Tuesday, March 18, 2025

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ദരിദ്രരില്ലാത്ത, 
വികസിത സോഷ്യലിസ്റ്റ് 
സമൂഹമായി മാറുന്ന ചെെന

ദരിദ്രരില്ലാത്ത, 
വികസിത സോഷ്യലിസ്റ്റ് 
സമൂഹമായി മാറുന്ന ചെെന

എം എ ബേബി

ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി –6

1978 ഡിസംബറിൽ ചേർന്ന ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 11–ാമത് കേന്ദ്ര കമ്മിറ്റിയുടെ മൂന്നാമത് പ്ലീനറി സമ്മേളനം സോഷ്യലിസ്റ്റ് വികസനത്തിന്റെ പുതിയ പാതയിലേക്കുള്ള പാർട്ടിയുടെ പ്രയാണത്തിന്റെ അടയാളപ്പെടുത്തലായി മാറി. സാമ്പത്തിക വികാസത്തിന്റെ കേന്ദ്ര ബിന്ദുവിൽ ഒരു മാറ്റംവരുത്താനുള്ള തീരുമാനമായിരുന്നു അത്. സോഷ്യലിസ്റ്റ് ആധുനികവത്കരണത്തിന്റെ ആരംഭമെന്ന നിലയിൽ ‘പരിഷ്കരിക്കലും തുറന്ന സമീപനവും’ (Reform and Opening up) എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കപ്പെടുന്നത് ആ സമ്മേളനത്തിലായിരുന്നു. ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം എന്ന സങ്കൽപ്പനവും അതോടെയാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.

1949ൽ മൗ സേദൂങ് ചെെനീസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക് നിലവിൽ വന്നതായി പ്രഖ്യാപിച്ചപ്പോൾ തന്നെ ആധുനികവത്കരണത്തെക്കുറിച്ചും ചെെനയുടെ വികസനത്തെക്കുറിച്ചും അതിന് വിദേശസാങ്കേതികവിദ്യയും മൂലധനവും സ്വീകരിക്കേണ്ടതിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയനിൽനിന്നും സോഷ്യലിസ്റ്റ് ചേരിയിൽ നിന്നുമല്ലാതെ ജനകീയ ചെെനയ്ക്ക് സാങ്കേതികവിദ്യയിലോ ധനപരമായോ യാതൊരു സഹായവും സഹകരണവും നൽകാൻ മറ്റു രാജ്യങ്ങളൊന്നും സന്നദ്ധമായില്ല. 1961ൽ ചെെനയുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് ചെെനയ്ക്കുള്ള സാങ്കേതിക– സാമ്പത്തിക സഹായങ്ങൾ സോവിയറ്റ് യൂണിയൻ നിർത്തലാക്കുകയും സോവിയറ്റ് വിദഗ്ധരെ പിൻവലിക്കുകയും ചെയ്തു. ഇതോടെ ഒറ്റപ്പെട്ട നിലയിലായി ചെെന. എന്നിരുന്നാലും, സ്വാശ്രയത്വത്തെ അടിസ്ഥാനമാക്കിയുള്ള വികസനതന്ത്രത്തിലൂടെ ചെെന ശാസ്ത്ര–സാങ്കേതികരംഗത്തടക്കം മുന്നോട്ടുപോയ കാലമാണ് 1960കളും 1970കളും. 1972ൽ അമേരിക്കൻ പ്രസിഡന്റ് നിക്-സന്റെ ചെെനാ സന്ദർശനത്തെ തുടർന്ന് അന്താരാഷ്ട്രതലത്തിലുള്ള കാൽനൂറ്റാണ്ടുനീണ്ടുനിന്ന ഒറ്റപ്പെടലിന് അറുതിയുണ്ടായി. അതാകട്ടെ, സാമ്പത്തികവളർച്ചക്കു സഹായകമായ സ്വകാര്യമൂലധന നിക്ഷേപത്തിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാകുന്നതിനും അവസരമൊരുക്കി.

രാഷ്ട്രതന്ത്രത്തിലെ ഡയലക്ടിക്സിന്റെ പ്രവർത്തനവും ഇവിടെ കാണാം. സോവിയറ്റ് യൂണിയനെ ദുർബലപ്പെടുത്താനാണ് അമേരിക്ക ഈ സമീപനമെടുത്തത്. അതേസമയം അതുപയോഗിച്ച് ചെെനീസ് സമ്പദ്ഘടനയെ സുശക്തമാക്കാനാണ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി ശ്രമിച്ചത്. അതിൽ സിപിസി വിജയിക്കുക മാത്രമല്ല; ഇപ്പോൾ അമേരിക്കയെ വെല്ലുവിളിക്കാൻ കരുത്തുള്ള ജനകീയ രാഷ്ട്രമായി ചെെന വളരുകയും ചെയ്തിരിക്കുന്നു. വെെരുദ്ധ്യങ്ങളെ സമർഥമായി ഉപയോഗിച്ചതിന്റെ ഉത്തമ ഉദാഹരണമാണിത്.

1978ലെ പ്ലീനറി സമ്മേളനത്തെ തുടർന്ന് ദെങ് സിയാവൊപിങ് നടത്തിയ പ്രസ്താവനകളിൽ രണ്ട് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ കാണാം – ദാരിദ്ര്യം പങ്കുവയ്ക്കലല്ല സോഷ്യലിസം എന്ന ദെങ്ങിന്റെ നിരീക്ഷണം, സാമ്പത്തിക വികാസത്തിന്റെ യഥാർഥ അവകാശികൾ അധ്വാനിക്കുന്നവരാണെന്നും ശാസ്ത്ര–സാങ്കേതിക രംഗത്തെ വികാസത്തിന്റെയാകെ ഗുണഭോക്താക്കളാകേണ്ടത് അധ്വാനിക്കുന്നവരാണെന്നുമുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടത്തിയതാണ്. ശാസ്ത്രീയമായ പരിഷ്കരണത്തിനുനേരെ മുഖംതിരിച്ച് വാതിലുകൾ കൊട്ടിയടച്ച് ഇരിക്കുകയല്ല സോഷ്യലിസ്റ്റ് സാമ്പത്തിക വികാസത്തിനുവേണ്ടത് എന്ന കാഴ്ചപ്പാടാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ദെങ് സിയാവോപിങ്ങും മുന്നോട്ടുവച്ചത്. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവാനന്തരം, പ്രത്യേകിച്ചും പുത്തൻ സാമ്പത്തികനയത്തിന്റെ കാലത്ത്, ലെനിൻ മുന്നോട്ടുവച്ചതും ഇതേ ആശയം തന്നെയായിരുന്നു. ഇക്കാര്യം 1998ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണത്തിന്റെ 150–ാം വാർഷികവേളയിൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിൽ ഇ എം എസ് ചൂണ്ടിക്കാട്ടുകയുണ്ടായി. 1949ൽ മൗ സേദൂങ് പ്രസ്താവിച്ചതും മറ്റൊന്നല്ല. എന്നാൽ ചെെന മുതലാളിത്തത്തിലേക്ക് തിരിയുന്നുവെന്ന ആഖ്യാനമാണ് അന്താരാഷ്ട്ര തലത്തിൽതന്നെ ബൂർഷ്വാ മാധ്യമങ്ങൾ നടത്തിയത്. ഇടതുപക്ഷത്തുള്ള ഒരു വിഭാഗത്തിൽനിന്നുപോലും അത്തരം വിശകലനങ്ങൾ ഉയർന്നുവന്നിരുന്നു. അതാകെ തെറ്റാണെന്ന് കാലം തെളിയിച്ചു. ദെങ്ങിന്റെ രണ്ടാമത്തെ നിരീക്ഷണത്തെ ഇതിന്റെ തുടർച്ചയായാണ് കാണേണ്ടത്. വാതിലുകൾ തുറന്നിടുമ്പോൾ ഈച്ചയും കൊതുകുമുൾപ്പെടെയുള്ള ക്ഷുദ്രപ്രാണികൾ കടന്നുവരുമല്ലോയെന്ന ചോദ്യത്തിന്റെ മറുപടിയായാണ് ദെങ് ആ നിരീക്ഷണം നടത്തിയത്. – ‘‘അതെ, ശരിയാണ്, ഈച്ചയും കൊതുകും മറ്റു പ്രാണികളുമുൾപ്പെടെ കടന്നുവരും. എന്നാൽ അവയെ ചെറുക്കാനും ഇല്ലാതാക്കാനുംവേണ്ട ശേഷി ചെെനീസ് സമൂഹത്തിനും കമ്യൂണിസ്റ്റു പാർട്ടിക്കുമുണ്ട്’’ എന്നായിരുന്നു ഇതിനുള്ള ദെങ്ങിന്റെ മറുപടി. കഴിഞ്ഞ 45 വർഷത്തിനിടയിൽ ഇത്തരം പല പ്രതിസന്ധികളും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരിടേണ്ടതായി വന്നു. അവയെയെല്ലാം ജനങ്ങളെ അണിനിരത്തി പാർട്ടി ഫലപ്രദമായി നേരിടുകയും ചെയ്തു.

ഒരു ദശകത്തിനുള്ളിൽതന്നെ ചെെനയിലെ ഭരണസംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം ഒരു സംഘം വിദ്യാർഥികളെ മുന്നിൽനിർത്തി പ്രതിലോമശക്തികൾ നടത്തുകയുണ്ടായി. 1989 ഏപ്രിൽ–ജൂൺ മാസങ്ങളിലായി നടത്തപ്പെട്ട ടിയാനെൻമെൻ സ്ക്വയർ കലാപത്തിന്റെ നേതാക്കൾ ഉയർത്തിയ മുഖ്യ മുദ്രാവാക്യംതന്നെ അമേരിക്കൻ മോഡൽ ഭരണമെന്നതാണ്. അമേരിക്കൻ ‘സ്വാതന്ത്ര്യ’ പ്രതിമയും ഉയർത്തിയായിരുന്നു അട്ടിമറിക്കാർ രണ്ട് മാസത്തോളം ചെെനീസ് ഭരണത്തിന്റെ സിരാകേന്ദ്രമായ ടിയാനെൻമെൻ സ്ക്വയറിൽ സ്തംഭനാവസ്ഥ സൃഷ്ടിച്ച് തമ്പടിച്ചത്. പലവട്ടം ഉന്നത ഭരണാധികാരികൾതന്നെ നേരിട്ട് പ്രക്ഷോഭകേന്ദ്രത്തിലെത്തി അവരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നിലപാടായിരുന്നു കലാപത്തിന്റെ നേതാക്കൾ സ്വീകരിച്ചത്. ജൂൺ 4 ആയപ്പോൾ ഒരു വിഭാഗം യാതൊരു പ്രകോപനവുമില്ലാതെ അക്രമമഴിച്ചുവിടാൻ തുടങ്ങി. ബെയ്ജിങ് നഗരത്തിന്റെ പലേടങ്ങളിലായി മിലിറ്ററി ട്രക്കുകൾ തടയുകയും തകർക്കുകയും ചെയ്തു. എന്നിട്ടും ഈ അട്ടിമറി നീക്കത്തെ ഫലപ്രദമായി തടയാൻ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിക്ക് കഴിഞ്ഞു.

മറ്റൊരു പ്രശ്നം ഉയർന്നുവന്നത് ഭരണതലത്തിൽ വ്യാപകമായ അഴിമതിയാണ്. കമ്പോള വ്യവസ്ഥയുമായി ഒത്തുപോകുന്നതുകൊണ്ടുതന്നെ അഴിമതിക്കുള്ള സാധ്യതയും വർധിച്ചിരുന്നു. പാർട്ടിയിലും ഭരണത്തിലുമുള്ള ഉന്നതരായ ചിലയാളുകൾ മുതൽ പ്രാദേശിക തലങ്ങളിലുള്ളവർവരെ അഴിമതിയുടെ ചെളിക്കുണ്ടിൽ അകപ്പെട്ടവരായുണ്ടായിരുന്നു. പാർട്ടി ഒന്നടങ്കം അണിനിരന്ന ഒരു ജനകീയ ക്യാമ്പെയ്നിലൂടെ അഴിമതിക്കാരെ കണ്ടെത്തുകയും ഓരോരുത്തരും ചെയ്ത കുറ്റത്തിന്റെ സ്വഭാവമനുസരിച്ചുള്ള ശിക്ഷ ഉറപ്പാക്കുകയും ചെയ്തു. 2012ൽ ചേർന്ന കമ്യൂണിസ്റ്റു പാർട്ടിയുടെ 18–ാം കോൺഗ്രസ് തീരുമാനപ്രകാരമാണ് ഈ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്. 2023 ആയപ്പോൾ വിവിധ തലങ്ങളിൽപെട്ട 23 ലക്ഷത്തോളം പേരാണ് അഴിമതിയുടേയും അപഥ സഞ്ചാരങ്ങളുടേയും പേരിൽ പ്രോസിക്യൂട്ട് ചെയ്യപ്പെട്ടത്. ദേശീയ നേതൃത്വത്തിലുള്ള 5 പേരും ഒരു ഡസനോളം ഉന്നത സെെനിക അധികാരികളും ഉൾപ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. ‘‘കടുവകളെ’’യും ‘‘ഈച്ചകളെ’’യുമെല്ലാം പിടികൂടി ശിക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റു പാർട്ടിയും ഗവൺമെന്റും ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. ജനങ്ങളുടെ പിന്തുണ അതിനൊപ്പമായിരുന്നു. ഈ ശുദ്ധീകരണ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ഒരു തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനം നിരന്തരം പിന്തുടരേണ്ട തെറ്റുതിരുത്തൽ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്തരം ശുദ്ധീകരണ നടപടികൾ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയിൽ നടപ്പാക്കുന്നത്.

1982ൽ ചേർന്ന ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ 12–ാം കോൺഗ്രസിൽ തന്നെ ചെെനയുടെ സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് വ്യക്തമായ ദിശാനിർണയം നടത്തിയിരുന്നു. 2021 ജൂലെെയോടുകൂടി, അതായത് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ രൂപീകരണത്തിന്റെ 100–ാം വാർഷികമാകുമ്പോൾ ചെെനയെ അതിദരിദ്രരില്ലാത്ത സമൂഹമാക്കി മാറ്റുകയും 2050 ആകുമ്പോൾ, അതായത് ചെെനീസ് ജനകീയ റിപ്പബ്ലിക് നിലവിൽ വന്നതിന്റെ 100–ാം വാർഷികത്തോടുകൂടി ചെെനയെ ആധുനിക, വികസിത സോഷ്യലിസ്റ്റ് സമൂഹമാക്കി മാറ്റുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കപ്പെട്ടത്.

നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു ദീർഘകാല പരിപ്രേക്ഷ്യം അവതരിപ്പിക്കുമ്പോഴും അതൊരു വിദൂരസ്വപ്നമായി മാത്രമേ പലരും കണ്ടിരുന്നുള്ളൂ. 1997ൽ ചേർന്ന 15–ാം പാർട്ടി കോൺഗ്രസിലോ പിന്നീട് 16–ാം കോൺഗ്രസിലോ 17–ാം കോൺഗ്രസിലോ പോലും ഇതു സംബന്ധിച്ച് കൃത്യമായ ഒരു രൂപരേഖ അവതരിപ്പിക്കുകയുണ്ടായില്ല. അപ്പോഴെല്ലാം സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ഇനിയുമൊരു നൂറുവർഷമോ അതിലധികമോ വേണ്ടിവന്നേയ്ക്കാം എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്.

എന്നാൽ, 2012ൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ 18–ാം കോൺഗ്രസിലാണ് ദാരിദ്ര്യനിർമാർജനത്തിനും സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തിനുംവേണ്ട മൂർത്തമായ പരിപാടിക്കു രൂപം നൽകണമെന്ന് തീരുമാനിക്കപ്പെട്ടത്. അങ്ങനെയാണ് 2014 ഒക്ടോബറിൽ ചേർന്ന 18–ാം കേന്ദ്ര കമ്മിറ്റിയുടെ നാലാമത് പ്ലീനറി സമ്മേളനത്തിൽ ദാരിദ്ര്യ നിർമാർജനത്തിനും സോഷ്യലിസ്റ്റ് നിർമിതിക്കുംവേണ്ട സമഗ്രമായ പരിപാടിക്ക് രൂപം നൽകിയത്. കൃത്യമായി പറഞ്ഞാൽ ചെെനയുടെ സാമൂഹിക–സാമ്പത്തിക സാഹചര്യം അത്തരമൊരു ചർച്ചയിലേക്ക് കടക്കാൻ കഴിയുന്ന അവസ്ഥയിൽ അപ്പോൾ മാത്രമാണെത്തിയിരുന്നതെന്നർഥം. മൂർത്തമായ സാഹചര്യത്തെ സംബന്ധിച്ച മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അങ്ങനെ സുദൃഢമായ ഒരു തീരുമാനത്തിലേക്കും അത് സാക്ഷാത്ക്കരിക്കാൻവേണ്ട പരിപാടി തയ്യാറാക്കുന്നതിലേക്കും പാർട്ടി നീങ്ങിയത്.

1978ൽ ദെങ് സിയാവൊപിങ് ചെെനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം എന്ന സങ്കൽപ്പനം മുന്നോട്ടുവച്ചപ്പോൾതന്നെ ഒരു വിഭാഗം മാർക്സിസ്റ്റ് ചിന്തകർക്കിടയിൽ ആശങ്കകൾ ഉയർന്നിരുന്നു. 1992ൽ 14–ാം പാർട്ടി കോൺഗ്രസിൽ ജിയാങ് സെമിൻ ‘‘സോഷ്യലിസ്റ്റ് കമ്പോ‍ള സമ്പദ്ഘടന’’എന്ന ആശയം അവതരിപ്പിച്ചപ്പോഴും വിമർശനങ്ങൾക്ക് മൂർച്ച കൂടിയതേയുള്ളൂ. പൊതു ഉടമസ്ഥതയ്ക്കും സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്കും പ്രാമുഖ്യമുള്ള സമ്പദ്ഘടനയാണെന്ന് വിശദീകരിക്കപ്പെട്ടപ്പോഴും വിമർശകർ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി സോഷ്യലിസത്തിൽനിന്ന് പിന്നോട്ടുപോവുകയാണെന്ന ധാരണയിൽ ഉറച്ചുനിൽക്കുകയും അത് പ്രചരിപ്പിക്കുകയുമായിരുന്നു.

എന്നാൽ, 1956ൽ ചേർന്ന പാർട്ടിയുടെ 8–ാം കോൺഗ്രസിൽ തന്നെ മുന്നോട്ടുവയ്ക്കപ്പെട്ട, ‘ആദ്യം ചെെനയെ ആധുനികവും വികസിതവുമായ സമൂഹമാക്കി മാറ്റുക’യെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടാൽ മാത്രമേ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റം യാഥാർഥ്യമാക്കാനാകൂയെന്ന് വ്യക്തമാക്കിയിരുന്നു. ‘‘മഹത്തായ കുതിച്ചുചാട്ടം’’ എന്ന ആശയത്തിലൂടെ അതിന്റെ വേഗത വർധിപ്പിക്കാൻ നടത്തിയ നീക്കം നിശ്ചിത സമയപരിധിക്കുള്ളിൽ നടത്താൻ കഴിയാതെവന്നത് അത് കേവലം ആത്മനിഷ്ഠമായ മോഹചിന്തയായിരുന്നതിനാലാണ്. അതിനാലാണ് ആദ്യം ചെെനയെ സമ്പൂർണ ദാരിദ്ര്യമുക്തമാക്കണമെന്നും തുടർന്നു മാത്രമേ സാമ്പത്തികവികാസത്തിന്റെ വിവിധ പടവുകൾ കയറി 2050ൽ ആധുനിക വികസിത സോഷ്യലിസ്റ്റ് സമൂഹമാക്കി ചെെനയെ മാറ്റാനാകൂവെന്നുമുള്ള കൃത്യമായ കാഴ്ചപ്പാട് 2012ൽ അവതരിപ്പിച്ചത്.

അതിദാരിദ്ര്യമില്ലാത്ത സമൂഹം എന്നാൽ എന്തെന്ന കാഴ്ചപ്പാടും മുന്നോട്ടുവച്ചിരുന്നു. എല്ലാവർക്കും ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭ്യമാക്കുകയെന്ന ‘‘രണ്ട് ഉറപ്പുകളും’’ ഒപ്പം തന്നെ സമ്പൂർണ ചികിത്സാ സൗകര്യ ലഭ്യതയും വെെദ്യുതിയും കുടിവെള്ളവും ലഭ്യമായിട്ടുള്ള സുരക്ഷിതമായ പാർപ്പിടവും, ചുരുങ്ങിയത് 9 വർഷം വരെയെങ്കിലും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കലുമെന്ന ‘‘മൂന്ന് ഗ്യാരന്റി’’കളുമുള്ള സമൂഹത്തെയാണ് അതിദരിദ്രരില്ലാത്ത സമൂഹമായി ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി വിശേഷിപ്പിച്ചത്.

ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇന്ന്

മ്പതുകോടി തൊണ്ണൂറ്റൊന്നു ലക്ഷത്തി എൺപത്തിഅയ്യായിരം (9,91,85,000) അംഗങ്ങളാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലുള്ളത് (2023 ലെ കണക്ക്). ഇതിൽ 2 കോടി 60 ലക്ഷം അംഗങ്ങൾ, കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽനിന്നാണ്. തൊഴിലാളികൾ 66 ലക്ഷമാണ്. ഒരു കോടി അറുപത്തി രണ്ടുലക്ഷം പേർ പ്രൊഫഷണലുകൾ, സാങ്കേതികവിദഗ്ധർ, പൊതുസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ, സേവന മേഖലയിലുള്ളവർ എന്നിവരെല്ലാം ചേർന്നതാണ്. ഒരു കോടി പതിനഞ്ചുലക്ഷം വ്യത്യസ്ത തലങ്ങളിൽ ഭരണപരമായ ജോലികൾ ചെയ്യുന്നവരാണ്. പാർട്ടി കേഡർമരായി മുഴുവൻ സമയപ്രവർത്തനം നടത്തുന്നവരാണ് 76 ലക്ഷം സഖാക്കൾ. 56.2% പാർട്ടി അംഗങ്ങൾ ബിരുദ വിദ്യാഭ്യാസമോ അതിലധികമോ ഉള്ളവരാണ്. 75 ലക്ഷം പാർട്ടി അംഗങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്. മൂന്നുകോടിയിലധികം വനിതകൾ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി (30.4%) അംഗങ്ങളാണ്. 27 മന്ത്രിമാരിൽ 3 പേർ വനിതകളാണ്. മുമ്പ് പൊളിറ്റ് ബ്യൂറോയിൽ വനിതകൾ ഉണ്ടായിരുന്നു. ഇത്തവണ ആരുമില്ല എന്ന കുറവ് വിഷമകരമാണ്. 8 കോടി പത്തുലക്ഷത്തിൽപ്പരം അംഗങ്ങളുള്ള യുവ കമ്യൂണിസ്റ്റ് സംഘടനയും അതിനും താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള സംഘടനയും പുതിയ തലമുറയെ പാർട്ടിയിലേക്ക് അണിനിരത്തുന്ന പ്രവൃത്തി കൃത്യമായി നിർവഹിക്കുന്നു. 2022 ഒക്ടോബറിൽ നടന്ന 20–ാം പാർട്ടി കോൺഗ്രസ്സിൽ 205 പേരടങ്ങിയ കേന്ദ്ര കമ്മിറ്റി, 171 അംഗങ്ങളടങ്ങിയ ആൾട്ടർനേറ്റ് കേന്ദ്ര കമ്മിറ്റി, 24 അംഗ പൊളിറ്റ് ബ്യൂറോ, 7 പേരടങ്ങിയ പി ബി സ്റ്റാൻഡിങ് കമ്മിറ്റി, 7 അംഗങ്ങൾ അടങ്ങിയ സെക്രട്ടറിയറ്റ് എന്നിവയെ തെരഞ്ഞെടുത്തു. സഖാവ് ഷി ജിൻ പിങ് വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ചെെനയുടെ പ്രസിഡന്റും പാർട്ടി ജനറൽ സെക്രട്ടറി ഷി ജിൻപിങ് തന്നെയാണ്. സമൂഹത്തിൽ ഇപ്പോഴും തുടരുന്ന അസമത്വങ്ങൾ, പല തലങ്ങളിലും നിലനിൽക്കുന്ന അഴിമതി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് ചെെനയിൽ ഏറ്റവും ശ്രദ്ധാപൂർവം ഇടപെട്ട് തിരുത്തേണ്ട ഗുരുതരമായ വെെകല്യങ്ങൾ എന്നു തുറന്നു പറഞ്ഞുകൊണ്ടാണ് ഷി ജിൻ പിങ് ചെെനീസ് സമൂഹത്തെ ആധുനികീകരിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംരംഭകരും സമ്പാദിക്കുന്നവരും സാമ്പത്തിക അഭിവൃദ്ധിയുടെ ഒരു പങ്ക് ദാരിദ്ര്യവും അസമത്വവും തുടച്ചുമാറ്റുന്ന സംരംഭങ്ങൾക്ക് നൽകണമെന്നും ഷി ജിൻപിങ് ശക്തമായി നിർദേശിച്ചിട്ടുണ്ട്. പ്രതീക്ഷ പകരുന്ന നയങ്ങളാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടേത്.

