(എറണാകുളത്ത് ഇഎംഎസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണം)
രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ഇതഃപര്യന്തമുള്ള ചരിത്രത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർപോലെ ഒരു കരാർ ഒപ്പുവെക്കപ്പെട്ടിട്ടില്ല. ഇൗ കരാർ പൂർണമായും സാമ്രാജ്യത്വ ഉള്ളടക്കമുള്ളതും അസന്തുലിതവും അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയ്‌ക്കുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്നതുമാണ്. ഇൗ കരാറിന്റെ ഉള്ളടക്കം ഇപ്പോഴും പുറത്തുവന്നിട്ടില്ല. നമ്മൾക്ക് ഇതേക്കുറിച്ച് പൂർണമായും അറിയാൻ കഴിഞ്ഞിട്ടുമില്ല. ഇവർ അവകാശപ്പെടുന്നത് ഇത് ഒരു ഇടക്കാല കരാറിന്റെ ചട്ടക്കൂട് മാത്രമാണ് എന്നാണ്. ആകെ നമുക്ക് ലഭ്യമായിട്ടുള്ളത് അമേരിക്കൻ ഗവൺമെന്റ് നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളാണ്.
ഇൗ പ്രഖ്യാപനങ്ങൾ കരാറിനെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ വെളിവാക്കുന്നുണ്ട്; മോദിയുടെ ഗവൺമെന്റ് എപ്രകാരമാണ് രാജ്യത്തിന്റെ പരമാധികാരം ട്രംപിന്റെ മുന്നിൽ അടിയറവെച്ചത് എന്നത് സംബന്ധിച്ച്; ട്രംപ് ഇന്ത്യയ്‌ക്കുമേൽ നടത്തിയ ശക്തമായ സമ്മർദ്ദത്തെക്കുറിച്ച്. കൃഷിക്കാരും തൊഴിലാളികളും ചെറുകിട സംരംഭകരുൾപ്പടെയുള്ള ഇന്ത്യയിലെ ജനസാമാന്യത്തിന്റെ ഭാവി സംബന്ധിച്ചും ഒക്കെ നമുക്ക് ഏറെ ആശങ്കയുണ്ട്. കരാറിന്റെ വിശദാംശങ്ങളിലേക്ക് കടക്കുംമുന്പ് ആഗോള പശ്ചാത്തലത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
2025ൽ ട്രംപ് അധികാരത്തിൽ വന്നതിനുശേഷം വളരെ ആക്രമണോത്സുകമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഉടൻ അദ്ദേഹത്തിന്റെ കുപ്രസിദ്ധമായ ‘അമേരിക്ക ഒന്നാമത്’ മുന്നോട്ടുവെച്ചുകൊണ്ട് മറ്റു രാജ്യങ്ങളുടെ താൽപര്യങ്ങൾക്കുമേൽ അതിക്രമിച്ചു കടക്കുകയും എല്ലാ ബന്ധങ്ങളും തകർക്കുകയും പരമാധികാരമുള്ള രാജ്യങ്ങളുടെ പരമാധികാരംപോലും ചവിട്ടിമെതിക്കുകയുമാണ്. സാന്പത്തിക രംഗത്താണെങ്കിൽ താരിഫ് എന്ന ഭീഷണിമുഴക്കി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുകയും അതിനു വഴങ്ങാത്ത രാജ്യങ്ങൾക്കുമേൽ സാന്പത്തിക ഉപരോധം ഏർപ്പെടുത്തുകയുമാണ്. എന്നിട്ടും വഴങ്ങാത്ത രാജ്യങ്ങൾക്കെതിരെ സൈനികനീക്കവും നടത്തുകയാണ്. വെനസേ-്വലയിൽ അത് നാം കണ്ടതാണ്. പ്രസിഡന്റ് നിക്കൊളാസ് മദുറോയെയും പത്നിയെയും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിവച്ചിരിക്കുന്നു. അവിടത്തെ എണ്ണ സന്പത്ത് തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് ഇൗ നടപടി.
അമേരിക്ക ട്രംപിനുകീഴിൽ, അവരുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സാന്പത്തിക മേധാവിത്വം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ്. നമുക്കറിയാവുന്നതുപോലെ ഏതാനും വർഷങ്ങളായി അവരുടെ സാന്പത്തിക ആധിപത്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ നിന്നു കരകയറാൻ, സാന്പത്തിക ഉപരോധംപോലുള്ള സമ്മർദ തന്ത്രങ്ങളും സൈനിക ശക്തി ഉപയോഗിച്ചുള്ള ഭീഷണിയുംവഴി ലോക രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള കുത്സിതശ്രമങ്ങൾ ശക്തമായി നടത്തുകയാണ്.
