Monday, March 9, 2026

ad

Homeപ്രതികരണംവയനാട്ടിൽ പ്രാവർത്തികമായത് കേരളത്തിന്റെ സ്നേഹമാതൃക

വയനാട്ടിൽ പ്രാവർത്തികമായത് കേരളത്തിന്റെ സ്നേഹമാതൃക

പിണറായി വിജയൻ

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച ടൗൺഷിപ്പിന്റെ ഭാഗമായ 178 വീടുകൾ കൈമാറി. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ 13 പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജുപരിസരത്ത് 5 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന്റെ പട്ടയവും കൈമാറി.

ബാക്കിയുള്ള ഗുണഭോക്താക്കൾക്കും, ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ വീട് കൈമാറും. അവരുടെ വീടുകളുടെ പണിയും അന്തിമഘട്ടത്തിലാണ്. അടുത്ത മഴക്കാലത്തിനു മുൻപ്, മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകി, പുനരധിവസിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.

ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം എന്ന കാര്യം പ്രത്യേം ഓർക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്.

അതിജീവനത്തിനു തടസ്സങ്ങൾ ഏറെയുണ്ടായി. വ്യാജപ്രചാരണങ്ങൾ മുതൽ കേന്ദ്ര സഹായനിഷേധം വരെ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുന്നതു മുതൽ കോടതി വ്യവഹാരങ്ങൾ വരെ, ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നൽകരുതെന്ന ആഹ്വാനം മുതൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ വരെ, അങ്ങനെ നിരവധി പ്രതിലോമകരമായ ഇടപെടലുകൾ. ദുരന്തം ഉണ്ടായി ആദ്യ ആഴ്ചയിൽ തന്നെ അതിനു ചിലർ തുടക്കമിട്ടു. ചില മാധ്യമങ്ങൾ പോലും വ്യാജം ചമച്ചുകൊണ്ട് ഈ പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാൻ നോക്കി.

ഉരുൾപൊട്ടലുണ്ടായ സമയത്തുതന്നെ പൊലീസ് മുതൽ സൈന്യത്തെ വരെ എത്തിച്ച് രക്ഷാപ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഏകോപിപ്പിച്ചു. ദുരന്തബാധിതർക്കൊപ്പം നിൽക്കാൻ കേരളജനത ഒന്നടങ്കം തയ്യാറായി. കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങൾ മുതൽ ആ ഐക്യം പ്രകടമായിരുന്നു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സന്നദ്ധപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ഓഫ് റോഡ് ഡ്രൈവർമാർ എന്നിങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലും ഉള്ളവർ രക്ഷാപ്രവർത്തനത്തിനായി കൈകോർത്തു.

ദുരിതബാധിതർക്കായി വേഗംതന്നെ ക്യാമ്പുകൾ പൂർണ്ണസജ്ജമായി. ഭക്ഷണവും അവശ്യസാധനങ്ങളും മാത്രമല്ല, മരുന്നും വൈദ്യസഹായവും അതോടൊപ്പം ജീവിതം വീണ്ടെടുക്കുന്നതിനുള്ള കൗൺസിലിങ്ങും ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായി നൽകി.

മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് എല്ലാ പ്രവർത്തനങ്ങൾക്കും നേരിട്ട് മേൽനോട്ടം വഹിച്ചു. വിശദമായ അവലോകന യോഗങ്ങൾ കൂടി നിർദ്ദേശങ്ങൾ നൽകുകയും അവ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

മരണപ്പെട്ടവരെ സംസ്‌കരിക്കുന്നതിനും കൃത്യമായ സംവിധാനം ഒരുക്കുകയുണ്ടായി. പുത്തുമലയിൽ തന്നെയുള്ള എസ്റ്റേറ്റ് ഭൂമി ദിവസങ്ങൾക്കുള്ളിൽ ഏറ്റെടുത്ത് അവിടെ ശ്മശാനം സജ്ജമാക്കുകയുണ്ടായി. ഈ ഏറ്റെടുത്ത ഭൂമിയിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സർവ്വമത പ്രാർത്ഥന നടത്തിയാണ് മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും സംസ്‌കരിച്ചത്.

ക്യാമ്പുകളിലേക്കും സഹായപ്രവാഹം ഉണ്ടായി. ഭക്ഷണം, വസ്ത്രങ്ങൾ, മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള ഉപകരണങ്ങൾ, തുടങ്ങി ഓരോ വ്യക്തിയും അവരാൽ കഴിയുന്ന സഹായങ്ങൾ നൽകി. ക്യാമ്പുകളിൽ ഉള്ളവരെ വാടക വീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും മാറ്റി പാർപ്പിക്കുന്നതിനു വേണ്ട നടപടികളും സർക്കാർ തുടങ്ങി. അങ്ങനെ പെട്ടെന്നുതന്നെ നമ്മുടെ സഹോദരങ്ങളെ ക്യാമ്പുകളിൽ നിന്നും സാധാരണ ജീവിതസാഹചര്യങ്ങളിലേക്ക് മാറ്റി.

ഉപയോഗിക്കാതെ കിടന്ന സർക്കാർ ക്വാർട്ടേഴ്സുകൾ റിപ്പയർ ചെയ്ത് അവർക്കു നൽകി. അതോടൊപ്പം വാടകയ്ക്ക് പോകാൻ താൽപ്പര്യമുള്ളവർക്ക് സർക്കാർ വാടക നൽകുന്നതിനും സംവിധാനം ഏർപ്പെടുത്തി. ഒരു കുടുംബത്തിന് 6,000 രൂപ വീതം അന്നുമുതൽ ഇന്നുവരെ ദുരന്തബാധിതരായിട്ടുള്ള മുഴുവൻ കുടുംബങ്ങൾക്കും നൽകി വരുന്നുണ്ട്. ഈ ഇനത്തിൽ ഇതുവരെയായി 6 കോടിയിലധികം രൂപയാണ് അനുവദിച്ചത്.

ദുരന്തബാധിതർക്ക് ഉപജീവനത്തിനായി ഓരോ മാസവും ആനുകൂല്യം നൽകി. 17.2 കോടി രൂപയാണ് ഈയിനത്തിൽ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായം നൽകുന്നതിന് 2 കോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങൾക്ക് പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകുന്നുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന പ്രചാരണം ആ ഘട്ടത്തിലുണ്ടായി. എന്നാൽ, അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് സമാനതകളില്ലാത്ത സഹായപ്രവാഹമാണ് ദുരിതാശ്വാസ നിധിയിലേക്ക് ഉണ്ടായത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു.

സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. ഇതര സംസ്ഥാന സർക്കാരുകൾ കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. കർണ്ണാടക, ആന്ധ്ര സർക്കാരുകൾ 10 കോടി രൂപ വീതവും തമിഴ്‌നാട്, രാജസ്താൻ സർക്കാരുകൾ 5 കോടി രൂപ വീതവും സംഭാവനയായി നൽകി.

ദുരന്തബാധിതരുടെ വായ്പാ കുടിശ്ശികകൾ പൂർണമായും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1,620 വായ്പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപ സർക്കാർ പൂർണമായും ഏറ്റെടുത്തു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിൽ ഒരു നടപടിയും ഉണ്ടായില്ല.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തലായിരുന്നു അടുത്ത കടമ്പ. ജനകീയ കൂടിയാലോചനയിൽ പുനരധിവാസത്തെക്കുറിച്ച് സർക്കാർ അഭിപ്രായം തേടി. പുതിയ വീടുകൾ സുരക്ഷിതമായ സ്ഥലത്തായിരിക്കണമെന്നും, അതിജീവിതർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയണമെന്നും, അവരുടെ ഉപജീവനമാർഗം തുടരാൻ അനുയോജ്യമായ സ്ഥലമായിരിക്കണമതെന്നും, ദുരന്തബാധിത സമൂഹം അറിയിച്ചു.

ഇതിനെത്തുടർന്ന് വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 31 ഇടങ്ങളിൽ ഭൂമി മാർക്ക് ചെയ്തു. അവ വിശദമായി പരിശോധിച്ച് പട്ടിക 9 ആക്കി ചുരുക്കി. പിന്നീട് പുനരധിവസിപ്പിക്കപ്പെടുന്നവരുടെ ആവശ്യങ്ങൾ പരിഗണിച്ചതിനു ശേഷം നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റൺ എസ്റ്റേറ്റും ഏറ്റെടുക്കുന്നതിന് തത്ത്വത്തിൽ തീരുമാനിച്ചു.

ആദ്യ ഘട്ടമായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. അവിടെ ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമി വീതവും മറ്റു പൊതുസൗകര്യങ്ങൾ അടക്കം സജ്ജീകരിച്ചും 410 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാകുമെന്നു കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസം എൽസ്റ്റൺ എസ്റ്റേറ്റിലേക്കു മാത്രമായി ചുരുക്കി.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് 2024 ഒക്‌ടോബറിൽ പുറപ്പെടുവിച്ചു. 2024 നവംബറിൽ ഫേസ് വൺ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതിനിടെ കോടതി വ്യവഹാരത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കലിന് അൽപ്പനാൾ തടസ്സം നേരിട്ടു. ഹൈക്കോടതി അനുമതി ലഭിച്ചതിനെത്തുടർന്ന് റെക്കോർഡ് വേഗത്തിലാണ് ഭൂമിയുടെ വിലനിർണയവും സർവേ നടപടികളും പൂർത്തിയാക്കിയത്.

2025 ഏപ്രിലിൽ 44.33 കോടി രൂപ കോടതിയിൽ കെട്ടിവെച്ച് അന്നേ ദിവസംതന്നെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. ഉടൻ തന്നെ നിർമ്മാണ പ്രവൃത്തികളും ആരംഭിച്ചു. ടൗൺഷിപ്പ് പൂർത്തിയാകുമ്പോൾ നിലവിലെ കണക്കുകളനുസരിച്ച് 402 കുടുംബങ്ങളിലെ 1,662 പേരാണ് ഇവിടെ താമസിക്കുക.

ദുരന്തബാധിതരായ ആളുകൾക്ക് കുറേ വീടുകൾ നിർമ്മിച്ചു നൽകുക എന്നുള്ളതു മാത്രമല്ല ടൗൺഷിപ്പുകൊണ്ട് വിഭാവനം ചെയ്തത്. അവരെ കൂടുതൽ മെച്ചപ്പെട്ട ഒരു ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നതും എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമായിരുന്നു. നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ടതാക്കുക. അതാണ് ‘ബിൽഡ് ബാക്ക് ബെറ്റർ’ എന്ന ദുരന്തനിവാരണത്തിന്റെ അടിസ്ഥാന തത്ത്വം. അക്ഷരാർത്ഥത്തിൽ അതു പാലിക്കപ്പെടുന്ന രീതിയിലാണ് ഈ ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

വീടുകളോടൊപ്പംതന്നെ പൊതുസൗകര്യങ്ങളായ കമ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ഡിസാസ്റ്റർ മെമ്മോറിയൽ, കടമുറികൾ, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്ത് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഭൂഗർഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി 2 കെ വി കപ്പാസിറ്റിയുള്ള സോളാർ പവർപ്ലാന്റ്, എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

അഞ്ച് സോണുകളായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ടൗൺഷിപ്പിൽ 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകൾ നിർമ്മിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീൻ സ്പേസ് നടുമുറ്റം ഉണ്ട്. ഈ നടുമുറ്റത്തിനു ചുറ്റും അഞ്ചര മീറ്റർ വീതിയുള്ള റോഡും. ആ റോഡിലേക്ക് ഫേസ് ചെയ്തുകൊണ്ടാണ് ഓരോ ക്ലസ്റ്ററിലെയും വീടുകൾ ഉണ്ടാക്കുന്നത്.

എട്ടുമുതൽ ഇരുപതുവരെ വീടുകൾ ഉൾക്കൊള്ളുന്നതാണ് ഓരോ ക്ലസ്റ്ററും. ഏഴു സെന്റ് വീതമാണ് ഓരോരുത്തരുടെയും വ്യക്തിഗത ഹൗസ് പ്ലോട്ടുകൾ. ഈ വ്യക്തിഗത ഹൗസ് പ്ലോട്ടുകളിൽ ഓരോ ഭൂമിക്കും പ്രത്യേകം പട്ടയം നൽകും.

വീടുകളും പൊതുനിർമ്മിതികളും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഓരോ വീടും തൊണ്ണൂറ് സെന്റീമീറ്റർ വീതിയുള്ള ഒമ്പത് കോൺക്രീറ്റ് ഭിത്തികളാലാണ് നിർമ്മിച്ചത്. അതോടൊപ്പം തറനിരപ്പിലും, റൂഫ് ലെവലിലും, മേൽക്കൂര ലെവലിലും ഒന്നര അടി ഉയരത്തിൽ ബീമുകളും, പ്ലിന്ത് ബീമും റൂഫ് ബീമും സജ്ജീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ, ഒരു നില കെട്ടിടം ആണെങ്കിലും അതിന്റെ മുകളിലേക്ക് കൂടുതൽ നിലകൾ നിർമ്മിക്കാൻ ഉതകുന്ന തരത്തിലുള്ള നിർമ്മാണമാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച നിർമ്മാണ സാമഗ്രികളാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

ദുരിന്തബാധിതർക്ക് സർക്കാർ രണ്ട് ഓപ്ഷനുകൾ നൽകിയിരുന്നു. ഒന്നുകിൽ അവർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിൽ ഒരു വീട് ഓപ്റ്റ് ചെയ്യാം, അല്ലെങ്കിൽ സർക്കാരിന്റെ പുനരധിവാസ തുകയായ പതിനഞ്ച് ലക്ഷം രൂപ സ്വീകരിക്കാം. മഹാഭൂരിപക്ഷം കുടുംബങ്ങളും സർക്കാരിന്റെ ടൗൺഷിപ്പിലുള്ള വീടുതന്നെ സ്വീകരിച്ചു എന്നുള്ളത് ഇതിന്റെ ഗുണമേന്മയും സ്വീകാര്യതയും വെളിവാക്കുന്നു. ദുരന്തത്തിൽ നഷ്ടമുണ്ടായ സംരംഭകർക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള പുനരുജ്ജീവന പദ്ധതിയും നടപ്പാക്കുകയാണ്. അതും ബന്ധപ്പെട്ടവർക്കു സ്വീകാര്യമായ നിലയിൽതന്നെ സാധ്യമാക്കും.

മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. വിദ്വേഷങ്ങളില്ലാതെ പരസ്പരസ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്ന ഇടങ്ങളെല്ലാം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് കേരളത്തിനെതിരെ വ്യാജ നിർമ്മിതികളും വ്യാജ പ്രചാരണങ്ങളും സൃഷ്ടിക്കുന്നത്, കേരളം വിദ്വേഷത്തിന്റെ നാടാണെന്നു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. അവർക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃക. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular