Wednesday, January 29, 2025

ad

Homeലെനിന്റെ 100‐ാം ചരമവാർഷികംലെനിൻ: 
സെെദ്ധാന്തിക
 തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ‐ 3

ലെനിൻ: 
സെെദ്ധാന്തിക
 തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ‐ 3

ജി വിജയകുമാർ

‘‘1922ൽ സോവിയറ്റ് യൂണിയനിൽ നടന്ന സെൻസസിൽ വ്യക്തിഗതമായ വിവരങ്ങൾ രേഖപ്പെടുത്താനെത്തിയ സെൻസസ് ജീവനക്കാർക്ക് ലെനിൻ നൽകിയ മറുപടി എനിക്കറിയില്ല.’’ എന്നതായിരുന്നു. അദ്ദേഹത്തിന്റെ ദേശീയതയെയും വംശീയ വിഭാഗമേതെന്നതിനെയും സംബന്ധിച്ച ചോദ്യങ്ങൾക്കാണ് ഇത്തരമൊരു മറുപടി ലെനിൻ നൽകിയത്.

ലെനിൻ കർഷകപുത്രനാണോ പ്രഭുകുല ജാതനാണോ എന്ന പ്രശ്നം ഉന്നയിച്ച് ആൽബെർട്ട് ആർ വില്യംസ് രണ്ടും ശരി തന്നെ എന്ന സങ്കീർണമായ മറുപടി നൽകുന്നതുപോലെതന്നെ സങ്കീർണമായ ഒരു വിഷയമാണ് തന്റെ വംശവും ദേശീയതയും സംബന്ധിച്ച ചോദ്യത്തിന് ലെനിൻ നൽകിയ മറുപടിയും. രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കെയാണ് മഹാനായ ആ വിപ്ലവകാരി ഇത്തരമൊരു മറുപടി നൽകിയത്. അതുകൊണ്ടുതന്നെ അത് കേവലം വെറുംവാക്കോ തമാശയോ ആയിരുന്നില്ല. തികച്ചും ഗൗരവത്തോടെ തന്നെയാണ്, സത്യസന്ധമായിത്തന്നെയാണ് ലെനിൻ അത് പറയുന്നത്. 1962ൽ ലൂയി ഫിഷർ എഴുതിയ The Life of Lenin എന്ന കൃതിയിൽ എന്നപോലെ തന്നെ ഇക്കാര്യം 2005ൽ ക്രിസ്റ്റഫർ റീഡ് എഴുതിയ Lenin: A Revolutionary Life എന്ന കൃതിയിലും 2011 ൽ ലാർസ് ടി ലി എഴുതിയ Lenin എന്ന ലഘു ജീവചരിത്രത്തിലും 2015 ൽ മന്തിലി റിവ്യൂ പ്രസ് പ്രസിദ്ധീകരിച്ച താമസ് ക്രൗസിന്റെ (TAMAS KRAUSZ) Reconstructing Lenin: An Intellectual Biography എന്ന കൃതിയിലും ആവർത്തിക്കുന്നുണ്ട്.

ലെനിന്റെ പിതാവ് ഇലിയ ഉല്യാനോവ് ജനിച്ചത് ഒരു കർഷക കുടുംബത്തിൽ തന്നെയാണ്; ഇലിയ ഉല്യാനോവിന്റെ പൂർവപിതാക്കൾ അടിയാളരായിരുന്നു (serfs). സാർ അലക്സാണ്ടർ രണ്ടാമൻ അടിയാള സമ്പ്രദായം നിർത്തലാക്കിയതോടെയാണ് അവർ അടിയാളത്തത്തിൽനിന്ന് മോചിതരായത്. പിന്നീട് ഇലിയ വെള്ളി മെഡൽ നേടി ഹെെസ്കൂൾ പരീക്ഷ പാസായശേഷം കസാൻ സർവകലാശാലയിൽ ചേർന്ന് ബിരുദവും നേടി. വിദ്യാഭ്യാസാനന്തരം സ്കൂൾ അധ്യാപകനും തുടർന്ന് സ്കൂൾ ഇൻസ്പെക്ടറും ഒടുവിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രവിശ്യാതല ഡയറക്ടറുമായി. ഉന്നതവിദ്യാഭ്യാസവും ഉന്നത ഔദ്യോഗികപദവിയും അതനുസരിച്ചുള്ള സാമ്പത്തിക–സാമൂഹിക സ്ഥാനവും ആയപ്പോൾ സ്വാഭാവികമായും അത് പ്രഭുത്വം ആയി പരിഗണിക്കപ്പെട്ടു. ഈ നിലയിൽ നോക്കുമ്പോൾ ലെനിന്റെ കർഷക കുടുംബപശ്ചാത്തലവും കുലീന കുടുംബാംഗമെന്ന പശ്ചാത്തലവും ശരിയാണെന്നു തന്നെ പറയാൻ നിസ്സംശയം കഴിയും.

ഇനി ലെനിന്റെ മാതാവിന്റെ കുടുംബപശ്ചാത്തലമോ? ലെനിന്റെ മാതാവ് മരിയ അലക്സാണ്ട്രോവ്ന ബ്ലാങ്കിന്റെ പിതാവ് ഡോ. അലക്സാണ്ടർ ദിമിത്രിയേവിച്ച് ബ്ലാങ്ക് ഒരു ഫിസിഷ്യനായിരുന്നു. ആരോഗ്യവകുപ്പിലെ സേവനത്തിൽനിന്നും വിരമിച്ചശേഷം ഡോ. ബ്ലാങ്ക്, കസാൻ ഗുബേർനിയയിൽ (ഗുബേർനിയയെന്നാൽ പ്രവിശ്യ–സംസ്ഥാനം–എന്നർഥം) അത്ര വലുതല്ലാത്ത ഒരു എസ്റ്റേറ്റ് വിലയ്ക്കുവാങ്ങിയിരുന്നു. അപ്പോൾ മാതാവിന്റെ വഴിയിലും ലെനിന് പ്രഭു കുടുംബത്തിന്റെ അഥവാ കുലീന കുടുംബത്തിന്റെ പശ്ചാത്തലം ലഭിക്കുന്നു.

ലെനിന്റെ ദേശീയതയെയും വംശീയവിഭാഗത്തെയും സംബന്ധിച്ചും ഇതേ വെെരുദ്ധ്യങ്ങൾ കാണാനാവും. ക്രിസ്റ്റഫർ റീഡിന്റെ Lenin: A Revolutionary Life എന്ന കൃതിയിൽ വളരെ ചുരുക്കി വ്യക്തമാക്കുന്നതിങ്ങനെയാണ്: ‘‘1980കളിൽ സോവിയറ്റ് കാലത്തെ സോഴ്സുകൾ ലഭ്യമായതിനെത്തുടർന്ന് ലെനിന്റെ കുടുംബപശ്ചാത്തലത്തെകുറിച്ച് വളരെയേറെ ഗവേഷണങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. തൽഫലമായി ലെനിന്റെ സാമൂഹ്യവും വംശീയവുമായ സങ്കരഘടകം സംബന്ധിച്ച് കൂടുതൽ വ്യക്തതയോടുകൂടിയ ധാരണ ഇന്ന് നമുക്കുണ്ട്. അദ്ദേഹത്തിന്റെ മുതുമുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും കാര്യം പരിശോധിച്ചാൽ റഷ്യൻ, ജൂത, സ്വീഡിഷ്, ജർമൻ, ഒരുപക്ഷേ കാൽമിക് പാരമ്പര്യവും സ്വാധീനവും വരെകാണാൻ കഴിയും. ലെനിന്റെ ആദ്യത്തെ വിപ്ലവ പ്രവർത്തനം അദ്ദേഹം ജനിച്ചത് അന്താരാഷ്ട്ര പശ്ചാത്തലത്തോടുകൂടിയാണെന്നതാണ്. റഷ്യയിലെ പൗരാണികമായ രണ്ട് വംശീയ വിഭാഗങ്ങളുടെ സങ്കലനവും–സ്ലോവൊനിക്, താത്താർ വംശങ്ങളുടെ സങ്കലനം – അതിനുപുറമേ ജൂത മതത്തിന്റെയും പടിഞ്ഞാറൻ യൂറോപ്യൻ പാരമ്പര്യത്തിന്റെയും സ്വാധീനവും ചേരുന്നതാണ് ശരിക്കുമുള്ള, കൃത്യമായ സങ്കരറഷ്യൻ വംശം (Hybrid Russianness) എന്നാണ് ആത്യന്തികമായി പ്രകടമാവുന്നത്’’ (പേജ് 5).

ലെനിന്റെ അമ്മ, മരിയ അലക്സാണ്ട്രോവ്ന വഴിയാണ് മുഖ്യമായും വംശീയ സങ്കരം ഉണ്ടാകുന്നത്. മരിയയുടെ പിതാവ് അലക്സാണ്ടറിന്റെ പേര് ആദ്യം സ്രൂൾ എന്നായിരുന്നു–ഇതൊരു ഇസ്രയേലി ജൂതപ്പേരാണ്. 1820ൽ ആ കുടുംബം ഒൗദ്യോഗികമായി റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് മാറി, മാമോദീസ മുങ്ങിയശേഷമാണ് അലക്സാണ്ടർ ദിമിത്രയേവിച്ച് ബ്ലാങ്ക് എന്ന പേര് ലഭിച്ചത്. അതുപോലെ മരിയയുടെ മാതാവ് അന്ന ഇവാനോവ്ന ജർമൻ–സ്വീഡിഷ് ദമ്പതിമാരുടെ മകളായിരുന്നു. മരിയ ജനിച്ചു വളർന്നതാകട്ടെ ഒരു ഭൂ ഉടമയുടെ മകളെന്ന നിലയിലുമാണ്.

ലെനിന്റെ പിതാവ് ഇലിയ ഉല്യാനോവിന്റെ വംശാവലി ഇത്രയും സങ്കീർണമല്ല. ഇലിയ പ്രധാനമായും റഷ്യൻ പശ്ചാത്തലമുള്ളയാളാണ്. എങ്കിലും ഇലിയയുടെ അമ്മ അന്ന, താത്താർ വംശത്തിൽപെട്ട സ്ത്രീയായിരുന്നു. റഷ്യയുടെ ഏഷ്യൻ ഭാഗത്ത് അധിവസിക്കുന്ന ജനവിഭാഗമാണ് താത്താറുകൾ. അവരിൽ ചെറിയൊരു വിഭാഗം ബുദ്ധമതാനുയായികളും അധികവും ഇസ്ലാം മതവിശ്വാസികളുമാണ്. അന്നയുടെ പൂർവ പിതാക്കൾ ബുദ്ധമതാനുയായികളാണോ ഇസ്ലാം മതത്തിൽപ്പെട്ടവരാണോ എന്ന കാര്യത്തിലും വ്യത്യസ്താഭിപ്രായം നിലനിൽക്കുന്നുണ്ട്. ഇതെല്ലാമാണ് ലെനിന് ഏഷ്യൻ–യൂറോപ്യൻ ദേശീയപശ്ചാത്തലമുണ്ടെന്നു പറയാൻ കാരണം.

ഉല്യാനോവ് കുടുംബം പൊതുവെ പുരോഗമനപരമായ അന്തരീക്ഷമുള്ളതായിരുന്നു. ലെനിന്റെ മാതാവിന് വരുമാനമുള്ള ജോലി ഇല്ലായിരുന്നെങ്കിലും വിദ്യാസമ്പന്നയായിരുന്നു ആ വീട്ടമ്മ. ഉല്യാനോവ് ദമ്പതിമാർക്ക് ഏഴ് മക്കളായിരുന്നു. അതിലൊരാൾ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ മരിച്ചതിനാൽ ആറ് മക്കളുടെ കാര്യമേ പൊതുവെ പരാമർശിക്കാറുള്ളൂ. ഇതിൽ മൂന്നാമനായിരുന്നു വ്ളാദിമീർ ഇലിച്ച് ഉല്യാനോവ് എന്ന ലെനിൻ. അദ്ദേഹത്തെ കുടുംബാംഗങ്ങൾ സ്നേഹപൂർവം വിളിച്ചിരുന്നത് വൊളോദിയ എന്നാണ്. ആദ്യത്തെയാൾ അന്നയും രണ്ടാമത്തെയാൾ അലക്സാണ്ടറുമാണ് (സാഷ). ലെനിന്റെ ഇളയസഹോദരങ്ങൾ വോൾഗയും ദിമിത്രിയും മരിയയുമാണ്.

1870 ഏപ്രിൽ 22ന് വോൾഗ നദീതീരത്തെ സിംബെർസ‍്ക്ക് നഗരത്തിലായിരുന്നു വ്ളാദിമീർ ഇലിച്ചിന്റെ ജനനം. ഉല്യാനോവ് കുടുംബം സിംബെർസ്കിൽ എത്തിയത് 1869ലാണ്. അവിടെ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പാർപ്പുറപ്പിച്ചു. ഇവിടെയാണ് ഒരു വർഷത്തിനുശേഷം ലെനിൻ പിറന്നത്. ലെനിന്റെ പിതാവ് ഇലിയ നിക്കളോയേവിച്ച് ഉല്യാനോവ് സിംബെർസ്-ക്കിലെ സംസ്ഥാന സ്കൂൾ ഇൻസ്പെക്ടർ ആയപ്പോഴാണ് ഉല്യാനോവ് കുടുംബം അവിടേയ്ക്ക് താമസം മാറ്റിയത്. 1874ൽ ഇലിയ ഉല്യാനോവ് സിംബെർസ്-ക്ക് പ്രവിശ്യയിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഡയറക്ടറായി. ആ കാലത്ത് വളരെ മോശപ്പെട്ട അവസ്ഥയിലുള്ള 20 സ്കൂളുകൾ മാത്രമായിരുന്നു സിംബെർസ്-ക്കിൽ ഉണ്ടായിരുന്നത്. പുതിയ സ്കൂളുകൾ നിർമിക്കാനും പഴയവയെ പുതുക്കിപ്പണിയാനും അധ്യാപകർക്ക് പരിശീലനം നൽകാനുമായി അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഈ കഠിനാധ്വാനമാണ് അദ്ദേഹത്തിന് ഉന്നതകുല ജാതൻ എന്ന തരത്തിൽ അംഗീകാരം ഭരണകൂടത്തിൽനിന്നുതന്നെ ലഭിക്കുന്നതിനിടയാക്കിയത്. 1886ൽ ഇലിയ ഉല്യാനോവ് മരിക്കുമ്പോൾ സിംബെർസ്-ക്ക് പ്രവിശ്യയിൽ 20,000 വിദ്യാർഥികൾ പഠിക്കുന്ന 434 ചെറിയ പ്രൈമറി സ്കൂളുകളാണ് നിലവിലുണ്ടായിരുന്നത്; നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന മറ്റു നിരവധി ജിംനേഷ്യങ്ങളും (ഹെെസ്കൂൾ) ഉണ്ടായിരുന്നു.

വിദ്യാഭ്യാസ വ്യാപനത്തിനായി ഡയറക്ടർ എന്ന നിലയിൽ ഇലിയ ഉല്യാനോവ് രാപ്പകൽ ഭേദമെനേ-്യ കഠിനാധ്വാനത്തിലേർപ്പെട്ടിരുന്നതുമൂലം പലപ്പോഴും ആഴ്ചകളോളം അദ്ദേഹത്തിന് വീട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. സിംബെർസ-്-ക്ക് നഗരത്തിൽ ഉണ്ടായിരുന്നപ്പോൾ പോലും അദ്ദേഹത്തിന് തന്റെ കുട്ടികളുമായി അടുത്തിടപഴകാൻ അധികം കഴിഞ്ഞിരുന്നില്ല.

ഈ കുറവ് നികത്തിയതാകട്ടെ അദ്ദേഹത്തിന്റെ ഭാര്യ–ലെനിന്റെ മാതാവ്– മരിയ അലക്സാണ്ട്രോവ്-ന ആയിരുന്നു. മികച്ച ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമായിരുന്നു അവരുടെ സ്വഭാവ സവിശേഷത എന്നാണ് അവരുടെ മൂത്തമകൾ അന്ന തന്റെ ഓർമക്കുറിപ്പുകളിൽ എഴുതുന്നത്. പരിഭ്രമമോ തന്റേടമില്ലായ്മയോ അവർക്കന്യമായിരുന്നു. അത്രയ്ക്കേറെ ധീരയായ വനിതയായിരുന്നു അവർ. അവർ ഔപചാരികമായി ഏതെങ്കിലും സ്കുളിൽ ചേർന്ന് പഠിച്ചിരുന്നില്ലെങ്കിലും (അവരുടെ അച്ഛന്റെ ഒരു ബന്ധുവായിരുന്നു വീട്ടിൽ വച്ച് പഠിപ്പിച്ചിരുന്നത്) പരീക്ഷകൾ പാസാവുകയും സ്കൂൾ അധ്യാപികയാകാനുള്ള യോഗ്യത നേടുകയും ചെയ്തു. അവർ ഇംഗ്ലീഷും ഫ്രഞ്ചും സ്വയം പഠിക്കുകയും ജർമൻ, റഷ്യൻ ഭാഷകളിൽ സംസാരിക്കുകയും ചെയ്തു; ഇവ രണ്ടും വെറും സംസാരഭാഷയായി മാത്രമല്ല, സാഹിത്യഭാഷ എന്ന നിലയ്ക്കുതന്നെ അവർക്കറിയാമായിരുന്നു. അവരുടെ മേശപ്പുറത്ത് എന്നും കാണാമായിരുന്ന രണ്ട് കൃതികൾ ഇംഗ്ലീഷിലുള്ള ഷേക്-സ്പിയർ സമ്പൂർണകൃതികളും ലൂയി അഡോൾഫ് ഥയേഴ്സിന്റെ (Louis Adolphe Thiers) ഫ്രഞ്ച് ഭാഷയിലുള്ള ഫ്രഞ്ച് വിപ്ലവത്തിന്റെ ബൃഹദ്ചരിത്രവും ആയിരുന്നു.

മരിയയുടെ മാർഗദർശനമനുസരിച്ച് മക്കൾ ഒരു കയ്യെഴുത്തുമാസിക ദി സാബ്ബത്ത് (The Sabbath) എന്ന പേരിൽ തയ്യാറാക്കി കുടുംബാംഗങ്ങൾക്കിടയിൽ കെെമാറിയിരുന്നു. ആ അമ്മ അവരുടെയെല്ലാം വസ്ത്രങ്ങൾ സ്വന്തമായുണ്ടായിരുന്ന സിംഗർ തയ്യൽ മെഷീനിൽ തയ്ക്കുകയാണ് ചെയ്തിരുന്നത്. ഉല്യാനോവ് കുടുംബത്തിൽ ഒരു പിയാനൊയുണ്ടായിരുന്നു. വൊളോദിയയെ (ലെനിൻ) അമ്മ മരിയ പിയാനോ വായിക്കാൻ പഠിപ്പിച്ചിരുന്നു. തന്റെ അമ്മയോടും സഹോദരി വോൾഗയോടുമൊപ്പം വൊളോദിയയും താളമിടുമായിരുന്നു ജർമൻ കവി ഹെൻറിച്ച് ഹെയ്നെയുടെ (Heinrch Heine) ഗാനങ്ങളും ഗോയ്ഥെയുടെ (Goethe) ഫോസ്റ്റിൽ (Faust) നിന്നുള്ള വാലന്റൈന്റെ ഗാനങ്ങളും വൊളോദിയ ആലപിച്ചിരുന്നതായി ഇളയസഹോദരൻ ദിമിത്രി അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജേ-്യഷ്ഠ സഹോദരി അന്നയുടെ ഓർമക്കുറിപ്പുകളിൽ പറയുന്നത്, വൊളോദിയ ചുറുചുറുക്കുള്ള, കുസൃതിക്കാരനായ, വിനോദപ്രിയനായ, ഒച്ചയുണ്ടാക്കുന്ന കളികളിൽ തൽപ്പരനായ കുട്ടിയായിരുന്നുവെന്നും ഒരിടത്ത് അടങ്ങിയൊതുങ്ങി ഇരിക്കാത്ത പ്രകൃതമായിരുന്നു അവന്റേതെന്നും അവൻ കളിപ്പാട്ടങ്ങളുപയോഗിച്ച് കളിക്കുന്നതിനെക്കാളധികം അവയാകെ പൊട്ടിച്ചുകളയുമായിരുന്നുവെന്നുമാണ്. സദാപുഞ്ചിരിക്കുന്ന പ്രകൃതക്കാരനായിരുന്ന വൊളോദിയ മറ്റുള്ളവരെ പരിഹസിക്കുകയും ശിശുസഹജമായ ഗോഷ്ടികൾ കാണിക്കുകയും ചെയ്യുമായിരുന്നു.

അഞ്ചാം വയസ്സിൽ വായിക്കാൻ പഠിച്ച വൊളോദിയയെ ജിംനേഷ്യത്തിൽ (ഹെെസ്കൂളിൽ) ചേർക്കാനുള്ള തയ്യാറെടുപ്പിനായി വീട്ടിലെത്തി പഠിപ്പിക്കാൻ ഒരധ്യാപകനെ ചുമതലപ്പെടുത്തി. ഒമ്പതര വയസ്സായപ്പോൾ ആ കുട്ടി ഹെെസ്കൂളിൽ പ്രവേശനം നേടി. ഇളയ സഹോദരി വോൾഗയായിരുന്നു കളിക്കൂട്ടുകാരി–ഇരുപത് മാസത്തിന്റെ പ്രായവ്യത്യാസമേ അവർ തമ്മിലുണ്ടായിരുന്നുള്ളൂ. രണ്ടുപേരും വായിക്കാനുള്ള പഠനത്തിലേർപ്പെട്ടത് ഒരുമിച്ചായിരുന്നു. നാലാം വയസ്സിൽ തന്നെ വോൾഗ വായിക്കാൻ പഠിച്ചു.

കഠിനാധ്വാനവും ജാഗ്രതയും ഉല്യാനോവ് കുടുംബത്തിന്റെ പൊതുവായ ശീലമായിരുന്നു. പിതാവ് ഇലിയ ഉല്യാനോവ് അവികസിതമായിരുന്ന സ്കൂൾ വിദ്യാഭ്യാസത്തെ ജാഗ്രതയോടെ നടത്തിയ കഠിനാധ്വാനത്തിലൂടെ പുതിയൊരു മണ്ഡലത്തിലേക്ക്, മികച്ച സൗകര്യങ്ങളുള്ള ഒന്നാക്കി വളർത്തി. അമ്മ മരിയക്ക് വീട്ടുഭരണമായിരുന്നു; അതു മാത്രമായിരുന്നു അവരുടെ ലോകം. ഇരുവർക്കും കൃത്യനിഷ്ഠയും അടുക്കും ചിട്ടയുമുണ്ടായിരുന്നു; തങ്ങളുടെ ജോലികളിൽ മുഴുകുന്നത് ഇരുവർക്കും ഏറെ ഇഷ്ടമായിരുന്നു. ഈ ഗുണങ്ങളെല്ലാം അവരുടെ എല്ലാ മക്കൾക്കും ലഭിച്ചിരുന്നു.

വലിയ പരിശ്രമമൊന്നും കൂടാതെ തന്നെ ജിംനേഷ്യത്തിൽ വൊളോദിയയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ചു. ജിംനേഷ്യത്തിലെ അവസാന ക്ലാസിൽ അവന് ശരാശരി 4 10/11 മാർക്കായിരുന്നു; ഏറ്റവും ഉയർന്നത് 5 മാർക്കായിരിക്കെയാണിത്. സ്കൂളിൽ മാർക്കുകൾ പ്രഖ്യാപിച്ച ദിവസം അവൻ ആഹ്ലാദപൂർവം തുള്ളിച്ചാടി ഒച്ചയിട്ടുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. ‘‘ഗ്രീക്കിന് 5, ലാറ്റിന് 5, മതത്തിന് 5, കണക്കിന് 5, അങ്ങനെയങ്ങനെ’’ എന്നാണ് വിളിച്ചു പറഞ്ഞിരുന്നത്. പിതാവ് ഇലിയ ഉല്യാനോവ് മൂത്ത രണ്ട് ആൺകുട്ടികൾക്കൊപ്പം–സാഷയും വൊളോദിയയും–പന്ത് കളിക്കുകയും ചെസ് കളിക്കുകയും ചെയ്തിരുന്നു. ആദ്യത്തെ ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ കുട്ടികൾ അച്ഛനെ പരാജയപ്പെടുത്തി മുന്നേറി. ലെനിനെക്കുറിച്ചുള്ള തന്റെ ഓർമക്കുറിപ്പുകളിൽ ദിമിത്രി ഉല്യാനോവ് ഒരു ഭാഗം പൂർണമായും ചെസിനായി മാറ്റിവച്ചു. വൊളോദിയ 9–ാം വയസ്സിലാണ് അച്ഛനോടൊപ്പവും സാഷയോടൊപ്പവും ചെസ് കളി ആരംഭിച്ചത്. പിന്നീട് വോൾഗയ്ക്കും ദിമിത്രിക്കുമൊപ്പവും അദ്ദേഹം ചെസ് കളിക്കാൻ തുടങ്ങി. കളിയിൽ വിട്ടുവീഴ്ച ചെയ്യാത്ത കർക്കശക്കാരനായിരുന്നു വൊളോദിയ എന്നാണ് ദിമിത്രി ഓർക്കുന്നത്. ചെസിനെക്കുറിച്ച് സെെദ്ധാന്തിക പഠനം നടത്താൻ വൊളോദിയയ്ക്ക് താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ല എന്നും ദിമിത്രി ഓർക്കുന്നു.

അച്ഛൻ ഇലിയ ഉല്യാനോവ് 1886 ജനുവരി 12ന് മരണപ്പെട്ടു. സാഷയ്ക്ക് പിതാവിന്റെ ശവസംസ്കാരചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അയാൾ അന്ന് സെന്റ് പീറ്റേഴ്സ്ബെർഗിലെ സർവകലാശാലാ കാംപസിലായിരുന്നു. കർക്കശക്കാരനായ പിതാവിന്റെ മരണത്തെതുടർന്ന് മൂത്ത രണ്ട് ആൺമക്കളുടെയും മേലുണ്ടായിരുന്ന നിയന്ത്രണത്തിൽ അയവുവന്നു. 1922ൽ സെൻസസ് ഉദ്യോഗസ്ഥർ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായി ലെനിൻ പറഞ്ഞത് ‘‘16–ാമത്തെ വയസ്സുമുതൽ താൻ ദെെവ വിശ്വാസിയല്ല’’ എന്നാണ്. അതായത്, പിതാവിന്റെ മരണശേഷം. ഏകദേശം ഇതേ സമയം തന്നെയാണ് നരോദ്നയ വോള്യയിൽ സാഷ ചേർന്നതും.