ട്രംപ് ഇതു രണ്ടാംതവണയാണ് അമേരിക്കൻ പ്രസിഡന്റാവുന്നത്. ആദ്യ തവണതന്നെ മോദി, ട്രംപുമായുള്ള സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുകയും വ്യക്തിപരമായ ഒരു നിക്ഷേപമായി അതു കാണുകയും ചെയ്‌തിരുന്നു. 2019ൽ അമേരിക്കയിൽ ഇന്ത്യൻ വംശജരുടെ റാലി നടത്തിയ മോദി, ട്രംപ് സർക്കാർ വീണ്ടും വരുമെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. ഇത്തവണ ട്രംപ് അധികാരമേറ്റശേഷം ആദ്യമായി അമേരിക്ക സന്ദർശിച്ചത് മോദിയാണ്. അമേരിക്കയുമായുള്ള ബന്ധത്തെ നയതന്ത്ര ബന്ധത്തിനുമപ്പുറം വ്യക്തിപരമായ ബന്ധമായാണ് മോദി കാണുന്നത്. പുതിയ സ്വതന്ത്ര വ്യാപാര കരാറിൽ നമ്മുടെ രാജ്യത്തിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കാൻ പോകുന്നില്ല എന്ന് നേരത്തെതന്നെ തിരിച്ചറിയാൻ യൂണിയൻ സർക്കാരിനു കഴിഞ്ഞില്ല. അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷികളായ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുപോലും കൊടുക്കാത്ത പരിഗണന എങ്ങനെയാണ് ഇന്ത്യക്കു ലഭിക്കുക എന്നുപോലും ഇവർ ചിന്തിച്ചിരുന്നില്ല. വാസ്‌തവത്തിൽ, സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന്റെ സമൂഹമാധ്യമത്തിലൂടെയാണ് നടത്തിയത്. ഇന്ത്യ ഇതു പിന്നീട് ശരിവച്ചുവെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ഇന്ത്യയുടെ നേതാക്കൾക്ക് കഴിയുമായിരുന്നില്ല. അന്ന് അമേരിക്കയിലുണ്ടായിരുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കറിനോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇൗ കരാർ തന്റെ വകുപ്പുമായി ബന്ധപ്പെട്ടതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വാണിജ്യകാര്യമന്ത്രി പീയുഷ് ഗോയലിനും ഇതേക്കുറിച്ച് ഒന്നും അറിയാമായിരുന്നില്ല എന്നാണ് സൂചിപ്പിച്ചത്. അപ്പോൾ ഇൗ കരാറിനെക്കുറിച്ച് ആർക്കാണ് അറിയാവുന്നത്?
ഇന്ത്യയും ഇവിടത്തെ ഗവൺമെന്റും ഇൗ കരാറിനെക്കുറിച്ചു കേട്ട് ഞെട്ടിപ്പോയി എന്നതാണ് വാസ്‌തവം. കരാറിനെക്കുറിച്ച് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങൾ ഇവയാണ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള കയറ്റുമതി താരിഫ് ആദ്യം 25 ശതമാനം കുറയ്‌ക്കും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ 25 ശതമാനംകൂടി കുറയ്‌ക്കും. അങ്ങനെ 50 ശതമാനം കുറച്ച് താരിഫ് 18 ശതമാനമാക്കും. റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി നിർത്തി ഇന്ത്യ അമേരിക്കയിൽ നിന്നും എണ്ണ വാങ്ങണം. അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങണം. അടുത്ത അഞ്ചു വർഷത്തിനകം 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യണം. അതായത് ഒരു വർഷം 10,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യണം. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് 18 ശതമാനം നികുതിയായിരുന്നത് പൂജ്യം ശതമാനം ആക്കുമെന്നും ട്രംപ് പ്രഖ്യാപിക്കുകയുണ്ടായി. ട്രംപ് അധികാരമേൽക്കുംമുന്പ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ശരാശരി നികുതി നിരക്ക് മൂന്നുമുതൽ നാലു ശതമാനംവരെയായിരുന്നു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് ശരാശരി 17 ശതമാനമായിരുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക ഉൽപ്പന്നങ്ങൾക്കാകട്ടെ 39 ശതമാനമായിരുന്നു നികുതി നിരക്ക്. എന്നാൽ ഇൗ കരാർ ഒപ്പിട്ടുകഴിഞ്ഞപ്പോൾ, നമ്മുടെ ഉൽപ്പന്ന കയറ്റുമതിക്ക് മൂന്നുമുതൽ നാലു ശതമാനംവരെയായിരുന്ന നികുതി 18 ശതമാനമായി ഉയരുകയാണുണ്ടായത്. പക്ഷേ, മോദി വീന്പു പറയുന്നത് 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു എന്നാണ്. എന്നാൽ ട്രംപ് അധികാരമേൽക്കുംമുന്പ് ഇത് മൂന്നുമുതൽ നാലു ശതമാനംവരെ മാത്രമായിരുന്നു എന്നതാണ് യാഥാർഥ്യം. അമേരിക്കയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നികുതി നിരക്കാകട്ടെ 17 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറയ്‌ക്കുകയും ചെയ്‌തു. അങ്ങേയറ്റം അസന്തുലിതമായ ഒരു കരാറാണിത് എന്ന് നമ്മൾ പറയുന്നത് അതുകൊണ്ടാണ്.
പഴയ സാമ്രാജ്യത്വത്തിന്റെ സവിശേഷതയാണ് ഇൗ കരാറിലും കാണാനാവുന്നത്. ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഇൗടാക്കുന്പോൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി ഇല്ല എന്നതാണ് സാമ്രാജ്യത്വ കരാറുകളുടെ സവിശേഷത. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള നികുതി പൂജ്യം ശതമാനമാകുന്നതോടെ ഇന്ത്യയിലേക്ക് അമേരിക്കൻ ഉൽപ്പന്നങ്ങൾ യഥേഷ്‌ടം ഒഴുകും. നമ്മുടേതായ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പുറന്തള്ളപ്പെടാൻ പോകുകയാണ്. സാമ്രാജ്യത്വകാലത്തെ പകൽക്കൊള്ളയാണ് ആവർത്തിക്കപ്പെടാൻപോകുന്നത്. പ്രധാനമന്ത്രി മോദി പല യാഥാർഥ്യങ്ങളും ഒളിച്ചുവെക്കുകയാണ്. കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല. എന്നാൽ, ലഭ്യമായ വിവരമനുസരിച്ച് പരുത്തി, സോയാബീൻ എണ്ണ, പയറുവർഗങ്ങൾ, ആപ്പിൾ എന്നിവ അമേരിക്കയിൽ നിന്ന് പൂജ്യം ശതമാനം നികുതിക്ക് ഇറക്കുമതി ചെയ്യും എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇൗ ഉൽപ്പന്നങ്ങൾ അമേരിക്കയ്ക്ക് സ്വതന്ത്രമായി ഇങ്ങോട്ട് കയറ്റുമതി ചെയ്യാൻ കഴിയും എന്നത് വസ്‌തുതയാണ്. ഇതിന്റെ പരിണതഫലം, ഇപ്പോൾതന്നെ പ്രതിസന്ധിയിലായ കശ്‌മീരിലെയും ഹിമാചൽപ്രദേശിലെയുമൊക്കെ ആപ്പിൾ കർഷകർ കൂടുതൽ കുഴപ്പത്തിലേക്കുപോകും എന്നതാണ്. ഇപ്പോൾ 15 ശതമാനം നികുതി ഉള്ളപ്പോൾതന്നെ പ്രതിസന്ധി നേരിടുന്ന ഇവർ ഇനി ഇതിലും വലിയ പ്രതിസന്ധിയിലേക്കുപോകും. പരുത്തിയുടെ കാര്യത്തിൽ മറ്റൊരു സവിശേഷതകൂടിയുണ്ട്. ഇന്ത്യയുമായുള്ള കരാറിനു പിന്നാലെ അമേരിക്ക ബംഗ്ലാദേശുമായി ഒരു കരാറിലേർപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് അമേരിക്കയിൽ നിന്ന് അസംസ്‌കൃത പരുത്തി പൂജ്യം ശതമാനം നികുതിനിരക്കിൽ ബംഗ്ലാദേശിലേക്ക് ഇറക്കുമതി ചെയ്യാം. ഇൗ പരുത്തി ഉപയോഗിച്ച് അവർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ 19 ശതമാനം നികുതി നിരക്കിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യാം. നിലവിൽ ബംഗ്ലാദേശിലേക്ക് ഏറ്റവുംകൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. അമേരിക്കയുമായുള്ള അവരുടെ പുതിയ കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിലെ പരുത്തി കൃഷിക്കാരും ഗുരുതരമായ പ്രതിസന്ധി നേരിടാൻ പോകുന്നു എന്നതാണ് ഇതു നൽകുന്ന സൂചന.
ഇൗ കരാർ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ വലിയൊരു കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്. അമേരിക്ക ഉത്തരവിട്ടത് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തണമെന്നാണ്. ഇൗ കരാർ നിലവിൽവരുന്നതിനുമുന്പ് കഴിഞ്ഞ മൂന്നുമാസമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി മൂന്നിൽ ഒന്നോളം കുറഞ്ഞിരുന്നു. കരാർ നിലവിൽ വരുന്നതോടെ അതിൽ നിന്നും 40 ശതമാനം കുറയും. മാത്രമല്ല, ഏറെ താമസിയാതെ റഷ്യയിൽ നിന്നുള്ള ഇറക്കുമതി പൂർണമായും നിർത്തുകയും ചെയ്യും. അമേരിക്കയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യണം എന്നും അമേരിക്ക ഉത്തരവിട്ടിട്ടുണ്ട്. ഇത് വാസ്‌തവത്തിൽ വ്യാപാരമല്ല. രാഷ്‌ട്രീയ ഭീഷണിയാണ്. അതിനു നമ്മൾ വഴങ്ങുന്നത് നമ്മുടെ പരമാധികാരം അടിയറവെച്ചുകൊണ്ടാണ്, നമ്മുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ടാണ്. അമേരിക്കയിൽ നിന്നുള്ള എണ്ണക്ക് റഷ്യൻ എണ്ണയേക്കാൾ ഏകദേശം 20 ശതമാനം വിലകൂടുതലാണ്. ഇതിന്റെ ഫലമായി ഏകദേശം 8,000 കോടി ഡോളർ അധികമായി കൊടുക്കേണ്ടിവരും. ഇവിടെ വലിയൊരു വർഗപ്രശ്‌നംതന്നെ ഉടലെടുക്കുന്നുണ്ട്. അമേരിക്കയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്പോൾ ഉണ്ടാകുന്ന അധിക വില സാധാരണക്കാരുടെ മേലാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. അതായത് അമേരിക്കയുടെ കരാർ ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിലാണ് നടപ്പാകുന്നത് എന്നർഥം.
ട്രംപ് പറയുന്നത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് 50,000 കോടി ഡോളർ വിലയുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യും എന്നാണ്. അതായത് പ്രതിവർഷം 10,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യും എന്ന്. ഇപ്പോൾ നമ്മൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത് ഏകദേശം 4100 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങളാണ്. അപ്പോൾ 6000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇനിയും കൂടുതൽ ഇറക്കുമതി ചെയ്യണം എന്നാണ് ട്രംപിന്റെ ശാസന. എന്തൊക്കെ ഉൽപ്പന്നങ്ങൾ വാങ്ങിയാണ് നമ്മൾ ഇൗ തുക എത്തിക്കാൻ പോകുന്നത്. ഒരു കാര്യം വ്യക്തമാണ്: എണ്ണയും വാതകവും ആണ് ഒന്ന്. ആയുധങ്ങളും പ്രതിരോധ ഉൽപ്പന്നങ്ങളുമാണ് മറ്റൊന്ന്. പ്രതിരോധ ഉൽപ്പന്നങ്ങൾ വളരെ വിലപിടിച്ചതാണ്. പ്രതിരോധബജറ്റ് നമ്മൾ വർധിപ്പിച്ചിട്ടുള്ളതാണ്. അമേരിക്ക ഇന്ത്യയെ കാണുന്നത് വ്യാപാര പങ്കാളിയായല്ല. മറിച്ച് പ്രതിരോധ പങ്കാളിയായാണ് എന്നർഥം. ഇവിടെ ഒരു തുല്യതയും ഇല്ല എന്നതാണ് പ്രശ്‌നം. അമേരിക്കയ്-ക്ക് കീഴടങ്ങുന്ന ഒരു രണ്ടാംതരക്കാരനായാണ് ഇന്ത്യ വഴങ്ങുന്നത്.
കഴിഞ്ഞ ഫെബ്രുവരി ആറിന് അമേരിക്കൻ പ്രസിഡന്റ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൽ അദ്ദേഹം പറയുന്നത് അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധം, വിദേശം, സാന്പത്തികം എന്നീ മേഖലകളിൽ ഇന്ത്യ കൂടുതൽ സഹകരിക്കുമെന്നും അമേരിക്കയുടെ താൽപര്യങ്ങളുമായി കൂടുതൽ ചേർന്നുപോകുമെന്നും സമ്മതിച്ചിട്ടുണ്ട് എന്നാണ്. ഇതിന്റെയൊക്കെ അർഥം എന്താണെന്നാൽ, കഴിഞ്ഞ 35 വർഷമായി നമ്മൾ എതിർത്തുകൊണ്ടിരുന്ന നവലിബറൽ നയങ്ങൾ കൂടുതൽ ശക്തിയായി ഇന്ത്യയ്‌ക്കുമേൽ അടിച്ചേൽപ്പിക്കാൻ പോകുന്നു എന്നാണ്.
മറ്റൊരു പ്രധാന പ്രശ്‌നം കരാറിന്റെ ഭാഗമായി നമ്മൾ ഡിജിറ്റൽ സേവനങ്ങൾക്കുള്ള നികുതി പൂർണമായും നിർത്തലാക്കണം എന്നതാണ്. ഇതിന്റെ നേട്ടമുണ്ടാക്കാൻ പോകുന്നത് അമേരിക്കയിലെ ടെക്‌നോളജി ഭീമൻമാരായ ഗൂഗിൾ, ആപ്പിൾ, ആമസോൺ, ഫേസ്‌ബുക്ക് എന്നിവ പോലുള്ള കന്പനികളാണ്. ഇവർക്ക് നേരത്തെ രണ്ടുശതമാനമായിരുന്നു നികുതി. രണ്ടു ശതമാനം ചെറിയൊരു നികുതിയാണെങ്കിലും ഇവരുടെ ആകെയുള്ള വ്യാപാരത്തിന്റെ വലുപ്പം വെച്ചുനോക്കുന്പോൾ അത് വലിയൊരു തുകയാണ്. ചുരുക്കത്തിൽ, ഇൗ കന്പനികൾക്ക് വലിയ നേട്ടമാണുണ്ടാകാൻ പോകുന്നത്. ഇൗ കന്പനികളൊക്കെ അമേരിക്കയിൽ പ്രസിഡന്റ് ട്രംപിന്റെ വളരെ ശക്തരായ അനുയായികളും പിന്തുണക്കാരുമാണ്. അവർക്ക് ആനുകൂല്യം നൽകുന്നതിനുവേണ്ടിയാണ് ഇന്ത്യയുമായി മാത്രമല്ല, മലേഷ്യയുമായും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പടെയുള്ളവയുമായുള്ള എല്ലാ കരാറുകളിലും ഡിജിറ്റൽ സേവനങ്ങൾക്കുള്ള നികുതി നിർത്തലാക്കിയിരിക്കുന്നത്. മറ്റൊരു പ്രധാനകാര്യം നമ്മുടെ ഡാറ്റയുടെ ദുരുപയോഗമാണ്. നമ്മുടെ ഡാറ്റ അവർക്ക് പ്രാദേശികമായി ശേഖരിക്കാം, സൂക്ഷിക്കാം, അവർക്ക് വിനിയോഗിക്കാം എന്നതാണ്. ഇതു നമ്മുടെ ‘സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നു’ എന്ന പ്രധാന പ്രശ്‌നമാണ് ഉയർത്തുന്നത്. ഇൗ ഡാറ്റ അവരുടെ നിയന്ത്രണത്തിലാകുന്നതോടെ ദുർവിനിയോഗം ചെയ്യുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചുരുക്കത്തിൽ, ഇൗ കരാറിന്റെ അപകടകരമായ ഒരു വശമാണ് ഡിജിറ്റൽ സേവന രംഗത്തും ഉണ്ടായിരിക്കുന്നത്.
ഏറ്റവും അൽഭുതകരമായ കാര്യം, നമ്മുടെ രാജ്യത്തെ ഗവൺമെന്റും അതിനെ നയിക്കുന്നവരും ഇൗ സാമ്രാജ്യത്വ കരാറിനെ വലിയ നേട്ടമായാണ് വാഴ്‌ത്തിപ്പാടുന്നത് എന്നതാണ്. വന്പൻ മാധ്യമങ്ങളും ഇൗ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. വാസ്‌തവത്തിൽ സംഭവിച്ചത് എന്താണ്. കരാറിലുടെ 145 കോടി ജനങ്ങളെയാണ് അപമാനിക്കുകയും ചവിട്ടിതാഴ്‌ത്തുകയും ചെയ്‌തിട്ടുള്ളത്. ഇൗ കരാർ നമ്മളെ സഹായിക്കാനാണ് എന്ന് യൂണിയൻ സർക്കാർ പറയുന്നതിന്റെ പേര് കാപട്യം എന്നല്ലാതെ മറ്റൊന്നുമല്ല.
കരാറിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടാൻ കുറച്ചു സമയമെടുക്കും. എന്നാൽ കാലക്രമത്തിൽ അതുണ്ടാകും എന്നതിൽ സംശയമില്ല. മറ്റു രാജ്യങ്ങളുടെ അനുഭവം തെളിയിക്കുന്നത് അതാണ്. മോദി പൂർണമായും കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത് വളരെ അപകടകരമായ ഒന്നാണ്. ഇതേക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്.
എന്നാൽ, ഇതിൽ സന്തുഷ്‌ടരായ ഒരു വിഭാഗമുണ്ട്. ഇന്ത്യയിലെ വൻകിട മുതലാളിമാരാണ് അവർ. അവർക്ക് പുതിയ വിപണി തുറന്നു കിട്ടുന്നു. അതിൽ നിന്ന് വലിയ ലാഭമുണ്ടാക്കാനാകും എന്ന് അവർക്ക് ആത്മവിശ്വാസമുണ്ട്. അതുപോലെ സന്പന്നവർഗവും സംതൃപ്‌തരാണ്. അവരുടെ കുട്ടികളെ അമേരിക്കയിലേക്ക് അയയ്ക്കാം. അവിടെ സ്ഥിരതാമസമാക്കാം. ട്രംപ് സൗഹൃദത്തിലാണെങ്കിൽ അതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഇവിടെ സാധാരണക്കാർക്ക് വലിയ അപകടമാണ് വരാൻപോകുന്നത്. ചെറുകിടവ്യാപാരികൾ, ചെറുകിട വ്യവസായികൾ, കർഷകർ എന്നിവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. ചെമ്മീൻ കയറ്റുമതിക്കാരെയടക്കം ഇത് ദോഷകരമായി ബാധിക്കും, തൽക്കാലത്തേക്ക് അവർക്ക് ആശ്വാസമെന്നു തോന്നുമെങ്കിലും. യൂറോപ്യൻ യൂണിയനുമായും ന്യൂസിലാൻഡുമായും സ്വതന്ത്രവ്യാപാര കരാർ നിലവിൽവന്നു കഴിഞ്ഞു. ഇൗ കരാറുകളെക്കുറിച്ച് പറയുന്നതും കാപട്യമാണ്. ക്ഷീരോൽപന്നങ്ങൾ ഇറക്കുമതി ചെയ്യില്ല എന്നാണ് പറയുന്നതെങ്കിലും ഇൗ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കാണ് സംഭവിക്കാൻപോകുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ഡോ. മൻമോഹൻസിങ്ങിന്റെ ഭരണത്തിൽ ആസിയാൻ കരാറിൽ ഒപ്പിട്ടതിന്റെ ആഘാതം നമുക്കറിയാം.
ഇൗ കരാറുകളൊക്കെ നവ ഉദാരവൽക്കരണ നയങ്ങളുടെ ഉൽപ്പന്നങ്ങളാണ്, അതിന്റെ തുടർച്ചയാണ്. ബഹുഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കുന്നതുമാണ്. എന്നാൽ രാജ്യത്ത് ചെറിയൊരു വിഭാഗം സാമ്രാജ്യത്വ ദാസ്യവേല ചെയ്യുന്നു. അവരുടെ അനുയായികളായി മാറുന്നു. ഇൗ കരാറുകൾക്കെതിരെ പൊരുതാൻ ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ. ജനങ്ങളെയാകെ ഇൗ കരാറിന്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചുകൊണ്ടേ അതിനു കഴിയൂ. l