1931ൽ വിമോചിത മേഖലകളിൽ ജിയാങ്സി– ഫുജിയാൻ സോവിയറ്റിലായിരുന്നു ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ദാരിദ്ര്യ നിർമാർജനത്തിനുള്ള ആദ്യനടപടികൾക്ക് തുടക്കം കുറിച്ചത്. 1937ൽ ഈ വിമോചിത മേഖലകൾ സന്ദർശിച്ച ഇസബെൽ ക്രൂക്കും ഡേവിഡ് ക്രൂക്കും എഴുതിയ Ten Mile Inn എന്ന കൃതിയിൽ വിവരിക്കുന്നത്, ഹെബെെ വില്ലേജിലെ 70 ശതമാനത്തിലേറെയും കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലുമായിരുന്നുവെന്നാണ്. ഒരു നേരത്തെ ആഹാരംപോലും കൊടുക്കാനാകാത്തതുകൊണ്ട് മാതാപിതാക്കൾ കുഞ്ഞുങ്ങളെ കൊല്ലാൻപോലും മടിച്ചിരുന്നില്ലെന്നും വിവരിക്കുന്നുണ്ട്. ഇത് ഹെബെെ ഗ്രാമത്തിലെ അവസ്ഥ മാത്രമായിരുന്നില്ല ചെെനയിലെയാകെ അവസ്ഥയായിരുന്നു. അതിൽനിന്ന് ജനതയെ കരകയറ്റാനുള്ള ശ്രമമായിരുന്നു ആദ്യം വിമോചിതപ്രദേശങ്ങളിലും പിന്നീട് 1949നു ശേഷം ചെെനയിലാകെയും കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ നടന്നത്. ഭൂപരിഷ്-ക്കരണവും നിരക്ഷരതാ നിർമാർജനവും സാർവത്രിക ആരോഗ്യപരിചരണ പരിപാടിയുമെല്ലാം അതിന്റെ ഭാഗമായിരുന്നു.

1983ൽ ലോകബാങ്ക് ചെെനയെ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞത് മുപ്പത് വർഷത്തിലേറെയായി അതായത് 1949 നുശേഷം ചെെനയിൽ സംഭവിച്ച വികാസം ശ്രദ്ധേയമായവിധം വിജയമായിരുന്നുവെന്നാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ക്ഷാമവും പട്ടിണിമരണങ്ങളും 1960കളോടെ തന്നെ പൂർണമായും തുടച്ചുനീക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതി-ഫലനമാണ് 1949ൽ ചെെനയിലെ ശരാശരി ആയുർദെെർഘ്യം 36 വയസ്സായിരുന്നത് 1978 ആയപ്പോൾ 67 ആയി ഉയർന്നത്. ദാരിദ്ര്യനിർമാർജനത്തിലും ആധുനിക സമൂഹമാക്കാനുള്ള മുന്നേറ്റത്തിലും ജനകീയ ചെെനയുടെ ആദ്യ മൂന്ന് പതിറ്റാണ്ടുകളിലെ സോഷ്യലിസ്റ്റ് നിർമാണപ്രക്രിയ വലിയ പങ്കുവഹിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു.

എന്നാലും 1978ലും ചെെന പൊതുവിൽ ദരിദ്രരാജ്യം തന്നെയായിരുന്നു. ചെെനയിലെ ഗ്രാമീണ ജനതയുടെ 30 ശതമാനവും അപ്പോഴും ദരിദ്രരായിരുന്നു; പോഷകാഹാര ലഭ്യത കുറവായിരുന്നു. അടിസ്ഥാനപരമായ വ്യവസായവൽക്കരണം കെെവരിക്കാനായെങ്കിലും ഉൽപ്പാദനക്ഷമതയുടെ കാര്യത്തിൽ വികസിത മുതലാളിത്ത രാജ്യങ്ങളെക്കാൾ വളരെ പിന്നിലായിരുന്നു ചെെന. പ്രതിശീർഷ ഭക്ഷേ-്യാൽപ്പാദനം 1952 ലേതിനേക്കാൾ 10 ശതമാനം മാത്രമേ വർധിച്ചിരുന്നുള്ളൂ; എന്നാൽ വിതരണത്തിൽ തുല്യതയുണ്ടായിരുന്നു. വിപ്ലവത്തിനു മുൻപുണ്ടായിരുന്നതിനെക്കാൾ പൊതുവിൽ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലെത്തിയിരുന്നു. എന്നാൽ സമ്പന്നവും സുഭിക്ഷവുമായ ഒരു സമൂഹമായി മാറാൻ ചെെനയ്ക്ക് ആദ്യത്തെ മൂന്ന് പതിറ്റാണ്ടിനകത്ത് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ തെക്കൻ ചെെനയിൽനിന്ന് ആളുകൾ മെച്ചപ്പെട്ട ജീവിതം തേടി ഹോങ്കോങ്ങിലേക്ക് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. ജനങ്ങളിൽ പടർന്നുവരുന്ന അസംതൃപ്തിയുടെ പ്രതിഫലനമായി ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം ഇതിനെ വിലയിരുത്തി.

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുകയും വിപ്ലവത്തെ വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യണമെങ്കിൽ ശാസ്ത്ര – സാങ്കേതികവിദ്യാരംഗത്ത് ദ്രുതഗതിയിലുള്ള വളർച്ച അനിവാര്യമാണെന്ന നിഗമനത്തിലാണ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം എത്തിച്ചേർന്നത്. ആ നിഗമനവും പുതുതായി പൊട്ടിമുളച്ചതായിരുന്നില്ല. 1954ൽ തന്നെ മൗ സേദൂങ് വ്യക്തമാക്കിയത്, അടുത്ത 50 – 60വർഷത്തിനുള്ളിൽ സാമ്പത്തിക സ്ഥിതിയിലും ജനങ്ങളുടെ ജീവിതനിലവാരത്തിലും ചെെന അമേരിക്കയ്ക്ക് ഒപ്പമെങ്കിലും എത്തിയില്ലെങ്കിൽ പിന്നെ വിപ്ലവം കൊണ്ടെന്തു കാര്യം എന്നാണ്. 1918ൽ ഒക്ടോബർ വിപ്ലവാനന്തരം ലെനിൻ, ‘‘സോവിയറ്റ് ഗവൺമെന്റിന്റെ അടിയന്തര കടമകൾ’’ എന്ന ലഘുലേഖയിൽ എഴുതിയത്, ‘‘മുതലാളിത്തത്തെ അപേക്ഷിച്ച് തൊഴിലാളിയുടെ അധ്വാനക്ഷമതയിൽ വലിയൊരു മുന്നേറ്റമുണ്ടാകണമെന്നതാണ് സോഷ്യലിസം ആവശ്യപ്പെടുന്നത്’’ എന്നാണ്. മുതലാളിത്ത ലോകത്തേക്കാൾ പിന്നോക്കാവസ്ഥയിൽ ചെെന തുടർന്നത് 1970കളുടെ പകുതിവരെ ലോകത്തുനിന്നു തന്നെ ചെെന ഒറ്റപ്പെടുത്തപ്പെട്ട അവസ്ഥയിലായിരുന്നതിനാലാണ്.

അമേരിക്കൻ സമ്പദ്ഘടന കടുത്ത മാന്ദ്യം നേരിട്ടിരുന്ന ഘട്ടത്തിൽ അതിനെ പിടിച്ചുനിർത്തുന്നതിന് ചെെനയിലെ വിപണിയിലേക്ക് കടന്നുകയറുക ലക്ഷ്യമിട്ടുകൊണ്ട് 1971ൽ ഹെൻറി കിസിങ്ങർ രഹസ്യമായി ചെെന സന്ദർശിച്ചതും 1972ൽ പ്രസിഡന്റ് നിക്സൻ തന്നെ ചെെനയിലെത്തി ചെെനീസ് നേതൃത്വവുമായി ചർച്ച നടത്തിയതും മാറ്റത്തിന്റെ തുടക്കംകുറിച്ചു. ഇതിനെ തുടർന്ന് ചെെനയ്ക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും ശാസ്ത്ര സാങ്കേതികവിദ്യാരംഗങ്ങളിലുള്ള പുതിയ പ്രവണതകളെക്കുറിച്ച് അറിവുനേടാനും അവസരമുണ്ടായി. 1979ൽ ചെെനയും അമേരിക്കയും തമ്മിൽ ഔപചാരികമായി ഉഭയകക്ഷിബന്ധം സ്ഥാപിക്കപ്പെട്ടു; ലാഭേച്ഛയോടെയും, നേരത്തെ സൂചിപ്പിച്ചതുപോലെ സോവിയറ്റ് യൂണിയനെതിരായ കണക്കുകൂട്ടലുകളോടെയും ആണെങ്കിലും 1980ൽ അമേരിക്ക ചെെനയെ ഏറ്റവുമധികം പരിഗണിക്കപ്പെടേണ്ട രാഷ്ട്രമായി പ്രഖ്യാപിച്ചു; അതോടെ ചെെനയ്ക്ക് ആഗോള വിപണിയിലേക്കുള്ള വാതിൽ തുറന്നുകിട്ടി.

1978നും 2013നും ഇടയ്ക്ക് ലോക ബാങ്കിന്റെ നിലവാര പ്രകാരമുള്ള കണക്കനുസരിച്ച് ചെെനയിൽ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവരുടെ സംഖ്യ 9 ശതമാനമായി കുറഞ്ഞു. 1978ൽ ചെെനയുടെ പ്രതിശീർഷ ജിഡിപി ഇന്ത്യയുടേതിന് സമാനമായിരുന്നു. എന്നാൽ 2020 ആയപ്പോൾ അത് ഇന്ത്യയുടേതിനെക്കാൾ 5 ഇരട്ടിയിലേറെ വർധിച്ചു. അതായത് ചെെനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസ്റ്റ് കമ്പോള സമ്പദ്-വ്യവസ്ഥ എന്ന പരിഷ്കരണാനന്തരമുള്ള നാല് പതിറ്റാണ്ടിനുള്ളിൽ ചെെനീസ് ജനതയുടെ പൊതുജീവിത നിലവാരത്തിൽ തന്നെ ഗണ്യമായ അഭിവൃദ്ധിയുണ്ടായി. ഭക്ഷേ-്യാൽപാദനം ഗണ്യമായി വർധിച്ചതോടെ ഭക്ഷ്യധാന്യങ്ങളുടെ റേഷൻ ആവശ്യമില്ലാതായി. 1980കളിൽ ഫ്രിഡ്ജും വാഷിങ് മെഷീനുമെല്ലാം അപൂർവമായിരുന്നെങ്കിൽ 2020 ആയപ്പോൾ ഗ്രാമപ്രദേശങ്ങളിലടക്കം അത് ഏറെക്കുറെ സാർവത്രികമായി. ശുദ്ധജല ലഭ്യതയും ആധുനിക ഊർജ സംവിധാനങ്ങളുടെ ലഭ്യതയും ഗണ്യമായ വിധം ഉയർന്നു, ഏതാണ്ട് എല്ലാവർക്കും അത് ലഭ്യമായി. 1975ൽ ചെെനയുടെ ആയുർദെെർഘ്യം 62 ആയിരുന്നു. ആ കാലത്ത് വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ആകർഷകമായ അവസ്ഥ തന്നെ; പ്രത്യേകിച്ചും ഇന്ത്യയുടെ അന്നത്തെ ആയുർദെെർഘ്യം 49 വയസ്സായിരുന്നുവെന്നതുകൂടി കണക്കിലെടുക്കുമ്പോൾ. എന്നാൽ 1975ൽ അമേരിക്കയുടെ ആയുർദെെർഘ്യം 71 ആയിരുന്നു. അതേസമയം 2021 ആയപ്പോൾ ചെെനയുടെയും അമേരിക്കയുടെയും ആയുർദെെർഘ്യം ഒരേപോലെ 77 ആയി ഉയർന്നു. ദാരിദ്ര്യം സംബന്ധിച്ച മറ്റൊരു പ്രധാന സൂചിക ശിശു മരണ നിരക്കാണ്. അത് 1970കളുടെ ഒടുവിൽ 1000 കുട്ടികൾ ജനിക്കുമ്പോൾ 37.66 പേർ മരണപ്പെട്ടിരുന്നത് 2020ൽ ആയിരത്തിന് 5.4 എന്ന നിലയിൽ കുറഞ്ഞു – അതേ വർഷം ആയിരത്തിന് 5.69 കുട്ടികൾ മരണപ്പെട്ടിരുന്ന അമേരിക്കയുടേതിനെക്കാൾ കുറവായിരുന്നു ഇത്.

1988നും 2008നുമിടയ്ക്ക് ചെെനയുടെ ശരാശരി പ്രതിശീർഷ വരുമാനം 229 ശതമാനം കണ്ട് വളർന്നു – 24 ശതമാനമെന്ന ആഗോള ശരാശരിയെക്കാൾ 10 ഇരട്ടി അധികം; ഇന്ത്യയുടേതിനെക്കാൾ വളരെ വളരെ മുന്നിൽ (ഇന്ത്യയുടേത് 34%). സാമ്പത്തിക വിദഗ്ദ്ധനായ ആർതർ ക്രോയ്ബർ ‍എഴുതിയ ഒരു ലേഖനത്തെ ഉദ്ധരിച്ച് കാർലോസ് മാർട്ടിനെസ് മോണിങ് സ്റ്റാറിൽ 2021 ആഗസ്തിൽ ഇങ്ങനെയെഴുതി: ‘‘1994ൽ ചെെനയിലെ ഒരു ഫാക്ടറി തൊഴിലാളിക്ക് അതേ ജോലി ചെയ്യുന്ന തായ്ലണ്ടിലെ ഫാക്ടറി തൊഴിലാളിക്ക് ലഭിച്ചിരുന്ന കൂലിയുടെ നാലിലൊന്നു മാത്രമായിരുന്നു ലഭിച്ചിരുന്നത്; എന്നാൽ 2008 ആയപ്പോൾ ചെെനീസ് തൊഴിലാളിക്ക് തായ്ലണ്ടിലെ തൊഴിലാളിക്ക് ലഭിക്കുന്നതിനെക്കാൾ 25 ശതമാനം അധികം കൂലി ലഭിക്കുന്ന സ്ഥിതിയായി’’. ഇതെല്ലാം കാണിക്കുന്നത് 1978ലെ സാമ്പത്തിക പരിഷ്കരണം ചെെനയിലെ ദാരിദ്ര്യ നിർമാർജനത്തിൽ ശ്രദ്ധേയമായ പങ്കു വഹിച്ചതായാണ്. അതുപോലെ തന്നെ ചെെനയുടെ ജിഡിപി 1978ൽ 15,000 കോടി ഡോളറായിരുന്നത് 2021ൽ 17.7 ലക്ഷം കോടി ഡോളറായി വർധിച്ചു. എന്നാൽ ശ്രദ്ധേയമായ മറ്റൊരു കാര്യം ചെെനയിലെ അസമത്വത്തിന്റെ വളർച്ച ദാരിദ്ര്യം കുറയുന്നതിനാനുപാതികമായി കുറയുകയല്ല, വർധിക്കുകയാണുണ്ടായത്. 2017ലെ 19–ാം പാർട്ടി കോൺഗ്രസ് ഈ പ്രശ്നത്തിനു കൂടി പരിഹാരം കണ്ടുകൊണ്ട് സോഷ്യലിസത്തിലേക്കുള്ള പ്രയാണം ത്വരിതഗതിയിലാക്കാനുള്ള നീക്കത്തിനും മുൻഗണന നൽകി. 2000 മുതൽ തന്നെ ചെെന നഗര – ഗ്രാമ അസമത്വവും രാജ്യത്തിനുള്ളിലെ ദരിദ്ര പ്രദേശങ്ങളും സമ്പന്നപ്രദേശങ്ങളും തമ്മിലുള്ള അസമത്വവും കുറയ്ക്കാനുള്ള നടപടികൾക്ക് തുടക്കംകുറിച്ചിരുന്നു. കർഷകരുടെ വരുമാന വർധനയ്ക്കുള്ള പദ്ധതികൾക്കൊപ്പം വിപുലമായ പശ്ചാത്തല വികസന പരിപാടികളും ഇതിന്റെ ഭാഗമായി നടപ്പാക്കപ്പെട്ടു. തൽഫലമായി 2009 മുതൽ നഗര – ഗ്രാമ വരുമാന അന്തരം കുറയാൻ തുടങ്ങി. 2010നുശേഷം ഉയർന്ന വരുമാനമുള്ള വിഭാഗങ്ങളും താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളും തമ്മിലുള്ള അസമത്വം ഗണ്യമായി കുറഞ്ഞു തുടങ്ങി.

2007 മുതൽ നിർബന്ധിതവും സാർവത്രികവുമായ സൗജന്യ വിദ്യാഭ്യാസം നടപ്പായി. 2003 ൽ തന്നെ ഗ്രാമീണ സഹകരണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നിലവിൽ വന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വരുമാന കെെമാറ്റ പരിപാടിയും ഇതിന്റെ ഭാഗമായി നടപ്പാക്കി തുടങ്ങി. ദാരിദ്ര്യത്തിന്റെയും അസമത്വത്തിന്റെയും അവശേഷിക്കുന്ന കണിക വരെ ഇല്ലാതാക്കുന്നതിനുള്ള തീവ്ര നടപടികൾക്കാണ് 2017ൽ രൂപംനൽകിയത്.

ദാരിദ്ര്യ നിർമാർജനത്തിനായി വിപുലമായ പരിപാടിക്കാണ് 2014ൽ രൂപം നൽകിയത്. ആരെല്ലാമാണ് ദരിദ്രരായി അവശേഷിക്കുന്നത്, ദരിദ്രർ ഏറ്റവും അധികമുള്ള പ്രദേശങ്ങൾ ഏവ എന്നെല്ലാമുള്ള സർവ്വെകളാണ് തുടക്കത്തിൽ നടപ്പാക്കപ്പെട്ടത്. അതിനായി പാർട്ടി ജനറൽ സെക്രട്ടറി ഷി ജിൻപിങ് മുതൽ ഏറ്റവും താഴേത്തട്ടിലുള്ള ബ്രാഞ്ചംഗംവരെയുള്ള മുഴുവൻ പാർട്ടി അംഗങ്ങളും രംഗത്തിറങ്ങി. ഷി ജിൻപിങ് നേരിട്ട് നിരന്തരം ഓരോ പ്രദേശത്തുമെത്തി അവലോകന യോഗങ്ങൾ നടത്തി. പോരായ്മകൾക്ക് പരിഹാരം കാണാനുള്ള നിർദേശങ്ങൾ നടത്തി. 8 ലക്ഷത്തിലേറെ പാർട്ടി കാഡർമാരും വളന്റിയർമാരും രാജ്യത്തുടനീളം ഭവന സന്ദർശനത്തിനായി ഇറങ്ങി; 29.48 ദശലക്ഷം കുടുംബങ്ങളിലായി 89.62 ദശലക്ഷം ആളുകൾ ദാരിദ്ര്യമനുഭവിക്കുന്നുവെന്നും 1,28,000 ഗ്രാമങ്ങളിലായാണ് അവർ അധിവസിക്കുന്നതെന്നും കണ്ടെത്തിയതായി ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് 2021 ജൂലെെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. സർവ്വെ കഴിഞ്ഞശേഷം തെരഞ്ഞെടുക്കപ്പെട്ട അതിസമർഥരായ 30 ലക്ഷം പാർട്ടി കാഡർമാരെ അണിനിരത്തിയാണ് സമ്പൂർണ ദാരിദ്ര്യ നിർമാർജന പരിപാടികൾ നടപ്പാക്കിയത്. ഇവരെ 2,55,000 ടീമുകളായി തിരിച്ച് അതാത് പ്രദേശത്ത് പാർപ്പിച്ചാണ് ഓരോ കുടുംബത്തിന്റെയും വ്യക്തിയുടെയും പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കാണാനുള്ള ചുമതല നൽകിയത്. ദാരിദ്ര്യനിർമാർജനത്തിന്റെ ഭാഗമായി പ്രാദേശിക ഉൽപാദന യൂണിറ്റുകളുടെ വികസനം നടപ്പാക്കി ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു; തീരദേശ പട്ടണങ്ങളിലെ വ്യവസായ യൂണിറ്റുകൾ പലതും ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് മാറ്റി.

വിദ്യാഭ്യാസം വിപുലമാക്കുന്നതിനായി ദശലക്ഷക്കണക്കിന് അധ്യാപകരെയാണ് വികസിതമായ നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് മാറ്റിയത്. 9 വർഷത്തെ പ്രാഥമിക വിദ്യാഭ്യാസമെന്നത് പത്തുവർഷമായി ഉയർത്തി; സർവകലാശാല വിദ്യാഭ്യാസം നേടിയവരുടെ എണ്ണം ഇരട്ടിയിലധികമായി വർധിക്കുകയും ചെയ്തു. ഇപ്പോൾ (2021ൽ) ചെെനയിലെ 98 ശതമാനത്തിലധികം ഗ്രാമങ്ങളിലും ഓപ്ടിക്കൽ ഫെെബർ കമ്യൂണിക്കേഷനും 4 ജി സാങ്കേതികവിദ്യയും ലഭ്യമാണ്. 2017ൽ ഇത് 70 ശതമാനത്തിലും താഴെയായിരുന്നു. അതീവ ദുർഘടമായ ഉൾപ്രദേശങ്ങളിൽ പാർത്തിരുന്നവരെ ശ്രമകരമായ ഇടപെടലിലൂടെ സമതലങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തു.

2021 ജൂലെെ ഒന്നിന് ചെെനയെ അതിദാരിദ്ര്യ മുക്തമാക്കുമെന്നാണ് തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ 2021 ജനുവരി ഒന്നിനു തന്നെ ചെെന അതിദാരിദ്ര്യമുക്തമായിയെന്ന് ബെയ്ജിങ്ങിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ സാന്നിധ്യത്തിൽ ചെെനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിക്കുകയായിരുന്നു. 2020 അവസാനിക്കും മുൻപുതന്നെ ചെെനയിൽ ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കിക്കഴിഞ്ഞിരുന്നു. പൊതുവായ അഭിവൃദ്ധി, അതായത് എല്ലാവർക്കും സംതൃപ്തി പ്രദാനം ചെയ്യുന്നതിന് കഴിയുംവിധം സമ്പദ്ഘടനയെ സമൃദ്ധമാക്കുക എന്നതു ലക്ഷ്യമിട്ടാണ് ചെെന ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്. 1953 സെപ്തംബർ 25ന് പീപ്പിൾസ് ഡെയ്ലിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ‘‘പൊതുവായ അഭിവൃദ്ധി’’ എന്ന ആശയം ചെെനയുടെ സോഷ്യലിസ്റ്റ് നിർമാണത്തിന്റെ പ്രധാന ലക്ഷ്യമായി അവതരിപ്പിച്ചത്. 1978നുശേഷം ദെങ് സിയാവൊപിങ്ങും പിന്നീട് ജിയാങ് സെമിനും ഹൂ ജിന്റാവൊയും ഇതാവർത്തിക്കാറുണ്ടായിരുന്നു. 2021നുശേഷം അത് യാഥാർഥ്യമായി വരികയാണ്.

2022ൽ 20–ാം കോൺഗ്രസിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി, 2049 ഒക്ടോബർ ഒന്നിന് ചെെനീസ് വിപ്ലവം വിജയിച്ചതിന്റെ നൂറാം വാർഷികമാകുമ്പോൾ ചെെന ആധുനിക വികസിത സോഷ്യലിസ്റ്റ് രാഷ്ട്രമാകുമെന്ന പ്രഖ്യാപനം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. 2030 ആകുമ്പോൾ ചെെനീസ് സമ്പദ്ഘടന അമേരിക്കൻ സമ്പദ്ഘടനയുടെ മുന്നിലെത്തുമെന്നും ഇപ്പോൾ വിലയിരുത്തപ്പെടുന്നു. അതിനുള്ള പ്രവർത്തന പദ്ധതികൾക്കും ചെെന രൂപംനൽകിക്കഴിഞ്ഞു. ശാസ്ത്ര – സാങ്കേതിക വികാസത്തിന്റെ നൂതന മേഖലകളിലെല്ലാം ചെെന ദ്രുതഗതിയിൽ മുന്നേറുകയാണ്. മുതലാളിത്തത്തേക്കാൾ ഏറെ വികസിതവും മെച്ചപ്പെട്ടതുമായ സമ്പദ്-വ്യവസ്ഥയാണ് സോഷ്യലിസമെന്ന് ചെെനയും ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. l
(അവസാനിച്ചു)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + one =

Most Popular