ഹെെസ്കൂൾ വിദ്യാഭ്യാസകാലത്ത് സാഷയ്ക്കോ വൊളോദിയയ്ക്കോ രാഷ്ട്രീയ കാര്യങ്ങളിൽ ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല എന്ന് ലെനിന്റെ സഹോദരി അന്ന തന്റെ ഓർമക്കുറിപ്പിൽ തറപ്പിച്ച് പറയുന്നുണ്ട്. അച്ഛനമ്മമാർ ലിബറൽ ചിന്താഗതിക്കാരായിരുന്നുവെന്ന് പറയുമ്പോൾ തന്നെ യാഥാസ്ഥിതികത്വവും അവരിൽ ഉണ്ടായിരുന്നുവെന്നും അന്ന ഓർമിക്കുന്നുണ്ട്. അമ്മ പള്ളിയിൽ പോകാറില്ലായിരുന്നു. എന്നാൽ അച്ഛൻ പള്ളിയിൽ പോയിരുന്നു. 1881ൽ സാർ അലക്സാണ്ടർ രണ്ടാമൻ കൊല്ലപ്പെട്ടപ്പോൾ ഇലിയ ഉല്യാനോവ് തന്റെ ഔദ്യോഗിക വേഷമണിഞ്ഞ് ആ സേ–്വച്ഛാധിപതിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താൻ സിംബെർ-സ്-ക്ക് കത്തീഡ്രലിൽ പോയ കാര്യം ഒരിക്കൽ ലെനിൻ തന്നെ അനുസ്മരിച്ചിരുന്നു. അപൂർവമായി വീട്ടിലെത്തുമായിരുന്ന സഹപ്രവർത്തകരുമായി ഇലിയ സ്കൂളുകളുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്തിരുന്നത്. മരിയ അലക്സാണ്ട്രോവ്നയാകട്ടെ അത്യപൂർവമായി മാത്രമേ പുറത്തേയ്ക്ക് പോവുകയോ മറ്റുള്ളവരുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നുള്ളൂ. ഇതായിരുന്നു ഉല്യാനോവ് കുടുംബത്തിലെ പൊതു അവസ്ഥ.

ലെനിന്റെ സഹോദരി അന്ന ഇലിനിച്ച്ന ഉല്യാനോവ തങ്ങളുടെ പിതാവിനെ വിശേഷിപ്പിച്ചത് ‘‘സമാധാന പ്രിയനായ നരോദ്നിക്ക്’’ എന്നാണ്. ഇലിയ ഉല്യാനോവ് 1860കളിലെ വിപ്ലവകാരികളുടെ തലമുറയുടെ വിപ്ലവാശയങ്ങളുമായി പരിചിതനായിരുന്നു. ഹെർസനേയും ചെർണിഷേവ്സ്-ക്കിയെയും ഡെബ്രോല്യുബോവിനെയും പിസാറോവിനെയും മറ്റും പോലെയുള്ള വിപ്ലവാശയങ്ങൾ പങ്കുവച്ചിരുന്ന എഴുത്തുകാരുടെ കൃതികൾ ഇലിയ ഉല്യാനോവ് വായിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും സാറിസ്റ്റ് സേ-്വച്ഛാധിപത്യത്തിനെതിരായ പ്രസ്ഥാനങ്ങളുമായൊന്നും സഹകരിച്ചിരുന്നില്ല. അതേ സമയം സേ-്വച്ഛാധിപത്യത്തിന് നിയന്ത്രണം വേണമെന്ന പക്ഷക്കാരനുമായിരുന്നു അദ്ദേഹം. ദരിദ്രരുടെ ഉന്നമനത്തിനായും അദ്ദേഹം നിലകൊണ്ടു. അതാണ് തന്റെ ഒൗദ്യോഗിക ജീവിതത്തിൽ ഇലിയ ഉല്യാനോവ് പ്രകടമാക്കിയ നിലപാടുകളിൽ നിന്ന് വ്യക്തമാകുന്നത്. അധ്യാപകനെന്ന നിലയിൽ അദ്ദേഹം സമൂഹത്തിന്റെ അടിത്തട്ടിലുള്ള, ദരിദ്രരായ കുട്ടികൾക്കാകെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. സ്കൂളുകൾ സ്ഥാപിക്കുന്നതിലും മെച്ചപ്പെട്ട അധ്യാപനം ഉറപ്പാക്കുന്നതിലും ശ്രദ്ധചെലുത്തുകയും അതിനായി അഹോരാത്രം അധ്വാനിക്കുകയും ചെയ്തതുതന്നെ ആ ലക്ഷ്യത്തോടെയായിരുന്നു. ദരിദ്രരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനോട് യോജിപ്പില്ലാതിരുന്ന സാറിസ്റ്റ് വാഴ്ചയ്ക്കെതിരായ ഒരു നിശ്ശബ്ദ കലാപമായിരുന്നു ഇലിയ ഉല്യാനോവ് എന്ന പ്രവിശ്യ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയത്. അക്കാലത്തെ ജനാധിപത്യവാദിയായ വിപ്ലവ കവി നെക്രാസോവിന്റെ ആരാധകനായിരുന്ന അദ്ദേഹം ജനാധിപത്യവിശ്വാസിയായിരുന്നു. അതേ സമയം അടിയാളത്തം അവസാനിപ്പിച്ച സാർ അലക്സാണ്ടർ രണ്ടാമനെ ആരാധനയോടെയാണ് അദ്ദേഹം കണ്ടിരുന്നത്. മതവിശ്വാസിയായിരുന്നു ഇലിയ; എന്നാൽ മതഭ്രാന്തനായിരുന്നില്ല. മതപരമായ ഉത്സവങ്ങളും ആഘോഷങ്ങളും കുടുംബത്തിൽ നടത്തിയിരുന്നു. മക്കളെയെല്ലാം മാമോദീസ മുക്കി സഭയിൽ ചേർത്തെങ്കിലും മുടങ്ങാതെ പള്ളിയിൽ പോകാൻ ഭാര്യയെയോ മക്കളെയോ അദ്ദേഹം ഒരിക്കലും നിർബന്ധിച്ചില്ല. പലപ്പോഴും നിരോധിക്കപ്പെട്ട പാട്ടുകൾ ഇലിയ തന്റെ മക്കളെ പാടികേൾപ്പിക്കാറുണ്ടായിരുന്നുവെന്ന് അന്ന തന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തുന്നുണ്ട്.

ഉല്യാനോവ് കുടുംബം സംഘർഷങ്ങളില്ലാതെ സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത് എന്ന് നിസ്സംശയം പറയാവുന്നതാണ്. ലെനിനും 5 സഹോദരങ്ങളും യാതൊരു പിണക്കവും കൂടാതെ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്ന് അന്നയുടെയും ദിമിത്രിയുടെയും മരിയയുടെയും ഓർമക്കുറിപ്പുകൾ വ്യക്തമാക്കുന്നു. പിതാവിന്റെ വേർപാടിനു പിന്നാലെ സാഷയും വിടപറഞ്ഞത് ആ കുടുംബത്തിൽ വലിയ വേദനയ്ക്കിടയാക്കി. അമ്മ കടുത്ത സങ്കടത്തിലായത് വ്ളാദിമീറിനെയും ബാധിച്ചു; മാത്രമല്ല വലിയ അടുപ്പത്തിലായിരുന്ന സഹോദരന്റെ അകാലത്തിലെ വേർപാട് വ്ളാദിമീറിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. എന്നാലും തന്റെ മാതാവിനെ ആശ്വസിപ്പിക്കുന്നതിൽ ഏറെശ്രദ്ധാലുവായിരുന്നു അദ്ദേഹം. എന്നും ലെനിൻ എവിടെയായിരുന്നാലും, സെെബീരിയയിൽ നാടുകടത്തപ്പെട്ടപ്പോഴും പടിഞ്ഞാറൻ യൂറോപ്പിൽ പ്രവാസിയായിരിക്കുമ്പോഴും, അമ്മയ്ക്കു കത്തുകൾ അയച്ചിരുന്നു. 1916 ജൂലെെ 25ന് അവർ മരിക്കുവോളം ആ പതിവ് തുടർന്നു. സഹോദരന്റെ വേർപാടിനെ തുടർന്ന് അവൻ ഉയർത്തിപ്പിടിച്ച ആശയത്തിന്റെ സാക്ഷാത്കാരം എങ്ങനെയെന്ന ചിന്തയിലായി ലെനിൻ. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + eleven =

Most Popular