമേൽ നടത്തിയ ഭീകരതയുടെയും വഷളത്തത്തിന്റെയും ആഴമളക്കൽ അസാധ്യമാണ്… അന്ന് മരിച്ചവരെക്കുറിച്ച് നാം ഓർക്കുമ്പോൾ നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് സ്വന്തം ജീവൻ അപകടത്തിലാക്കിയവരോട് നാം തികച്ചും കടപ്പെട്ടിരിക്കുന്നു…. ഞാൻ പ്രസിഡന്റാതിരിക്കുന്ന കാലത്തുടനീളവും എന്റെ ജീവിതകാലത്തും നന്മയുടെ ശക്തികളെ ഇനിയൊരിക്കലും തിന്മയുടെ ശക്തികൾ പരാജയപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്താൻ കഴിയുന്നതെന്തും ഞാൻ ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’’.

മൂന്ന് ദശകത്തിലേറെമുൻപ്, ഇടതുപക്ഷ ചരിത്രകാരനായ ബേസിൽ ഡേവിഡ്-സൺ നാസി വിരുദ്ധ യുദ്ധത്തിൽ നിന്നുള്ള രംഗങ്ങൾ എന്ന കൃതിയിൽ ചുവടെ പറയുന്ന വാക്കുകളിലാണ‍് തന്റെ നിഗമനം അവതരിപ്പിക്കുന്നത്:

‘‘ഇപ്പോൾ നമ്മുടെ ഈ കാലത്ത് പഴയ മത്സരം (ഫാസിസത്തിനെതിരെ ജനാധിപത്യപരമായ ചെറുത്തുനിൽപ്) വീണ്ടും ഉയർന്നുവരുന്നു. തീവ്രവലതുപക്ഷത്തുള്ള സ്വയം നിയോഗിക്കപ്പെട്ട തീവ്ര ദേശസ്നേഹികൾ തവളക്കരച്ചിലുകൾപോലെ വിജയഭേരി മുഴക്കുകയാണ്; തങ്ങളാണ് വിജയിച്ചതെന്ന് നമ്മൾ വിശ്വസിക്കണമെന്നാണ് അവർ കരുതുന്നത്; എന്നാൽ വാസ്തവത്തിൽ, സത്യം മറിച്ചായിരിക്കും. പുതിയ ‘‘ദേശീയ മുന്നണികൾ’’ രംഗത്തേക്ക് വലിഞ്ഞുകയറുകയാണ്; ഇത് നാസികൾ തുടക്കത്തിൽ ചെയ്തവരെ ക്കാൾ ചെറുതോ കൂടുതൽ മണ്ടത്തരം നിറഞ്ഞവരോ അല്ല. പഴയ ദ്വയാർഥ പ്രയോഗങ്ങൾക്കുപകരം പുതിയ ദ്വയാർഥ പ്രയോഗങ്ങൾ വരുകയാണ്; പഴയവയെപ്പോലെ തന്നെ ഇതും പ്രത്യക്ഷത്തിൽ ‘‘ആദരണീയവും കൃത്യവും’’ ആണെന്നതും.

അവയെയെല്ലാം തന്നെ ചെറുക്കേണ്ടതുണ്ട്. അന്നത്തെപ്പോലെ തന്നെ ഇപ്പോഴും: പക്ഷേ ഇത്തവണ പെട്ടെന്നു വേണം; വളരെ പെട്ടെന്നു തന്നെ’’. l
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × three =

Most Popular