ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി –4
1949 ഒക്ടോബർ ഒന്നിന് ഔപചാരികമായി ജനകീയ ചെെന റിപ്പബ്ലിക് നിലവിൽ വന്നുവെന്ന് മൗ സേ ദൂങ് പ്രഖ്യാപനം നടത്തുമ്പോഴും വിശാലമായ ചെെനീസ് ഭൂപ്രദേശം പൂർണമായും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നില്ല. പല പ്രദേശങ്ങളും കുമിന്താങ് അനുകൂലികളായ പട്ടാള വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ബെയ്ജിങ്ങിൽ അധികാരമേറ്റെടുത്തതിനെത്തുടർന്ന് കമ്യൂണിസ്റ്റു പാർട്ടിക്ക് ആദ്യം കെെകാര്യം ചെയ്യേണ്ടിവന്ന പ്രശ്നം ഇതായിരുന്നു. രാജ്യത്തെയാകെ ഒരൊറ്റ ഭരണസംവിധാനത്തിൻകീഴിൽ കൊണ്ടുവരുന്നതിനായി വേറിട്ടുനിൽക്കാൻ ശ്രമിച്ച കുമിന്താങ് അനുകൂല സെെനിക വിഭാഗങ്ങളെ പരാജയപ്പെടുത്തുന്നതിന് ജനകീയ വിമോചന സേനയുടെ നായകനായ ജനറൽ ജൂദ്ദെ ചുമതലപ്പെടുത്തപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ മേഖലയിലെ നഗരങ്ങൾ അവസാന ഘട്ടത്തോടെയാണ് മോചിപ്പിക്കപ്പെട്ടത് – 1949 ഏപ്രിൽ മാസത്തിൽ നാൻജിങ്ങും മെയ് മാസത്തിൽ വുഹാനും ഷാങ്ഹായും ഏറ്റവുമൊടുവിൽ ഒക്ടോബർ അവസാനത്തോടെ ഗ്വാങ്ഷൗവും (പഴയ കാന്റൺ) ജനകീയ വിമോചനസേനയുടെ നിയന്ത്രണത്തിലായി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചെെന നിലവിൽ വന്നതായി പ്രഖ്യാപിക്കപ്പെട്ടശേഷം നിൽകക്കള്ളിയില്ലാതെ ചിയാങ് കെെഷെക് 1949 ഡിസംബർ 10ന് തായ്-വാനിലേക്ക് ചേക്കേറി.
1950 ജൂണിനുള്ളിൽ ചെെനീസ് ഗവൺമെന്റ്, അതിന്റെ ഭൂമിശാസ്ത്രപരമായ പരമാധികാരം പൂർണമായും സ്ഥാപിച്ചു. പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിലുള്ള മക്കാവൊ, ബ്രിട്ടീഷ് ആധിപത്യത്തിലുള്ള ഹോങ്കോങ് എന്നിവയും അമേരിക്കൻ പിന്തുണയോടെ ചിയാങ് കെെഷെക്കും സംഘവും താവളമുറപ്പിച്ച തായ്-വാനും ഒഴികെയുള്ള ഭൂപ്രദേശങ്ങൾ പൂർണമായും ജനകീയ ചെെനാ റിപ്പബ്ലിക്കിന്റെ അനിഷേധ്യ ഭാഗമാക്കി മാറ്റി. ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ട ഒരു കാര്യം 1949 ഒക്ടോബർ വരെയും ചെെനയുടെ ഭാഗമായി (രാജവാഴ്ചക്കാലത്തും പിന്നീട് കുമിന്താങ്ങിന്റെ ഭരണത്തിലും) നിന്നിരുന്ന തിബത്തിന്റെ കാര്യമാണ്. അവിടെ പ്രാദേശിക ഭരണാധികാരികൾ വേറിട്ടു പോകാനുള്ള ഒരു നീക്കം നടത്തിയെങ്കിലും ജനകീയ ചെെനീസ് ഗവൺമെന്റിന്റെ കൃത്യമായ ഇടപെടലിനെത്തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയും ചെെനയുടെ അവിഭാജ്യ ഭാഗമായി തുടരുമെന്ന കരാറിൽ എത്തുകയും ചെയ്തു.
1948 സെപ്തംബറിൽ ചേർന്ന കമ്യൂണിസ്റ്റു പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗം ഏറെ കാലതാമസം കൂടാതെ തന്നെ വിപ്ലവം വിജയിക്കുമെന്ന സാധ്യത മുന്നിൽക്കണ്ട് ശക്തമായ പാർട്ടി കെട്ടിപ്പടുക്കേണ്ടതു സംബന്ധിച്ചും ഭാവി ഭരണസംവിധാനം എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ചും വ്യക്തമായ തീരുമാനങ്ങളിലെത്തുകയുണ്ടായി. ചെെനീസ് ജനകീയ റിപ്പബ്ലിക്കിന്റെ ഭരണസംവിധാനം ‘‘ജനകീയ ജനാധിപത്യ സർവാധിപത്യ’’മായിരിക്കുമെന്ന് വ്യക്തമാക്കപ്പെട്ടു. തൊഴിലാളിവർഗവും കർഷക ജനതയും പെറ്റീ ബൂർഷ്വാസിയും ദേശീയ ബൂർഷ്വാസിയുമായിരിക്കും ഈ ഘട്ടത്തിൽ മേധാവിത്വം പുലർത്തുന്ന വർഗ്ഗങ്ങൾ എന്നും മൗ സേ ദൂങ്ങിന്റെ ‘‘ജനകീയ ജനാധിപത്യ സർവ്വാധിപത്യത്തെപ്പറ്റി’’ എന്ന ലഘു കൃതിയിൽ വിശദീകരിച്ചിട്ടുണ്ട്. മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിപ്ലവ സിദ്ധാന്തത്തെയും ജനാധിപത്യ കേന്ദ്രീകരണതത്വത്തെയും അടിസ്ഥാനമാക്കി പാർട്ടി സംഘടനയെ ശക്തമാക്കണമെന്നും തീരുമാനിക്കപ്പെട്ടു.
1949 ആദ്യംതന്നെ രാജ്യത്തിന്റെ സമ്പദ്ഘടന എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച കൃത്യമായ ഒരു രൂപരേഖ കമ്യൂണിസ്റ്റു പാർട്ടി തയ്യാറാക്കുകയുണ്ടായി. ഫ്യൂഡലിസത്തെയും ഉദ്യോഗസ്ഥ മേധാവിത്വപരമായ (ബ്യൂറോക്രാറ്റിക്) മുതലാളിത്തത്തെയും പൂർണമായും തുടച്ചുനീക്കണമെന്ന് തീരുമാനിച്ച പാർട്ടി പൊതുമേഖല, സഹകരണ മേഖല, ദേശീയ മുതലാളിത്ത സമ്പദ്ഘടന, സ്വകാര്യ മുതലാളിത്ത സമ്പദ്ഘടന, ചെറുകിട ചരക്കുൽപ്പാദക സമ്പദ്ഘടന എന്നീ അഞ്ച് ഘടകങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കണം ചെെനയുടെ തുടർന്നുള്ള സമ്പദ്ഘടനയെന്നും വ്യക്തമാക്കി. സോഷ്യലിസ്റ്റ് ദിശയോടുകൂടിയ സമ്പദ്ഘടനയുടെ അടിത്തറ തൊഴിലാളി – കർഷക സഖ്യത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുക്കുന്നതും തൊഴിലാളിവർഗ താൽപര്യം സംരക്ഷിക്കുന്നതും ആയിരിക്കണമെന്നും തീരുമാനിക്കപ്പെട്ടു. ഈ ലക്ഷ്യം കെെവരിക്കുന്നതിന് പര്യാപ്തമായ വിധത്തിൽ മാത്രമായിരിക്കണം സ്വകാര്യമേഖലയ്ക്ക് അനുമതി നൽകുന്നതെന്നും സമ്പദ്ഘടനയിലെ മാറ്റം പരമാവധി ‘‘രക്തച്ചൊരിച്ചിൽ ഒഴിവാക്കി’’ ആയിരിക്കണമെന്നും പാർട്ടി അടിവരയിട്ട് വ്യക്തമാക്കി. മുതലാളിത്തത്തെ ഉടൻതന്നെ പൂർണമായും നശിപ്പിക്കുകയല്ല, മൂക്കുകയറിട്ടു നിർത്തുകയാണ് വേണ്ടതെന്നും 1949ൽ പ്രസിദ്ധീകരിച്ച ജനകീയ ജനാധിപത്യ സർവ്വാധിപത്യത്തെപ്പറ്റി എന്ന കൃതിയിൽ മൗ സേ ദൂങ് തറപ്പിച്ച് പറഞ്ഞു; സ്വകാര്യ സംരംഭങ്ങൾ ദേശസാൽക്കരിക്കേണ്ടതായി വരുമ്പോൾ ദേശീയ ബൂർഷ്വാസിയെ അത് സംബന്ധിച്ച് വിദ്യാഭ്യാസം ചെയ്യിക്കണമെന്നും അദ്ദേഹം എഴുതി. അതുപോലെ സാർവ്വദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവിരുദ്ധ ചേരിയോടൊപ്പം ഉറച്ചുനിൽക്കണമെന്നും ജനകീയ ചെെന തീരുമാനിച്ചു.
1949 സെപ്തംബറിൽ ചെെനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ് (സിപിപിസിസി) ചേർന്നാണ് ഒക്ടോബർ ഒന്നിന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചെെന സ്ഥാപിച്ചതായി പ്രഖ്യാപിക്കണമെന്ന് തീരുമാനിച്ചത്. സിപിപിസിസിയിലെ അംഗങ്ങൾ കമ്യൂണിസ്റ്റുകാർ മാത്രമായിരുന്നില്ല; സമൂഹത്തിൽ ഏറെ സ്വാധീനമുള്ള പ്രമുഖ വ്യക്തികളും വിവിധ മേഖലകളിലെ വിദഗ്ദ്ധരും അതിൽ ഉൾപ്പെട്ടിരുന്നു. ഈ യോഗമാണ് സെൻട്രൽ പീപ്പിൾസ് ഗവൺമെന്റ് കൗൺസിലിനും ഗവൺമെന്റ് അഡ്മിനിസ്ട്രേഷൻ കൗൺസിലിനും രൂപം നൽകിയത്. ഇതാണ് പിന്നീട് സ്റ്റേറ്റ് കൗൺസിൽ (മന്ത്രിസഭ)ആയി മാറ്റപ്പെട്ടത്. 1954ൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചെെനീസ് പാർലമെന്റ്) ചേർന്ന് സിപിപിസിസിയുടെ അധികാരങ്ങൾ ഏറ്റെടുക്കുകയാണുണ്ടായത്. ബെയ്ജിങ്ങും ഷാങ്ഹായും ടിയാൻജിനും ഒഴികെയുള്ള നഗരസഭകളുടെ നിയന്ത്രണം പ്രവിശ്യകൾക്ക് വിട്ടുകൊടുത്തു.
1954ൽ തന്നെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) സിൻജിയാങ് സ്വയംഭരണ മേഖലയ്ക്ക് രൂപം നൽകി; തിബത്തിനായുള്ള സ്വയംഭരണ മേഖല രൂപീകരിക്കാനുള്ള നടപടികൾക്ക് തുടക്കംകുറിക്കുകയും ചെയ്തു (പക്ഷേ, അത് 1965ലാണ് നിലവിൽ വന്നത്). 1958ൽ നിങ്സിയ, ഗ്വാങ്സി സ്വയംഭരണ പ്രദേശങ്ങൾ സ്ഥാപിച്ചു. വംശീയ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇങ്ങനെ സ്വയംഭരണ പ്രദേശങ്ങൾക്ക് രൂപം നൽകിയത്. പൊതുവെ ഇതുതന്നെയാണ് ജനകീയ ചെെനയുടെ ഭരണസംവിധാനം.
1942ൽ യെനാൻ ആസ്ഥാനമായി താൽക്കാലിക ജനകീയ ചെെനാ സർക്കാർ നിലവിൽ വന്നപ്പോൾത്തന്നെ സോവിയറ്റ് യൂണിയൻ ആ ഭരണസംവിധാനവുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. തുടർന്ന് രണ്ടാം ലോക യുദ്ധാനന്തരം നിലവിൽവന്ന കിഴക്കൻ യൂറോപ്യൻ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കുകളും – ബൾഗേറിയ, റുമാനിയ, ഹംഗറി, ചെക്കോസ്ലോവാക്യ, പോളണ്ട്, അൽബേനിയ, കിഴക്കൻ ജർമനി – ആ പാത പിന്തുടർന്നു. മംഗോളിയൻ ജനകീയ റിപ്പബ്ലിക്കും കൊറിയൻ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കും വിയറ്റ്നാം ജനാധിപത്യ റിപ്പബ്ലിക്കും ചെെനീസ് ജനതയുടെ യഥാർഥ പ്രതിനിധിയെന്ന നിലയിൽ ജനകീയ ചെെനാ റിപ്പബ്ലിക്കുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം, സ്വതന്ത്ര ഇന്ത്യയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ താൽക്കാലിക ഗവൺമെന്റ് അധികാരമേറ്റപ്പോൾ തന്നെ ചെെനയിലെ ജനകീയ റിപ്പബ്ലിക്കുമായി നയതന്ത്രബന്ധം സ്ഥാപിച്ചുവെന്നതാണ്. പുതുതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ രാജ്യങ്ങളെല്ലാം തന്നെ – ബർമ, ഇന്തോനേഷ്യ, പാകിസ്താൻ, സിലോൺ, അഫ്-ഗാനിസ്താൻ തുടങ്ങിയവ – അൽപവും വെെകാതെ ജനകീയ ചെെന ഗവൺമെന്റിനെ അംഗീകരിച്ചതോടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ശക്തമായൊരു സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് അടിത്തറയായി. സ്വീഡൻ, ഡെന്മാർക്ക്, സ്വിറ്റ്സർലണ്ട്, ഫിൻലാൻഡ്-, നോർവെ, നെതർലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും, സാമ്രാജ്യത്വശക്തിയായിരുന്ന ബ്രിട്ടനടക്കം ജനകീയ ചെെനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചു. എന്നാൽ അപ്പോഴേക്കും ആഗോള സാമ്രാജ്യത്വചേരിയുടെ തലപ്പത്തെത്തിയ അമേരിക്കയും ശിങ്കിടികളും തായ്-വാൻ ദ്വീപിൽ ചേക്കേറിയ ചിയാങ് കെെഷെക്കിന്റെ കുമിന്താങ് സംഘത്തെ ചെെനയുടെ യഥാർഥ ഗവൺമെന്റായി കണക്കാക്കുക മാത്രമല്ല ഐക്യരാഷ്ട്ര സഭയിൽ ചെെനീസ് റിപ്പബ്ലിക് എന്ന പേരിൽ തായ്-വാൻ ദ്വീപിന് സുരക്ഷാ സമിതി അംഗത്വമുൾപ്പെടെ നൽകി ആദരിക്കുകയും ചെയ്തു. 1972ൽ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്-സൻ ബെയ്ജിങ് സന്ദർശിച്ച് മൗ സേദൂങ്ങുമായി ചർച്ച നടത്തുന്നതുവരെ ഈ സ്ഥിതി തുടർന്നു. ജനകീയ ചെെനയുമായി അമേരിക്ക നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ വിട്ടുവീഴ്ചയില്ലാതെ എതിർത്തിരുന്ന നിക്സൻ ‘പിങ് പോങ് നയതന്ത്ര’മെന്ന് പിൽക്കാലത്ത് പ്രസിദ്ധമായ നടപടികളിലൂടെ (ആദ്യം അമേരിക്കൻ ടേബിൾ ടെന്നീസ് ടീമിനെ ബെയ്ജിങ്ങിലേക്ക് മത്സരത്തിനയക്കുകയും പിന്നാലെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻട്രി കിസിങ്ങറെ ചെെനീസ് പ്രധാനമന്ത്രി ഷൂ എൻ ലായുമായി നയതന്ത്ര ചർച്ചകൾ നടത്തുന്നതിനയക്കുകയും ചെയ്ത ശേഷമാണ് നിക്സൻ ബെയ്ജിങ്ങിലെത്തിയത്) ചെെനയുമായി ബന്ധം സ്ഥാപിക്കുകയും ചിയാങ്ങിനെയും കൂട്ടരെയും തള്ളിക്കളയുകയും ചെയ്തത് എന്തുകൊണ്ടാണ്? അന്നത്തെ കണക്കനുസരിച്ച്, 100 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന വലിയൊരു കമ്പോളം അമേരിക്കൻ മൂലധനത്തിന് പിടിച്ചുനിൽക്കാൻ അനിവാര്യമായിരുന്നുവെന്നതാണ് വസ്തുത.
രാഷ്ട്രത്തെ ഏകീകരിച്ചതിനൊപ്പംതന്നെ മറ്റു രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും ശക്തമായ സാമ്രാജ്യത്വവിരുദ്ധ ചേരി കെട്ടിപ്പടുക്കാനുമുള്ള നടപടികളിലേക്കും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയും ജനകീയ ചെെനീസ് റിപ്പബ്ലിക്കും നീങ്ങി. സോവിയറ്റ് യൂണിയനുമായി സൗഹൃദവും സഖ്യവും പരസ്പര സഹായവും ഉറപ്പാക്കാനുള്ള ഉടമ്പടിയിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി ഒപ്പുവച്ചു. സോവിയറ്റ് യൂണിയൻ സോഷ്യലിസം കെട്ടിപ്പടുക്കാൻ കെെക്കൊണ്ട നടപടികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ മൗ സേദൂങ് 1949 ഡിസംബറിൽ മോസ്കോവിൽ എത്തുകയും മൂന്നു മാസത്തോളം അവിടെ താമസിച്ച് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തുകയും കാര്യങ്ങൾ നേരിട്ട് പഠിക്കുകയും ചെയ്തു.
ഇതിനിടയിലാണ് ഒരു വശത്ത് ചെെനയെയും മറുവശത്ത് സോവിയറ്റ് യൂണിയനെയും ആക്രമണ ലക്ഷ്യമാക്കിയും ഒപ്പം കമ്യൂണിസ്റ്റ് സ്വാധീനം വ്യാപിക്കാതെ തടയുകയെന്ന ലക്ഷ്യത്തോടെയും അമേരിക്ക കൊറിയൻ ഉപദ്വീപിൽ ഇടപെട്ടത്-. കൊറിയയിൽ ഏതുതരം ഭരണസംവിധാനമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം കൊറിയൻ ജനതയ്ക്ക് വിട്ടുകൊടുക്കാതെ സെെനിക നടപടിയിലൂടെ കൊറിയയെ മുതലാളിത്തചേരിയിൽ, തങ്ങളുടെ ഒരു ശിങ്കിടി രാഷ്ട്രമാക്കി നിലനിർത്താനായി അമേരിക്ക സെെനികമായി ഇടപെട്ടു. ചെെനയും സോവിയറ്റ് യൂണിയനും കൊറിയൻ ജനകീയ വിപ്ലവ ഗവൺമെന്റിന് പിന്തുണ നൽകി; അമേരിക്കൻ നീക്കത്തെ പിന്നോട്ടടുപ്പിച്ചു.
ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1930കളിൽ യെനാനിൽ വിപ്ലവതാവളം സ്ഥാപിച്ചപ്പോൾത്തന്നെ ഭൂപരിഷ്-കരണത്തിന് തുടക്കം കുറിച്ചിരുന്നു. ആഭ്യന്തരയുദ്ധം അവസാനിക്കുകയും ജനകീയ ചെെനാ റിപ്പബ്ലിക് സ്ഥാപിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി ഉരുത്തിരിഞ്ഞപ്പോൾ തന്നെ സമഗ്രമായ ഭൂപരിഷ്കരണ നടപടിയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി മുന്നേറി. 1947 ഒക്ടോബറിൽത്തന്നെ ചെെനീസ‍് കമ്യൂണിസ്റ്റ് പാർട്ടി ‘‘ചെെനയിലെ ഭൂനിയമങ്ങളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. കൃഷിഭൂമികർഷകന് ഉറപ്പുവരുത്തുന്നതിലെ അടിസ്ഥാനപ്രമാണം സമഗ്രമായ ഭൂപരിഷ്കരണ നിയമവും തൃണമൂല തലത്തിലെ ജനാധിപത്യ സ്വാതന്ത്ര്യങ്ങളുമാണെന്ന് പാർട്ടി വിലയിരുത്തി. ചെെനയിലെ ഗ്രാമീണമേഖലയിൽ സമഗ്രമായ ഒരു വിപ്ലവത്തിനാണ് ഇത് തുടക്കംകുറിച്ചത്. പഴയ ഭരണകൂട സംവിധാനത്തെ തകർത്ത് പുതിയ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക ഘടകമായി ഭൂപരിഷ്-കരണം മാറി. ഫാൻഷെൻ (മുഖച്ഛായ മാറ്റൽ) എന്ന പേരിലാണ് ഈ മഹാവിപ്ലവം അറിയപ്പെടുന്നത്. അമേരിക്കൻ എഴുത്തുകാരനായ വില്യം ഹിന്റൺ Fanshen: a Documentary of Revolution in a Chinese Village എന്ന കൃതിയിൽ ഇത് വിശദീകരിക്കുന്നു. എങ്ങനെയാണ് അത് നടപ്പാക്കപ്പെട്ടത്, നൂറ്റാണ്ടുകളോളം അടിമത്തത്തിൽ ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ്പ് നടന്നതെങ്ങനെയാണ് എന്നെല്ലാം ഈ കൃതി കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രരായ കർഷകർക്ക് സ്വന്തമായി ഭൂമി ലഭിക്കുക മാത്രമല്ല, അധികാരത്തിൽ പങ്കാളിത്തവും ഇതിലൂടെ ലഭ്യമായി.
ആദ്യഘട്ടത്തിൽ ഉണ്ടായ ചില പിശകുകൾ തിരുത്തി 1950 ജൂൺ 28ന് പുതിയ ഭൂനിയമം കൊണ്ടുവന്നു. സമ്പന്ന കർഷകരെയും ഇടത്തരം കർഷകരെയും ശത്രുക്കളാക്കാതെ, ഉൽപ്പാദന വർധനവിന് ഉൗന്നൽ നൽകിക്കൊണ്ട് (അതായത്, സമ്പന്നരും ഉയർന്ന ഇടത്തരക്കാരും ഉൾപ്പെടെയുള്ള വിഭാഗത്തിന്റെ കെെവശമുള്ള ഭൂമി പിടിച്ചെടുക്കാതെ തന്നെ) ഭൂപ്രഭുക്കളുടെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുകയെന്നതാണ് ഈ നിയമത്തിന്റെ കാതലായ വശം. ഇതിലൂടെ മുപ്പത് കോടിയിലേറെ കർഷകർക്കാണ് സ്വന്തമായി ഭൂമി ലഭിച്ചത്. ശരാശരി രണ്ട് മുതൽ മൂന്ന് വരെ മൂ (Mou അതായത് 0.165 ഏക്കർ ഭൂമി) ഓരോരുത്തർക്കും ലഭിച്ചു. ഭൂപ്രഭുക്കളെ ശരാശരി 202 മൂ വരെയും ധനിക കർഷകരെ 44.6 മൂ വരെയും ഭൂമി കെെവശം വയ്ക്കാൻ അനുവദിക്കുന്നതായിരുന്നു ഈ ഭൂനിയമം. തിബത്ത് പോലെയുള്ള ചില പ്രദേശങ്ങളിൽ ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കേണ്ടതില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചിരുന്നു. (1958ലാണ് തിബത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയത്. അടിയാളരായിരുന്ന ഒരു ജനതയുടെ മുന്നേറ്റമായിരുന്നു അത്. അന്നാ ലൂയി സ്ട്രോങ് എന്ന അമേരിക്കൻ പത്രപ്രവർത്തകയുടെ When Serfs Stood up in Tibet എന്ന കൃതിയിൽ ആ ഉയർത്തെഴുന്നേൽപ്പിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആ ജനമുന്നേറ്റത്തിൽ സമ്പത്തും പ്രതാപവും നഷ്ടപ്പെട്ട ദലയ്ലാമയും കൂട്ടരും ഇന്ത്യയിലേക്ക് ചേക്കേറി). പാർട്ടി താരതമേ-്യന ദുർബലമായിരുന്നതും മതമേധാവികൾക്ക് ആധിപത്യമുണ്ടായിരുന്നതുമായ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കാതിരുന്നത്. ബഹുജനപ്രസ്ഥാനം ശക്തിപ്പെടുത്തി, ജനമുന്നേറ്റത്തിലൂടെ അത്തരം പ്രദേശങ്ങളിൽ ക്രമേണ ഭൂപരിഷ്കരണം നടപ്പാക്കുകയും ചെയ്തു.
ദരിദ്ര കർഷകരും കർഷകത്തൊഴിലാളികളുമാണ് ചെെനയിലെ ഭൂപരിഷ്-കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായത്. കർഷകസമിതികളിൽ ഇൗ വിഭാഗത്തിനായിരുന്നു ആധിപത്യം. ഈ ‘നിശ്ശബ്ദ വിപ്ലവ’ത്തിൽ വലിയൊരു സ്ത്രീ മുന്നേറ്റം കൂടി സംഭവിച്ചു. അടിമതുല്യരായിരുന്നു ചെെനീസ് വിപ്ലവത്തിനുമുൻപ് ആ രാജ്യത്തെ സ്ത്രീകൾ. അതിൽ വിപ്ലവകരമായ മാറ്റമാണ് ഭൂപരിഷ്കരണത്തെ തുടർന്ന് സംഭവിച്ചത്. കർഷകസമിതികളിൽ അധികമധികം സ്ത്രീകൾ ഉൾപ്പെടുന്ന സ്ഥിതിയുണ്ടായി.
കാർഷിക പരിഷ്-കരണത്തിന്റെ തുടർച്ചയായി സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട നിയമനിർമാണം, നിരക്ഷരതാ നിർമാർജനത്തിനായുള്ള ജനകീയ കാംപെയ്ൻ, സാർവത്രിക ആരോഗ്യ പരിചരണത്തിനായുള്ള നടപടികൾ എന്നിവയും ആരംഭിച്ചു. പരമ്പരാഗത മൂല്യങ്ങളും പ്രമാണിവർഗത്തിന്റെ ആധിപത്യവും തകർത്ത് സമൂഹത്തെ ജനാധിപത്യവൽക്കരിക്കുകയും ആധുനികവൽക്കരിക്കുകയും എല്ലാവരിലേക്കും ക്ഷേമം എത്തിക്കുകയുമെന്നതായിരുന്നു ഈ നടപടികളുടെ ലക്ഷ്യം. 1919ലെ മെയ് നാല് പ്രസ്ഥാനം മുന്നോട്ടുവച്ച ആധുനികതയുടെ ആശയങ്ങൾ നടപ്പാക്കുന്നതിനാണ് വിപ്ലവാനന്തരം ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രഥമ പരിഗണന നൽകിയത്.
1950 മെയ് ഒന്നിന് പുതിയ വിവാഹനിയമം നിലവിൽ വന്നു. കുടുംബം നിശ്ചയിക്കുന്നതനുസരിച്ചു മാത്രമുള്ള വിവാഹം, വിവാഹമോചനം അനുവദിക്കാതിരിക്കൽ, വെപ്പാട്ടി സമ്പ്രദായം എന്നിവയെല്ലാം നിഷിദ്ധമാക്കപ്പെട്ടതായിരുന്നു പുതിയ വിവാഹ നിയമം. വിവാഹത്തിന് സിവിൽ രജിസ്ട്രേഷൻ കൊണ്ടുവന്നു. വിവാഹപ്രായം പുരുഷന് 21 വയസ്സായും സ്ത്രീക്ക് 18 വയസ്സായും ഉയർത്തി. വിവാഹമോചനം അനുവദിക്കപ്പെട്ടു.
ആണിനും പെണ്ണിനും തുല്യ പരിഗണനയും തുല്യ അവകാശാധികാരങ്ങളും ഉറപ്പാക്കുന്നതാണ് ചെെനയിലെ വിവാഹനിയമം. ഈ മാറ്റങ്ങൾ എത്രത്തോളം വിപ്ലവകരമാണെന്ന് പേൾ എസ് ബക്കിന്റെ Good Earth (നല്ല ഭൂമി) എന്ന നോവൽ വായിച്ചാൽ കൂടുതൽ വിശദീകരണമില്ലാതെ തന്നെ ബോധ്യപ്പെടും.
ഇതിന്റെ തുടർച്ചയായിത്തന്നെ കുടുംബ രജിസ്ട്രേഷൻ സമ്പ്രദായവും നിലവിൽ വന്നു. ഇതോടെ ഓരോരുത്തർക്കും ഗ്രാമത്തിലായാലും നഗരത്തിലായാലും തുല്യപരിഗണനയും അവസരവും ലഭിക്കുന്ന സ്ഥിതി വന്നു. യുദ്ധകാലത്ത് ഗ്രാമീണമേഖലയിൽനിന്ന് നഗരങ്ങളിലേക്ക് അഭയാർഥികളായിപോയവരെല്ലാം തിരികെയെത്തി. നഗരങ്ങളിലെ തിരക്ക് ഒഴിവായി. ഗ്രാമങ്ങളിലേക്ക് മടങ്ങിപോകുന്നവർക്ക് സർക്കാർ ധനസഹായവും നൽകി. ലെെംഗിക തൊഴിലാളികൾ, ഭിക്ഷക്കാർ, വെറുതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ എന്നിവരെല്ലാം അവരവരുടെ ഗ്രാമങ്ങളിൽ പുനരധിവസിപ്പിക്കപ്പെട്ടു.
നിരക്ഷരതാ നിർമാർജനത്തിനായുള്ള വലിയൊരു ബഹുജനപ്രസ്ഥാനംതന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഒക്ടോബർ വിപ്ലവാനന്തരം സോവിയറ്റ് യൂണിയനിൽ നടന്നതിനു സമാനമായ വലിയൊരു ജനകീയ മുന്നേറ്റമായി ചെെനയിലെയും നിരക്ഷരതാ നിർമാജനപ്രസ്ഥാനം മാറി. 1949ൽ 20 ശതമാനം പോലും സാക്ഷരതയില്ലാതിരുന്ന ചെെന 2021 ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് സമ്പൂർണ സാക്ഷരത നേടിയ (കൃത്യമായി, 99.8%) രാജ്യമായി അടയാളപ്പെടുത്തപ്പെടുന്നു. 1968ൽ 80 ശതമാനമായിരുന്നു ചെെനയിലെ സാക്ഷരത. കാർഷിക–വ്യാവസായിക ഉൽപ്പാദനവുമായി ബന്ധപ്പെടുത്തിയും സാംസ്കാരികമായ അഭിവൃദ്ധി കെെവരിച്ചുമായിരുന്നു തുടക്കം മുതൽ ചെെനയിൽ സാക്ഷരതാ യജ്ഞം നടപ്പാക്കപ്പെട്ടത്.
ഇതിനൊപ്പംതന്നെ സാർവത്രികമായ ആരോഗ്യപരിചരണ യജ്ഞവും നടപ്പാക്കപ്പെട്ടു. 1949ൽ ചെെനയിൽ ആരോഗ്യപശ്ചാത്തല സൗകര്യങ്ങൾ തുലോം കുറവായിരുന്നു. അതാകെ അഭിവൃദ്ധിപ്പെടുത്തുക എന്നത് അന്നത്തെ നിലയിൽ കാലതാമസമെടുക്കുമെന്നുള്ളതിനാൽ ആരോഗ്യപരിചരണത്തിനും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ഒരു ജനകീയപ്രസ്ഥാനത്തിനു രൂപം നൽകി. നഗ്നപാദ ഡോക്ടർമാർ (Bare Foot Doctors) എന്നായിരുന്നു അതിനു നൽകിയ പേര്. പതിനായിരക്കണക്കിന് ചെറുപ്പക്കാരെ രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകി ഗ്രാമങ്ങളിലേക്ക് സന്നദ്ധസേനയായി അയയ്ക്കുകയാണുണ്ടായത്. ആരോഗ്യമാനദണ്ഡങ്ങളിൽ അത് വലിയ മുന്നേറ്റത്തിനിടയാക്കി. ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ജനകീയപ്രസ്ഥാനമായിരുന്നു നഗ്നപാദ ഡോക്ടർമാർ.
1953 ജൂണിൽ മൗ സേദൂങ് പരിവർത്തനത്തിനായുള്ള പൊതുലെെൻ (General Line for Transition) അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ പ്ലീനം അത് അംഗീകരിച്ചു. അതുപ്രകാരം ദേശീയ മുതലാളിമാർക്ക് വ്യാവസായിക നിക്ഷേപത്തിനവസരം നൽകുമെങ്കിലും കർക്കശമായ സർക്കാർ നിയന്ത്രണം നിലവിലുണ്ടാകും. അതായത്, കൊള്ളലാഭം തട്ടിയെടുക്കാൻ അനുവദിച്ചിരുന്നില്ലയെന്നർഥം. രാജ്യത്തിന്റെ അതിവേഗത്തിലുള്ള വ്യാവസായിക വികസനത്തിന് എല്ലാ വിഭാഗത്തിന്റെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കണമെന്നതായിരുന്നു പാർട്ടി നയം. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽപോലും വർഗസമരം തുടരണമെന്ന നിലപാടാണ് ഈ രേഖയിൽ മൗ സേദൂങ്ങിന്റെ നേതൃത്വത്തിൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ചത്. 1950ൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ച വേളയിൽ സ്റ്റാലിൻ ഉൾപ്പെടെയുള്ള സോവിയറ്റ് നേതാക്കളുമായി നടത്തിയ ചർച്ചയുടെ പ്രതിഫലനമാണ് മൗ തയ്യാറാക്കി സിപിസി അംഗീകരിച്ച ഈ രേഖ.
1953ൽ വിജയകരമായി ഒന്നാം പഞ്ചവത്സര പദ്ധതിക്ക് തുടക്കമിട്ടു. മൗ സേദൂങ്, ഷൂ എൻലായ് , ല്യൂ ഷാവൊകി എന്നീ കമ്യൂണിസ്റ്റു നേതാക്കളുടെ അഭിമുഖത്തിൽ ജനകീയ ചെെന വലിയ സാമ്പത്തിക കുതിപ്പിലേക്ക് മുന്നേറുകയായിരുന്നു; വ്യാവസായിക–കാർഷിക–സേവന മേഖലകളിലെല്ലാം വലിയ അഭിവൃദ്ധിയാണ് ഇതോടെ ചെെന കെെവരിച്ചത്. l
(തുടരും)