Thursday, November 21, 2024

ad

Homeകവര്‍സ്റ്റോറിമലയാള നാടകവേദിയും 
സമകാലിക 
രംഗപരീക്ഷണങ്ങളും

മലയാള നാടകവേദിയും 
സമകാലിക 
രംഗപരീക്ഷണങ്ങളും

ഹസിം അമരവിള

ഫസ്റ്റ് ബെൽ
തൊരു കലാരൂപവും അടയാളപ്പെടുത്തപ്പെടുകയും പലകാലങ്ങളായി അതിജീവിച്ചു നിലനിൽക്കുകയും ചെയ്യുന്നത് ഓരോരോ കാലഘട്ടവുമായി സംഘർഷത്തിൽ ഏർപ്പെട്ടും അതിനനുസരിച്ച് സ്വയം നവീകരിച്ചുകൊണ്ടുമാണ്. നാടകമെന്ന കലാരൂപത്തിന് രണ്ടായിരം വർഷം പഴക്കമുണ്ടെന്നു പറയുമ്പോൾ അത് കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി കടന്നുവന്ന കാലം ഒട്ടും സുഗമമല്ല. അധികാരം, ഏകാധിപത്യപ്രവണതകൾ, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, മതങ്ങൾ, മഹാ രോഗങ്ങൾ തുടങ്ങി ഒട്ടനവധി പ്രതിസന്ധികളിലും പ്രശ്നങ്ങളിലും വളരെ സമൂലമായി ഇടപെട്ടും അതിനനുസരിച്ച് അതിന്റെ ആശയങ്ങളിലും അവതരണങ്ങളിലും ക്രിയാത്മകമായി മാറ്റങ്ങൾ വരുത്തിയും സജീവമായി നിലനിൽക്കുന്നു. ലോകനാടകവേദിയുമായി ചേർത്തുവച്ച് മലയാളനാടകവേദിയെ തുലനം ചെയ്യുമ്പോൾ ഈ പറഞ്ഞ മാറ്റങ്ങളെല്ലാം മലയാളനാടകവേദിയെ സ്വാധീനിക്കുകയും അതിൽനിന്നും ഊർജ്ജസ്വലമായ അനേകം രംഗാവതരണങ്ങൾ ലോകനാടകവേദിയിലേതുപോലെ പിറവി കൊള്ളുകയും ചെയ്തിട്ടുണ്ട്. സമകാലികകേരളത്തിൽ നാടകത്തിന്റെ സാധ്യത വിലയിരുത്തുമ്പോൾ പരമ്പരാഗത നാടകസങ്കല്പങ്ങളെയും ശൈലികളെയും നിരാകരിക്കുന്നതിനൊപ്പം ആധുനിക ലോകത്തിലെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതും അത് യഥാതഥ്യതയോടെ അവതരിപ്പിക്കുന്നതും കാണാൻ സാധിക്കും. പുതുതലമുറയിലെ നാടകപ്രവർത്തകരും സംവിധായകരും അവരുടെ ആശയങ്ങൾ ഏറ്റവും വ്യത്യസ്തവും നവീനവുമായി പറയാൻ ആധുനിക അരങ്ങിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

സമകാലിക കേരളസമൂഹവും തിയേറ്റർ സംഘങ്ങളും
കേരളത്തെ സംബന്ധിച്ചിടത്തോളം വിദേശ നാടകങ്ങളുടെ മലയാളാവതരണങ്ങളും സംസ്കൃതനാടകാവതരണങ്ങളും തമിഴ് പാർസി സംഗീതനാടകങ്ങളും യഥാ തഥനാടകങ്ങളും തനതുനാടകങ്ങളും തുടങ്ങി വ്യത്യ സ്തമായ പലധാരകളിലൂടെ ഏറ്റവും സമ്പന്നമായി കട ന്നുപോയ കാലമുണ്ടായിരുന്നു. തുടർന്ന് സാങ്കേതിക തയുടെ വളർച്ചയും ടെലിവിഷന്റെ സ്വാധീനവുമെല്ലാം കുറച്ചുകാലം വളരെ കുറഞ്ഞ തോതിൽ ആളുകളെ നാടകത്തിൽ നിന്നും അകറ്റിയെങ്കിലും സമകാലിക കാലഘട്ടം നാടകത്തെ സംബന്ധിച്ച് ഏറ്റവും നല്ല പ്രതീ ക്ഷ പകരുന്നതാണ്. സാമ്പ്രദായികമായ നാടകക്കാഴ്ചകളിൽ നിന്നും അകലം പാലിക്കുന്ന പുതിയ തലമുറയിലെ നാടകപ്രവർത്തകർ നാടകസാഹിത്യത്തെ നി രാകരിക്കുകയും അരങ്ങിന്റെ ദൃശ്യഭാഷയ്ക്ക് കൂടുതൽ പ്രാ ധാന്യം നൽകിത്തുടങ്ങുകയും ചെയ്തതോടെ വ്യത്യസ്തങ്ങളായ അനേകം നാടകങ്ങളാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളനാടകവേദിയിൽ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

