Saturday, January 18, 2025

ad

Homeപ്രതികരണംകേരളത്തിലെ 
സഹകരണമേഖലക്കെതിരായ
 പ്രചാരണത്തിനു പിന്നിൽ

കേരളത്തിലെ 
സഹകരണമേഖലക്കെതിരായ
 പ്രചാരണത്തിനു പിന്നിൽ

പിണറായി വിജയൻ

ഹകരണ മേഖലയുടെ ഭാവി ശോഭനമാക്കുന്നതിനുള്ള ബഹുമുഖവും ബഹുസ്വരവുമായ വിശദമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവരേണ്ട സന്ദർഭമാണിത്. ഈ വർഷത്തെ സഹകരണ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അത്. ചരിത്രപരമായി നോക്കുമ്പോള്‍ ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന ആശയമാണ് സഹകരണ പ്രസ്ഥാനം എന്നു പറയാൻ. എന്നാല്‍, ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം നമ്മുടെ സമ്പത്ത് കൈക്കലാക്കുന്നതിനുള്ള ഒരു ഉപാധിയായിരുന്നു സഹകരണ മേഖല. എന്നാല്‍, അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും സഹകരണ മേഖലയ്ക്ക് കൃത്യമായ ദിശാബോധം നല്‍കി. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് അധിനിവേശത്തില്‍ തകര്‍ന്നുപോയ കാര്‍ഷിക മേഖല അടക്കമുള്ള പല മേഖലകളെയും പുനരുജ്ജീവിപ്പിക്കാന്‍ സഹകരണ പ്രസ്ഥാനം മുന്നിട്ടുനിന്നു. അതോടൊപ്പം തന്നെ നമ്മുടെ രാജ്യത്തിനകത്തുണ്ടായിരുന്ന ജന്മിത്വത്തിനും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കും എതിരായിക്കൂടി സഹകരണ മേഖല നിലകൊണ്ടു.

തൊഴിലാളികള്‍ക്ക് തങ്ങളുടെ ദൈനംദിന ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള കൂലി പോലും കൃത്യമായി ലഭ്യമാകാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തുനിന്നും സാമ്പത്തിക ശാക്തീകരണത്തിലേക്ക് നമ്മുടെ നാടിനെയും തൊഴിലാളികളെയും നയിക്കുന്നതില്‍ വലിയ പങ്കാണ് സഹകരണ പ്രസ്ഥാനം വഹിച്ചത്. അതുകൊണ്ടുതന്നെ നമ്മുടെ നാടിന്റെയും തൊഴിലാളികളുടെയും പുരോഗതിയുടെ അടിസ്ഥാന ശിലകളിലൊന്ന് സഹകരണ പ്രസ്ഥാനമാണെന്നു നിസ്സംശയം പറയാം. ആ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടതും ജനോപകാരപ്രദമായി നിലനിര്‍ത്തേണ്ടതുമായ ചുമതല ഈ സമൂഹത്തിനുണ്ട്.

ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ബൃഹത്തായ ചരിത്രമുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല, നവോത്ഥാന സംഘടനകളും ഈ പ്രസ്ഥാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച ഐക്യ നാണയ സംഘം ഇന്ന് ലോകപ്രശസ്തമായ യു എല്‍ സി സി എസ് എന്ന സ്ഥാപനമായി മാറിയത് നമുക്ക് അറിവുള്ളതാണ്. 1956 ല്‍ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നത് 3,000 ത്തോളം സഹകരണ സംഘങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇന്നത് 16,000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുന്നു. അവയിലാകെയായി രണ്ടര ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. ഈ എണ്ണത്തിലെ വര്‍ദ്ധനവുതന്നെ നമ്മുടെ നാട്ടിലെ സഹകരണ മേഖലയുടെ വളര്‍ച്ചയെ കാട്ടിത്തരുന്നതാണ്.

1914 ല്‍ തിരുവിതാംകൂര്‍ സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കപ്പെട്ട തിരുവനന്തപുരം സെന്‍ട്രല്‍ സഹകരണ ബാങ്ക് ഇന്ന് കേരള ബാങ്കായി പരിണമിച്ചത് ഈ വളര്‍ച്ചയുടെ ഭാഗമായാണ്. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവഹിച്ചവയാണ് സഹകരണ സ്ഥാപനങ്ങള്‍. ഐക്യകേരള പിറവിക്കു ശേഷം ഭൂപരിഷ്കരണ നിയമവും കാര്‍ഷികബന്ധ നിയമവും എല്ലാം കൊണ്ടുവന്നപ്പോള്‍ അവയില്‍ ഊന്നിക്കൊണ്ട് മുന്നോട്ടുപോകാന്‍ കേരളത്തിനു കഴിഞ്ഞത് സഹകരണ സംഘങ്ങളുടെ ഇടപെടല്‍ കൊണ്ടുകൂടിയാണ്. ഐക്യകേരളം രൂപപ്പെട്ടപ്പോഴുള്ള സ്ഥിതിയല്ല പിന്നീട് നമ്മുടെ ബാങ്കിംഗ് രംഗത്തുണ്ടായത്. ബാങ്ക് ദേശസാത്കരണം വന്നു, ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ബാങ്കുശാഖകള്‍ നിരവധിയുണ്ടായി.

ജനങ്ങള്‍ അത്തരം വലിയ ബാങ്കുകളെ കൂടുതലായി ആശ്രയിക്കുക എന്നതായിരുന്നു സ്വാഭാവികമായും സംഭവിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. എന്നുമാത്രമല്ല, നമ്മുടെ നാട്ടിലെ ജനങ്ങള്‍ സഹകരണ സ്ഥാപനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. അതില്‍ തന്നെയുണ്ട് ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള വിശ്വാസം.

റിസര്‍വ്വ് ബാങ്ക് നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളത്തിലെ സാധാരണക്കാര്‍ വാണിജ്യ ബാങ്കുകളെക്കാള്‍ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ് എന്നു കാണാന്‍ കഴിയും. വായ്പ നല്‍കുക, നിക്ഷേപം സ്വീകരിക്കുക എന്നതിലപ്പുറത്തേക്ക് നമ്മുടെ സഹകരണ സംഘങ്ങള്‍ വളര്‍ന്നതിന്റെ ഫലമാണ് ഈയൊരു മുന്നേറ്റം. ധനകാര്യ ഇടപാടുകള്‍ മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യാപാരം, ഐ ടി തുടങ്ങി സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും പരന്നുകിടക്കുന്ന വിശാലമായ ശൃംഖലയാണ് നമ്മുടെ സഹകരണ സംഘങ്ങള്‍.

നമ്മുടെ നാട്ടിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിലാകട്ടെ സഹകരണ സംഘങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. എല്ലാ ഉത്സവകാലത്തും സഹകരണ മേഖല ഒരുക്കുന്ന ചന്തകള്‍ തന്നെ ഇതിന്റെ ഉദാഹരണമാണ്. വിപണിയിലെ സഹകരണ ഇടപെടലിന്റെ ദൃഷ്ടാന്തമായ കണ്‍സ്യൂമര്‍ ഫെഡ് അര നൂറ്റാണ്ടിലേറെക്കാലമായി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു നാടിന്റെ വികസനത്തില്‍ സഹകരണ മേഖലയ്ക്ക് വഹിക്കാന്‍ കഴിയുന്ന പങ്ക് എന്താണെന്ന് വ്യക്തമായി കാണിച്ചുകൊടുത്ത സഹകരണ മേഖലയാണ് കേരളത്തിലേത്. അതിന്റെ ഏറ്റവും ഉദാത്തമായ തെളിവാണ് വ്യത്യസ്ത മേഖലകളിലായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നമ്മുടെ സഹകരണ മേഖല.

ലോകത്താകമാനമുള്ള സഹകരണ മേഖലയെടുത്താല്‍ സ്ത്രീശാക്തീകരണം, നൈപുണ്യ വികസനം, സാങ്കേതികവിദ്യാ വികാസം, സംരംഭകത്വ വികസനം എന്നിങ്ങനെയുള്ള നൂതനമായ ആശയങ്ങൾ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നതായി കാണാം. 2050 ഓടുകൂടി ഇപ്പോഴുള്ള തൊഴിലുകളുടെ 60 ശതമാനവും അപ്രത്യക്ഷമാവുകയും നൂതന തൊഴില്‍ മേഖലകള്‍ രൂപപ്പെടുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മാറുന്ന കാലത്തിനനുസരിച്ച് മുന്നേറാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയേണ്ടത്. അതിന് വൈവിധ്യവത്കരണം ഒരു പ്രധാന അജന്‍ഡയായി സ്വീകരിക്കണം.

ഇന്ന് രാജ്യത്തെ 68 ശതമാനം തൊഴിലുകളും സേവന മേഖലകളിലാണുള്ളത്. ഈ മേഖലകളില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ കണ്ടെത്താനും മുന്നോട്ടുപോകാനും നമുക്കു കഴിയണം. കാര്‍ഷിക മേഖലയിലെ സഹകരണ സംഘങ്ങള്‍ കാര്‍ഷികാഭിവൃദ്ധിയില്‍ മാത്രം ശ്രദ്ധയൂന്നാതെ അഗ്രി ബിസിനസ് ആന്‍ഡ് വാല്യൂ അഡിഷന്‍ മേഖലകളിലേക്ക് വളരണം. അതുപോലെതന്നെ ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ ഭക്ഷ്യസംസ്കരണ മേഖലയിലും ഫുഡ് റീടെയ്ല്‍ മേഖലയിലും കൂടി ശ്രദ്ധ ചെലുത്തണം.

വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ നൈപുണ്യ പരിശീലനത്തിനു കൂടി പ്രാധാന്യം നല്‍കണം. വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാകട്ടെ നൂതന മേഖലകള്‍ കണ്ടെത്താനും അവിടങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണം.

അങ്ങനെ കൂട്ടായ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വളരെ വേഗത്തില്‍ കൈവരിക്കാന്‍ നമുക്കു കഴിയും. അസമത്വം കുറയ്ക്കാനും തൊഴില്‍ ലഭ്യമാക്കാനും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനും എല്ലാം ഉതകുന്ന രീതിയിലുള്ള ഇടപെടലുകള്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഉണ്ടാകണം. അങ്ങനെ നാടിന്റെ വികസനം സഹകരണ പ്രസ്ഥാനങ്ങളിലൂടെ എന്നതില്‍ നിന്ന് ഒരു പടികൂടി കടന്ന് നാടിന്റെ ഭാവി പരിപ്രേക്ഷ്യം സഹകരണ പ്രസ്ഥാനങ്ങളിലൂടെ എന്ന നിലയിലേക്ക് മുന്നേറാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിയണം.

കേരളത്തിന്റെ സഹകരണ മേഖലയെ പരിപോഷിപ്പിക്കുന്ന ഇടപെടലുകളാണ് ഐക്യ കേരളത്തില്‍ ആദ്യം അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റു സര്‍ക്കാര്‍ മുതല്‍ ഇങ്ങോട്ടുള്ള പുരോഗമന സര്‍ക്കാരുകളെല്ലാം സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരും ഈ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും സഹകരണ മേഖലയില്‍ ഇടപെടുന്നത്. സഹകരണ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കിയ സമഗ്ര സഹകരണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോള്‍ അത് നിയമമായി മാറിക്കഴിഞ്ഞു. കൂടുതല്‍ മുന്നേറാനും കൂടുതല്‍ സമഗ്രത കൈവരിക്കാനും സഹകരണ മേഖലയ്ക്ക് സഹായകരമാകുന്നതാണ് ഈ പുതിയ നിയമഭേദഗതി.

