Friday, December 13, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ജിയാങ്സിയിൽനിന്ന് 
യനാനിലേക്ക് ലോങ്മാർച്ച്

ജിയാങ്സിയിൽനിന്ന് 
യനാനിലേക്ക് ലോങ്മാർച്ച്

എം എ ബേബി

ഷാങ്ഹായിലെ തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയും കമ്യൂണിസ്റ്റ് പാർട്ടിയുമായുണ്ടാക്കിയ സഖ്യം ഉപേക്ഷിക്കുകയും ചെയ്ത ചിയാങ് കെെഷെക്കിന്റെ കുമിന്താങ് സർക്കാർ കമ്യൂണിസ്റ്റുകാർക്കെതിരെ ഭീകരമായ ആക്രമണമഴിച്ചുവിട്ടു. ഈയൊരു പശ്ചാത്തലത്തിലാണ് 1927 ഏപ്രിൽ – മെയ് മാസങ്ങളിലായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) അഞ്ചാം കോൺഗ്രസ് നടന്നത്. 1926 ഡിസംബറിൽ ചേർന്ന കോമിന്റേണിന്റെ ഏഴാമത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്ലീനം ചൈനയെ സംബന്ധിച്ച് അംഗീകരിച്ച പ്രമേയത്തെ അടിസ്ഥാനമാക്കി ചെെനയുടെ വിമോചനം സംബന്ധിച്ച സിപിസിയുടെ തന്ത്രത്തിന് രൂപംനൽകാൻ തീരുമാനിച്ചു. എന്നാൽ വിപ്ലവ മുന്നേറ്റത്തിന്റേതായ കാലഘട്ടമാണിത് എന്ന തെറ്റായതും ഇടതുപക്ഷ സാഹസികവുമായ തന്ത്രത്തിനാണ് അന്നത്തെ സിപിസി നേതൃത്വം രൂപം നൽകിയത്. അത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും വീണ്ടും കനത്ത തിരിച്ചടിയേൽക്കുന്നതിനിടയാക്കി.

ഇതിനുശേഷം 1928ൽ മോസ്കോവിൽ ചേർന്ന സിപിസിയുടെ ആറാം കോൺഗ്രസ് ചെെനയിൽ പരസ്യമോ രഹസ്യമോ ആയി പാർട്ടി കോൺഗ്രസ് നടത്താൻ സാധിക്കാത്ത അടിച്ചമർത്തൽ ആയിരുന്നു അക്കാലത്ത്. ചൈനയിലെ വിപ്ലവത്തിന്റെ സ്വഭാവം സാമ്രാജ്യത്വവിരുദ്ധവും നാടുവാഴിവിരുദ്ധവുമായ ജനാധിപത്യ സർവാധിപത്യം സ്ഥാപിക്കലാണെന്ന വിലയിരുത്തൽ നടത്തുകയും അതനുസരിച്ച് കാർഷിക വിപ്ലവം ആരംഭിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സായുധസേനയ്ക്ക് രൂപം നൽകണമെന്നും വിമോചിത സോവിയറ്റ് മേഖലകൾ സൃഷ്ടിക്കണമെന്നും അവിടെ തീരുമാനിക്കപ്പെട്ടു. ഈ പാർട്ടി കോൺഗ്രസ് അതേവരെ പാർട്ടി നേതൃത്വം പിന്തുടർന്നിരുന്ന വലത് – ഇടത് വ്യതിയാനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.

അതിനു മുൻപുതന്നെ ചൈനീസ് വിപ്ലവത്തിന്റെ കാഴ്ചപ്പാടുകൾ എന്ന 1926 നവംബറിൽ നടത്തിയ പ്രഭാഷണത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റെ തെറ്റായ ചില നിലപാടുകളെ സ്റ്റാലിൻ വിമർശിക്കുകയും ചൈനീസ് വിപ്ലവത്തിന്റെ ഗതിക്രമം എന്തായിരിക്കണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഈ പ്രസംഗത്തിൽ സ്റ്റാലിൻ ചൈനയിലെ ദേശീയ മുതലാളിത്തത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ചും പറഞ്ഞു. മാത്രമല്ല; ചൈനീസ് വിപ്ലവത്തിനെതിരായി സാമ്രാജ്യത്വശക്തികളും തദ്ദേശീയരായ പ്രതിവിപ്ലവകാരികളും കൈകോർക്കുകയെന്ന അപകടസാധ്യതയിലേക്ക് വിരൽചൂണ്ടുകയും ചെയ്തു. ചൈനീസ് വിപ്ലവത്തിന്റെ വിജയത്തിന് സായുധ വിപ്ലവ സേന അനിവാര്യമാണെന്നും കമ്യൂണിസ്റ്റുകാർ സൈനികശാസ്ത്രം അഭ്യസിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു. എന്നാൽ, സ്റ്റാലിന്റെ ഇത്തരം നിർദ്ദേശങ്ങളോ കോമിന്റേൺ എക്സിക്യൂട്ടീവിന്റെ നിർദ്ദേശങ്ങളോ ഒന്നും അക്കാലത്തെ ചൈനീസ് പാർട്ടി നേതൃത്വം വേണ്ടവിധം ചെവിക്കൊണ്ടില്ല.

ഈ കാലഘട്ടത്തിലാണ്, 1921ലെ രൂപീകരണം മുതൽ സജീവമായ ഇടപെടലുകൾ നടത്തുകയും നേതൃത്വത്തിന്റെ ഇടതു, വലതു വ്യതിയാനങ്ങൾക്കെതിരെ വ്യത്യസ്ത നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്ത മൗ സേദൂങ് കൂടുതൽ സജീവമായത്. ചൈനീസ് നാട്ടിൻപുറങ്ങളിലെ കർഷക ജനതയ്ക്ക് എങ്ങനെ നേതൃത്വം നൽകാൻ തൊഴിലാളിവർഗത്തിന് കഴിയുമെന്ന വിശകലനത്തിന് അദ്ദേഹം തയ്യാറായി. അഞ്ചാം പാർട്ടി കോൺഗ്രസ് വരെയും മൂർത്തമായി അത്തരമൊരു വിശകലനം നടത്താൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ല. 1924 അവസാനത്തോടുകൂടി ഹുനാൻ പ്രവിശ്യയിലെ ഗ്രാമപ്രദേശങ്ങളിലെ അവസ്ഥയെക്കുറിച്ച് മൗ സേ ദൂങ് പഠിക്കുകയും കർഷകരെ സംഘടിപ്പിച്ച്- വിപ്ലവ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാത്രമല്ല ക്വാങ്ടങ്ങിൽ പ്രവർത്തിച്ചിരുന്ന ദേശീയ കർഷക പ്രസ്ഥാനത്തിന്റെ പഠനത്തിനായുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനെന്ന നിലയിൽ 1925 – 26കാലത്ത് മൗ സേ ദൂങ് കർഷക സമരങ്ങൾ സംഘടിപ്പിക്കാൻ പ്രാപ്തരായ കാഡർമാരെ തെരഞ്ഞെടുത്തു പരിശീലനം നൽകുകയുമുണ്ടായി.

1926 മാർച്ചിൽ മൗ സേ ദൂങ് ചൈനീസ് സമൂഹത്തിലെ വിവിധ വർഗങ്ങളെ സംബന്ധിച്ച വിശകലനം എന്ന ലഘുഗ്രന്ഥം എഴുതുകയുണ്ടായി. കൃത്യമായ മാർക്സിസ്റ്റ് – ലെനിനിസ്റ്റ് വിശകലനമാണ് ചൈനീസ് ഗ്രാമീണ മേഖലയെക്കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം നടത്തിയത്. വിപ്ലവത്തിന്റെ സഖ്യശക്തികൾ ഏതെല്ലാം വിഭാഗങ്ങളാണെന്നും ശത്രുക്കൾ ആരെല്ലാമാണെന്നും മൗ ഇതിൽ കൃത്യമായി അടയാളപ്പെടുത്തുന്നു. ചൈനീസ് വിപ്ലവത്തിൽ കർഷകരെ അണിനിരത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്കും ഇത് വിരൽചൂണ്ടി. ഒന്നാം വിപ്ലവ ആഭ്യന്തര യുദ്ധകാലത്തെ ഏറ്റവും ശ്രദ്ധേയമായ രേഖകളിൽ പ്രധാനപ്പെട്ട ഒന്നായി കരുതപ്പെടുന്ന ഹുനാനിലെ കർഷകപ്രസ്ഥാനത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ടും ഈ കാലത്ത് തയ്യാറാക്കിയതാണ്. കർഷകർക്കിടയിലെ വിവിധ വിഭാഗങ്ങളെ വേർതിരിച്ച് വിശകലനം നടത്തിയെന്നതാണ് മൗ സേ ദൂങ് തയ്യാറാക്കിയ ഈ രേഖയുടെ പ്രാധാന്യം. എന്നാൽ മൗ മുന്നോട്ടുവെച്ച ഈ ആശയങ്ങളൊന്നും തന്നെ അംഗീകരിക്കാൻ അന്നത്തെ പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജെങ് ദൂസ്യൂവും കൂട്ടരും തയ്യാറായില്ല.

ഹാൻകോവിൽ നേരത്തെ ചേർന്ന അഞ്ചാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മൗ സേ ദൂങ് തന്റെ പഠനനിർദ്ദേശങ്ങൾ അതിൽ അവതരിപ്പിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അദ്ദേഹത്തെ നേതൃസ്ഥാനങ്ങളിൽ ഉൾപ്പെടുത്താതെ അകറ്റിനിർത്തിയെന്നുമാത്രമല്ല, പാർട്ടി കോൺഗ്രസിലെ പ്രതിനിധിയെന്ന നിലയിൽ അവിടെ തന്റെ വോട്ടവകാശം രേഖപ്പെടുത്താൻ പോലും പാർട്ടി നേതൃത്വം അനുവദിച്ചില്ല.

1927 ജൂലൈ മാസത്തിൽ ചിയാങ്ങിന്റെ നേതൃത്വത്തിൽ കുമിന്താങ്, കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ചുവെന്ന് മാത്രമല്ല സാമ്രാജ്യത്വശക്തികളുമായി ഒത്തുചേർന്ന് പ്രതിവിപ്ലവ നടപടികൾ രൂക്ഷമാക്കുകയും ചെയ്തു. അങ്ങനെ ഒന്നാം വിപ്ലവ ആഭ്യന്തര യുദ്ധത്തിന്റെ പരാജയത്തിനുശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിഷമം നിറഞ്ഞ ഒരു ഘട്ടത്തിലേക്ക് കടന്നു. ഒന്നാം വിപ്ലവ ആഭ്യന്തര യുദ്ധാനന്തര കാലത്താണ്, അതായത് 1927 –1936 കാലത്താണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രത്യയശാസ്ത്രപരമായും സൈനികമായും പക്വത കൈവരിച്ചത്.

ഈ ഘട്ടത്തിൽ വിപ്ലവപ്രസ്ഥാനത്തെ പരാജയപ്പെടാതെ താങ്ങിനിർത്താൻ ഷൂ എൻ ലായ്, ഷൂദ്ദെ തുടങ്ങിയ നേതാക്കൾ 1927 ആഗസ്റ്റ് ഒന്നിന് പാർട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വടക്കൻ യുദ്ധ യാത്രാ സൈന്യത്തിലെ 30,000ത്തിലധികം വരുന്ന ഒരു വിഭാഗത്തെ കിയാങ്സി പ്രവിശ്യയിലെ നാന് ചാങ് എന്ന സ്ഥലത്ത് ഒരു സായുധകലാപത്തിന് അണിനിരത്താൻ ശ്രമിച്ചു. എന്നാൽ ആ നീക്കവും വിജയിച്ചില്ല. കനത്ത തിരിച്ചടി ഉണ്ടായതോടെ അതേവരെ വിപ്ലവ പ്രസ്ഥാനവുമായി ചേർന്നുനിന്നിരുന്ന ദേശീയ ബൂർഷ്വാസി മാത്രമല്ല, പെറ്റി ബൂർഷ്വാ വിഭാഗത്തിലെ ഗണ്യമായ ഒരു കൂട്ടർ കൂടി വിപ്ലവ പ്രസ്ഥാനത്തിൽനിന്ന് അകന്നുമാറി. പാർട്ടിയിൽ ചേർന്നിരുന്നുവെങ്കിലും ചാഞ്ചാട്ട സ്വഭാവത്തിലായിരുന്ന പെറ്റി ബൂർഷ്വാ ബുദ്ധിജീവികളിൽ പലരും പാർട്ടിയോട് വിടപറഞ്ഞ് തടിരക്ഷിക്കാൻ നോക്കി. എന്നാൽ On Coalition Government (കൂട്ടുകക്ഷി ഗവൺമെന്റിനെക്കുറിച്ച്) എന്ന കൃതിയിൽ മൗ സേദൂങ് എഴുതിയതുപോലെ, ‘‘ചൈനയിലെ വിപ്ലവകാരികളായ ജനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും ഭയചകിതരായില്ല, കീഴടക്കപ്പെട്ടില്ല, ഛിന്നഭിന്നമാക്കപ്പെട്ടില്ല. അവർ വീണ്ടും തല ഉയർത്തി നിന്നു; രക്തംപുരണ്ടതെല്ലാം തുടച്ചുകളഞ്ഞ്, മൃതരായ തങ്ങളുടെ സഖാക്കളെ സംസ്കരിച്ച് പിന്നെയും പൊരുതാൻ തുടങ്ങി’’. (On Coalition Government by Mao, Marxist Internet Archives).

വിനാശകരമായ ഈ സംഭവവികാസങ്ങൾ, വിപ്ലവത്തിന്റെ മുന്നോട്ടുപോക്കിന് പുതിയ ദിശാബോധം അനിവാര്യമാണെന്ന ചിന്ത സിപിസിയിൽ ശക്തമാക്കി. വൻ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള ഐക്യമുന്നണി നയം വിജയത്തിലേക്കുള്ള വഴിയല്ലെന്ന ധാരണയിൽ പാർട്ടിയെത്തി. ഈ ഘട്ടത്തിലാണ് മൗ സേ ദൂങ്ങിന്റെ നേതൃത്വത്തിലേക്കുള്ള ഉയർന്നുവരവ്. ‘‘ചൈനയിലെ ജനസംഖ്യയുടെ 80 ശതമാനവും കർഷകരാണെന്ന് സ്കൂൾ വിദ്യാർഥികൾക്കുപോലും അറിയുന്നതാണല്ലോ എന്ന് On Contradictions (വൈരുദ്ധ്യങ്ങളെപറ്റി) എന്ന കൃതിയിൽ എഴുതിയ മൗ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പട്ടണങ്ങളെ വലയം ചെയ്യുകയെന്ന തന്ത്രത്തിന് രൂപംനൽകി. അങ്ങനെയാണ്, ഗ്രാമ പ്രദേശത്തെ അടിസ്ഥാനമാക്കിയ ലോകത്തെ ആദ്യത്തെ വിപ്ലവ മാർക്-സിസ്റ്റ് പ്രസ്ഥാനം വികസിപ്പിക്കാനുള്ള നീക്കത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഏർപ്പെട്ടത്.

തന്റെ സ്വദേശമായ ഹുനാനിലെ കർഷക പോരാട്ടം പരാജയപ്പെട്ടതിനെ തുടർന്ന്, മൗ സേദൂങ് അവശേഷിച്ച പോരാളികളുമായി ഹുനാൻ – ജിയാങ് സി പ്രവിശ്യകളുടെ അതിർത്തി പ്രദേശത്തെ ജിങ്ഗാങ് പർവത പ്രദേശത്തേക്ക് പിൻവാങ്ങി. ഇവിടെ വെച്ചാണ് മൗ സേദൂങ് മുൻകൈയെടുത്ത് ചൈനീസ് ചുവപ്പു സേനയ്ക്ക് രൂപംനൽകിയത്; ആദ്യത്തെ വിമോചിത മേഖലയായും ഈ പ്രദേശം – ജി യാങ്സി മാറി. 1928 –29 കാലത്ത് ജിങ് കാങ് പർവത പ്രദേശത്തുവെച്ച് രൂപം നൽകിയ ചുവപ്പു സേനയെന്നറിയപ്പെടുന്ന ജനകീയ വിമോചന സേനയുടെ ആദ്യകാല നായകർ മൗസേ ദൂങ്ങും, ഷൂദേയും ആയിരുന്നു. ഗറില്ല സേനയായി ഇത് പ്രവർത്തനം തുടങ്ങിയതും ജിങ് ഹാങ് പർവത പ്രദേശത്തായിരുന്നു. ജിയാങ്സി ചൈനീസ് ചെമ്പടയുടെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ വിമോചിത താവളമായി മാറി. ജിയാങ്സി സോവിയറ്റ് ക്രമേണ വികസിപ്പിച്ച് ഏഴ് കൗണ്ടികൾ ഉൾപ്പെടുത്തപ്പെട്ടു. 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള വിമോചിത സോവിയറ്റ് മേഖലയായി ജിയാങ്സി മാറ്റപ്പെട്ടു.

1929 നും 1934 നും ഇടയ്ക്കുള്ള കാലത്ത് ചിയാങ്ങിന്റെ കുമിന്താങ് സേന ജിയാങ്സി സോവിയറ്റിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തരം വളഞ്ഞിട്ട് ആക്രമിക്കുകയാണുണ്ടായത്. പക്ഷേ അതുകൊണ്ടൊന്നും പരാജയപ്പെടുത്താനാവാതെ വന്നുവെന്നുമാത്രമല്ല ലക്ഷ്യബോധമുള്ള സുശിക്ഷിതരും സമർഥരുമായ ചുവപ്പുസേനയിൽനിന്ന് ചിയാങ് സേനയ്ക്ക് തുടരെത്തുടരെ കനത്ത തിരിച്ചടികളും പരാജയങ്ങളും ഏറ്റുവാങ്ങേണ്ടതായും വന്നു. തങ്ങൾ പറ്റെ പരാജയപ്പെടുമെന്നു കണ്ട ചിയാങ്ങും കൂട്ടരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരുന്ന യുദ്ധ പ്രഭുക്കളെയാകെ തങ്ങൾക്കൊപ്പം കൂട്ടി. യുദ്ധപ്രഭുക്കളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 10 ലക്ഷത്തിലേറെ വരുന്ന സൈന്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ജിയാങ്സിയിൽ പ്രവർത്തിച്ചിരുന്ന ചുവപ്പു സേനയെ കീഴ്പ്പെടുത്താനായി ചിയാങ് അണിനിരത്തി.ഈ കനത്ത ആക്രമണത്തിനുമുന്നിൽ അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്നു കണ്ട ജനകീയ വിമോചന സേന, ജിയാങ്സിക്കു ചുറ്റും ഏർപ്പെടുത്തപ്പെട്ടിരുന്ന ‘ഉപരോധം’ തകർത്ത് ആ വിമോചിത മേഖല ഉപേക്ഷിച്ച് രക്ഷപ്പെടാനായി പുറത്തുകടന്നു.

ചരിത്രപ്രസിദ്ധമായ ലോങ് മാർച്ച് ആരംഭിച്ചത് ഇതോടെയാണ്. ഒരു വർഷത്തിലേറെക്കാലം നീണ്ടുനിന്ന ലോങ് മാർച്ച് 1934 ഒക്ടോബർ 16നാണ് ജിയാങ്സി വിമോചിത മേഖലയിൽ നിന്നും ആരംഭിച്ചത്. ജിയാങ്സി സോവിയറ്റിനു ചുറ്റും കുമിന്താങ് സേന ഏർപ്പെടുത്തിയ ഉപരോധത്തെ തകർത്ത് നടത്തിയ ജനകീയ പിന്മാറ്റമാണ് ലോക ചരിത്രത്തിൽ തന്നെ അഭൂതപൂർവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവ മുന്നേറ്റമായി പരിണമിച്ച ലോങ് മാർച്ച്.

മൂന്ന് ഏകീകൃത ചുവപ്പുസേനകളാണ് ജിയാങ്-സിയിൽ നിന്നും മാർച്ച് നടത്തിയത് – ഒന്നാം ചുവപ്പ് സേനയും രണ്ടാം ചുവപ്പ് സേനയും മൂന്നാം ചുവപ്പ് സേനയും. ഈ ഓരോ സൈനിക ദളത്തിനും ഓരോ കമാൻഡർ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയമായും സൈനികമായും ഭരണപരമായും മാർച്ചിന് നേതൃത്വം നൽകിയിരുന്നത് മൗ സേദൂങ്, ഷൂ ദെ, ഷൗ എൻലായ് എന്നിവരായിരുന്നു. ഏകദേശം പതിനാറായിരം ചുവപ്പുസേനാംഗങ്ങളാണ് ജിയാങ്-സിയിൽ നിന്നും മാർച്ച് ആരംഭിച്ചത്. ജിയാങ്സി സോവിയറ്റിൽ ഉണ്ടായിരുന്ന മുഴുവൻ ചുവപ്പു സേനാംഗങ്ങളും കമ്യൂണിസ്റ്റുകാരും അനുഭാവികളും ആ മാർച്ചിൽ പങ്കെടുത്തിരുന്നില്ല. ജിയാങ്സി സോവിയറ്റിൽനിന്ന് മൊത്തം ആളുകളും ഒഴിഞ്ഞുപോകേണ്ടതില്ലയെന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം. 1934 നവംബറിൽ കുമിന്താങ് സേന ജിയാങ്സി വലയം ചെയ്ത് ആക്രമിച്ചപ്പോൾ നേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ചുവപ്പു സേനാംഗങ്ങൾ കുമിന്താങ്ങുകാരുടെ പിടിയിൽ അകപ്പെട്ടിരുന്നു. അങ്ങനെ പിടിക്കപ്പെടുകയും കുമിന്താങ്ങുകാർ വധിക്കുകയും ചെയ്തവരിൽ ഒരാൾ മൗ സേദൂങ്ങിന്റെ സഹോദരൻ മൗ സേ താൻ (Mao Zetan) ആയിരുന്നു. മൗ സേ ദൂങ്ങിന്റെ മക്കളായ രണ്ടു കൊച്ചു കുഞ്ഞുങ്ങളും ലോങ് മാർച്ചിനിടയിൽ നഷ്ടപ്പെട്ട അസംഖ്യരിൽ ഉൾപ്പെടുന്നു.

ഈ മൂന്ന് ചുവപ്പുസേനകളിലേക്കും നിരവധി ചെറിയ പ്രാദേശിക ചുവപ്പുസേനകൾ വന്നുചേർന്നുകൊണ്ടിരുന്നു. അതിലൊന്ന് ദെങ് സിയാവൊ പിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴാം ചുവപ്പു സേനയായിരുന്നു. 69,000 പേരുമായി ജിയാങ്സിയിൽനിന്ന് പ്രയാണം ആരംഭിച്ച ഒന്നാം ചുവപ്പു സേന 9,000 കിലോമീറ്റർ പിന്നിട്ട് 1935 ഒക്ടോബർ 19ന് ഷാൻസി പ്രവിശ്യയിലെ യനാനിൽ എത്തിയപ്പോൾ അവശേഷിച്ചത് 7,000 പേർ മാത്രമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും ശത്രുസേനകളുമായുള്ള ഏറ്റുമുട്ടലുകളും രോഗങ്ങളും മറ്റും മൂലം മറ്റുള്ളവർ മരണപ്പെടുകയായിരുന്നു. യനാനിൽ ഒന്നാം ചുവപ്പു സേന ലോങ് മാർച്ച് അവസാനിപ്പിച്ചു. ഷാൻസി പ്രവിശ്യയിൽ പ്രാദേശികമായി പ്രവർത്തിച്ചിരുന്ന കമ്യൂണിസ്റ്റു വിപ്ലവ സേന ലോങ് മാർച്ച് ആ പ്രദേശത്ത് എത്തുന്നതിനു മുൻപുതന്നെ അവിടെ വിമോചിത മേഖലകൾ സ്ഥാപിച്ചിരുന്നു. 1935 ഒക്ടോബർ 19ന് മൗ സേദൂങ്ങിന്റെ നേതൃത്വത്തിൽ ഒന്നാം ചുവപ്പുസേന അവിടെയെത്തി യനാൻ ആസ്ഥാനമായി വിപ്ലവതാവളം സ്ഥാപിക്കുകയാണുണ്ടായത്. ഒടുവിൽ 1936 ഒക്ടോബർ 22ന് മൂന്നു ചുവപ്പു സേനകളും ഉപസേനകളും വിവിധ ദിശകളിലൂടെ സഞ്ചരിച്ച് യനാനിൽ ഒത്തുചേർന്നു.

1935ൽ ലോങ് മാർച്ച് (ഒന്നാം ചുവപ്പുസേന) യനാനിൽ വിപ്ലവ താവളം സ്ഥാപിച്ചപ്പോൾ മൗ ഇങ്ങനെ രേഖപ്പെടുത്തി: ‘‘ലോങ് മാർച്ച് ഒരു മാനിഫെസ്റ്റോയാണ്. ധീരന്മാരുടെ സേനയാണ് ചുവപ്പു സേന എന്ന് അത് ലോകത്തോട് പ്രഖ്യാപിച്ചു. അതേസമയം സാമ്രാജ്യത്വശക്തികളും ചിയാങ് കെെഷെക്കിനെയും കൂട്ടരെയും പോലെയുള്ള അതിന്റെ പാദസേവകരും നിർഗുണന്മാരാണെന്നുള്ള പ്രഖ്യാപനമായിരുന്നു ലോങ് മാർച്ചിന്റെ വിജയം. ചുവപ്പുസേനയെ പരാജയപ്പെടുത്താനും വളഞ്ഞിട്ടാക്രമിക്കാനും അവർ നടത്തിയ നീക്കങ്ങളെയെല്ലാം പൊളിക്കാൻ നമുക്ക് കഴിഞ്ഞു. ലോങ് മാർച്ചിന് പ്രചാരണപരമായ ഒരു പ്രാധാന്യം കൂടിയുണ്ട്. 11 പ്രവിശ്യകളിലെ 20 കോടിയോളം ജനങ്ങളോട് അത് പ്രഖ്യാപിച്ചത് അവരുടെയെല്ലാം മോചനത്തിനുള്ള ഒരേയൊരു പാത ചുവപ്പുസേന വെട്ടിത്തെളിച്ച പാതയാണെന്നാണ്’’.

കമ്യൂണിസ്റ്റ് പോരാളികളുടെ അത്യസാധാരണമായ ധീരതയുടെയും സാഹസികതയുടെയും ത്യാഗത്തിന്റെയും അനിഷേധ്യ ദൃഷ്ടാന്തമാണ് ലോങ് മാർച്ച്. പതിനെട്ട് പർവതനിരകളും 24 നദികളും തരണംചെയ്താണ് വിമോചനത്തിന്റെ ഈ മഹായാത്ര പര്യവസാനിച്ചത്.

ചിയാങ് കെെഷക്കിന്റെ പ്രതിലോമശക്തികൾ പിന്തിരിപ്പൻ നാടുവാഴിയുദ്ധ പ്രഭുക്കളെ അണിനിരത്തി കമ്യൂണിസ്റ്റുകാരെ വളഞ്ഞാക്രമിച്ച് നശിപ്പിക്കാനാണ് പദ്ധതിയിട്ടത്. അത് പരാജയപ്പെടുത്താൻ മൗ സേദൂങ്ങിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ കണ്ടെത്തിയ അടവ് എതിർസെെന്യത്തിന്റെ ദുർബല കണ്ണിപൊട്ടിച്ച് അവരുടെ ചക്രവ്യൂഹത്തിൽനിന്ന് രക്ഷപ്പെട്ട് പിന്മാറുക എന്നതായിരുന്നു. അത് ഫലിച്ചു. പിന്മാറ്റം പിന്നീട് വിപ്ലവമുന്നേറ്റമായി പടരുകയും ചെയ്തു. ലെനിന്റെ ‘ഒരു ചുവടു മുന്നോട്ട്, രണ്ടു ചുവടു പിന്നോട്ട്’’ എന്ന വ്യത്യസ്ത സാഹചര്യത്തിലെ ആശയത്തെ മാറ്റത്തോടെ ചെെനീസ് വിപ്ലവ സാഹചര്യത്തിൽ പ്രയോഗിക്കുകയായിരുന്നു അവിടത്തെ നേതൃത്വം. ‘‘പല ചുവടുകൾ പിന്നോട്ട്, ഒട്ടേറെ ചുവടുകൾ മുന്നോട്ട്’’ എന്നതായിരുന്നു ലോങ് മാർച്ചിന്റെ പ്രവർത്തനം.

ലോങ് മാർച്ചിന്റെ വിജയത്തോടെയാണ് മൗ സേ ദൂങ് ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെയും വിപ്ലവത്തിന്റെയും അനിഷേധ്യ നേതാവായി മാറിയത്. മിലിറ്ററി കമ്മീഷന്റെ ചെയർമാനായി മൗ തിരഞ്ഞെടുക്കപ്പെട്ടത് യനാനിലെ വിപ്ലവത്താവളത്തിൽ വെച്ചാണ്. ചുവപ്പു സേനാംഗങ്ങൾ കർശനമായും പിന്തുടരേണ്ട 10 കാര്യങ്ങൾ മൗ, ലോങ് മാർച്ച് കാലത്ത് മുന്നോട്ടുവെച്ചിരുന്നു – കർഷകരെ ആദരവോടെ കാണണം, അവരിൽ നിന്ന് വേണ്ട സാധനങ്ങൾ ന്യായമായ വില നൽകിയേ വാങ്ങാവൂ, ഒരു സാധനവും കർഷകരിൽ നിന്ന് കവർന്നെടുക്കരുത് തുടങ്ങിയവയായിരുന്നു ആ നിർദ്ദേശങ്ങളിൽ ചിലത്. ഈ നയങ്ങൾ പിന്തുടർന്നത് ഗ്രാമീണ കർഷകർക്കിടയിൽ കമ്യൂണിസ്റ്റുകാർക്ക് വലിയ പിന്തുണ നേടാൻ സഹായകമായി. ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിതമായ ശേഷം ഗവൺമെന്റിലും പാർട്ടിയിലും 1990 കൾ വരെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ച മൗ സേദൂങ്, ഷൂ ദെ, ഷൂ എൻലായ്, ദെങ് സിയാവൊ പിങ്, ലിയു ഷൗഖി, ലിൻ ബിയാവൊ തുടങ്ങിയവരെല്ലാം തന്നെ ലോങ് മാർച്ചിൽ വിവിധ സേനാ വിഭാഗങ്ങളുടെ തലവന്മാരായിരുന്നു. ലോങ് മാർച്ചിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ആൾ ഒരു സേനാ വിഭാഗത്തിന്റെ തലവനായിരുന്ന ഹേ ലോങ്ങിന്റെ അനന്തരവൻ സിയാങ് സുവാൻ ആയിരുന്നു. ലോങ് മാർച്ച് ആരംഭിച്ചപ്പോൾ സിയാങ്ങിന് 9 വയസ്സായിരുന്നു. ലോങ് മാർച്ചിൽ പങ്കെടുത്ത് അതിജീവിച്ചവരിൽ അവസാനത്തെയാൾ അന്തരിച്ചത് 2023 ഏപ്രിൽ മൂന്നിനായിരുന്നു; 108 –ാം വയസ്സിലായിരുന്നു ചാങ്തിങ‍് സ്വദേശിയായ തു തോങ്ജിൻ അന്തരിച്ചത്.

വിമോചിത പ്രദേശങ്ങളിലെ നാട്ടിൻപുറങ്ങളിൽ കമ്യൂണിസ്റ്റുകാർ പുതിയതരം സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി. ജാപ്പനീസ് അധിനിവേശത്തിനെതിരായ നിശ്ചയദാർഢ്യത്തോടു കൂടിയ പോരാട്ടം തുടരുന്നതിനിടെയായിരുന്നു ഇത്. വിപുലമായ കർഷക ജനസാമാന്യത്തിന്റെ പിന്തുണ നേടാൻ ഈ സാമ്പത്തിക നയം സഹായകമായി. വിമോചിത മേഖലകളിൽ ഭൂപരിഷ്കരണം നടപ്പാക്കിയതിനൊപ്പം അടിസ്ഥാനപരമായ വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യപരിരക്ഷയ്ക്കുള്ള പശ്ചാത്തല സൗകര്യങ്ങളും ഉറപ്പാക്കി. അങ്ങനെ ദശലക്ഷക്കണക്കിന് കർഷകർ ചുവപ്പുസേന സ്ഥാപിച്ച വിദ്യാലയങ്ങളിൽ ചേർന്ന് എഴുതാനും വായിക്കാനും പഠിച്ചു.

യനാൻ ആസ്ഥാനമായി വിമോചിത മേഖലയും വിപ്ലവ സൈനിക താവളവും സ്ഥാപിക്കപ്പെട്ടശേഷം 1937ൽ ചൈന – ജപ്പാൻ രണ്ടാം യുദ്ധകാലത്ത് വീണ്ടും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കുമിന്താങ്ങുമായി സഖ്യമുണ്ടാക്കി. 1945ൽ യുദ്ധാവസാനം വരെ ആ സഖ്യം നീണ്ടുനിന്നു. സഹകരണം–സമരം–സഹകരണം എന്ന നിലയിൽ മുന്നണിതന്ത്രം മുതൽ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് സർഗാത്മകമായും പ്രായോഗികമായും വികസിപ്പിക്കുന്നതിന്റെ മികച്ച മാതൃകയാണ് ചെെനീസ് വിപ്ലവപാഠങ്ങൾ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + eighteen =

Most Popular