മലയാളനാടകവേദിയിൽ തുറസ്സിടങ്ങളിൽ ഇരിപ്പിടങ്ങൾ (Gallery) സജ്ജീകരിച്ച് പുതിയൊരു കാഴ്ചയിലൂടെ നാടകം കാണാൻ ശീലിപ്പിച്ച സംവിധായകനാണ് ദീപൻ ശിവരാമൻ. അദ്ദേഹത്തിന്റെ ഖസാക്കിന്റെ ഇതിഹാസം ഏറെ ശ്രദ്ധേയമായ അവതരണമായിരുന്നു. തൃശൂർ ഓക്സിജൻ തീയേറ്റർ കമ്പനിക്കുവേണ്ടി അദ്ദേഹം ഒരുക്കിയ പിയർജെന്റും ഉബുറോയിയും അമ്പരപ്പിക്കുന്ന സെറ്റുകളുടെയും ഭീമാകാരങ്ങളായ രംഗോപകരണങ്ങളുടെയും സാധ്യതകൾ ഏറെ രസകരമായി പരീക്ഷി ച്ചവയായിരുന്നു. കേരളത്തിലെ തിയേറ്റർ പരീക്ഷണ ങ്ങൾ ലോകത്തിനു മുൻപിൽ എത്തിക്കുന്നതിൽ ഓക്സിജൻ തിയേറ്ററും ദീപൻ ശിവരാമനും വലിയപങ്കു വഹിക്കുന്നുണ്ട്.

മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ, അരുൺലാലിന്റെ നേതൃത്വത്തിൽ മലയാളത്തിലെ സമാന്തരനാടകങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകി. സാഹിത്യപ്രധാനമായ വാചികാഭിനയത്തിന്റെ പ്രാധാന്യം കുറച്ചുകൊണ്ട് സാത്വികാഹാര്യാഭിനയങ്ങൾക്ക് പ്രാധാന്യം നൽകി. അൻപതും അറുപതും പുറങ്ങൾ വരുന്ന നാടകങ്ങൾക്ക് പകരം ഒന്നോ രണ്ടോ പേജ് വരുന്ന നാടകങ്ങളെയോ നാടകാശയങ്ങളെയോ തിരഞ്ഞെടുത്ത് കൂട്ടായി പ്രവർ ത്തിച്ച് ഇംപ്രോ വൈസ് ചെയ്ത് വികസിപ്പിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. നാടകങ്ങൾക്ക് കൂടുതൽ അവതരണങ്ങൾ സാധ്യമാക്കുന്നതിനും നിരവധിപേരിൽ എത്തിച്ചേരുന്നതിനുമായി ഏത് സ്ഥലങ്ങളിലും അവതരിപ്പിക്കാൻ കഴിയുന്ന രീതിയിൽ നാടകത്തെ ചിട്ടപ്പെടുത്തുകയും ശരീരചലനങ്ങളുടെ സാധ്യതകൾ (Physical Theatre) നടന്മാരിലൂടെ കൂടുതലായി പരീക്ഷിക്കുകയും ചെയ്യുന്നു. ചില്ലറ സമരം, ബൊളീവിയൻ സ്റ്റാർസ്, ദി വില്ലന്മാർ, മാർത്താണ്ഡന്റെ സ്വപ്നങ്ങൾ, ക്ലാവർ റാണി, അവാർഡ് തുടങ്ങി അരുൺലാലിന്റെ നാടകങ്ങളെല്ലാം പതിവ് കാഴ്ചാരീതികളിൽ നിന്നും മാറിനിൽക്കുന്നവയും നടന്മാരുടെ തിയേറ്ററായി (Actor’s Theatre) രൂപംകൊണ്ടിട്ടുള്ളവയുമാണ്. നടന്മാരുടെ ഇംപ്രോവൈസേഷൻ സാധ്യതകൾക്ക് പ്രാധാന്യം നൽ കുന്നതുകൊണ്ടുതന്നെ ഒരേ നാടകം വിവിധ അരങ്ങു കളിൽ വ്യത്യസ്തമായും നവ്യമായും അനുഭവവേദ്യമാകും.

എറണാകുളം കേന്ദ്രമാക്കി ഡോ. ചന്ദ്രദാസന്റെ നേതൃ ത്വത്തിൽ പ്രവർത്തിക്കുന്ന ലോകധർമ്മി തിയേറ്റർ നിരവധി ക്ലാസ്സിക്കലും സമകാലികവുമായ രംഗാവതരണങ്ങളിലൂടെ നാടകത്തിൽ ശ്രേദ്ധേയമായ പല പരീക്ഷണങ്ങളും നടത്തിവരുന്നു. ലോകധർമ്മി കൃത്യമായി സംഘടിപ്പിക്കുന്ന അഭിനയക്കളരികളും രാജ്യത്തിനകത്തും പുറത്തുമുള്ള ശ്രദ്ധേയരായ തിയേറ്റർ പരിശീലകരുടെ കീഴിലുള്ള ശില്പശാലകളും പുതുതലമുറയെ നാടകത്തോടും അഭിനയത്തോടും അടുപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുവരുന്നു.