1,262 വനിതാ സഹകരണ സംഘങ്ങളും 32 യുവജന സഹകരണ സംഘങ്ങളും സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ സഹകരണ സംഘങ്ങളില്‍ നിയമനത്തിന് ഉണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം എന്നത് നാല് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ സഹകരണ മേഖലയെ നവീകരിക്കുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്-വെയര്‍ നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. കേരള ബാങ്കിന്റെ പ്രവര്‍ത്തനം പുതിയ ഏകീകൃത സോഫ്റ്റ്-വെയറിലേക്ക് മാറ്റിയിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യു പി ഐ തുടങ്ങിയ ആധുനിക ബാങ്കിങ് സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങളുടെ ധനവിനിയോഗത്തിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. സഹകരണ ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനകള്‍ക്കായി ആധുനിക മൊബൈല്‍ ആപ്ലിക്കേഷന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥതലത്തില്‍ ഫലപ്രദമായ പരിശീലന പരിപാടികള്‍ക്കും രൂപംനല്‍കിയിട്ടുണ്ട്. പ്രതിസന്ധി നിമിത്തം ദുര്‍ബലമായതോ, പ്രവര്‍ത്തനം നിലച്ചതോ ആയ സംഘങ്ങള്‍ പുനരുദ്ധരിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പുനരുദ്ധാരണ നിധി കേരളത്തില്‍ നടപ്പിലാക്കിക്കഴിഞ്ഞു. രാജ്യത്ത് ആദ്യമായാണ് സഹകരണ മേഖലയില്‍ ഇത്തരമൊരു നിധിക്ക് രൂപം നല്‍കുന്നത്. സമഗ്ര നിയമഭേദഗതിയിലൂടെ സഹകരണ സംഘങ്ങളുടെ ഭരണതലത്തില്‍ നിരവധി മാറ്റങ്ങള്‍ സാധ്യമാക്കിയതിനൊപ്പം തന്നെ അവയുടെ പ്രായോഗിക തലത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കൂടി ഈ ഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ നാലാം ഘട്ടത്തില്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ ന്യായ വിലയില്‍ ലഭ്യമാക്കുന്ന സഹകരണ മെറ്റീരിയല്‍ ബാങ്ക് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ആലപ്പുഴയിലെ കേപ് കോളേജ് ഓഫ് നഴ്സിങ്, കൊല്ലത്തെ ഡ്രീംസ് സഹകരണ മാള്‍, ഗിഗ് വര്‍ക്കേഴ്സിനു വേണ്ടിയുള്ള സഹകരണ സംഘവും റിഫ്രഷ്മെന്റ് സെന്ററുകളും, പീരുമേട് സഹകരണ റിസോര്‍ട്ട് തുടങ്ങിയ പദ്ധതികളുമെല്ലാം പ്രവര്‍ത്തനമാരംഭിച്ചു. സഹകരണ ആശ്വാസ് കെയര്‍ ഹോം പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കേരളം.

രാജ്യത്തിനു തന്നെ മാതൃകയായിക്കൊണ്ട് സഹകരണ മേഖലയിലെ ആദ്യ അക്ഷര മ്യൂസിയത്തിന്റെ നിര്‍മാണം കോട്ടയം ജില്ലയിലെ നാട്ടകത്ത് പൂര്‍ത്തിയായിക്കഴിഞ്ഞു. സഹകരണ മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലക്കു കയറ്റി അയക്കാന്‍ ആരംഭിച്ചതിനു പിന്നാലെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്. കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് കോപ് കേരള എന്ന പേരില്‍ സ്വന്തമായി ഒരു ബ്രാന്‍ഡ് അവതരിപ്പിക്കാനും ഓണ്‍ലൈന്‍ വിപണിയില്‍ കോപ് കേരള ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് വായ്പകളില്‍ ആശ്വാസം നല്‍കുന്നതിനായി ‘നവകേരളീയം കുടിശ്ശിക നിവാരണ’മെന്ന പദ്ധതിയിലൂടെ നടപടി സ്വീകരിച്ചു. വായ്പാ കുടിശ്ശികയായവര്‍ക്ക് കൈത്താങ്ങാകുന്നതിനു വേണ്ടി സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ ക്യാമ്പയിനിലൂടെ ആശ്വാസം ലഭിച്ചത് 11,45,305 വായ്പക്കാര്‍ക്കാണ്. 11,85,505 വായ്പകളിലായി 2,230 കോടിയോളം രൂപയുടെ പലിശയിളവാണ് അനുവദിച്ചത്. ചൂരല്‍മലയിലെ കേരളബാങ്ക് ശാഖയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളിയിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും സാധാരണക്കാര്‍ക്കൊപ്പം സഹകരണ മേഖലയുണ്ടാകും എന്നതിന് തെളിവാണ് ഈ നടപടി.

കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം നല്‍കുന്ന മരണാനന്തര ധനസഹായം പരമാവധി 3 ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി 1.25 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച് നല്‍കിയതും ഈ സര്‍ക്കാരാണ്. സാന്ത്വനപരിചരണം സഹകരണ മേഖലയിലൂടെ നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സഹകരണ പാലിയേറ്റീവ് കെയര്‍ പദ്ധതി 11 ജില്ലകളില്‍ നടപ്പാക്കിവരുന്നുണ്ട്. പ്രളയകാലത്ത് വീടും, സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി തുടക്കമിട്ട കെയര്‍ ഹോം പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് നിര്‍മ്മിച്ച 2,000 വീടുകള്‍ സമയബന്ധിതമായി തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു.

47,000 കോടിയോളം രൂപയാണ് ആര്‍ബിട്രേഷന്‍ മുഖേന ലഭിക്കാനുള്ളത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ മൊത്തം നഷ്ടമാകട്ടെ 5,500 കോടിയോളം രൂപ മാത്രമാണ്. അതായത്, ആര്‍ബിട്രേഷന്‍ നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചാല്‍ ഈ നഷ്ടം നമുക്കു നികത്താവുന്നതേയുള്ളു.

ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ തന്നെ നിരാലംബരായ വ്യക്തികളുടെ ജീവനോപാധികള്‍ നഷ്ടമാവാതിരിക്കാനുള്ള മാനുഷിക പരിഗണന കൂടി മനസ്സില്‍ വെക്കണം. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ അപ്പപ്പോള്‍ മനസ്സിലാക്കി, തിരുത്തി മുന്നോട്ടുപോയാല്‍ അനഭിലഷണീയമായ പല പ്രവണതകളും ഇല്ലാതാകും. അതുവഴി കൂടുതല്‍ വിശ്വാസ്യത കൈവരിക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയും. ആധുനികവൽക്കരണം ത്വരിതപ്പെടുത്തുന്നതും പ്രധാന പരിഗണനകളിലൊന്നാകണം.

കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെ സംഘടിതമായ ചില ആക്രമണങ്ങള്‍ നടക്കുന്നത് നമ്മള്‍ കാണാതെ പോകരുത്. കോര്‍പ്പറേറ്റ് ശൃംഖലകളും അവര്‍ക്കു പിന്തുണ നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളുമാണ് ഇത്തരം പ്രചാരണത്തിനു പിന്നില്‍. കേരളത്തിലെ സഹകരണ മേഖലയില്‍ എന്തോ വലിയ കൊള്ള നടക്കുന്നു എന്നാണ് ഇവരുടെ പ്രചാരണം. എന്നാല്‍ രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് എഴുതിത്തള്ളിയ കോര്‍പ്പറേറ്റ് വായ്പകള്‍ ഏതാണ്ട് 15 ലക്ഷം കോടിയോളം രൂപയാണ്. കള്ളപ്പണം വെളുപ്പിക്കാന്‍ തയ്യാറാണ് എന്ന് ചില ന്യൂജനറേഷന്‍ ബാങ്കുകള്‍ തന്നെ വെളിപ്പെടുത്തുകയാണ്. എവിടെയാണ് കൊള്ള നടക്കുന്നത് എന്നത് ഇതില്‍ നിന്നൊക്കെത്തന്നെ വ്യക്തമാണ്.

പല സംസ്ഥാനങ്ങളിലെയും സഹകരണ മേഖല തകരുന്നതും അവിടെ കോര്‍പ്പറേറ്റുകള്‍ക്ക് മേല്‍ക്കൈ വരുന്നതും നമ്മള്‍ കണ്ടു. കേരളത്തിലെ സഹകരണ മേഖലയിലുള്ള വലിയ നിക്ഷേപം ഇത്തരത്തില്‍ ന്യൂജന്‍ ബാങ്കുകളിലേക്കും മറ്റും എത്തിച്ച് അവ കോര്‍പ്പറേറ്റുകള്‍ക്ക് വായ്പയായി നല്‍കി, പിന്നീട് എഴുതിത്തള്ളാനുള്ള ശ്രമങ്ങളാണ് നമ്മുടെ സഹകരണമേഖലയ്ക്കെതിരായ ആക്രമണങ്ങള്‍ക്കു പിന്നില്‍. ഇതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular