‘‘ഡിസംബർ 4ന്
വ്ളാദിമീർ ഉല്യാനോവ് ഒന്നാം
അസംബ്ലി ഹാളിലേക്ക്
ക്രോധാവേശത്തോടെ ഇരച്ചുകയറി; രണ്ടാം നിലയിലെ ഇടനാഴിയിലൂടെ കുതിച്ചു പാഞ്ഞവരുടെ
മുന്നിൽ അയാളും
പൊളിയാൻസ്കിയുമായിരുന്നു;
മറ്റുള്ളവരെ ആവേശം
കൊള്ളിക്കാൻ എന്നപോലെ
അവർ ഇരുവരും ഉറക്കെ
അലറിവിളിച്ചുകൊണ്ടും
കെെവീശിക്കൊണ്ടുമാണ്
മുന്നോട്ടുപാഞ്ഞത്.
വിദ്യാർഥികളുടെ യോഗത്തിനു
ശേഷം തന്റെ സ്റ്റുഡന്റ് കാർഡിൽ അയാൾ കെെയമർത്തി’’
– കസാൻ സർവകലാശാല അധികൃതർ
സർക്കാരിന് നൽകിയ റിപ്പോർട്ടിൽ നിന്ന്.
ലാർസ് ടി ലി Lenin എന്ന കൃതിയിൽ
ഈ ഭാഗം ഉദ്ധരിച്ച് ചേർത്തിട്ടുണ്ട്.
പേജ് 32.
മാർക്സിന്റെ വഴിയിലൂടെ വൊളോദിയ
‘‘1886ലാണ് വൊളോദിയയുടെ ആത്മാവിൽ ലെനിൻ രൂപപ്പെടാൻ തുടങ്ങിയത് ‘Lenin: A Revolutionary Life ’ എന്ന കൃതിയിൽ ക്രിസ്റ്റഫർ റീഡ് (Christopher Read) നടത്തുന്ന നിരീക്ഷണമാണിത് (പേജ് 10). പിതാവ് ഇലിയ നിക്കളോയേവിച്ച് ഉല്യാനോവ് (IIiya Nikolayevich Ulyanov) 1886ൽ, അതായത് വൊളോദിയയ്ക്ക് 16 വയസ്സുള്ളപ്പോൾ, അവിചാരിതമായി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടതോടെ പള്ളിയുമായുള്ള ബന്ധം പാടെ ഉപേക്ഷിച്ചു. അതിനുമുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് സഹോദരി അന്നയുടെ ഓർമക്കുറിപ്പിൽ കാണുന്നുണ്ട്. പിതാവ് ഇലിയ വീട്ടിൽ വന്ന അതിഥിയോട് തന്റെ മക്കൾ കൃത്യമായി പള്ളിയിൽ പോകുന്ന കാര്യത്തിൽ വിമുഖരാണ് എന്ന് പരാതിപ്പെടുന്നു. അതുകേട്ട അതിഥിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘‘പള്ളിയിൽ കൃത്യമായി പോകാത്ത കുട്ടികളെ തല്ലിച്ചതയ്ക്കുകയാണ് വേണ്ടത്’’. ഇതുകേട്ട വൊളോദിയ (ലെനിൻ) പുറത്തിറങ്ങി തന്റെ കഴുത്തിൽ ഉണ്ടായിരുന്ന കുരിശ് പൊട്ടിച്ചെടുത്ത് തുണ്ടുതുണ്ടാക്കി വലിച്ചെറിഞ്ഞുവെന്നാണ് അന്ന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്തായിരിക്കണം, വൊളോദിയയുടെ ആത്മാവിൽ 1886ൽ ലെനിൻ കുടിയേറി എന്ന് ക്രിസ്റ്റഫർ റീഡ് നിരീക്ഷണം നടത്തിയത്.
അടുത്തവർഷം, 1887ൽ നടന്ന ജേ-്യഷ്ഠ സഹോദരൻ അലക്സാണ്ടറിന്റെ അറസ്റ്റും വധശിക്ഷയും വൊളോദിയയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. അന്ന ഇലിനിച്ച്ന ഉല്യാനോവയുടെ വാക്കുകൾ ഇങ്ങനെ: ‘‘വാസ്തവത്തിൽ, അതിനകംതന്നെ അലക്സാണ്ടർ, ‘നരോദ്-നയാ വോള്യ’യ്ക്കും മാർക്സിസത്തിനും ഇടയ്ക്കുള്ള വഴിത്തിരിവിൽ എത്തിയിരുന്നു. അവൻ മാർക്സിന്റെ മൂലധനം വായിച്ചിരുന്നു; മാർക്സ് വരച്ചുകാണിച്ച വികസന പാത അവന് സ്വീകാര്യവുമായിരുന്നു… വീരനായകന്റെ മരണമാണ് അലക്സാണ്ടർ ഉല്യാനോവിന് ലഭിച്ചത്. അവനു ലഭിച്ച വിപ്ലവപരമായ രക്തസാക്ഷിത്വത്തിന്റെ പരിവേഷം അവന്റെ ഇളയ സഹോദരൻ വ്ളാദിമീറിന് വഴിവിളക്കായി മാറി’’. (Reminiscences of LENIN By His Relatives. Foreign Languages publishing House.Moscow. 1956. പേജ് 22,23)
അലക്സാണ്ടർ (സാഷ) തൂക്കിലേറ്റപ്പെടുമ്പോൾ വൊളോദിയയും ഇളയ സഹോദരി വോൾഗയും ഹെെസ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന വർഷ പരീക്ഷ എഴുതുകയായിരുന്നു. ഇരുവരും സ്വർണമെഡൽ നേടിയാണ് ആ പരീക്ഷ പാസായത്. എന്നിട്ടും വൊളോദിയയ്ക്ക് കസാൻ സർവകലാശാലയിൽ അനായാസം പ്രവേശനം ലഭിച്ചില്ല. മാതാവ് മരിയയുടെ ശക്തമായ ഇടപെടലിലും വൊളോദിയ പഠിച്ചിരുന്ന ജിംനേഷ്യത്തിന്റെ ഡയറക്ടർ ഫേ-്യാദോർ കെറെൻസ്-ക്കി (ഇദ്ദേഹത്തിന്റെ മകൻ അലക്സാണ്ടർ കെറെൻസ്-ക്കിയാണ് 1917 ഫെബ്രുവരിയിലെ വിപ്ലവത്തെത്തുടർന്ന് റഷ്യൻ പ്രധാനമന്ത്രിയായത്; ലെനിന്റെ മുഖ്യ വലതുപക്ഷ എതിരാളികളിൽ ഒരാളുമായിരുന്നു അലക്-സാണ്ടർ കെറൻസ്കി) നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിന്റെ ബലത്തിലുമാണ് കസാൻ സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. നിയമബിരുദം നേടാനാണ് സർവകലാശാലയിൽ ചേർന്നത്.
എന്നാൽ വൊളോദിയ, അതിവേഗം വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് കടന്നു. സർവകലാശാലകളിൽ അന്ന് നിലനിന്നിരുന്ന സ്ഥിതി വിദ്യാർഥികളെ സംബന്ധിച്ച് മാത്രമല്ല, അധ്യാപകരെ സംബന്ധിച്ചും പരിതാപകരമായിരുന്നു. നിർബന്ധമായും യൂണിഫോം ധരിക്കൽ, സദാ പിന്തുടരുന്ന ചാരന്മാരും നിരീക്ഷണ സംവിധാനവും, ലിബറൽ മനോഭാവക്കാരായ അധ്യാപകരെ പിരിച്ചുവിടൽ, സംഘടന പ്രവർത്തനം നിഷേധിക്കൽ, അധികൃതരുടെ കണ്ണിൽ കുഴപ്പക്കാരാണെന്ന് തോന്നിയാൽ കാമ്പസിൽനിന്ന് പുറത്താക്കൽ എന്നിങ്ങനെയായിരുന്നു കസാൻ ഉൾപ്പെടെയുള്ള സർവകലാശാലകളുടെ അന്നത്തെ അവസ്ഥ. 1887 ഡിസംബർ 4ന് കസാൻ സർവകലാശാലയിലെ വിദ്യാർഥികൾ ഇൻസ്പെക്ടറോട് തങ്ങളുടെ ആവലാതികൾ വിളിച്ചു പറയുന്നതിനായി തടിച്ചുകൂടി; പിരിഞ്ഞുപോകാൻ അവർ തയ്യാറായില്ല. ഇൻസ്പെക്ടർ പ്രത്യക്ഷപ്പെട്ടപ്പോൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർഥികൾ അയാളുടെ നേർക്ക് പാഞ്ഞടുത്തു. അവരുടെ ആവശ്യങ്ങൾ സർവകലാശാലയുമായി ബന്ധപ്പെട്ടവ മാത്രമായിരുന്നില്ല, പൊതുരാഷ്ട്രീയ പ്രശ്നങ്ങളും അവർ ഉന്നയിച്ചിരുന്നു. അതിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന വൊളോദിയ ഉൾപ്പെടെയുള്ള 39 പേർ അറസ്റ്റുചെയ്യപ്പെട്ടു. വൊളോദിയയാണ് അക്കൂട്ടത്തിൽ ഏറ്റവും സജീവമായിരുന്നത് എന്നാണ് ഇൻസ്പെക്ടർ റിപ്പോർട്ടു ചെയ്തത്; മുഷ്ടി ചുരുട്ടി ഇൻസ്പെക്ടറെ വിരട്ടിയെന്നുവരെ റിപ്പോർട്ട് ചെയ്തിരുന്നു.
കാമ്പസിൽ വച്ച് ആരേയും അറസ്റ്റു ചെയ്തില്ല. വീടുകളിൽനിന്ന് അറസ്റ്റു ചെയ്ത 39 പേരെയും ദിവസങ്ങളോളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽവെച്ചു. തുടർന്ന് അവരെയെല്ലാം സർവകലാശാലയിൽനിന്നു പുറത്താക്കി. പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിമധേ-്യ പൊലീസ് ഉദ്യോഗസ്ഥൻ വൊളോദിയയോട് ചോദിച്ചത്, ‘‘എന്തിനാ ചെറുപ്പക്കാരാ ഇങ്ങനെ കലാപമുണ്ടാക്കുന്നത്? അതുകൊണ്ട് എന്തു പ്രയോജനം? നിങ്ങൾക്കു മുന്നിലുള്ള കനത്ത മതിൽക്കെട്ട് കാണുന്നില്ലേ?’’ എന്നാണ്. അതിന് വൊളോദിയയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്നാണ് വി വി അഡോറത്-സ്-ക്കി എന്ന വിദ്യാർഥി റിപ്പോർട്ടു ചെയ്തത്. ‘‘അതെ, മുന്നിൽ കനത്ത മതിൽക്കെട്ടുണ്ട്; പക്ഷേ, അതാകെ പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്; ഒരു നല്ല തള്ളു കൊടുത്താൽ മതി, അത് തകർന്നടിയും’’.
സർവകലാശാലയിൽനിന്നുള്ള പുറത്താക്കൽ നടപടിയും പൊലീസ് നടപടിയുമെല്ലാം വേഗം പൂർത്തിയായി. വ്ളാദിമീർ ഇലിച്ചിനെ (തുടർന്ന് നമുക്ക് വൊളോദിയ എന്ന പേര് ഉപേക്ഷിക്കാം) കസാനിൽനിന്ന് 26 മെെൽ അകലെയുള്ള കൊക്കുഷ്-ക്കിനൊ (Kokyshkino) യിലേക്ക് നാടുകടത്തി. മരിയ അലക്-സാണ്ട്രോവ്ന (വ്ളാദിമീർ ഇലിച്ചിന്റെ മാതാവ്) യുടെ പിതാവ് ഡോ. അലക്-സാണ്ടർ ബ്ലാങ്ക് വാങ്ങിയ ഒരു എസ്റ്റേറ്റ് കൊക്കുഷ്-ക്കിനോയിൽ ഉണ്ടായിരുന്നു. ആ കാലത്ത് വ്ളാദിമീറിന്റെ ജേ-്യഷ്ഠ സഹോദരി അന്ന അവിടെ വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാലയിലെ പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനെ തുടർന്നാണ് അന്ന ശിക്ഷിക്കപ്പെട്ടത്; എന്നാൽ അന്ന നിയമവിരുദ്ധ സംഘടനയിലൊന്നും അംഗമായിരുന്നില്ല. 5 വർഷം സെെബീരിയയിൽ കഴിയണമെന്നതായിരുന്നു ശിക്ഷ; അമ്മയുടെ അപേക്ഷയിലാണ് അതിൽ ഭേദഗതി വരുത്തി കുക്കുഷ്-ക്കിനൊയിൽ 5 വർഷം വീട്ടു തടങ്കൽ എന്നാക്കിയത്. അമ്മയ്ക്ക് അവരുടെ പിതാവിന്റെ എസ്റ്റേറ്റിൽ അഞ്ചിലൊന്ന് വിഹിതം ലഭിച്ചിരുന്നു. അവിടെയായിരുന്നു അന്നയെയും വ്ളാദിമീറിനെയും കൂടാതെ മറ്റു മൂന്ന് സഹോദരങ്ങളും അമ്മയും (മൂത്ത രണ്ടു മക്കളും നാടുകടത്തപ്പെട്ട് അവിടേയ്ക്ക് മാറിയതിനെ തുടർന്ന് അമ്മയും മറ്റു മൂന്ന് മക്കളും അവിടെയെത്തിയിരുന്നു) താമസിച്ചത്.
മറിയാ അലക്-സാണ്ട്രോവ്നയുടെ സഹോദരന്റെ വകയായ വലിയൊരു പുസ്തകശേഖരം ആ കുടുംബത്തിന് ലഭിച്ചിരുന്നു; പുസ്തകങ്ങൾക്കുപുറമെ പഴയ മാഗസിനുകളുടെ കൂമ്പാരവും അവർ പാർത്തിരുന്ന ആ കെട്ടിടത്തിലുണ്ടായിരുന്നു. ഈ പുസ്തകങ്ങൾക്കും മാഗസിനുകൾക്കും പുറമേ കസാനിലെ ലെെബ്രറിയിൽനിന്ന് പുസ്തകങ്ങൾ ലഭ്യമാക്കാനും ഏർപ്പാടുണ്ടാക്കിയിരുന്നു. പത്രങ്ങൾക്കും മാഗസിനുകൾക്കും വരിസംഖ്യയടച്ച് അവയും ലഭ്യമാക്കിയിരുന്നു. 1888 സെപ്തംബറിൽ വ്ളാദിമീർ ഇലിച്ചിന് കസാനിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു. ഏറെക്കഴിയാതെ അന്നയ്ക്കും അവിടേക്ക് പോകാൻ അനുവാദം കിട്ടി.
സ്കൂൾ വിദ്യാഭ്യാസകാലത്ത് വ്ളാദിമീർ ഇലിച്ച് രാഷ്ട്രീയ കാര്യങ്ങളിൽ വലിയ ശ്രദ്ധ ചെലുത്തിയിരുന്നില്ലെങ്കിലും ആ കാലത്തുതന്നെ ഫ്രഞ്ച് വിപ്ലവത്തെ സംബന്ധിച്ച ഥയേഴ്സിന്റെ ബൃഹദ്ഗ്രന്ഥം വായിച്ചിട്ടുണ്ടായിരുന്നു. ലെനിന്റെ രാഷ്ട്രീയവും ധെെഷണികവുമായ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായത് ചെർണിഷേവ്സ്-ക്കിയുടെ ‘‘എന്തു ചെയ്യണം?’’ എന്ന നോവൽ വായിച്ചതാണ്. കുക്കിഷ്-ക്കിനൊ വാസകാലത്തെ ഒരു വേനൽക്കാലത്ത് 5 തവണ വരെ വ്ളാദിമീർ ആ കൃതി വായിച്ചതായാണ് സഹോദരി അന്ന പറയുന്നത്. ആ കൃതിയിലെ മുഖ്യ കഥാപാത്രം റാഖോമെറ്റോവ് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. അതുമാത്രമല്ല, ചെർണിഷേവ്-സ്-ക്കിയുടെ ഭൗതികവാദ സമീപനം, സാറിസ്റ്റ് വാഴ്ചയ്ക്കെതിരെ ജനാധിപത്യപരമായ നിലപാട് എന്നിവയെല്ലാം വ്ളാദിമീർ ഇലിച്ചിനെ ഏറെ ആകർഷിച്ചിരുന്നു. തുടർന്ന് ചെർണിഷേവ്-സ്-ക്കിയുടെ ലേഖനങ്ങൾ ഉൾപ്പെടെ സർവ കൃതികളും തേടിപ്പിടിച്ച് അദ്ദേഹം വായിച്ചു. മാർക്സിയൻ വെെരുദ്ധ്യവാദം അനായാസമായി ഉൾക്കൊള്ളാൻ ചെർണിഷേവ്-സ്-ക്കി വായന തനിക്ക് സഹായകമായി എന്ന് പറഞ്ഞതായാണ് എൻ വി വോൾസ്-ക്കി Encounters with Lenin എന്ന പ്രശസ്ത കൃതിയിൽ രേഖപ്പെടുത്തുന്നത്. മാർക്സിനും എംഗത്സിനും പ്ലെഖാനോവിനുമൊപ്പം വ്ളാദിമീർ ഇലിച്ചിനെ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു ചെർണിഷേവ്-സ്-ക്കി. 1888ൽ അദ്ദേഹം ചെർണിഷേവ്-സ്-ക്കിക്ക് ഒരു കത്തയക്കുകപോലും ചെയ്തിരുന്നു.
കസാൻ വാസകാലത്തും തുടർന്ന് സമാറയിലേക്ക് താമസം മാറ്റിയപ്പോഴുമാണ് വ്ളാദിമീർ ഇലിച്ച് മാർക്സിന്റെ മൂലധനം ഒന്നാം വാല്യം വായിക്കുന്നത്. മൂന്നാം വാല്യം 1894ലാണ് വായിച്ചത് എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിനിടയ്ക്കുള്ള കാലത്ത് രണ്ടാം വാല്യം മാത്രമല്ല, Conditions of the Working Classes in England in 1844 എന്ന എംഗത്സിന്റെ കൃതിയും മാർക്സിന്റെ Poverty of Philosophy യും വായിക്കുക മാത്രമല്ല, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ റഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് സമാറയിലെ മാർക്സിസ്റ്റ് സ്റ്റഡി സർക്കിളുകളിൽ കെെയെഴുത്തുപ്രതി വായിക്കാൻ സർക്കുലേറ്റ് ചെയ്തിരുന്നുവെന്നും നീൽ ഹാർഡിങ് (Lenins Political Thought) രേഖപ്പെടുത്തിയിട്ടുണ്ട്. മാർക്സിസ്റ്റ് സ്റ്റഡി സർക്കിളുകളുമായി കസാനിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ബന്ധം സമാറയിൽ കൂടുതൽ ശക്തമായി.
വ്ളാദിമീർ ഇലിച്ചിനെ സംബന്ധിച്ചിടത്തോളം മാർക്സ് വായന ജീവിതകാലത്തുടനീളം തുടർന്ന ഒന്നായിരുന്നു. മാർക്സുമായുള്ള വ്ളാദിമീർ ഇലിച്ചിന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മരണാനന്തരം ജീവിത സഖി എൻ കെ ക്രൂപ്-സ്-ക്കായ എഴുതിയത് ‘‘ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിലെല്ലാം, വിപ്ലവത്തിന്റെ ഓരോ വഴിത്തിരിവിലും ഓരോ പ്രാവശ്യവും അദ്ദേഹം വീണ്ടും വീണ്ടും വായിച്ചിരുന്നു’’. അദ്ദേഹം സദാ മാർക്സുമായി കൂടിയാലോചന നടത്തുകയും ഓരോ പ്രശ്നത്തിലും മാർക്സിന്റെ അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നുവെന്നാണ് ക്രൂപ്-സ്-ക്കായ പറയുന്നത്.
മാർക്സിലും എംഗത്സിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ കാലത്തെ അദ്ദേഹത്തിന്റെ വായന. ഡേവിഡ് റിക്കാർഡൊയുടെ സാമ്പത്തികശാസ്ത്ര കൃതികൾ ഇംഗ്ലീഷിൽതന്നെ വായിച്ച വ്ളാദിമീർ ഗ്വിസൊയുടെ (Guizot) യുടെ പല വാല്യങ്ങളുള്ള The History of Civilisation in France എന്ന കൃതിയും വായിച്ചിരുന്നു. തുർഗനീവും പുഷ്-ക്കിനും ലെർമൊണ്ടോവും നെക്രാസോവും ചെക്കോവും ടോൾസ്റ്റോയിയും ഡോസ്റ്റോവ്സ്-ക്കിയും ഗോർക്കിയും ഉൾപ്പെടെയുള്ള റഷ്യൻ സാഹിത്യ പ്രതിഭകൾ മാത്രമല്ല, ഗൊയ്ഥെയും ഹെയ്-നെയും വിക്ടർ ഹ്യൂഗോയും ചാൾസ് ഡിക്കെൻസും ജാക് ലണ്ടനുമെല്ലാം അദ്ദേഹത്തിനു പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. അവരുടെയെല്ലാം കൃതികൾ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ ആവേശപൂർവം വായിച്ചിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശത്തിൽ വലിയ പങ്കു വഹിച്ചിരുന്നു.
വിവിധ ഭാഷകൾ പഠിക്കുന്നതിലും വ്ളാദിമീർ ഇലിച്ച് അതീവതൽപ്പരനായിരുന്നു. റഷ്യൻ ഭാഷയ്ക്കുപുറമേ ഫ്രഞ്ച്, ജർമൻ, ഇംഗ്ലീഷ് ഭാഷകളിൽ നല്ല അറിവുണ്ടായിരുന്ന അദ്ദേഹം പോളിഷ്, ഇറ്റാലിയൻ ഭാഷകളും പഠിച്ചു. ചെക് ഭാഷയും സ്വീഡിഷ് ഭാഷയും അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നു. വിവിധ വിദേശ ഭാഷകളിൽ പ്രാവീണ്യം നേടുന്നതിൽ അദ്ദേഹം ഏറെ ജാഗ്രത പുലർത്തിയിരുന്നതായും ഓരോ ഭാഷയുടെയും സവിശേഷമായ ഉച്ചാരണവും വ്യാകരണവും അദ്ദേഹം പഠിച്ചിരുന്നതായും തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്ന ക്രൂപ്-സ്-ക്കായ വിവിധ ഭാഷകളിൽ അറിവു നേടാൻ അദ്ദേഹം നടത്തിയ രീതികളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. വ്ളാദിമീർ നാടുകടത്തപ്പെട്ട് സെെബീരിയയിലായിരുന്നപ്പോൾ ബ്രിട്ടീഷ് സോഷ്യലിസ്റ്റുകളായ സിഡ്നി വെബ്ബിന്റെയും ബിയാട്രീസ് വെബ്ബിന്റെയും കൃതികൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ചു. വെബ് ദമ്പതികളുടെ Industrial Democracy എന്ന കൃതി വ്ളാദിമീർ ഇലിച്ച് റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ട്രേഡ് യൂണിയനിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന ശീർഷകത്തിലാണ് 1900ത്തിൽ പീറ്റേഴ്സ്ബർഗിൽ ഈ പരിഭാഷ പ്രസിദ്ധീകരിച്ചത്. തനിക്ക് ഭാഷാപരമായ പിശക് പറ്റാനിടയുള്ളതിനാൽ ഇംഗ്ലീഷ് വ്യാകരണം സംബന്ധിച്ച കൃതികൾ എത്തിച്ചുനൽകണമെന്ന് സഹോദരി മരിയ ഉല്യാനോവയ്ക്ക് കത്തെഴുതി. അതുപോലെതന്നെ തുർഗനീവിന്റെ റഷ്യൻ കൃതികൾക്കൊപ്പം അവയുടെ ജർമൻ ഭാഷയിലെ പരിഭാഷയും വ്ളാദിമീർ വായിച്ചിരുന്നുവെന്നും ജർമൻഭാഷാ പ്രാവീണ്യം നേടാനായാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും ക്രൂപ്-സ്-ക്കായ ഓർമിക്കുന്നുണ്ട്.
മാർക്സിസ്റ്റ് സ്റ്റഡി സർക്കിളുകളിൽ വ്ളാദിമീർ ഇലിച്ച് സജീവമാകുന്നത് പ്രധാനമായും സമാറാ വാസക്കാലത്താണ്. 1889 ജൂലെെ മാസത്തിലാണ് അദ്ദേഹം സമാറയിലെ ഒരു ഗ്രൂപ്പിൽ അംഗമാകുന്നത്; അതിന്റെ സ്ഥാപകനായ എൻ വെെ ഫെദോസെയേവ് അറസ്റ്റുചെയ്യപ്പെട്ട അതേകാലത്തുതന്നെയാണ് വ്ളാദിമീർ ആ ഗ്രൂപ്പിൽ ചേർന്നത്. ഫെദോസെയേവിനെ (Fedoseyev) വളരെയധികം ആദരവോടെ കണ്ട വ്ളാദിമീർ ഇലിച്ച് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘‘സമാറയിലെ ആദ്യ മാർക്സിസ്റ്റ്’’ എന്നാണ്. 1888–89 കാലത്താണ് വ്ളാദിമീർ ഇലിച്ച് തന്റെ ഭാവി രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറപാകിയ ധെെഷണികമായ പ്രവർത്തനങ്ങളിൽ ഏറെക്കുറെ പൂർണമായും മുഴുകിയത്. മൂലധനത്തിന്റെ ഒന്നാം വാല്യം ആഴത്തിൽ അഭ്യസിച്ചതിനുപുറമെ ഡാർവിന്റെ പരിണാമസിദ്ധാന്തവും ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രവും വ്ളാദിമീർ ഇലിച്ച് സമഗ്രമായി പഠിച്ചു. 1889 അവസാനവും മൂലധനം സമഗ്രമായി വിശകലനം ചെയ്യുന്നത് അദ്ദേഹം തുടർന്നു.
പുസ്തകപഠനത്തിൽ മാത്രമല്ല വ്ളാദിമീർ ഇലിച്ച് ഈ കാലത്ത് ഏർപ്പെട്ടിരുന്നത്. സമാറയിലെ വിവിധ വിപ്ലവഗ്രൂപ്പുകളുമായി പരിചയപ്പെടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. പഴയകാല നരോദ്-നിക്കുകളുമായി ബന്ധപ്പെട്ട് നരോദ്-നിക്ക് പ്രസ്ഥാനത്തിന്റെ രഹസ്യസ്വഭാവത്തിലുള്ള പ്രവർത്തനരീതിയെക്കുറിച്ച് ഗൗരവപൂർവം പഠനം നടത്തുകയും ചെയ്തു. രഹസ്യമായി പ്രവർത്തിക്കുന്ന സംഘടനാശെെലിയെക്കുറിച്ചും ജയിലിൽനിന്ന് പുറംലോകവുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ചും ഒളിവിലെ പ്രവർത്തനത്തെക്കുറിച്ചുമെല്ലാം നരോദ്-നിക്കുകളിൽനിന്ന് മനസ്സിലാക്കി. പിൽക്കാലത്തെ വിപ്ലവപ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് ഇത് ഏറെ സഹായകമായി.
അസംഖ്യം പ്രസ്ഥാനങ്ങളും പാരമ്പര്യങ്ങളുമാണ് ലെനിന്റെ ധെെഷണികവും രാഷ്ട്രീയവും ധാർമികവുമായ ലോകവീക്ഷണത്തിന് രൂപംനൽകിയത്. ചെർണിഷേവ്-സ്-ക്കിക്കും മാർക്സിനും എംഗത്സിനും പുറമേ റഷ്യൻ നരോദ്നിക്കുകളുടെയും വിപ്ലവ ജനാധിപത്യവാദികൾ എന്ന് വിളിക്കപ്പെടുന്നവരുടെയും ധെെഷണിക പെെതൃകവും, ഫ്രഞ്ച് എൻലെെറ്റൻമെന്റിന്റെയും ഫ്രഞ്ച് റവല്യൂഷണറി ജാക്കോബനിസത്തിന്റെയും റഷ്യൻ ജാക്കൊബനിസത്തിന്റെയും പാശ്ചാത്യ സോഷ്യലിസ്റ്റ്–സോഷ്യൽ ഡെമോക്രാറ്റിക് സാമ്പത്തിക സിദ്ധാന്തങ്ങളുടെയും രാഷ്ട്രീയ സിദ്ധാന്തങ്ങളുടെയുമെല്ലാം സ്വാധീനം വ്ളാദിമീർ ഇലിച്ചിന്റെ രാഷ‍്ട്രീയമായ ഉയർച്ചയിൽ കാണാനാവുമെന്നാണ് Reconstructing Lenin എന്ന കൃതിയിൽ തമാസ് ക്രൗസ് (Tama’s Krausz) പറയുന്നത്. ക്രൗസ് ഇങ്ങനെ എഴുതുന്നു: ‘‘ലെനിൻ പുതിയ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പ്രസ്ഥാനത്തിലേക്കുള്ള തന്റെ വഴി കണ്ടെത്തിയത് റഷ്യൻ നിഹിലിസത്തെ വിമർശനപരമായി വിലയിരുത്തിക്കൊണ്ടും ഒരു ചെറുത്തുനിൽപ്പ് രൂപമായി ഭീകരപ്രവർത്തനത്തെ അംഗീകരിക്കാതെയുമാണ്. അദ്ദേഹം ഒരിക്കലും ഒരു കാരണവശാലും ഒരു കലാപകാരി ആയിരുന്നില്ല; അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു. ഒരു വിപ്ലവകാരി എങ്ങനെ ആയിരിക്കണമെന്നതിന്റെ മൂലമാതൃകയായി (Original Model) അദ്ദേഹം മാറി. അതായത് ചരിത്രപരമായി പരിശോധിച്ചാൽ അദ്ദേഹം അദ്വിതീയനാണ്; അപൂർവവും തനിമയോടുകൂടിയതുമായ ഒരാളാണ്. സയൻസിലുള്ള ആദ്യകാല താൽപ്പര്യവും സെെദ്ധാന്തിക ചിന്തയോടുള്ള ആഭിമുഖ്യവും വിപ്ലവസിദ്ധാന്തത്തെയും വിപ്ലവപ്രവർത്തനത്തെയും കൂട്ടിയോജിപ്പിക്കാനുള്ള സഹജവാസനയും അദ്ദേഹത്തെ എല്ലാം തികഞ്ഞ, കുറ്റമറ്റ ഒരു വിപ്ലവകാരിയാക്കി മാറ്റി.’’ (പേജ് 35).
1891ലെ ക്ഷാമകാലത്ത് ക്ഷാമത്തിന്റെ കെടുതികൾ ഇല്ലാതാക്കാൻ നടത്തിയ പൗരപ്രസ്ഥാനത്തിൽ പങ്കെടുത്തതാണ് രാഷ്ട്രീയസ്വഭാവത്തിലുള്ള അദ്ദേഹത്തിന്റെ ആദ്യപ്രവർത്തനം. ലെനിൻ ഉൾപ്പെടെയുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ ആശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനൊപ്പം ഭൂപ്രഭുക്കൾക്കും അതിസമ്പന്നർക്കുമായി സാറിസ്റ്റ് വാഴ്ച പണം ധൂർത്തടിക്കുന്നതിനെ തുറന്നുകാണിക്കുകയും പ്രതിഷേധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു.
വ്ളാദിമീർ ഇലിച്ചും അദ്ദേഹത്തിന്റെ മാതാവും അദ്ദേഹത്തിന് നിയമപഠനം പൂർത്തിയാക്കാനുള്ള അവസരത്തിനായി കസാൻ സർവകലാശാലയെ സമീപിച്ചു. എന്നാൽ അത് നിരസിക്കപ്പെട്ടു.
തുടർന്ന് മറ്റേതെങ്കിലും സർവകലാശാലയിൽ പഠനം തുടരാനുള്ള ശ്രമത്തിലായി. ഒടുവിൽ രണ്ടുവർഷത്തിനുശേഷം സെന്റ് പീറ്റേഴ്സ്ബെർഗിൽ സ്വയം പഠിച്ച് പരീക്ഷ എഴുതാനുള്ള അനുമതി ലഭിച്ചു. 1890 ആഗസ്ത് അവസാനം വ്ളാദിമീർ ഇലിച്ച് സെന്റ് പീറ്റേഴ്സ്ബെർഗ് സർവകലാശാലയിൽ എത്തി. 1891 മാർച്ച് അവസാനം മുതൽ മെയ് 9 വരെ നഗരത്തിലൊരിടത്ത് താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു; ഏപ്രിൽ മാസത്തിലായിരുന്നു പരീക്ഷ. ആ പരീക്ഷയിൽ അദ്ദേഹം ഫസ്റ്റ് ക്ലാസ്സോടെ വിജയിച്ചു. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹോദരി വോൾഗ പകർച്ചപ്പനി ബാധിച്ച് ഇരുപതാം വയസ്സിൽ മരണപ്പെട്ടത്. ആ കുടുംബത്തിലെ എല്ലാവരെയും, പ്രത്യേകിച്ച് വ്ളാദിമീറിനെ ഇത് ഏറെ ദുഃഖത്തിലാഴ്-ത്തി.
നിയമപരീക്ഷ ഉയർന്ന നിലയിൽ പാസായശേഷം വ്ളാദിമീർ ഹ്രസ്വകാലം അഭിഭാഷകനായി സമാറയിലെ കോടതിയിൽ പ്രാക്ടീസും ചെയ്തു. 1892 ജനുവരിക്കും 1893 ആഗസ്തിനുമിടയ്ക്ക് 24 കേസുകൾ ഏറ്റെടുത്തു; അവയിൽ മിക്കവാറും എല്ലാംതന്നെ വിജയിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷത വെളിപ്പെടുത്തുന്ന ഒരു സംഭവത്തെക്കുറിച്ച് ഇളയ സഹോദരൻ ദിമിത്രി ഉല്യാനോവ് എഴുതുന്നുണ്ട്. കുടുംബം ഒന്നിച്ച് 1890കളുടെ തുടക്കത്തിൽ സമാറയിൽ താമസിക്കുകയായിരുന്നു. ജേ-്യഷ്ഠ സഹോദരി അന്നയ്ക്കും അവരുടെ ജീവിത സഖാവ് മാർക്ക് തിമോഫെയേവിച്ച് യെലിസറോവിനും (Mark Timofeyevich Yelizarov) മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം കഴിയുകയായിരുന്നു ഇല്ലിച്ചും. 1892 ലെ വേനൽക്കാലത്ത് വ്ളാദിമീർ ഇലിച്ചും യെലിസറോവുമായി ബെസ്റ്റുഷേവ്-ക (Bestuzhevka) ഗ്രാമത്തിലുള്ള യെലിസറോവിന്റെ സഹോദരന്റെ ഫാം ഹൗസിലേക്കുപോയി. അവിടെ എത്തണമെങ്കിൽ വോൾഗാനദി കടക്കണമായിരുന്നു. സിസ്രാൻ (Syzran) പ്രദേശത്ത് നദികടത്തിന്റെ കുത്തക അരേഫേ-്യവ് (Arefyev) എന്ന ഒരു സമ്പന്ന കച്ചവടക്കാരനായിരുന്നു. വള്ളങ്ങളിൽ യാത്രക്കാരെ മറുകരയിൽ എത്തിക്കുന്ന പാവപ്പെട്ട കടത്തുകാരെ ഇയാൾ തന്റെ ആളുകളെ വിട്ട് അടിച്ചോടിക്കുമായിരുന്നു. ആവിക്കപ്പലിലായിരുന്നു അരേഫേ-്യവ് യാത്രക്കാരെ വോൾഗയുടെ മറുകരയിൽ എത്തിച്ചിരുന്നത്. ഇയാളുടെ ആവിക്കപ്പലിൽ ആളെകയറ്റി എത്തുന്നതുവരെ മറുകരയിലുള്ളവർ കാത്തുനിൽക്കണമായിരുന്നു. വ്ളാദിമീർ ഇലിച്ചിന് ഈ കാത്തുനിൽപ്പ് ഇഷ്ടപ്പെട്ടില്ല. പാവപ്പെട്ട കടത്തുകാരോടുള്ള അനീതിയും അവസാനിപ്പിക്കേണ്ടതാണെന്ന് അദ്ദേഹത്തിനു തോന്നി. വള്ളക്കാരോട് തങ്ങളെ മറുകരയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ ഭയന്നു പിന്മാറുകയാണുണ്ടായത്. ആവിക്കപ്പലുടമ നിയമവിരുദ്ധ പ്രവർത്തനത്തിലാണ്, വഴിതടയുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും ഇതവസാനിപ്പിക്കാൻ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്നും തന്നെ മറുകരയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ കച്ചവടക്കാരന്റെ ആളുകൾ തടയുകയാണെങ്കിൽ താൻ അവർക്കെതിരെ കേസ് നടത്താമെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി ഒരു വള്ളക്കാരനെ സമ്മതിപ്പിച്ചു. എന്നാൽ അവർ പറഞ്ഞതുപോലെതന്നെ നദിയുടെ മധ്യത്തിൽവച്ച് ആവിക്കപ്പലുകാർ വള്ളം തടഞ്ഞ് തിരിച്ചുവിട്ടു. ആവിക്കപ്പൽ എത്തുന്നതുവരെ വ്ളാദിമീറിനു അവിടെ കാത്തുനിൽക്കേണ്ടതായി വന്നു. ഈ സംഭവത്തെക്കുറിച്ച് പരാതി തയ്യാറാക്കി അദ്ദേഹം കോടതിയെ സമീപിച്ചു. അരേഫേ-്യവിന് സർക്കാർ സംവിധാനത്തിൽ പിടിപാടുണ്ടായിരുന്നതുകൊണ്ട് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോകാൻ കഴിഞ്ഞു. ഓരോ വിചാരണവേളയിലും 70 മെെൽ യാത്ര ചെയ്ത‍് വരാനുള്ള ബുദ്ധിമുട്ടുകാരണം അദ്ദേഹം പിന്മാറുമെന്നായിരുന്നു ആ കച്ചവടക്കാരനും കോടതി ഉദ്യോഗസ്ഥരും കരുതിയത്. എന്നാൽ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പറഞ്ഞിട്ടും പിന്മാറാതെ ഓരോ വിചാരണവേളയിലും മറ്റെല്ലാം മാറ്റിവച്ച് അദ്ദേഹം കോടതിയിലെത്തി. ഒടുവിൽ ആ കച്ചവടക്കാരന് ഒരു മാസത്തെ തടവുശിക്ഷ ഉറപ്പാക്കി. അനീതിക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം പ്രകടമാക്കിയിരുന്ന നിശ്ചയദാർഢ്യത്തെയാണ് ഇത് കാണിക്കുന്നത്.
അദ്ദേഹത്തിന്റെ വെെകാരികഭാവത്തെക്കുറിച്ചുള്ള ഒരു സംഭവം സഹോദരി അന്ന വിവരിക്കുന്നുണ്ട്. 1894 തുടക്കത്തിൽ വ്ളാദിമീർ ഇലിച്ച്, ചെക്കോവിന്റെ വാർഡ് 6 എന്ന ചെറുകഥ വായിച്ചു (1893 നവംബറിൽ പ്രസിദ്ധീകരിച്ചതാണ് ആ കഥ). ആ കഥ അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി. അന്നയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്–‘‘ കഴിഞ്ഞ രാത്രി ആ കഥ വായിച്ചപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥനായി. എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. മുറിയിൽ അടച്ചിരിക്കാൻ പറ്റാതായി. ഞാൻ എണീറ്റ് പുറത്തുപോയി. എനിക്ക് തോന്നിയത് ഞാനും ആറാം വാർഡിൽ അടയ്ക്കപ്പെട്ടതായാണ്.
ഈ കാലത്തെല്ലാംതന്നെ വ്ളാദിമീർ ഇലിച്ച് സജീവമായി സംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കുറച്ചുകാലത്തേക്ക് സമാറയിൽ നിന്ന് സെന്റ് പീറ്റേഴ്സ്ബെർഗിലേക്ക് താമസം മാറിയത് വലിയൊരു വഴിത്തിരിവായി. അവിടെ അധികസമയവും ചെലവഴിച്ചത് ലെെബ്രറികളിലായിരുന്നു; എന്നാൽ അതിനിടയ്ക്കുതന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സൗഹൃദം സ്ഥാപിച്ചു. അവിടെയുള്ള മാർക്സിസ്റ്റ് സ്റ്റഡി സർക്കിളിൽ അദ്ദേഹം സജീവമായി. അതിൽ പ്രവർത്തിച്ചിരുന്ന പലരും വ്ളാദിമീറിന്റെ വിപ്ലവ രാഷ്ട്രീയപ്രവർത്തനകാലത്തുടനീളം സഹപ്രവർത്തകരായി. മാർക്സിന്റെയും എംഗത്സിന്റെയും കൃതികൾ ഉൾപ്പെടെ സാമ്പത്തികശാസ്ത്രത്തിൽ അദ്ദേഹം ആർജിച്ചിരുന്ന അഗാധമായ അറിവും സദാസംവാദങ്ങൾക്ക് സന്നദ്ധനായിരുന്നതും ഓരോ വിഷയത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ഉറച്ച നിലപാടും ആ വിദ്യാർഥികൾക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.
നിയമവിധേയ മാർക്സിസ്റ്റുകൾ എന്നറിയപ്പെട്ടിരുന്ന പീറ്റർ സ്ട്രൂവെ (Petr Struve) യെപോലുള്ളവരുമായി പരിചയപ്പെടുന്നതും സെന്റ് പീറ്റേഴ്സ്ബെർഗിലെ താമസത്തിനിടയിലാണ്. അവിടെ പ്രവർത്തിച്ചിരുന്ന മാർക്സിസ്റ്റ് സംവാദ സദസുകളിൽ വ്ളാദിമീർ സജീവ സാന്നിധ്യമായി. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ജീവിതസഖിയായി മാറിയ നടേഷ്ദ ക്രൂപ്-സ-ക്കായയെ പരിചയപ്പെടുന്നതും 1894ൽ സെന്റ് പീറ്റേഴ്സ്ബെർഗിലെ മാർക്സിസ്റ്റ് ഗ്രൂപ്പുകളിൽ വച്ചാണ്. സെെബീരിയയിലേക്ക് നാടുകടത്തപ്പെട്ട വേളയിലാണ് അവർ വിവാഹിതരായത്.
സ്ട്രൂവെയുമായുള്ള ആശയസംവാദം ലെനിനെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് ജീവന്മരണ പോരാട്ടമായി മാറി. അദ്ദേഹത്തിന്റെ ആദ്യകാല കൃതികൾ, റഷ്യൻ ജനതയുടെ മോചനത്തിനായുള്ള ശരിയായ പാത കണ്ടെത്താനുള്ള അനേ-്വഷണത്തിന്റെ ഭാഗമായിതന്നെ സ്ട്രൂവെയ്ക്കും കൂട്ടർക്കുമെതിരായ നിലപാടുകൾ അവതരിപ്പിക്കുന്നതായിരുന്നു, നരോദ്-നിക്കുകൾക്കെന്നപോലെതന്നെ ഇക്കൂട്ടർക്കെതിരെയും അദ്ദേഹം ശക്തമായി രംഗത്തുവന്നു.
ഇതിനിടയിൽ 1895 മെയ് ഒന്നുമുതൽ സെപ്തംബർ 9 വരെ ലെനിൻ സ്വിറ്റ്സർലണ്ട്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. അവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളിവിമോചനഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചു. ഈ രാജ്യങ്ങളിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ജി വി പ്ലെഖാനോവ്, മാർത്തോവ്, ആക്സൽറോഡ് എന്നിവരെ പരിചയപ്പെടുന്നതും ഈ കാലത്താണ്. ബെർലിനിൽ വിൽഹെം ലിബ്നെക്ടിനെ സന്ദർശിച്ച് ചർച്ച നടത്തുകയും ചെയ്തു. ഈ രാജ്യങ്ങളിലെയെല്ലാം ലെെബ്രറികൾ സന്ദർശിക്കുകയും ഓരോ രാജ്യത്തുനിന്നും കിട്ടാവുന്നത്ര നിയമവിരുദ്ധ സാഹിത്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. രഹസ്യ പൊലീസിന്റെ കണ്ണുവെട്ടിച്ച് റഷ്യയിലേക്ക് ഇവ കടത്തുന്നതിനായി (അക്കാലമായപ്പോൾ വ്ളാദിമീർ ഇലിച്ച് റഷ്യൻ രഹസ്യപൊലീസിന്റെ മുഖ്യ ടാർജറ്റായി മാറിയിരുന്നു) അടിത്തട്ടിൽ ഇരട്ട അറയുള്ള സ്യൂട്ട് കേസ് വാങ്ങി അതിലായിരുന്നു നിയമവിരുദ്ധ കൃതികൾ ഒളിച്ചുകൊണ്ടുപോയത്.
1893ൽ ലെനിൻ തന്റെ ആദ്യത്തെ പ്രധാന കൃതിയായ Who the Friends of the People പ്രസിദ്ധീകരിച്ചു. 1894ൽ ഇതിന്റെ രണ്ടാം പതിപ്പും പുറത്തിറക്കി. റഷ്യൻ ജനതയുടെ മോചനത്തിനായുള്ള വേറിട്ട വഴി, മാർക്സിന്റെ വഴി ലെനിൻ ആദ്യമായി ചൂണ്ടിക്കാണിക്കുന്നതും ചർച്ച ചെയ്യുന്നതും ഈ കൃതിയിലാണ്. l
(തുടരും)