മാറുന്ന കാലത്തിനനുസരിച്ച് പുതിയ സംവിധായക രെയും നാടകരീതികളെയും പരീക്ഷിച്ച് നാടകത്തെ സമകാലികാനുഭവമാക്കുന്നതിൽ കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്ന തീണ്ടാരിപ്പച്ച നാടകം, വ്യത്യസ്തമായ അരങ്ങൊരുക്ക് കൊണ്ടും ഏറ്റവും തീക്ഷ്ണമായ കാഴ്ചാനുഭവം പകരുന്നതിലൂടെയും നിരൂപക പ്രശംസ നേടിയ നാടകമായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലെ വകുപ്പ് മേധാവി ഡോ. ശ്രീജിത്ത് രമണൻ സംവിധാനം നിർവഹിച്ച നാടകത്തിന്റെ ഡ്രാമാറ്റർജി നിർവഹിച്ചത് എമിൽ മാധവിയാണ്. പ്രകാശ് കലാകേന്ദ്രത്തിനു വേണ്ടി ശ്രീജിത്ത് രമണൻ തന്നെ സംവിധാനം നിർവഹിച്ച ഏകാന്തം നാടകവും അരങ്ങൊരുക്കും അഭിനയവുംകൊണ്ട് ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സമകാലിക നാടകാവതരണമായിരുന്നു ചെവിട്ടോർമ. കാലാവസ്ഥ വ്യതിയാനവും വേലിയേറ്റവുംകൊണ്ട് വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രാമീണരുടെ അവസ്ഥ അവർതന്നെ നേരിട്ട് അവതരിപ്പിക്കുന്നതാണ് ചെവിട്ടോർമ. വീടിന്റെ മാതൃകയിൽ ഒരുക്കിയ അരങ്ങിൽ മുട്ടോളം നിറയ്ക്കപ്പെട്ട വെള്ളത്തിൽ നിന്നും നടന്മാർ തങ്ങളുടെ ജീവിതം പറയുന്നത് സമകലിക നാടകചരിത്രത്തിൽ ഏറെ ഹൃദയസ്പർശിയായ അനുഭവമായിരുന്നു.

തിരുവനന്തപുരത്തെ കനൽ സാംസ്കാരികവേദിയുടെ നാടകങ്ങൾ കഴിഞ്ഞ ദശാബ്ദത്തിൽ ഏറെ ശ്രദ്ധനേടിയ അവതരണങ്ങളായിരുന്നു. കെ. ആർ. മീരയുടെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ വീണ്ടും ഭഗവാന്റെ മരണം, മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകമായ സോവിയറ്റ് സ്റ്റേഷൻ കടവ്, സ്ത്രീപക്ഷ സംസ്കൃത നാടകമായ കിമാർത്ഥം ദ്രൗപതി എന്നീ നാടകങ്ങൾ കേരളമെമ്പാടും അവതരിപ്പിക്കപ്പെടുകയും രാജ്യാന്തര നാടകോത്സവമായ ഇറ്റ്ഫോക്കിലും ഭാരത് രംഗ് മഹോത്സവിലും അവതരിപ്പിക്കപ്പെട്ടവയുമായിരുന്നു. ഭഗവാന്റെ മരണം എന്ന ചെറുകഥ ഒരു നാടക സംഘം നാടകമാക്കുമ്പോൾ റിഹേഴ്സൽ ക്യാമ്പിലും നടന്മാരുടെ ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങൾ ഇംപ്രോവൈസേഷനിലൂടെ വികസിപ്പിച്ച് എടുത്തതാണ്. സ്റ്റേജിൽ തുടങ്ങുന്ന നാടകം അവസാനിക്കുന്നത് ഓഡിറ്റോറിയത്തിന് പുറത്തെ റോഡിലാണ്. അതുവരെയുള്ള കാഴ്ചാനുഭവത്തെ നിരാകരിച്ച് ഇൻസ്റ്റലേഷന്റെ സാധ്യതകൾകൂടി ചേർത്തുകൊണ്ടുള്ള അവതരണം പ്രേക്ഷകരിൽ നാടകത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തിക്കുറിക്കുന്നതായിരുന്നു. കോവിഡ് സമയത്ത് അരങ്ങുകൾ നിശ്ചലമായപ്പോൾ ലക്ഷ ദ്വീപ് വിഷയം രാഷ്ട്രീയമായി ചർച്ചചെയ്ത സാഹചര്യത്തിൽ ഓൺലൈൻ ആപ്ലിക്കേഷനായ ക്ലബ് ഹൗസിന്റെ സാധ്യതകൾ ഉൾച്ചേർത്തുകൊണ്ട് കനൽ തിയേറ്റർ ഒരുക്കിയ ലക്ഷദീപം എന്ന നാടകം മലയാളത്തിലെ ആദ്യ ക്ലബ് ഹൗസ് ഇന്ററാക്റ്റിവ് നാടകമാണ്. 2018 ലെ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ കലകളിലൂടെ ആദ്യമായി കൈത്താങ്ങായ നാടകസംഘമാണ് കനൽ സാംസ്കാരികവേദി. വീണ്ടും ഭഗവാന്റെ മരണം നാടകം അവതരിപ്പിക്കുകയും അതിലൂടെ ലഭിച്ച മുഴുവൻ രൂപയും (അൻപതിനായിരം) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയും ചെയ്തു. കലകളിലൂടെ നവകേരളസൃഷ്ടിയിൽ ആദ്യമായി ഭാഗഭാക്കായ സംഘവും കനൽ തിയേറ്ററാണ്.

ലിറ്റിൽ എർത്ത്‌ സ്കൂൾ ഓഫ് തിയേറ്ററിന്റെ ദി വില്ലന്മാർ എന്ന നാടകത്തിൽ നിന്നും

തൃശൂർ വല്ലച്ചിറ കേന്ദ്രമാക്കി ശശിധരൻ നടുവിൽ നേതൃത്വം നൽകുന്ന നാടകസംഘമാണ് റിമംബറൻസ് തിയേറ്റർ ഗ്രൂപ്പ്. ദേശീയ അന്തർദേശീയ നാടകോത്സവങ്ങളിൽ കേരള തിയേറ്ററിനെ അടയാളപ്പെടുത്തുന്നതിൽ ശശിധരൻ നടുവിലിന്റെ ഇടപെടലു കൾ ഏറെ ശ്ലാഘനീയമാണ്. വല്ലച്ചിറയിലെ ജോസ് ചിറമേൽ നാടകദ്വീപിൽ ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ നിരന്തരം കാർഷിക നാടകോത്സവങ്ങളും നാടകക്കളരികളും സംഘടിപ്പിച്ചു പോരുന്നുണ്ട്. തൃശ്ശൂരിൽ ഇ. റ്റി. വർഗീസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രംഗചേതന കൃത്യമായി നാടക കോഴ്സുകൾ വിഭാവനം ചെയ്ത് കഴിഞ്ഞ നാല്പതോളം വർഷങ്ങളായി പലതലമുറകൾക്കായി നാടക പാഠങ്ങൾ പകർന്നു വരുന്നു. കൃത്യമായി നാടകം പാഠശാലകളിൽ പോയി അഭ്യസിക്കാൻ കഴിയാത്ത തൊഴിലാളികൾക്കായി സൺഡേ തിയേറ്റർ എന്ന ആശയം നടപ്പിലാക്കുകയും ഞായറാഴ്ചകളിൽ തൊഴിലാളികളെ നാടകം അഭ്യസിപ്പിക്കുകയും വൈകുന്നേരങ്ങളിൽ ഒരവതരണമെങ്കിലും മുടങ്ങാതെ ഇന്നും നടത്തിവരികയും ചെയ്യുന്നു. ശ്രീജ ആറങ്ങോട്ടുകര നേതൃത്വം നൽകുന്ന നാടകസംഘമാണ് കലാപാഠശാല. കൃഷിയും നാടകവും ബന്ധപ്പെടുത്തി കാർഷികവിളവെടുപ്പിൽ പാടത്ത് നാടകങ്ങൾ കൃഷി അനുബന്ധമായി സംഘടിപ്പിക്കുകയും കൃഷിയും നാടകവും ജീവിതത്തിന്റെ ഭാഗമായി സജീവമായി മാറ്റേണ്ടതിന്റെ ആവശ്യകത പലതലമുറകൾക്കായി പകർന്നുനൽകുകയും ചെയ്തുവരുന്നു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നാടകാചാര്യൻ വയലാ വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥം രൂപംകൊണ്ട ഡോ.വയലാ വാസുദേവൻപിള്ള ട്രസ്റ്റ് തൃശൂർ അയ്യന്തോളിലാണ് സജീവമായി പ്രവർത്തിക്കുന്നത്. ദേശീയ, അന്തർദേശീയ പ്രശസ്തരായ നാടകപരിശീലകരെ കേരളത്തിൽ എത്തിച്ച് ഒരു നവനാടകസംസ്കാരം രൂപപ്പെടുത്തുന്നതിൽ വയലാ ട്രസ്റ്റിന്റെ പങ്ക് നിസ്തുലമാണ്.

ഷൊർണൂർ ജനഭേരി തിയേറ്ററും അതിന്റെ ആർ ട്ടിസ്റ്റിക് ഡയറക്റ്ററായ അഭിമന്യൂ വിനയകുമാറും സമകാലിക മലയാള നാടകവേദിയിൽ ശ്രദ്ധേയ മായ നാടകങ്ങളിലൂടെ ജനമനസ്സുകളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. തുറസ്സരങ്ങിൽ (Arena Stage) ഒരുക്കിയ കുറത്തിയും താരവും മലയാളത്തിലെ രംഗപരീക്ഷണങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്തിയ അവതരണങ്ങളായിരുന്നു. നിയതമായ നാടകസങ്കല്പങ്ങളെ ഭേദിച്ചുകൊണ്ടാണ് തുറസ്സരങ്ങിൽ അഭിമന്യുവിന്റെ താരം നാടകം ആരംഭിക്കുന്നത്. ട്രെയിനുകളുടെ വലിയ സൈറൺ മുഴക്കം എങ്ങനെയാണ് ഇന്ത്യയുടെ മുഴക്കമായി മാറുന്നതെന്ന് നാടകം അനുഭവിപ്പിക്കുന്നു. നാടകാവതരണങ്ങൾക്ക് പുറമെ തിയേറ്റർ കോഴ്സുകളും അഭിനയക്കളരികളും സംഘടിപ്പിച്ച് നാടകത്തിലെത്താൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് കൃത്യമായ വഴികാട്ടിയായും ജനഭേരി തിയേറ്റർ മാറുന്നുണ്ട്.

മലയാള നാടകവേദിയിൽ പ്രൊസീനിയം, അരീന രംഗമാതൃകകളിൽ മാറ്റങ്ങൾ വന്നപ്പോൾ വ്യത്യസ്ത ഇടങ്ങളെ കണ്ടെത്തി നാടക അരങ്ങാക്കി മാറ്റി (Site Specific Theatre) കാഴ്ചക്കാർക്ക് നവ്യമായ അനുഭവം പ്രദാനം ചെയ്ത സംവിധായകനാണ് കോഴിക്കോട്ടുകാരനായ എമിൽ മാധവി. മരണാനുകരണം അതിന്റെ അവതരണത്തിലെ പുതുമകൊണ്ടും അവതരണ ഇടത്തിലെ വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു. തുറസ്സരങ്ങിൽ ഒരുക്കിയ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന രംഗാവതരണമായിരുന്നു.

കേരളത്തിലെ തിയേറ്ററുകളും 
ബദൽ വിദ്യാഭ്യാസ മാതൃകകളും
1980 കളിൽ കേരളത്തിലെ തെരുവുകളിൽ ഇടതുപക്ഷരാഷ്ട്രീയവും ആദിവാസി രാഷ്ട്രീയവും ചർച്ചചെയ്ത നാടകങ്ങളിലൊന്നാണ് കെ. ജെ. ബേബിയുടെ നാടുഗദ്ദിക. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ബേബിയുടെ തിയേറ്റർ മാതൃകകൾ എല്ലാം ഏറെ വ്യത്യസ്തതയുള്ളതായിരുന്നു. ബ്രസീലിയൻ തിയേറ്റർ പരിശീലകനായിരുന്ന അഗസ്റ്റോ ബോളിന്റെ അടിച്ചമർത്തപ്പെട്ടവരുടെ തിയേറ്ററിന്റെ മാതൃകയിൽ ആദിവാസികളെ ഒത്തുചേർത്ത് പ്രശ്ന വിശകലനം നടത്തി അവരിൽ ‘കനവ്’ പോലെ സമാന്തരമായ വിദ്യാഭ്യാസ മാതൃകകൾ സൃഷ്ടിച്ച് ‘അഭിമാനബോധം ജനിപ്പിക്കാൻ അത്തരം ശ്രമങ്ങൾ ക്ക് കഴിഞ്ഞിട്ടുണ്ട്. തിയേറ്ററിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിന് കഴിയാത്ത മൗലികമായ തനതുപരീക്ഷണങ്ങളാണ് തന്റെ തിയേറ്റർ മാതൃകയിലൂടെ ബേബി മുന്നോട്ട് വച്ചത്.

ഓക്സിജൻ തിയേറ്റർ കമ്പനിയുടെ ഉബുറോയ് നാടകത്തിൽ നിന്നും

എറണാകുളം മുളന്തുരുത്തിയിലെ ആല തിയേറ്റർ സാംസ്കാരിക കേന്ദ്രം തിയേറ്ററിന്റെ നവസാധ്യതകൾ പ്രയോജനപ്പെടുത്തി ഏറ്റവും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന കലാസ്ഥാപനവും സമാന്തര കലാവിദ്യാഭ്യാസമാതൃകയുമാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ മനു ജോ സ് നേതൃത്വം നൽകുന്ന നിരവധി തിയേറ്റർ പ്രവർത്തനങ്ങളും അഭിനയ കളരികളും സമകാലിക നാടകാവതരണങ്ങളും ഏറെ ശ്രദ്ധേയമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ തിയേറ്റർ പരിശീലകരെ ആലയിൽ എത്തിച്ച് ലോകനാടക വേദിയിലേക്ക് മലയാള നാടകവേദിയെയും ഉയർത്താനുള്ള ശക്തമായ ഇടപെടലുകൾ മനു ജോസിൽ നിന്നും ഉണ്ടാകുന്നുണ്ട്. നരിപ്പറ്റ രാജു സംവിധാനം നിർവഹിച്ച ഈസ, സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ച പ്ലം യാ ല ബ്യൂയ് എന്നീ നാടകങ്ങൾ ഏറെ പ്രശംസനീയമായ രംഗാവതരണങ്ങളായിരുന്നു. കൊറിയൻ സ്വദേശിയും ലോകപ്രശസ്തനുമായ പപ്പറ്റിയർ ആൻഡ്രൂ കിമ്മിനെ കേരളത്തിലെത്തിച്ച് കൂറ്റൻ പാവകളി ശില്പശാല (Giant Puppetry Workshop) സംഘടിപ്പിക്കാനുള്ള ആലയുടെ ശ്രമങ്ങൾ ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്.

സ്ത്രീനാടകവേദിയും 
കുട്ടികളുടെ തിയേറ്ററും
ഇന്ന് ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന സ്ത്രീ നാടകവേദിയാണ് തിരുവനന്തപുരത്തെ നിരീക്ഷ സ്ത്രീ നാടകവേദി. ഗണിതശാസ്ത്ര അധ്യാപികയായിരുന്ന രാജരാജേശ്വരിയും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ സംഭാവനയായ സി. വി. സുധിയുമാണ് നിരീക്ഷയുടെ സ്ഥാപക അംഗങ്ങൾ. സമകാലിക വിഷയങ്ങളെ മുൻനിർത്തി പരീക്ഷണ സ്വഭാവം ഉൾക്കൊള്ളുന്ന നിരവധി നാടകങ്ങൾ നിരീക്ഷയിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രവാചക, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ, അവതാർ, ബിയോണ്ട് ദി ഷാഡോസ് തുടങ്ങിയ നാടകങ്ങൾക്ക് പുറമേ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള നാടക ശില്പശാലകൾ, സ്ത്രീകളുടെ മറ്റു കലാരൂപങ്ങളുടെ പ്രോത്സാഹനം, കലാരൂപങ്ങളിലെ സ്ത്രീകളുടെ ചിത്രീകരണത്തെപ്പറ്റി സംവദിക്കുന്ന സെമിനാറുകൾ തുടങ്ങി സമഗ്രമായ പ്രവർത്തന പദ്ധതിയാണ് നിരീക്ഷയ്ക്കുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ദേശീയ സ്ത്രീ നാടകോത്സവവും നിരീക്ഷ സംഘടിപ്പിച്ചു വരുന്നു.

കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ ഇടപെടലുകൾ നടത്തിവരുന്ന സംഘമാണ് വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് നാടക പ്രവർത്തനം നടത്തിവരുന്ന രംഗപ്രഭാത്. 1970 കളിൽ കൊച്ചുനാരായണപിള്ളയുടെ നേതൃത്വത്തിൽ ജി. ശങ്കരപ്പിള്ളയുടെ കാർമികത്വത്തിൽ തുടങ്ങിയ രംഗപ്രഭാത് ഗീത രംഗപ്രഭാതിലൂടെയും അശോക് ശശിമാരിലൂടെയും കടന്ന് മൂന്നാം തലമുറയായ അഭിഷേക് രംഗപ്രഭാതിൽ എത്തിനിൽക്കുമ്പോൾ പുതിയ കാലത്തോട് സംവദിക്കുന്ന ഒട്ടനവധി തിയേറ്റർ പ്രവർത്തനങ്ങൾക്കും നാടകാവതരണ ങ്ങൾക്കുമാണ് കേരളം സാക്ഷ്യം വഹിച്ചത്. രംഗ പ്രഭാത് സംഘടിപ്പിച്ചു വരുന്ന കുട്ടികളുടെ ദേശീയ നാടകോത്സവം നാടകത്തെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും അവർക്ക് നാടകത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു വരുന്നു. രംഗപ്രഭാതിലെ കുട്ടികൾക്കായി അഭീഷ് ശശിധരൻ ഒരുക്കിയ ഡ്രോപ്സ്, പട്ടങ്ങൾ എന്നീ നാടകങ്ങൾ കുട്ടികൾക്കായി അവർക്കിടയിൽ നിന്ന് തന്നെ രൂപപ്പെടുത്തിയെടുത്ത രസക രങ്ങളായ നാടകമായിരുന്നു. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും തിയേറ്റർ ബിരുദധാരിയായ അഭിഷേക്, രംഗപ്രഭാതിന് വേണ്ടി ഒരുക്കിയ രണ്ട് നരകൾ, വിശുദ്ധനാട് എന്നീ നാടകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ട അവതരണങ്ങളായിരുന്നു.

തിരുവനന്തപുരം പേരൂർക്കട കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കുട്ടികളുടെ തിയേറ്റർ സംഘമാണ് തമ്പ് തിയേറ്റർ അക്കാദമി. രാജേഷ് ചന്ദ്രൻ നേതൃത്വം നൽകുന്ന ഈ സംഘം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി നാടകക്കളരികളും കുട്ടികൾക്കുള്ള നാടകങ്ങളും അവതരിപ്പിച്ചുവരുന്ന സം ഘമാണ്. തമ്പിന്റെ നേതൃത്വത്തിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ അലിയാർ അലിയും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ മാർട്ടിൻ ഊരാളിയും സംഘടിപ്പിച്ച അഭിനയക്കളരികൾ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങളായിരുന്നു. ശ്യാം റെജിയുടെയും അജിത്ത് എം. ഗോപിനാഥിന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്ന വേനൽ ക്യാമ്പുകളും അതിലൂടെ രൂപംകൊള്ളു ന്ന നാടകങ്ങളും ഏറെ പ്രത്യേകതകളുള്ളവയായിരുന്നു.

സർക്കാർ സഹായവും 
അക്കാദമിക് പ്രവർത്തനങ്ങളും 
ക്ഷേമ പദ്ധതികളും
കോവിഡാനന്തര മലയാള നാടകവേദി പരിശോധിക്കുമ്പോൾ അതിന്റെ വളർച്ചയ്ക്കായുള്ള സർക്കാർ സഹായങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നിരവധി നാടകരചനകളിൽ നിന്നും തിരഞ്ഞെടുത്ത അൻപത് നാടകങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഒരുകോടി രൂപയുടെ സഹായം നൽകി. വർഷങ്ങളായി മുടങ്ങിക്കിടന്ന അമച്വർ നാടകമത്സരം പുനഃസ്ഥാപിക്കുകയും അതിനായുള്ള നാടകരചനകൾ അക്കാദമി ക്ഷണിച്ചിട്ടുമുണ്ട്.

നാടകക്കാരുടെ ക്ഷേമം മുൻനിർത്തി അവരെ ഒരുമിപ്പിച്ച് നിർത്തേണ്ടതിന്റെ ആവശ്യകത ഉൾക്കൊണ്ട് രൂപം കൊണ്ട നാടക സംഘടനയുടെ പ്രവർത്തനങ്ങളും സമകാലിക നാടകമേഖലയിൽ വലിയ പ്രതീക്ഷ നൽകുന്നതാണ്. എല്ലാ ജില്ലകളിലും വിവിധ ജില്ലാക്കമ്മിറ്റികളും മേഖലാ കമ്മിറ്റികളും വഴി നാടകപരിശീലന പദ്ധതികളും നാടകത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചുമുള്ള വിദഗ്ധ ക്ലാസ്സുകളും നാടക് സംഘടിപ്പിച്ചു പോരുന്നു. വിവിധ നാടകങ്ങൾ സംഘടിപ്പിക്കാനും അതിലൂടെ നാടകസംഘങ്ങൾക്ക് കൂടുതൽ അവതരണാവസരങ്ങൾ സൃഷ്ടിക്കാനും നാടകത്തിന് കഴിയുന്നുണ്ട്.

കനൽ സാംസ്കാരിക വേദിയുടെ സോവിയറ്റ് സ്റ്റേഷൻ കടവ് നാടകത്തിൽ നിന്നും

കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള നാടകപഠനകേന്ദ്രമായ സ്കൂൾ ഓഫ് ഡ്രാമയുടെ കഴിഞ്ഞകാലത്തെ പ്രവർത്തനങ്ങൾ നാടകത്തെ പുതുതലമുറയ്ക്കിടയിൽ പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ തിയേറ്റർ സ്കൂളുകളെ തൃശ്ശൂരിലെത്തിച്ച് അവർക്ക് പരസ്പരം സംവദിക്കാനും അതിലുപരി പഠനരീതികൾ പരസ്പരം കൈമാറാനും ഉദ്ദേശി ച്ച് സംഘടിപ്പിച്ച ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് സ്കൂൾസ് ഏറെ അനുമോദിക്കപ്പെടേണ്ട പ്രവർത്തനമാണ്. ലോകത്തിന്റെ വിവിധ ഭാഗ ങ്ങളിലെ തിയേറ്റർ പരിശീലകരെ ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ എത്തിച്ച് അവരുടെ സേവനം എല്ലാ നാടകപഠന സ്കൂളുകളിലെയും വിദ്യാർ ത്ഥികൾക്ക് ലഭിക്കുന്ന തരത്തിൽ കഴിഞ്ഞ രണ്ടുവർഷമായി നടന്നുവരുന്ന വിപുലമായ പദ്ധതികൾ മലയാള നാടകവേദിയിൽ ഇനിയുള്ള കാലം വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നതിൽ തർക്കമില്ല.

മാറുന്ന മലയാളനാടകവേദിയും 
ലോകഅരങ്ങുകളും
ലോകമെങ്ങുമുള്ള നാടകപ്രവർത്തകരിൽ നിരന്തരം ഉയരുന്ന ചോദ്യമാണ് മറ്റുരാജ്യങ്ങളിലെ തിയേറ്റർ പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നുവെന്നതും അവിടത്തെ അധികാരികൾ ആ നാടകങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നതും. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന രാജ്യാന്തരനാടകോത്സവം (ITFoK) വഴി നിരവധി രാജ്യങ്ങളിലെ നാടകങ്ങൾ കാണാൻ മലയാളി നാടകപ്രവർത്തകർക്ക് കഴിഞ്ഞത് നമ്മുടെ നാടകനിലവാരത്തെ ആകപ്പാടെ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലെ മലയാള നാടകങ്ങൾ പരിശോധിച്ചാൽ ഈ വ്യത്യാസം കാണാൻ സാധിക്കും. അതുപോലെതന്നെ മലയാള നാടകങ്ങൾ വിദേശരാജ്യങ്ങളിലെ നാടകോത്സവങ്ങളിൽ ശ്രദ്ധേയമായ ഇടം നേടാറുമുണ്ട്. 2023ൽ അന്തർദേശീയ നാടകോത്സവമായ ചൈനയിലെ വുഹാൻ തിയേറ്റർ ഫെസ്റ്റിവലിൽ (Wuzhen Festival) ഉദ്ഘാടന നാടകമായി തിരഞ്ഞെടുത്തത് തൃശൂർ ഓക്സിജൻ തിയേറ്റർ ദീപൻ ശിവരാമന്റെ സംവിധാനത്തിൽ ഒരുക്കിയ പിയർജെന്റ് എന്ന നാടകമായിരുന്നു. നോർവീജിയൻ നാടകക്കാരനായ ഹെൻട്രിക് ഇബ്സൺ 1867 ൽ രചിച്ച നാടകമാണ് പിയർജെന്റ് (Peer Gynt). നൂറ്റമ്പതു വർഷങ്ങൾക്കിപ്പുറം കേരളസമൂഹത്തിൽ പ്രസ്തുത നാടകം എങ്ങനെയാണ് വായിക്കപ്പെടുന്നതെന്ന് അറിയാനുള്ള കൗതുകം തീർച്ചയായും വിദേശ നാടകപ്രവർത്തകർക്കുണ്ടാകും. 2023ൽ ദസ്തയേവ്സ്കിയുടെ ഇരുന്നൂറ്റി രണ്ടാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് റഷ്യയിലെ ദസ്തയേവ്സ്കി തിയേറ്റർ സംഘടിപ്പിച്ച നാടകോത്സവത്തിൽ കേരളത്തിലെ റഷ്യൻ എംബസ്സി യുടെ ചെക്കോവ് ഡ്രാമ ക്ലബ് ഒരുക്കിയ വെളുത്ത രാത്രികൾ (White Nights) നാടകം അവതരിപ്പിച്ചു. ഡോ.രാജാവാര്യർ സംവിധാനം നിർവഹിച്ച ആ നാടകം ഏറെ കൗതുകത്തോടെയാണ് റഷ്യക്കാർ സ്വീകരിച്ചത്. റഷ്യൻ നഗരമായ സെന്റ്പീറ്റേഴ്സ്ബർഗിലെ അഞ്ചു ദിനരാത്രങ്ങളുടെ പ്രണയകഥ ദസ്തയേവ്സ്കി എഴുതുമ്പോൾ ഇരുന്നൂറ് വർഷങ്ങൾക്കിപ്പുറം കേരളം പോലൊരു പ്രദേശത്തിൽ ഈ കഥ എങ്ങനെയായിരിക്കും പ്രസക്തമായ നാടകമായിരിക്കുക? അതു കാണാനുള്ള വ്യഗ്രത തീർച്ചയായും ദസ്തയേവ്സ്കി ആരാധകർക്കും റഷ്യൻ തിയേറ്റർ പ്രേമികൾ ക്കും ഉണ്ടാകുമല്ലോ.!

ഇന്ത്യയ്ക്ക് പുറത്തുനടക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ നാടകോത്സവമാണ് അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം. ജോലിതേടി വിദേശത്ത് എത്തിയ പ്രവാസികൾ അവരുടെ അടക്കാനാകാത്ത നാടകമോഹം നിമിത്തം നാടകങ്ങൾ ചെയ്യുകയും അങ്ങനെ ശക്തി തിയേറ്റേഴ്സ് പോലുള്ള സംഘങ്ങൾ ഉടലെടുക്കുകയും കാലാന്തരത്തിൽ അതൊരു വലിയ നാടകമത്സരമായി പരിണമിക്കുകയുമാണ് ചെയ്തത്. വളരെ ഗൗരവത്തോടെ നാടകത്തെ സമീപിക്കുകയും ഏറ്റവും പരീക്ഷണാത്മകമായി ഒരുക്കപ്പെടുകയും ചെയ്യുന്ന അമച്വർ നാടകങ്ങൾ കേരളക്കരയിൽ മാത്രമായി ഒതുങ്ങുന്നില്ല. അബുദാബിക്ക് പുറമെ ആസ്ട്രേലിയ, അമേരിക്ക, ബ്രിട്ടൺ തുടങ്ങി വിവിധ രാജ്യങ്ങളിലും മലയാളികളുടെ സാന്നിധ്യമുള്ളതുകൊണ്ടുതന്നെ ശക്തമായ അനേകം രംഗാവതരണങ്ങൾ രൂപംകൊ ള്ളുന്നുണ്ട്. സുവീരൻ, സാംകുട്ടി പട്ടംകരി, ജിനോ ജോസഫ്, ഷൈജു അന്തിക്കാട്, അഭിമന്യൂ വിനയകുമാർ, എമിൽ മാധവി, ജോബ് മഠത്തിൽ, നിഖിൽ ദാസ് തുടങ്ങി നിരവധി സംവിധായകർ മലയാള നാ ടകവേദിയെ ഇന്ത്യക്ക് പുറത്തുള്ള മലയാളക്കൂട്ടായ്മ കളിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

കർട്ടൻ കാൾ
മലയാള നാടകവേദിയെ സംബന്ധിച്ച് ഇടയ്ക്കുള്ള അല്പകാലം നാടകാവതരണങ്ങൾ കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ ചരിത്രം പരിശോധിച്ചാൽ ഏറെ പുതുമകൾ നിറഞ്ഞ അതിവ്യത്യസ്തമായ നിരവധി നാടകങ്ങൾ ഇവിടെ ഉണ്ടാകുകയും അതൊക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മനസി ലാകും. എം.ടി. വാസുദേവൻ നായരുടെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കോർത്തിണക്കി സൂര്യ തിയേറ്ററിനുവേണ്ടി സൂര്യ കൃഷ്ണമൂർത്തി സംവിധാനം നിർവഹിച്ച തുടർച്ച നാടകം മലയാള നാടകവേദിയിൽ തുറസ്സരങ്ങിലെ ഏറെ വ്യത്യസ്തമായ രംഗാവതരണത്തിനാണ് സാക്ഷ്യംവഹിച്ചത്. അഞ്ചുദിവസങ്ങളിലായി നടന്ന നാടകം എല്ലാദിവസവും നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കാനായിയെന്നത് നാടകത്തെ ഇഷ്ടപ്പെടുന്ന ഒരു വലിയ പ്രേക്ഷകസമൂഹം ഇവിടെയുണ്ടെന്നുള്ളതിന്റെ സാക്ഷ്യപ്പെടുത്തലാണ്. വലിയ അമ്പലവും നാലുകെട്ടും ചായക്കടയും റെയിൽവേ സ്റ്റേഷനുമെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ സെറ്റ് പുതിയകാലത്തെ കാണികളുടെ മനസിലെ നാടകമെന്ന സങ്കല്പത്തിന് പുതുമാനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രംഗാവതരണങ്ങൾ തേടി പ്രേക്ഷകർ എത്തുകതന്നെ ചെയ്യും. മലയാളനാടകവേദിയുടെ ഇനിയുള്ളകാലം അതിനൂതനമായ രംഗപരീക്ഷണങ്ങൾക്ക് വിധേയമാകുകയും അതിഷ്ടപ്പെടുന്ന പുതിയ പ്രേക്ഷകർ അത്തരത്തിലുള്ള പരീക്ഷണ നാടകങ്ങൾ നെഞ്ചേറ്റുകയും ചെയ്യുമെന്നതിൽ സംശയമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + 11 =

Most Popular